മമ്മൂട്ടിയെ ഷൂട്ട് ചെയ്യുന്നതായിരുന്നു വെല്ലുവിളി; ‘പതിനെട്ടാം പടി’യുടെ ഛായാഗ്രാഹകന്‍ സുധീപ് ഇളമണ്‍ പറയുന്നു

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഒരച്ഛന്റെ മകന്‍ അതേ പാത തെരഞ്ഞെടുക്കുന്നതില്‍ അത്ഭുതമൊന്നുമില്ല. എന്നാല്‍ അതില്‍ ഒതുങ്ങി നില്‍ക്കാതെ സിനിമാ സംവിധാനം ചെയ്യുകയും സിനിമാ ഛായാഗ്രാഹകനുമൊക്കെയാകുമ്പോള്‍ ആള് പുലിയാണെന്ന് വേണം മനസിലാക്കാന്‍. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ചിന്നാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ വീഡിയോയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന സുധീപ് ഇളമണ്‍ ഛായാഗ്രാഹകനായ സിനിമ പതിനെട്ടാംപടി ജൂലൈ 5 ന് റിലീസിനൊരുങ്ങുന്നു. ഈ പശ്ചാത്തലത്തില്‍ ഛായാഗ്രാഹകനായ സുധീപ് ഇളമണ്‍ അഭിമുഖം പ്രതിനിധി മൈഥിലി ബാലയോട് വിശേഷങ്ങള്‍ പങ്കുവെക്കുന്നു.

സുധീപ് ഇളമണ്‍, പതിനെട്ടാം പടിയില്‍ നിന്ന് തന്നെ തുടങ്ങാം. സിനിമ റിലീസിനൊരുങ്ങുകയാണ്. എക്‌സൈറ്റ്‌മെന്റും ആ അനുഭവവുമൊക്കെ.

എന്റെ ആദ്യ സിനിമയാണ് സത്യത്തില്‍ പതിനെട്ടാം പടി. 2017-ല്‍ ഷൂട്ടിംഗ് തുടങ്ങിയതാണ്. അതിനും ശേഷമാണ് ഞാനും എന്റെ സുഹൃത്തും ഒരുമിച്ച് ‘സ്ലീപ്പ്‌ലെസ്‌ലി യുവേഴ്‌സ്’ എന്ന സിനിമ ചെയ്യുന്നത്. പക്ഷേ, ആദ്യം ഇറങ്ങിയത് അതാണ്. അത് കഴിഞ്ഞ ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പക്ഷേ അതൊരു കൊമേഴ്‌സ്യല്‍ സിനിമയല്ല. പതിനെട്ടാം പടി എന്റെ ആദ്യ കൊമേഴ്‌സ്യല്‍ സിനിമയാണ്. ഇത് എന്നെ സംബന്ധിച്ച് ഒരു കംപ്ലീറ്റ് പാക്കേജാണ്.

പാട്ടുകള്‍ ഷൂട്ട് ചെയ്യാനായി, സംഘട്ടന രംഗങ്ങള്‍, ചേസ്, കുട്ടികളുള്ള രംഗങ്ങള്‍, ഇത്രയും താരങ്ങള്‍ ഇതൊക്കെ ഷൂട്ട് ചെയ്യാനായി, അണ്ടര്‍ വാട്ടര്‍ ഷൂട്ട് ചെയ്തു. ഇതുവരെ മലയാള സിനിമയില്‍ കണ്ടിട്ടില്ലാത്ത ഒരു ഗെയിം ഷൂട്ട് ചെയ്തിട്ടുണ്ട്. ഹിന്ദി സിനിമയിലൊക്കെയേ ഞാനും അത്തരത്തില്‍ ഗെയിം ഷൂട്ട് ചെയ്ത് കണ്ടിട്ടുള്ളൂ. അതുപോലെ തന്നെ സംഘട്ടനവും. എനിക്കുറപ്പ് പറയാനാകും അങ്ങനെയൊന്ന് മലയാള സിനിമയില്‍ ഇതുവരെ വന്നിട്ടില്ല.

വൈല്‍ഡ് ലൈഫില്‍ നിന്ന് കൊമേഴ്‌സ്യല്‍ ചെയ്തത് വലിയ ഒരു വെല്ലുവിളിയായിരുന്നു, പിന്നെ മമ്മൂട്ടിയെന്ന വലിയതാരത്തെയും ഷൂട്ട് ചെയ്യുകയെന്നതും. അതും ഒരു വെല്ലുവിളിയായിരുന്നു. എന്നാല്‍ സിനിമയില്‍ ഒരു തുടക്കക്കാരനെന്ന നിലയില്‍ എനിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല തുടക്കമാണിത്. വലിയ താരനിര ഉണ്ട് ചിത്രത്തില്‍, പക്ഷേ അത് മാര്‍ക്കറ്റിംഗിനായിട്ടല്ല. നല്ലൊരു കഥയുമുണ്ട് പതിനെട്ടാം പടിക്ക്. അതുകൊണ്ട് തന്നെ ഈ സിനിമ എന്നെ സംബന്ധിച്ച് ഒരു പാക്കേജ് തന്നെയാണ്.

ചിന്നാറിന്റെ വന്യത പകര്‍ത്തിയതും സുദീപ് തന്നെയാണല്ലോ. അതിന്റെ വെല്ലുവിളികള്‍, എങ്ങനെയാണ് ജീവന്‍ തുടിക്കുന്ന ചിന്നാറിനെ വീഡിയോയിലേക്കാക്കിയത്?

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. എന്റെ അച്ഛന്‍ ഒരു വൈല്‍ഡ് ലൈഫ് ഫിലിംമേക്കറായിരുന്നു, സുരേഷ്‌ ഇളമണ്‍. കുട്ടിക്കാലം തൊട്ട് അച്ഛന്റെ കൂടെ കാട്ടിലൊക്കെ പോയിട്ടുണ്ട്. പിന്നെ കോളേജ് പഠനത്തിന്റെ സമയത്താണ് ഞാന്‍ വൈല്‍ഡ് ലൈഫിലേക്ക് തിരിയുന്നത്. സിനിമയൊക്കെ ഷൂട്ട് ചെയ്യുന്നതില്‍ നിന്ന് വളരെ വ്യത്യസ്തമാണ് വൈല്‍ഡ് ലൈഫ്. ബുദ്ധിമുട്ടുമാണ്.

ചിന്നാറില്‍ ചൂട് വളരെ കൂടുതലാണ്. ചിന്നാറിന്റെ വീഡിയോ ഏതാണ്ട് രണ്ടര മിനിറ്റേയുള്ളു. പക്ഷേ, ഏതാണ്ട് അമ്പത് ദിവസത്തോളം എടുത്താണ് അത് ഷൂട്ട് ചെയ്തത്. നമുക്കിപ്പോ ആനയുടെ ഷോട്ട് വേണമെന്നുണ്ടെങ്കില്‍ ആദ്യം ആനയെ കിട്ടണം, അതിനായി കാത്തിരിക്കണം. പിന്നെ നല്ല ലൈറ്റില്‍ വേണം. ലൈറ്റും ആനയുമെല്ലാം ഒരുമിച്ച് വേണം. ഇതൊക്കെ കിട്ടണമെങ്കില്‍ നല്ല ബുദ്ധിമുട്ടാണ്. ലോകത്ത് ചിന്നാറില്‍ മാത്രം കാണുന്ന ഒരു തരത്തിലുള്ള അണ്ണാനെ ആ വീഡിയോയില്‍ കാണിക്കുന്നുണ്ട്, പാമ്പിനെ കാണിക്കുന്നുണ്ട്, ചിലന്തിയെ കാണിക്കുന്നുണ്ട്.

നല്ല ക്ഷ്ടപ്പാടാണ്. കാട്ടില്‍ ദിവസങ്ങളോളം കഴിയണം, നടക്കുന്നതൊക്കെയായാലും വളരെ പതുക്കെ വേണം, ജീവികള്‍ക്ക് നമ്മുടെ സാന്നിധ്യം മനസിലാക്കാനാകും. അത് ഒളിക്കും അങ്ങനെയുള്ളപ്പോള്‍. ഒരു അഞ്ച് പേരൊക്കെയുള്ള ടീമായിട്ട് പോകുന്നത്. ഈ അന്‍പത് ദിവസമെന്നത് ഒരുമിച്ചല്ല, പലപ്പോഴായാണ്. ഒരു പത്ത് ദിവസമൊക്കെ ഷൂട്ട് ചെയ്യുമ്പോഴേക്ക് ബാറ്ററി ചാര്‍ജൊക്കെ കഴിയും. പിന്നെ തിരിച്ചുവന്ന് കുറച്ച് ദിവസം കഴിഞ്ഞ് വീണ്ടും പോകും. അങ്ങനെയാണ് ഷൂട്ട് ചെയ്തത്. ധാരാളം വെല്ലുവിളികള്‍ ഉണ്ടായിരുന്നു. പക്ഷേ, നല്ല കുറച്ച് ഷോട്ട്‌സ് കിട്ടി, വീഡിയോയും നന്നായി. അതില്‍ സന്തോഷം.

വൈല്‍ഡ് ലൈഫും സിനിമയും. എന്തൊക്കെ വ്യത്യാസങ്ങള്‍ ആണ് തോന്നിയത്?

സാധാരണ പലരും പറയും വൈല്‍ഡ് ലൈഫ് എളുപ്പമാണെന്ന്. ഒട്ടുമല്ല. നേരത്തെ പറഞ്ഞതുപോലെ നമ്മള്‍ ആഗ്രഹിക്കുന്ന സമയത്ത് ജീവികളെ കിട്ടില്ല. അതിന് തന്നെ കുറേ കാത്തിരിക്കേണ്ടി വരും. അഥവാ കണ്ടുകിട്ടിയാലും നമുക്ക് ഷൂട്ട് ചെയ്യാന്‍ പറ്റിയെന്ന് വരില്ല. ആനയെ ഷൂട്ട് ചെയ്യാന്‍ പോകുമ്പോ, നമ്മളെ കണ്ടയുടന്‍ അത് പോകും ചിലപ്പോ ആക്രമിക്കാനും വരും. ജീവികളെ ശല്യപ്പെടുത്താതെ നമുക്ക് വേണ്ടത് എടുക്കണം. ഒരിക്കല്‍ ഒരു ഷോട്ട് എടുത്തിട്ട് പിന്നീടൊന്ന് കൂടി അതുപോല എടുക്കാന്‍ പറ്റില്ല. സിനിമയിലാണെങ്കില്‍ നമുക്ക് വീണ്ടും വീണ്ടും എടുക്കാം.

അതുപോലെതന്നെയാണ് വെളിച്ചത്തിന്റെ കാര്യവും. സിനിമയിലൊക്കെ നമുക്ക് പ്രത്യേകം ലൈറ്റ് വെച്ച് ഇഷ്ടമുള്ള തരത്തില്‍ ഷൂട്ട് ചെയ്യാം. വൈല്‍ഡ് ലൈഫില്‍ വെയിലിനെ മാത്രം ആശ്രയിച്ചാണ് കാര്യങ്ങള്‍. നല്ല ക്ഷമ വേണ്ടതാണ് വൈല്‍ഡ് ലൈഫില്‍. നല്ല ബുദ്ധിമുട്ടുമാണ്. സിനിമയില്‍ ബുദ്ധിമുട്ടുണ്ടെങ്കിലും നമുക്ക് പല പോംവഴികളും കാണും. കാട്ടില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ.

സിനിമ സംവിധാനവും ചെയ്തുകഴിഞ്ഞു. ഛായാഗ്രഹണവും കഴിഞ്ഞു. സംവിധായകന്റെ റോളാണോ അതോ ഛായാഗ്രാഹകന്റെ റോളാണോ ഇഷ്ടപ്പെട്ടത്?

രണ്ടും ഇഷ്ടമാണെങ്കിലും ക്യാമറയോടാണ് കൂടുതലിഷ്ടം. ഞാന്‍ തുടങ്ങിയത് അവിടെ നിന്നാണ്. അതുമാത്രമല്ല, ക്യാമറ ചെയ്യുമ്പോളും നമുക്ക് സംവിധാനം ചെയ്യാനാകും, അതിനിപ്പോ സംവിധായകന്‍ തന്നെയാകണമെന്നില്ല. ഞാനും ഗൗതം സൂര്യയെന്ന സുഹൃത്തും ചേര്‍ന്നാണ് സ്ലീപ്പ്‌ലെസ്‌ലി യുവേഴ്‌സ് സംവിധാനം ചെയ്തത്. ഇനി ഒരു സിനിമ സംവിധാനം ചെയ്യുന്നെങ്കിലും വളരെ കാലം കഴിഞ്ഞിട്ടേയുണ്ടാകൂ.

പതിനെട്ടാം പടിയിലാണെങ്കില്‍, ക്യാമറാമാന്‍ എന്നതിലുമുപരിയായി ഞാന്‍ ഇടപെട്ടിട്ടുണ്ട്. സംവിധായകനായ ശങ്കര്‍ രാമകൃഷ്ണന്‍ സാര്‍ അതിനുള്ള അവസരം തന്നിരുന്നു. ക്യാമറ മാത്രം നല്ലതായിട്ട് കാര്യമില്ല, സിനിമക്ക് വേണ്ടി ഷൂട്ട് ചെയ്യണം. അങ്ങനെ നോക്കുമ്പോ ക്യാമറാമാന്‍ ഒരു സംവിധായകന്‍ തന്നെയാണ്. നമുക്ക് രണ്ടും ചെയ്യാം. ഒരു ഛായാഗ്രാഹകന്‍ എന്ന നിലയില്‍ത്തന്നെ തുടരാനാണ് എനിക്ക് താത്പര്യം.

സ്ലീപ്പ്‌ലെസ്‌ലി യുവേഴ്‌സ് എന്ന സിനിമ ഐ എഫ് എഫ് കെയിലും മറ്റ് മേളകളിലും പ്രദര്‍ശിപ്പിച്ചു. ആദ്യ സിനിമയുമാണ്. എന്തൊക്കെ വെല്ലുവിളികളാണ് ഒരു തുടക്കക്കാരന് അല്ലെങ്കില്‍ സ്വതന്ത്ര സംവിധായകന് മലയാള സിനിമയിലുള്ളത്?

കഴിഞ്ഞ ഐ എഫ് എഫ് കെയിലും മറ്റ് പല മേളകളിലും പ്രദര്‍ശിപ്പിച്ചു. പക്ഷേ തീയറ്ററില്‍ ഇറക്കാനായിട്ടില്ല. അതൊക്കെയാണ് വെല്ലുവിളി. സിനിമയ്ക്ക് റീച്ച് കിട്ടുകയെന്നത്. മേളകളിലൂടെ വളരെ ചെറിയൊരു ശതമാനം പ്രേക്ഷകരിലേക്കേ സിനിമ എത്തുന്നുള്ളൂ. തീയറ്റര്‍ കിട്ടിയാല്‍ ഇങ്ങനെയല്ല, ജനങ്ങളിലേക്ക് എത്തും. അത് കിട്ടുന്നില്ലെന്നതാണ് മിക്ക സ്വതന്ത്ര സംവിധായകരുടെയും വെല്ലുവിളി.

72 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. ഒരു വിതരണ കമ്പനിയെ സമീപിച്ചാല്‍ പോലും ഇത്ര കുറച്ച് ദൈര്‍ഘ്യമുള്ള സിനിമയെ ഏറ്റെടുക്കാന്‍ അവരും ഒരുങ്ങില്ല. തീയറ്റേഴ്‌സ് ആണെങ്കിലും ഒന്നര മണിക്കൂറില്‍ താഴെയുള്ള സിനിമകള്‍ എടുക്കില്ല. അഥവാ അങ്ങനെ എടുക്കണമെങ്കില്‍ വലിയ താരങ്ങള്‍ വേണം. അത്രയും ഗ്രൗണ്ട് സപ്പോര്‍ട്ട് ഉണ്ടാകണം. ഞങ്ങളുടെ സിനിമയില്‍ അങ്ങനെ എടുത്തു പറയേണ്ട തരത്തില്‍ താരനിര ഇല്ല. സുദേവ് നായര്‍ മാത്രമാണ് താരമെന്ന് പറയാനുള്ളത്.

ഞങ്ങള്‍ കുറച്ച് പുതുമുഖങ്ങളാണ് സിനിമയുടെ എല്ലാ നിലയിലുമുള്ളത്. സിനിമ നിര്‍മ്മിച്ചതും ഞങ്ങള്‍ തന്നെയാണ്. അപ്പോള്‍ സിനിമ ചെയ്തിട്ട് തിയറ്റര്‍ ലഭിക്കാന്‍ എന്ത് ചെയ്യണമെന്നൊന്നും അറിയില്ലായിരുന്നു. മാര്‍ക്കറ്റിംഗ് വേണം. അതില്ല. നല്ലൊരു പ്രൊഡ്യൂസര്‍ ഉണ്ടെങ്കില്‍ സിനിമ കഴിഞ്ഞിട്ടുള്ള മാര്‍ക്കറ്റിംഗൊക്കെ അവര്‍ ചെയ്യും. ജനങ്ങളിലേക്കെത്തിക്കുക എന്നതാണല്ലോ സിനിമയുടെ ലക്ഷ്യം. അത് പറ്റുന്നില്ലെന്നതാണ് വെല്ലുവിളി.

കെ എസ് എഫ് ഡി സിയുടെ തീയറ്ററുകള്‍ ഇപ്പോള്‍ കേരളത്തില്‍ മിക്കയിടത്തുമുണ്ട്. ഇനിയിപ്പോ ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് അങ്ങനെയുള്ള തീയറ്ററുകളില്‍ ഇറക്കുകയെന്നതാണ്.

സുധീപ് ഇളമണ്‍

മലയാളി പ്രേക്ഷകര്‍ സിനിമ കാണുന്ന ശൈലി ഇപ്പോള്‍ മാറി വരുന്നില്ലേ?

ഉറപ്പായും. അതുകൊണ്ടാണ് അവകാശപ്പെടാന്‍ നല്ലൊരു കഥ മാത്രമുള്ള ഞങ്ങളുടെ സിനിമ കുറച്ച് പേരെങ്കിലും കണ്ടത്. അത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്. കുറച്ച് സംഘട്ടനം, പാട്ട്, നലിയ താരങ്ങള്‍ എന്നതില്‍ നിന്നൊക്കെ മലയാള സിനിമയും പ്രേക്ഷകരും ഏറെ മാറിയിട്ടുണ്ട് ഇപ്പോള്‍. നല്ല കഥയുണ്ടെങ്കില്‍ മലയാളി പ്രേക്ഷകര്‍ സ്വീകരിക്കും. കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തിലാണ് വലിയൊരു മാറ്റമുണ്ടായത്. ശരിക്ക് പറഞ്ഞാല്‍ അത് തന്നെയാണ് സിനിമ ചെയ്യാന്‍ ഞങ്ങള്‍ക്ക് തോന്നിയ കാരണവും. ഒരു താരനിരയുമില്ലാതെയും മലയാളികള്‍ സിനിമ കാണും.

മലയാള സിനിമ ഇപ്പോള്‍ ഒരു റെവല്യൂഷന്റെ പാതയിലാണെന്ന് പറയാം. ജോസഫും സുഡാനി ഫ്രം നൈജീരിയയും മഹേഷിന്റെ പ്രതികാരവുമൊക്കെ എടുത്തു പറയേണ്ടതാണ്. കഥയും ശ്രദ്ധിക്കപ്പെടുന്നുണ്ട്.

പണ്ടത്തെ മലയാള സിനിമയെ അപേക്ഷിച്ച് ഇപ്പോള്‍ ഡാന്‍സുകളും ചുണ്ടനക്കി പാട്ട് പാടുന്നതും കുറവാണ്. കുറച്ചുകൂടെ റിയലിസ്റ്റിക്കാണ് സിനിമ. പ്രേക്ഷകരും അത് ഇഷ്ടപ്പെടുന്നു. കഥ തന്നെയാണ് ഹീറോ. അങ്ങനെയുള്ള ധാരാളം സിനിമകള്‍ വരുന്നുണ്ട്, ശ്രദ്ധിക്കപ്പെടുന്നുണ്ട്, സ്വീകരിക്കുന്നുണ്ട്. നമ്മുടെ പ്രേക്ഷകരും മാറിയിട്ടുണ്ട്. പല പുതുമുഖങ്ങള്‍ക്കും അത് തന്നെയാണ് കരുത്ത്.

ഇനി എന്തൊക്കെയാണ് അടുത്ത പ്രോജക്ടുകള്‍?

പതിനെട്ടാം പടി കഴിഞ്ഞ് ചെയ്തത് ഫൈനല്‍സ് ആണ്. രജിഷയാണ് നായിക. ഒരു സൈക്ലിസ്റ്റിന്റെ കഥയാണ് പറയുന്നത്. കട്ടപ്പനയിലും തിരുവനന്തപുരത്തുമായാണ് ഷൂട്ടിങ് നടന്നത്. ഷൂട്ടിങ് കഴിഞ്ഞു. ഓണമടുപ്പിച്ച് റിലീസ് ഉണ്ടാകും. നിലവില്‍ അത് മാത്രമാണ്.

ആദ്യം ചെയ്ത സിനിമയേക്കാള്‍ വ്യത്യസ്തമാണ് പിന്നീടുള്ള ചിത്രങ്ങള്‍. നിറയെ താരങ്ങളാണ്. ആ വ്യത്യാസം?

താരങ്ങളുടെ കാര്യത്തില്‍ മാത്രമല്ല വ്യത്യാസം, സ്ലീപ്പ്‌ലെസ്‌ലി യുവേഴ്‌സ് ഞങ്ങളുടെ സിനിമയാണ് എല്ലാ ആര്‍ഥത്തിലും. അതുകൊണ്ട് തന്നെ വര്‍ക്കിംഗ് കംഫര്‍ട്ടബിളായിരുന്നു. ഞങ്ങള്‍ക്ക് തീരുമാനിക്കാം ഷൂട്ടിങ് സമയമൊക്കെ. കുറച്ച് പേരെയുള്ളൂ. പതിനെട്ടാം പടിയില്‍ ക്രൂ തന്നെ വലുതാണ്. താര നിരയുമുണ്ട്.

സ്ലീപ്ലെസ്‌ലി യുവേഴ്‌സ് ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് നല്ല ലൈറ്റില്‍ പെട്ടെന്ന് എന്തെങ്കിലും ഷൂട്ട് ചെയ്യണമെങ്കില്‍ ഞങ്ങള്‍ക്ക് ചെയ്യാം. ആകെ ആക്ടറിനെ കണ്‍വിന്‍സ് ചെയ്താ മതിയാകും. സുദേവ് ആണെങ്കിലും വളരെ കംഫര്‍ട്ടബിളായിരുന്നു. പക്ഷേ, പതിനെട്ടാം പടിയില്‍ ആയാലും ഫൈനല്‍സ് ആയാലും അങ്ങനെയല്ല. എല്ലാം പ്രീ പ്ലാന്‍ഡ് ആണ്. ആക്ടേഴ്‌സിനെ അങ്ങനെ കിട്ടില്ല.

ഞങ്ങള്‍ സിനിമ ഷൂട്ട് ചെയ്തത് ഒരുപാട് പരിമിതിക്കുള്ളില്‍ നിന്നാണ്. അങ്ങനെ ലൈറ്റൊന്നും ഉപയോഗിച്ചിരുന്നില്ല. പക്ഷ മറ്റ് രണ്ട് സിനിമകളിലും ടെക്‌നോളജിക്കല്‍ സൈഡിലും ഉയര്‍ന്ന് നില്‍ക്കുന്നതാണ്.

സിനിമ ഷൂട്ട് ചെയ്ത് കഴിഞ്ഞായാലും വ്യത്യാസമുണ്ട്. പതിനെട്ടാം പടി ആയാലും ഫൈനല്‍സ് ആയാലും സിനിമ ഡിസ്ട്രിബ്യൂട്ട് ചെയ്യാനും അത് എത്തിക്കേണ്ടിടത്ത് എത്തിക്കാനുമൊക്കെ ആളുകളുണ്ട്. പ്രൊഡ്യൂസറുണ്ട്. നമുക്ക് അതിന്റെ ടെന്‍ഷന്‍ ഇല്ല. അത് ഞങ്ങളുടെ സിനിമയില്‍ ഇല്ലായിരുന്നു. എന്തിന്റെയും അവസാനം നല്ല സിനിമ ആകുക എന്നതാണ്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More