ജോസേട്ടന്‍: ഫുട്‌ബോള്‍ കളിപ്പറച്ചിലിലെ സെഞ്ചൂറിയന്‍
കോഴിക്കോട്ടെ ഫുട്‌ബോള്‍ ആരാധകരുടെ ജോസേട്ടന്‍ കളിപറച്ചിലിലെ സെഞ്ചൂറിയനാണ്. കൊല്‍ക്കത്തയില്‍ നടന്ന 129-ാമത് ഡ്യൂറന്റ് കപ്പിന്റെ ഫൈനലില്‍ ഗോകുലം കേരള എഫ് സി മോഹന്‍ ബഗാനെ തോല്‍പിച്ച് കപ്പുയര്‍ത്തിയപ്പോള്‍ ആകാശവാണിക്ക് വേണ്ടി മലയാളം കമന്ററി പറഞ്ഞാണ് അദ്ദേഹം കളിപറച്ചിലില്‍ നൂറ് മത്സരങ്ങള്‍ തികച്ചത്. കൂടരഞ്ഞി സ്വദേശിയായ വി എ ജോസ് ഫുട്‌ബോള്‍, വോളിബോള്‍ കമന്ററിയിലൂടെ ജോസ് മാഷും ജോസേട്ടുമായി. കമന്ററിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല അദ്ദേഹത്തിന്റെ കായിക രംഗത്തോളുള്ള പ്രണയം. കുട്ടിക്കാലത്ത് ഫുട്‌ബോളും ബാസ്‌ക്കറ്റ് ബോളും വോളിബോളും കളിച്ചിരുന്ന അദ്ദേഹം പരിക്ക് മൂലം കളിക്കളത്തില്‍ നിന്നും പിന്‍മാറിയെങ്കിലും കളിപറച്ചിലുകാരനായും റഫറിയായും തിരിച്ചെത്തുകയായിരുന്നു. മലപ്പുറം വാഴക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നും അധ്യാപകനായി വിരമിച്ച അദ്ദേഹം ആയിരക്കണക്കിന് കളികളാണ് നിയന്ത്രിച്ചിട്ടുള്ളത്. വി എ ജോസ് തന്റെ ജീവിത കഥ കെ സി അരുണുമായി പങ്കുവയ്ക്കുന്നു.
കളിക്കാരനില്‍ നിന്നും റഫറിയിലേക്ക്
ചെറുപ്പത്തിലേ സ്‌പോര്‍ട്‌സില്‍ താല്‍പര്യമുണ്ടായിരുന്നു. ഫുട്‌ബോളും ബാസ്‌ക്കറ്റ് ബോളും വോളിബോളും കളിക്കുമായിരുന്നു. അത്‌ലറ്റിക്‌സിലും ഉണ്ടായിരുന്നു. സ്‌കൂളിനുവേണ്ടി ജൂനിയര്‍ ചാമ്പ്യനായിട്ടുണ്ട്. പരിക്കേറ്റതിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നു. എങ്കിലും സ്‌പോര്‍ട്‌സുമായുള്ള ബന്ധം നിലനിര്‍ത്താന്‍ വേണ്ടി 1986-ല്‍ ഫുട്‌ബോള്‍ റഫറി ടെസ്റ്റ് എഴുതി വിജയിച്ചു. 36 പേര്‍ ടെസ്റ്റ് എഴുതിയതില്‍ ഞാനടക്കം ആറ് പേരാണ് വിജയിച്ചത്.
അന്ന് നല്ല കഠിനമായിരുന്നു പരീക്ഷ. അങ്ങനെ കോഴിക്കോട് ജില്ല ഫുട്‌ബോള്‍ അസോസിയേഷന് കീഴില്‍ ക്ലാസ് 2 റഫറിയായി. അതിന് ശേഷം 25 കൊല്ലത്തോളം പലതരത്തിലുള്ള ടൂര്‍ണമെന്റുകളില്‍ റഫറിയായിട്ടുണ്ട്. ജില്ല, സംസ്ഥാന ടൂര്‍ണമെന്റുകളില്‍ റഫറി ആയിട്ടുണ്ടെങ്കിലും ദേശീയ തലത്തില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. 1990-ല്‍ വോളിബോളിലും റഫറിയായി. സംസ്ഥാനം, യൂത്ത് തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ കളികള്‍ നിയന്ത്രിച്ചു. മറ്റൊരു രസകരമായ കാര്യം ഔദ്യോഗിക റഫറിയായില്ലെങ്കിലും വടംവലിയിലും റഫറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
25 കൊല്ലത്തോളം ഫുട്‌ബോള്‍ റഫറിയായും 20 കൊല്ലത്തോളം വോളിബോള്‍ റഫറിയായും ഫുട്‌ബോളില്‍ 3000-ത്തോളവും വോളിബോളില്‍ 1000-ത്തോളവും മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. വോളിബോള്‍ ടൂര്‍ണമെന്റുകള്‍ കുറവായതിനാലാണ് നിയന്ത്രിച്ച മത്സരങ്ങളുടെ എണ്ണം കുറഞ്ഞത്. പ്രായം കൂടിവരുന്തോറം മത്സരങ്ങളുടെ എണ്ണവും കുറച്ചു. പിന്നെ റഫറി ലൈസെന്‍സ് നിലനിര്‍ത്തുന്നതിനുവേണ്ട നിശ്ചിത എണ്ണം മത്സരങ്ങള്‍ മാത്രമേ ചെയ്തിരുന്നുള്ളൂ. എട്ട് മത്സരങ്ങളാണ് അതിനുവേണ്ടത്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഔദ്യോഗിക മത്സരങ്ങള്‍ ചെയ്തിട്ടില്ല. നാട്ടിലെ ടൂര്‍ണമന്റുകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ.
കമന്ററിയിലേക്ക്
ആകാശവാണി 1990-ല്‍ കമന്റേന്റര്‍മാരെ ക്ഷണിച്ച് കൊണ്ട് പരസ്യം ചെയ്തിരുന്നു. എനിക്ക് കമന്ററി കേള്‍ക്കുന്ന ഹരമായിരുന്നു. ടി ദാമോദരനും ശങ്കുണ്ണി മേനോനും നാഗവള്ളി ആര്‍ എസ് കുറുപ്പിന്റെയൊക്കെ കമന്ററി കേട്ടാണ് ഞാന്‍ വളരുന്നത്. അന്ന് ആകാശവാണിയില്‍ കെ എ മുരളീധരന്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി പതിനഞ്ച് മിനിട്ട് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കളി പറയിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലാണ് പരീക്ഷാര്‍ത്ഥികളെ കമന്ററി പറയാന്‍ ഇരുത്തിയത്. ഒരു ദിവസം മൂന്ന് പേര്‍ കളി പറയും. 37 പേരാണ് ആ സെലക്ഷനില്‍ പങ്കെടുത്തത്. അതില്‍ നിന്നും സെലക്ട് ആയത് ഞാന്‍ മാത്രമായിരുന്നു. അത് മാത്രമല്ല, ആ നാഗ്ജിയുടെ ഫൈനലില്‍ കളി പറയാന്‍ അവസരം കിട്ടുകയും ചെയ്തു.
ശോഭയും ബാലു മഹേന്ദ്രയും തമ്മിലെ ബന്ധം നീളില്ലെന്ന് അറിയാമായിരുന്നു: കെ ജി ജോര്‍ജ്
അക്കാലത്ത് മികച്ച രീതിയില്‍ കളി പറയുന്ന രണ്ട് മൂന്ന് പേര്‍ എന്റെയൊപ്പം ഫൈനലില്‍ കളി പറയാന്‍ ഉണ്ടായിരുന്നു. ചെമ്പേരി സി എല്‍ ജോസ്, സി പി ശ്രീധരന്‍, ഭാസി മലാപറമ്പില്‍ എന്നിവരായിരുന്നു അവര്‍. ഞാനന്ന് രണ്ട് റൗണ്ട് പറഞ്ഞു. എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു.
നൂറാം മത്സരത്തിനുവേണ്ടി കാത്തിരുന്നത് ഒന്നര വര്‍ഷം
ജീവിതത്തില്‍ ഇതുവരെ ദേശീയ ഗെയിംസ്, ഫെഡറേഷന്‍ കപ്പ്, നാഗ്ജി, നെഹ്‌റു കപ്പ്, സന്തോഷ് ട്രോഫി, ജിവി രാജ, സിസേഴ്‌സ് കപ്പ്, നാഷണല്‍ വോളിബോള്‍ തുടങ്ങിയ എല്ലാ പ്രമുഖ ടൂര്‍ണമെന്റുകളുടെ മത്സരങ്ങളില്‍ കമന്ററി പറഞ്ഞു. എന്റെ നൂറാമത്തെ മത്സരമായിരുന്നു ഈ വര്‍ഷത്തെ ഡ്യൂറന്റ് കപ്പിന്റെ ഫൈനല്‍. നൂറാമത്തെ കളിക്കായി ഞാന്‍ ഒന്നൊരക്കൊല്ലം കാത്തിരുന്നു. അതുവരെ ടൂര്‍ണമെന്റുകള്‍ കേരളത്തില്‍ ഉണ്ടായില്ല. കൂടാതെ ഫൈനലും.
ഡ്യൂറന്റ് കപ്പ് അപ്രതീക്ഷിതമായിരുന്നു. കേരളത്തിന് പുറത്ത് മലയാളം കമന്ററി ചരിത്രത്തില്‍ ആദ്യമായിട്ടാണ് ആകാശവാണി പറയുന്നത്. ഹിന്ദി, ഇംഗ്ലീഷില്‍ മാത്രമാണ് പറഞ്ഞിരുന്നത്. നടക്കുന്ന കായിക ഇനം താല്‍പര്യമുള്ള സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷയില്‍ കൂടെ കമന്ററി പറയണമെന്നൊരു പുതിയൊരു നിര്‍ദ്ദേശം ഇപ്പോള്‍ വന്നിട്ടുണ്ട്. അതിന്‍ പ്രകാരമാണ് ഗോകുലം കേരള എഫ് സി മത്സരിക്കാന്‍ ഇറങ്ങിയ ഡ്യൂറന്റ് കപ്പിന്റെ കളി പറയാന്‍ എനിക്ക് അവസരം ലഭിച്ചത്.
കമന്ററി പറയാന്‍ ഏറെ ബുദ്ധിമുട്ടിയ മത്സരം
ആ വര്‍ഷം തിരുവനന്തപുരത്ത് നടന്ന നെഹ്‌റു കപ്പില്‍ മൂന്ന് മത്സരങ്ങള്‍ പറഞ്ഞു. ജീവിതത്തില്‍ ഇതുവരെ പറഞ്ഞിട്ടുള്ളതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരം ഈ ടൂര്‍ണമെന്റിലായിരുന്നു. എന്റെ കൂടെയുണ്ടായിരുന്ന സതീഷ് ചന്ദ്രനും വിഷമിച്ചു. റുമേനിയയും ബള്‍ഗേറിയയും തമ്മിലെ മത്സരമായിരുന്നു അത്. രണ്ടും അയല്‍രാജ്യങ്ങളാണ്. രണ്ടിലേയും കളിക്കാര്‍ ഒരുപോലെയിരിക്കും. ജഴ്‌സി നമ്പര്‍ മാത്രമാണ് അവരെ തമ്മില്‍ തിരിച്ചറിയാനുള്ള ഏക മാര്‍ഗ്ഗം. നാക്കുളുക്കുന്ന പേരുകളും. 22 പേരുകളും ഓര്‍ത്തെടുക്കണം. പിന്നെ സബ്സ്റ്റിറ്റിയൂഷന്‍ വരുന്നവരുടെ പേരുകളും. 15 മിനിട്ടെടുത്തു ഞങ്ങള്‍ക്ക് ഏതാണ്ടൊന്ന് നിലയുറപ്പിക്കാന്‍. മറ്റൊന്ന് ദേശീയ ഗെയിംസിലെ വനിത ഫുട്‌ബോള്‍ ഫൈനലായിരുന്നു. കളിയുടെ തലേദിവസമാണ് എനിക്ക് അറിയിപ്പ് കിട്ടുന്നത്. അന്ന് കളി പറയേണ്ടയാള്‍ക്ക് അസൗകര്യം വന്നതിനെ തുടര്‍ന്നായിരുന്നു എന്നെ പെട്ടെന്ന് വിളിപ്പിച്ചത്. കളിക്കാരെ പരിചയപ്പെടാന്‍ എനിക്ക് ഒരു മണിക്കൂറെ കിട്ടിയുള്ളൂ.
കളിപറച്ചിലിന് വേണ്ട തയ്യാറെടുപ്പ്
മുഴുവന്‍ ടീമുകളുടേയും വിശദാംശങ്ങള്‍ ചരിത്രമടക്കം മനപാഠമാക്കിയിട്ടുണ്ട്. ടീമിലെ കളിക്കാരുടെ വിവരങ്ങള്‍. അവരുടെ ശൈലി, പ്രത്യേകതകള്‍, അവര്‍ ഏത് പൊസിഷനിലാണ് കളിക്കുന്നത്. അവര്‍ ദേശീയ താരമാണോ. അന്താരാഷ്ട്ര താരമാണോ. അവര്‍ നേടിയ ഗോളുകള്‍. പങ്കെടുത്ത മത്സരങ്ങള്‍ തുടങ്ങിയവയെല്ലാം അറിഞ്ഞിരിക്കണം. പഴയ തലമുറയിലെ കളിക്കാരെ കാണുമ്പോള്‍ തന്നെ മനസ്സിലാകും. പുതിയ താരങ്ങളെ പരിചയപ്പെട്ട് വരുന്നതേയുള്ളൂ. നമ്മള്‍ ഒരിക്കല്‍ കമന്ററി പറഞ്ഞിട്ടുള്ള കളിക്കാരനാണെങ്കില്‍ പെട്ടെന്ന് തന്നെ മനസ്സിലാകും. മത്സരം നിയന്ത്രിക്കുന്നത് ആരാണെന്ന് കളി തുടങ്ങും മുമ്പ് മനസ്സിലാക്കിയിരിക്കണം. ഫൈനലിലാണ് കമന്ററി പറയുന്നതെങ്കില്‍ ആ ടീമുകള്‍ ആ ടൂര്‍ണമെന്റില്‍ തോല്‍പിച്ച ടീമുകള്‍ ഏതൊക്കെ, സമനില, നേടിയ ഗോളുകള്‍, ആരാണ് അടിച്ചത്, വ്യത്യസ്തകള്‍ തുടങ്ങിയ വിവരങ്ങളും പ്രത്യേകം മനസ്സിലാക്കിയിരിക്കണം. സംഘാടകര്‍ അന്നത്തെ ടീമിന്റെ കളിക്കാരുടെ പട്ടിക മാത്രമേ നല്‍കുകയുള്ളൂ. ബാക്കിയൊക്കെ കമന്റേറ്റര്‍മാര്‍ അന്വേഷിച്ച് കണ്ടെത്തണം. നമ്മള്‍ കളി പറയാത്ത മത്സരങ്ങള്‍ ലൈവ് ഉണ്ടെങ്കില്‍ അത് കാണണം. പണ്ട് വളരെ പാടായിരുന്നു വിവരങ്ങള്‍ കണ്ടെത്താന്‍. ഇപ്പോള്‍ ഇന്റര്‍നെറ്റിന്റേയും ഗൂഗിളിന്റേയും സഹായം ഉള്ളതിനാല്‍ വിവര ശേഖരണം എളുപ്പമാണ്.
ഓമന പള്ളിലച്ചന്‍ കത്തോലിക്ക സഭയ്ക്കുള്ള പ്രൊട്ടസ്റ്റന്റ് മാതൃക
കളി പറയുമ്പോള്‍ ഒരു ടീമുകളുടേയും പക്ഷം പിടിക്കാന്‍ പാടില്ല. നിക്ഷ്പക്ഷമായിരക്കണം അവലോകനങ്ങളും നിരീക്ഷണങ്ങളും. ഞാന്‍ മലയാളി ആയത് കൊണ്ട് കേരളത്തില്‍ നിന്നുള്ള ടീമുകളുടെ പക്ഷം പിടിക്കാന്‍ പാടില്ല. അവരുടെ കളി മോശമാണെങ്കില്‍ അത് പറയണം. മികവും പറയണം. എന്താണ് കളിക്കളത്തില്‍ നടക്കുന്നതെന്ന് പറയണം.
കളിക്കാരെ പരിചയപ്പെടാന്‍ അരമണിക്കൂര്‍ മാത്രമേ കിട്ടുകയുള്ളൂ. പരിശീലന സമയത്താണ് അവരെ പരിചയപ്പെടാന്‍ അവസരം ലഭിക്കുക. പക്ഷേ, എങ്കിലും ഡ്രസിങ് റൂമില്‍ മാനേജരുടെ അനുവാദത്തോടെ പോയി സംസാരിക്കാം. എങ്കിലും കളിക്കാരുമായി വ്യക്തിബന്ധം സൂക്ഷിക്കുന്നില്ല. കളി പറയാന്‍ അവരുമായി അറ്റാച്ച്‌മെന്റ് ആവശ്യമില്ല. ഒരു കളിക്കാരന്റെ പൊതുവായ കാര്യങ്ങള്‍ ചോദിച്ച് അറിയുന്നതിന് കമന്റേറ്റര്‍ക്ക് അവരുമായി വ്യക്തിബന്ധം ആവശ്യമില്ല. വ്യക്തിബന്ധങ്ങള്‍ കളിക്കാരനെ പുകഴ്ത്താനുള്ള ടെന്‍ഡന്‍സി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
റഫറിയായത് കൊണ്ടുള്ള ഗുണം
ഞാന്‍ റഫറിയായത് കാരണം എനിക്ക് മറ്റ് കമന്റേറ്റര്‍മാരില്‍ നിന്നും പോസിറ്റീവായ അഡ്വാന്റേജ് ഉണ്ട്. കളി നിയമങ്ങള്‍ അറിയുന്നതിന്റെ മുന്‍തൂക്കം. കളിക്കളത്തില്‍ റഫറി ഒരു തീരുമാനമെടുത്താല്‍ അത് അതേനിമിഷം തന്നെ എനിക്ക് വിശകലനം ചെയ്യാന്‍ സാധിക്കും. എനിക്ക് അറിയാവുന്ന രണ്ട് കളികള്‍ മാത്രമേ കമന്ററി പറയാന്‍ ഞാന്‍ പോകുകയുള്ളൂ. ഫുട്‌ബോളും വോളിബോളും മാത്രം. കാരണം ആയിരക്കണക്കിന് കളികള്‍ ഞാന്‍ നിയന്ത്രിച്ചിട്ടുള്ളതിനാല്‍ ആധികാരികമായി എനിക്ക് സംസാരിക്കാന്‍ സാധിക്കും. ടിവിയില്‍ കളി കാണുന്ന ഒരാള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകും മുമ്പ് തന്നെ എന്റെ കമന്ററി റേഡിയോയില്‍ കേള്‍ക്കുന്ന ഒരാള്‍ക്ക് മനസ്സിലാകും.
നിങ്ങള്‍ എറിയുന്ന ഓരോ കല്ലും ഞാന്‍ നാഴികക്കല്ലാക്കും: ഫുട്‌ബോള്‍ കമന്റേറ്റര്‍ ഷൈജു ദാമോദരന്‍
റേഡിയോയെക്കാള്‍ എളുപ്പം ടിവി തന്നെ
ദൂരദര്‍ശനുവേണ്ടിയും ഞാന്‍ കമന്ററി പറഞ്ഞിട്ടുണ്ട്. റേഡിയോയേക്കാള്‍ എളുപ്പമാണ് ടിവിയ്ക്കുവേണ്ടി കമന്ററി പറയുന്നത്. കാരണം ഒരു കളിക്കാരനേയും പ്രേക്ഷകന് പരിചയപ്പെടുത്തി കൊടുക്കേണ്ടതില്ല. അവര്‍ കാണുന്ന കാര്യങ്ങള്‍ വീണ്ടും വിശദീകരിച്ച് പറയേണ്ടതില്ല. അതേസമയം റേഡിയോയില്‍ കളി കേള്‍ക്കുന്ന ഒരാള്‍ക്ക് മനസ്സില്‍ കളി കാണുന്ന ഫീല്‍ ഉണ്ടാക്കുന്ന തരത്തില്‍ വിശദീകരിച്ച് നല്‍കേണ്ടതുണ്ട്. ഒരു മിനിട്ടില്‍ അനവധി പാസ്സുകള്‍ കളിക്കാര്‍ കൈമാറും. പത്ത് മിനിട്ടില്‍ പറയാനുള്ളത് ഒരു മിനിട്ടില്‍ സംഭവിക്കും. ആ ചലനങ്ങള്‍ എല്ലാം റേഡിയോ കമന്ററിയില്‍ പറയുന്നത് ദുഷ്‌കരമാണ്. അപ്പോള്‍ പ്രധാനപ്പെട്ടവ മാത്രം ഉള്‍പ്പെടുത്തി സംസാരിക്കും. എന്നാല്‍ കളിയുടെ ഫ്‌ളോ നഷ്ടപ്പെടാനും പാടില്ല. കിക്കുകള്‍ പുറത്തേക്ക് പോകുന്ന സമയത്ത് അല്ലെങ്കില്‍ ഒരു കളിക്കാരന്‍ കോര്‍ണര്‍ കിക്ക് എടുക്കാന്‍ പോകുന്നതിനിടയില്‍ നമുക്ക് കളി കൂടുതല്‍ വിശദീകരിക്കാന്‍ സമയം ലഭിക്കും. അപ്പോള്‍ കളിക്കാരുടെയോ ടീമുകളുടെയോ വിശേഷങ്ങള്‍ പറയാന്‍ അവസരം ലഭിക്കും.
മമ്മൂട്ടിയെ ഷൂട്ട് ചെയ്യുന്നതായിരുന്നു വലിയ വെല്ലുവിളി: സുധീപ് ഇളമണ്‍
പറയുന്ന ശൈലി
എന്റെ സ്വന്തം ശൈലിയിലാണ് ഞാന്‍ കമന്ററി പറയുന്നത്. ഒഴുക്കും ഭാഷാശുദ്ധിയുമാണ് അതിന്റെ പ്രത്യേകതകള്‍. ഒരു കമന്റേറ്റര്‍ക്ക് വേണ്ടത് ഭാഷശുദ്ധിയാണ്. അനുസ്യൂതമായ പ്രവാഹത്തോടെ സംസാരിക്കാന്‍ കഴിയണം. കളി വര്‍ണിക്കുമ്പോള്‍ പറയുന്ന സ്റ്റാറ്റിസ്റ്റിക്‌സില്‍ തെറ്റുണ്ടാകാന്‍ പാടില്ല. സാങ്കേതികപദങ്ങളും ഓര്‍ത്തിരിക്കണം. പരമാവധി അവയുടെ മലയാളം പറയാന്‍ ശ്രമിക്കും. അതില്ലെങ്കില്‍ മാത്രമേ ഇംഗ്ലീഷ് ഉപയോഗിക്കുകയുള്ളൂ. വോൡബോളില്‍ ഫെഡറേഷന്‍ കപ്പിനും ദേശീയ ചാമ്പ്യന്‍ഷിപ്പിനും മാത്രമേ കമന്ററി പറയാറുള്ളൂ. വോളിബോളില്‍ മിനിട്ടുകള്‍ നീളുന്ന റാലികളെ കുറിച്ച് കമന്ററി പറയുമ്പോള്‍ ആളുകളെ ആവേശഭരിതരാക്കുന്ന തരത്തില്‍ സംസാരിക്കാന്‍ കഴിയും.
Comments are closed.