ചാള്‍സ്‌ രാജകുമാരനെ ചികിത്സിച്ച മലയാളി ഹോമിയോ ഡോക്ടര്‍

ഇംഗ്ലണ്ടിലെ രാജകുടുംബാംഗമായ ചാള്‍സ് രാജകുമാരനെ കോവിഡ് 19 രോഗം ബാധിച്ചതും ഹോമിയോ ചികിത്സ കൊണ്ട് രോഗം ഭേദമായിയെന്നുള്ള വാര്‍ത്തകള്‍ വന്നതും പിന്നാലെ രാജകുടുംബം വാര്‍ത്ത നിഷേധിച്ചതും മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍, ഇംഗ്ലീഷ് രാജകുടുംബം ചികിത്സ തേടാറുള്ള ഒരു മലയാളി ഹോമിയോ ഡോക്ടറുണ്ട്, ബംഗളുരുവില്‍ സൗഖ്യ എന്ന ഹോളിസ്റ്റിക് ചികിത്സാ കേന്ദ്രം നടത്തുന്ന വയനാട് സുല്‍ത്താന്‍ബത്തേരിക്കാരനായ ഡോക്ടര്‍ ഐസക് മത്തായി നൂറനാല്‍.

ഹോമിയോപ്പതിയിൽ കേരളത്തിൽ നിന്ന് ബിരുദം നേടി ലണ്ടനിൽ തുടർപഠനം പൂർത്തിയാക്കി ഹോളിസ്റ്റിക് മെഡിസിൻ എന്ന പുതിയ സംയോജിത ചികിത്സാരീതിയിലൂടെ ലോകം കീഴടക്കാനുള്ള യാത്രയിലാണ് ആ മലയാളി. തന്റെ ചികിത്സാ രീതിയുടെ പ്രത്യേകതകളും കേരളം പ്രചോദിപ്പിച്ചതെങ്ങനെയെന്നും അഭിമുഖത്തോട് വിവരിക്കുകയാണ് അദ്ദേഹം. ബാംഗ്‌ളൂരിലെ സൗഖ്യ ഹോളിസ്റ്റിക് ഹെൽത്ത് സെന്ററിന്റെ കോ ഫൗണ്ടറും, ചെയർമാനുമായ ഡോക്ടര്‍ ഐസക് മത്തായി ധനശ്രീയുമായി സംസാരിക്കുന്നു.

കേരളവുമായുള്ള ബന്ധം? കേരളം എങ്ങനെ സ്വാധീനിച്ചു ?

ചാള്‍സ്‌ രാജകുമാരനെ ചികിത്സിച്ച മലയാളി ഹോമിയോ ഡോക്ടര്‍ 1
ഡോക്ടര്‍ ഐസക്ക് മത്തായി നൂറനാല്‍

ഞാൻ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ്. മാതാവ് അന്നമ്മ മത്തായി ഹോമിയോ ഡോക്ടറായിരുന്നു. എ.എൻ.എസ്.എസ് മെഡിക്കൽ കോളേജിൽ നിന്നാണ് ബിരുദം നേടിയത്. പിന്നീടാണ് ലണ്ടനിൽ നിന്ന് എം.ഡിയും എം.ആർ.സി.എച്ചും നേടിയത്.

ഏറ്റവും ജനകീയമായ ഹോമിയോപ്പതി-ആയുർവേദ ക്‌ളിനിക്കുകൾ കേരളത്തിലാണുള്ളത്. ആരോഗ്യപരിരക്ഷാ രംഗത്ത് അലോപ്പതി മാത്രമല്ല ആയുർവേദവും ഹോമിയോപ്പതിയും വളരെയധികം സംഭാവന ചെയ്യുന്നുണ്ട്. ഏറ്റവും പഴയ ആയുർവേദ ഹോസ്പിറ്റൽ കേരളത്തിലാണുള്ളത്. മികച്ച ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിലൊന്ന് കോട്ടയത്ത് കുറിച്ചിയിലാണ്.

ഗവൺമെന്റിന് കീഴിൽ ഏറ്റവും കൂടുതൽ ആയുർവേദ ഹോമിയോപ്പതി ഡിസ്‌പെൻസറികളുള്ളത് ഒരു പക്ഷേ കേരളത്തിലാകും. ഇത്തരത്തിലുള്ള കേരള മോഡൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ആ രീതികളെല്ലാം പുതിയൊരു പ്രസ്ഥാനം ആരംഭിച്ചപ്പോൾ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. സംയോജിത രീതിക്ക് പ്രാമുഖ്യം കൊടുക്കേണ്ടതാണെന്ന ചിന്ത ഉടലെടുത്തത് അങ്ങനെയാണ്. പക്ഷേ മറ്റൊരു കുഴപ്പം ഇപ്പോൾ കേരളത്തിലുണ്ടെന്ന് എനിക്ക് തോന്നുന്നു.

അലോപ്പതി ഡോക്ടർമാർക്ക് ആയുർവേദ ഹോമിയോപ്പതി ഡോക്ടർമാരെ ഇഷ്ടമല്ല. അവർക്കെതിരെ കുപ്രചരണം നടത്തും. ഹോമിയോപ്പതിക്കാർ അത് മാത്രമേ നല്ലതുള്ളൂ എന്ന് പ്രചരിപ്പിക്കും. അത് അത്ര നല്ല പ്രവണതയല്ല. ഈ നല്ല ചികിത്സാ രീതികളെല്ലാം സംയോജിപ്പിച്ച് ഉചിതമായത് ഉചിതമായ സമയത്ത് ഉചിതമായ ആളുകൾക്ക് കൊടുത്ത് ആരോഗ്യചികിത്സാ രംഗത്ത് മുന്നേറ്റം സാദ്ധ്യമാക്കാൻ കേരളത്തിനാകും. മറ്റെല്ലാ സംസ്ഥാനങ്ങളിലും ബാംഗ്‌ളൂരിൽ ഉൾപ്പെടെ ഈ രീതിയിൽ കാര്യങ്ങൾ നടക്കുന്നുണ്ട്. അത് നടക്കാതിരിക്കുന്നത് സങ്കടകരമായ കാര്യമാണ്.

സൗഖ്യ സ്ഥാപിക്കുന്നത് എന്നാണ്?

1997ലാണ് ബാംഗ്‌ളൂരിൽ ഇതിനായി ഭൂമിയേറ്റെടുത്ത് പ്രവർത്തനം തുടങ്ങുന്നത്. വിദേശത്ത് നിന്നുള്ളവരായിരുന്നു പ്രധാനമായും സൗഖ്യയെ ആശ്രയിച്ചിരുന്നത്. എനിക്കവർക്കായി ലണ്ടനിൽ ചികിത്സ ആരംഭിക്കാമായിരുന്നു. അവരെ എനിക്ക് ഇന്ത്യയെ കൊണ്ടുവരണമായിരുന്നു. ഇന്ത്യയുടെ മഹത്വം അവരെ കാണിക്കണമായിരുന്നു.

ലോകത്തെ പ്രസിദ്ധരായ ഏറെ ആളുകൾ ഇപ്പോൾ ഇന്ത്യയെ തേടിവന്നു. ഇപ്പോളിതാ സഹായ എന്ന പേരിൽ കുറഞ്ഞ ചെലവിൽ 200 ബെഡുകളോടെയുള്ള ചികിത്സാ കേന്ദ്രത്തിന്റെയും പ്രവർത്തനത്തിനും തുടക്കമിടുകയാണ്. ഒരുവർഷത്തിനുള്ളിൽ ഈ ജനകീയ പ്രോജക്ട് നടപ്പിലാക്കാനാകുമെന്നാണ് കരുതുന്നത്. ബാംഗ്ലൂരിൽ വൈറ്റ് ഫീൽഡിന് സമീപം സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു.

ഇതോടെ നിർദ്ധന രോഗികൾക്ക് മുതൽ കോടീശ്വരന്മാർക്ക് വരെ മികച്ച ചികിത്സയ്ക്കുള്ള അവസരവും ഉണ്ടാകും. ഇതോടൊപ്പം യൂറോപ്പിലും അമേരിക്കയിലും സൗഖ്യയുടെ ബ്രാഞ്ചുകൾ ആരംഭിക്കാനും പദ്ധതിയിട്ടുണ്ട്.

എന്തൊക്കെ രോഗങ്ങളിലാണ് സൗഖ്യയിൽ ചികിത്സ ലഭിക്കുന്നത്?

ന്യൂറോളജിക്കൽ ഡിസോർഡർ, സന്ധിവാതം, കുടൽസംബന്ധമായ രോഗങ്ങൾ, കരൾ രോഗങ്ങൾ, മാനസിക രോഗങ്ങൾ, പ്രതിരോധസംവിധാനത്തെ ബാധിക്കുന്ന രോഗങ്ങൾ എന്നിവയ്‌ക്കെല്ലാം ചികിത്സയുണ്ട്. എല്ലാം ചികിത്സിച്ച് ഭേദമാക്കാനാകുമെന്ന അവകാശ വാദങ്ങളൊന്നുമില്ല. ചിലത് പൂർണ്ണമായും മാറ്റാം. ചില രോഗാവസ്ഥയിൽ നിന്ന് മെച്ചപ്പെട്ട അവസ്ഥയിലേക്ക് മാറാം.

കൊറോണ രോഗവുമായി ബന്ധപ്പെട്ട് പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ ഫലപ്രദമാണെന്ന് പ്രചരണമുണ്ട്. ഇതെത്രത്തോളം സത്യമാണ്. ഇക്കാര്യത്തിൽ പഠനങ്ങൾ വല്ലതും നടന്നിട്ടുണ്ടോ ?

പ്രതിരോധിക്കാൻ സഹായിക്കുമെന്നത് ശരിയാണ്. പക്ഷേ പഠനങ്ങൾ ഒന്നുമുണ്ടായിട്ടില്ല. അങ്ങനെ ആരും പറയുന്നുമില്ല. കൊറോണയ്ക്കായി ചികിത്സിച്ചിട്ടില്ല. പനിയുടെ ലക്ഷണങ്ങളോടെയുള്ള രോഗമാണിത്. ഫ്‌ളൂ വൈറസാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടോ മൂന്നോ ശതമാനം ആളുകളിലാണ് ഇത് മാരകമാകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.  ഫ്‌ളൂ കാലാകാലങ്ങളായി ഞാൻ തന്നെ ചികിത്സിക്കുന്നുണ്ട്. അപ്പോൾ അതിനൊരു സാദ്ധ്യതയുണ്ട്.

പ്രതിരോധമെന്ന നിലയിൽ 99ശതമാനം പേർക്കും ഉപയോഗിക്കാനാകും. പ്രതിരോധമരുന്ന് കണ്ടെത്താൻ അലോപ്പതിയിലാണെങ്കിലും പരീക്ഷണങ്ങളൊക്കെ പിന്നിട്ട് കാലങ്ങളെടുക്കും. പേഷ്യന്റ്‌സ് മരിച്ചുപോകുന്നതിന് പകരം മരുന്ന് കൊടുത്താൽ അതിന്റെ ഫലം നമുക്ക് കാണാൻ പറ്റും. പിന്നെ രോഗത്തെ പ്രതിരോധിക്കാൻ പ്രതിരോധ സംവിധാനത്തെ ബൂസ്റ്റ് അപ് ചെയ്യാൻ ഹോമിയോ മരുന്ന് കൊണ്ടാകും. കർണാടകത്തിൽ സംസ്ഥാന സർക്കാരൊക്കെ പ്രതിരോധസംവിധാനമെന്ന നിലയിൽ ഉപയോഗിക്കാമെന്ന് തീരുമാനിച്ചിട്ടുണ്ട്.

പിന്നെ ഞാൻ ഗവൺമെന്റ് ഒഫ് ഇന്ത്യയുടെ ഇതുമായി ബന്ധപ്പെട്ട കമ്മിറ്റിയിലൊക്കെ അംഗമാണ്. കഴിഞ്ഞദിവസങ്ങളിൽ കൊവിഡ് 19മായി ബന്ധപ്പെട്ട പൊസിറ്റീവ് കേസിലൊക്കെ എന്തോക്കെ കൊടുക്കാമെന്നത് സംബന്ധിച്ച പുതിയ പ്രോട്ടോക്കോൾ ഉണ്ടാക്കിയിട്ടുണ്ട്.

ഹോമിയോ മരുന്നും ആയുർവേദ മരുന്നുമൊക്കെ ഈ പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യമൊന്ന് പ്രയോഗത്തിൽ കൊണ്ടുവരാനായിട്ട് കർണ്ണാടക ഗവൺമെന്റ് തയ്യാറായി ഇരിക്കുകയാണ്.  പൊസിറ്റീവ് കേസിലൊക്കെ ആയുർവേദവും ഹോമിയോ മരുന്നും നൽകാനാണ് തീരുമാനം. എന്നിട്ട് ഫലം സംബന്ധിച്ച് നിരീക്ഷിക്കാം എന്ന് തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസം കേന്ദ്ര ഗവൺമെന്റ് ആ ഉത്തരവ് ഇറക്കുമെന്നാണ് കരുതുന്നത്.

ഇതിന്റെ ഫലം സംബന്ധിച്ച് നിരീക്ഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടോ?

കേന്ദ്ര ഗവൺമെന്റ് അത്തരം ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇതോടൊപ്പം സെൻട്രൽ റിസർച്ച് കൗൺസിൽ ഒഫ് ഹോമിയോപ്പതി ആക്ടീവായി മുന്നോട്ടുവന്നിട്ടുണ്ട്. സെൻട്രൽ കൗൺസിൽ ഒഫ് റിസർച്ച് ഇൻ ഇന്ത്യൻ മെഡിസിൻ ഉൾപ്പെടെ ഇതിനായി രംഗത്ത് വരുമെന്ന് അറിയിച്ചിട്ടുണ്ട്. ഇപ്പോൾ എല്ലാവരും വേഗത്തിൽ വരുന്നുണ്ട്. ഇതെല്ലാം ഇന്ത്യയുടെ മെഡിക്കൽ പോളിസിയുടെ ഭാഗമായി വരുന്നതാണ്. അങ്ങനെയേ നടപ്പിലാകൂ. അല്ലാതെ വ്യക്തിപരമായി കാര്യങ്ങൾ നടപ്പിലാക്കുക പ്രായോഗികമല്ല.

ചാള്‍സ്‌ രാജകുമാരനെ ചികിത്സിച്ച മലയാളി ഹോമിയോ ഡോക്ടര്‍ 2

ചാൾസ് രാജകുമാരനുമായുള്ള ബന്ധത്തെക്കുറിച്ച്?

അദ്ദേഹം സൗഖ്യയില്‍ വന്ന് താമസിച്ച് ചികിത്സിച്ചിട്ടുണ്ട്. 10-15 വര്‍ഷമായി ചികിത്സ നടത്തുന്നുണ്ട്. ഞാന്‍ മാത്രല്ല ഒരു പാനല്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തെയും കുടുംബത്തെയും ചികിത്സിക്കുന്നുമുണ്ട്. അദ്ദേഹത്തെ ഹോളിസ്റ്റിക് മെഡിസിനില്‍ ഞാനാണ് ചികിത്സിക്കുന്നത്. റെഗുലറായി ആ കുടുംബത്തെ കാണാറുണ്ട്.

കാലാകാലങ്ങളിൽ ചികിത്സയുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങളും ഉപദേശങ്ങളും രാജകുടുംബത്തിന് നൽകുന്നു. നോബൽ ജേതാവും ബിഷപ്പുമായ ഡെസ്മണ്ട് ടുട്ടു, ഹോളിവുഡ് നടി എമ്മ തോംസൺ ഉൾപ്പെടെ നിരവധി പേർ രണ്ട് പതിറ്റാണ്ടിനിടെ സൗഖ്യയെ തേടിയെത്തിയിട്ടുണ്ട്.

പക്ഷേ പലപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പേഷ്യന്റ്‌സ് വരുന്നുണ്ട്. ന്യൂറോളജിക് ഡിസോർഡറിനൊക്കെയാണ് ചികിത്സ തേടുന്നത്. സൗദി അറേബ്യയിലെ ഷേക്കിന്റെ മകൾ അമേരിക്കയിലൊക്കെ ചികിത്സിച്ച് ഏഴ് കോടിയോളം രൂപ ചെലവാക്കിയെങ്കിലും ഫലമുണ്ടായില്ല.

സൗഖ്യയിലെത്തി മൂന്ന് ആഴ്ച വീതം രണ്ട് പ്രാവശ്യം ചികിത്സയ്ക്ക് വിധേയയായി. ഒരു വർഷം കൊണ്ട് പൂർണ്ണമായും ഭേദമായി. ഒപ്ടിക്കൽ ന്യൂറൈറ്റിസ് എന്ന രോഗമായിരുന്നു അവർക്ക്. ഹോമിയോപ്പതിയും ആയുർവേദ മരുന്നുകളും കഴിക്കാൻ നൽകി. നാച്യുറോപ്പതി, അക്യുങ്പക്ചർ, യോഗ എന്നിവയും ട്രീറ്റ്‌മെന്റിന്റെ ഭാഗമായി.

നൂറ് കണക്കിന് രോഗികളെയാണ് അമേരിക്കയിലെയും ലണ്ടനിലെയും ഡോക്ടർമാർ സൗഖ്യയിലേക്ക് റഫർ ചെയ്യുന്നത്. പലരും രണ്ട് ആഴ്ച മുതൽ രണ്ട് മാസം വരെ ചികിത്സയ്ക്ക് വിധേയരായി സുഖമായി മടങ്ങുന്നു. ഇത്തരത്തിൽ 110 രാജ്യങ്ങളിൽ നിന്ന് ഇപ്പോൾ സൗഖ്യയിലേക്ക് രോഗികളെത്തുന്നു.

ഹോളിസ്റ്റിക് മെഡിസിൻ എന്നാലെന്താണ്? അതിന്റെ പ്രത്യേകതകൾ

മനുഷ്യനെ മുഴുവനായിട്ട് ചികിത്സിക്കുക എന്നതാണ് അതിന്റെ ആശയം.  രണ്ട് കാര്യങ്ങളാണ് ഈ ചികിത്സാ രീതിയിൽ പ്രധാനം. മനസ്, ശരീരം, ആത്മാവ് എന്നിവ കേന്ദ്രീകരിച്ചാണ് ചികിത്സ. പോഷണം, പാരിസ്ഥിതിക, സാമൂഹിക, മാനസിക വശങ്ങളെല്ലാം പരിഗണിച്ചാണ് ചികിത്സ.  

സമഗ്രമായ ചികിത്സാ സംവിധാനമാണ് രണ്ടാമത് പരിഗണിക്കുക. ഒറ്റ ചികിത്സാരീതി കൊണ്ട് എല്ലാ സാദ്ധ്യമാകുമെന്ന ധാരണയല്ല അത്. സംയോജിതചികിത്സാ രീതി അവലംബിക്കുകയാണ് ചെയ്യുന്നത്. അലോപ്പതി ഹോളിസ്റ്റിക് രീതിയിൽ ഉപയോഗിക്കാമെങ്കിൽ അങ്ങനെ. ആയുർവേദത്തിനും ഹോമിയോപ്പതിക്കും പ്രകൃത്യാൽ തന്നെ ഹോളിസ്റ്റിക് അപ്രോച്ചുണ്ട്.

രോഗിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച്  ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിൽ അലോപ്പതി രീതിയിൽ ശസ്ത്രക്രിയ, ആർത്രൈറ്റിസ് പോലുള്ളവയ്ക്ക് ആയുർവേദം, ആസ്തമയ്ക്ക് ഹോമിയോപ്പതി അങ്ങനെ ഊന്നൽ കൊടുക്കേണ്ട ചികിത്സാരീതികൾ ഏതെന്ന് കണ്ടെത്തുക. ഏതൊക്കെ സിസ്റ്റം ഏതൊക്കെ ഇടങ്ങളിൽ കൂടുതൽ കാര്യക്ഷമമാണെന്ന് കണ്ടെത്തി അനുയോജ്യമായത് തിരഞ്ഞെടുക്കുക. ഇത്തരം സംയോജിപ്പിച്ച ചികിത്സാരീതിയാണ് ഹോളിസ്റ്റിക് മെഡിസിൻ കൊണ്ടുദ്ദേശിക്കുന്നത്.

ഹോളിസ്റ്റിക് മെഡിസിന്റെ ഗുണങ്ങളെന്തൊക്കെയാണ് ?

പല രോഗങ്ങളുള്ള ആളുകളെ  പല രീതിയിൽ പല മരുന്നുകൾ കൊണ്ട് ചികിത്സിക്കുന്നതിന് പകരം അതെല്ലാം മനസിലാക്കി രോഗിയുടെ ആരോഗ്യം നിലനിറുത്തി ജീവിതചര്യയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്തി ചികിത്സ നൽകുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തിൽ അലോപ്പതിയിലെ പോലെ രാസപദാർത്ഥങ്ങൾ മാത്രം ഉപയോഗിച്ച് ചികിത്സിക്കാമെന്ന അഭിപ്രായമില്ല.

നാച്യുറോപ്പതിയെങ്കിൽ അങ്ങനെ, ഹെൽബൽ മരുന്നുകളെങ്കിൽ അങ്ങനെ ശരിയായ ചികിത്സാരീതിയുടെ  തെരഞ്ഞെടുപ്പാണ് പ്രധാനം. ഇതെല്ലാം സംയോജിപ്പിക്കേണ്ടത് ഒരു ഡോക്ടറല്ല. പല ആരോഗ്യശാസ്ത്ര വേദിയിലെ ഡോക്ടർമാർ ഒന്നിച്ച് സഹകരിച്ചുകൊണ്ട് മുന്നോട്ടുപോകുക എന്നതാണ് ആ രീതി. ഉദാഹരണത്തിന് സൈക്യാട്രിസ്റ്റ്  കൊടുക്കുന്ന മരുന്ന് എന്നും കൊടുക്കാം എന്ന് വിചാരിച്ചാൽ ആ രോഗി എഴുന്നേറ്റ് നിൽക്കില്ല. മാനസിക ചികിത്സയ്ക്ക് ഹോമിയോ മരുന്ന് പൊസിറ്റീവ് പ്രതികരണങ്ങൾ നൽകുന്നുണ്ട്.

പക്ഷേ സമയമെടുക്കും. നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസൊക്കെ ആയുർവേദവും യോഗയുമൊക്കെ മാനസികചികിത്സയ്ക്കായി ഉൾപ്പെടുത്താമെന്നുള്ളതിനാലാണ് അവ മേഖലയിലേക്ക് പുതുതായി കൂട്ടിച്ചേർത്തത്. കേരളത്തിൽ നാഷണൽ ഹോമിയോപ്പതി ഇൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെന്റൽ ഹെൽത്ത് വഴി നൂറ് കണക്കിന് രോഗികൾക്ക് ചികിത്സയിലൂടെ മാനസികആശ്വാസം പകർന്നിട്ടുണ്ട്.

രോഗികളുടെ പഴക്കം ചെന്ന രോഗങ്ങൾക്ക് മുതൽ പ്രമേഹത്തിനൊക്കെ വരെ ഭക്ഷണ – ജീവിതരീതി ക്രമീകരണങ്ങളിലൂടെ ആയുർവേദവും ഹോമിയോപ്പതിയുമൊക്കെ ഉപയോഗിച്ച് ചികിത്സിക്കാനാകും. അലോപ്പതിയെ മാത്രം ഉപയോഗിക്കുന്ന രീതി ഒഴിവാക്കണം. പകരം സംയോജിത രീതിയിലൂടെ ആയുർവേദവും ഹോമിയോപ്പതിയുമൊക്കെ ഉപയോഗിച്ച്  മികച്ച ചികിത്സ, മികച്ച ആരോഗ്യം മികച്ച രോഗവിമുക്തി ഉറപ്പാക്കാനാകും.

ബാംഗ്‌ളൂരിലെ സൗഖ്യ ഹോളിസ്റ്റിക് സെന്ററിലെ ചികിത്സാരീതികൾ വിശദീകരിക്കാമോ ?

ഹോളിസ്റ്റിക് സമീപനത്തിനാണ് സൗഖ്യയിൽ ഊന്നൽ നൽകുന്നത്. ഡയറ്റ്, ന്യൂട്രീഷൻ, മെന്റൽഹെൽത്ത്, മെഡിറ്റേഷൻ, യോഗ, ഹോമിയോപതി, നാച്യുറോപതി, ആയുർവേദ എന്നിവയ്ക്കാണ് പ്രാധാന്യം നൽകുക. ചികിത്സാ രീതി അനുയോജ്യമായത് നിർണ്ണയിച്ച് മെഡിക്കൽ ടെസ്റ്റുകൾ നടത്തി അലോപ്പതി മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ അതെങ്ങനെ കുറച്ച് കൊണ്ടുവരാമെന്ന് നിശ്ചയിച്ച് ചികിത്സ ആരംഭിക്കുകയാണ് ചെയ്യുക. അടിയന്തരമായി ചികിത്സ ആവശ്യമെങ്കിൽ അലോപ്പതി ചികിത്സയ്ക്കും അവസരമുണ്ട്.

സൗഖ്യയിലെ ഡോക്ടർമാരുടെ സംഘത്തിന്റെ പ്രവർത്തനം എങ്ങനെയാണ് ?

സൗഖ്യയിലെ പ്രവർത്തനങ്ങളോട് സഹകരിക്കുന്ന  അലോപ്പതി ഡോക്ടർമാരുണ്ട്. മരുന്നുകൾ കുറയ്ക്കുന്നതിന് ലണ്ടനുള്ള ഡോക്ടർമാരുമായിട്ടുള്ള ബന്ധങ്ങൾ സഹായിക്കാറുണ്ട്. 9 ഡോക്ടർമാരുണ്ട് സൗഖ്യയിൽ. 30 രോഗികളെയാണ് ചികിത്സിക്കാനാകുക. 30 ഏക്കറിൽ ഓർഗാനിക് ഫാം ഉൾപ്പെടെ സൗകര്യങ്ങളുണ്ട്. 25 റൂമൂകളാണ് ഉള്ളത്. കൂടാതെ ബാംഗ്‌ളൂരിൽ വിവിധയിടങ്ങളിൽ നാല് ക്‌ളിനിക്കുകളുണ്ട്. സഹായ എന്ന പേരിൽ സാധാരണക്കാരന് വൈദ്യസഹായത്തിനും സെന്ററുണ്ട്. ലണ്ടനിൽ വർഷത്തിൽ ആറ് പ്രാവശ്യം വരെ കൺസൾട്ടേഷനായി പോകാറുണ്ട്. അമേരിക്കയിലും കൺസൾട്ടേഷനുണ്ട്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More