ശ്രീധരന്‍പിള്ളയുടെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ദോഷമായി: പിപി മുകുന്ദന്‍

88

ജനസംഘ കാലം മുതല്‍ കേരളത്തിലെ സംഘപരിവാറിന്റെ മുഖമാണ് പി പി മുകുന്ദന്‍. രാജ്യമെമ്പാടും ബിജെപി വിജയം നേടിയപ്പോള്‍ സംസ്ഥാനത്ത് ബിജെപിക്കുണ്ടായ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സംസ്ഥാന നേതൃത്വത്തിന് പരാജയമുണ്ടായതായി അദ്ദേഹം വിമര്‍ശിക്കുന്നു. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനകള്‍ തിരിച്ചടിയായെന്നും ഗ്രൂപ്പിസം പാര്‍ട്ടിക്ക് ദോഷമായെന്നും അദ്ദേഹം പറയുന്നു. മുതിര്‍ന്ന പ്രവര്‍ത്തകരേയും നേതാക്കളേയും അവഗണിച്ചതിന്റെ ഫലം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. അല്‍ഫോണ്‍സ് കണ്ണന്താനത്തെപ്പോലെയുള്ളവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതില്‍ ഗുണമുണ്ടായില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളുടെ അഭിപ്രായം തേടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ മുന്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയായ പിപി മുകുന്ദനുമായി കെ സി അരുണ്‍ സംസാരിക്കുന്നു.

രാജ്യത്ത് ബിജെപി വീണ്ടും വിജയം കൊയ്തപ്പോള്‍ കേരളത്തില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായി. സുവര്‍ണാവസരം ബിജെപി നഷ്ടപ്പെടുത്തിയോ?

അത് ജയിച്ചില്ല എന്നുള്ള കാര്യത്തെ സംബന്ധിച്ചിടത്തോളം വളരെ ശരിയാണ്. പക്ഷേ, വോട്ടിന്റെ ശതമാനം നോക്കിക്കഴിഞ്ഞാല്‍ എല്ലായിടത്തും വോട്ട് കൂടിയിട്ടുണ്ട്. അവസാന നിമിഷം വരെ ജയിക്കും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷയ്ക്ക് അനുസരിച്ചിട്ട് കേരളത്തില്‍ ബിജെപിക്ക് ഉയരാന്‍ സാധിച്ചിട്ടില്ല.

എന്താണ് അതിന് കാരണമായി വിലയിരുത്തുന്നത്?

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരു ട്രെന്‍ഡ് കേരളത്തിലുണ്ടായിരുന്നു. അതിന് കാരണം ബിജെപിയേക്കാള്‍ നല്ല സ്ട്രാറ്റജിയോട് കൂടിയിട്ട് ശബരിമല വിഷയം അവര്‍ക്ക് നന്നായി കൈകാര്യം ചെയ്യാന്‍ സാധിച്ചു. വളരെ അഗ്രസീവായൊരു പ്രവര്‍ത്തനം പലഭാഗത്ത് നിന്നും ബിജെപിയില്‍ ഉണ്ടായിയെങ്കിലും അത് കേരളത്തില്‍ ജനങ്ങളില്‍ താഴേത്തട്ടില്‍ എത്തിച്ച് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അത് സംഘടനയുടെ ഒരു ദൗര്‍ബല്യമായിട്ട് പറയാന്‍ സാധിക്കും. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍, അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്ക് തോന്നിയത് അതാണ്.

ശബരിമലയുടെ പ്രാധാന്യം തകർക്കാനാണ് സിപിഎം ശ്രമിക്കുന്നത്: പി എസ് ശ്രീധരൻപിള്ള
പി എസ് ശ്രീധരൻപിള്ള

സംഘടനയുടെ ദൗര്‍ബല്യമെന്നത് നേതാക്കന്‍മാരുടെ കൂടെ പോരായ്മയല്ലേ?

ഒന്ന് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം ആദ്യമുണ്ടാക്കി. കുമ്മനം രാജശേഖരന്റെയൊഴിച്ചുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് വൈകി. അത് സമര്‍ത്ഥമായി ചെയ്യേണ്ടതായിരുന്നു. ഉദാഹരണത്തിന് വോട്ടെടുപ്പ് ദിനത്തിന് 15-17 ദിവസങ്ങള്‍ക്ക് മുമ്പാണ് തീരുമാനമെടുത്തത്. ഈ സമയത്ത് ഇടതുപക്ഷത്തിന്റേയും കോണ്‍ഗ്രസിന്റേയും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് കഴിഞ്ഞിരുന്നു. ഒരു കേഡര്‍ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി കുറെ നേരത്തേ ചെയ്യേണ്ടതായിരുന്നു.

ആര് വേണം പത്തനംതിട്ട, ആര് വേണം തൃശൂര്‍ ഇത്തരത്തിലൊരു ചര്‍ച്ചയും. അങ്ങനെ ദീര്‍ഘിപ്പിച്ചു കൊണ്ട് പോകുന്നയൊരു സ്ഥിതി വിശേഷവും വരുത്തി. അതുണ്ടാകാന്‍ പാടില്ലായിരുന്നു. പത്തനംതിട്ടയില്‍ ജയിക്കുമെന്നൊരു മുന്‍വിധിയുണ്ടായിരുന്നു. അവിടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അറിഞ്ഞോ അറിയാതെയോ സംസ്ഥാന പ്രസിഡന്റ് അപാകതയുണ്ടാക്കി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ശ്രീധരന്‍പിള്ളയ്ക്ക് വലിയ പങ്കില്ലായിരുന്നുവെന്നാണ് വാര്‍ത്തകളുണ്ടായിരുന്നത്. അത് ആര്‍ എസ് എസും കേന്ദ്ര നേതൃത്വവും നേരിട്ട് തീരുമാനിക്കുകയായിരുന്നുവെന്നും വാര്‍ത്തയുണ്ടായിരുന്നു?

അങ്ങനെ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. വ്യക്തിപരമായിട്ടല്ലല്ലോ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്. പിന്നെ പാര്‍ട്ടിക്കുള്ളിലെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പാര്‍ട്ടിക്ക് ക്ഷീണം വരുത്തി. അത് പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം വിഷമമുണ്ടാക്കി. പാര്‍ട്ടി നേതൃത്വത്തിന്റെയുള്ളില്‍ ഒരു വിഘടനവാദം അല്ലെങ്കില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിയെന്നുള്ളത് സത്യമാണ്.

ഗ്രൂപ്പിസം തലവേദനയായോ?

ഗ്രൂപ്പിസമുണ്ടായിരുന്നു. അത് പ്രസ്ഥാനത്തിന് നല്ലതല്ല. വളരെ ദോഷം തന്നെയാണ്.

ശബരിമല വിഷയത്തില്‍ എന്‍ എസ് എസ് സംസ്ഥാന സര്‍ക്കാരിന് എതിരായിരുന്നു. ബിജെപിക്ക് എന്‍ എസ് എസിന്റെ വോട്ടുകള്‍ കിട്ടുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബിജെപി നേതാക്കന്‍മാര്‍ പറയുന്നത് എന്‍ എസ് എസ് സഹായിച്ചില്ലെന്നാണ്.

അത് പരാജയപ്പെട്ടത് കൊണ്ടാണല്ലോ അങ്ങനെ പറയുന്നത്. എന്‍ എസ് എസ് മാത്രം വിചാരിച്ചാല്‍ ഒരു പാര്‍ട്ടിക്ക് ജയിക്കാന്‍ പറ്റുമോ. 1982-83 കാലഘട്ടത്തില്‍ ഹിന്ദുമുന്നണി ഇലക്ഷന് നിന്നപ്പോള്‍ എന്‍ എസ് എസ് എതിരായിരുന്നു. പക്ഷേ, ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് അന്നായിരുന്നു.

ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞത്, എന്‍ എസ് എസിനെ സംബന്ധിച്ചിടത്തോളം സമദൂരമാണ്. പക്ഷേ, അതോടൊപ്പം വിശ്വാസികളുടെ കൂടെയാണ്.

രണ്ടാമത് ബിജെപിയെ സംബന്ധിച്ചിടത്തോളം ശ്രദ്ധിക്കേണ്ടിയിരുന്ന ഒരു കാര്യം, അമൃതാനന്ദനമയിക്കെതിരെ കോടിയേരി പറഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ വൈകി. അതേസമയം, സുകുമാരന്‍ നായര്‍ക്കെതിരെ കോടിയേരി പറഞ്ഞ സമയത്ത് ഇമ്മീഡിയറ്റ് ആയിട്ട് കോണ്‍ഗ്രസ് നേതാക്കന്‍മാര്‍, ഉമ്മന്‍ചാണ്ടിയടക്കം, അവിടെ പോകുകയും അതിശക്തമായി പ്രസ്ഥാവന ഇറക്കുകയും ചെയ്തു. പൊളിറ്റിക്കലായി ക്യാച്ച് ചെയ്യുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ പറ്റി. കോണ്‍ഗ്രസ് സമരത്തിനുണ്ട് എന്ന വിശ്വാസം ജനങ്ങള്‍ക്ക് ഉണ്ടാക്കാന്‍ കഴിയുകയും ചെയ്തു.

മൂന്നാമത്തെ സംഗതി രാഹുല്‍ ഗാന്ധിയുടെ വരവോട് കൂടിയിട്ട് വ്യത്യസ്ത അഭിപ്രായ ചേരിയിലുണ്ടായിരുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അവര്‍ക്കൊരു ഓക്‌സിജന്‍ കിട്ടി. അതുകൊണ്ട് ഗ്രൂപ്പിസം മാറ്റിവച്ച് അവര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

ഒരിക്കലും കമ്മ്യൂണിസ്റ്റുകാരുടെ കോട്ടയ്ക്കകത്ത് കടന്ന് കയറാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. കണ്ണൂരില്‍ പിണറായി വിജയന്റെ മണ്ഡലത്തില്‍ പോലും പല ബൂത്തുകളിലും കോണ്‍ഗ്രസ് ഒന്നാമതെത്തി. റീപോളിങ് നടന്നയിടങ്ങളില്‍ കോണ്‍ഗ്രസിനാണ് ഭൂരിപക്ഷം. സിപിഐഎമ്മിനുള്ള അഭിപ്രായ വ്യത്യാസങ്ങളും ആ പാര്‍ട്ടിക്ക് ക്ഷീണം വരുത്തി.

ബിജെപി നേതാക്കളെ സംബന്ധിച്ചിടത്തോളം ശബരിമല വിഷയത്തെ സംഘടനയുടെ ബലത്തോടുകൂടിയിട്ട് ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടില്ല.

ശബരിമല അക്രമങ്ങള്‍ ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ടോ?

ശബരിമല അക്രമങ്ങളെ സംബന്ധിച്ച് അനാവശ്യമായ പിടിവാശിയായിരുന്നു പിണറായി വിജയന്റേത്. ഞാന്‍ പിണറായി വിജയനുമായി സംസാരിച്ചിരുന്നു. അതേപോലെ പദ്മകുമാറുമായി സംസാരിച്ചിരുന്നു. ഇപ്പോള്‍ അവര്‍ക്ക് തെറ്റാണെന്ന് തോന്നുന്നുണ്ട്. അതാണല്ലോ കഴിഞ്ഞദിവസത്തെ സെക്രട്ടറിയേറ്റില്‍ ശബരിമലയാണ് പരാജയപ്പെടാനുള്ള കാരണം അത് ഞങ്ങള്‍ ഡീപ്പായിട്ട് പഠിക്കുമെന്ന് പറഞ്ഞിട്ടുള്ളത്.

കോണ്‍ഗ്രസുകാര്‍ 144 ലംഘിക്കാന്‍ പോയി. എന്നാല്‍ ബിജെപിക്ക് നേരെയെടുത്ത നടപടി പോലെ അവര്‍ക്കെതിരെ എടുത്തില്ലല്ലോ. സുരേന്ദ്രന്റെ പേരില്‍ 242 കേസാണ്. കൈകോര്‍ത്ത് ജാഥ നടത്തിയതിനും നാമജപ യാത്ര നടത്തിയതിനും കേസെടുത്തു. അതില്‍ കോണ്‍ഗ്രസുകാരുടേയും സിപിഐഎമ്മുകാരുടേയും വീട്ടില്‍ നിന്ന് ആളുകള്‍ പങ്കെടുത്തിട്ടുണ്ട്. അവരുടെ പേരിലും കേസുണ്ട്. അവര്‍ക്ക് വിഷമമുണ്ടാകില്ലേ.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തിന്റെ ശൈലി തെറ്റിപ്പോയി. ബംഗാളില്‍ മമത ബാനര്‍ജിക്ക് പറ്റിയ അബദ്ധം ഇവിടെ പിണറായി വിജയനും പറ്റി. അക്രമം ഒരു മാര്‍ഗമല്ല. ആരായാലും. അക്രമം കൊണ്ട് ഒരു പ്രസ്ഥാനത്തേയും അടിച്ചമര്‍ത്താന്‍ പറ്റില്ല.

രാഹുല്‍ ഗാന്ധി കേരളത്തില്‍ കോണ്‍ഗ്രസിനെ ഒരുമിപ്പിച്ചുവെന്ന് പറഞ്ഞു. കേരളത്തില്‍ ബിജെപിയെ ഗ്രൂപ്പിസം മാറ്റിവച്ച് ഒരുമിപ്പിക്കാന്‍ മോദിയെന്ന ഘടകം സഹായിച്ചില്ലേ?

ബിജെപിയെ സംബന്ധിച്ചിടത്തോളം നടത്തേണ്ട ആളുകളൊക്കെ സ്ഥാനാര്‍ത്ഥികളായി. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന എച്ച് രാജ തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ത്ഥിയായി. ഇവിടെ നിരീക്ഷകര്‍ എന്ന് പറഞ്ഞ് രണ്ടുപേരെ അയച്ചു. ഒന്നുമറിയാത്ത രണ്ടുപേരെ ഇവിടേക്ക് അയച്ചത് കൊണ്ട് എന്ത് കാര്യം. ഇവിടത്തെ ഫീല്‍ഡ് മനസ്സിലാക്കിയവരെ അയച്ചിരുന്നുവെങ്കില്‍ ഗുണമുണ്ടായിരുന്നു.

അതേപോലെ, കേരളത്തില്‍ ബിജെപിക്ക് പറ്റിയ മറ്റൊരു തെറ്റ്, പാര്‍ട്ടിയുടെ പഴയകാല ജനസംഘകാലത്തുള്ള പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. അവരെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവരണമായിരുന്നു. പറഞ്ഞത് കൊണ്ട് കാര്യമില്ല. അവരെ ഉള്‍പ്പെടുത്തണമായിരുന്നു.

സംഘടനാപരമായി ചുമതലപ്പെട്ട ആള്‍ക്കാരെ സംബന്ധിച്ചിടത്തോളം പഴയകാല പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തുന്നതില്‍ വേണ്ട നിഷ്‌കര്‍ഷ ഉണ്ടായില്ലെന്നത് സത്യമാണ്. അവരെ സംബന്ധിച്ചിടത്തോളം അതൊന്നുമൊരു വിഷയമല്ല.

താങ്കളേയും അവഗണിച്ചോ?

ഉദാഹരണമായി, ഇപ്പോളൊരു മാതൃക കാണിച്ചു. മോദി അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും പോയി കണ്ട് അനുഗ്രഹം വാങ്ങിച്ചു. നേരെ മറിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് അവര്‍ പോയില്ല. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വന്നപ്പോള്‍ പോകണം എന്ന് തോന്നി. അതുകൊണ്ട് പോയി. ഇതൊക്കെ പഴയകാല പ്രവര്‍ത്തകരില്‍ ഭയങ്കര അമര്‍ഷം ഉണ്ടാക്കും.

അതേപോലെ കേരളത്തിലും ചെയ്യേണ്ടിയിരുന്നു. ആരെയെങ്കിലും അയച്ചിട്ട് കാര്യമുണ്ടോ. ചെയ്യേണ്ടവരും പറയേണ്ടവരും ചെയ്യണ്ടേ. അവര്‍ അത് അവഗണിച്ചു.

ഹിന്ദുമുന്നണിയുടെ കാലം തൊട്ടേ, തിരുവനന്തപുരത്ത് താമസിച്ച് പ്രവര്‍ത്തിച്ചിരുന്ന എന്നോട് തിരുവനന്തപുരത്തെ കുറിച്ച് ഒരു വാക്ക് ചോദിച്ചില്ല. അതേ കുറിച്ച് സംസാരിക്കാന്‍ തയ്യാറായിട്ടില്ല. എനിക്ക് ചെയ്യാന്‍ കഴിയുന്ന സേവനം അവിടെ ചെയ്യാന്‍ സാധിക്കുമായിരുന്നു. ഇതുപോലെ എത്രയെത്ര ആളുകളുണ്ട്. എന്തെങ്കിലും നേട്ടങ്ങള്‍ക്ക് വേണ്ടിയല്ലല്ലോ, 1965 കാലഘട്ടത്തില്‍ ഞാന്‍ വീട് വിട്ട് ഇറങ്ങിയത്. അവര്‍ക്ക് വരാമായിരുന്നു. കണ്‍സള്‍ട്ട് ചെയ്യാമായിരുന്നു. പക്ഷേ, ചെയ്തില്ല.

കേരളത്തില്‍ ജയിക്കില്ലെന്ന കാര്യം ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു. കാരണം കാലിന് ബലമുണ്ടെങ്കിലേ ബോഡിയെ കൊണ്ട് പോകാന്‍ പറ്റത്തുള്ളൂ. ബലമില്ലാത്ത കാലുകളായിപ്പോയി. ഇവിടത്തെ അന്തരീക്ഷം കൊണ്ട് വോട്ട് കിട്ടി. എന്നാല്‍ ചില ജില്ലകളില്‍ താഴെത്തട്ടില്‍ പ്രവര്‍ത്തനം നടന്നു.

എന്നാല്‍ നമ്മള്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കേണ്ടിയിരുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഉണ്ടായില്ല. തുഷാര്‍ വെള്ളാപ്പള്ളിയുമായി നേരത്തെ സംസാരിച്ചിരുന്നുവെങ്കില്‍ സുരേഷ് ഗോപിയെ തൃശൂരിന് പകരം വയനാട് നേരത്തെ നിര്‍ത്താമായിരുന്നു. നാല്‍ക്കവലയില്‍ നിന്നും എങ്ങോട്ടേക്കാണ് പോകേണ്ടത് എന്ന് അറിയാന്‍ പറ്റാത്ത രീതിയിലായിപ്പോയി പ്രശ്‌നങ്ങള്‍.

താങ്കളുടെ കാലത്തെക്കാള്‍ വ്യത്യസ്തമായി പാര്‍ട്ടിയുടെ കൈയില്‍ ഇപ്പോള്‍ ധാരാളം പണമുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ട് പ്രശ്‌നങ്ങള്‍?

പൈസ കൊടുത്തിട്ട് പ്രവര്‍ത്തിക്കുന്ന രീതിയില്‍ നിഷ്‌കര്‍ഷ ആവശ്യമാണ്. കൊടുക്കുന്നതിന് കണക്കില്ലാഞ്ഞിട്ടല്ല. നമ്മള്‍ പണ്ട് മുതലേ ശീലിച്ചിട്ടുള്ള സംഗതിയുണ്ടായിരുന്നു. അത്യാവശ്യം ഭക്ഷണം കഴിക്കാന്‍ പൈസ കൊടുക്കണം. അതില്‍ തെറ്റില്ല. പൈസ കിട്ടിയാലേ ഞങ്ങള്‍ ചെയ്യത്തുള്ളൂവെന്ന മാനസികാവസ്ഥ സൃഷ്ടിക്കാന്‍ പാടില്ല. ഒന്നുമ്മില്ലാതിരുന്ന കാലത്ത് പ്രവര്‍ത്തിച്ചിരുന്ന ശൈലി കുറെ ഇന്ന് സ്വീകരിക്കേണ്ടിയിരുന്നു.

നമ്മുടെ ആളുകള്‍ക്ക് പോസ്റ്റുകള്‍ കൊടുക്കേണ്ടിയിരുന്നു. അല്‍ഫോണ്‍സ് കണ്ണന്താനം നല്ലയാളാണ്. പക്ഷേ, ജനസംഘകാലം മുതല്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ആളുകളെ മന്ത്രിയാക്കാന്‍ അവസരം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നു. കണ്ണന്താനം നല്ലയാളാണ് എന്ന ഒറ്റക്കാരണം കൊണ്ട് ക്രിസ്ത്യന്‍ വോട്ട് കിട്ടുമോ. ന്യൂനപക്ഷത്തിന്റെ വോട്ട് എവിടെപ്പോയി.

കേന്ദ്ര നേതൃത്വത്തിന് കേരളത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലേ?

ആരോട് ചോദിച്ചിട്ട് ചെയ്തു. കേരളത്തിലെ ആളുകളോട് ഡിസ്‌കസ് ചെയ്യാതെ തീരുമാനമെടുത്തു. ഒരു സംഘടനയില്‍ അതല്ലല്ലോ വേണ്ടത്. ഇദ്ദേഹം വന്നാല്‍ നല്ലതാണോയെന്ന് കേരളത്തിലെ ആളുകളോട് ചോദിക്കണമായിരുന്നു. അദ്ദേഹം നല്ലതാണ് പക്ഷേ, കേരളത്തിലെ ബിജെപിക്ക് ഗുണകരമാണോ. ഉദാഹരണത്തിന് പെട്രോളിന്റേയും ഡീസലിന്റേയും വിലക്കയറ്റം.

അദ്ദേഹത്തോട് കോട്ടയത്ത് വച്ച് ഒരു ചോദ്യം ചോദിച്ചു. സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് ഇതൊന്നും ഒരു പ്രശ്‌നമല്ലെന്നാണ് അദ്ദേഹം വളരെ നിസ്സാരത്തോടെ മറുപടി പറഞ്ഞു. പക്ഷേ, ഓട്ടോറിക്ഷക്കാരനും ടുവീലറുകാരനും പണം വായ്പയെടുത്ത് പോകുന്നവര്‍. അവര്‍ പണക്കാരനാ. അപ്പോള്‍ അത് മനസ്സിലാക്കിയിട്ട്, അതിനനുസരിച്ചല്ലേ മറുപടി പറയേണ്ടിയിരുന്നത്. ഡല്‍ഹയില്‍ പോയിട്ട് സംസാരിക്കാം എന്ന് പറയുന്നതല്ലേ ബുദ്ധി. അദ്ദേഹത്തിന്റെ മറുപടി കേന്ദ്രത്തിന് നെഗറ്റീവായില്ലേ.

പത്തനംതിട്ടയില്‍ അദ്ദേഹത്തിന് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞത്. അവിടെ ശ്രീധരന്‍ പിള്ളയാണോ കെ സുരേന്ദ്രനാണോ മത്സരിക്കുകയെന്ന് പാര്‍ട്ടിയല്ലേ തീരുമാനിക്കേണ്ടത്. ചര്‍ച്ചാ വിഷയമാക്കേണ്ടതുണ്ടോ.

പത്തനംതിട്ടയില്‍ ശ്രീധരന്‍പിള്ള നിന്നിരുന്നുവെങ്കില്‍ ഫലം മാറുമായിരുന്നോ?

അത് ശരിയല്ല. വൈകാരികമായി സുരേന്ദ്രനോടുള്ള അടുപ്പം പത്തനംതിട്ടയ്ക്ക് ശ്രീധരന്‍പിള്ളയോടില്ല. മത്സരിക്കാനില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പല പ്രസ്താവനകളും പാര്‍ട്ടിക്ക് ദോഷകരമായി മാറി. ഉദാഹരണം, തന്ത്രി അദ്ദേഹത്തോട് സംസാരിച്ച വിഷയം. ആദ്യം സംസാരിച്ചുവെന്ന് പറഞ്ഞു. പിന്നീട് മാറ്റി പറഞ്ഞു. കോടതിയില്‍ വീണ്ടും അഭിപ്രായം മാറ്റി. ഓഫ് ദ റെക്കോര്‍ഡായി പറയുന്ന കാര്യങ്ങള്‍ ഒരാളെ വിശ്വസിച്ച് പറയുന്നതാണ്. ഇന്റഗ്രിറ്റി ഒരു ഘടകമാണ്.

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് എന്താണ് ചെയ്യാന്‍ കഴിയുക?

കോണ്‍ഗ്രസിന്റെ നേതൃത്വം പോര. കുടുംബ വാഴ്ച എന്നതിന് അപ്പുറം ഇവരൊക്കെ ജനിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിച്ച് തുടങ്ങിയവരില്ലേ. അവരെയല്ലേ നേതൃത്വത്തിലേക്ക് കൊണ്ടുവരേണ്ടത്. നൂറുകൊല്ലത്തിലേറെ പഴക്കമുള്ള കോണ്‍ഗ്രസിനെ നയിക്കാന്‍ പറ്റുന്ന നേതൃത്വമാണോ രാഹുലിന്റേത്. അമേത്തിയില്‍ ജയിക്കില്ലെന്ന ഉറച്ച വിശ്വാസം ഉള്ളത് കൊണ്ടാണല്ലോ അദ്ദേഹം വയനാട്ടിലേക്ക് വന്നത്. അടുത്ത തവണ ഇവിടേയും ജയിക്കില്ല. ഇത് പ്രവചനമല്ല. മണ്ഡലത്തെ അറ്റെന്‍ഡ് ചെയ്യാന്‍ പറ്റില്ല. എംപി ഫണ്ട് കൊടുക്കാന്‍ പറ്റുമായിരിക്കും. പക്ഷേ, പ്രായോഗിക രാഷ്ട്രീയത്തില്‍ നടക്കില്ല. സ്മൃതി ഇറാനി അടുത്ത തവണയും അമേത്തിയില്‍ വിജയിക്കുമെന്നതില്‍ സംശയമില്ല.

Comments
Loading...