സമയരഥത്തിലെ സാഹിത്യ യാത്രകള്‍

ekalawya.com
ജയകൃഷ്ണനെ ജെകെ എന്ന് ചുരുക്കിയാല്‍ അദ്ദേഹം ലാറ്റിനമേരിക്കന്‍ സാഹിത്യത്തോടുള്ള മലയാളിയുടെ ജ്വരത്തിന്റെ പര്യായമായി മാറും. അദ്ദേഹത്തെ മലയാള സാഹിത്യത്തില്‍ അടയാളപ്പെടുത്തുന്നത് നിരവധി ലാറ്റിനമേരിക്കന്‍ സാഹിത്യ കൃതികളെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ഒരാളായിട്ടാണ്. നല്ലൊരു വായനക്കാരന്‍ കൂടിയായ അദ്ദേഹം കഥയും കവിതയും നോവലും എഴുതിയിട്ടുണ്ട്. കൂടാതെ അവയ്‌ക്കെല്ലാം വരയ്ക്കുന്നതും അദ്ദേഹം തന്നെയാണ്. അദ്ദേഹത്തിന്റെ ടു ഡൈമന്‍ഷണല്‍ ചിത്രങ്ങള്‍ വായനക്കാരനെ ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ മാജിക് റിയലിസത്തിലേക്ക് അതിവേഗം കൂട്ടിക്കൊണ്ട് പോകും. തന്റെ വായനയെ കുറിച്ചും വരയെ കുറിച്ചും എഴുത്തിനെക്കുറിച്ചും കെ സി അരുണുമായി ജയകൃഷ്ണന്‍ സംസാരിക്കുന്നു.

ജയകൃഷ്ണന്‍

വരയിലേക്ക് വന്നത്

വളരെ ചെറുപ്പത്തിലേ വരയ്ക്കുമായിരുന്നു. നാല് വയസ്സുള്ളപ്പോഴൊക്കെ വരച്ചിരുന്നത് ഓര്‍ക്കുന്നുണ്ട്. പഴയ വീടുകള്‍ക്ക് റെഡോക്‌സൈഡ് കൊണ്ടാണ് തറ ചെയ്തിരുന്നത്. എന്റെ വീട്ടിലെ ആ തറയില്‍ സ്ലേറ്റ് പെന്‍സില്‍ കൊണ്ട് വരച്ചിരുന്നു. വരയുടെ പാരമ്പര്യമില്ലായിരുന്നു. അച്ഛന്‍ മലയാളം അധ്യാപകനായിരുന്നു. വരയ്ക്കുന്നതിനോട് എതിര്‍പ്പൊന്നും പറഞ്ഞിരുന്നില്ല. സ്‌കൂളിലെ ലൈബ്രറിയന്‍ അച്ഛന്‍ തന്നെയായിരുന്നു. അവിടെ നിന്ന് ധാരാളം പുസ്തകങ്ങള്‍ വായിക്കാനായി കൊണ്ടുവരുമായിരുന്നു. വാങ്ങിച്ചും തരും. തുടക്കത്തില്‍ ബാലരമയിലും പൂമ്പാറ്റയിലുമൊക്കെയുള്ള ചിത്രങ്ങളൊക്കെയാണ് വരയ്ക്കാനുള്ള പ്രേരണ. ബാലമാസികകളിലെ കഥകള്‍ മനസില്‍ കൂടുതല്‍ കഥകളുണ്ടാക്കും; അവയൊക്കെ ഞാന്‍ വരച്ചുവെക്കും. അങ്ങനെയാണ് വരയിലേക്ക് വരുന്നത്.

Advt: Buy Echo Show 5 – Smart display with Alexa – 5.5″ screen & crisp sound (Black)

പെയിന്റിംഗ് പഠിക്കാന്‍ പോയിരുന്നില്ല. പുറത്ത് പോയി പഠിക്കാനുള്ള സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും ഒരു ജോലി കിട്ടുക എന്ന ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. 1990-കളുടെ പകുതിയിലൊന്നും അവസരങ്ങളെക്കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു. പിന്നെ ആരും പറഞ്ഞും തന്നിരുന്നില്ല. പക്ഷേ, പെയിന്റൊക്കെ വാങ്ങി വരയ്ക്കാന്‍ തുടങ്ങിയിരുന്നു. ആ സമയത്തൊക്കെ എഴുത്തും തുടങ്ങിയിരുന്നു. മാതൃഭൂമിയിലൊക്കെ കഥയും കവിതയും പ്രസിദ്ധീകരിച്ച് വന്നു. ഒരിക്കല്‍ കഥയുടെ കൂടെ ചിത്രങ്ങളും അയച്ചു കൊടുത്തു. പ്രസാദ് എന്ന ആര്‍ട്ടിസ്റ്റായിരുന്നു അന്ന് മാതൃഭൂമിയില്‍ വര നോക്കിയിരുന്നത്. കഥയുടെ കൂടെ ചിത്രങ്ങളും പ്രസിദ്ധീകരിച്ച് വന്നു. അങ്ങനെയാണ് വലിയൊരു പ്രോത്സാഹനം കിട്ടുന്നത്. ഇപ്പോള്‍ വര കംപ്യൂട്ടറിലാണ്. അതിനായി ഫോട്ടോഷോപ്പും മറ്റും പഠിക്കുകയായിരുന്നു.

ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലേക്ക്

വായനയുടെ കൂടെ ലാറ്റിനമേരിക്കന്‍ കഥകളൊക്കെ വിവര്‍ത്തനം ചെയ്തും തുടങ്ങി. ഇപ്പോള്‍ മാതൃഭൂമി ബുക്‌സിലുള്ള നൗഷാദ് മുമ്പ് പാപ്പിയോണ്‍ എന്നൊരു പുസ്തക പ്രസാധക സ്ഥാപനം നടത്തിയിരുന്നു. അന്ന് ഡിസി ബുക്‌സിലുണ്ടായിരുന്ന സിദ്ധാര്‍ത്ഥന്‍ എന്ന എന്റെ സുഹൃത്ത് നൗഷാദിനോട് എന്നെക്കുറിച്ച് പറഞ്ഞു. അപ്പോള്‍ പാപ്പിയോണിനുവേണ്ടിയൊരു ബുക്ക് ചെയ്യണം എന്ന് നൗഷാദ് പറഞ്ഞു. ലാറ്റിനമേരിക്കന്‍ നാടോടിക്കഥകള്‍ എന്നൊരു പുസ്തകം ഞാന്‍ ചെയ്തു. അതില്‍ വരയ്ക്കുകയും ചെയ്തു. ആ പുസ്തകം ധാരാളം പേര്‍ക്ക് ഇഷ്ടപ്പെട്ടു. ഒരു വ്യത്യസ്തയുണ്ടെന്ന് എല്ലാവരും പറഞ്ഞു.

ഡിസി ബുക്‌സിനുവേണ്ടി ഹുവാന്‍ റുള്‍ഫോ എഴുതിയ പെദ്രോ പരാമോ തര്‍ജ്ജമ ചെയ്തു. അതിന്റെ കൂടെയും എന്റെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെ തുടര്‍ച്ചയായി വരയ്ക്കാനുള്ള അവസരങ്ങള്‍ കിട്ടി. കുട്ടികളുടെ പുസ്തകങ്ങള്‍ക്ക് വേണ്ടി വരച്ചു. എന്നെ ഏറെ പ്രോത്സാഹിപ്പിച്ചിട്ടുള്ള ഡോക്ടര്‍ കെ ശ്രീകുമാറിന്റെ പുസ്തകങ്ങള്‍ക്കുവേണ്ടിയും വരക്കുകയുണ്ടായി. അതില്‍ ഒരു പുസ്തകത്തിലെ ചിത്രങ്ങള്‍ക്ക് 2013-ല്‍ സംസ്ഥാന അവാര്‍ഡ് ലഭിക്കുകയും ചെയ്തു. വഴിത്തിരിവ് അതായിരുന്നു. അതിന് ശേഷം ധാരാളം പേര്‍ ചിത്രം വരയ്ക്കാന്‍ പുസ്തകങ്ങള്‍ തന്ന് തുടങ്ങി. മുന്‍ കളക്ടറായിരുന്ന കെ വി മോഹന്‍ കുമാറിന്റെ ഒരു ബാലസാഹിത്യ പുസ്തകത്തിനുവേണ്ടി വരച്ചു. അതൊക്കെ ശ്രദ്ധിക്കപ്പെട്ടു.

Advt: Buy All-New Kindle (10th Gen), 6″ Display now with Built-in Light, 4 GB, Wi-Fi (Black)

ആദ്യമായി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തില്‍ എന്റെ ഒരു ലേഖനവും കൂടെ ചിത്രങ്ങളും പ്രസിദ്ധീകരിച്ചു. പിന്നെ മാതൃഭൂമിക്കു വേണ്ടി പ്രധാനമായും ലാറ്റിനമേരിക്കന്‍ ചെറുകഥകളെ പരിചയപ്പെടുത്തുന്ന ഒരു കോളവും ചെയ്തു. കൂടെ ചിത്രങ്ങളും. ഈയടുത്ത് വി.കെ ശ്രീരാമന്‍ വേറിട്ട കാഴ്ചകള്‍ എന്ന പരമ്പരയില്‍ ഒരു എപ്പിസോഡ് എന്നെക്കുറിച്ച് ചെയ്തിരുന്നു.

സമയരഥത്തിലെ സാഹിത്യ യാത്രകള്‍ 1

ലാറ്റിനമേരിക്കയും കേരളവും

നമ്മുടെ സാഹചര്യങ്ങളുമായി എവിടെയൊക്കെയോ സമരസപ്പെട്ട് പോകുന്നുണ്ടെന്നുള്ളതു കൊണ്ടാണ് ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തോട് താല്പര്യം തോന്നാന്‍ കാരണം. യൂറോപ്യന്‍ രാജ്യങ്ങളിലെ ഒരു സാഹചര്യമല്ല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുള്ളത്. അവിടത്തെ ദാരിദ്ര്യവും കലാപങ്ങളും പട്ടാള അട്ടിമറികളും ഏകാധിപത്യവും അന്ധവിശ്വാസവും ഏറിയോ കുറഞ്ഞോയൊക്കെ ഇന്ത്യയിലും നിലനില്ക്കുന്നുണ്ട്. പേരുകള്‍ മാത്രമേ മാറുന്നുള്ളൂ. ഞാന്‍ ജോലി ചെയ്യുന്നത് തദ്ദേശസ്വയംഭരണ വകുപ്പിലാണ്. അവിടെ രാഷ്ട്രീയത്തിന്റെ പലതലങ്ങളിലും അധികാരത്തിന്റെ നല്ലതും ചീത്തയുമായ വിനിയോഗങ്ങള്‍ നമുക്ക് കാണാന് സാധിക്കും.

മതമെന്നത് അന്ധവിശ്വാസങ്ങളുടെ കുപ്പത്തൊട്ടിയല്ല: കെപി രാമനുണ്ണി

അതുപോലെ കൂടെ ജോലി ചെയ്യുന്ന ചില ഉദ്യോഗസ്ഥരുടെ അഴിമതി – ഇതൊക്കെ എദ്വേര്‍ദോ ഗലിയാനോയുടേയോ അസ്തൂര്യാസിന്റെയോ ഒക്കെ കഥകളിലെത്തിയ അനുഭവം നമുക്കു തരും. ഗലിയാനോയുടെ കഥകളില്‍ പകല്‍ കണ്‍കെട്ടുകാരും രാത്രി കവര്‍ച്ചക്കാരുമായി മാറുന്ന ചിലരുണ്ട്. അങ്ങനെ ചിലരെ എനിക്കറിയാം. ജനങ്ങള്‍ക്ക് ഉപകാരമുള്ള ഒന്നും ചെയ്യാത്ത ഒരുദ്യോഗസ്ഥ മറ്റുള്ളവരുടെ ചിലവില്‍ ഭക്ഷണം കഴിച്ച് തടിച്ചുചീര്‍ക്കുന്നതും പിന്നെ തടി കുറയ്ക്കാന്‍ കളരിപ്പയറ്റു പഠിക്കുന്നതും കാണിക്കുന്നതും കാണുമ്പോള്‍ ”ഏകാന്തതയുടെ നൂറു വര്‍ഷങ്ങളിലെ ‘ഔറേലിയാനോ സെഗുന്തോയുമായി തീറ്റമത്സരത്തിലേര്‍പ്പെട്ട കാമില സഗസ്ത്യൂമിനെ ഓര്‍മവരും.

സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ രാഷ്ട്രീയം പോലെ അല്ല അത്. ചിലപ്പോഴൊക്കെ നമുക്കത് നേരിട്ട് അനുഭവപ്പെടും. ജോലി ചെയ്യുന്നവര്‍ക്ക് മാത്രമല്ല, ജനങ്ങള്‍ക്ക് പോലും വ്യക്തമായി മനസ്സിലാകും. ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ വലിയ ഡൈമെന്‍ഷനില്‍ കാണപ്പെടുന്ന ഡിക്ടേറ്റര്‍ഷിപ്പിന്റെ ചെറിയ രൂപങ്ങള്‍. പക്ഷേ, അതിന്റെ ഇന്റന്‍സിറ്റി നമുക്ക് കൂടുതലായി അനുഭവപ്പെടും. ലാറ്റിനമേരിക്കന്‍ സാഹിത്യം വായിക്കുമ്പോള്‍ അത് നമ്മുടെ ജീവിതമാണല്ലോയെന്ന് ചിലപ്പോള്‍ തോന്നിപ്പോകും. പോര്‍ച്ചുഗീസ് സാഹിത്യവും ഇതുപോലെ തന്നെയാണ്. പോര്‍ച്ചുഗലിന്റെ കോളനിയായിരുന്ന അംഗോളയിലും മൊസാംബിക്കിലും സമാനമായ സ്ഥിതിയാണുള്ളത്.

Advt: Buy Kindle Paperwhite (10th gen) – 6″ High Resolution Display with Built-in Light, 8GB, Waterproof, WiFi

നമ്മുടെ പരിമിതമായ സമയത്തിനുള്ളില്‍ ലോകസാഹിത്യം മുഴുവന് വായിച്ച് തീര്‍ക്കാന്‍ എനിക്കെന്നല്ല ആര്‍ക്കും പറ്റുകയില്ല. അതുകൊണ്ടു കൂടിയാണ് സ്പാനിഷ് -പോര്‍ച്ചുഗീസ് സാഹിത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം എന്ന് തീരുമാനിച്ചത്.

മറ്റൊരു കാരണം ലാറ്റിനമേരിക്കന്‍ സ്പാനിഷ്, പോര്‍ട്ടുഗീസ് സാഹിത്യങ്ങളില്‍ ഒരു ദൃശ്യവല്‍ക്കരണമുണ്ട്. യൂറോപ്യന്‍ സാഹിത്യത്തേക്കാള്‍ കൂടുതല്‍ ദൃശ്യപരത അവയ്ക്കുണ്ട്. ഈ സാഹിത്യമൊക്കെ വായിക്കുമ്പോള്‍ നമുക്ക് വിഷ്വലൈസ് ചെയ്യാന്‍ പറ്റും. ഒരു കാര്യം വായിക്കുമ്പോള്‍ അത് ചിത്രമായിട്ടാണ് എന്റെ മനസ്സില്‍ തെളിയുന്നത്. സിനിമ കാണുമ്പോഴും എനിക്കുള്ളൊരു പ്രശ്‌നം അതില്‍ കാണുന്ന ഫ്രെയ്മിന് അപ്പുറത്തൊരു ചിത്രം എന്റെ മനസ്സില് വരും. അത് മനസ്സിലൊരു കോണ്‍ഫ്‌ളിക്ട് ഉണ്ടാക്കും.

പുസ്തകങ്ങള്‍ ശേഖരിക്കുന്നത്

ഒരുകാലത്ത് ലാറ്റിനമേരിക്കന്‍ പുസ്തകങ്ങളൊന്നും കിട്ടില്ലായിരുന്നു. എം കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം വായിക്കുമ്പോള്‍ അതില്‍ പറഞ്ഞിരിക്കുന്ന പുസ്തകങ്ങള്‍ വായിക്കാതെ മരിച്ച് പോകുമോയെന്ന പേടിയെനിക്കുണ്ടായിരുന്നു. ഓണ്‍ലൈന് പുസ്തക വില്പനയാണ് ഏറെ സഹായം ചെയ്തത്. ആമസോണും ഫ്‌ളിപ്കാര്ട്ടും പിന്നെ ഇന്‍ഫിബീമും മഹത്തായ പുസ്തകങ്ങളുടെ സെക്കന്റ് ഹാന്‍ഡ് കോപ്പി നല്‍കി. പുതിയതിന് വലിയ വിലയാകും. അത് നമുക്ക് വാങ്ങിക്കാന്‍ പലപ്പോഴും ശേഷിയുണ്ടായിരുന്നില്ല. ഞാന്‍ വായിക്കാന് ആഗ്രഹിച്ച 99 ശതമാനം പുസ്തകങ്ങളും എനിക്ക് ഇങ്ങനെ വാങ്ങി വായിക്കാന്‍ സാധിച്ചു.

രാഷ്ട്രീയമുള്ള എഴുത്തുകാരനാവാന്‍ സദാ പ്രസ്താവനകള്‍ നടത്തണമെന്നില്ല: അബിന്‍ ജോസഫ്‌

പിന്നെ വായനയുടെ കാര്യത്തില്‍ എന്നെ ഗൈഡ് ചെയ്യുന്ന കുറച്ച് പേരുണ്ട്. നേരത്തെ പറഞ്ഞ രാഹുല്‍ രാധാകൃഷ്ണന്‍, ഡോക്ടര്‍ രാജേഷ് എന്നിവരൊക്കെ നന്നായി വായിക്കുന്നവരാണ്. അവര്‍ വായിക്കുന്ന മികച്ച പുസ്തകങ്ങളും ലിറ്ററി കോളങ്ങളും എനിക്ക് സജസ്റ്റ് ചെയ്യാറുണ്ട്. എന്റെ ശ്രദ്ധയില്‍പ്പെടുന്നവ ഞാനും അവരോട് പറയാറുണ്ട്. ഞങ്ങള്‍ പരസ്പരം പുസ്തകങ്ങളും പങ്കുവയ്ക്കാറുമുണ്ട്.

എന്റെ ചിത്രങ്ങളാണ് അവരിലേക്കുള്ള സൗഹൃദത്തിന്റെ വാതില്‍ തുറന്നത്. അവ കണ്ട് അവര്‍ പരിചയപ്പെടുകയായിരുന്നു. ഫേസ് ബുക്ക് വന്നതോട് കൂടി ഏകദേശം ഒരേ അഭിരുചിയുള്ളവര്‍ തമ്മിലുള്ള പരിചയപ്പെടാനുള്ള സാധ്യത വര്‍ദ്ധിച്ചിട്ടുണ്ട്. 2005-ല്‍ രാജേഷാണ് എനിക്ക് പെദ്രോ പരാമോ നല്കുന്നത്. അന്ന് ഓണ്‍ലൈന് പര്‍ച്ചേസ് വന്നിട്ടില്ല. അമേരിക്കയില്‍ നിന്നുള്ള ഒരു സുഹൃത്തിന്റെ കൈയില്‍ നിന്നും ലഭിച്ച ഫോട്ടോസ്റ്റാറ്റ് കോപ്പിയുടെ കോപ്പി രാജേഷ് എനിക്ക് നല്‍കുകയായിരുന്നു. അതുപയോഗിച്ചാണ് ഞാന്‍ പെദ്രോ പരാമോ വിവര്‍ത്തനം ചെയ്യുന്നത്.

സമയരഥത്തിലെ സാഹിത്യ യാത്രകള്‍ 2

പെദ്രോ പരാമോ ഉന്മാദത്തിലെത്തിച്ചു

ഒരേ സമയം നല്ല അനുഭവവും ചീത്ത അനുഭവവും നല്‍കിയ വിവര്‍ത്തനമായിരുന്നു അത്. എത്ര തവണ ഞാന്‍ ആ പുസ്തകം വായിച്ചുവെന്ന് എനിക്ക് അറിയില്ല. നൂറ് തവണയിലധികം വായിച്ചിട്ടുണ്ട്. വിവര്‍ത്തനം ചെയ്ത് കഴിഞ്ഞതോട് കൂടി എനിക്കാ പുസ്തകം മനപാഠമായി മാറി. ഇപ്പോഴത് എനിക്ക് വായിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ ഞാന്‍ വിവര്‍ത്തനം ചെയ്യുന്നത് നിര്‍ത്തി. ഇപ്പോള്‍ പെദ്രോ പരാമോ എടുക്കുമ്പോള്‍ തന്നെ അറിയാം ഏത് പേജില്‍ എന്തൊക്കെയാണ് ഉള്ളതെന്ന്. മറ്റേത് ഓരോ പുതിയ വായനയിലും നമുക്ക് പുതുതായി എന്തെങ്കിലും കണ്ടെത്താന്‍ സാധിക്കുമായിരുന്നു. അതൊരു വലിയ നഷ്ടമാണ്.

വരുണ്‍ ചന്ദ്രന്‍: തോല്‍ക്കാന്‍ മനസ്സില്ലാത്ത സംരംഭകന്‍

ആ പുസ്തകം വരച്ചതും പ്രത്യേക അനുഭവമായിരുന്നു. ഒരു തരം ഉന്മാദത്തിന്റെ അവസ്ഥയില്‍ നിന്നിട്ടാണ് ഞാന്‍ അത് വരച്ചത്. വല്ലാതെയെന്നെ ആവേശിച്ച ഒരു പുസ്തകമായിരുന്നു അത്. വീട്ടിലും ഓഫീസിലുമൊക്കെ എനിക്ക് വലിയ പ്രശ്‌നമായിപ്പോയി. ആള്‍ക്കാരോട് സംസാരിക്കുമ്പോള്‍ പ്രശ്‌നമാകുന്നു. ആ പുസ്തകത്തിലുള്ളത് മരിച്ചവരായിരുന്നു. അങ്ങനെ പ്രശ്‌നമായി കഴിഞ്ഞപ്പോള്‍ കുറച്ച് നാള്‍ വിവര്‍ത്തനവും വരയും നിര്‍ത്തിവച്ചു. ജനങ്ങളുമായി എപ്പോഴും നേരിട്ട് ബന്ധപ്പെടുന്ന ഓഫീസാണ് എന്റേത്. ഈ നോവലില്‍ മരിച്ചയാളുകളാണ് സംഭാഷണം നടത്തുന്നത്. ഓഫീസില്‍ വരുന്നവരൊക്കെ മരിച്ചാല്‍ എങ്ങനെയുണ്ടാകും എന്ന് ഞാന്‍ ചിന്തിച്ച് തുടങ്ങി. ജനങ്ങളോട് യാഥാര്‍ത്യബോധത്തോടെ പെരുമാറാനും കാര്യങ്ങള്‍ ചെയ്ത് കൊടുക്കാനും പറ്റാതായി. ഒരാള്‍ മരണസര്‍ട്ടിഫിക്കറ്റിന് വരുമ്പോള്‍ അയാള്‍ സ്വന്തം മരണ സര്‍ട്ടിഫിക്കറ്റിനുവേണ്ടി വന്നാല്‍ എങ്ങനെയുണ്ടാകും എന്ന് ആലോചിച്ച് പോയാല്‍ വലിയ പ്രശ്‌നമാണ്. ഈ ചിന്ത നമ്മളുടെ പെരുമാറ്റത്തില്‍ പ്രതിഫലിക്കുകയും അവര്‍ക്ക് വലിയ ഇറിറ്റേഷന്‍ ഉണ്ടാകുന്നതായും എനിക്ക് തോന്നി.

ഒരു ഇവാഞ്ചലിക്കല്‍ സിസ്റ്റര്‍ ജനനം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അവര്‍ അതിനായി വന്നു. അവര്‍ക്ക് ലാറ്റിനമേരിക്കയിലേക്കാണ് പോകേണ്ടത്. അവര്‍ വന്നപ്പോള്‍ വലിയ പ്രശ്‌നമായി. ലാറ്റിനമേരിക്ക നമ്മുടെ സ്വപ്ന ഭൂമിയാണല്ലോ. ആ സിസ്റ്ററുടെ കൈയിലാണെങ്കില്‍ ഒരു രേഖയുമില്ല. രേഖകളില്ലാതെ ലാറ്റിനമേരിക്കയില്‍ പോകാന്‍ പറ്റില്ലേയെന്ന് ഞാന്‍ ചിന്തിച്ചു. അത് എന്റെ വായില്‍ നിന്നും അറിയാതെ വീണും പോയി. കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് തമാശയായി തോന്നും. ചിലപ്പോള്‍ ദേഷ്യം വരും. വലിയൊരു ഭ്രാന്തിലേക്ക് പോകുന്നില്ല. എന്നാല്‍ പോലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. നമുക്ക് വിവര്‍ത്തനവും ജോലിയും ഒരുമിച്ച് ചെയ്യാന്‍ പറ്റാത്ത അവസ്ഥ വരും. അങ്ങനെ പ്രശ്‌നമായപ്പോള്‍ വിവര്‍ത്തനം നിര്‍ത്തിവച്ചു. അപ്പോള് ഡിസി ബുക്‌സില്‍ നിന്നും എന്തുകൊണ്ടാണ് ലേറ്റാകുന്നതെന്ന് ചോദിച്ച് വിളി വന്ന് തുടങ്ങി. അപ്പോള്‍ ഞാന്‍ കുറെനാള്‍ ലീവ് എടുത്തു. വിവര്‍ത്തനം പൂര്‍ത്തിയാക്കി.

സീമകളില്ലാത്ത അഭിനയപര്‍വ്വം

സര്‍ഗാത്മക ജീവിതവും ഔദ്യോഗിക ജീവിതവും തമ്മില്‍ കോണ്‍ഫ്‌ളിക്ട് വരും. അതില്‍ തന്നെ ഒരു മാജിക്കല്‍ റിയലിസം വരുന്നുണ്ട്. എങ്കിലും ഞാന്‍ എഴുതുന്ന കഥകളില്‍ അതൊക്കെ കൊണ്ട് വരാന്‍ സാധിക്കും. അതൊക്കെ നമുക്ക് മൈന്യൂട്ട് ആയി കാണാനും വേറെ ലെവലില്‍ നിന്ന് ചിന്തിക്കാനും സാധിക്കും. മറ്റെവിടെയെങ്കിലുമായിരുന്നു ജോലിയെങ്കില്‍ അത്രത്തോളം ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. രാഷ്ട്രീയത്തിന്റെ നല്ല വശവും അധികാര പ്രമത്തതയും കാണാന്‍ സാധിക്കുന്നുണ്ട്. പഞ്ചായത്ത് പ്രതിനിധികളൊക്കെ താഴെത്തട്ടില്‍ നിന്ന് വരുന്നവരാണ്. ജനങ്ങള്‍ക്കുവേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന് ആഗ്രഹമുള്ളവരാണ്. ചെയ്യുന്നുമുണ്ട്. പക്ഷേ, അധികാരം ആളുകളെ ദുഷിപ്പിക്കുന്നുവെന്ന് പറയുന്നില്ലേ. ചിലപ്പോഴൊക്കെ നമുക്കത് ഫീല് ചെയ്യും.

സമയരഥത്തിലെ സാഹിത്യ യാത്രകള്‍ 3

സ്വന്തം കഥകള്‍ക്ക് വരയ്ക്കുക

കഥകളൊക്കെ ചിത്രങ്ങളായിട്ടാണ് ആദ്യം മനസ്സില്‍ വരിക. അപ്പോള്‍ ആദ്യം വരയ്ക്കും. പിന്നീട് എഴുതും. ഇപ്പോള്‍ ഞാന്‍ ഗ്രാഫിക് കഥകളാണ് ചെയ്യുന്നത്. ചിത്രങ്ങള്‍ വരുമ്പോള്‍ എഴുത്തിന്റെ സ്ഥൂലത കുറയും. അപ്പോള്‍ എഴുത്ത് നീണ്ട് നീണ്ട് പോകില്ല. എഴുത്തിലൂടെ പറയാന്‍ പറ്റാത്ത ഒരുപാട് കാര്യങ്ങളുണ്ട്. നിങ്ങളൊരു നദി കണ്ടു. ആ നദിയെ കുറിച്ച് വേറൊരാളോട് പറഞ്ഞു കൊടുക്കുമ്പോള്‍ ആ നദിയുടെ നിഴല്‍ പോലുമാകില്ല; പക്ഷേ വരയ്ക്കുമ്പോള്‍ അതിന്റെ നിഴലെങ്കിലുമാകും. വരയ്ക്കുമ്പോള്‍ എഴുത്തിന് വേറൊരു തലം കിട്ടും. ആ രീതിയിലാണ് ഞാന്‍ എഴുതുകയും വരയ്ക്കുകയും ചെയ്യുന്നത്. അതിലൂടെ നമുക്ക് കഥകള്‍ ചെറുതാക്കാന്‍ സാധിക്കും. അന്തരീക്ഷ സൃഷ്ടിയൊന്നും കഥയില്‍ കൊണ്ടുവരേണ്ടതില്ല. അത് ആ ചിത്രം പറഞ്ഞോളും. അതിലൂടെ വായനക്കാരന് എഴുത്തും വരയും നോക്കി കഥയെ വേറൊരു രീതിയില് വ്യാഖ്യാനിക്കാന് സാധിക്കും.

ഉര്‍വശി ശാരദയും ലോട്ടസ് ചോക്ലേറ്റും പിന്നെ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരും

ബാലസാഹിത്യകൃതികള്‍ക്കുവേണ്ടി വരയ്ക്കുന്നത് വലിയ സന്തോഷം നല്കാറുണ്ട്. കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ എപ്പോഴും എന്റേത് പോലെ ടു ഡൈമെന്‍ഷണല്‍ ആയിരിക്കും. എന്റെ ചിത്രങ്ങളില്‍ നിറങ്ങളുടെ ആധിക്യവുമുണ്ട്. അത് കുട്ടികള്‍ക്ക് നന്നായി ഇഷ്ടപ്പെടും. ആസ്വദിച്ചാണ് കുട്ടികള്‍ക്കുവേണ്ടി വരയ്ക്കാറുള്ളത്.

വായനയെക്കുറിച്ച് പറയാത്ത എഴുത്തുകാര്‍

നമ്മുടെ എഴുത്തുകാരുടെ വായനയെ കുറിച്ച് നമുക്കൊന്നും അറിയില്ല. ഈ എഴുത്തുകാരുടെ ബാക്കിയെല്ലാ ലൈഫും നമുക്ക് അറിയാം. വലിയ എഴുത്തുകാരൊക്കെ ഒന്നാന്തരം വായനക്കാരാണ്. അവരൊക്കെ വായിച്ച പുസ്തകങ്ങളുടെ കണക്കും പേരും കേട്ടാല്‍ നമ്മളൊക്കെ അമ്പരന്ന് പോകും. പെദ്രോ പരാമോയുടെ എഴുത്തുകാരന്‍ ദിവസവും രണ്ട് നോവല്‍ വച്ച് വായിക്കുമായിരുന്നു. എഴുത്തുകാര്‍ എന്താണ് വായിക്കുന്നതെന്ന് അറിയാന്‍ എനിക്കെപ്പോഴും വലിയ ആകാംക്ഷയുണ്ട്. നല്ലൊരു പാട്ടുകാരന്‍ ആകാന്‍ ധാരാളം പാട്ട് കേട്ടേ മതിയാകു. ചിത്രകാരന്‍ ആകാന്‍ ധാരാളം ചിത്രങ്ങള്‍ കണ്ടേ മതിയാകൂ. നല്ലൊരു എഴുത്തുകാരന്‍ നല്ലൊരു വായനക്കാരന്‍ ആയിരിക്കുമെന്നാണ് എന്റെ പക്ഷം. പക്ഷേ, അതിനെപ്പറ്റി അവര്‍ ഒരിടത്തും പറയുന്നില്ല. എം.ടി, മുകുന്ദന്‍, സി.വി ബാലകൃഷ്ണന്‍, കരുണാകരന്‍ തുടങ്ങി ചുരുക്കം ചിലരൊഴികെ. അവര്‍ക്ക് പറയാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടാകാം. അവരുടെ പ്രണയവും രോഗവുമടക്കമുള്ള കാര്യങ്ങളെ കുറിച്ച് പറയുമ്പോള്‍ വായനയെ കുറിച്ച് പറയാത്തതെന്ത്?. അത് അറിയുക എന്നത് വായനക്കാരന്റെ കൂടെ അവകാശമാണ്.

സമയരഥത്തിലെ സാഹിത്യ യാത്രകള്‍ 4

എഴുത്തിലെ ലാറ്റിനമേരിക്കന്‍ വായനയുടെ സ്വാധീനം

നേരത്തേ പറഞ്ഞില്ലേ, നമ്മുടെ അനുഭവങ്ങളുമായി അവരുടേതിന് സമാനതകളുണ്ടെന്ന്. ഒറിജിനാലിറ്റി എന്നൊന്നില്ല; ആരോ പറഞ്ഞ വാചകങ്ങളാണ് നമ്മള്‍ പറയുന്നത് എന്ന് ബോര്‍ഹേസ് പറഞ്ഞിട്ടുണ്ട്. അതുപോലെ നമ്മുടെ എക്‌സ്പീരിയന്‍സിനെ ഈ കഥകള്‍ വായിക്കുമ്പോള്‍ സ്ഫുടം ചെയ്ത് എടുക്കാന്‍ സാധിക്കുന്നുണ്ട്. മറ്റൊരു തലത്തില്‍ അതിനെ നോക്കിക്കാണാന്‍ സാധിക്കും. നമ്മുടേതും അവരുടേതും അനുഭവങ്ങളാണ്. ഒരു പ്രിസത്തിലൂടെ കടത്തി വിടുന്നത് പോലെ നമ്മുടെ അനുഭവത്തെ കാണാന്‍ സാധിക്കും. നമ്മുടേതിനെ രാകി മിനുക്കാന്‍ വായന സഹായിക്കും.

ജലസമാധി: വൃദ്ധരെ ദയാവധത്തിന് വിധിക്കുന്ന ഗ്രാമത്തിന്റെ കഥ

എല്ലാ മനുഷ്യര്‍ക്കും സമാനതകളുള്ള ജീവിതാനുഭവങ്ങള്‍ ഏറിയോ കുറഞ്ഞോ ഉണ്ടാകും. വിശപ്പിന്റേയും കഷ്ടപ്പാടിന്റേയും ഒറ്റപ്പെടലിന്റേയും കാലങ്ങളുണ്ടാകും. ആത്മഹത്യയെപ്പറ്റി ചിന്തിക്കാത്ത ആരും തന്നെയുണ്ടാകില്ല. നഷ്ടങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. എന്റെ വിശപ്പും നിങ്ങളുടെ വിശപ്പും രണ്ടും രണ്ടാണ്. ഇവയെ എങ്ങനെയാണ് നമ്മള്‍ മറ്റാരും പറയാത്ത രീതിയില്‍ ആവിഷ്‌കരിക്കുമ്പോഴാണ് അത് ഒറിജിനാലിറ്റിയുള്ള സാഹിത്യമാകുന്നത്. വൈക്കം മുഹമ്മദ് ബഷീറിനൊക്കെ മറ്റാര്‍ക്കും ഉണ്ടാകാത്ത ധാരാളം അനുഭവങ്ങളുണ്ട്. നമ്മള്‍ മാനസികതലത്തില്‍ ആ അനുഭവങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടാകും. എന്നാല്‍ നേരിട്ട് അനുഭവിച്ചിട്ടുണ്ടാകില്ല. ഒരു വാര്‍ത്ത – ഉദാഹരണമായി ജയ് ശ്രീ റാം വിളിക്കാത്തതിന് ഒരു മുസ്ലിം ബാലനെ ചുട്ടുകൊന്നത് വായിക്കുമ്പോള്‍ നമ്മള്‍ ആ ഒരു സാഹചര്യത്തില്‍ എത്തിപ്പെട്ടാല്‍ എങ്ങനെയിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടാകാം. അത് മാനസികമായി അനുഭവച്ചിട്ടുണ്ടാകാം. അനുഭവങ്ങളുടെ കൂടെ വായന കൂടെ വരുമ്പോള്‍ ആ അനുഭവങ്ങളെ മറ്റാര്‍ക്കും കാണാന് പറ്റാത്ത ഒരു ആംഗിളിലൂടെ നമുക്ക് കാണാന് പറ്റും. അപ്പോള്‍ അത് വരയ്ക്കാനോ എഴുതാനോ നമുക്ക് പറ്റും.

സ്വാധീനിച്ച ചിത്രകാരന്‍

എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ള ചിത്രകാരന്മാരിലൊരാള്‍ അര്‍ജന്റീനക്കാരനായ സുള്‍ സൊളാര്‍ (Xul Solar ) ആണ്. ചിത്രങ്ങളേക്കാലുപരി എന്നെ ആകര്‍ഷിച്ചത് അദ്ദേഹം ഒരു ഇമാജിനറി ലാംഗ്വേജ് ഉണ്ടാക്കി എന്നതാണ്. ഗണിതശാസ്ത്രം, പോര്‍ടുഗീസ്, സ്പാനിഷ് ഭാഷകള്‍, താന്‍ തന്നെ വരച്ചുണ്ടാക്കിയ ചിത്രങ്ങള്‍ എന്നിവയൊക്കെ ചേര്‍ത്ത് അദ്ദേഹം ഒരു ഭാഷയുണ്ടാക്കി. ആ ഭാഷക്ക് ഉച്ചാരണം പോലും അദ്ദേഹം ഉണ്ടാക്കി. അക്ഷരങ്ങള്‍ ഒരര്‍ത്ഥത്തില് ചിത്രങ്ങളാണ്. ചിത്രങ്ങളാകട്ടെ മറ്റൊരു ഭാഷയും. അത് എന്നെ വളരെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്തു. ആ സ്വാധീനം എന്റെ ഗ്രാഫിക് കഥകളില്‍ കാണാം. എന്റെ ആദ്യ ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യാസം അദ്ദേഹത്തെ കുറിച്ച് മനസ്സിലാക്കിയശേഷം പിന്നിടുള്ളവയ്ക്ക് വന്നു. ആദ്യം വെറും ചിത്രീകരണമായിരുന്നു ചെയ്തിരുന്നത്. പക്ഷേ സൊളാര്‍, എന്റെ വിഷന്‍ തന്നെ മാറ്റി. എഴുതേണ്ട ചിലതൊക്കെ എഴുതാതെ വരച്ചാല്‍ മതിയെന്ന് വന്നു. ഞാന് മനസ്സിലാക്കുന്നത് പോലെയായിരിക്കില്ല വായനക്കാരന്‍ മനസ്സിലാക്കുന്നത്. പക്ഷേ, അതൊരു പ്രശ്‌നമല്ല. ഒരേ കഥ പലര്‍ വായിക്കുമ്പോള്‍ ആ കഥയും പലതാകുന്നു.

ബൈജു എന്‍ നായര്‍: മലയാള ഓട്ടോമൊബൈല്‍ ജേര്‍ണലിസത്തിന്റെ പിതാവ്‌

baiju n nair

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More