പ്രീസ്റ്റ്: ആ ആശയം പറഞ്ഞത് മമ്മൂക്ക; സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ സംസാരിക്കുന്നു

മലയാളത്തിലെ ആദ്യ ഡിജിറ്റല്‍ മീഡിയ മാര്‍ക്കറ്റിംഗ് കമ്പനി തുടങ്ങുമ്പോള്‍ ജോഫിന്‍ ടി ചാക്കോയ്ക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു, സിനിമ എന്ന മായിക ലോകത്തിലേക്കുള്ള പ്രവേശനം എന്നത്. സ്വപ്നതുല്യ തുടക്കം കുറിച്ചാണ് മലയാളികള്‍ക്ക് ഏറെ പരിചിതനായ മുയല്‍ മീഡിയയുടെ ഈ അമരക്കാരന്‍ സിനിമ ലോകത്തേക്ക് എത്തുന്നത്. പ്രീസ്റ്റ് എന്ന ആദ്യ സിനിമ തന്നെ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കുമൊപ്പം. അതും ഒരു ബിഗ് ബജറ്റ് ചിത്രം. സിനിമയിലേക്കുള്ള കടന്നു വരവും പ്രീസ്റ്റ് എന്ന സ്വപ്ന സിനിമയുടെ പിന്നിലെ പ്രയത്‌നങ്ങളും പറയുകയാണ് ഈ യുവ സംവിധായകന്‍.

പ്രീസ്റ്റ്: ആ ആശയം പറഞ്ഞത് മമ്മൂക്ക; സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ സംസാരിക്കുന്നു 1

പ്രീസ്റ്റ് കഥ വന്ന വഴികള്‍

2015 സമയത്താണ് കഥയുടെ ത്രെഡ് ഉള്ളില്‍ വരുന്നത്. സിനിമയൊക്കെ ചര്‍ച്ച ചെയ്യുന്ന ഒരു സുഹൃത്ത് കൂട്ടം എനിക്കുണ്ട്. അവരോടാണ് ആദ്യം സംസാരിക്കുന്നത്. അവിടെ നിന്ന് കിട്ടിയ ധൈര്യത്തിലാണ് ഈ സിനിമയിലേക്ക് പൂര്‍ണ്ണമായി ഇറങ്ങി തിരിച്ചതും കഥ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചതും. ഇതിനിടയില്‍
ശ്യാമും ദീപുവും വന്നു സ്‌ക്രിപ്റ്റ് പൂര്‍ണ്ണമാക്കി.

സിനിമയുടെ നിര്‍മ്മാണത്തിനായി ആന്റോ ജോസഫ് ചേട്ടനെ കാണുന്ന സമയത്ത് എന്റെ കൈയില്‍ ഒരു പ്രോപ്പര്‍ സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നു. ആന്റോ ചേട്ടനും ഉണ്ണികൃഷ്ണന്‍ സാറും വന്നതുകൊണ്ടാണ് എളുപ്പത്തില്‍ മമ്മൂക്കയിലേക്കും മഞ്ജു ചേച്ചിയിലേക്കും എത്താന്‍ സാധിച്ചത്. ആന്റോ ചേട്ടനാണ് കഥ കേട്ട് മമ്മുക്ക ചെയ്താല്‍ നന്നായിരിക്കും എന്ന് പറയുന്നത്.

പൂര്‍ത്തീകരിച്ച സ്‌ക്രിപ്റ്റുമായിട്ടാണ് ഞാന്‍ മമ്മൂക്കയുടെ അടുത്ത് കഥപറയാന്‍ ചെല്ലുന്നത്. മൂന്ന് മണിക്കൂര്‍ എടുത്ത് ഫുള്‍ സ്‌ക്രിപ്റ്റ് ഓരോ സീന്‍ ബൈ സീനും പ്രീ ഓര്‍ഡര്‍ലാക്കി കഥപറഞ്ഞു. അതേ രീതിയില്‍ തന്നെയാണ് മഞ്ജു ചേച്ചിയോടും കഥ പറയുന്നത്. അങ്ങനെ അവര്‍ രണ്ടുപേരും ഒക്കെയായി.

ഇതൊരു മിസ്റ്റീരിയസ്-ത്രില്ലര്‍ ചിത്രമാണ്. അതുകൊണ്ടുതന്നെ പ്രീസ്റ്റിന്റെ നിര്‍മ്മാണത്തെ കുറിച്ച് ഞാന്‍ ആദ്യം ചിന്തിക്കുന്ന സമയത്ത് സിങ്ക് സൗണ്ട് ഉപയോഗിക്കാനുള്ള ഒരു ആലോചനയും സത്യത്തില്‍ ഇല്ലായിരുന്നു. കാരണം സിനിമയില്‍ ക്രൗഡ് സീക്വന്‍സ് ഒക്കെ വരുന്നുണ്ട്. അത് സിങ്ക് സൗണ്ട് വെച്ച് പ്രായോഗികം ആകും എന്ന ചിന്ത എനിക്കുണ്ടായിരുന്നില്ല.

കഥ പറയുന്ന സമയത്ത് മമ്മുക്കയാണ് സിങ്ക് സൗണ്ട് ചെയ്താല്‍ കൊള്ളാമായിരിക്കും എന്ന് പറയുന്നത്. അങ്ങനെ അതിനുള്ള ആളെ നോക്കിയപ്പോഴാണ് മായാനദി, കുമ്പളങ്ങി നൈറ്റ്‌സ് അതുപോലെതന്നെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ ഒക്കെ ഭാഗമായി പ്രവര്‍ത്തിച്ച ജെ.ഡി എന്ന ജയദേവന്‍ ചക്കാലത്തിനെ മമ്മൂക്ക പരിചയപ്പെടുത്തി തരുന്നത്.

കൈദിയില്‍ അഭിനയിച്ച ബേബി മോണിക്കയും ഈ സിനിമയുടെ ഒരു ഭാഗമാണ്. ആ കുട്ടി തമിഴ് ആയത് കൊണ്ട് അവള്‍ക്ക് ഡബ്ബ് ചെയ്തു. ബാക്കി എല്ലാവര്‍ക്കും സിങ്ക് സൗണ്ട് ആണ് ഉപയോഗിച്ചിരിക്കുന്നത്.

സിനിമയുടെ സെക്കന്‍ഡ് ഹാഫ് വരുന്ന സമയത്ത് സൗണ്ടിനും മ്യൂസിക്കിനും അതുപോലെ തന്നെ ഗ്രാഫിക്‌സും ഒക്കെ അത്യാവശ്യം പ്രാധാന്യം നല്‍കുന്നുണ്ട്.

സിനിമയില്‍ മമ്മൂക്കയുടെ ഭാഗങ്ങള്‍ കോവിഡ് വരുന്നതിനു മുന്‍പേ തന്നെ ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ ഉണ്ടായിരുന്നത് മഞ്ജുചേച്ചിയുടെയും ബേബി മോണിക്കയുടെയും കുറച്ച് ഭാഗങ്ങളായിരുന്നു അത് കോവിഡിനിടയില്‍ ഒക്ടോബര്‍ നവംബര്‍ ലാസ്റ്റ് ഒക്കെ ആയിട്ടാണ് ഷൂട്ട് ചെയ്തതു. സിനിമയില്‍ പ്രവര്‍ത്തിച്ച ചിലര്‍ക്ക് കോവിഡ് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇടക്ക് ഷൂട്ട് നിര്‍ത്തിവെക്കേണ്ടി വന്നു.

ഷൂട്ടിങ്ങ് സമയത്ത് ഏകദേശം 14 തവണ എങ്കിലും ഞാന്‍ കോവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. അങ്ങനെ വളരെ കഷ്ടപ്പെട്ടാണ് സിനിമ പൂര്‍ത്തീകരിച്ചത്. ഇനി എല്ലാം പ്രേക്ഷകരുടെ കയ്യിലാണ് .

സിനിമ യാത്രകള്‍

ഇറങ്ങുന്ന എല്ലാ സിനിമകളും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാന്‍. ചെറുപ്പംമുതലേ സിനിമയോട് ഒരുപാട് ഇഷ്ടം ഉള്ളതുകൊണ്ട് എങ്ങനെ സിനിമയില്‍ എത്തിപ്പെടണം എന്ന് എനിക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു . 2012 കാലഘട്ടത്തില്‍ കോയമ്പത്തൂരില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിനു പഠിച്ചു കൊണ്ടിരുന്ന സമയത്ത് തോന്നിയ ഒരു ആശയം ആണ് മുയല്‍ മീഡിയ എന്ന മാര്‍ക്കറ്റിങ് ഏജന്‍സി.

സിനിമയിലേക്ക് ഇറങ്ങാന്‍ ഒരു സാധ്യതയും ഇല്ലാതിരുന്ന സമയത്ത് ഫേസ്ബുക്ക് എന്ന സോഷ്യല്‍ മീഡിയ അതിന്റെതായ രീതിയില്‍ ഉപയോഗിക്കുക എന്നതാണ് ഞാന്‍ അന്ന് ചെയ്തിട്ടുണ്ടായിരുന്നത് .

ഫേസ്ബുക്ക് വഴി സിനിമ സുഹൃത്തുക്കളെ ഉണ്ടാക്കി.മുയല്‍ മീഡിയക്ക് പിറകിലെ പ്രധാനമായ കാരണം തന്നെ സിനിമ മേഖലയില്‍ ഉള്ളവരെ പരിചയപ്പെടുക എന്നതായിരുന്നു .തുടക്കത്തില്‍ തന്നെ നല്ല പ്രതികരണം ലഭിച്ചു .ഒരുപാട് പേരെ പരിചയപെട്ടു ഒരുപാട് സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചു .കമ്പനി ലാഭത്തിലായി. എഞ്ചിനീയറിങ് കഴിഞ്ഞ് വെസ്‌ററ്‌ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്‌നോളജിയില്‍ സിനിമ പഠിക്കാന്‍ പോയി.

ഞാനും ശ്രീകാന്ത് നമ്പൂതിരി എന്ന ഒരു സുഹൃത്തും ചേര്‍ന്നിട്ടാണ് മുയല്‍ മീഡിയ ആദ്യമായി തുടങ്ങുന്നത്. പക്ഷെ ശ്രീകാന്തിന് മേല്‍ശാന്തിയായി ശബരിമലയിലേക്ക് പോകേണ്ടിവന്നു .പിന്നീട് ഞാന്‍ തന്നെയായിരുന്നു മുയല്‍ മീഡിയ നോക്കിനടത്തിയത് . അബ്ദുല്‍ മനാസ് എന്ന് പറയുന്ന മമ്മൂക്കയുടെ ഒക്കെ പേഴ്സണല്‍ പി.ആര്‍ ചെയ്യുന്ന ഒരാളുണ്ട്.

മനാസ് ഇക്കയോട് ചേര്‍ന്നാണ് ഞാന്‍ പിന്നീട് വര്‍ക്ക് ചെയ്തിരുന്നത് .കുറെ നാള്‍ സംവിധായകന്‍ ജിസ് ജോയിക്കൊപ്പം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു . ഒരുദിവസം സിനിമ കാണാന്‍ തീയേറ്ററില്‍ പോയപ്പോ അവിടെ വെച്ചിട്ടാണ് സാറിനെ പരിചയപ്പെടുന്നത് . ഞാന്‍ കഴിഞ്ഞ എട്ടു വര്‍ഷമായിട്ട് മാര്‍ക്കറ്റിങ് രംഗത്ത് ഉണ്ട്.

അതിന്റെ ഭാഗമായി രഞ്ജിത്ത് ശങ്കര്‍ എം.പത്മകുമാര്‍ അങ്ങനെ ഒരുപാട് പേരുടെ സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചു .പല സിനിമകളുടെയും തുടക്കം മുതലേ ഞാന്‍ അവരോടൊപ്പം നില്‍ക്കാറുണ്ട് . സ്വന്തമായി എന്നെങ്കിലും ഒരു സിനിമ ചെയ്യണം എന്ന മോഹവുമായിരുന്നു ഉള്ളില്‍ നിറയെ.

പ്രീസ്റ്റ്: ആ ആശയം പറഞ്ഞത് മമ്മൂക്ക; സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ സംസാരിക്കുന്നു 2

കുടുംബത്തിന്റെ സപ്പോര്‍ട്ട്

എന്റെ കുടുംബത്തിലെ എല്ലാവരും ടീച്ചര്‍മാരാണ് , അച്ഛന്‍ ഒരു ഹൈസ്‌കൂള്‍ ടീച്ചറാണ് അമ്മയുയും ചേച്ചിമാരും ഒക്കെ അധ്യാപകര്‍ . വളരെ ചുരുക്കം സിനിമകള്‍ മാത്രം തിയേറ്ററില്‍ പോയി കാണുന്ന ആള്‍ക്കാരാണ് എന്റെ അച്ഛനും അമ്മയും. ഞാന്‍ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ മുയല്‍ മീഡിയ ആരംഭിച്ച് അത്യാവശ്യം പൈസ സമ്പാദിച്ചു തുടങ്ങി .ഒരു ജോലി പോലെ തന്നെ അല്ലെങ്കില്‍ സിനിമയുടെ പിറകെ ഒരു ലക്ഷ്യവുമില്ലാതെ അലയുകയായിരുന്നില്ല .

അതുകൊണ്ട് തന്നെ അവര്‍ ഫുള്‍ സപ്പോര്‍ട്ടായിരുന്നു .അവര്‍ക്ക് സിനിമയെപ്പറ്റി വലിയ അറിവുകള്‍ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും ഒരിക്കല്‍ പോലും എന്നെ നിരുത്സാഹപ്പെടുത്തിയിട്ടില്ല . പിന്നെ സിനിമയുടെ ഇടയ്ക്കാണ് എന്റെ കല്യാണം കഴിയുന്നത് .കല്യാണം കഴിഞ്ഞു നാലാമത്തെ ദിവസം ഞാന്‍ ഷൂട്ടിങ്ങിന് പോയി. ആ സമയത്ത് എന്റെ ഭാര്യ ആന്‍സിയും നല്ല സപ്പോര്‍ട്ട് തന്നിരുന്നു . ഇപ്പോഴും കല്യാണം കഴിഞ്ഞ് ആറുമാസമായി എങ്കില്‍ കൂടി പ്രീസ്റ്റ്‌ സിനിമയുടെ പിറകെയാണ്….

ചിത്രം നല്‍കുന്ന പ്രതീക്ഷകള്‍

ആദ്യമായി സിനിമ ചെയ്യുന്ന ഒരു സംവിധായകനെ സംബന്ധിച്ച് ഉണ്ടാകുന്ന എല്ലാ ടെന്‍ഷനുകളും റിലീസ് ഡേറ്റ് അടുക്കും തോറും എനിക്കുണ്ട്.ഒപ്പം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന ആകാംഷയിലുമാണ്. പ്രീസ്റ്റ്‌ ഷൂട്ട് പൂര്‍ത്തിയാക്കിയതിനു ശേഷം സിനിമ കണ്ട ആളുകളൊക്കെ അത്യാവശ്യം നല്ല അഭിപ്രായം പറയുന്നുണ്ട് ,അതിന്റെ കോണ്‍ഫിഡന്‍സുണ്ട് .

പ്രീസ്റ്റ്‌ ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് നല്ല ടെന്‍ഷനുണ്ടായിരുന്നു. മമ്മൂക്കയുടെ രംഗങ്ങള്‍ ഷൂട്ട് ചെയ്ത് തുടങ്ങി കുറച്ച് ദിവസം കഴിയുമ്പോഴാണ് മഞ്ജു ചേച്ചി എത്തുന്നത് .ഓരോ ദിവസവും നല്ലതാണെങ്കിലും മോശമാണെങ്കിലും ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.അത്രയും വലിയ ഒരു സിനിമ ചെയ്യുന്നതിനിടയില്‍ ഉള്ള പ്രഷര്‍ ഉണ്ടായിരുന്നു .

പ്രീസ്റ്റ്‌ ടീം നല്ല സപ്പോര്‍ട്ട് ആയിരുന്നു.. ഞാനും എന്റെ ക്യാമറാമാനും സിനിമയ്ക്ക് മുന്നേ പരിചയമുള്ള ആള്‍ക്കാരാണ് ,ഇതിലെ മറ്റൊരു പ്രധാന കഥാപാത്രം നിഖില എന്റെ നേരത്തെയുള്ള ഫ്രണ്ടാണ് അതുണ്ട് കാര്യങ്ങള്‍ കുറെ എളുപ്പമായി .മറ്റ് എല്ലാരെയും പോലെ മമ്മൂക്കയും മഞ്ജു ചേച്ചിയും ഒന്നിക്കുന്ന സീനുകള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞങ്ങളും ഒത്തിരി എക്‌സൈറ്റഡ് ആയിരുന്നു. മഞ്ജു ചേച്ചിയും മമ്മൂക്കയും ആദ്യമായി ഒന്നിക്കുന്ന സിനിമയല്ലേ ..

വെല്ലുവിളി ഉയര്‍ത്തുന്ന വ്യാജന്മാര്‍

ഒരു സിനിമ തീയേറ്ററില്‍ പോയി കാണുമ്പോള്‍ മാത്രമേ ആസ്വാദനം പൂര്‍ണ്ണമാകു എന്ന് കരുതുന്ന ഒരാളാണ് ഞാന്‍ . പ്രൊഡ്യൂസറെ സംബന്ധിച്ച് കൊവിഡ് കാലത്ത് ഇത്രയും പൈസ മുടക്കി ചെയ്യുമ്പോള്‍ ഒരു ഭീകര വെല്ലുവിളിയാണ് ഇത് .

ആന്റി പൈറസി ഒക്കെ ചെയ്ത് മാക്‌സിമം പ്രൊട്ടക്ട് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് . പക്ഷേ അതൊന്നും യാതൊരുവിധ പ്രതിവിധിയും അല്ല. പ്രേക്ഷകര്‍ അങ്ങനെ ഉള്ളത് കാണില്ല എന്ന് തീരുമാനിക്കുന്നടുത്ത് മാത്രമേ ഇത് നില്‍ക്കു. മലയാളം പോലൊരു ചെറിയ ഇന്‍ഡസ്ട്രി കോവിഡിനെ ഒക്കെ തരണം ചെയ്തു നില്‍ക്കുമ്പോള്‍ അത് വളരെ ഈസി ആയിട്ട് മൊബൈലില്‍ കണ്ടു കളയാം എന്ന് വിചാരിക്കുന്ന പ്രേക്ഷകന്‍ മാറുക എന്നതാണ് ഇതിനുള്ള ഒരു പോംവഴി.

വ്യാജ പതിപ്പുകള്‍ ഒക്കെ നില്‍ക്കാന്‍ ഒരുവിധം കാരണമായി ഇനി വരാന്‍ പോകുന്നത് ഒ .ടി.ടിയാണ് . ചെറിയ ഒരു പൈസക്ക് പ്രേക്ഷകനെ നല്ല ക്വാളിറ്റി ഉള്ള സാധനം കിട്ടുന്ന സമയത്ത് വ്യാജ പതിപ്പുകളുടെ ആവശ്യം വരുന്നില്ല .അത് കാലത്തിന്റെ ഒരു മാറ്റമാണ് .എങ്കിലും ചില സിനിമകള്‍ തീയേറ്റര്‍ എക്‌സ്പീരിയന്‍സ് കൊണ്ടേ പൂര്‍ണ്ണമായി ആസ്വദിക്കാന്‍ കഴിയു . പ്രീസ്റ്റ് അത്തരത്തില്‍ ഒരു സിനിമയാണ് .

ഇപ്പോഴത്തെ ഒരു പ്രധാന പ്രശ്‌നം കേരളത്തില്‍ സെക്കന്റ്ഷോ ഇല്ല എന്നുള്ളതാണ് .ജോലിക്ക് പോകുന്നവരാരും സിനിമയ്ക്ക് വേണ്ടി സമയം മാറ്റിവയ്ക്കാന്‍ തയ്യാറാകില്ല.പ്രത്യേകിച്ചും കേരളത്തില്‍ .

തിരക്കുകള്‍ ഒക്കെ തീര്‍ത്ത് അല്‍പസമയം റിലാക്‌സ് ആകാനാണ് പലരും സെക്കന്റ്ഷോ തിരഞ്ഞെടുക്കുന്നത് . സെക്കന്റ്ഷോ കൂടി വന്നാല്‍ ഒരു പരിധിവരെ നമ്മുടെ പ്രശ്‌നങ്ങള്‍ സോള്‍വ് ആവും.പിന്നെ കാണണം എന്ന് തോന്നുന്നവര്‍ ഉറപ്പായും പ്രീസ്റ്റ്‌ തിയേറ്ററില്‍ പോയി കാണും എന്ന് തന്നെയാണ് ഇപ്പോഴുള്ള പ്രതീക്ഷ.

പ്രീസ്റ്റ്: ആ ആശയം പറഞ്ഞത് മമ്മൂക്ക; സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ സംസാരിക്കുന്നു 3

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More