ഷംലയെ കാത്ത മാലാഖ; വീല്‍ ചെയറില്‍ നിന്നൊരു ചിത്രശലഭമുണ്ടായതിങ്ങനെയാണ്

മനക്കരുത്തിന് നിങ്ങളൊരു പേരിടാന്‍ തീരുമാനിക്കുന്നുണ്ടെങ്കില്‍, ഉറപ്പായും ഷംല എന്നിടണം. സെറിബ്രല്‍ പാള്‍സി എന്ന രോഗം ബാധിച്ച മക്കളെയോര്‍ത്ത് തളരുന്ന മാതാപിതാക്കളും ആ രോഗത്തെ ധീരമായി നേരിടുന്നവരും ഷംലയുടെയും വളര്‍ത്തമ്മ ജുവൈദയുടെയും ജീവിതം ഉറപ്പായും അറിഞ്ഞിരിക്കണം.

വീല്‍ ചെയറിലൊതുങ്ങിപ്പോയ ശരീരത്തെ വകവയ്ക്കാതെ മനസ്സ് കുതറുന്ന കുഞ്ഞിളം പ്രായത്തില്‍ തന്നെ താങ്ങായും തണലായും നിന്ന ഉമ്മയെയും വാപ്പയൈയും നഷ്ടപ്പെടുക. തളാരാതെ പോരാടാന്‍ കൂട്ടിനായി കയറിവന്ന പോറ്റമ്മയുടെ കൈപിടിച്ച് ജീവിതം ജയിക്കുക; ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ഷംലയുടെ ജീവിതം ഇതാണ്. പക്ഷേ ചുരുക്കെഴുത്തുകളില്‍ ഒതുക്കേണ്ടതല്ല ഈ 25കാരിയെയും അവള്‍ക്ക് കാവലിരിക്കാന്‍ കയറിവന്ന ഉമ്മയെയും. ജീവിതം അത്രമേല്‍ തളര്‍ത്തി കളയുമെന്ന് തോന്നുന്ന നിമിഷങ്ങളില്‍ എടുത്തൊന്നു മറിച്ചു നോക്കിയാല്‍ ആത്മവിശ്വാസം പകരുന്ന തരത്തില്‍ അവരെ നമുക്കടയാളപ്പെടുത്തേണ്ടതുണ്ട്.

രണ്ടുമ്മമാരുടെ മകള്‍

ഷംലക്ക് ഇന്ന് എല്ലാം അവളുടെ രണ്ടാനുമ്മയാണ്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അലര്‍ജി വന്ന് ഷംലയുടെ ഉമ്മ സുനൈദ അവളെ വിട്ടകലുന്നത്. ഉമ്മയുടെ വേര്‍പാടിനു ശേഷം ആരോടും മിണ്ടാതെ കുറെ നാള്‍ അവള്‍ ഒറ്റക്കിരുന്നു. പരസഹായം കൂടാതെ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പോലും ഷംലക്ക് അന്ന് കഴിയുമായിരുന്നില്ല. ഉമ്മ ഇല്ലാത്ത ഷംലക്കും സഹോദരനും ഒരു കൂട്ടായിക്കോട്ടെ എന്ന് കരുതിയാണ് വാപ്പ മുഹമ്മദ് കോയ വീണ്ടും ഒരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

അങ്ങനെയാണ് അങ്കനവാടി ടീച്ചര്‍ ആയിരുന്ന മഞ്ചേരി സ്വദേശി ജുവൈദ അവളുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. പരിചയം ഉള്ളവരോട് മാത്രം അധികം മിണ്ടാറുള്ള ഷംല പക്ഷേ ജുവൈദയുമായി പെട്ടന്ന് അടുത്തു.പിന്നെ അവള്‍ക്ക് കൂട്ടുകാരിയും ഉമ്മയും എല്ലാം ജുവൈദ ആയിരുന്നു.പയ്യേ അവളുടെ മനസ്സ് ശാന്തമായി, കൈവിട്ട് പോയ സന്തോഷങ്ങള്‍ തിരിച്ചുവന്നു. മകള്‍ തനിച്ചല്ല എന്ന ആശ്വാസത്തില്‍ അങ്ങനെ മുഹമ്മദ് കോയ ഗള്‍ഫിലേക്ക് തിരിച്ചു പോയി.അതിനുശേഷം ഷംലയുടെ സ്‌കൂളും പഠിത്തവും ഒക്കെ നോക്കിയത് ഈ പോറ്റമ്മയാണ്.

‘അമ്മാവന്റെ വണ്ടിയില്‍ സ്‌കൂളില്‍ കൊണ്ട് പോകും.നടക്കാന്‍ പറ്റാത്തതു കൊണ്ട് എടുത്ത് കൊണ്ട് പോയി ഓട്ടോയില്‍ കയറ്റും. അവള്‍ പ്ലസ് വണ്ണിന് നിലമ്പൂര്‍ ചക്കാലക്കല്‍ എന്‍ എസ് എസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ഈ വീട്ടിലേക്ക് വരുന്നത്.അവളെ എന്നും സ്‌കൂള്‍ വരെ എടുത്ത് കൊണ്ട് പോകുന്ന ബുദ്ധിമുട്ട് കാരണമാണ് വാപ്പ ഗള്‍ഫ് വിട്ട് നാട്ടിലേക്ക് വരുന്നത്.

അങ്ങനെ സ്വന്തമായി ഓട്ടോ വാങ്ങി പിന്നീടുള്ള യാത്ര അതിലായിരുന്നു.എത്ര കഷ്ടപെട്ടാലും അവളെ നല്ല രീതിയില്‍ പഠിപ്പിക്കണം എന്നായിരുന്നു ഉപ്പയുടെ ആഗ്രഹം .പ്ലസ് ടൂ കഴിഞ്ഞു ബി എ എക്കണോമിക്സ് എടുത്ത് പഠിക്കണം എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ അവളെ മമ്പാട് എം.ഇ.എസ് കോളേജില്‍ ഡിഗ്രിക്ക് ചേര്‍ത്തു .

ഷംലയെ കാത്ത മാലാഖ; വീല്‍ ചെയറില്‍ നിന്നൊരു ചിത്രശലഭമുണ്ടായതിങ്ങനെയാണ് 1

സ്റ്റെപ്പ് കയറി മുകളില്‍ കൊണ്ടുപോകാന്‍ പാടായത് കാരണം അന്ന് കോളേജുകാര്‍ ക്ലാസ് റൂം താഴത്തെ നിലയിലാക്കി.പിന്നെയാണ് വളാഞ്ചേരി സ്പെഷ്യല്‍ സ്‌കൂളില്‍ ഫിസിയോതെറാപ്പി ചെയ്യാന്‍ അവളെ കൊണ്ട് പോകാന്‍ തീരുമാനിക്കുന്നത്. ഏകദേശം ആറ് മാസത്തോളം അവിടെ താമസിച്ച് തെറാപ്പി ചെയ്തു. ആ ചികിത്സകൊണ്ട് ഒരുപാട് മാറ്റങ്ങള്‍ വന്നു .സ്വന്തം കാര്യങ്ങള്‍ അവള്‍ ഒറ്റക്ക് ചെയ്യാന്‍ തുടങ്ങി.

ഇതിനിടയില്‍ മണിപ്പാലിലും മലപ്പുറത്തുമായി അഞ്ചോളം സര്‍ജറികള്‍.ഈ സര്‍ജറികള്‍ കൊണ്ട് ഒന്നും അവള്‍ക്ക് നടക്കാന്‍ പറ്റിയില്ല .’സംസാരിക്കാന്‍ അവള്‍ക്ക് പാടാണ് എന്നാലും നമ്മള്‍ പറയുന്നത് പെട്ടന്ന് മനസ്സിലാകും.ഞാന്‍ വരുമ്പോള്‍ ആളുകളോട് മിണ്ടാന്‍ ഒക്കെ മടിയായിരുന്നു. പിന്നെ ഞങ്ങള്‍ പോകുന്നിടത്തെല്ലാം അവളെയും കൊണ്ടുപോകും .

ഫേസ്ബുക്കില്‍ അന്ന് അവള്‍ ചെറുതായി കവിതയൊക്കെ എഴുതുമായിരുന്നു .അങ്ങനെ 2017 ല്‍ ഈ കവിതകള്‍ ഒക്കെ ചേര്‍ത്ത് ആദ്യ കവിത സമാഹാരം പുറത്തിറക്കിയത് .”നിറമുള്ള സ്വപ്നങ്ങള്‍” അതായിരുന്നു പുസ്തകത്തിന്റെ പേര്.ആ സമയത്താണ് ഷംലക്ക് അനിയത്തി വരുന്നത്. എല്ലാം കൊണ്ടും അവള്‍ക്ക് ഒരുപാട് സന്തോഷമായിരുന്നു .

എന്നാല്‍ ആ സന്തോഷം അധികം നിന്നില്ല.ഉപ്പാക്ക് പെട്ടന്നൊരു പനി വന്നു.ഡോക്ടറിനെ കാണിച്ച് ഗുളിക കഴിച്ചിട്ടും കുറഞ്ഞില്ല. പിന്നെയാണ് മജ്ജയില്‍ രക്തം ഉത്പാദിപ്പിക്കാന്‍ ശേഷി കുറഞ്ഞു എന്നറിയുന്നത്. അങ്ങനെ ഒരു നവംബറില്‍ ഞങ്ങളെ വിട്ട് ഉപ്പ പോയി…. ജുനൈദ ഓര്‍ക്കുന്നു

ജീവിതം തിരിച്ചുകൊണ്ടു വന്ന ആ കത്ത്

”ഉപ്പയുടെ മരണ ശേഷം അവള്‍ മാനസികമായി തളര്‍ന്ന് പോയതാണ്. ഡിഗ്രി കഴിഞ്ഞ് വീട്ടില്‍ തന്നെ ഇരുപ്പായി.ഒരുപാട് കൗണ്‍സിലിങിന് കൊണ്ടു പോയിട്ടും ഒരു മാറ്റവും ഉണ്ടായില്ല. സങ്കടം വരുമ്പോള്‍ എന്നോട് ഇടക്ക് ചോദിക്കും ഉപ്പ ഇല്ലാത്ത കുട്ടിയായി അല്ലേ ഉമ്മ ഞാനെന്നു. അത് കേള്‍ക്കുമ്പോള്‍ എന്റെ ഉള്ള് പൊള്ളും…’തൊണ്ടയിടിറപ്പോകുന്നു ജുനൈദയുടെ, കരച്ചിലിന്റെ വക്കോളം ചെന്നെത്തി തിരിച്ചുവന്ന വാക്കുകള്‍…

‘ഉപ്പയുടെ മരണ ശേഷമാണ് ഷംലക്ക് ഇലക്ട്രിക് ചെയര്‍ കിട്ടിയത്.അന്ന് മുതല്‍ ആരുടേയും സഹായം കൂടാതെ സ്വന്തം കാര്യങ്ങള്‍ അവള്‍ തന്നെയാണ് ചെയ്യുന്നത്.ആ സമയത്താണ് വളാഞ്ചേരി സ്പെഷ്യല്‍ സ്‌കൂളില്‍ ഓഫീസ് അസിസ്റ്റന്റ് ആയി നിയമിച്ചു കൊണ്ടുള്ള കത്ത് കിട്ടുന്നത്. അവിള്‍ക്ക് ഒരു മാറ്റം ആവശ്യമായിരുന്നു .കത്തും കൊണ്ട് അവിടത്തെ ഡയറക്ടര്‍ സനില്‍ദാസ് സാര്‍ വന്നപ്പോള്‍ കുറെ നാളുകള്‍ക്ക് ശേഷം എന്റെ കുട്ടി അന്നാണ് ഒന്ന് ചിരിച്ചത്…’

ജോലി കിട്ടിയതറിഞ്ഞപ്പോള്‍ കുടുംബക്കാര്‍ ഒക്കെ അതിനെ എതിര്‍ത്തു. ഞാന്‍ അതിന്റെ പേരില്‍ കുറേ പഴിയും കേട്ടു.രണ്ടാനമ്മയല്ലേ സ്നേഹം ഇല്ലാത്തത് കൊണ്ടാണ് പറഞ്ഞു വിട്ടത് എന്നൊക്കെയായി ബന്ധുക്കളും നാട്ടുകാരും.പക്ഷേ അവളുടെ ഇഷ്ടങ്ങള്‍ അവള്‍ നേടിയെടുക്കട്ടെ എന്നാണ് ഞാന്‍ പറഞ്ഞത്. അവരെയെല്ലാം വായടപ്പിച്ചതുകൊണ്ട് അവള്‍ക്കിന്നു സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കെല്‍പ്പായി .ഇന്ന് അവളുടെ ഈ മാറ്റം കണ്ട് ഞങ്ങള്‍ക്ക് എല്ലാം അത്ഭുതമാണ്.” ജുവൈദ പറയുന്നു

ഷംല ഇന്ന് സന്തോഷവതിയാണ്. ആഴ്ചയില്‍ ഒരിക്കല്‍ ഉമ്മ പോയി രാമപുരത്തെ വീട്ടിലെക്ക് കൂട്ടിക്കൊണ്ട് വരും. അങ്ങനെ ഒരു വരവിലാണ് പുതിയ ഒരു പുസ്തകം എഴുതാനുള്ള ആലോചന ഉണ്ടെന്ന് അവള്‍ ഉമ്മയോട് പറഞ്ഞത്. ഈ ലോക്ക് ഡൌണ്‍ കാലയളവില്‍ അവള്‍ ആ പുസ്തകം പൂര്‍ത്തീകരിച്ചു. പ്യൂപ്പയില്‍ നിന്ന് ചിത്രശലഭത്തിലേക്കുള്ള ദൂരം എന്ന പുസ്തകം. സ്വയം അധ്വാനിച്ച പൈസ കൊണ്ട് പുസ്തകം പുറത്തിറക്കണം എന്ന വാശി കൊണ്ടാണ് പുസ്തകം പൂര്‍ത്തിയായപ്പോഴാണ് ഉമ്മ പോലും അതറിയുന്നത്.

തന്റെ സ്വപനങ്ങള്‍ക്ക് നിറം നല്‍കിയ വളാഞ്ചേരിയിലെ സ്‌കൂളില്‍ വെച്ച് പുസ്തകം പ്രകാശനം ചെയ്യണമെന്നാണ് അവളുടെ ആഗ്രഹം. ലോഗോസ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. അവതാരിക എഴുതിയത് യുവ സാഹിത്യകാരന്‍ റിഹാന്‍ റാഷീദാണ്. എഴുത്തിന്റെ ലോകത്ത് മാത്രം ഒതുങ്ങുന്നതല്ല അവളുടെ സ്വപ്നങ്ങള്‍,ഉള്ളില്‍ മറ്റൊരു മോഹം കൂടിയുണ്ട് ഐഎഎസ് നേടണം. അതിനുള്ള തയ്യാറെടുപ്പിലാണ് അവള്‍. എല്ലാത്തിനും കൂട്ടായി ജുനൈദയും ഒപ്പമുണ്ട്.

ഷംലയെ കാത്ത മാലാഖ; വീല്‍ ചെയറില്‍ നിന്നൊരു ചിത്രശലഭമുണ്ടായതിങ്ങനെയാണ് 2
#ഷംല

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More