കേന്ദ്രത്തിന്റേത് ക്രൂരത, ന്യൂനപക്ഷ വിരോധം: മുന്‍ ആംഗ്ലോ ഇന്ത്യന്‍ എംപി ചാള്‍സ് ഡയസ്

കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ആംഗ്ലോ ഇന്ത്യന്‍ സമുദായത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് രണ്ട് എംപിമാരെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്യുമായിരുന്നു. രാജ്യത്തെമ്പാടുമായി ചിതറിക്കിടക്കുന്ന ഈ സമുദായത്തിന് രാഷ്ട്രീയ സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നും പിന്നോക്കം നില്‍ക്കുന്ന അവരുടെ ഉന്നമനത്തിനായി പാര്‍ലമെന്റില്‍ ശബ്ദം ഉയരേണ്ടതുണ്ടെന്നും മനസ്സിലാക്കിയാണ് ഭരണഘടനാ ശില്‍പികള്‍ ഈ സമുദായത്തിന് സംവരണം ഏര്‍പ്പെടുത്തിയത്.

പത്ത് വര്‍ഷത്തിലൊരിക്കല്‍ സംവരണം പാര്‍ലമെന്റ് പുതുക്കിയിരുന്നു. എന്നാല്‍, ഈ സംവരണം ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്തു. രാഷ്ട്രശില്‍പികള്‍ വിഭാവനം ചെയ്ത രീതിയില്‍ ആംഗ്ലോ ഇന്ത്യന്‍ സമുദായം മുന്നേറാതെ പിന്നോക്കം പൊയ്‌ക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ സമുദായത്തിന്റെ എണ്ണക്കുറവ് മാത്രം പറഞ്ഞ് സംവരണം റദ്ദാക്കിയത്. 2011-ലെ സെന്‍സസ് അനുസരിച്ച് രാജ്യത്ത് 296 ആംഗ്ലോ ഇന്ത്യാക്കാരേയുള്ളൂവെന്നാണ് സര്‍ക്കാര്‍ വാദം.

എന്നാലിത് തെറ്റാണെന്ന് തെളിയിച്ചിട്ടും സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്‍മാറിയില്ല. ഇത് ബിജെപി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരോധം കാരണമാണെന്ന് യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് എംപിയായി നാമനിര്‍ദ്ദേശം ചെയ്ത ചാള്‍സ് ഡയസ് പറയുന്നു. രാജ്യം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തി തുടങ്ങിയ നാളുകളിലാണ് ഈ സംവരണം എടുത്ത് കളഞ്ഞത്. അതിനാല്‍ അധികം വാര്‍ത്താ പ്രാധാന്യം നേടിയതുമില്ല. ആംഗ്ലോ ഇന്ത്യാക്കാരുടെ സംവരണം ഒഴിവാക്കിയതിന് പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ചും സമുദായത്തിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമ്പത്തിക സ്ഥിതിയെക്കുറിച്ചും അദ്ദേഹം കെ സി അരുണുമായി സംസാരിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ വാദം നുണ

സംവരണം പിന്‍വലിക്കാനുള്ള ഒരു കാരണമായി സര്‍ക്കാര്‍ പറയുന്നത് ജനസംഖ്യ കുറവാണെന്നാണ്. 2011-ലെ സെന്‍സെസ് പ്രകാരം ആംഗ്ലോ ഇന്ത്യന്‍ സമുദായത്തില്‍ 296 പേരെയുള്ളൂവന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. എംപിയായ ഹൈബി ഈഡനും മറ്റും ഈ വാദത്തെ പാര്‍ലമെന്റില്‍ എതിര്‍ത്തിരുന്നു. ഈ കണക്കുകള്‍ ശരിയല്ലെന്നൊരു റിപ്പോര്‍ട്ട് മലയാള മനോരമയില്‍ വന്നിരുന്നു. എന്തുകൊണ്ടാണ് കേന്ദ്രം തെറ്റായ കണക്കുകളെ ആശ്രയിച്ചതെന്ന് അറിയില്ല.

ബിജെപിയുടെ കണക്ക് പ്രകാരം ഉത്തര്‍പ്രദേശിലും ഉത്തരഖണ്ഡിലും ആംഗ്ലോ ഇന്ത്യന്‍സില്ല. ബിജെപി ഭരിക്കുന്നതടക്കം 12 സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് എംഎല്‍എമാരെ നോമിനേറ്റ് ചെയ്തിട്ടുണ്ട്. അത് തന്നെ വിരോധാഭാസമാണ്.

കേന്ദ്ര സര്‍ക്കാരിന്റേത് ക്രൂരത

ഫെഡറേഷന്‍ ഓഫ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍സ് ഇന്‍ ഇന്ത്യ എന്ന സംഘടനയെയാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത്. ഞാന്‍ ഫെഡറേഷന്റെ പ്രസിഡന്റായപ്പോള്‍ സമുദായത്തിന്റെ ജനസംഖ്യാ കണക്കെടുത്തു.

ഫെഡറേഷന് കീഴിലെ 14 അസോസിയേഷനുകള്‍ ആണ് കണക്കുകള്‍ ശേഖരിച്ചത്. അത് പ്രകാരം 3.47 ലക്ഷം പേരാണ് ആംഗ്ലോ ഇന്ത്യക്കാരായി ഉണ്ടായിരുന്നത്. കേരളത്തില്‍ ഒരുലക്ഷത്തോളം പേരുണ്ട്. അസോസിയേഷനുകള്‍ ഇല്ലാത്ത സംസ്ഥാനങ്ങളും ആംഗ്ലോ ഇന്ത്യാക്കാരുണ്ട്. ഇവരെല്ലാം കൂടി നാല് ലക്ഷത്തോളം പേര്‍ വരും. ഇത്രയും അംഗങ്ങളുള്ള സമുദായത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിച്ചത് ക്രൂരതയാണ്.

ഞങ്ങളുടെ ശബ്ദം കേള്‍പ്പിക്കാന്‍ ആരുമില്ല

ഞങ്ങള്‍ ഒരു പാര്‍ട്ടിയുടേയും ആളുകളല്ല. ബിജെപിക്കാരായ ആംഗ്ലോ ഇന്ത്യാക്കാരുണ്ട്. ഈ ലോകസഭയിലേക്ക് ഒരു ആംഗ്ലോ ഇന്ത്യന്‍ എംപി പോലും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ആ സാഹചര്യത്തില്‍ ഞങ്ങളില്‍ നിന്നൊരു എംപിയെ നോമിനേറ്റ് ചെയ്യേണ്ടതായിരുന്നു.

ചെറിയൊരു ദുര്‍ബലമായ സമുദായമാണ് ആംഗ്ലോ ഇന്ത്യാക്കാരെന്നും അവരോട് ചെയ്തത് ശരിയായില്ലെന്നും അനവധി എംപിമാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിഞ്ഞില്ല.

അതിനര്‍ത്ഥം ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന അജണ്ടയുമായി മുന്നോട്ട് പോകും എന്നാണ്. ബിജെപിയുടെ ന്യൂനപക്ഷ വിരോധം തന്നെയാണ് ഇതിന് കാരണം. അല്ലാതെ മറ്റൊരു കാരണം സംവരണം എടുത്ത് കളഞ്ഞതിന് പിന്നിലില്ല. ഇപ്പോള്‍ ഞങ്ങളുടെ ശബ്ദം കേള്‍പ്പിക്കാന്‍ ആരുമില്ലാതെയായി.

അവസ്ഥ സംവരണം ഏര്‍പ്പെടുത്തിയ കാലത്തേക്കാള്‍ മോശം

ഞങ്ങള്‍ക്കുള്ള സംവരണം കഴിഞ്ഞ 70 വര്‍ഷങ്ങളായി തുടരുന്നതാണ്. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും പുതുക്കിയിരുന്നു. 15-ാം ലോകസഭ കാലത്താണ് സംവരണം ഇതിന് മുമ്പ് പുതുക്കിയത്. സംവരണം ഏര്‍പ്പെടുത്താനുണ്ടായ കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് ആ നിയമത്തില്‍ പറഞ്ഞിരുന്നു.

ഭരണഘടന ശില്‍പികള്‍ ആഗ്രഹിച്ച പുരോഗതി കൈവരിക്കാന്‍ ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് ആയിട്ടില്ല. വിദ്യാഭ്യാസം, സാമ്പത്തികം, തൊഴില്‍ തുടങ്ങിയ കാര്യങ്ങളില്‍ പിന്നിലാണ്. ഓരോ സ്ഥലത്ത് നിന്നും ആംഗ്ലോ ഇന്ത്യാക്കാര്‍ അപ്രത്യക്ഷരാകുന്നു. ഇതൊരു നഗര സമൂഹമാണ്. പോസ്റ്റല്‍ ആന്റ് ടെലഗ്രാഫ്, റെയില്‍വേ തുടങ്ങിയവയില്‍ ആയിരുന്നു ആംഗ്ലോ ഇന്ത്യാക്കാരുണ്ടായിരുന്നത്.

ഇപ്പോള്‍ എല്ലാതരം ജോലികളും ചെയ്ത് ജീവിക്കുന്നു. മറ്റ് സമുദായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഞങ്ങളുടെ പരിമിതമായ എണ്ണത്തില്‍ നിന്നുകൊണ്ട് ഞങ്ങള്‍ രാഷ്ട്രത്തിന് ഏറെ സംഭാവന ചെയ്തിട്ടുണ്ട്.

കേന്ദ്രത്തിന്റേത് ക്രൂരത, ന്യൂനപക്ഷ വിരോധം: മുന്‍ ആംഗ്ലോ ഇന്ത്യന്‍ എംപി ചാള്‍സ് ഡയസ് 1

രാഷ്ട്ര സേവന സംഭാവനകള്‍ സര്‍ക്കാര്‍ കണക്കിലെടുത്തില്ല

രണ്ട് എയര്‍ ചീഫുമാര്‍, ഒരു നേവല്‍ ചീഫ്, പാകിസ്താനുമായുള്ള യുദ്ധത്തിലെ രണ്ട് ഹീറോമാര്‍- കീലാര്‍ ബ്രദേഴ്‌സ് തുടങ്ങിയവര്‍ ഈ സമുദായത്തില്‍ നിന്നുള്ളവരാണ്. കൂടാതെ ആദ്യത്തെ നഴ്‌സുമാര്‍, ആശുപത്രി- റെയില്‍വേ സേവനങ്ങള്‍ തുടങ്ങിയവയും ആംഗ്ലോ ഇന്ത്യന്‍സിന്റേതായുണ്ട്. നൂറ് കണക്കിന് സ്‌കൂളുകള്‍ ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന്റേതായുണ്ട്.

അതില്‍ പകുതിയും ക്രിസ്ത്യന്‍ സന്ന്യാസ സമൂഹങ്ങള്‍ കൊണ്ട് പോയി. ഈ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളില്‍ 95 ശതമാനവും മറ്റ് സമുദായങ്ങളില്‍ നിന്നുള്ളവരാണ്. ഞങ്ങളുടെ സംസ്‌കാരവും ഭാഷയും ആളുകള്‍ വിലമതിക്കുന്നത് കൊണ്ടാണ് ഇത്രയും വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്തുന്നത്. ഇതൊന്നും സര്‍ക്കാര്‍ കണക്കിലെടുത്തില്ല.

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സാന്നിദ്ധ്യമുണ്ട്

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ചിതറിക്കിടക്കുന്ന സമുദായമായതിനാല്‍ ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്ന് ഭരണഘടനാ ശില്‍പികള്‍ പറഞ്ഞിട്ടുണ്ട്. ഒരു മണ്ഡലത്തിലും ഞങ്ങള്‍ നിര്‍ണായകമല്ല. അതിനാല്‍ സംസ്‌കാരവും ഭാഷയും സംരക്ഷിക്കണമെന്ന് രാഷ്ട്രശില്‍പികള്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ക്കിപ്പോള്‍ അതിന് കഴിയുന്നില്ല.

ഞാന്‍ എംപിയായിരുന്നപ്പോള്‍ നഗര ദാരിദ്ര ലഘൂകരണ പദ്ധതിയുടെ കീഴില്‍ ആംഗ്ലോ ഇന്ത്യാക്കാര്‍ക്ക് വീട് വയ്ക്കുന്നതിനൊരു പദ്ധതി തയ്യാറാക്കിയിരുന്നു. പക്ഷേ, അത് ഉദ്യോഗസ്ഥ നിസ്സഹകരണം മൂലം നടന്നില്ല. ഞങ്ങളുടെ നോമിനേറ്റഡ് എംഎല്‍എമാരും അതിനോട് വേണ്ട വിധത്തില്‍ സഹകരിച്ചില്ല.

അത് ഞങ്ങളുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ്. ആംഗ്ലോ ഇന്ത്യാക്കാര്‍ക്കായി സ്‌കില്‍ ഡെവലെപ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കണമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. അതും നടന്നില്ല.

കേരളത്തില്‍ മെച്ചം, കൊല്‍ക്കത്തയില്‍ കഷ്ടം

കേരളത്തില്‍ സ്ഥിതി മെച്ചമാണ്. കൊല്‍ക്കത്തയിലൊക്കെ സ്ഥിതി വളരെ കഷ്ടമാണ്. 70 മുതല്‍ 80 ശതമാനം പേരും ജീവിക്കുന്നത് വാടക വീടുകളിലാണ്. അതിന് കാരണം, ആംഗ്ലോ ഇന്ത്യാക്കാരുടെ മുന്‍ഗാമികള്‍ പണ്ട് ഇന്ത്യയിലെമ്പാടും റെയില്‍വേ പാതകള്‍ നിര്‍മ്മിക്കാന്‍ പോയതാണ്. അങ്ങനെയാണ് ഞങ്ങളുടെ സമുദായം ചിതറിപ്പോയത്.

അന്ന് റെയില്‍വേ ക്വാര്‍ട്ടേഴ്‌സ് കിട്ടിയിരുന്നു. കൂടാതെ റെയില്‍വേ കമ്മ്യൂണിറ്റിയില്‍ ആംഗ്ലോ ഇന്ത്യാക്കാരും ധാരാളമുണ്ട്. ചട്ടക്കാരിയിലൊക്കെ പമ്മന്‍ ചിത്രീകരിച്ചിരിക്കുന്നത് ഒരുപരിധിവരെ ശരിയാണ്. 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അവര്‍ എവിടെ ജോലി ചെയ്തിരുന്നുവോ അവിടെ സ്ഥിര താമസം ആക്കി. വിരമിച്ചശേഷം നാട്ടിലേക്ക് തിരിച്ച് വരാന്‍ കഴിഞ്ഞില്ല. അങ്ങനെ വാടക വീടുകളിലേക്ക് താമസം മാറ്റി. ഇപ്പോഴും അത് തുടരുന്നു.

ദയനീയാവസ്ഥ കണ്ട് മന്ത്രിയും ഞെട്ടി

യുപിഎ കാലത്ത് ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ഫാക്ട് ഫൈന്‍ഡിങ് ടീമില്‍ ഒരാളായിരുന്നു. ഒറ്റമുറി വീടുകളിലാണ് കുടുംബങ്ങള്‍ താമസിക്കുന്നത്. നിങ്ങള്‍ സായിപ്പന്‍മാര്‍ വലിയ നിലയില്‍ ആണെന്നായിരുന്നു കരുതിയിരുന്നതെന്ന് ടീമിലുണ്ടായിരുന്ന സഹമന്ത്രി പറഞ്ഞു.

പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടായിരുന്ന ധനസ്ഥിതിയൊന്നും ഇപ്പോള്‍ ആര്‍ക്കുമില്ല. എല്ലാ രംഗങ്ങളിലും ആംഗ്ലോ ഇന്ത്യാക്കാര്‍ പിന്നിലാണെന്ന് ഈ കമ്മിറ്റി കണ്ടെത്തിയിരുന്നു. സമൂഹം സ്വത്വ പ്രതിസന്ധി നേരിടുന്നുവെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇതൊന്നും ബിജെപി സര്‍ക്കാര്‍ കണക്കിലെടുത്തില്ല.

സംരക്ഷിക്കപ്പെടാതെ സംസ്‌കാരം

നമ്മുടെ സംസ്‌കാരമൊന്നും സംരക്ഷിക്കപ്പെടുന്നില്ല. ചേരി പോലുള്ള പ്രദേശങ്ങളില്‍ ജീവിക്കുമ്പോള്‍ എങ്ങനെയാണ് സംസ്‌കാരം സംരക്ഷിക്കുക. വിവാഹവും സാമൂഹിക ഇടപെടലുകളും കാരണം സാംസ്‌കാരിക സങ്കലനം നടക്കുന്നുണ്ട്.

ആഹാരം, വീട് നിര്‍മ്മാണം, വീട്ടുപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവയെല്ലാം പ്രത്യേകതകളുള്ളതാണ്. ഇംഗ്ലീഷാണ് മാതൃഭാഷ. വീട്ടില്‍ സംസാരിക്കുന്നത് ഇംഗ്ലീഷിലാണ്. ഇവിടെ പോര്‍ച്ചുഗീസ്, ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍, ഇംഗ്ലീഷുകാര്‍ തുടങ്ങിയവര്‍ വന്നിട്ടുണ്ടെങ്കിലും ഇംഗ്ലീഷാണ് എല്ലാവരും അംഗീകരിച്ചിട്ടുള്ളത്. ഇവരുടെയെല്ലാം പാരമ്പര്യം ആംഗ്ലോ ഇന്ത്യാക്കാര്‍ക്കുണ്ട്.

എല്ലാ മതങ്ങളും സമുദായങ്ങളും അവരുടെ സംസ്‌കാരം സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഞങ്ങള്‍ക്കത് സാധിക്കുന്നില്ല.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More