ചോദ്യ പേപ്പര്‍ വിവാദ കേസെടുത്തത്‌ ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താന്‍: പ്രൊഫസര്‍ ടി ജെ ജോസഫ്

ചോദ്യ പേപ്പര്‍ വിവാദ കേസെടുത്തത്‌ ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താന്‍: പ്രൊഫസര്‍ ടി ജെ ജോസഫ് 1

കെ സി അരുണ്‍

2010 ജൂലൈ നാല്. കേരളത്തിന്റെ ചരിത്രത്തിലെ കറുത്ത ഞായര്‍. അന്നാണ് തൊടുപുഴ ന്യൂമാന്‍സ് കോളെജിലെ പ്രൊഫസറായ ടി ജെ ജോസഫിനുനേരെ പോപ്പുലര്‍ ഫ്രണ്ടുകാരുടെ ആക്രമണം ഉണ്ടായത്. 2010 മാര്‍ച്ചില്‍ കോളെജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തിയ പരീക്ഷയിലെ ചോദ്യ പേപ്പറിലെ ഒരു ചോദ്യമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്. അക്രമികള്‍ ജോസഫിന്റെ കൈവെട്ടി മാറ്റി.

മുഹമ്മദ് എന്ന വ്യക്തിയും ദൈവവും തമ്മില്‍ നടത്തുന്ന സംഭാഷണ ശകലമായിരുന്നു ആ ചോദ്യം. അതിന് അടിസ്ഥാനമാക്കിയത് സിനിമ സംവിധായകനായ പി ടി കുഞ്ഞുമുഹമ്മദിന്റെ കഥയും. കേരള സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തില്‍ നിന്നാണ് ഈ ഭാഗം ജോസഫ് എടുക്കുന്നത്. കഥയിലെ പേരില്ലാ വ്യക്തി ദൈവത്തോട് ചോദിക്കുന്ന ചോദ്യങ്ങളായിരുന്നു അത്. ജോസഫാകട്ടെ പേരില്ലാ വ്യക്തിക്ക് പി ടി കുഞ്ഞുമുഹമ്മദിന്റെ പേരില്‍ നിന്നുമുള്ള മുഹമ്മദിനെ എടുത്ത് പേരിട്ടു. ഇത് പ്രവാചക നിന്ദയായി ആരോപിക്കപ്പെട്ടു.

വിവാദമായി. കേസായി. ജോസഫ് അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു. ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ കീഴിലുള്ള കോളെജ് ജോസഫിനെ സസ്‌പെന്‍ഡ് ചെയ്തു. കഠിനമായ ജീവിതാനുഭവങ്ങളിലൂടെ അദ്ദേഹം കടന്നു പോയി. ഭാര്യ ആത്മഹത്യ ചെയ്തു. 2013-ല്‍ കോടതി അദ്ദേഹത്തെ വെറുതെവിട്ടു. പക്ഷേ, അപ്പോഴേക്കും ജീവിതവും കൈവിട്ട് പോയിരുന്നു. അദ്ദേഹത്തിന്റെ കൈവെട്ടിയ കേസില്‍ 2015-ല്‍ 13 പേരെ കോടതി ശിക്ഷിക്കുകയും ചെയ്തു. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ചോദ്യ പേപ്പര്‍ വിവാദവും കൈവെട്ടുമുണ്ടായത്.

അദ്ദേഹത്തിന്റെ കഷ്ടാനുഭവങ്ങളേയും അതിലേക്ക് നയിച്ച സംഭവങ്ങളേയും അദ്ദേഹം അത് നേരിട്ടതിനേയും കുറിച്ചുള്ള ജോസഫിന്റെ ആത്മകഥ അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്ന പുസ്തകം ഇപ്പോള്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. പുസ്തകം എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ചും മറ്റും അദ്ദേഹം പറഞ്ഞ് തുടങ്ങി.

തനിക്ക് ജീവിതത്തിലുണ്ടായത് ഒരു അധ്യാപകനും വ്യക്തിക്കും ഉണ്ടാകാത്ത അനുഭവങ്ങളും പ്രതിസന്ധികളുമാണെന്ന് ജോസഫ് പറയുന്നു. അതുകൊണ്ടാണ് ഈ പുസ്തകം എഴുതിയത്. തന്റെ കഥ ഒരുവിധം എല്ലാവര്‍ക്കും അറിയാം. പത്രങ്ങളിലൊക്കെ സംഭവങ്ങളായി അത് വന്നു. പക്ഷേ, അത് തങ്ങള്‍ എങ്ങനെ അനുഭവിച്ചുവെന്നും അത് തരണം ചെയ്തുവെന്നും ആ സമയത്തെ മാനസികാവസ്ഥയുമൊന്നും വാര്‍ത്തകള്‍ വന്നില്ല അദ്ദേഹം പറയുന്നു.

സംഭവങ്ങള്‍ മാത്രമല്ലേ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുള്ളൂ അദ്ദേഹം ചോദിക്കുന്നു. അത് എങ്ങനെയാണ് താന്‍ അനുഭവിച്ചത്. അത് അഭിമുഖീകരിച്ചത്. തന്റെ മനസ്സ് എങ്ങനെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നൊക്കെയാണ് അദ്ദേഹം പുസ്തകത്തിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്.

അത് ആളുകളെ അറിയിക്കേണ്ടിയിരുന്നുവെന്ന് ജോസഫ് പറയുന്നു. മേലില്‍ ഇങ്ങനെയാന്നും ആവര്‍ത്തിക്കാതിരിക്കാനും സംഭവിച്ചാല്‍ എങ്ങനെ തരണം ചെയ്യാനുള്ള ആത്മവീര്യം ഉണ്ടാകാനും പകച്ച് പോകാതിരിക്കാനുമൊക്കെയുള്ള സന്ദേശമുണ്ട് അതില്‍. അദ്ദേഹം വിശദീകരിച്ചു.

തന്റെ അനുഭവങ്ങള്‍ മാത്രമാണ് ഇതെന്ന് പറയാന്‍ പറ്റില്ല. കേരളത്തിന്റെ ചരിത്രത്തിന്റെ ഒരു ഭാഗം കൂടിയാണിത്. പ്രത്യേകിച്ച് സാംസ്‌കാരിക ചരിത്രത്തിന്റെ. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ചരിത്രം നമുക്ക് ഒരു അനുഭവമാണ്. ഒന്നാം ലോക മഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും ഉണ്ടായത് മൂന്നാം ലോക മഹായുദ്ധം ഉണ്ടാകാതിരിക്കുന്നതിനാണ്. എന്തുകൊണ്ട് പുസ്തകം എഴുതിയെന്ന് അദ്ദേഹം വിശദീകരിച്ചു.

പലരുടേയും ഉത്തരവാദിത്വമില്ലായ്മ കൊണ്ടും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വിവേകത്തോടെ കാര്യങ്ങള്‍ ചെയ്യാതിരുന്നത് കൊണ്ടും വന്നിട്ടുള്ള അനര്‍ത്ഥങ്ങള്‍ ധാരാളം ഇതിനകത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ഉണ്ടായ വീഴ്ചകള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാനും ആളുകള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

കോളെജ് മാനേജ്‌മെന്റ്, പ്രിന്‍സിപ്പല്‍, സഭ, പൊലീസ് ഉദ്യോഗസ്ഥര്‍, കളക്ടര്‍, മന്ത്രിമാര്‍ അങ്ങനെ എല്ലാവര്‍ക്കും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. അവര്‍ക്കെല്ലാം തെറ്റ് പറ്റിയിട്ടുണ്ട്. കാര്യങ്ങള്‍ വിവേചിച്ചറിയാതെ ആരെങ്കിലുമൊക്കെ പറയുന്നത് കേട്ടിട്ട് അവര്‍ എടുത്ത് ചാടി.

പ്രത്യേക താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. അവരെ തിരുത്താനല്ല. അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഓരോരോ വിഷയങ്ങളിലും മനുഷ്യരെ അപകടപ്പെടുത്തുന്ന രീതിയില്‍ ചെയ്യരുത്. അവര്‍ വിവേകത്തോടെ പെരുമാറേണ്ട ആവശ്യമുണ്ട്. അതുകൊണ്ടാണ് ഈ പുസ്തകം എഴുതിയത്.

ചോദ്യ പേപ്പര്‍ വിവാദ കേസെടുത്തത്‌ ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താന്‍: പ്രൊഫസര്‍ ടി ജെ ജോസഫ് 2

വിവാദ സമയത്ത് താന്‍ പറഞ്ഞത് കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്ന് ജോസഫ് പറയുന്നു. പൊലീസ് ചോദ്യം ചെയ്ത സമയത്ത് എല്ലാം വിശദീകരിച്ചതാണ്. എന്നാല്‍ മാധ്യമങ്ങള്‍ ഒന്നും അത് പ്രസിദ്ധീകരിച്ചില്ല. പൊലീസ് എന്നെ അറസ്റ്റ് ചെയ്ത സമയത്ത് ഇടുക്കി എസ് പിയുടെ മുമ്പാകെ ഈ ചോദ്യപേപ്പറിന്റെ വാസ്തവം വിവരിച്ചതാണ്. അത് മനസ്സിലാക്കി തന്നെ വിടേണ്ടതാണ്. പക്ഷേ, അവര്‍ അത് ചെയ്യാതെ സര്‍ക്കാര്‍ പറഞ്ഞത് കേട്ടു. കേസിനാസ്പദമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കുകയായിരുന്നു.

താന്‍ പറയുന്നതിനൊന്നും വിലയില്ലെന്നായി അദ്ദേഹം ഓര്‍മ്മിച്ചു. ഒരു കൂട്ടം ആളുകള്‍ മുറവിളി കൂട്ടിയപ്പോള്‍ ആ ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഭരണപക്ഷത്ത് നിന്നുള്ള ഒരു നടപടിയായിരുന്നു അത്. അതായത് ബൈബിളിലെ കയ്യഫാസിന്റെ നയമായിരുന്നു.

കുഞ്ഞിമുഹമ്മദ് അദ്ദേഹം ആദ്യം പകച്ചു പോയെന്ന് ജോസഫ് പറയുന്നു. അദ്ദേഹം ആ കഥ എഴുതിയിട്ടില്ലെന്ന് പറഞ്ഞു. ഒടുവില്‍ 2015-ല്‍ കുഞ്ഞിമുഹമ്മദ് എനിക്ക് അനുകൂലമായി പറഞ്ഞു. ആ കഥയിലെ കഥാപാത്രത്തെ ഞാന്‍ കുഞ്ഞിമുഹമ്മദിന്റെ പേര് ചുരുക്കി പറയുകയായിരുന്നു ജോസഫ് ചോദ്യം എഴുതിയതിനെ ഓര്‍ത്തെടുത്തു.

അത് ആര്‍ക്കും വിശ്വസിക്കാവുന്നതേയുള്ളൂവെന്ന് കുഞ്ഞിമുഹമ്മദ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഒരു കഥയെ അടിസ്ഥാനപ്പെടുത്തി ഇങ്ങനെയൊരു വിഷയം ഉണ്ടായതില്‍ അദ്ദേഹത്തിന് ദുഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആ ദുഖം കൊണ്ടാണ് എന്നെ വിളിക്കാതിരുന്നതെന്നും പറഞ്ഞിരുന്നു. ആദ്യ കാലത്തെ നിലപാടുകള്‍ എനിക്കറിയില്ല. ആദ്യ കാലത്ത് എല്ലാവരും വിരണ്ട് പോയിരുന്നു. ജോസഫ് പറഞ്ഞു.

ഈ പുസ്തകത്തിലെ ആദ്യ അധ്യായത്തില്‍ എങ്ങനെയാണ് ഈ ചോദ്യം ഉണ്ടായത് എന്നതിനെ വിവരിക്കുന്നുണ്ട്. ചോദ്യം എന്താണെന്ന് മനസ്സിലാക്കാതെ വായനക്കാര്‍ പോകാന്‍ പാടില്ലല്ലോ. അദ്ദേഹം പറയുന്നു.

തനിക്ക് നേരെയുള്ള ആക്രമണത്തെ കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്താന്‍ ഉപയോഗിച്ചുവോയെന്ന ചോദ്യത്തിന് മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More