ഇമ്മിണിബല്ല്യ പാട്ടെഴുത്തുകാരന്‍

12-ാം വയസ്സില്‍ കവിതകള്‍ എഴുതി തുടങ്ങിയ വിനായക് ശശികുമാര്‍ 16-ാം വയസ്സില്‍ പാട്ടെഴുതി കൊണ്ട് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കും കടന്നു. ഇപ്പോള്‍ 23-ാം വയസ്സില്‍ മലയാള സിനിമയില്‍ പാട്ടെഴുത്തില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ചും കഴിഞ്ഞു ജോലി കൊണ്ട് ഡാറ്റ അനലിസ്റ്റായ ഈ ചെറുപ്പക്കാരന്‍. കുട്ടീംകോലും തുടങ്ങി ഗോദ വരെ പതിനാറ് സിനിമകളില്‍ പാട്ടെഴുതിയിട്ടുള്ള വിനായകിന്റെ കൈത്തുമ്പില്‍ നീലാകാശം നിങ്ങള്‍ മൂളുന്നെങ്കില്‍ ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായ് കേള്‍ക്കാന്‍ മാത്രം നിങ്ങള്‍ ഗപ്പിയുടെ ട്രെയ്‌ലര്‍ ആവര്‍ത്തിച്ചു കാണുന്നുവെങ്കില്‍ നിങ്ങളും സംഗീതസംവിധാകരും മാത്രമല്ല വിനായകും ഓസെം എന്ന് ആരാധകര്‍ പറയും. വിനായകിന്റെ വിശേഷങ്ങള്‍ മീര നളിനിയുമായി പങ്കുവയ്ക്കുന്നു.

വിനായകിന്റെ സിനിമാപ്രവേശനം എങ്ങനെയായിരുന്നു?ഒരു ഗോഡ്ഫാദറുമില്ലാതെ സിനിമയിലെത്താൻ അലയേണ്ടി വന്നോ?

ഇല്ല. അലയേണ്ടി വന്നിട്ടില്ല. എന്റെ ഫസ്റ്റ് അറ്റംപ്റ്റ് ആയിരുന്നു കുട്ടിയും കോലും. ആദ്യം വിളിച്ച് ചാൻസ് ചോദിക്കുന്നത് ഗിന്നസ് പക്രു ചേട്ടനോടാണ്. അദ്ദേഹം എന്നോട് സിനിമയുടെ പൂജയ്ക്കായി എറണാകുളത്ത് വരാൻ പറഞ്ഞു. അവിടെ വച്ച് ഷാൻ ചേട്ടനെ പരിചയപ്പെടുത്തി തന്നു. ആ സിനിമയിൽ തന്നെ പാട്ടെഴുതാൻ അവസരവും കിട്ടി. ഞാൻ വന്നതും ഇപ്പോൾ നിൽക്കുന്നതുമെല്ലാം ഒരു ഗോഡ്ഫാദറുമില്ലാതെയാണ്. എനിക്ക് കിട്ടിയ ഓരോ പാട്ടും ആ സിനിമയുടെ സംവിധായകന്റെ കരുണയാണ്. അവരുടെ കൺസിഡറേഷന്റേതാണ്. അവർക്ക് ഇഷ്ടപ്പെട്ടിട്ടാണ് വിളിക്കുന്നത്. എന്റെ ഇപ്പോഴത്തെ നിലനിൽപ്പ് എല്ലാം ഭാഗ്യത്തിന്റേത് കൂടിയാണ്. സിനിമാഹബായ കൊച്ചിയിലല്ല, ചെന്നൈയിലാണ് താമസിക്കുന്നത്. എന്നിട്ടുപോലും പാട്ടുകൾ എന്നെ തേടി വരുന്നത് ഭാഗ്യം കൊണ്ടും കൂടിയാണ്. പാട്ടെഴുത്ത് എന്ന് പറയുന്നത് വളരെ മെച്യൂരിറ്റി വേണ്ട ഒന്നാണ് എന്നാണ് എല്ലാവരും കരുതുന്നത്. അത് ഇത്രയും ചെറുപ്പമായ എന്നെ വിശ്വസിച്ച് ഏൽപ്പിക്കുന്നതിൽ എല്ലാവരോടും കടപ്പാടുണ്ട്.

ഈ സിനിമയിൽ ഞാനെഴുതിയ പാട്ടുണ്ട് എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് കണ്ടിരുന്നു. സിനിമയിൽ ക്രെഡിറ്റ് ലിസ്റ്റിൽ വരാത്ത പ്രശ്നമുണ്ടായിട്ടുണ്ടോ?

ചില സിനിമയിൽ ലാസ്റ്റ് മൊമന്റിലായിരിക്കും ഞാൻ പാർട്ട് ആകുന്നത്. സിനിമയുടെ ഷൂട്ടും എഡിറ്റിംഗും ഒക്കെ കഴിഞ്ഞതിനു ശേഷമാകും പാട്ടെഴുതാൻ നമ്മളെ സമീപിക്കുന്നത്. ആ സിനിമയുടെ ഇനീഷ്യൽ സ്റ്റേജിലൊന്നും നമ്മളുണ്ടാവില്ല. അപ്പോൾ, സിനിമയുടെ പോസ്റ്ററിലും മറ്റും നമ്മുടെ പേരുണ്ടാവില്ല. ചിലപ്പോൾ, ഒന്നിലധികം പേർ എഴുതുമ്പോൾ ഏത് പാട്ട് ആരെഴുതി എന്നെഴുതാൻ വിട്ടുപോകും. എന്നെ അടുത്തറിയാത്തവർക്ക് ചിലപ്പോൾ ആ പാട്ട് ഞാനാണ് എഴുതിയത് എന്ന് മനസ്സിലാകണമെന്നില്ലല്ലോ. സിനിമാഗ്രൂപ്പിലൊക്കെ ആ സിനിമയെക്കുറിച്ചും അഭിനയിച്ചവരെക്കുറിച്ചുമൊക്കെ ചർച്ചകൾ നടക്കുന്നുണ്ടാവും. അപ്പോൾ, സ്വാഭാവികമായി നമ്മൾ പറയും, ഇതിൽ ഞാനും പാട്ടെഴുതിയിട്ടുണ്ട്. ശ്രദ്ധിച്ചേക്കണേയെന്ന്. എല്ലാവരുടെയും ശ്രദ്ധ നമ്മുടെ പാട്ടിലേക്കും വരികളിലേക്കും വരാൻ വേണ്ടിയാണത്.

എഴുത്തുകാർക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല, അല്ലെങ്കിൽ തിരിച്ചറിയപ്പെടുന്നില്ല എന്ന പരാതി പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ തോന്നിയിട്ടുണ്ടോ?

നമ്മൾ എത്രത്തോളം ആളുകളുടെ മുന്നിൽ വരുന്നുണ്ടോ അത്രത്തോളം നമ്മൾ നോട്ടീസ് ചെയ്യപ്പെടും. സിംഗേഴ്സ്, ആക്ടേഴ്സ് എന്നൊക്കെ പറയുന്നവർ എപ്പോഴും കാമറയുടെ മുന്നിൽ നിൽക്കുന്നവരാണ്. മ്യൂസിക് ഡയറക്ടർമാരാണെങ്കിൽ പോലും ടി.വിയിലൂടെയോ ഷോകളിലൂടെയോ ആളുകളുടെ മുന്നിൽ വരുന്നവരാണ്. അവർ ആളുകളുടെ മുന്നിൽ വരുന്ന ഫ്രീക്വൻസി കൂടുതലാണ്. അപ്പോൾ അവർ നോട്ടീസ് ചെയ്യപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ഉദാഹരണത്തിന് ഒരു സിനിമയുടെ എഡിറ്റർ. അദ്ദേഹം സിനിമയ്ക്ക് എത്രയോ പ്രധാനപ്പെട്ട ആളാണ്. എത്രയോ എഡിറ്റർമാരുടെ പേര് നമുക്ക് അറിയായിരിക്കും. പക്ഷേ, അദ്ദേഹത്തെ കാണാൻ എങ്ങനെയെന്ന് അറിയണമെന്നില്ല. കാരണം, അദ്ദേഹം എവിടെയും പ്രത്യക്ഷപ്പെടുന്നില്ല. അതുപോലെയാണ് പാട്ടെഴുത്തുകാർ. ഒരുപക്ഷേ, നേച്ചർ അനുസരിച്ച് മാറാം. ഒരാളെ കാണുമ്പോഴാണ് നമ്മൾ ഓർത്തിരിക്കാനുള്ള സാധ്യത.

വിനായകിനെ സംബന്ധിച്ച് ഈ തിരിച്ചറിയപ്പെടൽ അത്ര പ്രാധാന്യമുള്ളതല്ലേ?

ഞാനൊരു പാട്ട് കേട്ടാൽ, ആരാണ് മ്യൂസിക് ഡയറക്ടർ, എഴുത്തുകാരൻ എന്നൊക്കെ ശ്രദ്ധിക്കും. എന്റെ അമ്മ ഒരു പാട്ട് കേട്ടാൽ മ്യൂസികിനേക്കാൾ അതിന്റെ ലിറിക്സ് ആണ് ശ്രദ്ധിക്കുക. അത് അമ്മയുടെ സ്വഭാവമാണ്. അത് ഓരോരുത്തരുടെ സ്വഭാവമനുസരിച്ചാണ് അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക. ഇഷ്ടം പോലെ പാട്ട് പുറത്തിറങ്ങുന്ന കാലമാണ്. ആളുകൾ ഓരോ പാട്ട് കേട്ട് ആരാണ് ഇതിന്റെ പുറകിൽ എന്നൊന്നും ശ്രദ്ധിക്കണമെന്നില്ല. പാട്ട് ശ്രദ്ധിക്കും. പിന്നിൽ നിൽക്കുന്നയാളെ പ്രേക്ഷകൻ അറിയണമെന്ന് ആർക്കും നിർബന്ധം പിടിക്കാൻ പറ്റില്ല ഈ കാലഘട്ടത്തിൽ.

പാട്ടെഴുത്തിൽ ഒരുകാലത്ത് പാട്ടെഴുതി കഴിഞ്ഞായിരുന്നു ഈണം നൽകിയിരുന്നത്. ഇപ്പോൾ നേരെ തിരിച്ചും. ഒരു എഴുത്തുകാരൻ എന്ന നിലയ്ക്ക് ഇതിൽ ഏതാണ് പാട്ടിന് ഗുണം ചെയ്യുകയെന്ന് കരുതുന്നു?

അത് പാട്ടെന്താണ് എന്നതിനെ ആശ്രയിച്ചിരിക്കും.  ഒരു ആൽബം സോംഗ് ആണ് നമ്മൾ ചെയ്യുന്നതെങ്കിൽ ആദ്യം പാട്ട് എഴുതി പിന്നെ ഈണമിടുന്നത് ഒകെ എന്ന് പറയാം. ഇപ്പോഴത്തെ സിനിമയുടെ നേച്ചർ എന്നു പറയുമ്പോൾ ആ സിനിമയുടെ സൗണ്ട് ട്രാക്കിനോട് ചേർന്ന് നിൽക്കണം. അത് ഒരു ഇന്റർനാഷണൽ സിസ്റ്റമാണ്. എല്ലാം ഫാസ്റ്റ് ആയി നടക്കണമെന്നുണ്ടെങ്കിൽ ട്യൂൺ ആദ്യമിടുന്നു, ഡയറക്ടറിന് അയക്കുന്നു, അത് അപ്രൂവ് ആകുന്നു, പിന്നീട് ലിറിസിസ്റ്റിന് അയക്കുന്നു. ലിറിസിസ്റ്റ് വരിയെഴുതുന്നു അങ്ങനെ സിനിമയുമായി ബന്ധപ്പെട്ട് നിൽക്കുകയാണ്. പഴയ സിനിമയാണെങ്കിൽ, ബ്ളാക്ക് ആൻഡ് വൈറ്റ് സിനിമകൾ നോക്കി കഴിഞ്ഞാൽ അതിലെ പാട്ടുകളൊക്കെ എവർഗ്രീൻ ആണ്. 12 പാട്ടുകൾ ഒരു പടത്തിലുണ്ടാകും. ചിലപ്പോൾ ചില പാട്ട് സിനിമയുമായി ചേർന്ന് നിൽക്കുന്നുണ്ടാവില്ല. പ്രാണസഖീ എന്നത് ഒരുപക്ഷേ പ്രേംനസീർ സ്റ്റേജിൽ നിന്ന് പാടുന്നതായിരിക്കാം. സിനിമയുമായോ കഥയുമായോ ഒരു ബന്ധവുമുണ്ടാകണമെന്നില്ല. ഇൻഡിവിജ്വൽ എക്സിസ്റ്റൻസ് ആണ് ആ പാട്ടിന് ഉണ്ടാവുക. ഒരു പാട്ട് ആയി നില നിൽക്കുകയെന്നതിനേക്കാളും സിനിമയുമായി ചേരുകയെന്ന ധർമ്മമാണ് ഇപ്പോഴത്തെ പാട്ടുകൾക്ക് കൂടുതൽ ഉള്ളത്. ഞാനെഴുതുമ്പോഴും ഒരു എവർഗ്രീൻ പാട്ട് ഉണ്ടാക്കുകയെന്നതിനേക്കാൾ സിനിമയുടെ സംവിധായകന് ഇഷ്ടപ്പെടണം. സിനിമ കാണുന്ന പ്രേക്ഷകൻ സിനിമയുമായി ചേർത്തുവച്ച് കേൾക്കണം. സിനിമയുടെ കാരക്ടേഴ്സ് എന്താണോ അവരുടെ ഭാഷയിൽ ഈ പാട്ട് പാടണം. ഉദാഹരണത്തിന് ഒരു കോളേജ് കാമ്പസിന്റെ സിനിമയാണെന്ന് വയ്ക്കൂ. രണ്ടുപേർ അടിച്ചു പൊളിച്ചു പാടുന്ന പാട്ടാണ്. അതിന് 50 വയസുകാരന്റെ മെച്യൂരിറ്റിയിൽ വരിയെഴുതാൻ പറ്റില്ല. അങ്ങനെ എഴുതിയാൽ അത് ഒരു സ്റ്റാൻഡേർഡ് പാട്ടായേക്കാം. പക്ഷേ, അതല്ല സിനിമയ്ക്ക് ആവശ്യം. അപ്പോൾ സിനിമയ്ക്ക് എന്താണോ വേണ്ടത് അതാണ് എഴുതേണ്ടത്. അത് തന്നെയേ ഞാൻ നോക്കാറുള്ളൂ. പഴയ സിനിമയിൽ സിനിമയ്ക്ക് വേണ്ടിയല്ലാതെ, ഉണ്ടാക്കി വച്ച പാട്ടുകൾ ഉപയോഗിച്ചതായി കേട്ടിട്ടുണ്ട്. അതാവും എവർഗ്രീൻ സോംഗ് ആവുന്നത്. രണ്ടും രണ്ട് രീതിയാണ്.

ഈണത്തിന് അനുസരിച്ച് പാട്ടെഴുതുമ്പോൾ എഴുത്തുകാർ നേരിടുന്ന പ്രശ്നമാണ് കൃത്യമായ പദം കിട്ടാതെ വരികയെന്നത്. അല്ലെങ്കിൽ, ഭാഷയിൽ ഉപയോഗത്തിൽ ഇല്ലാത്ത പദങ്ങൾ എഴുതി ചേർക്കുകയെന്നത്. കിണ്ടാണ്ടം പോലെയൊക്കെയുള്ള പദങ്ങൾ അതിന് ഉദാഹരണമാണ്. വിനായകിന് എന്താണ് പറയാനുള്ളത്?

അത് ഓരോരുത്തരുടെയും ഫ്രീഡമാണ്. ഒരു പുതിയ വാക്ക് എഴുതാൻ പാടില്ലെന്ന് എവിടെയും നിയമമില്ലല്ലോ. സവാരി ഗിരി ഗിരി എന്ന വാക്കിന് എന്താണ് അർത്ഥം? പോ മോനെ ദിനേശാ എന്ന് പറഞ്ഞാൽ എന്താണ് അർത്ഥം? ജീവിതം ധുംതതനാനേന എന്ന വരിക്ക് എന്താണ് അർത്ഥം?

ഒരുപാട് അർത്ഥമില്ലാത്ത വാക്കുകളുള്ള പാട്ടുകളാണ് തമിഴിൽ ഏറ്റവും വലിയ ഹിറ്റാകാറുള്ളത്.  ഓമഹസീയ, ഡൈലാമോ, നാക്കുമുക്കെ ഇതിലൊക്കെ എന്തെങ്കിലും അർത്ഥമുണ്ടോ?ആളുകൾക്ക് പുതിയ വാക്ക് കിട്ടിയെന്നുള്ളതാണ്. അഡ്വർടൈസിംഗിലും അങ്ങനെയാണ്. മനസ്സിൽ ലഡ്ഢു പൊട്ടി. എന്തെങ്കിലും അർത്ഥമുണ്ടോ? പുതിയ സാധനം കിട്ടിയാൽ അതിന് നോവൽറ്റിയുണ്ട് എന്തൊക്കെ പറഞ്ഞാലും. ഞാനൊരിക്കലും അത് ചെയ്തിട്ടില്ല. അത് ചെയ്യുന്ന ലിറിസിസ്റ്റുകളുണ്ട്. അത് നൂറുശതമാനം അവരുടെ സ്വാതന്ത്ര്യമാണ്. മ്യൂസിക് ഡയറക്ടറും ഡയറക്ടറുമൊക്കെ കേട്ടിട്ടാണ് പാട്ടുണ്ടായി വരുന്നത്. ഏതെങ്കിലും ഒരു ഘട്ടത്തിൽ സംവിധായകനോ ക്രൂവിലാരെങ്കിലും ഇഷ്ടമല്ലെന്ന് പറഞ്ഞാൽ ഞങ്ങളത് മാറ്റും. ഒരു പാട്ട് ആദ്യം സിനിമയുടെ ക്രൂവിനാണ് കൊടുക്കുന്നത്. അവരാണ് ആദ്യ ഓഡിയൻസ്. അവർ ആസ്വദിച്ച് കഴിഞ്ഞാണ് അത് പാട്ട് ലിസ്റ്റിൽ വരുന്നത്. ഫസ്റ്റ് ടെസ്റ്റും സെക്കന്റ് ടെസ്റ്റും തേർഡ് ടെസ്റ്റും കഴിഞ്ഞാണ് ഒരു പാട്ട് പ്രേക്ഷകന്റെ മുന്നിലെത്തുന്നത്. അവർക്കൊന്നും കുഴപ്പമില്ലെങ്കിൽ ആർക്കാണ് പ്രശ്നം. വിമർശിക്കുന്നവരെ എനിക്കറിയില്ല. ഒരു പാട്ട് ഹിറ്റാവുകയെന്നാൽ ആ പാട്ട് സമൂഹം ഏറ്റെടുക്കുകയെന്നതാണ്. ഒരു വാക്ക് കിട്ടാതിരിക്കുമ്പോൾ പകരം കുത്തിക്കേറ്റുന്നതല്ല അത്തരം വാക്കുകൾ. അത്തരം ഒരു ഗതികേടിലുമല്ല ഇവിടുത്തെ പാട്ടുകാർ. എല്ലാവരും നല്ല വിവരമുള്ളവരാണ്. ട്യൂൺ അനുസരിച്ച് പാട്ടെഴുതാൻ എല്ലാവർക്കും നന്നായി അറിയാം. ഭയങ്കര സീരിയ് സിറ്റ്വേഷനുകളിലൊന്നും ഇത്തരം വാക്കുകൾ വരില്ല. അത്രയും പ്ളേഫുൾ സിറ്റ്വേഷനിലാവും വരുന്നത്. ആ സമയത്ത് ആ പാട്ടിന്റെ മൂഡിനനുസരിച്ച് ജെല്ലാവുന്നതു കൊണ്ടാവാം ആളുകൾ അത് പാടി ഹിറ്റാക്കുന്നത്. അതിന്റെ ബ്യൂട്ടിയാണ് നമ്മൾ ആസ്വദിക്കേണ്ടത്.

16ാം വയസിൽ ആരും തീരുമാനിക്കാത്ത ഒരു ചോയിസാണ് പാട്ടെഴുത്തുകാരനാവുകയെന്നത്. എങ്ങനെയാണ് ഈ രംഗം തിരഞ്ഞെടുത്തത്?

ചെറുപ്പത്തിൽ ചെറുകഥയും കവിതയുമൊക്കെ എഴുതുമായിരുന്നു. പാട്ട് പഠിച്ചിരുന്നു, കീബോർഡൊക്കെ. അപ്പോൾ മ്യൂസിക് കംപോസ് ചെയ്യാനൊക്കെ ഇഷ്ടമായിരുന്നു. ഞാൻ തന്നെ കംപോസ് ചെയ്ത ട്യൂണിന് വരികളെഴുതിയായിരുന്നു തുടക്കം. പിന്നെ, എന്റെ ഫ്രണ്ടുണ്ട് വിഷ്ണു ശ്യാം. പുള്ളി മ്യൂസിഷ്യനാണ്. പുള്ളി പാട്ടുണ്ടാക്കുമ്പോൾ പുള്ളിക്ക് വേണ്ടിയും വരികളെഴുതുമായിരുന്നു. അങ്ങനെ എഴുതിയപ്പോൾ ഒരു കോൺഫിഡൻസ് വന്നു, ട്യൂൺ കിട്ടിയാലും വരികളെഴുതാമെന്ന്. അപ്പോഴാണ് ഞാൻ പക്രുച്ചേട്ടനെ വിളിക്കുന്നത്.

കുടുംബം?

തിരുവനന്തപുരത്താണ് നാട്. അച്ഛൻ ശശികുമാർ ഫെഡറൽബാങ്ക് മാനേജരായി ജോലി ചെയ്യുന്നു. അമ്മ ആശ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. ഇപ്പോൾ വിആർഎസ് എടുത്ത് വീട്ടുകാരിയായി. സഹോദരങ്ങളാരുമില്ല. എന്റെ ആദ്യകാലത്തൊക്കെ പാട്ട് എഴുതിയാൽ ആദ്യം കേൾക്കുന്നത് അമ്മയായിരുന്നു. അമ്മയും കവിതയൊക്കെ എഴുതുമായിരുന്നു. അമ്മയുടെ ഒപീനിയൻ പറയും. ഇപ്പോൾ നാലഞ്ചു വർഷമായിട്ട് ഞാൻ ചെന്നൈയിൽ ഒറ്റയ്ക്കാണ്. ഇപ്പോൾ പാട്ട് പുറത്തിറങ്ങുമ്പോഴാണ് അവരും കേൾക്കുന്നത്.

പാട്ടെഴുത്ത് തന്നെയാണോ ജോലിയായി തിരഞ്ഞെടുത്തിരിക്കുന്നത്?

ഞാൻ സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ പാട്ട് എഴുതുന്നത്. അത് കഴിഞ്ഞ് യുജിയും പിജിയുമൊക്കെ കഴിഞ്ഞ് ഇപ്പോൾ ചെന്നൈയിൽ ഫോർഡിൽ ഡാറ്റ അനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. ആ ജോലിക്കൊപ്പമാണ് പാട്ടെഴുത്തും കൊണ്ടു പോകുന്നത്.

വിനായക് ഷാനും ശ്വേതയ്ക്കുമൊപ്പം

പാട്ടെഴുത്ത് മെച്ചപ്പെടുത്താൻ എന്തൊക്കെയാ ചെയ്യുന്നത്?

ഒരുപാട് പാട്ട് കേൾക്കുക. തമിഴിലേയും അർത്ഥം അറിയാത്ത പാട്ടുകളാണെങ്കിൽ പോലും ഞാൻ കേൾക്കാറുണ്ട്. വരികൾ റിപീറ്റേഷൻ ഒഴിവാക്കാൻ വേണ്ടി ഒരുപാട് പാട്ടുകൾ എഴുതുകയാണ് ചെയ്യാറ്. സിറ്റ്വേഷൻ റിപീറ്റ് ചെയ്താലും പാട്ടിന്റെ വരികൾ റിപീറ്റ് വരാൻ പാടില്ലല്ലോ. നീലാകാശത്തിലെ മൂന്ന് പാട്ട് ഹിറ്റായതിന് ശേഷം ട്രാവൽ ബേസ് ചെയ്തിട്ടുള്ള ഒരുപാട് ഷോർട്ട് ഫിലിംസ് എന്നെ തേടിവന്നു. അവരെ കുറ്റം പറയാൻ പറ്റില്ല. സിനിമ അങ്ങനെയാണ്. പക്ഷേ, നമുക്ക് സിറ്റ്വേഷൻ സെയിം ആണ്. അപ്പോൾ നമുക്ക് സെയിം സാധനം എഴുതാൻ ടെണ്ടൻസി വരും. അതൊഴിവാക്കാൻ നോക്കുക. ചിലപ്പോൾ ഞാൻ പുതിയ വരിയെന്നൊക്കെ പറഞ്ഞിരിക്കുമ്പോൾ അമ്മ വായിച്ചിട്ട് പറയും, ഡാ ഇത് പഴയ പാട്ടിൽ ആരോ എഴുതിയ സാധനമാണ് എന്ന്. അപ്പോൾ മാറ്റും.

അടുത്ത പ്രൊജക്ട്?

ഗോദയാണ് ഒടുവിൽ റിലീസ് ആയ ചിത്രം. അതിലെ ഓ റബ എന്ന പാട്ടാണ് എഴുതിയത്. സംവിധായകൻ ബേസിൽ ആണ് എന്നെ വിളിക്കുന്നത്. ഷാനിക്ക ആയിരുന്നു സംഗീത സംവിധായകൻ. അദ്ദേഹമായിരുന്നു ആദ്യത്തെ ചിത്രത്തിന്റെയും സംഗീതം ചെയ്തത്. അദ്ദേഹത്തോടൊപ്പം വീണ്ടും വർക്ക് ചെയ്യാൻ പറ്റിയതിലും പാട്ട് ഹിറ്റായതിലും സന്തോഷമുണ്ട്. വരാനിരിക്കുന്നത് കുക്കു സുരേന്ദ്രൻ സാറിന്റെ എന്ന ഹൊറർ സിനിമയാണ്. ചെയ്യാനുള്ളത് മമ്മൂക്കയുടെ ശ്യാധർ സാറിന്റെ സിനിമയാണ്. ശ്യാംധർ സാറിന്റെ സെവന്‍ത് ഡേയിൽ ഞാൻ പാട്ടെഴുതിയിരുന്നു. എം.ജയചന്ദ്രൻ സാറാണ് സംഗീതസംവിധാനം. അദ്ദേഹത്തെ പോലെ വളരെ സീനിയറായ ഒരാൾക്കൊപ്പം മമ്മൂക്ക എന്ന ലെജന്റിന് വേണ്ടി പാട്ടെഴുതാൻ പറ്റുകയെന്നതും വളരെ ഭാഗ്യമാണ്. പറവ എന്ന സിനിമയിലും പാട്ടെഴുതുന്നുണ്ട്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More