എഫ് ബി പോസ്റ്റ് വ്യക്തിപരം, കോണ്‍ഗ്രസ് അനുഭാവി മാത്രം: അജിത്ത്, എകെ ആന്റണിയുടെ മകന്‍ സംസാരിക്കുന്നു

ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണമായത് പാര്‍ട്ടിയുടെ സഖ്യനീക്കങ്ങളെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ എ കെ ആന്റണി അട്ടിമറിച്ചതു കൊണ്ടാണെന്ന ആരോപണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാര്‍ത്ത ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു. ആരോപണം നിഷേധിച്ച് കൊണ്ട് കാര്യമായ പ്രതികരണങ്ങള്‍ പാര്‍ട്ടിയോ നേതാക്കന്‍മാരോ നടത്തിയതുമില്ല. ആരോപണച്ചൂട് കെട്ടടങ്ങിയ സമയത്താണ് ആന്റണിയുടെ മകന്‍ അജിത്ത് പോള്‍ ആന്റണി ഒരു ഫേസ് ബുക്ക് പോസ്റ്റിലൂടെ വിവാദം വീണ്ടുമുയര്‍ത്തിയത്. ഈ സാഹചര്യത്തില്‍ അജിത്ത് തന്റെ രാഷ്ട്രീയം, പഠനം, സിനിമ എന്നിവയെക്കുറിച്ച് കെ സി അരുണുമായി സംസാരിക്കുന്നു.

പോസ്റ്റിന് ആധാരമായ വാര്‍ത്ത വന്നിട്ട് കുറച്ചുനാളായി. പെട്ടെന്ന് പോസ്റ്റിടാനുള്ള പ്രകോപനം

കുറെ ദിവസങ്ങളായി ഈ വിഷയം ഇങ്ങനെ കിടക്കുന്നതിനാല്‍ പോസ്റ്റിട്ടുവെന്നേയുള്ളൂ.

കുടുംബത്തെ ബാധിച്ചിരുന്നോ. എകെ ആന്റണിയെ ഈ വാര്‍ത്ത മാനസ്സികമായി ബാധിച്ചിരുന്നോ?

അങ്ങനെ അച്ഛനുമായി സംസാരിച്ചിട്ടില്ല. അത് ഇട്ടത് എന്റെ പേഴ്‌സണലായിട്ടുള്ള ഒപ്പീനിയന്‍ ആണ്.

വാര്‍ത്ത വന്നതിന് ശേഷം സോഷ്യല്‍ മീഡിയ അറ്റാക്ക് ഉണ്ടായത് നിങ്ങളെ ബാധിച്ചിരുന്നോ?

സാധാരണ ഇത്തരം സംഭവങ്ങള്‍ ഞാന്‍ കാര്യമാക്കാറില്ല. പക്ഷേ, ഇത്തവണ ക്ലാരിഫിക്കേഷന്‍ കൊടുത്തുവെന്നേയുള്ളൂ. കാരണം എനിക്ക് അറിയാവുന്ന ഫ്രണ്ട്‌സും അറിഞ്ഞു കൂടാത്ത പലരും വരെ ഫേസ് ബുക്ക് മെസ്സഞ്ചറില്‍ മെസേജ് ഇട്ട് എന്താണിതിന്റെ സത്യാവസ്ഥ എന്ന് ചോദിക്കുന്ന അവസ്ഥയുണ്ടായി. അതിനാലാണ് ഒരു ക്ലാരിഫിക്കേഷന്‍ ഇടാന്‍ തീരുമാനിച്ചത്.

ഇത്തരമൊരു വാര്‍ത്ത വരുമ്പോള്‍ ക്ലാരിഫിക്കേഷന്‍ നല്‍കേണ്ടത് കോണ്‍ഗ്രസോ ആന്റണിയോ ആണ്. അതുണ്ടായില്ല.

അത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഈ എഫ് ബി പോസ്റ്റ് തികച്ചും എന്റെ വ്യക്തിപരമായ തീരുമാനമാണ്.

കോണ്‍ഗ്രസ് അനുഭാവിയെന്ന നിലയില്‍ പരാജയത്തെ എങ്ങനെ കാണുന്നു

പാര്‍ട്ടി കുറച്ചു കൂടി അടിത്തേട്ടിലേക്ക് ജനത്തിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. അതില്‍ നമ്മള്‍ പരാജയപ്പെട്ടു. എന്നുവച്ചാല്‍ തികച്ചും പരാജയപ്പെട്ടുവെന്നല്ല. നമുക്ക് കേരളമൊഴിച്ചുള്ള ബാക്കി സംസ്ഥാനങ്ങളില്‍ ബൂത്ത് ലെവലില്‍ വര്‍ക്ക് ചെയ്യാന്‍ ആളുണ്ടായില്ല. കേരളത്തില്‍ എല്ലാ ബൂത്തിലും നമ്മുടെ പ്രവര്‍ത്തകര്‍ വര്‍ക്ക് ചെയ്തിരുന്നു. അതിന്റെ വിജയമാണ് കേരളത്തിലുണ്ടായത്.

മറ്റു സംസ്ഥാനങ്ങളിലെ നേതൃ ദാരിദ്യം

അതൊക്കെ തീരുമാനിക്കേണ്ടത് വര്‍ക്കിങ് കമ്മിറ്റിയിലിരിക്കുന്ന രാഹുല്‍ജിയാണ്.

വീട്ടില്‍ ആന്റണി രാഷ്ട്രീയം സംസാരിക്കാറുണ്ടോ?

ഇല്ലേയില്ല. പക്ഷേ, നമ്മള്‍ വീട്ടില്‍ ടിവിയില്‍ ഇതൊക്കെ കാണുന്നതാണല്ലോ.

താങ്കള്‍ക്ക്‌ കോണ്‍ഗ്രസിലോ പോഷക സംഘടനകളിലോ അംഗത്വമുണ്ടോ?

ഇല്ല. കോണ്‍ഗ്രസ് അനുഭാവി മാത്രമാണ്.

താങ്കളുടെ സഹോദരന്‍ അനില്‍ രാഷ്ട്രീയത്തിലുണ്ട്. താങ്കള്‍ രാഷ്ട്രീയത്തിലിറങ്ങുമോ?

അനില്‍ രാഷ്ട്രീയത്തിലില്ല. കേരള മീഡിയ സെല്ലിന്റെ ചാര്‍ജ്ജ് മാത്രമാണ് അദ്ദേഹത്തിനുള്ളത്. സജീവ രാഷ്ട്രീയത്തിലില്ലല്ലോ. ഞാന്‍ ഇപ്പോള്‍ നോയിഡയിലെ ജനഹിത് ലോ കോളേജില്‍ നിയമം പഠിച്ചു കൊണ്ടിരിക്കുകയാണ്.

അജിത്ത് പോളും അമ്മ എലിസബത്തും ജാക്കി ഷ്രോഫിനൊപ്പം

നിയമം പഠിക്കുന്നത് രാഷ്ട്രീയത്തില്‍ ഇറങ്ങാനാണോ?

(ചിരിച്ചുകൊണ്ട്) അങ്ങനെ ദീര്‍ഘ വീക്ഷണത്തില്‍ ഞാന്‍ നോക്കിയിട്ടില്ല. വീട്ടില്‍ അച്ഛനും അമ്മയും നിയമപഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അമ്മ എലിസബത്ത് പ്രാക്ടീസ് ചെയ്യുന്നുമുണ്ട്.

സിനിമ താല്‍പര്യം

അത് ഇപ്പോഴുമുണ്ട്. അതിന്റെ വര്‍ക്കുകള്‍ നടക്കുന്നുമുണ്ട്. ചില പേഴ്‌സണല്‍ ബുദ്ധിമുട്ടുകള്‍ അതില്‍ നേരിടുന്നുണ്ട്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

Ajith Paul Antony

June 7 at 11:49 AM · 

നമസ്കാരം സുഹൃത്തുക്കളേ, അടുത്തിടയായി അടിസ്ഥാനമില്ലാത്ത കുറെ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. സത്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങൾ ആണ് പ്രചരിപ്പിക്കുന്നത്. ഒന്നാമത്തെ ആരോപണം – യുപിയിലെ സഖ്യം യാഥാർഥ്യം ആകാത്തതിന്റെ കാരണം എന്റെ അച്ഛൻ ആണെന്ന്. സത്യത്തിൽ കോൺഗ്രസ് സഖ്യത്തിന് തയ്യാറായിരുന്നു പക്ഷെ മായാവതി രണ്ടു സീറ്റിൽ കൂടുതൽ കോൺഗ്രസിന് തരില്ല എന്ന് വാശി പിടിച്ചു. അതുകൊണ്ട് തന്നെ ഒറ്റയ്ക്കു മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. മറ്റൊന്ന്. ഡൽഹിയിൽ സഖ്യത്തിന് കോൺഗ്രസ് തയ്യാറായിരുന്നു.പക്ഷെ ഒരു സീറ്റ് അല്ലെങ്കിൽ രണ്ടെണ്ണം മാത്രം കോൺഗ്രസിന്. ഒരു ഘട്ടത്തിൽ കോൺഗ്രസ് അത് സമ്മതിച്ചുമാണ്. അപ്പോഴാണ് ആപ് ഡിമാൻഡ് മാറ്റി പഞ്ചാബിലും ഹരിയാനയിലും സീറ്റ് ആവശ്യപ്പെട്ടത്.പിന്നൊന്ന്‌ ആന്ധ്രയെ സംബന്ധിച്ചാണ്. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്‌ഡി കോൺഗ്രസിന് 10 സീറ്റ് കൊടുക്കാൻ തയ്യാറായി എന്ന്. ജഗൻമോഹൻ റെഡ്ഢി അത്തരമൊരു സമ്മതം നടത്തിയതായി ഒരറിവും ഇല്ല. അപ്പോൾ പിന്നെ ഈ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നതെന്തിന്? വെറുതെ ആക്ഷേപിക്കുക. അത്രതന്നെ. അത്തരക്കാരോട് ഒന്നേ പറയാനുള്ളൂ… തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു തളർത്താമെന്നു ആരെങ്കിലും വ്യാമോഹിക്കുന്നുവെങ്കിൽ ഒരുകാര്യം മനസിലാക്കിക്കോളൂ…. അതെല്ലാം വെറും വ്യാമോഹം മാത്രമായിരിക്കും.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More