പുരാണത്തില്‍ ചരിത്രത്തിന്റെ അംശങ്ങള്‍ ഉണ്ടാകാം: ആനന്ദ് നീലകണ്ഠന്‍

എഴുത്തില്‍ ആനന്ദ് നീലകണ്ഠന് ചില നിബന്ധനകളുണ്ട്. താനെഴുതുന്നത് ഏത് കൊച്ചുകുഞ്ഞിനും മനസ്സിലാകുന്ന തരത്തില്‍ ലളിതമായി എഴുതാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അക്കാര്യത്തല്‍ താന്‍ ശശി തരൂരിന്റെ നേരെ എതിരെയാണ് നില്‍ക്കുന്നതെന്ന് ആനന്ദ് പറയും. അദ്ദേഹവുമായി കെ സി അരുണ്‍ നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

ഒന്നാം ഭാഗം: ആദ്യ പ്രതിഫലം 50 രൂപ, അസുര നിരസിച്ചത് 18 പ്രമുഖ പ്രസാധകര്‍, ഇന്ന് തിരക്കേറിയ എഴുത്തുകാരന്‍

ബെസ്റ്റ് സെല്ലര്‍ ഘടകം

ഒന്ന് ഭാഗ്യം തന്നെയാണ്. രണ്ടാമത്തെ കാര്യം നമ്മുടെ വായനക്കാര്‍ നമ്മുടെയത്ര വായിക്കുന്നവരോ എഴുതുന്നവരോ അല്ല എന്ന ബോധമുണ്ട്. അതിനാല്‍ ആളുകള്‍ക്ക് വായിച്ചാല്‍ മനസ്സിലാകണം എന്നത് മനസ്സില്‍ വച്ചേ ഞാന്‍ എഴുതാറുള്ളൂ. ശശി തരൂര്‍ എഴുതുന്നതിന് നേരേ തിരിച്ചാണ് ഞാന്‍ എഴുതുക. ഒരു വാക്ക് മനസ്സിലാക്കാന്‍ പറ്റില്ലെന്ന് കണ്ടാല്‍ അതിന്റെ ഏറ്റവും ലളിതമായ വാക്ക് കണ്ടെത്തി ഉപയോഗിക്കും. എന്റെ പുസ്തകങ്ങള്‍ വായിക്കപ്പെടാനുള്ള ഒരു ഘടകം അതാണെന്ന് തോന്നുന്നു. കഠിനമായ വാക്കുകളെ ചിലപ്പോള്‍ മൂന്നാമത്തേയും നാലാമത്തേയും പതിപ്പുകളിലും മാറ്റിയിട്ടുണ്ട്. അത് കാരണം നമ്മുടെ ഭാഷയും നന്നാകും. ഞാനിത് വരെ 15 ലക്ഷത്തോളം വാക്കുകള്‍ എഴുതിയിട്ടുണ്ടാകും. എന്റെ ഓരോ പുസ്തകങ്ങളിലും ഒരു ലക്ഷത്തിലധികം വാക്കുകള്‍ ഉണ്ട്.

മൂന്നാമത്തെ കാര്യം ഒരു അവാര്‍ഡിനുവേണ്ടിയും എഴുതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ഒരു ബുദ്ധിജീവിക്കും വേണ്ടി എഴുതില്ലെന്നും തീരുമാനമുണ്ട്. നാലഞ്ച് പേര് കൂടിയിരുന്ന് തീരുമാനിക്കുന്ന അവാര്‍ഡിനോട് എനിക്ക് യോജിപ്പില്ല. ഇതാണ് വലിയൊരു ബുക്ക് എന്ന് അവര്‍ പറഞ്ഞത് കൊണ്ട് വലിയ ബുക്കാകില്ല.

ബുക്ക് ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് എത്തണം. അത് ഭാഷാതീതമാകണം. ഭാഷയുടെ സൗന്ദര്യം കാണിക്കാനും എന്റെ ഭാഷാ വൈദഗ്ദ്ധ്യം കാണിക്കാനും വേണ്ടി എഴുതില്ല. ഞാന്‍ സ്വയം എഴുത്തുകാരനാണെന്ന് കരുതില്ല. ഞാന്‍ കഥ പറയുന്ന ആളാണ്. നല്ല കഥ പറയുക എന്നതാണ് കഥാകാരന്റെ ധര്‍മ്മം. എഴുത്തുകാരനാണെന്ന് തോന്നിയാല്‍ അതൊരു ലിമിറ്റേഷനാണ്. പിന്നെയെനിക്ക് എഴുതാനേ പറ്റുകയുള്ളൂ. എനിക്ക് നോവലുകളേ എഴുതാന്‍ പറ്റൂ. കഥ പറയുന്ന ആളാകുമ്പോള്‍ എനിക്ക് പല രീതികളില്‍ പറയാം. നോവലായി എഴുതാം. സീരിയലും സിനിമയായും പറയാം. കോമിക് ബുക്കിലൂടെ പറയാം. ഇങ്ങനെ ചില നിബന്ധനകള്‍ ഞാന്‍ വച്ചിട്ടുണ്ട്.

പുരാണം മാത്രമല്ല, ഡിറ്റക്ടീവ് കഥകളും ടിവിക്ക് വേണ്ടി എഴുതിയിട്ടുണ്ട്. അദാലത്ത് എന്നൊരു ക്രൈം ത്രില്ലര്‍, സര്‍ഫറോഷ് എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസ്- നൂറ് വര്‍ഷം മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് അഫ്ഗാന്‍ അതിര്‍ത്തിയില്‍ നടന്ന യുദ്ധമാണ് അതിലെ കഥ. ഇതുവരെ എഴുതിയ നോവലുകളെല്ലാം പുരാണത്തെ അടിസ്ഥാനപ്പെടുത്തിയതാണ്. ഇനി വരാനിക്കുന്നതില്‍ അതല്ലാത്തതുമുണ്ട്.

പുരാണത്തില്‍ ചരിത്രത്തിന്റെ അംശങ്ങള്‍ ഉണ്ടാകാം: ആനന്ദ് നീലകണ്ഠന്‍ 1

ആനന്ദ് നീലകണ്ഠന്‍, പുരാണത്തെ മാറ്റി എഴുതുമ്പോള്‍ അങ്ങനെ പറയാമോ എന്ന ചോദ്യം ആരും ഉയര്‍ത്താറില്ലേ?

പുരാണത്തിന് ധാരാളം വകഭേദങ്ങളുണ്ട്. ഞാന്‍ ഉണ്ടാക്കിപ്പറയുന്നതൊന്നും ഇല്ല. എല്ലാത്തിനും റഫറന്‍സുകളുണ്ട്. കുറച്ച് വിമര്‍ശനം ഉണ്ടെങ്കിലും പൊതുവേ ആളുകള്‍ അംഗീകരിക്കുന്നുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളും കൂടാതെ പുറത്ത് ഇന്തോനേഷ്യയിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിമര്‍ശനം ഉണ്ടാകുമ്പോള്‍ ഞാന്‍ അതിന്റെ റഫറന്‍സ് കൊടുക്കും. പിന്നെ ബഹളം ഉണ്ടാക്കുന്നവര്‍ ബുക്ക് വായിക്കാറില്ല. ബുക്ക് വായിക്കുന്നവര്‍ ബഹളം ഉണ്ടാക്കാറില്ല.

പുരാണമാണ് ചരിത്രം എന്ന് പറയുന്ന ഭരണകൂടം തന്നെയുള്ള കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അതിനെ എങ്ങനെ കാണുന്നു?

പുരാണത്തില്‍ ചരിത്രത്തിന്റെ അംശങ്ങള്‍ ഉണ്ടായിക്കൂടെന്നില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ, എന്റെ ബുക്കുകളിലൊന്നും ദൈവങ്ങളോ അസുരന്‍മാരോ ഇല്ല. കഥാപാത്രങ്ങള്‍ അങ്ങനെ വിളിക്കപ്പെടുന്നുണ്ടാകാം. എന്നാല്‍ ഞാന്‍ മനുഷ്യരുടെ കഥയാണ് എഴുതിയിട്ടുള്ളത്. യുക്തിപരമായിട്ടാണ് എഴുതുന്നത്. യുക്തിബോധമില്ലാത്തത് ഒന്നുമില്ല. ബ്രഹ്മാസ്ത്രം ആറ്റം ബോംബാണെന്ന് ഞാന്‍ എഴുതാറില്ല. ടിവി വിഷ്വല്‍ മാധ്യമം ആയതിനാല്‍ അതിനുവേണ്ടി അങ്ങനെ എഴുതിയേപറ്റൂ. ടിവിയില്‍ അതേപടി കാണിക്കുകയല്ലേ. അതിന് വേറെ വ്യാഖ്യാനങ്ങളൊന്നും കൊടുക്കുന്നില്ലല്ലോ. ബ്രഹ്മാസ്ത്രത്തെ ആറ്റംബോബായി അതിലും കാണിക്കുന്നില്ല. പുസ്തകങ്ങളില്‍ ഒരിക്കലും അങ്ങനെ എഴുതിയിട്ടില്ല.

ഹിന്ദു നാഷണലിസം പുസ്തക വില്‍പനയെ സഹായിച്ചിട്ടുണ്ടോ?

എന്റെ പുസ്തകങ്ങള്‍ അതിനൊപ്പമല്ല പോയിരിക്കുന്നത്. അസുര എന്നത് രാവണന്റെ രാമായണമാണ്. അജയ എന്നത് ദുര്യോധനന്റെ മഹാഭാരതമാണ്. വാനര എന്നത് ബാലിയുടേതാണ്. യഥാര്‍ത്ഥത്തില്‍ അത് എന്റെ യാത്രയെ കുറച്ച് കൂടെ ബുദ്ധിമുട്ടാക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതാണ് ശരിയാണ് ശരിയെന്ന് ഒരു കൂട്ടം ആളുകള്‍ പറയുന്ന സമയത്ത് ഇങ്ങനേയും കഥ പറയാം എന്ന് ഞാന്‍ പറയുന്നു. രാവണനും ഒരു കഥയുണ്ടെന്ന് നമ്മള്‍ പറയുന്നു. ശരിക്കും ഒഴുക്കിനെതിരെ നീന്തുകയാണ് ചെയ്യുന്നത്.

പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

പ്രശ്‌നങ്ങള്‍ രണ്ട് തരത്തിലാണ് ഉണ്ടാകുന്നത്. എഴുത്തുകാരന്‍ തന്നെ പ്രശ്‌നം ഉണ്ടാക്കാന്‍ ഏര്‍പ്പാട് ചെയ്യും. പിന്നെ കഥ എഴുതുമ്പോള്‍ കഥയ്ക്കുവേണ്ടിയല്ലാതെ വിവാദത്തിന് വേണ്ടി എഴുതിയാല്‍ വിവാദമുണ്ടാകും. ഇതൊരു കാഴ്ച്ചപ്പാടാണ്. ഒരു ദൃഷ്ടികോണിലൂടെ കാണുന്ന പുസ്തകമാണ് ഇതെന്ന് പറഞ്ഞാണ് ഞാന്‍ എഴുതുന്നത്. ഇതാണ് സത്യമെന്ന് പറയുന്നില്ല. പിന്നെ ഇതൊരു ഗവേഷണ പ്രബന്ധവുമല്ല. അതിനെ കഥയായി കാണുക. അതുകൊണ്ട് പ്രശ്‌നങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. അവ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമല്ലോ.

പുസ്തകത്തിനുവേണ്ടിയുള്ള യാത്രകള്‍

ഐഒസിയില്‍ കിസാന്‍ സേവ എന്നൊരു പദ്ധതിയുണ്ട്. ഗ്രാമങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. എനിക്ക് അതിന്റെ ചുമതലയുണ്ടായിരുന്നു. ആ സമയത്ത് കണ്ണൂരിന്റേയും വയനാടിന്റേയും ഉള്‍ഭാഗങ്ങൡ യാത്ര ചെയ്തു. യക്ഷഗാനവും പാവക്കൂത്തും ധാരാളം കണ്ടു. യക്ഷഗാനം വളരെ ക്രിട്ടിക്കല്‍ ആയാണ് കഥ പറയുന്നത്. എനിക്ക് കന്നഡയും തുളുവും അറിയില്ല. അതുകൊണ്ട് അവ അറിയാവുന്ന ആളുകളെ കൂടെക്കൂട്ടും.

കര്‍ണാടകം, കേരള അതിര്‍ത്തികളിലെ ഗ്രാമങ്ങളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍ ധാരാളം ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിന്റെ കൂടെ കഥയ്ക്കുള്ള ഗവേഷണവും നടത്തും. കണ്ണൂരില്‍ ഒരു പമ്പിന്റെ ഉടമ പെരുമലയനാണ്. അദ്ദേഹം കളിയാട്ടം കലാകാരനാണ്. അങ്ങനെയുള്ള ധാരാളം പേരുമായി സൗഹൃദമുണ്ട്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More