‘സത്യനെ പടിഞ്ഞാറ്റയില്‍ വെള്ള പുതപ്പിച്ച് കിടത്തി, അച്ചമ്മ വാവിട്ടുകരഞ്ഞു’

പി വത്സല/ കെ സജിമോന്‍

ഇപ്പോഴും മാലൂര്‍കുന്നിന്റെ മുകളിലൂടെ അന്നത്തെ ആ ശീതക്കാറ്റടിക്കുന്നുണ്ട്. വറ്റിത്തീരാറായ പൂനൂര്‍ പുഴയുടെ നീലക്കയത്തില്‍നിന്നും തണുപ്പുകോരി ആ കാറ്റ് മാലൂര്‍കുന്നിനെ ചുറ്റിപ്പറക്കും. ലാംഗ്ലി സായിപ്പിന്റെ ബംഗ്ലാവിലെ ബ്ലൂബെല്‍സ് ചെടികള്‍ ആ ശീതക്കാറ്റില്‍ കിണികിണി ശബ്ദത്തിലാടും. തച്ചാന്‍കോട് കുന്നിന്റെ നെറുകയിലെ മദിരാശി എം.എല്‍.സിയുടെ ബംഗ്ലാവിന്റെ രത്‌നക്കല്ലു പതിപ്പിച്ച വര്‍ണ്ണച്ചില്ലുകളില്‍ ശീതക്കാറ്റ് മഞ്ഞുകണമായി ഉരുകിത്തീരും. അതിനപ്പുറം ഒറ്റയാക്കപ്പെട്ട കാമുകി ആ കാറ്റില്‍ കാമുകനെ തേടുന്നുണ്ടാവും….. എഴുത്തുകാരി പി. വത്സലയുടെ ദേശം, ഓര്‍മ്മകളിലൂടെ ഒരു യാത്ര.

മഞ്ഞുരുകിവീഴുന്ന വര്‍ണ്ണച്ചില്ലുകളില്‍ നോക്കി ഞങ്ങള്‍ ഏറെനേരം നിന്നു. ഞങ്ങളുടെ കൈയ്യില്‍ അപ്പോള്‍ നിറയെ പൂക്കളുണ്ടായിരുന്നു. തച്ചാന്‍കോട് കുന്നിന്റെ ചായ്‌വുകളില്‍ നിന്നും പറിച്ചെടുത്ത വിവിധ നിറങ്ങളിലുള്ള പൂക്കള്‍. ബംഗ്ലാവിന്റെ വര്‍ണ്ണച്ചില്ലുകളില്‍ സൂര്യപ്രകാശം തട്ടി ഞങ്ങളുടെ മുഖത്ത് മഴവില്ലഴക് തീര്‍ക്കുമ്പോള്‍ ഞങ്ങള്‍ ആ കാമുകിയെ കണ്ടു. കണ്ടതല്ല, അതിനകത്ത് അവരുണ്ടെന്നുതന്നെ വിശ്വസിച്ചു. ആ വര്‍ണ്ണച്ചില്ലുകളില്‍ രത്‌നങ്ങള്‍ തന്നെയെന്ന് വിശ്വസിച്ചു. മദിരാശി എം.എല്‍.സിയ്ക്ക് രണ്ട് ബീവിമാരായിരുന്നു. അതിലൊരു ബീവിയെ താമസിപ്പിക്കാനാണ് ഈ ബംഗ്ലാവ് പണിതത്. അയാളുടെ വരവുംകാത്ത് ബീവി എന്നും വര്‍ണ്ണച്ചില്ലുകള്‍ തുടച്ച് ഇരിക്കുന്നുണ്ടാവണം.

തച്ചാന്‍കോട് കുന്നിലെ ഞങ്ങളുടെ എല്‍.പി. സ്‌കൂളിലേക്കുള്ള യാത്രയിലും ബംഗ്ലാവിന്റെ മുന്നില്‍ ഏറെനേരം അവരെ കാണാന്‍ ഞങ്ങള്‍ കാത്തിരുന്നു. ഒരിക്കല്‍പോലും ഞങ്ങളവരെ കണ്ടില്ല. രാത്രികാലങ്ങളില്‍ കുടമണി കുലുക്കി കുതിരവണ്ടികള്‍ തച്ചാന്‍കോട് കുന്നിന്റെ നെറുകയിലേക്ക് കയറിപ്പോകുന്നത് മാലൂര്‍കുന്നിന്റെ ചരിവിലെ വീട്ടിലിരുന്ന് ഞങ്ങള്‍ സ്വപ്നം കണ്ടു.

മാലൂര്‍കുന്നിന്റെ തെക്കാണ് തച്ചാന്‍കോട് കുന്ന്, കിഴക്ക് വെള്ളമാട് കുന്ന്, വടക്ക് പൂനൂര്‍ പുഴ, പടിഞ്ഞാറ് പുഞ്ചയാണ്. മാലൂര്‍കുന്ന്, ഉച്ചവെയില്‍ ഉച്ചിയില്‍ തട്ടിയാലും ഭൂമിയിലേക്കിറങ്ങാത്തത്ര വനം നിറഞ്ഞ കുന്നായിരുന്നിരിക്കണം. പണ്ടേതോ ജന്മി കാടുവെട്ടി പറങ്കിമാവുകള്‍ വച്ചു. പറങ്കിമാവുകള്‍ക്കിടയില്‍ പറങ്കിമാങ്ങയുതിരുന്ന മീനമാസത്തില്‍ ഞങ്ങള്‍ പറങ്ക്യാങ്ങ പറിച്ച് നീരു കുടിക്കും. മധുരമൂറുന്ന മഞ്ഞ പറങ്ക്യാങ്ങയും തിന്നുവരുന്ന വഴി ഒരു ഉറവക്കുണ്ടുണ്ട്. ഒരാള്‍ വീതിയില്‍ കുത്തോട്ട്, എത്ര ആഴമുണ്ടെന്നറിയാത്ത ഉറവക്കുണ്ടിനു ചുറ്റും മുടിത്താളികള്‍ നിറഞ്ഞിരുന്നു. കുട്ടികള്‍ അതിനടുത്തേക്ക് പോകുമ്പോള്‍ മുതിര്‍ന്നവര്‍ വിലക്കി. സീതാദേവി ഭൂമി പിളര്‍ന്നു പോയതിവിടെയാണത്രെ.

അങ്ങനെ നിഗൂഢതകളുടെ താഴ്‌വരയായിരുന്നു മാലൂര്‍കുന്ന്. രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളത്തില്‍നിന്നും ഒളിച്ചോടി വന്ന അച്ഛന്റെ മൂത്തപെങ്ങളുടെ മൂത്തമകന്‍ ശ്രീധരേട്ടന്‍ യുദ്ധകാലത്ത് പട്ടാളത്തെ പേടിച്ച് മാലൂര്‍കുന്നിലാണ് ഒളിപ്പാര്‍ന്നത്. അച്ഛന്റെ അച്ഛന്‍ മലാപ്പറമ്പില്‍നിന്നും മാലൂര്‍കുന്നിലേക്ക് സ്ഥലം വാങ്ങി പാര്‍ക്കാന്‍ തുടങ്ങിയതോടെയാണ് മാലൂര്‍കുന്നില്‍ ആള്‍വാസമുണ്ടായത്. ഒറ്റയ്ക്ക് താമസിക്കാന്‍ പേടിയുള്ള ചിരുത എന്ന അച്ചമ്മയുടെ ആവലാതിയെത്തുടര്‍ന്ന് അച്ചാച്ചന്‍ മൂന്ന് കുടികിടപ്പുകാരെക്കൂടി മാലൂര്‍കുന്നിലേക്ക് കൊണ്ടുവന്നു.

മാലൂര്‍കുന്നിലെ അഞ്ചേക്കര്‍ വിശാലതയില്‍ ഞങ്ങളുടെ പറമ്പ് പരന്നുകിടന്നു. മൂന്ന് മുറി താഴെയും മൂന്ന് മുറി മുകളിലുമായി വലിയ വീടൊരുക്കി പാര്‍ത്തുതുടങ്ങിയകാലത്തുതന്നെ പശുക്കള്‍ക്കായി വലിയ തൊഴുത്തും ഒരുക്കിയിരുന്നു. രാത്രികാലങ്ങളില്‍ ഹയനയും പന്നിയും നരിയും മാലൂര്‍കുന്നില്‍ അധിപന്മാരായി. പശുക്കളെ കൊന്നുതിന്നാന്‍ നരികള്‍ കുന്നിറങ്ങിയെത്തി. പശുക്കള്‍ മുരണ്ട് ആളെക്കൂട്ടി.

ചിമ്മിനിവെളക്കുമായി അച്ചമ്മയും മക്കളും എത്തുമ്പോഴേക്കും നരി പശുവിനെ കടിച്ചുതൂക്കി കൊണ്ടുപോയിട്ടുണ്ടാവും. എങ്കിലും കിടാങ്ങളെ നരിയ്ക്ക് കൊടുക്കാതിരിക്കാന്‍ ഉറപ്പുള്ള മരക്കഷണങ്ങള്‍കൊണ്ട് കൂടൊരുക്കി അതിനകത്താക്കി.
പകല്‍ പശുക്കളെ മേയാന്‍ വിടും. കൂട്ടംതെറ്റി ഏതെങ്കിലും പശു മാലൂര്‍കുന്നിനപ്പുറം ഫ്‌ളോറിക്കല്‍ ഹില്ലിലേക്ക് കടന്നാല്‍ അധികാരി പിടിച്ചുവയ്ക്കും. ഫ്‌ളോറിക്കല്‍ ഹില്ലിലാണ് ലാംഗ്ലി സായിപ്പിന്റെ ബംഗ്ലാവ്. ബ്ലൂബെല്‍സ് ചെടികള്‍ ശീതക്കാറ്റില്‍ ആടിയുലയുലഞ്ഞ് കിണികിണി ശബ്ദമുണ്ടാക്കുന്നത്. കുതിരപ്പുറത്തേറി ലാംഗ്ലി സായിപ്പ് വേട്ടയ്ക്ക് പോകുമായിരുന്നു. തൊട്ടടുത്ത കുന്നിന്റെ നെറുകയില്‍ സായിപ്പിന്റെ നീണ്ട തോക്കിന്റെ വെടിയൊച്ച കേട്ടാല്‍ ഫ്‌ളോറിക്കല്‍ ഹില്ലില്‍ രാത്രി ചുട്ട മാംസത്തിന്റെ മണവും തീനും കുടിയും ആര്‍പ്പുവിളിയും പാട്ടുമുണ്ടാകുമെന്നുറപ്പ്. സായിപ്പിന്റെ വേട്ടയ്ക്ക് തലതാഴ്ത്തിനിന്നുകൊടുത്ത കുന്നിനെ നാട്ടുകാര്‍ വേട്ടയാട്കുന്ന് എന്ന് വിളിപ്പേരു നല്‍കി.

ഫ്‌ളോറിക്കല്‍ ഹില്ലിലേക്ക് തീറ്റതേടി ഒറ്റപ്പെട്ടു പോകുന്ന പശുവിന് അറുപതുരൂപയൊക്കെ പിഴ ഈടാക്കാതെ അധികാരി പശുവിനെ വിട്ടുതരില്ല. അറുപതുരൂപയുടെ വന്‍തുക മോഹിച്ച് അധികാരിയുടെ ശിങ്കിടികള്‍ ഫ്‌ളോറിക്കല്‍ ഹില്ലിനിപ്പുറം വന്നും പശുക്കളെ പിടിച്ചുകൊണ്ടുപോയി കെട്ടിയിട്ടിട്ടുണ്ട്. ചൂട്ടുകത്തിച്ച് പശുക്കളെ അന്വേഷിച്ച് പോയവര്‍ അധികാരിയെ പ്രാകിക്കൊണ്ട് തിരിച്ചുവന്നു. അച്ചമ്മ അവരുടെ കൈയ്യില്‍ പണം കൊടുത്തയച്ച് പശുക്കളെ തിരിച്ചുപിടിച്ചു. മാലൂര്‍കുന്നിലെ രാപ്പാര്‍പ്പ് പേടിച്ചിരുന്ന അച്ചമ്മ പിന്നീട് രാവുറങ്ങാതെ മക്കള്‍ക്കും പറമ്പിനും കാവലായിരുന്നു.


ഇളയമകന് ആറുമാസം പ്രായമുള്ളപ്പോഴാണ് ഭര്‍ത്താവായ അച്ചാച്ചന്‍ മരിച്ചത്. പ്രായമേറെയാകാത്ത മക്കള്‍ക്കുവേണ്ടി പോരാടിത്തുടങ്ങിയ അച്ചമ്മയുടെ പേടി അതോടെ മലയിറങ്ങിപ്പോയി. കോളറ പിടിപെട്ടിട്ടും തളരാത്ത ശരീരമായിരുന്നു അച്ചമ്മയുടേത്. കുതിരവണ്ടി വിളിച്ച് ബന്ധുവീട്ടിലേക്ക് മാലൂര്‍കുന്നിലെ ചക്കയും മാങ്ങയുമായി പോകുന്ന അച്ചമ്മയ്‌ക്കൊപ്പം ഞാനും പോയിട്ടുണ്ട്. കുതിരവണ്ടിയേക്കാള്‍ വേഗത്തില്‍ കണ്ണും മനസ്സും സഞ്ചരിക്കുന്ന അച്ചമ്മ. ആര്‍ക്കെങ്കിലും അസുഖമാണെന്നറിഞ്ഞാല്‍ മുറ്റത്ത് കുതിരവണ്ടിയെത്തും. അതില്‍ കയറി അച്ചമ്മ മാലൂര്‍കുന്നിറങ്ങിപ്പോകും.

വൈകിട്ടോടെ മാലൂര്‍കുന്നിലേക്കുതന്നെ തിരികെയാത്ര. കൊട്ടിയൂരില്‍ ഉത്സവം തുടങ്ങിയാല്‍ വെള്ളവസ്ത്രം ധരിച്ച് ഒരു ഭാണ്ഡത്തില്‍ അലക്കിയൊതുക്കിയ വെള്ളവസ്ത്രങ്ങളുമായി മാലൂര്‍കുന്നില്‍ നിന്നും നടത്തം ആരംഭിക്കും. ദിവസങ്ങള്‍ക്കുശേഷം നടന്നുതന്നെ തിരികെയെത്തുന്ന അച്ചമ്മയുടെ കൈയ്യില്‍ ഓടപ്പൂവുണ്ടാകും, കുട്ടികള്‍ക്കുള്ള പലഹാരങ്ങളും. ഓരോ വര്‍ഷത്തെയും ഓടപ്പൂക്കള്‍ നിറം മങ്ങിമങ്ങി ഉത്തരത്തില്‍ ഞാന്നു കിടക്കും. എന്തിലും നല്ല വേഗതയായിരുന്നു അച്ചമ്മയ്ക്ക്. ഒരിക്കല്‍ അച്ചമ്മയുടെ വയറ്റില്‍ ഒരു കുരുവുണ്ടായി. കൃഷ്ന്‍വൈദ്യരെത്തി നല്‍കിയ മരുന്നു കഴിച്ച് അച്ചമ്മ പറമ്പിലും മാലൂര്‍കുന്നിലും ഓടിനടന്നു. പ്രായമേറിയപ്പോഴും പറമ്പിലെല്ലാം അച്ചമ്മ നടന്നു. ഒരിക്കല്‍ സൂര്യനസ്തമിക്കാന്‍ നേരത്ത് കുളിയും കഴിഞ്ഞ് കിടന്ന അച്ചമ്മ അന്നത്തെ സൂര്യനൊപ്പം പോവുകയായിരുന്നു. പിന്നെ ഉണര്‍ന്നിട്ടേയില്ല.

മാലൂര്‍കുന്നിന്റെ ഏറ്റവും ഉയരത്തില്‍ ചാവക്കാടുനിന്നും ഒരു കുടുംബം കുടിയേറിപ്പാര്‍ത്തു. ചെത്തലായിരുന്നു അവരുടെ പണി. മാലൂര്‍കുന്നിന്റെ താഴ്‌വരയിലെ തെങ്ങുകളില്‍നിന്ന് അവര്‍ കള്ളുചെത്തിയെടുത്തു. പിന്നീടെപ്പോഴോ കള്ളുചെത്ത് അവരങ്ങ് അവസാനിപ്പിച്ചു. മാലൂര്‍കുന്നിന്റെ താഴ്‌വാരത്തുനിന്നും കോഴിക്കോട് അങ്ങാടിയിലേക്ക് പോകുന്ന ഒരു ബസ് അവര്‍ വാങ്ങിയെന്നറിഞ്ഞു. പിന്നീട് രണ്ടോ മൂന്നോ ബസുകളും വാങ്ങിയതായി അറിഞ്ഞു. അവര്‍ എവിടെനിന്നോ ഒരു കുടുംബത്തെക്കൂടി അങ്ങോട്ടു കൊണ്ടുവന്നു. മൂന്ന് പെങ്ങന്മാരും ഒരു ആങ്ങളയും.

അവരെ മാലൂര്‍കുന്നിന്റെ വടക്കേ ചരിവില്‍ പൂനൂര്‍ പുഴയുടെ കരയിലായി താമസിപ്പിച്ചു. മൂന്ന് പെങ്ങന്മാരുടെയും കല്യാണം കഴിഞ്ഞിരുന്നില്ല. ചാവക്കാടുനിന്നെത്തിയവര്‍ അവരുടെ വീടിരുന്ന സ്ഥലത്തൊരു കളരികെട്ടി മാലൂര്‍കുന്നിന്റെ താഴ്‌വാരത്തിലേക്ക് താമസം മാറ്റി. അപ്പോഴും മൂന്ന് പെങ്ങന്മാരും ആങ്ങളയും പൂനൂര്‍പുഴയുടെ കരയില്‍ത്തന്നെ താമസിച്ചു. കളരിയിലുള്ളവര്‍ക്ക് ഭക്ഷണം വച്ചുനല്‍കി അവര്‍ ജീവിച്ചു.

മാലൂര്‍കുന്ന് ചെങ്കല്ലും ചരലുകളും നിറഞ്ഞതാണെങ്കിലും നല്ല വേനലില്‍ വരള്‍ച്ചയറിഞ്ഞിരുന്നു. അന്ന് പൂനൂര്‍പുഴയായിരുന്നു ആശ്രയം. വേനലില്‍ നേര്‍ത്തുവരുമെങ്കിലും പൂനൂര്‍പുഴ അതിന്റെ സര്‍വ്വസ്വവും ഒരു കടവില്‍ ഒളിപ്പിച്ചിരുന്നു, ഒരു കയം. പണ്ടെങ്ങോ ഒരു വന്‍മരം വീണ് ആഴമായിത്തീര്‍ന്ന നീലക്കയം. നട്ടുച്ചയില്‍ തെളിനീരില്‍ മുങ്ങി ഞങ്ങളതിന്റെ ആഴത്തില്‍ തൊടാന്‍ നോക്കിയിട്ടുണ്ട്. പക്ഷേ, ഒരിക്കലും ആ കയത്തിന്റെ ഏറ്റവും അടിത്തട്ട് തൊടാന്‍ പറ്റിയിട്ടില്ല. അടിത്തട്ട് കണ്ടവരുമില്ല.

വേനലായാല്‍ എല്ലാവരും കുളിക്കുന്നത് ആ കയത്തിന്റെ കടവിലായിരുന്നു. ഒരു മധ്യവേനലില്‍ അച്ഛന്റെ പെങ്ങളുടെ മക്കള്‍ എത്തി. അന്നൊരിക്കല്‍ ഉച്ചതെറ്റിയ നേരത്ത് അച്ചമ്മയോടൊപ്പം സ്ത്രീകളെല്ലാം കുളിക്കടവിലേക്ക് പോയി കൂട്ടത്തില്‍ അച്ഛന്റെ പെങ്ങളുടെ ഏറ്റവും ഇളയമകന്‍ സത്യനുമുണ്ടായിരുന്നു. വള്ളിനിക്കറിട്ട് സത്യന്‍ ഞങ്ങള്‍ക്ക് മുന്നേ ഓടി. അച്ചമ്മ അരയിലൊരു തോര്‍ത്തുചുറ്റി കടവിലേക്കിറങ്ങി അലക്കു തുടങ്ങി, പിന്നാലെ മറ്റുള്ള സ്ത്രീകളും. അലക്കുകല്ലിന്മേലുള്ള തുണിയടികളും പെണ്ണുങ്ങളുടെ വര്‍ത്തമാനവും കടവിനെ ബഹളമയമാക്കി. അലക്കെല്ലാം കഴിഞ്ഞപ്പോഴാണ് അച്ചമ്മ ചോദിച്ചത്,

”എവിടെടീ മോന്‍?”

അപ്പോഴാണ് എല്ലാവരും സത്യനെ അന്വേഷിച്ചത്. ”ഇബിടിണ്ടായിരുന്നു. കുളീംകഴിഞ്ഞ് അവന്‍ വീട്ട്‌ലേക്ക് പോയിറ്റിണ്ടാവും അച്ചമ്മേ…” അങ്ങനെത്തന്നെയാണ് എല്ലാവരും കരുതിയത്. പുഴക്കരയിലെ വീട്ടിലേക്ക് ചെന്നന്വേഷിച്ചു.

”ഇല്ലേട്ത്തി, ഇങ്ങോട്ട് പോന്നത് ഞാങ്ങള് കണ്ടിറ്റില്ലാല്ലോ.”

പിന്നെ ഓനെങ്ങോട്ട് പോവാനാ? പൂനൂര്‍പുഴയുടെ കരയിലൂടെ അവനെയും പരതിയിറങ്ങി. അച്ചമ്മ അപ്പോഴേക്കും വലിയൊരു മുളക്കോലുകൊണ്ട് ആ നീലക്കയത്തിലേക്ക് കുത്തിനോക്കി. അടിതട്ടാതെ കോല് ആഴത്തില്‍ പരതി. ”ഓന്‍ ഓന്റെ വീട്ടിലേക്ക് പോയിറ്റിണ്ടാവും. വീട്ടീന്ന് അങ്ങനൊന്നും വിട്ടുനിക്കാറില്ലാല്ലോ.” ആ സമാധാനത്തില്‍ നനച്ചതൊക്കെയെടുത്ത് എല്ലാവരും തറവാട്ടിലേക്ക് വന്നു. അച്ചമ്മയ്ക്കപ്പോഴും ഉറപ്പായിരുന്നു, ”ഇന്നോട് പറയാണ്ട് ഓനങ്ങനെ പോകൂല്ല.”

അവനെ അന്വേഷിച്ച് അവന്റെ വീട്ടിലേക്ക് ആളെ വിട്ടു. അവര്‍ മാലൂര്‍കുന്ന് ഇറങ്ങിയതേയുണ്ടാവൂ, അപ്പോഴേക്കും പൂനൂര്‍പുഴയുടെ കരയില്‍നിന്നും ഒരാളെത്തി. അയാളുടെ കൈകളില്‍ നനഞ്ഞുകുതിര്‍ന്ന് മലര്‍ന്ന് സത്യന്‍ കിടപ്പുണ്ടായിരുന്നു.

”പശൂനെ കുളിപ്പിക്കാന്‍ കടവിലേക്കിറക്കിയപ്പോളാണ് വെള്ളത്തീന്ന് പൊങ്ങിയത്.”

സത്യനെ പടിഞ്ഞാറ്റയില്‍ വെള്ള പുതപ്പിച്ച് കിടത്തി. അച്ചമ്മ വാവിട്ടുകരഞ്ഞു. ഞങ്ങള്‍ക്കും സങ്കടമടക്കാന്‍ പറ്റിയില്ല. മറ്റെല്ലാ ആണ്‍കുട്ടികളും മുതിര്‍ന്നപ്പോള്‍ ഇളയവന്‍ സത്യനായിരുന്നു പെണ്‍കുട്ടികള്‍ക്കൊപ്പം കളിക്കാനുണ്ടായിരുന്നത്. മാലൂര്‍കുന്നിലെ ഏറ്റവും വലിയ മാവിന്റെ തുഞ്ചത്ത് കെട്ടിയ ഊഞ്ഞാലില്‍ അവന്‍ പെമ്പിള്ളേരെ ഇരുത്തി ഉയരത്തില്‍ ആട്ടുമായിരുന്നു. വേനലവധിക്കെത്തിയാല്‍ വീട്ടിലേക്ക് പോകാന്‍ മടിച്ച് അവന്‍ അച്ചമ്മയുടെ മടിത്തട്ടില്‍ ഒളിച്ചുനില്‍ക്കുമായിരുന്നു സത്യന്‍.

സത്യനെ പൂനൂര്‍പുഴയുടെ നീലക്കയം എടുത്തു. പിന്നീടുള്ള വേനലവധികളെല്ലാം മ്ലാനമായിരുന്നു. പൂനൂര്‍പുഴയുടെ നീലക്കയത്തിന്റെ കടവുകളില്‍ കുട്ടികളിറങ്ങാതിരുന്നു. കളിക്കൂട്ടിനായി സത്യന്‍ ആ കടവില്‍നിന്നും മാടിവിളിക്കുന്നുണ്ടെന്ന് ഓരോ കുട്ടികള്‍ക്കും തോന്നി. കടവിന്റെ കരയിലെ വീട്ടുകാര്‍ കൂട്ടമായി മാത്രം പൂനൂര്‍പുഴയിലിറങ്ങി. അവര്‍മാത്രമായിരുന്നു പൂനൂര്‍പുഴയില്‍ പിന്നീട് കുളിച്ചിരുന്നത്. അവരില്‍ ആങ്ങളമാത്രമായിരുന്നു കല്യാണം കഴിച്ചത്. അവരുടെ മകന്‍ കുട്ടന്‍ മാലൂര്‍കുന്നിലും ചുറ്റും ഭൂമിയുടെ നീലക്കയങ്ങള്‍ തേടിയ കിണറുകുത്തുകാരനായി മാറി.

തലയഴിച്ചിട്ടൊഴുകിയ പൂനൂര്‍പുഴ രോഗം മൂര്‍ച്ഛിച്ച ഭ്രാന്തിയെപ്പോലെയായി. നീലക്കയത്തിന്റെ ആഴംതേടി ആരും ഇറങ്ങാതെയായി. മരണാസന്നയായി പൂനൂര്‍പുഴ മണല്‍ക്കുഴികളില്‍ മലിനജലമായി ദീര്‍ഘനിശ്വാസം വലിക്കുന്നു. മാലൂര്‍കുന്നിലെ തറവാട്ടില്‍നിന്നും അച്ഛന്‍ താഴ്‌വരയില്‍ തെക്കേത്തൊടിയില്‍ വീടുവച്ച് താമസം മാറ്റി. അതിനുംമുന്നേ മാവൂരിലെ വാഴേക്കാട് കുടുംബത്തില്‍നിന്നും എന്റെ അമ്മയെ അച്ഛന്‍ വിവാഹം കഴിച്ച് മാലൂര്‍കുന്നിലേക്ക് കൊണ്ടുവന്നിരുന്നു. അച്ചമ്മയെപ്പോലെ ഒറ്റയ്ക്ക് താമസിക്കാന്‍ പേടി തോന്നിയ അമ്മ രണ്ടു പണിക്കാരെക്കൂടി അടുത്തടുത്ത് താമസിപ്പിച്ചു.

മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഒമ്പതാംക്ലാസ്സുവരെ പഠിച്ചയാളായിരുന്നു അച്ഛന്‍. സായിപ്പിന്റെ ഡ്രൈവറായി ജോലി നോക്കിയിരുന്ന അച്ഛന്‍ പിന്നീട് വയനാട്ടില്‍ പൈതല്‍ നായരുടെ കാര്യസ്ഥനായി ജോലി നോക്കി. അമ്മയും അക്കാലത്ത് പഠിച്ചിരുന്നു. അമ്മയുടെ അമ്മാവന്‍ സായിപ്പിന്റെ പി ആന്റ് ഒ ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായിരുന്നു. അവരുടെ മക്കളെ പഠിപ്പിക്കുന്ന കൂട്ടത്തില്‍ അമ്മയെയും പഠിപ്പിച്ചു.

ഇന്ത്യ സ്വതന്ത്ര്യയായ കാലത്ത് ലാംഗ്ലി സായിപ്പ് കണ്ണീരണിഞ്ഞാണ് ഫ്‌ളോറിക്കല്‍ ഹില്ലിനെയും മാലൂര്‍കുന്നിനെയും വിട്ടത്. ”ഞാന്‍ മരിക്കുമ്പോള്‍ എന്റെ ശരീരം ഈ മാലൂര്‍കുന്നില്‍ അടക്കം ചെയ്യണം” എന്ന് അദ്ദേഹം മക്കള്‍സായിപ്പുമാരോട് ശട്ടംകെട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഒരു ഹെലികോപ്റ്റര്‍ മാലൂര്‍കുന്നിനെ ചുറ്റിപ്പറന്നു. ഇലയനക്കാതെ ഓരോ മരങ്ങളും തലകുമ്പിട്ടു. ലാംഗ്ലി സായിപ്പിന്റെ ചിതാഭസ്മം മാലൂര്‍കുന്നിന്റെ മണ്ണിലേക്ക് ആകാശത്തുനിന്നും ഉതിര്‍ന്നുവീണു. അപ്പോഴും ആ ശീതക്കാറ്റ് മാലൂര്‍കുന്നിനെ തഴുകിപ്പരന്നു. ഫ്‌ളോറിക്കല്‍ ഹില്ലിലെ ലാംഗ്ലി സായിപ്പിന്റെ ബംഗ്ലാവിലെ ബ്ലൂബെല്‍സ് ചെടികള്‍ കിണികിണി ശബ്ദത്തില്‍ മുഴങ്ങി.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More