ഇന്ത്യയിലിന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ട സാഹചര്യം: അഡ്വ. സൂര്യ രാജപ്പന്‍

താനൊരു അലസയാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഡല്‍ഹി മലയാളിയാണ് അഡ്വക്കേറ്റ് സൂര്യ രാജപ്പന്‍ (27). കൂടാതെ സ്വന്തം ജീവിതത്തിനപ്പുറത്തുള്ള ഒന്നിനേയും കാര്യമായി എടുത്തിരുന്നില്ല. രാജ്യത്തെ സുപ്രീംകോടതി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളില്‍ വിശ്വാസം ഉണ്ടായിരുന്നതിനാല്‍ രണ്ടാം യുപിഎ കാലത്ത് ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ പ്രതിഷേധത്തില്‍ പങ്കെടുത്തില്ല. രോഷം സോഷ്യല്‍ മീഡിയയിലൊതുക്കി. തെരുവ് പ്രതിഷേധത്തോടും താല്‍പര്യമില്ല. ഇതൊക്കെയായിരുന്നു ഏതാനും മാസങ്ങള്‍ മുമ്പ് വരെ സൂര്യ. എന്നാലിന്ന് സൂര്യ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഇന്ത്യയിലെ അതിശക്തനായ ആഭ്യന്തര മന്ത്രിയും ബിജെപിയുടെ ദേശീയ അധ്യക്ഷനുമായ അമിത് ഷായ്‌ക്കെതിരെ പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ പ്രതിഷേധമുയര്‍ത്താന്‍ ധൈര്യം കാണിച്ചതിനാണ്.

ekalawya.com

പൗരത്വ ഭേദഗതിക്ക് അനുകൂല പ്രചാരണം നടത്താന്‍ ജനുവരി അഞ്ചിന് ഡല്‍ഹിയിലെ ബിജെപി കോട്ടയായ ലാജ് പത് നഗറിലെത്തിയ അമിത് ഷായെ സൂര്യയും റൂം മേറ്റും സ്വാഗതം ചെയ്തത് ഷെയിം എന്ന് എഴുതിയ ബാനറും പൗരത്വ ഭേദഗതി വിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ത്തിയാണ്. രാജ്യമെമ്പാടും പ്രതിഷേധം കത്തിനില്‍ക്കേ, പ്രതിഷേധമുണ്ടാകില്ലെന്ന ഉറപ്പിലാണ് ബിജെപി ലാജ്പത് നഗര്‍ ഷായ്ക്കായി തെരഞ്ഞെടുത്തത് തന്നെ. പുലി മടയില്‍ തന്നെ പ്രതിഷേധമുയര്‍ത്തിയ സൂര്യക്കും കൂട്ടുകാരിക്കും സംഘപരിവാര്‍ അനുകൂലികളുടെ ഭീഷണിയെ തുടര്‍ന്ന് രായ്ക്കുരാമാനം വീടൊഴിയേണ്ടി വന്നു. സൂര്യ രാജപ്പന്‍ കെ സി അരുണുമായി സംസാരിക്കുന്നു.

ഭീഷണികള്‍ ഒഴിഞ്ഞോ?, പുതിയ വീട് വാടകയ്ക്ക് കിട്ടിയോ?

അങ്ങനെ കാര്യമായ ഭീഷണിയൊന്നും വന്നില്ല. കാരണം ഞങ്ങളുടെ ഫോണ്‍ നമ്പര്‍ ആരുടേയും കൈവശം ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ഇപ്പോള്‍ എവിടെയാണ് താമസിക്കുന്നതെന്നതും രഹസ്യമാണ്. സോഷ്യല്‍ മീഡിയ ശരിക്കും നോക്കിയിരുന്നില്ല. അതിനാല്‍ അവിടെ നടന്നത് എന്താണെന്ന് അറിയില്ല. പുതിയ താമസ സ്ഥലത്തിനായി ഒന്ന് രണ്ട് സ്ഥലം നോക്കിയിരുന്നു. അത് ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഞങ്ങളുടെ വാര്‍ത്ത വായിച്ച ചില ആളുകള്‍ താമസിക്കാന്‍ വാടകയ്ക്ക് സ്ഥലം ഉണ്ടെന്ന് പറഞ്ഞ് വിളിച്ചു. അതും പോയി നോക്കാന്‍ കഴിഞ്ഞിട്ടില്ല.

വീട്ടില്‍ നിന്നുള്ള പിന്തുണ

അച്ഛന്‍ നല്ല പിന്തുണയായിരുന്നു. പ്രതിഷേധിക്കും മുമ്പ് അച്ഛനെ വിളിച്ച് പറഞ്ഞിരുന്നു. ഓക്കേ ചെയ്ത് കൊള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴും പ്രശ്‌നമില്ല. ഞങ്ങള്‍ ആ പ്രതിഷേധം നടത്തിയതില്‍ അദ്ദേഹം അഭിമാനിക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ അകന്ന ബന്ധുക്കളില്‍ ആര്‍ എസ് എസിനെ പിന്തുണയ്ക്കുന്നവരുണ്ട്. പക്ഷേ, അവര്‍ ഇതുവരെയൊന്നും പറഞ്ഞിട്ടില്ല. അവര്‍ അതിനെ അവഗണിച്ചു. എന്റെ റൂം മേറ്റിന്റെ കുടുംബവും അങ്ങനെ തന്നെയാണ് കരുതുന്നത്. റൂംമേറ്റിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഞാന്‍ പ്രസ്താവന ഇറക്കിയതിനെ തുടര്‍ന്നാണ് എന്നെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്.

ഇന്ത്യയിലിന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ട സാഹചര്യം: അഡ്വ. സൂര്യ രാജപ്പന്‍ 1

ഡല്‍ഹിയിലെ അഭിഭാഷക സമൂഹത്തിന്റെ പിന്തുണ

പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് നിയമ സഹായം ലഭ്യമാക്കുന്നതിന് ഡല്‍ഹിയിലെ അഭിഭാഷകരുടെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഒരു മാസം മുമ്പ് രൂപീകരിച്ചിരുന്നു. അതിലെ ഒരു സുഹൃത്തിനോട് സ്വകാര്യമായി അമിത് ഷായ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ പോകുന്ന കാര്യം പറഞ്ഞിരുന്നു. അദ്ദേഹവും പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പറഞ്ഞത്. 150 ഓളം പേരുള്ള ആ ഗ്രൂപ്പില്‍ കൂടുതലും യുവാക്കളാണുള്ളത്. അവര്‍ വളരെ മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ട്.

ഷായ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും 15 ഓളം അഭിഭാഷകര്‍ ഞങ്ങളുടെ വീടിന് പുറത്ത് വന്നിരുന്നു. അതില്‍ ഭൂരിപക്ഷം പേരും ഞാന്‍ അറിയാത്ത ആളുകളായിരുന്നു. ഞങ്ങള്‍ പ്രശ്‌നത്തിലാണെന്ന് അറിഞ്ഞ് വന്നതാണ് അവര്‍. അഭിഭാഷകരില്‍ നിന്നും ലഭിക്കുന്ന സന്ദേശങ്ങളും പോസിറ്റീവാണ്. ഇതുവരെ പിന്തുണയാണ് ലഭിച്ചത്. ഇനി ഭാവിയില്‍ ഈ പ്രൊഫഷനില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോയെന്ന് അറിയില്ല.

കോളെജിലും സ്‌കൂളിലും രാഷ്ട്രീയമുണ്ടായിരുന്നില്ല

ഞാനൊരു മടിച്ചിയായിരുന്നു. എനിക്ക് എന്റെ ജീവിതം മാത്രം ജീവിച്ചാല്‍ മതിയെന്നായിരുന്നു അക്കാലത്തെ ചിന്ത. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തോട് എനിക്ക് താല്‍പര്യമില്ലായിരുന്നു. രാഷ്ട്രീയത്തിലേക്കുള്ള ഒരു ചവിട്ട് പടിയായിട്ടാണ് ആളുകള്‍ അതിനെ കാണുന്നത്. വിദ്യാര്‍ത്ഥികളുടെ ക്ഷേമം ഗൗരവമായി എടുക്കുന്നവര്‍ ഒത്തിരി കുറവാണ്. അതുകൊണ്ട് ഞാന്‍ ഒരിക്കലും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് പോയിട്ടില്ല.

ഞാന്‍ ആറ് വര്‍ഷം പഠിച്ച ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം ശക്തമാണ്. പ്രത്യേകിച്ച് നിയമ വകുപ്പില്‍. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ എബിവിപിയും എന്‍ എസ് യുവും ഭരിച്ചിട്ടുണ്ട്. എനിക്ക് രണ്ട് സംഘടനകളേയും ഇഷ്ടമില്ല.

നിര്‍ഭയ സമരത്തില്‍ പങ്കെടുത്തിട്ടില്ല

നിര്‍ഭയ സംഭവവും പ്രതിഷേധവും നടന്ന രണ്ടാം യുപിഎയുടെ കാലത്ത് ഞാന്‍ വളരെ ചെറുപ്പമായിരുന്നു. കോളെജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി. യഥാര്‍ത്ഥത്തില്‍ ഞാന്‍ പ്രതിഷേധങ്ങളില്‍ വിശ്വസിച്ചിരുന്ന ഒരാളല്ല. പക്ഷേ, പ്രതിഷേധം പ്രധാനമാണ്. കാരണം സര്‍ക്കാരിനെതിരായ നിങ്ങളുടെ ശബ്ദം രേഖപ്പെടുത്താനുള്ളതാണത്. ആ ശബ്ദം കേള്‍ക്കപ്പെടുകയും വേണം. പക്ഷേ, പ്രതിഷേധം യഥാര്‍ത്ഥ പോസിറ്റീവ് മാറ്റം കൊണ്ട് വരുമെന്ന് ഞാന്‍ കരുതുന്നില്ല.

എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും പ്രതിഷേധങ്ങള്‍ക്ക് പ്രധാന്യം നല്‍കില്ല. ഒരു കേസില്‍ വിധി പറയുമ്പോള്‍ സുപ്രീംകോടതി പൊതുജനത്തിന്റെ അഭിപ്രായം പരിഗണിക്കില്ല. കേസിന്റെ മെരിറ്റ് മാത്രമേ പരിഗണിക്കുകയുള്ളൂ. എനിക്ക് സുപ്രീംകോടതിയില്‍ വിശ്വാസം ഉണ്ടായിരുന്നു. തീര്‍ച്ചയായും എനിക്ക് നിര്‍ഭയ സംഭവത്തില്‍ രോഷമുണ്ടായിരുന്നു. പക്ഷേ, ഒരു അലസയായിരുന്നതിനാല്‍ പുറത്ത് പോയി തെരുവിലെ പ്രതിഷേധത്തില്‍ പങ്കെടുത്തില്ല. വീട്ടിലിരുന്നത് സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധിച്ചു. ഈ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു. തെറ്റുണ്ടെങ്കില്‍ അത് സ്വയം തിരുത്തുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു.

എന്നാല്‍ എനിക്കിന്ന് അങ്ങനെ തോന്നുന്നില്ല. ഈ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളില്‍ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടു. ഇന്നിപ്പോള്‍ തെരുവിലിറങ്ങാതെ മറ്റൊരു വഴിയില്ല. ഞാനൊരു അഭിഭാഷകയാണ്. പക്ഷേ എനിക്കത് ചെയ്യേണ്ടി വരുന്നു. കാരണം, എനിക്കിപ്പോള്‍ അവയില്‍ വിശ്വാസമില്ല.

ഇന്ത്യയിലിന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ട സാഹചര്യം: അഡ്വ. സൂര്യ രാജപ്പന്‍ 2

ബിജെപി, യുപിഎ സര്‍ക്കാരുകളെ താരതമ്യം ചെയ്യാമോ?

ബിജെപി അല്ലെങ്കില്‍ യുപിഎ എന്നോ ഞാന്‍ പരിഗണിക്കുന്നില്ല. ഈ രാജ്യത്തെ കുറിച്ചാണ് ഞാന്‍ ആശങ്കപ്പെടുന്നത്. എന്റെയും ഈ രാജ്യത്തിലെ മറ്റ് പൗരന്മാരുടേയും ജീവിതത്തെ കുറിച്ചുമാണ് എന്റെ ആശങ്ക. ഇപ്പോള്‍ ഈ രാജ്യത്ത് സംഭവിക്കുന്നത് യുപിഎ കാലത്തായാലും മന്‍മോഹന്റെയോ മോദിയുടെയോ സോണിയ ഗാന്ധിയുടെയോ കീഴിലായാലും ഞാന്‍ ഇതേകാര്യം തന്നെ ചെയ്യും.

സ്‌കൂളിലെ ലീഡര്‍ ആയിരുന്നു

സാധാരണ സ്‌കൂള്‍ ലീഡറെ തെരഞ്ഞെടുക്കുന്നത് ടീച്ചേഴ്‌സായിരിക്കും. എന്നാല്‍ എന്റെ സ്‌കൂളില്‍ തെരഞ്ഞടുപ്പിലൂടെ ഞാന്‍ ലീഡറായിരുന്നു. മത്സരത്തിന്റെ ഭാഗമായി ഒരു ചോദ്യാവലി പൂരിപ്പിച്ച് നല്‍കണം, പോസ്റ്റര്‍ തയ്യാറാക്കണം, വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അഭിസംബോധന ചെയ്ത് സംസാരിക്കണം, അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം. പിന്നീടായിരുന്നു തെരഞ്ഞെടുപ്പ്. ഒമ്പതാം ക്ലാസ്സ് മുതലുള്ള കുട്ടികള്‍ക്ക് വോട്ട് ചെയ്യാം. ഞാന്‍ ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ച് സ്‌കൂള്‍ ഹെഡ് ഗേളായി. പക്ഷേ, അതില്‍ വിദ്യാര്‍ത്ഥി കക്ഷി രാഷ്ട്രീയമില്ലായിരുന്നു.

പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നു

സ്‌കൂള്‍ കുട്ടികള്‍ക്ക് എല്ലാ കാര്യങ്ങളും അറിയണമെന്നില്ല. പക്ഷേ, അവരുടെ ശബ്ദത്തിന് പ്രാധാന്യം ലഭിച്ചിരുന്നു. അവര്‍ ഒരു തെരഞ്ഞെടുപ്പ് നടത്തുകയാണ്. ഈ സര്‍ക്കാര്‍ എന്താണ് പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്കൊന്നും മനസ്സിലാകുന്നില്ല. അവര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. അതായത് ചിന്തിക്കാനുള്ള ശേഷി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരെടുത്ത് മാറ്റുകയാണ്. അതിനോട് എനിക്ക് യോജിക്കാനാകില്ല. ആര് പ്രതിഷേധം ഉയര്‍ത്തിയാലും ഞാന്‍ അതിനെ പിന്തുണയ്ക്കുന്നു. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നമുക്ക് നല്‍കുന്നതാണ്. അതിനാല്‍ പ്രതിഷേധിക്കുന്നവരുടെ ശബ്ദം കേള്‍ക്കപ്പെടണം. എന്നാല്‍ അക്രമത്തെ പിന്തുണയ്ക്കുന്നുമില്ല.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More