അന്ന് സംഗീത പഠനം ബോറ്, ഇന്ന് സരിഗമപയില്‍ ജോറ്

മകന്‍ സംഗീതം പഠിക്കണമെന്ന് ഉമ്മയ്ക്ക് അതിയായ ആഗ്രഹം. കുട്ടിക്കാലത്ത് മകനെ നിര്‍ബന്ധിച്ച് സംഗീത പഠനത്തിന് ചേര്‍ത്തു. സംഗീത പഠന ക്ലാസ് ബോറാണെന്ന് അഭിപ്രായമുള്ള മകന്‍ അവിടെ വിഷമിച്ചിരിക്കും. സംഗീത പഠനം ബോറായി തോന്നിയ ആ മകന്‍ ഇന്ന് സീ ടിവിയുടെ സരിഗമപ റിയാലിറ്റി ഷോയിലെ അന്തിമ റൗണ്ടിലെത്തിയ അഞ്ചുപേരിലൊരാളാണ്. മകന്റെ പേര് ജാസിം ജമാല്‍. ജാസിമുമായി ലയ ജേക്കബ് സംസാരിക്കുന്നു.

ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങള്‍ എന്തൊക്കെയാണ്?

ഒരു വല്ലാത്ത കാലമാണ് ഇത്. ഒരു വൈറസ് നമ്മളെയെല്ലാം വീട്ടിലാക്കി. രണ്ടുമാസക്കാലം വായനയെ തിരികെ പിടിക്കാനാണ് ശ്രമിച്ചത്. സജീവമായുണ്ടായിരുന്ന വായന ഇടയ്ക്കുവെച്ച് നഷ്ടപ്പെട്ടിരുന്നു. അത് തിരിച്ചു പിടിക്കാന്‍ ലോക്ക്ഡൗണ്‍ കാലം സഹായിച്ചു. പിന്നെ ഫിനാലെ വരുന്നു. അതിനുവേണ്ടി മുന്നൊരുക്കങ്ങളും നടത്തുന്നു. ചില ട്രാക്കുകള്‍ ചെയ്തു നോക്കി. അതൊക്കെ ഇനി ഓണ്‍ലൈനില്‍ ഇടണം.

അന്ന് സംഗീത പഠനം ബോറ്, ഇന്ന് സരിഗമപയില്‍ ജോറ് 1

സരിഗമപ മിസ് ചെയ്യുന്നുണ്ടോ?

ശരിക്കും മിസ് ചെയ്തത് സരിഗമപയുടെ ഫ്‌ളോറും അവിടുത്തെ കൂട്ടുകാരുമാണ്. ഞങ്ങള്‍ എല്ലായിപ്പോഴും ഫോണിലും മറ്റും സംസാരിക്കാറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഒരുവര്‍ഷം നിരന്തരം കയറി ഇറങ്ങിയ സ്ഥലമെന്ന നിലയില്‍ ഭയങ്കര മിസ്സിംഗ് തോന്നി. എന്തായാലും അതൊക്കെ ഉടന്‍ മാറുമെന്ന് വിചാരിക്കുന്നു.

റിയാലിറ്റി ഷോകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഷോ 25 വര്‍ഷം പിന്നിടുന്നത്. മലയാളത്തില്‍ ആ ഷോയുടെ ആദ്യ എഡിഷനിലെ ഫൈനലിസ്റ്റില്‍ ഒരാളാണ്. എന്ത് തോന്നുന്നു?

സരിഗമപ വലിയൊരു അവസരമാണ് തുറന്നു തന്നത്. അവിചാരിതമായാണ് ഞാന്‍ ആ ഷോയുടെ ഓഡിഷന് പോയത്. മുംബൈയില്‍ മറ്റൊരു റിയാലിറ്റി ഷോ ഓഡിഷനില്‍ പങ്കെടുത്തു പുറത്തായ ഒരു വിഷമം ഉള്ളില്‍ ഉണ്ടായിരുന്നു.
സരിഗമപ മലയാളത്തിന്റെ ഓഡിഷനു വരുമ്പോള്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. ചിലരുടെ സ്‌നേഹ നിര്‍ബന്ധത്തിന് വഴങ്ങി വന്നതാണ്. ഇവിടെ വന്നപ്പോള്‍ ഓഡിഷന്‍ കിട്ടി. പിന്നീട് പലതും പഠിച്ചു മുന്നേറിയ ഒരു യാത്രയായിരുന്നു എനിക്ക് സരിഗമപ.

ആ യാത്രയില്‍ വീട്ടുകാര്‍ മുതല്‍ ജഡ്ജസ് വരെ താങ്ങായി നിന്നു. അവരുടെ സഹായം കൊണ്ട് മാത്രമാണ് ഇത്തരമൊരു പ്ലാറ്റഫോമില്‍ ഇത്രയുമെങ്കിലും എത്താന്‍ കഴിഞ്ഞതു തന്നെ. പലപ്പോഴും ജഡ്ജസ് ഒക്കെ നമ്മളോടൊപ്പം ഇരുന്ന് തെറ്റുകള്‍ ശരിയാക്കി തരും. അവര്‍ക്കു അവിടെ വലിപ്പ ചെറുപ്പം ഒന്നുമില്ല. നമ്മളെ പരമാവധി സഹായിക്കാനാണ് അവര്‍ ശ്രമിക്കുക.

ഷോയുടെ ആദ്യ ഘട്ടത്തില്‍ ഞാന്‍ നേരിട്ട വലിയ പ്രതിസന്ധി എന്റെ ഡിക്ഷന്‍ ആണ്. അതൊക്കെ എത്ര സമയമെടുത്താണ് സുജാത ചേച്ചി (ഗായിക സുജാത മോഹന്‍) എന്നെ കൊണ്ട് ശരിയായി ചെയ്യിപ്പിച്ചത്. ഒരുപക്ഷെ സരിഗമപയില്‍ വന്നില്ലായിരുന്നെങ്കില്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടാകുമായിരുന്നില്ല. ഇപ്പോള്‍ ആള്‍ക്കാര്‍ തിരിച്ചറിയുകയും പെര്‍ഫോമന്‍സ് കണ്ടുവിളിക്കാറുമൊക്കെ ഉണ്ട്. നമ്മളെക്കാള്‍ ടെന്‍ഷന്‍ ഇപ്പോള്‍ അവര്‍ക്കാണ്.

25 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു റിയാലിറ്റിഷോയുടെ ഭാഗം ആകാന്‍ ചുരുങ്ങിയ കാലത്തേക്കെങ്കിലും എനിക്കായി എന്നത് വലിയ സന്തോഷം തരുന്ന ഒന്നാണ്.

സംഗീതത്തിലേക്ക് എങ്ങനെയാണ് എത്തിപ്പെട്ടത് ?

പാടാന്‍ ഒരു ചെറിയ കഴിവ് കുട്ടിക്കാലം മുതല്‍ക്കേ ഉണ്ടായിരുന്നു. സ്‌കൂള്‍ പ്രാര്‍ത്ഥന പാടുന്നത് ഞാനായിരുന്നു. ഉമ്മിച്ചക്ക് എന്നെ സംഗീതം പഠിപ്പിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. എനിക്കാണേല്‍ ഈ സംഗീത ക്ലാസ്സൊക്കെ ബോറായിട്ടാണ് തോന്നിയത്.

എന്നാലും ഉമ്മിച്ച പിടിച്ച പിടിയാലേ കൊണ്ട് പോയി സംഗീത ക്ലാസ്സില്‍ ഇരുത്തും. നമ്മള്‍ വിഷമിച്ചു അവിടെ ഇരിക്കും. ഒരു ഒന്‍പതാം ക്ലാസ്സൊക്കെ കഴിഞ്ഞാണ് സംഗീതം വളരെ സീരിയസ് ആയി പഠിക്കാനും പാടാനും തുടങ്ങുന്നത്. അത് മെല്ലെ വളര്‍ന്നു.

സംഗീതത്തില്‍ എന്തെങ്കിലും ചെയ്യണം എന്ന് കരുതിയാണ് ഡിഗ്രിക്ക് ഫിസിക്‌സ് എടുത്തത്. സൗണ്ട് എഞ്ചിനീയറിംഗ് പഠിക്കാന്‍ അത് സഹായിക്കുമെന്ന് പലരും പറഞ്ഞു. സരിഗമപയില്‍ എത്തിയതോടെ സംഗീതം കുറച്ചു കൂടെ ഗൗരവത്തില്‍ എടുക്കുന്നുണ്ട്. ആ മേഖലയില്‍ എന്തെങ്കിലും ചെയ്യണം എന്നതാണ് ആഗ്രഹം.

അവസാന വര്‍ഷ ഡിഗ്രി പഠനമൊക്കെ പക്ഷെ ഇതിനിടയില്‍ പ്രശ്‌നത്തില്‍ ആയിട്ടുണ്ട്. കുറച്ചു വിഷയങ്ങള്‍ ഇനി ഈ തിരക്കൊക്കെ കഴിഞ്ഞു എഴുതിയെടുക്കണം. പഠനം കളഞ്ഞുള്ള ഒരു പരിപാടിക്കും വീട്ടുകാര്‍ സപ്പോര്‍ട്ട് ഇല്ല. ഡിഗ്രി കഴിഞ്ഞാല്‍ ഉന്നത പഠനത്തിന് ജോയിന്‍ ചെയ്യണം എന്നതാണ് പ്ലാന്‍. പാട്ടും കൂടെ തന്നെ ഉണ്ടാവും.

സ്വദേശം?

കൊടുങ്ങല്ലൂരിന് അടുത്ത് വിലങ്ങിലാണ്. വിദ്യാഭ്യാസം അവിടെ തന്നെയായിരുന്നു. വീട്ടില്‍ ഉമ്മ, ബാപ്പ, പെങ്ങള്‍, അളിയന്‍ എന്നിവരാണ് ഉള്ളത്. ശരിക്കും ചേച്ചിയുടെ ഒരു സപ്പോര്‍ട്ട് ആണ് ഗായകന്‍ എന്ന വഴി തിരഞ്ഞെടുക്കാന്‍ കാരണം. ഈ റിയാലിറ്റി ഷോയില്‍ എത്താന്‍ കാരണവും അവരാണ്. അവരുടെ ആഗ്രഹം ഞാന്‍ ജീവിച്ചു തീര്‍ക്കും പോലെയാണ് സരിഗമപയിലെ ഇത് വരെയുള്ള എന്റെ യാത്ര .

അവസരങ്ങള്‍ കിട്ടാറുണ്ടോ?

സരിഗമപയില്‍ വന്നശേഷം പാടാന്‍ അവസരമൊക്കെ കിട്ടാറുണ്ട്. സിനിമയിലും അവസരം ഒരിക്കല്‍ കിട്ടിയിരുന്നു. പക്ഷെ പാട്ട് പുറത്ത് വന്നില്ല. മലപ്പുറത്ത് ഒരു ഗാനത്തിന്റെ റെക്കോര്‍ഡിങ്ങിനിടയിലാണ് നമ്മുടെ ഈ സംസാരം.

സരിഗമപയുടെ 25 വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ഒരു ലൈവ്-എ-തോണ്‍ പരിപാടി സീചാനല്‍ എല്ലാ ഭാഷയിലും നടത്തിയിരുന്നു. അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം തരുന്നു.

സംഗീതം മനസിലെ മുറിവുണക്കും എന്ന് കേട്ടിട്ടുണ്ട്. ഒരു ഗായകന്‍ എന്നനിലയില്‍ ഈകോറോണ കാലത്തെ എങ്ങനെ കാണുന്നു?

ശരിക്കും ഒരുവല്ലാത്ത കാലമാണിത്. ശരിക്കും ഒരു വല്ലാത്ത കാലമാണിത്. ഇതിനെ പ്രതിരോധിക്കാന്‍ നമ്മള്‍ തന്നെ ഹീറോകള്‍ ആയേ പറ്റൂ. വീട്ടില്‍ ഇരിക്കുക മാസ്‌ക് ധരിക്കുക പരാമാവധി ശ്രദ്ധ കൊടുക്കുക. പക്ഷെ ഇപ്പോള്‍ കാണുന്നത് ചെറിയ ഒരു ഇളവ് വന്നപ്പോള്‍ തന്നെ ആളുകള്‍ ഇതെല്ലാം മറന്ന പോലെയാണ്.

കഴിഞ്ഞ പ്രളയത്തില്‍ നമ്മള്‍ എല്ലാം ഒത്തു ചേര്‍ന്നു പ്രവര്‍ത്തിച്ചതാണ്. എന്നാല്‍ പ്രളയം കഴിഞ്ഞപ്പോള്‍ പോരടിക്കാന്‍ തുടങ്ങി. ഇപ്പോഴും അങ്ങനെയാണ്. കോറോണയെ പ്രതിരോധിക്കാന്‍ ഒത്തുചേരുകയും അതില്‍ ചെറിയ ഒരിളവ് വന്നപ്പോള്‍ പരസ്പരം പോരടിക്കുകയും ചെയ്യുകയാണ്.

സംഗീതം മനുഷ്യനെ ശാന്തമാകും. പക്ഷെ മനുഷ്യന്‍ സഹജീവി സ്‌നേഹം കൈമോശം വരാതെ സൂക്ഷിക്കാന്‍ കഴിയണം. നമ്മള്‍ ഒന്നിച്ചു ശ്രമിച്ചാലേ ഈരോഗത്തെ തടയാന്‍ പറ്റൂ.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More