കോവിഡ് കാലത്ത് സാന്ത്വനം സംഗീതം: കീര്‍ത്തന

142,416

സരിഗമപ സംഗീത പരിപാടിയെപ്പറ്റി അറിയാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. 25 വര്‍ഷം പിന്നിടുകയാണ് വ്യത്യസ്ത ഭാഷകളില്‍ രാജ്യത്തുടനീളം ആരാധകരെ സൃഷ്ടിച്ച സീചാനലിന്റെ ഈ സംഗീത റിയാലിറ്റി ഷോ. ഇന്ന് രാജ്യത്തിന്റെ പ്രിയ ശബ്ദമായി മാറിയിരിക്കുന്ന ശ്രേയ ഘോഷാല്‍ ഉള്‍പ്പെടെ നിരവധി ഗായകരെയാണ് സരിഗമപ ഷോ ഇന്ത്യന്‍ സംഗീത ലോകത്തിന് സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സരിഗമപ കേരളവും വളരെ ചുരുങ്ങിയ സമയം കൊണ്ട് ഏറെ ശ്രദ്ധ നേടി. ഫിനാലെയിലേക്ക് അടുക്കുന്ന ഈ പരിപാടിയുടെ അവസാന 10 മത്സരാര്‍ഥികളെല്ലാരും തന്നെ പിന്നണി ഗായകരായി മാറിയെന്നതു തന്നെയാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ വിജയം. അപ്രതീക്ഷിതമായി വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ സരിഗമപ കേരളത്തിന്റെ വേദിയിലെത്തി ഇപ്പോള്‍ അവസാന അഞ്ചില്‍ ഒരാളായി നില്‍ക്കുകയാണ് കോഴിക്കോട്ടുകാരി കീര്‍ത്തന. മലയാളിള്‍ക്കു ഏറെ സുപരിചിതയായ ഈ കലാകാരി തന്റെ ലോക്ക്ഡൗണ്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഇവിടെ. കീര്‍ത്തനയുമായി ലയ ജേക്കബ് സംസാരിക്കുന്നു.

ലോകം മുഴുവന്‍ ലോക്ക്ഡൗണില്‍ കഴിയുന്ന ഒരുസാഹചര്യമാണല്ലോ ഇപ്പോള്‍. ഈ ലോക്ക്ഡൗണ്‍ ദിവസങ്ങള്‍ കീര്‍ത്തന എങ്ങനെ ചെലവഴിച്ചു?

ലോക്ക്ഡൗണ്‍ മുഴുവന്‍ ഞാന്‍ വീട്ടില്‍ തന്നെയായിരുന്നു. സീ കേരളം ചാനലിന്റെ വ്യത്യസ്ത ഓണ്‍ലൈന്‍ പരിപാടിയുമായി വളരെ സജീവം ആയിരുന്നു ഈ കാലയളവ് മുഴുവന്‍. കുറച്ചു പാചക പരീക്ഷണങ്ങളും ഈ കാലത്ത് തുടങ്ങീട്ടുണ്ട്. ഇപ്പോള്‍ ധാരാളം സമയം ഉള്ളതിനാല്‍ പാട്ടു പരിശീലനവും പതിവായി ചെയ്യാന്‍ സാധിക്കുന്നുണ്ട്.

കോവിഡ് കാലത്ത് സാന്ത്വനം  സംഗീതം: കീര്‍ത്തന 1

സോഷ്യല്‍ മീഡിയ ലൈവുകളിലൂടെ നിരന്തരം കാണുന്ന ഒരു മുഖമാണ് കീര്‍ത്തനയുടേത്. പ്രേക്ഷകരില്‍നിന്ന് ലഭിക്കുന്ന പ്രതികരണം എന്താണ്?

ലോക്ക്ഡൗണില്‍ ആയതില്‍ പിന്നെ ഷോകണ്ടു തുടങ്ങിയ കുറെ ആളുകള്‍ ഉണ്ട്. ഇങ്ങനെ ഒരു പ്രോഗ്രാം ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും തിരക്കിന്റെ ഇടയില്‍ പരിപാടി കാണാന്‍ സാധിക്കാതിരുന്ന ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാവരും വീട്ടില്‍ തന്നെ ആയതിനാല്‍ ആദ്യത്തെ എപ്പിസോഡ് മുതല്‍ കണ്ടുവരികയാണെന്നും അറിയിച്ചു എനിക്ക് ധാരാളം മെസേജുകള്‍ വരുന്നുണ്ട്. ഭയങ്കര സപ്പോര്‍ട്ടാണ് അവരില്‍നിന്ന് സരിഗമപ ഷോയ്ക്കും ഞങ്ങള്‍ക്കും ലഭിക്കുന്നത്. ഈ ലോക്ക്ഡൗണ്‍ കാരണം കൂടുതല്‍ പോപ്പുലാരിറ്റി നേടാന്‍ ഷോയ്ക്കു ആയിട്ടുണ്ട്.

സരിഗമപ ഷോ 25 വര്‍ഷം പിന്നിടുകയാണല്ലോ. സരിഗമപ കേരളത്തിന്റെ അവസാന 5 മത്സരാര്‍ഥികളില്‍ ഒരാളുമാണ് കീര്‍ത്തന. എങ്ങനെയാണ് ഈ അവസരത്തെ കാണുന്നത്?

ഇത്രയും വലിയ ഒരുഷോയില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. ഇങ്ങനെ ഒരു നാഷണല്‍ ഷോയുടെ ഭാഗമാവാന്‍ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായാണ് കാണുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ തീരെ പ്രതീക്ഷിക്കാതെയാണ് ഞാന്‍ ഈ ഷോയിലേക്കു എത്തിയത്. അതേപോലെ ഒട്ടും പ്രതീക്ഷിക്കാതെ ഇപ്പോള്‍ ഫൈനല്‍ അഞ്ചില്‍ ഒരാളാവാനും സാധിച്ചു. വലിയ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷങ്ങളാണിത്.

സരിഗമപ ഫിനാലെയുടെ തയ്യാറെടുപ്പുകള്‍ക്ക് ഇടയിലാരുന്നല്ലോ ലോക്ക്ഡൗണ്‍ വന്നത്. സരിഗമപ ടീമിനെ മിസ് ചെയ്യുന്നുണ്ടോ?

സരിഗമപ ഒരു വലിയ ഫാമിലിയാണ്. ഷൂട്ടിന് പോകുമ്പോള്‍ തന്നെ ഒരു സന്തോഷമാണ്. ഇപ്പോള്‍ എല്ലാരും വീട്ടില്‍ ആയത് കാരണം കോള്‍സും വീഡിയോ കോള്‍സും ആയി എല്ലാദിവസവും എല്ലാവരുമായി സംസാരിക്കാറുണ്ട്. ജൂറിസുമായും നിരന്തരം സംസാരിക്കാറുണ്ട്. എല്ലാവരെയും കാണാന്‍ കഴിയാത്തത് ഈ ലോക്ക്ഡൗണ്‍ കാലത്തെ വലിയ ഒരു മിസ്സിംഗ് തന്നെയാണ്.

പുതിയ പാട്ടുകള്‍ എന്തൊക്കെയാണ്?

രണ്ടു പാട്ടുകള്‍ ലോക്കഡൗണ്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ പാടി വെച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ മാത്രമേ ഇനി അതിന്റെ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കൂ.

വേദനകളെ ഉണക്കാന്‍ സംഗീതത്തിന് സാധിക്കുമെന്ന് പറയാറുണ്ടല്ലോ. ഈ കൊറോണ മഹാമാരിയുടെ കാലത്ത് ഒരു ഗായിക എന്ന നിലക്ക് പ്രേക്ഷകരോട് എന്താണ് പറയാന്‍ ഉള്ളത്?

ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് കൊറോണവൈറസ്. ആരോഗ്യവകുപ്പിന്റെയും മറ്റും നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ഈ മഹാമാരിയെയും നമുക്ക് ചെറുത്ത് നിര്‍ത്താന്‍ സാധിക്കും. എത്ര വലിയ സങ്കടത്തില്‍ ആണെങ്കിലും ഒരു പാട്ട് കേട്ട് കഴിഞ്ഞാല്‍ നമ്മുടെ സങ്കടങ്ങള്‍ മാറുമെന്നാണ് എന്റെ വിശ്വാസം. നമ്മളെത്തന്നെ ബൂസ്റ്റ്അപ്പ് ചെയ്യാനുള്ള ഒരു ശക്തി സംഗീതത്തിനുണ്ട്.

സ്വദേശം?

കോഴിക്കോടാണ് സ്വദേശം. ദേവഗിരി കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഞാന്‍. സരിഗമപ ഷൂട്ടിനിടയില്‍ അവസാന വര്‍ഷ പരീക്ഷകള്‍ എഴുതാന്‍ സാധിച്ചിട്ടില്ല. എങ്കിലും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും സപ്പോര്‍ട്ട് ധാരാളം ലഭിക്കുന്നുണ്ട്.

Comments
Loading...