‘സ്‌കൂളിലെ ഉപ്പുമാവ് തിന്നാനുള്ള കൊതി കാരണം എന്റെ ദോശ അവള്‍ക്ക്‌ കൊടുക്കും’

സന്തോഷ് ഏച്ചിക്കാനം/ കെ സജിമോന്‍

പാശുപതാസ്ത്രത്തിനായി അര്‍ജ്ജുനന്‍ തപസ്സ് അനുഷ്ഠിക്കുന്ന വേളയില്‍ പരമശിവന്‍ വേടനായി എത്തി പരീക്ഷണം നടത്തി പാശുപതാസ്ത്രം നല്‍കിയ സ്ഥലം, കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്കയാണെന്ന് കഥ. അഡ്ക്ക എന്നാല്‍ സ്ഥലം, ബേഡഡുക്ക എന്നാല്‍ വേടന്റെ സ്ഥലം. ബേഡഡുക്ക എന്റെ അമ്മ വീടാണ്. എന്റെ കുട്ടിക്കാലം ആരംഭിക്കുന്നത് അവിടെനിന്നാണ്. ഏച്ചിക്കാനം അച്ഛന്റെ നാടാണ്. അവിടെയായിരുന്നു എന്റെ യൗവ്വനകാലം.”

കുടമണിക്കിലുക്കത്തിന്റെ ഒച്ച കേട്ടാണ് ഞാന്‍ എന്റെ ബേഡഡുക്കന്‍ ജീവിതത്തിന്റെ ഓരോ പുലരികളിലും ഉണര്‍ന്നിരുന്നത്. ചാണകം മെഴുകി വെടിപ്പാക്കിയ മുറ്റത്ത് ചെറിയ കാളക്കുട്ടന്മാരുടെ കൂട്ടം. പാടത്തിന്റെ അങ്ങേക്കരയില്‍നിന്നും സൂര്യനുദിച്ചു വരുന്നതുപോലെ അവയുടെ ചെമ്പിച്ച രോമങ്ങള്‍ക്കിടയില്‍ വെളുത്ത കൊമ്പിന്റെ മൊട്ട്. യൗവ്വനത്തിലേക്ക് കടക്കുന്നതേയുള്ളു ആ കാളക്കുട്ടന്മാര്‍. തലയിട്ടു കുലുക്കിയും വെണ്ണക്കട്ടപോലുള്ള ശരീരമിളക്കിയും കുസൃതി തുളുമ്പുന്ന മുഖവുമായി പത്തു പന്ത്രണ്ടെണ്ണം. ഉമ്മറത്തെ മരക്കസേരയില്‍ കാലുരണ്ടും കയറ്റിവച്ച് ഉറക്കച്ചടവകന്ന് ഞാനിരുന്നു. വള്ളിട്രൗസറിട്ട് ഉറക്കപ്പായയിലെ പുതപ്പ് ചുറ്റി ഒരു കൈ പുറത്തേക്ക് നീട്ടി.

”ബാ.. ബാ..” കാളക്കുട്ടന്മാരെ വിളിച്ചു. മുറ്റത്തെ കുസൃതിക്കൂട്ടില്‍നിന്നും ഒരു കാളക്കുട്ടന്‍ തലനീട്ടി ഉമ്മറത്തേക്ക് കാലെടുത്തുവച്ചു.

”ഏയ്.. ആ..” കാളക്കുട്ടന്മാരുടെ പിന്നില്‍നിന്നും ഒരു അലര്‍ച്ച. കാളക്കുട്ടന്‍ തലകുലുക്കി മുറ്റത്തേക്കുതന്നെ ഇറങ്ങി കൂട്ടത്തില്‍ നിന്നു. പുതപ്പിനുള്ളില്‍ ഒളിച്ച് ഞാന്‍ കസേരയില്‍ നിന്നിറങ്ങി അകത്തേക്ക് കടന്നു. വാതില്‍മറവില്‍ നിന്ന് നോക്കി. കാളക്കുട്ടന്മാര്‍ക്ക് അപ്പുറത്ത് തലേക്കെട്ടുമായി ഒരാള്‍. ചെറിയോന്‍!!!

മുത്തച്ഛന് രണ്ട് സില്‍ബന്തിമാരാണുള്ളത് ചെറിയോനും വള്ളിയോടന്‍ കുഞ്ഞിരാമനും. സുബ്രഹ്മണ്യത്തുനിന്നും കാളക്കുഞ്ഞന്മാരെ വാങ്ങുന്നതും പരിപാലിക്കുന്നതുമെല്ലാം ചെറിയോനാണ്. ചെറിയോനെ കുട്ടികള്‍ക്കൊന്നും ഇഷ്ടമല്ല, കാളകള്‍ക്കും. സുബ്രഹ്മണ്യത്തുനിന്നും കൊണ്ടുവരുന്ന കാളക്കുഞ്ഞന്മാരെ പാടത്തിന്റെ കരയിലെ വലിയ മാവുകള്‍ക്കിടയില്‍ കെട്ടി, പച്ചമരുന്നുകള്‍ കൂട്ടിപ്പിടിച്ച് വരിയുടയ്ക്കുന്നത് ചെറിയോനാണ്.

ആ സമയത്ത് കാളകളുടെ കരച്ചില്‍ പാടത്തിനക്കരെവരെ കേള്‍ക്കും. കാളകളുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍, മുറുക്കിച്ചുവന്ന ചക്കക്കുരുപ്പല്ല് കാട്ടി അയാള്‍ പൊട്ടിച്ചിരിക്കും. കാളക്കുട്ടന്മാരെ ചെറിയോന്‍ ഒന്നു നോക്കിയാല്‍ മതി, കാളകള്‍ അനുസരണയോടെ കിടക്കും. അനുസരണക്കേട് കാണിക്കുന്നതിനടുത്തെത്തി പുറത്തൊന്ന് കൈവയ്ക്കും. അതോടെ ഏത് കാളക്കൊമ്പനും ചെറിയോന്റെ കാല്‍ക്കീഴിലാകും!!

ചെറിയോനെ കാണുമ്പോള്‍ കുട്ടികള്‍ വെറുക്കുന്നതിന് മറ്റൊരു കാര്യംകൂടിയുണ്ടായിരുന്നു. ശവം അടക്കം ചെയ്യുമ്പോള്‍ മുമ്പിലുണ്ടാകും ചെറിയോന്‍. കത്തിത്തീരാറാവുന്ന മൃതദേഹത്തിന്റെ തീ പിടിക്കാതെ നില്‍ക്കുന്ന നെഞ്ചിന്‍കൂട് വലിയ നാട്ട(തടിച്ചുനീണ്ട കമ്പ്) കൊണ്ട് കുത്തിപ്പൊക്കി ഉയരത്തില്‍ പിടിക്കും. അപ്പോഴും ഒരുതരം ചിരിയുണ്ട് ചെറിയോന്. ചെറിയോനെ പേടിച്ച് ആരും ഒന്നും പറയില്ല.

കണ്ടത്തിലേക്കു പോയ മുത്തച്ഛനെ കാത്ത് ഇപ്പോഴും ചെറിയോന്‍ കാളകള്‍ക്ക് അപ്പുറത്ത് ഇരിപ്പാണ്. മുത്തച്ഛന്‍ അങ്ങനെയാണ് രാവിലെ എഴുന്നേറ്റ് പറമ്പിലൊക്കെ നടന്ന്, പാടത്തിറങ്ങി, ചെടികള്‍ക്കും കാളകള്‍ക്കും പക്ഷികള്‍ക്കും എന്തെങ്കിലും കൊടുത്തേ ആഹാരം കഴിക്കൂ. അത്താഴത്തിനുമുമ്പ് അകത്തേക്ക് നീട്ടി വിളിച്ച് ചോദിക്കും, ”എണേ(എടീ), അയിറ്റ്ങ്ങ്ക്ക് എന്തെങ്കിലും കൊടുത്തിനാ?” ആ ചോദ്യത്തിന് മറുപടിയായി ചിലപ്പോള്‍ കൂട്ടില്‍നിന്നും പശുതന്നെയായിരിക്കും മൂളുക. ”എന്തേ നിന്റെ വട്ടി(വയറ്) നെറഞ്ഞിറ്റ്‌ല്ലേ?” എന്ന ചോദ്യത്തിനും മറുത്തൊരു പശുവിന്റെ മൂളല്‍. പക്ഷികളും മൃഗങ്ങളും മരങ്ങളുമെല്ലാം ചേരുന്നതാണ് പ്രകൃതിയെന്ന് മുത്തച്ഛന്‍ ഓരോ ദിവസവും പറയാതെ പഠിപ്പിച്ചുകൊണ്ടിരുന്നു.

മുത്തച്ഛന്‍ മുറ്റത്തേക്ക് കയറിവന്നതോടെ ചെറിയോന്‍ മുത്തച്ഛനു മുന്നിലെത്തി. കാളക്കുഞ്ഞന്മാരെ ഓരോന്നിനെയും മുത്തച്ഛന്‍ തലോടി പുറത്തേക്ക് യാത്രയാക്കി. ചെറിയോന്‍ ”ഹെയ്… ഹെയ്…” എന്ന് ശബ്ദമുണ്ടാക്കി പിന്നാലെയും.


സ്‌കൂളിലേക്ക് പോകാന്‍ അപ്പോഴേക്കും ഞാനൊരുങ്ങിനിന്നു. അലുമിനിയപ്പെട്ടിയില്‍ അമ്മ പുസ്തകങ്ങളും ദോശപ്പാത്രവും ഒരുക്കിവെച്ചു. ഇറങ്ങാന്‍നേരം നെറുകയില്‍ തെയ്യത്തിന്റെ പ്രസാദമായ മഞ്ഞള്‍ക്കുറി തലയില്‍ തേച്ചുപിടിപ്പിച്ചു. ‘ബാലടീബിയുള്ള ചെക്കനാ, കാറ്റോ മഴയോ വെയിലോ അധികം ഏറ്റാല്‍ പിന്നെ അന്ന് ഉറങ്ങാന്‍ നോക്കണ്ട’ എന്ന് അമ്മയുടെ ഉള്ളില്‍ ഒരു ആവലാതിയുണ്ട്.

തോര്‍ക്കുളം സ്‌കൂളിലേക്ക് അവിടെനിന്ന് മൂന്നു കിലോമീറ്ററോളം നടക്കണം. ചെറുപ്പത്തിലെ അസുഖം കാരണം ഒറ്റയ്ക്ക് വിടാന്‍ പറ്റൂല്ല. അതുകൊണ്ട് കൂടെ കോളനിയിലെ ശംഭുവിന്റെ മോള് ദേവിയേയും വിടും. ദേവിയുടെ വീട്ടിലെത്തിയയുടന്‍ എന്റെ ദോശപ്പാത്രം അവരുടെ മുന്നിലേക്ക് നീട്ടും. എണ്ണ പുരട്ടിയ ദോശയ്ക്ക് അപ്പോള്‍ അവര്‍ കടിപിടികൂടും. സ്‌കൂളിലെ ഉപ്പുമാവ് തിന്നാനുള്ള കൊതി കൊണ്ടാണ് ഞാനെന്റെ ദോശപ്പാത്രം അവര്‍ക്ക് കൊടുക്കുന്നത്. അത് അമ്മയറിയാതെ ഞാന്‍ ചെയ്യുന്നതാണ്. പട്ടിണിപ്പാവങ്ങളാണ് അവര്‍. എനിക്ക് സഹായിയായി അയച്ച് പഠിപ്പിക്കുന്നതുകൊണ്ടുമാത്രമാണ് ദേവി സ്‌കൂളിന്റെ പടി കാണുന്നത്. ഇല്ലെങ്കില്‍ അവളെ പഠിക്കാനൊന്നും അയക്കില്ല.

ദേവി എന്റെ അലുമിനീയപ്പെട്ടിയെടുത്ത് എന്റെ പിന്നാലെയുണ്ടാവും. ഞാന്‍ മുന്നിലും. മഴയെങ്ങാനും പെയ്യുമോയെന്നൊരു സംശയമുണ്ടായാല്‍ത്തന്നെ അമ്മ എന്നെ മഴക്കോട്ടുടുപ്പിച്ചേ വീട്ടില്‍ നിന്നിറക്കൂ. മരങ്ങളോടും കിളികളോടും കഥ പറഞ്ഞ് സ്‌കൂളിലേക്ക് നടക്കും.
പോകുന്നവഴിക്ക് പാടത്തിന്റെ കരയില്‍നിന്ന് കൃഷ്‌ണേട്ടനും യശോദേച്ചിയും നിന്ന് ‘സൊറ'(വര്‍ത്തമാനം) പറയുന്നുണ്ടാവും. കൃഷ്‌ണേട്ടനെ കണ്ടാല്‍ ഞങ്ങള് വരമ്പിന്റെ താഴത്ത് ഒളിച്ചിരിക്കും. അവരുടെ സൊറ പറച്ചില് കേള്‍ക്കാം.

”നാട്ട്വാര്‍ക്ക് എന്തെല്ലാ അറയണ്ട്. കാണുമ്പോ ഓരോന്ന് ചോയിക്കും.” യശോദേച്ചി ഇടത്തേ കൈ വയറിനുകുറുകെയും വലത്തേ കൈ താടിക്കും ചേര്‍ത്ത് കൃഷ്‌ണേട്ടന്റെ മുഖത്തേക്ക് നോക്കാതെ പറയുന്നു.

”എന്നിറ്റ് നീയെന്താ പറഞ്ഞത്”, കൃഷ്‌ണേട്ടന്റെ മീശയൊന്നു വിറച്ചു.

”നിങ്ങ എന്റെ പുരുവനെ(ഭര്‍ത്താവ്)പ്പോലെത്തന്നെയാന്ന് പറഞ്ഞു.” യശോദേച്ചി ഒന്ന് നാണംകുണുങ്ങിയോ?

”നീയെന്തിനാ കണ്ടോനോടെല്ലാം മാഞ്ഞാളത്തിന് നിക്കുന്നത്, അതോണ്ടല്ലേ…? അല്ലപിന്നെ… ആ.. ഇന്ന് ആട്ടിന കൊല്ലുന്ന്ണ്ട്. എറച്ചി വേണാ?”

”വേണ്ടപ്പാ..” പണത്തിനോ മറ്റെന്തെങ്കിലും സാധനത്തിനോ വേണ്ടിയല്ല ഭാര്യയും കുട്ടികളുമുള്ള കൃഷ്‌ണേട്ടനെ യശോദേച്ചി സ്‌നേഹിക്കുന്നത്. സ്വന്തമായി മാത്രം കിട്ടില്ലെന്നറിഞ്ഞിട്ടും കൃഷ്‌ണേട്ടനെ യശോദേച്ചി വല്ലാതെ സ്‌നേഹിച്ചു. ആരുടേതെന്നറിയാത്ത രണ്ട് കുട്ടികള്‍ യശേദേച്ചിയ്ക്ക് ഉണ്ടായിട്ടും കൃഷ്‌ണേട്ടനും പൊന്തക്കാട്ടിലും പാടത്തിന്റെ ആരും കാണാത്ത കരയിലും വെച്ച് യശോദേച്ചിക്ക് തന്റെ പ്രണയം നല്‍കി. യശോദേച്ചിയെ ‘മോശക്കാരി’യായി ആരും കണ്ടിരുന്നില്ല. എന്റെ വീട്ടില്‍ മുറ്റം അടിക്കാനും അടുക്കളയില്‍ സഹായിക്കാനുമൊക്കെ വരും. ചിലപ്പോള്‍ മുത്തച്ഛന്‍ ചോദിക്കും;

”നീയെന്തിനാണേ ഇങ്ങനെ…?”

”അതുപിന്നാ… ആ കൃഷ്ണാട്ടന്‍ വിളിക്കുമ്പോ… ഞാന്‍.. പിന്നെ…”

”നീ ഓളോട് പറഞ്ഞിറ്റ് രണ്ട സേറ് നെല്ല് വാങ്ങിക്കോ. നിന്റെ പിള്ളര്‍ക്ക്(കുട്ടികള്‍ക്ക്) എന്തെങ്കിലും ഉണ്ടാക്കിക്കൊട്ക്ക്.” മുത്തച്ഛന്‍ അകത്തേക്ക് നോക്കി നെല്ല് കൊടുക്കാനുള്ള അനുമതി കൊടുക്കും.
കൃഷ്‌ണേട്ടനോട് നേരെ നിന്ന് സംസാരിക്കാനുള്ള ചങ്കൂറ്റം യശോദേച്ചിക്ക് മാത്രമേയുണ്ടായിരുന്നുള്ളു. മെലിഞ്ഞ് കൊലുന്നനെയുള്ള ശരീരമാണെങ്കിലും വല്ലാത്ത ധൈര്യവും ചങ്കുറപ്പുമായിരുന്നു കൃഷ്‌ണേട്ടന്. അതിരാവിലെ ആടിനെ കൊന്ന് കഴുത്തില്‍നിന്ന് രക്തം ഊറ്റിക്കുടിച്ച്, ചെറിയ ഉള്ളി വായിലിട്ട് ചവച്ച് കൃഷ്‌ണേട്ടന്‍ ഓടും, പത്തും പതിനഞ്ചും കിലോമീറ്ററോളം. ചെറിയ ഉള്ളി ചവച്ചുകൊണ്ടിരിക്കുന്ന വായില്‍നിന്നും ചോര ഉറ്റുന്നത് ഞാനൊരിക്കല്‍ കണ്ടതാണ്. അതിനുശേഷം കൃഷ്‌ണേട്ടനെ എവിടെ കണ്ടാലും പേടിയാണ്. അന്നും പാടവരമ്പത്തുനിന്നും നാരാണേട്ടനും യശോദേച്ചിയും രണ്ടു വഴിക്ക് പിരിഞ്ഞിട്ടുമാത്രമേ ഞങ്ങള്‍ സ്‌കൂളിലേക്ക് പോയുള്ളു.

സ്‌കൂളില് ഗോപിനാഥ് മാഷ് എന്നെ കാത്തിരിക്കുന്നുണ്ടാവും. കുളിക്കുകയോ, എന്തിന് പല്ലു തേക്കുകയോ ചെയ്യാതെ കുറേ കുട്ടികള്‍ സ്‌കൂളിലേക്ക് വരുന്നുണ്ട്. അവരെ കിണറിനു ചുറ്റും ഡ്രസ്സ് അഴിപ്പിച്ച് നിര്‍ത്തിക്കും. അവരുടെ ദേഹത്തേക്ക് വെള്ളം കോരിയൊഴിച്ച് കുളിപ്പിക്കണം. കരിക്കട്ട കൊണ്ട് പല്ലു തേപ്പിക്കണം. എങ്കിലും ചില വിരുതന്മാര്‍ പല്ലുതേക്കുന്നതില്‍നിന്നും രക്ഷപ്പെടും. ”ഒണക്കച്ചാണോന്‍(ഉണങ്ങിയ ചാണകം)കൊണ്ട് ഞാന്‍ തേപ്പിക്കും, പറഞ്ഞിറ്റ്ല്ലാന്ന് വേണ്ട. അതോണ്ട് മര്യാദക്ക് വേഗം തേച്ചോ”, എന്ന് ഗോപിമാഷ് താക്കീതു കൊടുക്കും. അതോടെ മിക്കവരും പല്ലുതേപ്പ് തുടങ്ങും.

തലേന്ന് രാത്രി പശുക്കളും ആടുകളും കയറിക്കിടക്കുന്ന അടച്ചുറപ്പില്ലാത്ത സ്‌കൂളില്‍ പകല്‍ ഞങ്ങള്‍ അടിച്ചുവൃത്തിയാക്കി പഠനം തുടങ്ങും. ബെഞ്ചുകള്‍ കൊണ്ട് വേലി തീര്‍ത്ത് സ്‌കൂള്‍ പൂട്ടി വൈകുന്നേരമാകുമ്പോഴേക്കും ഞങ്ങള്‍ ഇറങ്ങും.

അങ്ങനെയൊരു ദിവസം സ്‌കൂള്‍ വിട്ടു വരുന്നവഴി കൊയ്തിറങ്ങിയ പാടത്തുനിന്നും മണ്‍പൊടികളുയരുന്നു. ഞങ്ങളുടെ നടത്തം വേഗത്തിലായി. വഴിയിലെ പട്ടഷാപ്പിനോടുചേര്‍ന്ന്, കൊല്ലന്‍ കുഞ്ഞമ്പേട്ടന്റെ ആലയും കഴിഞ്ഞ് അപ്പുറത്ത് കുറച്ച് താല്‍ക്കാലിക കടകള്‍ ഒരുങ്ങുന്നു. അതിനപ്പുറത്തുനിന്നാണ് പൊടിയുയരുന്നത്. പാടം ഒരുങ്ങുകയാണ്, കോഴിയങ്കത്തിന്!!!
ആന്ധ്രാ കള്‍ച്ചറില്‍ നിന്നാണ് കോഴിയങ്കം ഞങ്ങളുടെ നാട്ടിലെത്തിയത്. ടിപ്പുവിന്റെ പടയോട്ടകാലത്ത് വിജയനഗരം പിടിച്ചടക്കിയ ടിപ്പു പിന്നീട് ദേശം വിട്ടുപോയി. എന്നാല്‍ ടിപ്പുവിന്റെ പടയാളികള്‍ അവിടെത്തന്നെ നിന്നു. അവരെ ഭണ്ഡാസ് എന്നാണ് വിളിച്ചിരുന്നത്. പോരുകോഴികളെയും ഭണ്ഡാസ് എന്നുതന്നെയായിരുന്നു വിളിച്ചിരുന്നത്.

ഗദ്ധവെള്ള, മയിലന്‍, പഞ്ചവഹ്നി, എടക്കെട്ടന്‍, ഓര്‍ക്കാഡി അങ്ങനെ പല പേരുകളില്‍ എന്റെ വീട്ടിലും പോരുകോഴികളുണ്ടായിരുന്നു. അങ്കത്തിനായി ഒരുക്കി മുട്ടയും ഉപ്പുചോറും കൊടുത്ത് വളര്‍ത്തുന്ന യമണ്ടന്‍ കോഴികള്‍. കുടുംബത്തിലെ രാജാക്കന്മാരെപ്പോലെയായിരുന്നു ഓരോ കോഴികളും.

കോഴിപ്പോരു കാലമായാല്‍ വഴിയിലുടനീളം കച്ചവടം പൊടിപൊടിക്കും. മെടഞ്ഞ ഓലകള്‍കൊണ്ട് തീര്‍ക്കുന്ന താല്‍ക്കാലിക പന്തലുകളില്‍ മോരുംവെള്ളവും ബത്തക്ക(തണ്ണിമത്തന്‍)ക്കഷ്ണവും ചൂടില്‍ ഇഷ്ടംപോലെ ചെലവാകും. ചിണ്ടന്‍, അബ്ദുള്ള, പക്കീരന്‍ ഇവരൊക്കെയാണ് കോഴിപ്പോരിലെ ജാക്കികള്‍. തലയില്‍ ചുവന്ന റിബണ്‍ കെട്ടി അതിലൊരു കോഴിവാള്‍ തിരുകിയാണ് ജാക്കികള്‍ കളത്തിലിറങ്ങുക. ജാക്കികളെ കൂടാതെ പരുക്കു പറ്റിയ കോഴികളെ പരിചരിക്കാന്‍ അവര്‍ക്കൊപ്പം സില്‍ബന്തികളായി കുറേ ചെറുപ്പക്കാരുമുണ്ടാകും. പരുക്കുപറ്റി, വീട്ടിലെത്തുന്ന കോഴികള്‍ക്ക് കാരണവരുടെ സ്ഥാനമാണ് നല്‍കുക. അങ്കത്തിനിടയിലോ പിന്നീടോ അത് മരണപ്പെട്ടാല്‍ കുളിപ്പിച്ച് ആചാരപൂര്‍വ്വം ദഹിപ്പിക്കും, അതാണ് ചടങ്ങ്.
ഞങ്ങളുടെ വീട്ടിലെ ഭണ്ഡാസുകളുടെ പ്രധാന ജാക്കി പക്കീരനാണ്. കോഴിയേക്കാള്‍ രൂക്ഷമായി നോക്കുന്ന പക്കീരന്റെ ചെങ്കണ്ണുകള്‍ക്ക് അപാര ശക്തിയായിരുന്നു. അത് മനസ്സിലാകണമെങ്കില്‍ പക്കീരന്റെ കൂടെ നായാട്ടിനുപോകണം. പല പ്രാവശ്യം പക്കീരന്റെകൂടെ ഞാന്‍ നായാട്ടിനു പോയിട്ടുണ്ട്. ഞങ്ങളുടെ നാടിന്റെ ഒരു അതിര്‍ത്തി കര്‍ണ്ണാടക ഫോറസ്റ്റാണ്. ആ കാട്ടിലേക്കാണ് നായാട്ടിനിറങ്ങുക. രാത്രിയില്‍ ഒരു ചാറ്റല്‍മഴയും ഓറഞ്ചുനിറത്തില്‍ ആകാശം നില്‍ക്കുകയും ചെയ്യുമ്പോള്‍ മുത്തച്ഛനോ മറ്റോ പറയുമായിരുന്നു, ”ഇപ്പം എറങ്ങ്ന്ന്‌ണ്ടെങ്കില് എറങ്ങണം. പറ്റിയ സമയാന്ന്.” അങ്ങനെ പറയുമ്പോഴേക്കും ആരെങ്കിലും തറവാട്ടിലെ ബബ്‌ളീസ് കോട്ട് തോക്കെടുത്ത് പുറത്തേക്കിറങ്ങും. കാട്ടില്‍നിന്നും വെടിയൊച്ച കേള്‍ക്കാം, ഉടനെതന്നെ പോയ ആള്‍ തിരികെ വരുന്നതും കാണാം, കൈയ്യില്‍ വലിയ നാലഞ്ച് മുയലുകളുമായി.

നായാട്ടിനിറങ്ങുന്ന തെയ്യങ്ങള്‍ ഞങ്ങളുടെ ആരാധനാദൈവമാണ്. വയനാട്ടുകുലവന്‍ എന്നും കണ്ടനാര്‍ കേളന്‍ എന്നും അറിയപ്പെടുന്ന തെയ്യക്കോലങ്ങള്‍ കാട്ടിലേക്ക് നായാട്ടിനു പോകുന്നത് ഒരു ചടങ്ങുതന്നെയാണ്. കാട്ടിറച്ചി കൊണ്ടുള്ള സദ്യയാണ് വയനാട്ടുകുലവന്റെ പ്രസാദം.

പക്കീരന്‍ മുത്തച്ഛന്റെയടുത്ത് തോക്ക് വാങ്ങാന്‍ വരും. വീട്ടില്‍ നിന്ന് ആരെങ്കിലും കൂടെ പോകുന്നുണ്ടെങ്കില്‍ ഞാനും കൂട്ടത്തില്‍ ചിലപ്പോഴൊക്കെ കൂടാറുണ്ട്. കവുങ്ങിന്‍ പാളയില്‍ വെളുത്തുള്ളിയും മഞ്ഞളുമിട്ട ചോറും ഉണക്കമീനും ഉണക്കിയ കാട്ടിറച്ചി വരട്ടിയതും എടുത്താണ് കാട്ടിലേക്ക് പോവുക. കാടിളക്കുകയാണ് ആദ്യം ചെയ്യുക. കാടിളക്കുക കുട്ടികളാണ്. ഒച്ചയുണ്ടാക്കി കൂട്ടമായി കുട്ടികള്‍ ഓടുമ്പോള്‍ അവിടെയുമിവിടെയും പതുങ്ങിനില്‍ക്കുന്ന മൃഗങ്ങള്‍ ഓടിത്തുടങ്ങും.

മൂന്നു ഭാഗത്തുനിന്നും കൂട്ടമായാണ് കാടിളക്കുക. മൃഗങ്ങള്‍ക്ക് ഓടി രക്ഷപ്പെടാന്‍ ഒരു ഭാഗം ഒഴിച്ചിടും. ആ വഴിക്കായിരിക്കും വേട്ടക്കാരന്‍ ഇരിക്കുക. അങ്ങനെ നിറത്തോക്കുമായി പക്കീരന്‍ ഇരിക്കുമ്പോള്‍ ഒരു കാട്ടുപന്നി ഓടുന്ന ഓട്ടത്തില്‍ തേറ്റ കൊണ്ട് പക്കീരന്റെ കാല്‍ത്തുടയില്‍ ഒന്നു കോറിയിട്ടു പോയി. എങ്കിലും പക്കീരന്‍ കാട്ടുപന്നിയെ വിട്ടില്ല. ഒറ്റവെടിക്ക് തല തകര്‍ത്തു. കാല്‍ത്തുടയിലെ മുറിവ് ഉണങ്ങാതെ പക്കീരന്‍ കുറേക്കാലം കൊണ്ടുനടന്നു.

വെടിക്കാരനാണ് കിട്ടുന്ന മൃഗത്തിന്റെ കാല്‍ത്തുടഭാഗം നല്‍കുക. തോക്ക് നല്‍കിയ വകയില്‍ തറവാട്ടിലേക്ക് കാട്ടിറച്ചികള്‍ ഇഷ്ടംപോലെ കിട്ടുമായിരുന്നു. ചിലപ്പോള്‍ രാവിലെ ഉണര്‍ന്ന് എണീറ്റു വരുമ്പോഴേക്കും മുറ്റത്ത് വാഴയിലയില്‍ മുയല്‍, മാന്‍. കാട്ടുപന്നി ഇവയെല്ലാം നിരത്തിവച്ചിട്ടുണ്ടാവും. അടുക്കളയില്‍ അപ്പോഴേക്കും അമ്മിയില്‍ മുളകും മല്ലിയും അരക്കാന്‍ തുടങ്ങിയിട്ടുണ്ടാവും.

കാട്ടുപന്നിയുടെ കാല്‍ത്തുടഭാഗവുമായി പോയ പക്കീരന്‍ മലയടിവാരത്തെ വീടുകളില്‍ നിന്നും കൊണ്ടുവന്ന നാടന്‍ റാക്കി(ചാരായത്തി)നൊപ്പം കാട്ടുപന്നിയുടെ നെയ്യ്മുറ്റിയ ഇറച്ചിക്കഷ്ണങ്ങള്‍ കടിച്ചുവലിക്കും. ബാക്കിവന്ന ഇറച്ചിക്കഷ്ണങ്ങള്‍ വൈകിട്ടത്തേക്ക് വറട്ടിവയ്ക്കും. റാക്ക് തീര്‍ന്നാല്‍ നേരെ ചാരായഷാപ്പിലേക്ക് വച്ചുപിടിക്കും. ചാരായക്കുപ്പി ഉയര്‍ത്തിപ്പിടിച്ച് വായിലേക്ക് ഒറ്റ ഒഴിക്കലാണ്, ”ഗ്ലു.. ഗ്ലു.. ഗ്ലു.. ഗുളും..” കുടിച്ച് ചിറി തുടച്ച് ഇറിച്ചിച്ചാറ് എടുത്ത് നാവില്‍ തേയ്ക്കും. റാന്തല്‍ വെളിച്ചത്തില്‍ പക്കീരന്റെ ചോരക്കണ്ണുകള്‍ കാട്ടുപൂച്ചയുടെ കണ്ണുകള്‍പോലെ വെട്ടിത്തിളങ്ങും.

”പക്കീരാ, നീ മതിയാക്കിയെങ്ക്‌ല്, ഷാപ്പ് അടച്ചേക്കട്ടാ…” ആളിറങ്ങിത്തീര്‍ന്ന ചാരായഷോപ്പ് അടക്കാനുള്ള സമയമാകുമ്പോള്‍ ഷാപ്പുടമ കോരേട്ടന്‍ പക്കീരന്റെ അടുത്തെത്തി ചോദിക്കും.

ഒരു കുപ്പി ചാരായംകൂടി കരുതിവെച്ച് പക്കീരനും കോരനും ഒരുമിച്ച് പുറത്തേക്കിറങ്ങും. കോരേട്ടന്‍ നിരപ്പലകകള്‍ എടുത്ത് നിരയായിട്ട് ഷാപ്പ് അടയ്ക്കുമ്പോള്‍ ആടിത്തുടങ്ങിയ പക്കീരന്‍ പറഞ്ഞുതുടങ്ങും;

”ഒരു നോട്ടം… ഓന്‍ എന്നെത്തന്നെ നോക്കി. പോകുന്ന പോക്കില്… ദാ.. ഇങ്ങോട്ട് നോക്കിയേ..”

”നീ പറഞ്ഞോ, ഞാന്‍ കേക്ക്ന്ന്ണ്ട്.” കോരേട്ടന്‍ അപ്പോഴും മരപ്പലകയിട്ടുകൊണ്ടിരുന്നു.

”ഇത് കേക്കണ്ടതല്ല, കാണണ്ടതല്ലേ…” ശ്രദ്ധിക്കാത്ത കോരേട്ടനെ നോക്കി പല്ലു കടിച്ച് പക്കീരന്‍ തുടര്‍ന്നു: ”എന്റെ കാലിന്റെ തൊടയ്ക്ക് ഒന്നു തോണ്ടീറ്റാണ് ഓന്‍ പോയത്. ഞാന്‍ അപ്പോത്തന്നെ പൊട്ടിച്ചില്ലേ… അല്ല… നിനിക്ക് വേണാ രണ്ട് കഷ്ണം… ഞാന്‍ വറട്ടി വച്ചിറ്റ്ണ്ട്.”

ചാരായ ഷാപ്പ് പൂട്ടി ഇരുവരും സംസാരിച്ച് ഇരുട്ടിലേക്ക് മറഞ്ഞു. കൃഷ്‌ണേട്ടന്‍ പോയപ്പോഴുള്ള യശോദേച്ചിയെപ്പോലെ ചാരായഷാപ്പ് മലര്‍ന്നുകിടന്ന് ഉറക്കത്തിലേക്ക് വീണു. ഷാപ്പിന്റെ പിന്നിലെ ഇറക്കത്തിലൂടെ അപ്പോഴാണ് ഒരാള്‍ പതുക്കെ കുന്ന് കയറി വന്നത്. നടത്തത്തേക്കാളും വേഗത്തില്‍ അയാള്‍ ശ്വാസം കഴിക്കുന്നതിന്റെ ഒച്ച കുന്നിന്‍മുകളില്‍ കയറി. കൂനിക്കൂടി വന്ന് കുന്നിന്‍ മുകളില്‍ കയറി ഷാപ്പിന്റെ അടച്ചിട്ട നിരപ്പലകയോട് ചേര്‍ന്നുനിന്നു. കൈയ്യിലെ കടലാസ് കഷ്ണം ഒരു നിരപ്പലകയില്‍ ഒട്ടിച്ച് പതുക്കെ കുന്നിറങ്ങിപ്പോയി.

ചാരായഷാപ്പിന്റെ പിന്നിലുള്ള ആ കുന്നിന്റെ താഴ്‌വാരത്തിലാണ് നാരായണന്‍ എന്ന അയാളുടെ വീട്. കൂനുള്ള ശരീരവും കോടിയ മുഖവും ആസ്ത്മ പിടിച്ച ശ്വാസവുമായി താഴ്‌വരയില്‍ താമസിക്കുന്ന നാരായണന്‍ എല്ലാ രാത്രിയിലും പട്ടഷാപ്പിന്റെ നിരപ്പലകമേല്‍ അയാളുടെ സാഹിത്യം എന്തോ ഒട്ടിച്ചുപോകും. പാതിരാത്രിയില്‍ മങ്ങിയ കടലാസിലെ അക്ഷരങ്ങള്‍ മരപ്പലകമേല്‍ ഒട്ടിപ്പിടിച്ചിരിക്കും. അടുത്തെത്തി അക്ഷരങ്ങള്‍ പരതി അത് ആരും വായിച്ചിട്ടുണ്ടാവില്ല.

പകല്‍ നേരത്തേ തുറക്കുന്ന ചാരായഷാപ്പിന്റെ നിരപ്പലകകള്‍ അടുക്കിവയ്ക്കും. അപ്പോഴും ആ അക്ഷരങ്ങള്‍ ആരും കാണാതെ മറയത്തിരുന്നു. എങ്കിലും എല്ലാ രാത്രിയിലും നാരായണന്‍ ഇത് തുടര്‍ന്നു. അയാള്‍ അയാളെ ആവിഷ്‌കരിച്ചുകൊണ്ടേയിരിക്കുന്നു. ഞാന്‍ ആദ്യമായി കാണുന്ന എഴുത്തുകാരന്‍ നാരായണനാണ്. മറ്റാരെങ്കിലും വായിച്ചിട്ടല്ല, സ്വയം ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നതില്‍ തുടര്‍ച്ചയും സന്തോഷവും കാണുന്ന നാരായണന്‍ എന്റെ എഴുത്തുജീവിതത്തില്‍ മനോധൈര്യം നല്‍കിയത് ചില്ലറയൊന്നുമല്ല. എന്റെ കുട്ടിക്കാലത്തെ ഞാനിങ്ങനെ രേഖപ്പെടുത്തുന്നു: മൃഗങ്ങളും മരങ്ങളും പക്ഷികളും മനുഷ്യനും കള്ളനും കൊലപാതകിയും വേശ്യയും പെറുക്കിയും എല്ലാം അടങ്ങുന്നതാണ് സമൂഹം എന്ന തിരിച്ചറിവിലേക്ക് നയിച്ചത് എന്റെ ബേഡഡുക്കന്‍ ജീവിതം തന്നെയാണ്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More