ളോഹക്കുള്ളിലെ ചിത്രകാരൻ: ഫാ.സുജിത് ജോണ്‍ ചേലക്കാട്ട് വരച്ചിട്ട ജീവിത ചിത്രങ്ങള്‍

‘ഒരു എഴുത്തുകാരന് അവന്റെ രചനകളില്‍ പിന്നീട് തിരുത്തലുകള്‍ വരുത്താം. എന്നാല്‍ ഒരു ചിത്രകാരന് അവന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ചിത്രമേ ഉണ്ടാകുള്ളൂ, അവനെ ആ ചിത്രം കൊണ്ടുവേണം എല്ലാവരും തിരിച്ചറിയാന്‍.’ ഫാ. സുജിത് ജോണ്‍ ചേലക്കാട്ട്‌ പറയുന്നു.

വൈദിക വേഷമണിഞ്ഞ ചിത്രകാരന്‍, കലയെ സ്‌നേഹിക്കുന്ന പുരോഹിതന്‍, സുജിത് ജോണ്‍ ചേലക്കാട്ട്‌ തന്റെ കലാ ജീവിതം പറയുകയാണ്.

ളോഹക്കുള്ളിലെ ചിത്രകാരൻ: ഫാ.സുജിത് ജോണ്‍ ചേലക്കാട്ട് വരച്ചിട്ട ജീവിത ചിത്രങ്ങള്‍ 1

വരച്ചിട്ട ജീവിതാനുഭവങ്ങള്‍

പണ്ടുമുതലേ ചിത്രരചന ഇഷ്ടമുള്ള മേഖലയായിരുന്നു. കൊറോണ വന്നതിനുശേഷം ലോക്ഡൗണ്‍ സമയത്ത് കുറച്ചധികം സമയം കിട്ടിയപ്പോള്‍ ആയിരുന്നു വീണ്ടും ചിത്രരചനയില്‍ സജീവമാകുന്നത്. ലോക ഡൗണ്‍ വന്നതിനുശേഷം വീണ്ടും ഒരു ന്യൂ നോര്‍മല്‍ ലൈഫ് ആയി. മനുഷ്യര്‍ അവന്റെ പ്രവര്‍ത്തനമേഖലകളില്‍ നിന്നൊക്കെ പിന്‍വാങ്ങി, പക്ഷികളുടെയും പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന് വിരാമമായി.

വികലമായി പോയ ഭൂമിയും പ്രകൃതിയും ഒക്കെ വീണ്ടും പച്ചപ്പ് വിരിച്ചു.കിളികളൊക്കെ അവരുടെ വിഹാര മേഖലയില്‍ മടങ്ങിവന്നു. പ്രകൃതി ശാന്തമായി. ഇതൊക്കെ എന്നിലെ ചിത്രകാരനെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഞാന്‍ പ്രകൃതിയിലേക്ക് കൂടുതല്‍ തിരഞ്ഞിറങ്ങി.

ഈ ലോക് ഡൗണ്‍ കാലയളവില്‍ ഞാന്‍ നാല്‍പ്പതിലേറെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഇതിനുമുന്‍പും ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു എന്നാല്‍ ലോക്ക് ഡൌണ്‍ സമയത്ത് കൂടുതല്‍ സമയം കിട്ടി അങ്ങനെയാണ് കൂടുതല്‍ ചിത്രരചന യിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതും.

യേശുക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട് ചിത്രങ്ങള്‍ വരയ്ക്കണം എന്ന് ആഗ്രഹമുണ്ട് ഇപ്പോള്‍ ആര്‍ക്കൈലിക്ക് പരീക്ഷിക്കുന്നുണ്ട് അതാകുമ്പോള്‍ ചെലവ് കുറവാണ്. ഒരുപാട് സമയം വേണ്ടി വരും ഓരോ ചിത്രങ്ങളും പൂര്‍ത്തിയാക്കാന്‍.

ളോഹക്കുള്ളിലെ ചിത്രകാരൻ: ഫാ.സുജിത് ജോണ്‍ ചേലക്കാട്ട് വരച്ചിട്ട ജീവിത ചിത്രങ്ങള്‍ 2

എനിക്കിഷ്ടം വാട്ടര്‍ കളര്‍ ആണ്.അടുത്തതായി അവസാന അത്താഴം വരണമെന്നാണ് ആഗ്രഹം.ഇപ്പോള്‍ നൂറിലേറെ ചിത്രങ്ങള്‍ വരച്ചു . ഈ ചിത്രങ്ങളെല്ലാം ചേര്‍ത്തുവെച്ച് ഒരു ചിത്ര പ്രദര്‍ശനം നടത്തണമെന്നും ആഗ്രഹമുണ്ട്. ഒപ്പം അതില്‍ നിന്ന് സമാഹരിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണം.

ചിത്രകലാ അക്കാഡമിയിലെ ഓര്‍മ്മകള്‍

മുത്തച്ഛന്‍ ആണ് ഞാന്‍ വരക്കും എന്ന് ആദ്യമായി തിരിച്ചറിയുന്നത്. അങ്ങനെ ആദ്യമായി വരയ്ക്കാന്‍ ക്രയോണ്‍സ് വാങ്ങിച്ചു തരുന്നതും മുത്തച്ഛനാണ്.

ഡീഗ്രി കാലയളവില്‍ ആണ് ചിത്ര കലാ അക്കാഡമിയില്‍ പോകുന്നത്. ഞാന്‍ ആര്‍ട്ടിസ്റ്റ് വിഎസ് വല്യത്താന്‍ സാറിന്റെ ശിഷ്യനായിരുന്നു. പന്തളത്ത് ഡിഗ്രിക്ക് പഠിക്കുന്ന കാലയളവിലാണ് അവിടെ പോകുന്നത്. ഇടവേള കിട്ടുന്ന സമയത്തും ഉച്ച വരെയും സാറിനോടൊപ്പം ചിലവഴിക്കും. ഗുരുകുല സമ്പ്രദായം പോലെയായിരുന്നു അവിടത്തെ ക്ലാസുകള്‍.

ളോഹക്കുള്ളിലെ ചിത്രകാരൻ: ഫാ.സുജിത് ജോണ്‍ ചേലക്കാട്ട് വരച്ചിട്ട ജീവിത ചിത്രങ്ങള്‍ 3

പന്തളത്തെ അയ്യപ്പ ക്ഷേത്രത്തിന് സമീപത്തുള്ള ഒരു ചിത്രശാല. പല പ്രായത്തിലുള്ളവര്‍ അവിടെ പഠിക്കാന്‍ വരും. അതുകൊണ്ടുതന്നെ പല പ്രായത്തിലുള്ള ആളുകളെയും പരിചയപ്പെടാന്‍ ഒരു അവസരമായിരുന്നു അത്. രാജാ രവിവര്‍മ്മ പ്രഥമ പുരസ്‌കാരം ലഭിച്ച ചിത്രകാരനായിരുന്നു അദ്ദേഹം.പക്ഷേ അദ്ദേഹത്തിന്റെ കഴിവുകളെ ആളുകള്‍ക്ക് പൂര്‍ണമായി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. മരണത്തിനു ശേഷമാണ് അദ്ദേഹത്തെ എല്ലാവരും അറിയുന്നത്.

ഫ്രീ ഹാന്‍ഡ് മുതല്‍ ഓയില്‍ പെയിന്റിംഗ് വരെ വിവിധ ഘട്ടങ്ങളിലായി ട്രെയിനിങ് അവിടെനിന്നും ആണ് കിട്ടിയത്. നാലു വര്‍ഷത്തോളം അവിടെ പഠിച്ചു. ഞാന്‍ കൂടുതലും പ്രകൃതിദൃശ്യങ്ങള്‍ ആണ് വരയ്ക്കുന്നത് വാട്ടര്‍ കളര്‍ ആണ് അധികവും ഓയില്‍ പെയിന്റിങും ആര്‍ക്കൈലിക്കും കുറച്ചൊക്കെ ചെയ്യും.

അദ്ദേഹത്തിന് വളരെ പ്രായമായിരുന്നു സമയത്താണ് ഞാന്‍ അവിടെ എത്തുന്നത്. രവിവര്‍മ്മ സമ്പ്രദായത്തില്‍ വരയ്ക്കുന്ന കേരളത്തിലെ അപൂര്‍വ ചിത്രകാരന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം.ഒക്കെയും റിയലിസ്റ്റിക് ചിത്രങ്ങള്‍.അദ്ദേഹത്തിന് മോഡല്‍സ് ഇല്ലായിരുന്നു ഹൃദയത്തില്‍ പതിയുന്ന ഭാവനയില്‍ നിന്നാണ് വരയ്ക്കുന്നത്. ഞാനും അതേ പാതയാണ് പിന്തുടരുന്നത്.

ദൈവ വഴിയിലേക്ക്

പിജി എം എസ് ഡബ്ലിയു കോയമ്പത്തൂർ ആണ് പഠിച്ചത്. അവിടെ അദ്ധ്യാപകർക്ക് ഒക്കെ ചിത്രങ്ങൾ  വരച്ചു കൊടുക്കുമായിരുന്നു . അന്നൊക്കെ ഒരുപാട് സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്.വരയിലും  നാടകത്തിലും  ഒക്കെ അന്ന്  സജീവമായിരുന്നു.

പി. ജി കഴിഞ്ഞ്  പാലക്കാട് ഒരു ജോലിയിൽ പ്രവേശിച്ചു പ്രൊജക്റ്റ് കോ-ഓർഡിനേറ്ററായി. പക്ഷേ എന്റെ വഴി വേറെ ആണെന്ന് സ്വയം  തിരിച്ചറിഞ്ഞു.അങ്ങനെയാണ് അവിടത്തെ ജോലി രാജിവെച്ച് കോട്ടയം വൈദിക സെമിനാരിയിലേക്ക് തിയോളജി പഠിക്കാൻ പോകുന്നത് .ആ കാലയളവിലും  വരയ്ക്കമായിരുന്നുന്നെങ്കിലും  വര  കാര്യമായി കണ്ടിരുന്നില്ല.

ളോഹക്കുള്ളിലെ ചിത്രകാരൻ: ഫാ.സുജിത് ജോണ്‍ ചേലക്കാട്ട് വരച്ചിട്ട ജീവിത ചിത്രങ്ങള്‍ 4

ഇതിനിടയിൽ വിവാഹവും കഴിഞ്ഞു. ഒരു കുഞ്ഞുണ്ട്. ഭാര്യ  ഡെയ്സി സാമുവൽ മാർ ഇവാനിയോസ് കോളേജിലെ അധ്യാപികയാണ്. വൈദിക പഠനത്തിന് ശേഷം  സഭ നിയോഗിച്ചത് അനുസരിച്ച് കോതമംഗലത്തും തിരുവനന്തപുരത്തെ നെടുമങ്ങാട് മേഖലയിലും ശുശ്രൂഷ നിർവഹിച്ചു.

കോതമംഗലത്ത് ഉണ്ടായിരുന്ന സമയമാണ് ഫോട്ടോഗ്രഫിയോട്  താല്പര്യം ഉണ്ടാകുന്നത്. അങ്ങനെയാണ് ചേലക്കാട്ട്  ഫോട്ടോഗ്രാഫി എന്ന പേരിൽ ഒരു എഫ്ബി പേജ് ആരംഭിക്കുന്നത്.  എട്ടോളം വർഷം അവിടെ ഉണ്ടായിരുന്നു ഇപ്പോൾ കൊട്ടാരക്കര വിലങ്ങറ മേഖലയിൽ ഒരു വർഷമായി പ്രവർത്തിക്കുന്നു.

#സുജിത് ജോണ്‍ ചേലക്കാട്ട്

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More