ഇന്നത്തെ കുട്ടികള്‍ക്ക് പക്ഷെ അത്തരം ഒരു വികാരം അത്രയൊന്നും ഉണ്ടെന്നു തോന്നുന്നില്ല: ഐ എം വിജയന്‍

കേരളാ ഫുട്‌ബോളിന്റെ പ്രതാപ കാലമായിരുന്നു കേരളാ പോലീസ് ടീം ഏറ്റവും സജീവമായിരുന്ന എണ്‍പതുകളും തൊണ്ണൂറുകളും. വി പി സത്യന്‍, സി വി പാപ്പച്ചന്‍, കെ ടി ചാക്കോ, യു ഷറഫലി, കുരികേശ് മാത്യു തുടങ്ങിയ പേരുകള്‍ പോലീസ് ടീമംഗങ്ങളുടേത് എന്നതിനപ്പുറം തങ്ങളുടെ സ്വന്തമെന്നു കരുതി ഓരോ മലയാളിയും നെഞ്ചേറ്റിയ ഒരു കാലമുണ്ടായിരുന്നു.

പോലീസ് ടീമിന്റെ പ്രതാപ കാലത്തു തന്നെ പോലീസ് ടീമിലേക്കും അതിലൂടെ മലയാളിയുടെ മാത്രമല്ല മൊത്തം ഇന്ത്യന്‍ കാല്‍പ്പന്ത് പ്രേമികളുടെയും മനസ്സിനുള്ളിലേക്കും കുടിയേറിയ പ്രതിഭയുടെ ധാരാളിത്വമായിരുന്നു ഐ എം വിജയന്‍ എന്ന തൃശൂരുകാരന്‍. മധ്യകേരളത്തിലെ കാല്‍പ്പന്ത് മൈതാനങ്ങളില്‍ പന്തുതട്ടി വളര്‍ന്ന് കേരളാ പോലീസിന്റെയും സംസ്ഥാന ടീമിന്റെയും കൊല്‍ക്കത്ത ക്ലബ്ബുകളുടെയും ഇന്ത്യന്‍ ദേശീയ ടീമിന്റെയും കുപ്പായങ്ങളണിഞ്ഞ് വളര്‍ന്ന്, സിനിമാ രംഗത്തും തന്റേതായ മുദ്ര പതിപ്പിക്കുകയും ചെയ്ത നമ്മുടെ സ്വന്തം വിജയന്‍ ഇന്നിപ്പോള്‍ പുതിയ ഉത്തരവാദിത്വങ്ങളേറ്റെടുക്കുകയാണ്.

കേരളാ പോലീസില്‍ അസിസ്റ്റന്റ് കമാണ്ടന്റ് ആയുള്ള സ്ഥാനക്കയറ്റത്തോടൊപ്പം മലപ്പുറം ആസ്ഥാനമാക്കിയ കേരളാ പോലീസ് ഫുട്‌ബോള്‍ അക്കാദമിയുടെ ഡയറക്ടറായി വിജയനെ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിക്കുകയായിരുന്നു. പുതിയ ചുമതല ഏറ്റെടുത്തയുടനെ തന്നെ ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ ലഭിച്ച ഒഴിവുസമയത്ത്, പുതിയ ഉത്തരവാദിത്വത്തെക്കുറിച്ചും കേരളാ പോലീസ് ഫുട്‌ബോള്‍ അക്കാദമിയുടെ വളര്‍ച്ചയെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങളെക്കുറിച്ചും അഭിമുഖം പ്രതിനിധി ജെയ്സണ്‍ ജി യുമായി പങ്കുവയ്ക്കുകയാണ് കേരളാ ഫുട്‌ബോളിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരിലൊരാളായ ഐ എം വിജയന്‍.

ഇന്നത്തെ കുട്ടികള്‍ക്ക് പക്ഷെ അത്തരം ഒരു വികാരം അത്രയൊന്നും ഉണ്ടെന്നു തോന്നുന്നില്ല: ഐ എം വിജയന്‍ 1

ആദ്യമായി, കേരളാ പോലീസ് ഫുട്‌ബോള്‍ അക്കാദമി ഡയറക്ടറായി നിയമിതനായതിനും അസിസ്റ്റന്റ് കമാന്‍ഡറായി സ്ഥാനക്കയറ്റം ലഭിച്ചതിനും അഭിനന്ദനങ്ങള്‍. നിലവില്‍ എം എസ് പി കേന്ദ്രീകരിച്ച് ഉള്ള അക്കാദമിയില്‍ എന്തെല്ലാം മാറ്റങ്ങളാണ് ഐ എം വിജയന്‍ ഡയറക്ടറായി എത്തുന്നതോടെ സംഭവിക്കുക?

മലപ്പുറത്തെ എം എസ് പി അക്കാദമി, നിലവില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. അവരുടെ ടീം സുബ്ബറാവു ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിച്ചിട്ടുള്ളതാണ്. ഡയറക്ടര്‍ എന്ന സ്ഥാനം ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടേയുള്ളൂ. എന്തൊക്കെയാണ് ചെയ്യാന്‍ പറ്റുക എന്നതിന് വിശദമായ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം മാത്രമേ അവസാനരൂപം കൊടുക്കാന്‍ സാധിക്കുകയുള്ളൂ.

മനസ്സില്‍ ഉള്ള പദ്ധതികളെക്കുറിച്ച് വിവരിക്കാന്‍ സാധിക്കുമോ?

കേരളത്തിലങ്ങോളമിങ്ങോളമുള്ള ഫുടബോള്‍ കളിക്കുന്ന കുട്ടികള്‍ക്കായി ട്രയല്‍സ് നടത്തി കളിമികവുള്ളവരെ കണ്ടെത്തേണ്ടതുണ്ട്. എം എസ് പി യുടെ മറ്റൊരു പ്രത്യേകത അവിടെയുള്ള സൗകര്യങ്ങളാണ്. കളിക്കാര്‍ക്ക് താമസിക്കാനും പരിശീലിക്കാനുമുള്ള എല്ലാ സംവിധാനങ്ങളും അവിടെയുണ്ട്. ഇപ്പോള്‍ തന്നെ അവിടുത്തെ അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പരിശീലകരുമുണ്ട്.

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പിന്‍തുണയും ലഭിക്കുന്നുണ്ട്. ഇവയെല്ലാം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാനും കൂടുതല്‍ കളിക്കാരെ പരിശീലിപ്പിക്കാനും സാധിക്കും.

കേരളാ പോലീസിന്റെ തലപ്പത്തു എം കെ ജോസഫ് ഉണ്ടായിരുന്നപ്പോഴാണ് കേരളാ പോലീസ് ഫുട്‌ബോള്‍ ടീം രൂപീകരിക്കപ്പെട്ടത്. ഇപ്പോഴത്തെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലപ്പത്തുനിന്നുള്ള പിന്തുണ എത്തരത്തിലാണ്?

ഞങ്ങളുടെ സ്‌പോര്‍ട്‌സ് ഓഫീസര്‍, മനോജ് എബ്രഹാം സാറാണ്. സ്‌പോര്‍ട്‌സില്‍ വളരെ താല്പര്യമുള്ള വ്യക്തിയാണ് അദ്ദേഹം. കേരളത്തില്‍ ഇപ്പോള്‍ കായിതാരങ്ങള്‍ക്ക് ജോലി നല്‍കുന്ന ഒരേ ഒരു സ്ഥാപനം പൊലീസാണ്. മറ്റു മിക്ക സ്ഥാപനങ്ങളും നിയമനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഈയടുത്തു തന്നെ പോലീസില്‍ ഏഴു കളിക്കാരെ അപ്പോയിന്റ് ചെയ്തു.

കളിക്കളത്തിലേക്ക് വരുന്ന പ്രതിഭകള്‍ക്കുള്ള വലിയ ഒരു പ്രചോദനമാണിത്. അതിലൂടെ അവരുടെ ജീവിതം സുരക്ഷിതമാവുകയാണ്. മനോജ് സാര്‍ ഇക്കാര്യത്തില്‍ ഏറെ താല്പര്യമെടുക്കുന്നുണ്ട്. അതുപോലെ തന്നെ ഡി ജി പി യായ ലോക്നാഥ് ബെഹ്റ സാറും അക്കാദമിയുടെ ചുമതലയുള്ള പത്മകുമാര്‍ സാറുമെല്ലാം കായിക മേഖലയോട് വളരെ താല്പര്യമുള്ളവരാണ്.

മുന്‍ കേരളാ പോലീസ് താരങ്ങളെ എങ്ങനെയാണ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്താനാവുക?

കേരളാ പോലീസ് ടീമിലും സേനയിലും എന്റെ സീനിയേഴ്സ് ആയിരുന്ന മികച്ച കുറെയേറെ താരങ്ങളുണ്ട്. ചിലരെല്ലാം റിട്ടയറായി. എങ്കിലും അവരുടെയെല്ലാം സഹായ സഹകരണങ്ങള്‍ തീര്‍ച്ചയായും ലഭിക്കും.

ചിലരെല്ലാം ഇതിനകം തന്നെ വിളിക്കുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ചെന്നൈയില്‍ നിന്ന് രാമന്‍ വിജയനും വിളിച്ചിരുന്നു. (രാമന്‍ വിജയനുമായുള്ള അഭിമുഖം വായിക്കാന്‍ ക്ലിക്ക് ചെയ്യുക). അദ്ദേഹം ഇപ്പോള്‍ അവിടെ സ്വന്തമായി ഒരു അക്കാദമി സ്ഥാപിച്ച് പരിശീലന പരിപാടികള്‍ നടത്തുകയാണ്.

ഏതു തരം സഹായവും ലഭ്യമാക്കാമെന്ന് രാമന്‍ പറഞ്ഞിട്ടുണ്ട്. ഇവരെയെല്ലാം വിവിധ പരിശീലന പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ നമുക്ക് കഴിയും. ഇത് തീര്‍ച്ചയായും അക്കാദമിയിലെ കുട്ടികളുടെ വളര്‍ച്ചയ്ക്ക് സഹായകമാകും.

പൊലീസിലെ കായിക ഭരണത്തിന്റെ ചുമതലയുള്ള മേധാവികളെയും മുന്‍ കളിക്കാരെയും പരിശീലകരെയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളെയും കായിക പത്രപ്രവര്‍ത്തകരെയും ചേര്‍ത്ത് വിശദമായ ആലോചനകളും അതിനെ ആസ്പദമാക്കിയുള്ള ഒരു പ്രവര്‍ത്തന രൂപരേഖയും തയ്യാറാക്കണം.

ഇവര്‍ക്കെല്ലാം വളരെയേറെ അനുഭവസമ്പത്തുണ്ട്. അതെല്ലാം ചേര്‍ത്ത് വിശദമായ ആസൂത്രണത്തോടു കൂടി വേണം മുന്നോട്ടു പോകാന്‍. പെട്ടെന്ന് കുറെ കാര്യങ്ങള്‍ ചെയ്തതുകൊണ്ട് കാര്യമില്ല. ഇവരില്‍ നിന്നെല്ലാമുള്ള ആശയങ്ങള്‍ സ്വീകരിച്ച് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കിയാല്‍ മാത്രമേ അക്കാദമിക്ക് നല്ല ഫലങ്ങളുണ്ടാക്കാന്‍ കഴിയൂ. അല്ലാതെ വിജയന്‍ ഒരാള്‍ മാത്രമായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളായിരിക്കില്ല ഇതെല്ലാം.

ഇന്നത്തെ കുട്ടികള്‍ക്ക് പക്ഷെ അത്തരം ഒരു വികാരം അത്രയൊന്നും ഉണ്ടെന്നു തോന്നുന്നില്ല: ഐ എം വിജയന്‍ 2

കേരളാ പോലീസ് ഫുട്‌ബോള്‍ അക്കാദമിയെക്കുറിച്ചുള്ള വിജയന്റെ സ്വപ്നം എന്താണ്?

അടിസ്ഥാന തലങ്ങളിലുള്ള കുട്ടികളെ ഉയര്‍ത്തിക്കൊണ്ടു വരിക എന്നതാണ് നമ്മുടെ അക്കാദമിയുടെ ലക്ഷ്യം. നമ്മളൊന്നും വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നവരല്ല. ലോകത്തിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരെ എടുത്താല്‍ അവരൊന്നും, അത് മറഡോണയാകട്ടെ, റൊണാള്‍ഡോ ആകട്ടെ ആരായാലും അവരെല്ലാം കുഗ്രാമങ്ങളിലോ തെരുവുകളിലോ കളിച്ചു വളര്‍ന്ന് വന്നവരാണ്.

നമ്മുടെ നാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ കഴിവും പ്രതിഭയുമുള്ള ധാരാളം കുട്ടികളുണ്ട്. വയനാട് പോലുള്ള മലമ്പ്രദേശങ്ങളിലും നമ്മുടെ തീരദേശങ്ങളിലുമെല്ലാമുള്ള അത്തരം കുട്ടികളെ കണ്ടുപിടിച്ച് വളര്‍ത്തിക്കൊണ്ടുവരാനുള്ള ഇടമായി നമ്മുടെ അക്കാദമി മാറണം എന്നാണ് ആഗ്രഹം. അത്തരം സ്ഥലങ്ങളില്‍ പോകുവാനും അവിടങ്ങളില്‍ വച്ചുതന്നെ പ്രതിഭകളെ കണ്ടെത്തുന്ന തരത്തില്‍ ഒരു ‘ടാലെന്റ് സ്‌കൗട്ടിംഗ്’ നടത്താനും കഴിയുമെന്നാണ് വിശ്വാസം.

ഒരു പ്രദേശത്ത് നിന്ന് ഒരാളെയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞാല്‍ തന്നെ ധാരാളം കളിക്കാരെ അക്കാദമിയിലേക്ക് കൊണ്ടുവരാനും കഴിയും. മണിപ്പൂരിലും മറ്റു നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും നിന്നുള്ള കളിക്കാരുടെ വളര്‍ച്ചയ്ക്ക് കാരണമായത് ഇത്തരത്തില്‍ ചിട്ടയായ പരിശീലന പരിപാടികള്‍ നടത്താന്‍ കഴിഞ്ഞതുകൊണ്ടാണ്.

അവരില്‍ മിക്കവരുടെയും വളര്‍ച്ചയ്ക്ക് കാരണമായത് ടാറ്റാ ഫുട്‌ബോള്‍ അക്കാദമിയാണ്. അതുപോലെയുള്ള ഒരു മികച്ച അക്കാദമിയാകാനുള്ള എല്ലാ സാഹചര്യങ്ങളും കേരളാ പോലീസ് ഫുട്‌ബോള്‍ അക്കാദമിക്കുണ്ട്.

ഐ എസ് എല്‍-ന്റെ ജനകീയത, ഐ ലീഗില്‍ ഗോകുലം കേരളാ എഫ് സി യുടെ സാന്നിധ്യം ഇത്തരത്തിലുള്ള ഒട്ടേറെ അനുകൂല ഘടകങ്ങള്‍ ഇന്നില്ലേ?

ശരിയാണ്. നമ്മുടെ അക്കാദമിയില്‍ നിന്ന് ഒന്നോ രണ്ടോ കളിക്കാര്‍ ഐ എസ് എല്‍ ടീമുകളിലോ ഐ ലീഗിലോ കളിക്കാന്‍ ഇടയാകുന്നതോടെ അക്കാദമി ശ്രദ്ധിക്കപ്പെടും. പിന്നീട് കാര്യങ്ങള്‍ എളുപ്പമാകും. അതുവരെ എത്തിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി.

അക്കാദമിയുമായി ബന്ധപ്പെട്ട് ഇത്തരം വികസന പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ കൂടുതല്‍ പരിശീലകരുടെ സഹായം ആവശ്യമായി വരില്ലേ? അതെങ്ങനെ കണ്ടെത്താമെന്നാണ് കരുതുന്നത്?

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹായം ഇവിടെ പ്രധാനമാണ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകരെ നമുക്ക് അവിടെ ഉപയോഗിക്കാന്‍ കഴിയും. അതുവഴി അധിക ചെലവും വരില്ല. ഇതെല്ലാം ചേര്‍ത്തായിരിക്കണം വിശദമായ പ്രവര്‍ത്തന മാര്‍ഗ്ഗരേഖ തയ്യാറാക്കേണ്ടത്.

മുഖ്യമന്ത്രി ഇത് പ്രഖ്യാപിച്ചപ്പോള്‍ തന്നെ കായിക പ്രേമികളില്‍ ഒരു ആവേശം ഉയര്‍ന്നുവന്നിട്ടുണ്ട്. മന്ത്രിതലത്തില്‍ പോലും അക്കാദമിയുടെ വളര്‍ച്ചയില്‍ വളരെ താല്‍പ്പര്യമുണ്ട്. ഡി ജി പിയും അക്കാദമിയുടെ വളര്‍ച്ചയില്‍ തല്പരനാണ്.

കേരളാ പോലീസിലൂടെ വളര്‍ന്ന് വന്ന നിങ്ങളടക്കമുള്ളവരുടെ കാലഘട്ടത്തിനു ശേഷം ദേശീയ തലത്തിലേക്കുയര്‍ന്ന മലയാളി കളിക്കാര്‍ വളരെ കുറവായിരുന്നു. അക്കാലത്തിനു ശേഷം ഇപ്പോഴാണ് മലയാളി താരങ്ങള്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്നത്. പോലീസ് അക്കാദമിയിലെ വിജയന്റെ പ്രവര്‍ത്തനങ്ങളിലൂടെ പുതിയൊരു ടീമോ അല്ലെങ്കില്‍ ദേശീയ ടീമിലേക്ക് പുതിയ ഒട്ടനേകം കളിക്കാരെ സംഭാവന ചെയ്യലോ, ഏതാണ് ലക്ഷ്യം?

ഞങ്ങള്‍ കളിക്കുന്ന കാലത്ത് ഐ എസ് എല്‍ പോലുള്ള അവസരങ്ങളില്ല. ഇപ്പോള്‍ ഏതാനും സീസണുകള്‍ എങ്കിലും ഐ എസ് എല്‍ കളിച്ചാല്‍ ധാരാളം സമ്പാദിക്കാന്‍ സാധിക്കും. ഇത് കളിക്കാര്‍ക്ക് പ്രചോദനമാകുമെന്നതില്‍ സംശയമില്ല. ഞങ്ങളുടെ കാലത്ത് ഏറ്റവും പ്രധാനമായ ആഗ്രഹം ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നതായിരുന്നു. ആ ഒരു വികാരം വളരെ വലുതായിരുന്നു.

ഇന്നത്തെ കുട്ടികള്‍ക്ക് പക്ഷെ അത്തരം ഒരു വികാരം അത്രയൊന്നും ഉണ്ടെന്നു തോന്നുന്നില്ല. അത്തരത്തിലുള്ള ഒരു അഭിനിവേശം കുട്ടികളില്‍ ഉണ്ടാക്കാന്‍ നമ്മുടെ മുന്‍ താരങ്ങളുടെ ഇടപെടലിലൂടെ കഴിയും. ഐ എസ് എല്ലില്‍ പോലും ഒന്നോ രണ്ടോ കളികളില്‍ ഗോളടിച്ചാല്‍ മാത്രം പോരല്ലോ?

തുടര്‍ച്ചയായ സീസണുകള്‍ കളിക്കണമെന്നും നീണ്ട കാലം കളിയില്‍ നിലനില്‍ക്കാന്‍ കഴിയണമെന്നും അവര്‍ മനസ്സിലാക്കേണ്ടതുണ്ട്. അത്തരത്തില്‍ കളിയോട് അഭിനിവേശവും ദേശീയ ടീമിന് വേണ്ടി കളിക്കണമെന്ന ആഗ്രഹവുമുള്ള താരങ്ങളായിരിക്കും നമ്മുടെ അക്കാദമിയില്‍ നിന്ന് വളര്‍ന്ന് വരുന്നവര്‍.

ഇന്നത്തെ കുട്ടികള്‍ക്ക് പക്ഷെ അത്തരം ഒരു വികാരം അത്രയൊന്നും ഉണ്ടെന്നു തോന്നുന്നില്ല: ഐ എം വിജയന്‍ 3

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More