“വാള് ഉറയിലിട്ടിട്ടില്ല, പോരാട്ടം തുടരുകതന്നെ ചെയ്യും”

ആർ. ബി ശ്രീകുമാർ/പി.എം ജയൻ

ഏറെ വൈകിയാണെങ്കിലും നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് ഗുജറാത്ത്‌ സര്‍ക്കാര്‍ നിയമസഭയില്‍ ഇക്കഴിഞ്ഞ ദിവസം അവതരിപ്പിച്ചല്ലോ. താങ്കള്‍ നടത്തിയ പോരാട്ടത്തിന്റെ വിജയമായിത്തന്നെ അതിനെ കണ്ടുകൂടെ?

തീര്‍ച്ചയായും. ഞാന്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ ധൃതി പിടിച്ച് റിപ്പോര്‍ട്ട് സഭയില്‍ വെച്ചത്. അതില്‍ എനിക്ക് അഭിമാനമുണ്ട്. 2002 ഫെബ്രുവരി 27ന് നടന്ന ഗോധ്ര തീവണ്ടി കത്തിക്കലും അതിനുശേഷമുണ്ടായ ഗുജറാത്ത് കലാപവും അന്വേഷിക്കാന്‍ 2002 മാര്‍ച്ച് ആറിനാണ് നാനാവതി-മേഹ്ത്താ കമ്മീഷനെ നിയമിച്ചത്. 2008 സപ്തംബറില്‍ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2014 നവംമ്പര്‍ 18ന് ഫൈനല്‍ റിപ്പോര്‍ട്ടും കൊടുത്തു.

കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ആറുമാസത്തിനകം നിയമസഭയില്‍ വെക്കണമെന്നാണ് ചട്ടം. അത് ലംഘിക്കപ്പെട്ടു. ഒരു വര്‍ഷംവരെ ഞാന്‍ കാത്തുനിന്നു. 2015 നവമ്പറോടെ മുഖ്യമന്ത്രിക്ക് ഒരു പരാതി അയച്ചു, 9 സത്യവാങ്മൂലം കൊടുത്തയാളാണ് ഈയുള്ളവനെന്നും അതിന്മേല്‍ കമ്മീഷന്‍ എന്ത് നടപടികളാണ് എടുത്തതെന്ന് അറിയണമായിരുന്നു എന്നും ആവശ്യപ്പെട്ട്. അങ്ങനെ കൊടുക്കുക എന്നത് എന്റെ അവകാശമായിരുന്നു. ഒരു മറുപടിയും തന്നില്ല. അതിനെതുടര്‍ന്നാണ് 2019 ആഗസ്റ്റില്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. കോടതി പെട്ടെന്ന് പ്രതികരിച്ചു.

ഇത് നിയമസഭയില്‍ വെക്കുന്നോ അതോ നിയമനടപടി സ്വീകരിക്കണോ എന്ന് സര്‍ക്കാരിനോട് ജഡ്ജി ആരാഞ്ഞു. അടുത്ത നിയമസഭ ചേരുമ്പോള്‍ വെക്കാമെന്ന് അന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ വക്കീല്‍ വ്യക്തമാക്കി. അതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ആഭ്യന്തരമന്ത്രി നിയമസഭയില്‍ റിപ്പോര്‍ട്ട് വെച്ചത്.

"വാള് ഉറയിലിട്ടിട്ടില്ല, പോരാട്ടം തുടരുകതന്നെ ചെയ്യും" 1

ആര്‍. ബി ശ്രീകുമാര്‍ പറഞ്ഞതെല്ലാം കളവാണെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞെന്നും അദ്ദേഹമടക്കം മൂന്നുപേര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഗുജറാത്ത് ആഭ്യന്തരമന്ത്രി പ്രദീപ് സിങ് ജഡേജ പറഞ്ഞത് ശ്രദ്ധയില്‍ പെട്ടോ?

കലാപം നടക്കുന്ന വേളയിലെ വിവിധ ഉദ്യോഗസ്ഥരായ ആര്‍.ബി ശ്രീകുമാര്‍, രാഹുല്‍ ശര്‍മ, സഞ്ജീവ് ഭട്ട് എന്നിവര്‍ മുഖ്യമന്ത്രി നരേന്ദ്രമോദിയെ തേജോവധം ചെയ്യാന്‍ പക്ഷപാതപരമായി തെളിവുകള്‍ സമര്‍പ്പിച്ചു എന്നും അതിനാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നുമാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്.

എനിക്കെതിരെ ചാര്‍ജ്ഷീറ്റ് ലഭിച്ചതിനുശേഷമാണ് ഗുജറാത്ത് സര്‍ക്കാറിനെതിരെ ഞാന്‍ കമ്മീഷനില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നാണ് പ്രചരിപ്പിക്കുന്നത്. അത് വസ്തുതാപരമായി തെറ്റാണ്. മൂന്ന് സത്യവാങ്മൂലവും എനിക്ക് ചാര്‍ജ് ഷീറ്റ് തരുന്നതിന് മുന്‍പാണ് കമ്മീഷന് മുന്‍പാകെ സമര്‍പ്പിച്ചത്. അതിനകം ഞാന്‍ കൊടുത്ത തെളിവുകള്‍ മോദിക്കും കൂട്ടര്‍ക്കും വലിയ പോറലേല്‍പ്പിച്ചിരുന്നു. അതിനാലാണ് എനിക്കെതിരെ ചാര്‍ജ് ഷീറ്റ് തരാനിടയായത്. എന്റെ പരാതികള്‍ പെട്ടെന്ന് തള്ളിക്കളയാന്‍ പറ്റില്ല.

കമ്മീഷനില്‍ സമര്‍പ്പിച്ച തെളിവുകളെ ബലപ്പെടുത്തുന്ന മറ്റ് തെളിവുകളും എന്റെ പക്കലുണ്ട്‌. എന്റെ റിപ്പോര്‍ട്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍വരെ ഒരിക്കല്‍ പരിഗണിച്ചതാണ്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മനസ്സിലാക്കിയ ശേഷം ഒരിക്കല്‍ തിരഞ്ഞെടപ്പ് മാറ്റിവെക്കാന്‍ കാരണമായതും ഞാന്‍ കൊടുത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നോര്‍ക്കണം. പിന്നെ, നിയമപടിയെക്കുറിച്ച് അവര്‍ ആലോചിക്കട്ടെ. ഞങ്ങളും കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ച ശേഷം അതില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ കോടതിയെ സമീപിക്കുന്നതിനെക്കുറിച്ചും ആലോചിക്കും.

സഞ്ജീവ് ഭട്ട് ഇപ്പോള്‍ തന്നെ ജയിലിനകത്താണ്. താങ്കളും രാഹുല്‍ ശര്‍മയും മാത്രമാണ് പുറത്തുള്ളത്. ഇനി നിങ്ങളെയും ഉള്ളിലിടാനുള്ള നീക്കമാകുമോ നടക്കുന്നത്?

എനിക്കെതിരെയുണ്ടായ വകുപ്പ് തല നടപടിയില്‍ നിയമപരമായി നേരത്തെതന്നെ ഞാന്‍ ജയിച്ചതാണ്. എന്നാല്‍ ഗുജറാത്ത് കോടതിയില്‍നിന്നുണ്ടായ ആ വിധിക്കെതിരെ അപ്പീല്‍ പോയി സര്‍ക്കാര്‍ അവര്‍ക്കനുകൂലമായ വിധി സമ്പാദിച്ചു. അതിനെതിരെ ഞാന്‍ സപ്രീംകോടതിയില്‍ പോകുകയും അതിന് സ്റ്റേ വാങ്ങിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും സുപ്രീംകോടതിയില്‍ കിടക്കുകയാണ് കേസ്.

വ്യക്തിപരമായി എനിക്കെതിരെ എന്തു ചെയ്യാനും അവര്‍ മുതിരും. അതിനുവേണ്ടി എന്റെ സര്‍വീസ് കാലയളവ് മൊത്തം പഠിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ ഞാന്‍ എസ്.പിയായി സേവനമനുഷഠിച്ചിട്ടുണ്ട്. അവിടെയെല്ലാം ഒരു ടീമിനെ വിട്ട് അന്വേഷിച്ചതാണവര്‍ എനിക്കെതിരെ എന്തെങ്കിലും കേസ് കുത്തിപ്പൊക്കാന്‍ പറ്റുന്ന സംഭവങ്ങള്‍ ഉണ്ടോ എന്നറിയാന്‍. ഒരു തെളിവും കിട്ടിയില്ല. ലോക്കപ്പ് മരണമോ മനുഷ്യാവകാശ ലംഘനവിഷയമോ എനിക്കെതിരെ ഇല്ല.

നാളെ വീട്ടില്‍ കഞ്ചാവ് ഒളിപ്പിച്ചുവെച്ച് ഫാബ്രിക്കേറ്റഡ് കേസ് എടുത്താല്‍ ഒന്നും ചെയ്യാനാകില്ല. ഇപ്പോള്‍ സര്‍വീസില്‍ ഇല്ലെങ്കിലും വാള് ഉറയിലിട്ടിട്ടില്ല. ഒരു പൗരന്‍ എന്ന നിലയില്‍ പോരാട്ടം തുടരുകതന്നെ ചെയ്യും. 550 പേര്‍ താമസിച്ചിരുന്ന ഒരു യത്തീംഖാനയിലെ കലാപം അടിച്ചമര്‍ത്തുന്നതിനിടയില്‍ ഹിന്ദുതീവ്രവാദികളെ വെടിവെച്ചുകൊന്നിട്ടുണ്ട്‌ രാഹുല്‍ശര്‍മ. അന്ന് ഹിന്ദുതീവ്രവാദികളെ അങ്ങനെ നേരിട്ടിരുന്നില്ലെങ്കില്‍ അവിടെ നിരവധിപേരെ അവര്‍ കത്തിച്ചേനെ.

ആ നടപടിയും മോദിക്കും കൂട്ടര്‍ക്കും പിടിച്ചില്ല. പൊലീസ് ഫയറിങ്ങില്‍ കൂടുതല്‍ ഹിന്ദുക്കളാണല്ലോ കൊല്ലപ്പെട്ടതെന്ന് രാഹുല്‍ശര്‍മയോട് ഉത്തരവാദിത്തപ്പട്ട സ്ഥാനത്തിരിക്കുന്നവര്‍ ചോദിച്ചിരുന്നു. ഇക്കാര്യവും അദ്ദേഹം നാനാവതികമ്മീഷന്റെ മുന്‍പാകെ പറഞ്ഞിരുന്നു. ഐ.ഐ.ടിയില്‍നിന്ന് രാജിവെച്ച് സിവില്‍സര്‍വീസില്‍ ചേര്‍ന്ന വളരെ ബോള്‍ഡായ ബീഹാറി സ്വദേശിയാണ് അദ്ദേഹം.

രാഹുല്‍ ശര്‍മയ്‌ക്കെതിരെയും ചാര്‍ജ് ഷീറ്റ് കൊടുത്തിട്ടുണ്ട്. വി.ആര്‍.എസ് വാങ്ങിയശേഷം ഇപ്പോള്‍ വക്കീലായി അഹമ്മദാബാദില്‍ പ്രാക്ടീസ് ചെയ്യുകയാണ്. ഇപ്പോഴും പെന്‍ഷന്‍പോലും അദ്ദേഹത്തിന് അനുവദിച്ചു കിട്ടിയിട്ടില്ല.  ജീവിതം മുഴുവന്‍ തടവറയ്ക്കുള്ളില്‍ കിടത്താനുള്ള നീക്കമാണ് സഞ്ജീവ് ഭട്ടിനെതിരെയുള്ളത്. ഇതൊക്കെയാണ് ഞങ്ങളുടെ അവസ്ഥ.

"വാള് ഉറയിലിട്ടിട്ടില്ല, പോരാട്ടം തുടരുകതന്നെ ചെയ്യും" 2
ജസ്റ്റിസ് നാനാവതി

കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്ത ശ്രദ്ധിച്ചിരിക്കുമല്ലോ. എന്തുതോന്നുന്നു നീതി അല്‍പമെങ്കിലും നടപ്പാകുന്നില്ല എന്നുതന്നെയാണോ ഇപ്പോഴും തോന്നുന്നത്?

2,500 പേജുള്ള റിപ്പോര്‍ട്ട് ഇതുവരെ വായിച്ചിട്ടില്ല. മാധ്യമങ്ങളില്‍നിന്ന് ലഭിക്കുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ രണ്ടായിരത്തോളം പേര്‍ കൊല ചെയ്യപ്പെട്ട ഒരു കലാപത്തില്‍ മുഖ്യമന്ത്രിയോ പൊലീസിലെ കോണ്‍സ്റ്റബിള്‍ മുതല്‍ ഡി.ജി.പി വരെയുള്ള ആരുംതന്നെയോ യാതൊരു കൃത്യവിലോപവും കാട്ടിയിട്ടില്ല. എല്ലാവരും അവരുടെ ജോലികള്‍ നന്നായി ചെയ്തിട്ടുണ്ട്. ഇതൊക്കെയാണ് കമ്മീഷന്റെ കണ്ടെത്തല്‍.

എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിച്ചത്ത് വരണമെന്നാഗ്രഹിച്ച് സത്യസന്ധമായി ഇടപെട്ട ഞങ്ങള്‍ മൂന്ന് പൊലീസ് ഓഫീസേഴ്‌സ് മാത്രമാണ് ഇപ്പോള്‍ കുറ്റക്കാര്‍. തമാശയായി ഒരിക്കല്‍ രാഹുല്‍ശര്‍മ എന്നോട് പറഞ്ഞിരുന്നു. ‘സാറേ സാറാണ് ഗുജറാത്ത് കലാപം ആസൂത്രണം ചെയ്തതെന്നും ഞാനും സഞ്ജീവ് ഭട്ടും അതിനെ സഹായിച്ചു എന്നൊക്കെ പില്‍ക്കാലത്ത് ആരെങ്കിലും കരുതിയാല്‍ അവരെ കുറ്റം പറയാനാകില്ല എന്ന്.

ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ അതുതന്നെയല്ലേ പറയാന്‍ തോന്നുന്നത്. ഇതിന് മുമ്പേ തന്നെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഒമ്പതോളം സെഷന്‍സ് ജഡ്ജിമാര്‍ 150 ഓളം പേരെ വിവിധ കേസുകളില്‍ ശിക്ഷിച്ചിട്ടുണ്ട്. ആ കേസിലൊക്കെ പൊലീസ് അന്വേഷണത്തിനെക്കുറിച്ചും മറ്റും വലിയ വിമര്‍ശനങ്ങള്‍ ജഡ്ജിമാര്‍ ഉന്നയിച്ചിട്ടുമുണ്ട് കമ്മീഷന്‍ എന്നത് കോടതി വിധിപോലെ അത്ര പ്രാധാന്യമുള്ളതായി കാണുന്നില്ല. ഇന്ത്യയില്‍ എത്രയെത്ര കമ്മീഷനുകള്‍ വന്നിട്ടും അതില്‍ പലതും ചവറ്റുകുട്ടയില്‍ തള്ളുകയാണുണ്ടായത്. അതിന്റെമേല്‍ തുടര്‍നപടികള്‍ എടുത്തത് നന്നെ കുറവാണ്. ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള മാര്‍ഗമല്ലേ പലപ്പോഴും ഇത്തരം റിപ്പോര്‍ട്ടുകള്‍.

പൗരത്വഭേദഗതി ബില്‍ ഡിസംബര്‍ 9ന് നാണ് ലോകസഭയില്‍ പാസാക്കുന്നത്. 11ാം തിയതിയാണ് നാനാവതികമ്മീഷന്‍ റിപ്പോര്‍ട്ട് ഗുജറാത്ത് നിയമസഭയില്‍ വെക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മുന്‍പൊക്കെ വലിയ പ്രാധാന്യം കിട്ടിയെങ്കില്‍ ഈ റിപ്പോര്‍ട്ടിന്റെ ചര്‍ച്ച പൗരത്വബില്ലിന്റെ പ്രതിഷേധത്തില്‍ മുങ്ങിപ്പോയതുപോലെ തോന്നുന്നു. ഇത്തരമൊരു സമയത്തുതന്നെ കമ്മീഷന്‍ റിപ്പോര്‍ട്ട് വെച്ചത് ബോധപൂര്‍വമായിരിക്കുമോ?

അങ്ങനെയാണെന്ന് പറയാനൊക്കില്ല. എന്റെ പരാതിയെത്തുടര്‍ന്ന് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞതാണ് അടുത്ത നിയമസഭ ചേരുമ്പോള്‍ ബില്‍ വെക്കാമെന്ന്. അത് പാലിച്ചുകൊണ്ടുതന്നെയാണ് 11ന് ബില്‍ വെച്ചത്. മാധ്യമങ്ങള്‍ മോഡിക്കെതിരെയോ ബി.ജെ.പിക്കെതിരെയോ ഉയരുന്ന വാര്‍ത്തകള്‍ക്ക് പരിഗണന കൊടുക്കുന്നില്ല എന്നത് ശരിയാണ്. കേന്ദ്രസര്‍ക്കാരിന്റെ ചൊല്‍പ്പടിയിലാണല്ലോ മിക്ക മാധ്യമങ്ങളും ഇന്ന്. ഒരു ചാനല്‍ മാത്രമാണ് കേരളത്തില്‍ ഈ വിഷയം ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ എന്നെ വിളിച്ചത്.  

ആര്‍.ബി ശ്രീകുമാര്‍, രാഹുല്‍ ശര്‍മ, സഞ്ജീവ ഭട്ട് എന്നിവര്‍ നല്‍കിയ തെളിവുകള്‍ മാത്രമാണല്ലോ കമ്മീഷന്‍ തള്ളിക്കളഞ്ഞത്. ടീസ്ത സെതല്‍വാദിനെപ്പോലുള്ളവരുടെ പരാതികള്‍ കേട്ടിരുന്നില്ലേ. എന്നിട്ടും കമ്മീഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെയായത്?

കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യമൊക്കെ നമുക്കൊക്കെ അറിയാവുന്നതല്ലേ. വ്യക്തിപരമായി ജഡ്ജിമരുടെ കാര്യങ്ങള്‍ പറയുന്നത് ശരിയല്ലല്ലോ. പിന്നെ, ഒരു സിസ്റ്റത്തിനകത്തുളളവരാണ് ഞങ്ങള്‍. ഞങ്ങള്‍ക്കറിയാവുന്ന അത്ര ബോള്‍ഡായ തെളിവുകള്‍ ടീസ്തയെപ്പോലുള്ളവര്‍ക്ക് കൊടുക്കാന്‍ കഴിയില്ലല്ലോ. അപ്പോള്‍ പ്രധാനം ഞങ്ങളുടെ തെളിവുകള്‍ തന്നെയല്ലേ. (ടീസ്തയെയും വേറെതരത്തില്‍ ഉപദ്രവിക്കുന്നുണ്ടല്ലോ.)അതാണ് പൂര്‍ണമായി തള്ളിയിരിക്കുന്നത്.

Courtesy: chandrika weekly

"വാള് ഉറയിലിട്ടിട്ടില്ല, പോരാട്ടം തുടരുകതന്നെ ചെയ്യും" 3

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More