എന്നെ നായകനാക്കാന്‍ സമ്മതമല്ലാത്ത നിര്‍മ്മാതാക്കള്‍ ഉണ്ടായിരുന്നു: വാരിക്കുഴിയിലെ പള്ളീലച്ചന്‍ അമിത് ചക്കാലക്കല്‍ പറയുന്നു

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ എബിസിഡിയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ബിഗ് സ്‌ക്രീനിലേക്ക് ചുവടുവെച്ച അമിത് ചക്കാലക്കല്‍ ആദ്യമായി നായക വേഷത്തിലെത്തിയ വാരിക്കുഴിയിലെ കൊലപാതകം തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഹണീബീയിലെ റോളിലൂടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ അമിത് പ്രേതം 2 ലും നിറഞ്ഞുനിന്നിരുന്നു. പള്ളി വികാരിയായി ഇപ്പോള്‍ പ്രേക്ഷക മനസുകള്‍ കീഴടക്കുന്ന അമിത് ചക്കാലക്കല്‍ മൈഥിലി ബാലയുമായി സംസാരിക്കുന്നു.

വാരിക്കുഴിയിലെ കൊലപാതകത്തിന്റെ വിശേഷങ്ങള്‍. പ്രേക്ഷകരുടെ പ്രതികരണങ്ങള്‍?

പടം ഇറങ്ങുമ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ആദ്യമായി ഞാന്‍ നായക വേഷത്തില്‍ എത്തുകയാണ്. അപ്പോള്‍ അങ്ങനെയൊരു സിനിമ കാണാന്‍ പ്രേക്ഷകര്‍ തീയറ്ററിലേക്ക് എത്തുമോയെന്ന് പേടിയുണ്ടായിരുന്നു. പക്ഷേ, രണ്ടാം ദിവസമായപ്പോള്‍ ആദ്യ ദിവസത്തേക്കാള്‍ കളക്ഷന്‍ ഉണ്ടായിരുന്നു. ഞായറാഴ്ച മിക്ക സെന്ററുകളിലും ഹൗസ് ഫുള്‍ ആയി. ഇത്രയും പേര്‍ വന്നത് സിനിമ കണ്ട് നല്ല അഭിപ്രായം പറഞ്ഞതൊക്കെ കേട്ടിട്ടാണ്. മിക്കവരും നല്ല അഭിപ്രായം പറയുന്നുണ്ട്. അതില്‍ ഹാപ്പിയാണ്.

എങ്ങനെയാണ് വാരിക്കുഴിയിലേക്ക് എത്തിയത്?

ഈ പടം സംവിധായകന്‍ രജീഷ് മിഥില കഥയെഴുതി ചര്‍ച്ചകള്‍ നടത്തിയപ്പോള്‍ എനിക്ക് വേറെയൊരു റോള്‍ ആയിരുന്നു തീരുമാനിച്ചിരുന്നത്. പ്രധാന കഥാപാത്രമായി വേറെ നടനേയും. പക്ഷേ, അദ്ദേഹത്തിന്റെ ഡേറ്റ് ഒരു പ്രശ്നമായി വന്നു. തീരുമാനിച്ച സമയത്ത് ഷൂട്ടിങ്ങ് തുടങ്ങാനാകില്ലായെന്ന അവസ്ഥയായി. പ്രൊഡ്യൂസേഴ്സ് ആണെങ്കിലും കഥ കേട്ടപ്പോള്‍ ചെയ്യാമെന്ന് തന്നെയാണ് പറഞ്ഞത്. ഡേറ്റ് പ്രശ്നം വന്നപ്പോഴാണ് പുതുമുഖത്തെ വെച്ച് ചെയ്യാമെന്ന് രജീഷ് മിഥില തീരുമാനിച്ചത്. ആ സമയത്താണ് സൈറ ബാനു ഇറങ്ങിയത്. രജീഷേട്ടന്‍ അത് കണ്ട് കഴിഞ്ഞിട്ടാണ് എന്നെ പ്രധാന കഥാപാത്രമായി ചെയ്യാമെന്ന് പറയുന്നത്. പക്ഷേ, എന്നെ വെച്ച് സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായില്ല. പിന്നീടാണ് കോഴിക്കോട് നിന്ന് ഷിബുച്ചേട്ടനും സുജീഷ് ചേട്ടനും നിര്‍മ്മിക്കാന്‍ തയ്യാറായി വന്നത്. അവര്‍ക്ക് കഥ നന്നായി ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെ സിനിമ ഷൂട്ടിങ്ങ് തുടങ്ങി. ഒരു വര്‍ഷത്തോളമെടുത്തു സിനിമ പൂര്‍ത്തിയാക്കാന്‍. വളരെ കഷ്ടപ്പെട്ടാണ് സിനിമ പൂര്‍ത്തിയാക്കിയത്.


വാരിക്കുഴിയിലെ കൊലപാതകത്തിന്റെ പ്രൊമോഷന്‍ പരിപാടികളൊന്നും വലുതായി കണ്ടില്ല. അങ്ങനെ പബ്ലിസിറ്റിക്കായി ശ്രമിച്ചില്ലേ?

കുറച്ച് മാധ്യമങ്ങളെയൊക്കെ സമീപിച്ചിരുന്നതാണ്. അവരൊക്കെ ആദ്യം ചോദിക്കുന്നത് ആരാണ് ലീഡ് റോളില്‍ എന്നാണ്. ഞാനെന്ന് അറിയുമ്പോള്‍ അവര്‍ക്കും താത്പര്യമുണ്ടായിരുന്നില്ല. നമ്മള്‍ ശ്രമിച്ചെങ്കിലും ആരും തയ്യാറായില്ല. പ്രൊഡ്യൂസറും ഞങ്ങളുടെ ഡിസ്ട്രിബ്യൂട്ടറും റിസ്‌ക് എടുത്താണ് സിനിമ ഇറക്കിയത്. ഇപ്പോള്‍ നമ്മള്‍ ഒന്നും ചെയ്യാതെ, റിവ്യൂ ഒക്കെ കണ്ടിട്ട് ആള്‍ക്കാരൊക്കെ തീയറ്ററിലെത്തുന്നുണ്ട്. പടം നന്നായി ഓടുന്നുണ്ട്. അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണ്.

ദിലീഷ് പോത്തന്‍, നെടുമുടി വേണു, ലാല്‍, ലെന അങ്ങനെ ഒരു വലിയ താരനിരയുണ്ട് ചിത്രത്തില്‍. ആ അനുഭവം എങ്ങനെയുണ്ട്?

ദിലീഷേട്ടനായാലും നെുമുടി വേണുച്ചേട്ടനായാലും നന്ദുച്ചേട്ടനായാലും ലാല്‍ സര്‍ ആണെങ്കിലുമൊക്കെ ഇവര്‍ അഭിനയിക്കുന്നതും ഡയലോഗ് പറയുന്നതുമൊക്കെ പ്രത്യേക സ്‌റ്റൈലിലാണ്. ഇവരെയൊക്കെ സ്‌ക്രീനില്‍ കാണുന്നെങ്കിലും നേരിട്ട് അഭിനയം കാണുമ്പോള്‍ അത് പെട്ടെന്ന് മനസിലേക്ക് കയറും. അവരുടെ ഒപ്പമിരിക്കുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ അവരുടെ കൂടെ അങ്ങ് ചേരും. പലതും പഠിക്കാനാകും. നേരിട്ട് കണ്ട് പഠിക്കാനായി കുറേ കാര്യങ്ങള്‍.

സിനിമ തീയറ്ററില്‍ കണ്ടപ്പോള്‍ അഭിനയത്തെക്കുറിച്ച് എന്താണ് തോന്നിയത്?

എന്റെ ഭാഗം ഷൂട്ട് ചെയ്യുമ്പോള്‍ എന്നെ ജഡ്ജ് ചെയ്യുന്നത് ഡയറക്ടര്‍ ആണല്ലോ. അവിടെ ഓകെ പറഞ്ഞാല്‍ ശരിയായി. അത് മതി എന്നാണല്ലോ. പക്ഷേ, ഇപ്പോള്‍ വീണ്ടും കണ്ടപ്പോള്‍ പലയിടത്തും കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്ന് സ്വയം തോന്നി. അഭിനയത്തിലൊക്കെ കുറച്ചുകൂടെ ഇംപ്രൂവ് ചെയ്യണമെന്ന് തോന്നുന്നുണ്ട്.


പ്രേതം 2, ഇപ്പോള്‍ വാരിക്കുഴിയിലെ കൊലപാതകം ഇനി ഏതൊക്കെയാണ് വരാനിരിക്കുന്ന സിനിമകള്‍?

ഇതുവരെ ഒന്നും ഉറപ്പിച്ചിട്ടില്ല. വാരിക്കുഴി കഴിഞ്ഞ വര്‍ഷം ഉറപ്പിച്ച സിനിമയാണ്. പ്രേതത്തിന് ശേഷം ഒരു സിനിമയും ഇതുവരെ ചെയ്യാന്‍ തീരുമാനിച്ചിട്ടില്ല.

സിനിമകള്‍ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്? കഥയില്‍ എന്താണ് നോക്കുന്നത്?

എനിക്ക് വന്ന സിനിമകളിലൊക്കെ ചെറുതാണെങ്കിലും എനിക്ക് പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന റോളുകളാണ് വന്നിട്ടുള്ളത്. പിന്നെ എനിക്ക് അങ്ങനെ സെലക്ട് ചെയ്യാനായുള്ള ഓപ്ഷന്‍സ് ഇല്ല. അധികം ആരും അങ്ങനെ കഥയുമായി വരാറില്ല. വിളിച്ചതൊക്കെ നല്ലതായിരുന്നു. അതൊക്കെ ഇറങ്ങിയിട്ട് ആളുകള്‍ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്.

ഹണീബിയാണ് ഒരു ബ്രേക്ക് നല്‍കിയ സിനിമ. അതിലേക്ക്‌ എങ്ങനെയാണ് എത്തിയത്?

ഓഡിഷനിലൂടെയാണ് ഞാന്‍ ഹണീബിയിലേക്ക് വന്നത്. ചെറിയൊരു റോളായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. ഭാവനയുടെ നാല് സഹോദരങ്ങളായി ലാല്‍, സിദ്ദിഖ്, അസീം, സുരേഷ് കൃഷ്ണ ഇവരായിരുന്നു. പക്ഷേ ഏതോ സിനിമയ്ക്കായി സിദ്ദിഖ് താടി വടിച്ചു. അപ്പോള്‍ പുള്ളിക്ക് ഈ സിനിമ ചെയ്യാന്‍ പറ്റാതെ വന്നു. അങ്ങനെ എന്നെ രണ്ടാമതും വിളിപ്പിച്ച് ഓഡിഷന്‍ നടത്തിയാണ് ആ ക്യാരക്ടറിലേക്ക് തെരഞ്ഞെടുത്തത്. ആ സിനിമ മുതലാണ് എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങിയത്. ഒരു മുഴുനീള കഥാപാത്രമായതും ഹണീബി വഴിയാണ്.

ഒരുപാട് കഷ്ടപ്പെട്ട് വന്നതാണ് സിനിമയിലേക്ക്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നു. ചെറിയ ചെറിയ വേഷങ്ങള്‍, ഇപ്പോള്‍ നായക വേഷവും. എങ്ങനെ വിലയിരുത്താം?

ഇപ്പോ സിനിമ ആയാലും മറ്റേത് ജോലിയായാലും എല്ലായിടത്തും സ്ട്രഗിള്‍ ഉണ്ട്. ഇപ്പോള്‍ ഈ ഫീല്‍ഡില്‍ ഉള്ള പ്രത്യേകത എന്താണെന്ന് വെച്ചാ കഥയെഴുതുന്ന സമയത്ത് എഴുതുന്നവരുടെ ഓപ്ഷന്‍ ലിസ്റ്റില്‍ ഉണ്ടാകാന്‍ പറ്റണം. ലീഡ് റോളാണെങ്കിലും ക്യാരക്ടര്‍ റോളാണെങ്കിലും പരിഗണനയില്‍ വരണം. പക്ഷേ, അങ്ങനെ വരണമെങ്കില്‍ നമ്മള്‍ എസ്റ്റാബ്ലിഷ്ഡ് ആയിരിക്കണം. അവര്‍ക്ക് തോന്നണം ഈ കഥാപാത്രം ഇയാള്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന്. പക്ഷേ അങ്ങനെ വരണമെങ്കില്‍, ആരെങ്കിലും നമുക്ക് അങ്ങനെയൊരു കഥാപാത്രത്തെ തരണം. നല്ല വേഷങ്ങളില്‍ വന്നാലും സ്ട്രഗിള്‍ അവസാനിക്കുന്നില്ല. അതിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും.

പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?

ഒറ്റക്കാര്യമേ പറയാനുള്ളൂ. എത്ര വലിയ നടന്മാരാണെങ്കിലും ഫിലിം മേക്കേഴ്സ് ആണെങ്കിലും സാധാരണക്കാരായ പ്രേക്ഷകര്‍ സിനിമ കണ്ട് പറയുന്ന അവരുടെ റിവ്യൂ, അവരുടെ അഭിപ്രായമാണ് വലുത്. എല്ലാവരും സിനിമ പോയി കാണുക. നിങ്ങളുടെ അഭിപ്രായം പറയുക. അത് വലുതാണ്. പ്രോത്സാഹിപ്പിക്കുക.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More