ആരാണ് പുള്ളിക്കാരി? ഷാരോണ്‍ റാണി സംസാരിക്കുന്നു

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിട്ടുള്ള ക്യാരക്ടറാണ് പുള്ളിക്കാരി (Pullikkari). പുള്ളിയുടിപ്പിട്ട ഒരു പെണ്‍കുട്ടി മലയാളിയുടെ മനസ്സില്‍ ഒട്ടേറെ ചിന്തയും ഒപ്പം ചിരിയും കൂടെ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ (Pinarayi Vijayan) നേരിട്ട് കാണണമെന്ന ആഗ്രഹവുമായി നടക്കുന്ന പുള്ളിക്കാരി കോണ്‍ഗ്രസ് എംഎല്‍എ വി ടി ബലറാമിന്റെ (VT Balaram) മടിയില്‍ ഇരിക്കുന്ന ദൃശ്യവും ഡയലോഗും ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കാഴ്ചയില്‍ പെണ്‍കുട്ടിയാണെങ്കിലും മുതിര്‍ന്നവരുടെ ചിന്തകളും പ്രവര്‍ത്തികളുമാണ് പുള്ളിക്കാരിയുടേത്. ലോകകാര്യങ്ങളോട് തന്റേതായ രീതിയില്‍ പ്രതികരിക്കുന്ന പുള്ളിക്കാരിയുടെ സൃഷ്ടാവ് ഷാരോണ്‍ റാണി (Sharon Rani) കെ സി അരുണുമായി നടത്തിയ ഫേസ് ബുക്ക് മെസെഞ്ചര്‍ സംഭാഷണത്തില്‍ നിന്ന്.

ekalawya.com

പുള്ളിക്കാരിയുടെ ജനനം

2014-ല്‍ ഫോര്‍ട്ട് കൊച്ചിയില്‍ താമസിക്കാന്‍ വരുമ്പോഴാണ് പുള്ളിക്കാരിയെ ഒരു ക്യാരക്റ്റര്‍ ആയി വരച്ചു തുടങ്ങുന്നത്. അതിനു മുന്‍പ് തന്നെ ആ ക്യാരക്റ്റര്‍ മനസ്സിലുണ്ടായിരുന്നു. കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതാണ് എന്റെ ജോലി. എപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി വര്‍ക് ചെയുന്നു. പക്ഷെ അത് ചെയ്യണമെങ്കില്‍ ഇന്ധനം വേണം. ഇടയ്ക്കു സ്വന്തം കഥാപാത്രങ്ങളെയും സൃഷ്ടിക്കുക എന്നതാണ് ഞാന്‍ എന്നില്‍ നിറയ്ക്കുന്ന ഇന്ധനം. അത് ചെയ്തില്ലെങ്കില്‍ മനഃസമാധനം കിട്ടില്ല.

പുള്ളിക്കാരിയെന്ന പേര് ലഭിക്കാന്‍ കാരണം

പ്രത്യേകിച്ച് ഒരു പേര് വേണമെന്ന് തോന്നിയില്ല. പുള്ളിക്കാരി ആരുമാവാം. ഞാനും, നിങ്ങളും, മറ്റൊരാളുമാവാം. റിലേറ്റ് ചെയ്യണം. പുള്ളിയുടുപ്പിട്ട ആള്‍ എന്ന നിലയിലാണ് ആ പേര് വരുന്നത്.

പുള്ളിക്കാരിക്ക് എത്ര വയസ്സായി

പുള്ളിക്കാരിക്ക് വയസില്ല. ബിയോണ്ട് ടൈം ആന്‍ഡ് സ്‌പേസ് .

കൊച്ച് കുട്ടിയുടെ ശരീരവും മുതിര്‍ന്നവരുടെ ചിന്തയും പ്രവര്‍ത്തികളുമാണ് പുള്ളിക്കാരിക്കുള്ളത്. അത് പുള്ളിക്കാരിയെ എങ്ങനെയാണ് ബാധിക്കുന്നത്? പുള്ളിക്കാരി എങ്ങനെയാണ് മാനേജ് ചെയ്യുന്നത്?

പുള്ളിക്കാരി ഒന്നും മാനേജ് ചെയ്യുന്നില്ല. കാരണം പുള്ളിക്കാരിയെ ഒന്നും ബാധിക്കുന്നില്ല. ഡയലോഗ് അടിച്ചിട്ട് സീന്‍ വിട്ടു പോകുകയാണ് പതിവ്. പിന്നെ കുട്ടികളുടെ ചിന്ത മുതിര്‍ന്നവരുടെ ചിന്ത എന്നൊന്നില്ല. ചിന്ത ഒന്നേയുള്ളൂ. അതിനെ ബോധം എന്ന് വിളിച്ചോട്ടെ. എല്ലാ കുട്ടികള്‍ക്കും നല്ല ബോധം ഉണ്ട്. ഒന്നുങ്കില്‍ അത് നാട്ടിലെ സ്‌കൂളിംഗ് കാരണം മറന്നു പോകുന്നതാണ്. ബോധോദയം എന്നൊന്നില്ല. ഉണ്ടെങ്കില്‍ അത് ജന്മനാ ഉണ്ടാകും. ഇല്ലെങ്കില്‍ ഒരിക്കലും ഉണ്ടാവില്ല. ചുമ്മാ വൃഥാ തപസ്സിരിക്കണ്ട. ഭഗവതി എന്ന സങ്കല്പം എന്നെ സംബന്ധിച്ചിടത്തോളം ഒരു പെര്‍പെക്ച്യുല്‍ മൈനര്‍ ആണ്. കുസൃതിയും കുരുത്തക്കേടും വിയലന്‍സും സയലെന്‍സും സെന്നും സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയും സിന്‍ സിറ്റിയുമാണ്.

പുള്ളിക്കാരി ചെന്ന് പെട്ട പീഡോഫിലിക് ആരോപണത്തേയും അതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ പ്രതികരണങ്ങളെക്കുറിച്ചും

കാണുന്നവരുടെ പ്രൊജക്ഷന്‍ എന്ന് പറയും. പിന്നെ വിശദീകരണം തരിക എന്ന ബാധ്യത ഏറ്റെടുക്കുന്നു. അതൊരു കളിയാക്കല്‍ ആയിരുന്നു. പ്രായമോ ജന്‍ഡറോ പ്രശ്‌നമല്ലാത്ത പുള്ളിക്കാരി വി ടി ബല്‍റാമിന്റെ മടിയില്‍ കയറി ഇരുന്നാല്‍ എന്താ കുഴപ്പം.

സംസാരിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും മുമ്പ് രണ്ടാമതൊന്ന് ചിന്തിക്കാന്‍ വിമര്‍ശനങ്ങള്‍ പുള്ളിക്കാരിയെ പ്രേരിപ്പിക്കുന്നുണ്ടോ?

Imitation of imitations many times removed from the truth. ഡിസ്സെക്റ്റ് ചെയ്തു ചിന്തിക്കാന്‍ കഴിയുന്നവര്‍ മാത്രം മനസിലാക്കുക. അവരെ എനിക്ക് വിശ്വാസമാണ്. പുള്ളിക്കാരി സംസാരിക്കുന്നതു വളരെ ക്രൂക്കഡ് ആയ ലോകത്തോടാണ്.

സമൂഹം സ്ത്രീ ചെയ്യാന്‍ പാടില്ലെന്ന് പറയുന്നതെല്ലാം പുള്ളിക്കാരി പറയുകയും ചെയ്യുകയും ചെയ്യുന്നുണ്ട്?

അതിപ്പോ പാടുള്ളതും പാടില്ലാത്തതും എന്തൊക്കെയാണെന്ന് ലിസ്റ്റ് കിട്ടണം. പല തരം സമൂഹങ്ങള്‍ കണ്ടിട്ടുണ്ട്. ഒരിടത്ത് ചെയ്യാവുന്നത് മറ്റൊരിടത്തു ചെയാന്‍ പറ്റില്ല. ഈ ലോകത്ത് എത്ര കോടി മനുഷ്യരുണ്ടോ അത്ര കണ്ടു സമൂഹങ്ങളും ഉണ്ട്. അവ വ്യത്യസ്തങ്ങളാണ്. നോക്കൂ നമ്മള്‍ ഒരു പ്രത്യേക സമൂഹം എന്ന് ക്യാറ്റഗറൈസ് ചെയ്യുന്നത് തന്നെ വ്യത്യസ്തതയുടെ അടിസ്ഥാനത്തിലാണ്. ഈ വ്യത്യസ്തത മനസിലാക്കിയാല്‍ മതി. സ്ത്രീ ചെയുന്നത് പുരുഷന്‍ ചെയുന്നത് എന്നൊക്കെ ഉള്ളത് താത്കാലികമായ വ്യത്യാസങ്ങള്‍ മാത്രമാണ്.

പുള്ളിക്കാരിക്ക് സമൂഹത്തോടുള്ള കാഴ്ചപ്പാട് എന്താണ്?

ഒരു പ്രത്യേക ജിയോഗ്രഫിക്കല്‍ ഏരിയായില്‍ ജീവിക്കുന്ന ആളുകളാണല്ലോ ഈ സമൂഹം. അങ്ങനെ അനേക സമൂഹങ്ങള്‍ ചേരുമ്പോള്‍ ഈ പ്രപഞ്ചം ഉണ്ടാകുന്നു. ഇതിനു ഒരു താളമുണ്ട്. ആ റിഥമാണ് പുള്ളിക്കാരിയുടെ കാഴ്ചപ്പാട്. പുള്ളിക്കാരിയ്ക്കുള്ളിലെ യൂണിവേഴ്‌സല്‍ കാഴ്ചപ്പാടും പുറത്തുള്ള സമൂഹങ്ങളിലെ കാഴ്ചകളും തമ്മില്‍ റിഥമിക് മിസ്റ്റെയ്ക്ക്‌സ് വരുമ്പോഴാണ് പുള്ളിക്കാരി പ്രതികരിക്കുന്നത്.

സൂപ്പര്‍ സാംബാ ഗേളും വീഡി ലേഡിയും പുള്ളിക്കാരിയുടെ ആരായിട്ട് വരും?

അവതാരങ്ങള്‍

ഷാരോണ്‍ റാണിയുടെ ഓള്‍ട്ടര്‍ ഈഗോയാണോ പുള്ളിക്കാരി?

As you interpret it.

പുള്ളിക്കാരിക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു. ആഗ്രഹം സാധിച്ചോ. എന്താ മുഖ്യമന്ത്രിയോട് പറയാനുള്ളത്? പിണറായിയുടെ ആരാധകനാണോ?

ആഗ്രഹം ഇത് വരെ സാധിച്ചില്ല. സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. പുള്ളിക്കാരിക്ക് കാര്യങ്ങള്‍ നേരിട്ട് സംസാരിക്കാനാണ് ഉള്ളത്. വേറെ ആരോടും പറഞ്ഞു വിടേണ്ട. കാണണം.

പുള്ളിക്കാരിയുടെ രാഷ്ട്രീയം എന്താണ്?

പുള്ളിക്കാരിയാണ് രാഷ്ട്രീയം.

പുള്ളിക്കാരി പുള്ളിക്കാരിയെ എങ്ങനെ വിലയിരുത്തുന്നു?

SUPER -!

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More