അധ്യാപന വഴിയില്‍ നിന്നും സംഗീതത്തിലേക്ക്‌

സീ കേരളം ചാനലിലെ സരിഗമപ സംഗീത റിയാലിറ്റി ഷോയിലെ മുതിര്‍ന്നതും ഏറ്റവും പക്വത ഉള്ള മത്സരാര്‍ഥിയാണ് ശ്വേത അശോക്. കോളേജ് അധ്യാപനം ഉപേക്ഷിച്ചാണ് ഈ ഗായിക സരിഗമപയില്‍ എത്തിയത്. ഒരു തിരിച്ചു പോക്ക് താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. സംഗീതം തന്നെയാണ് ഇനിയുള്ള ജീവിതമെന്നും ലെയ ജേക്കബിനോട്‌ പറയുകയാണ് ശ്വേത അശോക്.

ശ്വേതയുടെ ലോക്ക്ഡൗണ്‍ വിശേഷങ്ങള്‍ പറയാമോ?

കോഴിക്കോടാണ് എന്റെ സ്വദേശം. സരിഗമപയുടെ ഷൂട്ടിങ്ങിനുവേണ്ടി ഇപ്പോള്‍ കുറച്ചു നാളായി കൊച്ചിയിലാണ് താമസം. നാട്ടിലേക്കു പോവാന്‍ തയ്യാറായി നിന്നപ്പോഴാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതുകൊണ്ട് ഇപ്പോള്‍ രണ്ടു മാസമായിട്ട് കൊച്ചിയില്‍ തന്നയാണ് ഉള്ളത്. കുറച്ചു കവര്‍സോങ്‌സ് ഞാന്‍ നേരത്തെ ചെയ്തിരുന്നു. ലോക്കഡൗണില്‍ വീട്ടിലിരുന്ന് തന്നെ അവയൊക്കെ റിലീസ് ചെയ്തു. പ്രാക്ടിസിനാണ് കൂടുതല്‍ സമയവും ഇപ്പോള്‍ ചെലവിടുന്നത്. ഈ അടുത്ത് ഞാന്‍ ഒരു യൂകലേല വാങ്ങിയിരുന്നു. പാട്ടിനോടൊപ്പം അത് കൂടി പഠിക്കുന്ന തിരക്കിലാണിപ്പോള്‍.

കൊറോണവൈറസ് നമ്മളെയെല്ലാം പിടിച്ചു നിര്‍ത്തിയില്ലാരുന്നെങ്കില്‍ സരിഗമപ കേരളത്തിന്റെ ഫിനാലെ ഇപ്പോള്‍ കഴിയുമായിരുന്നു?

മാര്‍ച്ചിലായിരുന്നു സരിഗമപ കേരളത്തിന്റെ ഫിനാലെ നടക്കേണ്ടിയിരുന്നത്. ഫൈനല്‍ കഴിഞ്ഞിട്ട് ചെയ്യാന്‍ വേണ്ടി കുറെ പ്ലാനുകള്‍ ഉണ്ടായിരുന്നു. ക്രീയേറ്റീവായി എന്തെങ്കിലും ഒക്കെ ചെയ്യണമെന്ന ആഗ്രഹത്തിലായിരുന്നു. കൊച്ചിയിലേക്ക് എന്റെ ജീവിതം എങ്ങനെ ഷിഫ്റ്റ് ചെയ്യാമെന്ന ചിന്തയില്‍ നിന്നാണ് മിക്ക പ്ലാനുകളും ഉണ്ടായത്. നാട്ടിലാവുമ്പോ എല്ലാത്തിനും അതിന്റെതായ പരിമിതികള്‍ ഉണ്ടാവുമല്ലോ. ഫിനാലെ കഴിയുന്നവരെ സരിഗമപയില്‍ തന്നെ ശ്രദ്ധിക്കാനാണ് ഇപ്പോള്‍ തീരുമാനം.

ഷോയുടെ ഭാഗമായിട്ടുള്ള എല്ലാവരും തന്നെ സരിഗമപ ഒരു കുടുംബമാണെന്നു പറയാറുണ്ട്. ഷോമിസ്സ് ചെയ്യുന്നുണ്ടോ ?

ഗ്രൂമിങ്ങും ഷൂട്ടിംഗുമെല്ലാം വളരെയധികം മിസ്സ് ചെയ്യുന്നുണ്ട്. എല്ലാമാസത്തിന്റെയും ആദ്യ ആഴ്ചയിലും അവസാന ആഴ്ച്ചയിലും നമുക്ക് ഷൂട്ട് ഉണ്ടാവാറുണ്ട്. ഷോ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായതിനാല്‍ നമ്മുടെ എല്ലാവരുടെയും ജീവിതവും അങ്ങനെ പരുവപ്പെട്ടിരുന്നു. പെട്ടെന്നു വീട്ടില്‍ തന്നെ ഇരിക്കേണ്ട ഒരു അവസ്ഥ വന്നപ്പോ കുറച്ചു ബുദ്ധിമുട്ടായിരുന്നു. പ്രാക്ടീസ് നടക്കുന്നുണ്ടെന്നതാണ് ഒരു ആശ്വാസം.

അധ്യാപന വഴിയില്‍ നിന്നും സംഗീതത്തിലേക്ക്‌ 1

ജഡ്ജസും മറ്റു മത്സരാര്‍ഥികളുമൊക്കെയായി സംസാരിക്കാറുണ്ടോ ?

ജഡ്ജസും ജൂറികളുമൊക്കെയായി നിരന്തരം സംസാരിക്കാറുണ്ട്. ഓരോ വര്‍ക്കും അവരെ അപ്‌ഡേറ്റ് ചെയ്യാറുണ്ട്. ജൂറിയായ മിഥുനേട്ടന്‍ ഓരോ റെക്കോര്‍ഡിങ്ങിന്റെ കാര്യത്തിനായി ഇടക്ക് വിളിക്കാറുണ്ട്. അതെല്ലാം വീട്ടിലിരുന്ന് തന്നെ റെക്കോര്‍ഡ് ചെയ്തു അയച്ചു കൊടുക്കാറുമുണ്ട്. മത്സരാര്‍ത്ഥികളെല്ലാം സഹോദരങ്ങളെ പോലെയാണ്. വീഡിയോ കോളും മറ്റുമായി ദിവസവും എല്ലാവരോടും സംസാരിക്കാറുണ്ട്.

സരിഗമപ ഷോ 25 വര്‍ഷം പിന്നിടുകയാണല്ലോ. സരിഗമപ കേരളത്തിന്റെ ആദ്യ ഷോയുടെ അവസാന 5 ഫൈനലിസ്റ്റുകളില്‍ ഒരാളുമാണ് ശ്വേത. എങ്ങനെയാണ് ഈ അവസരത്തെ കാണുന്നത് ?

സരിഗമപ ഷോയുടെ ഭാഗമാവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ഇത്രയും സ്‌ട്രോങ്ങ് മത്സരാര്‍ഥികളുടെ കൂടെ പങ്കെടുത്ത ഫൈനലില്‍ എത്തുക എന്നു പറയുന്നത് ഒരു വലിയ അനുഗ്രഹമാണ്. പിന്നണി ഗായികയാവാനും ധാരാളം സ്ഥലങ്ങള്‍ പോയി പരിപാടികള്‍ അവതരിപ്പിക്കണമെന്നും വളരെ ആഗ്രഹമുണ്ടായിരുന്നു. അതെല്ലാം സാധിച്ചത് ഈ പരിപാടിയിലൂടെയാണ്. ശ്രയ ഘോഷാല്‍ പോലെ ലോകം മുഴുവന്‍ അറിയപ്പെടുന്ന ഗായകര്‍ കടന്നു വന്ന സ്റ്റേജിലിലൂടെ ആണ് നമ്മള്‍ ഇപ്പോള്‍ സഞ്ചരിക്കുന്നതെന്നു ഓര്‍ക്കുമ്പോള്‍ വളരെ സന്തോഷം തോന്നാറുണ്ട്. സരിഗമപയില്‍ എത്തിപ്പെട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ നാട്ടില്‍ തന്നെ ഉണ്ടാകുമായിരുന്നു. ഏതെങ്കിലും കോളേജില്‍ ജോലിയും നോക്കി ജീവിക്കുന്നുണ്ടാകുമായിരുന്നു.

ലോക്ക്ഡൗണിന്റെ വലിയ ഭാഗം സമയവും ചെലവഴിച്ചത് ലൈവ്- ഇവന്റിന് വേണ്ടിയിട്ടാണ്. ഞങ്ങള്‍ ഡ്യൂയറ്റ് സോങ്‌സൊക്കെ ചെയ്യുന്നുണ്ട്. പുതിയ കുറേ പാട്ടുകള്‍ ഈ ഇവെന്റിനു വേണ്ടി പഠിച്ചിട്ടുണ്ട്. ലൈവ് ഇവന്റ് ആയതു കൊണ്ട് തന്നെ ഒറ്റ സ്‌ട്രെച്ചില്‍ പാടുകയും വേണമല്ലോ. അതിനു വേണ്ടിയുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളിലാണിപ്പോള്‍.

പുതിയ പാട്ടുകള്‍ ഏതെങ്കിലും ഉടനെ പ്രതീക്ഷിക്കാമോ?

ഗോപിസുന്ദര്‍സാറിന്റെ ഒരു ഗാനം ഞാന്‍ പാടിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കഴിഞ്ഞു മാത്രമേ അതിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ.

സരിഗമപയ്ക്കപ്പുറം എന്തൊക്കെയാണ് ശ്വേതയുടെ പരിപാടികള്‍?

ഓണ്‍ലൈനായി ഞാന്‍ പലരാജ്യങ്ങളിലുള്ള ആളുകള്‍ക്ക് സംഗീതം പഠിപ്പിക്കുന്നുണ്ടായിരുന്നു. ഷൂട്ടിംഗ് തിരക്കുകളുടെ ഇടയില്‍ അതു നിന്നു പോയിരുന്നു. ഇപ്പോള്‍ വീണ്ടും അതു തുടങ്ങി. സരിഗമപ കേരളത്തിന്റെ ഫിനാലെ കഴിഞ്ഞാല്‍ ഒരു ജോലി എന്ന നിലയ്ക്ക് അതാണ് ഞാന്‍ മനസ്സില്‍ കാണുന്നത്. പാഷന്‍ എന്ന രീതിയില്‍ സ്റ്റേജ് ഷോസും സിനിമഗാനങ്ങളും തീര്‍ച്ചയായും കൂടെ ഉണ്ടാവും.

ഒരു ഗായിക എന്ന നിലയ്ക്ക് ഈ കൊറോണ കാലത്തെപ്പറ്റി ശ്വേതയ്ക്ക് എന്താണ് പറയാന്‍ ഉള്ളത്?

എന്റെ നല്ല സമയങ്ങളിലും മോശം നിമിഷങ്ങളിലും സംഗീതം മാത്രമാണ് എന്റെ കൂടെ ഉണ്ടാവാറുള്ളത്. കോറോണയെ അടിസ്ഥാനമാക്കി ഞങ്ങള്‍ മത്സരാര്‍ഥികളും ജഡ്ജുമാരും ചേര്‍ന്ന് ‘ഹൃദയരാഗം തന്ത്രി മീട്ടി’ എന്ന ഒരു വീഡിയോ ഗാനം വീട്ടില്‍ ഇരുന്ന് തന്നെ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. ഈ കോറോണകാലത്ത് എല്ലാവരും സുഖമായിട്ടു ഇരിക്കുക. ഈകൊറോണകാലത്ത് ആളുകള്‍ക്കു സമാധാനം പകരാനായി സംഗീതം പയോഗിക്കുകയാണ് ഞങ്ങള്‍.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More