ആലപ്പുഴയ്ക്കായി അരൂര്‍ മോഡല്‍ വികസനം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫ്

സംസ്ഥാനത്തെ കാലാവസ്ഥയ്‌ക്കൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടും കനത്ത് വരികയാണ്. കേരളത്തില്‍ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് ആലപ്പുഴ. കോണ്‍ഗ്രസ് വളരെ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ബിജെപിയാകട്ടെ ഇനിയും കൂട്ടിക്കിഴിച്ച് കഴിഞ്ഞിട്ടില്ല. അതേസമയം, നേരത്തെ സ്ഥാനാര്‍ഥിയെയും പ്രഖ്യാപിച്ച് പ്രചാരണങ്ങളും പരിപാടികളുമായി മറ്റു എതിരാളികള്‍ക്ക് ഒരുപടി മുന്നിലായി പോകുകയാണ് എല്‍ഡിഎഫ്. ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങളെക്കുറിച്ച് അഭിമുഖം പ്രതിനിധി മൈഥിലി ബാലയോട് സിപിഐഎം സ്ഥാനാര്‍ഥി എഎം ആരിഫ് എംഎല്‍ എ സംസാരിക്കുന്നു.

ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണെന്നറിയാം. എന്തൊക്കെയാണ് തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍. പ്രചാരണ പരിപാടികള്‍. എങ്ങനെ പോകുന്നു. അവയെല്ലാം?

ഒരുക്കങ്ങളെല്ലാം വളരെ ഭംഗിയായി പോകുന്നു. പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. അതുപോലെ തന്നെ ആവേശത്തിലാണ് ജനങ്ങളും. ആദ്യ റൗണ്ട് പ്രവര്‍ത്തനങ്ങള്‍ ഏകദേശം കഴിഞ്ഞിരിക്കുകയാണ്. ഒരു ഓട്ട പ്രദക്ഷിണം എല്ലായിടത്തും നടത്താനായിട്ടുണ്ട്. മാര്‍ച്ച് 23 മുതല്‍ രണ്ടാം റൗണ്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. തുറന്ന ജീപ്പ് പര്യടനമാണ് പ്രധാനമായും രണ്ടാം റൗണ്ടില്‍ ഉള്ളത്. പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുണ്ട്. ജനങ്ങളില്‍ എനിക്ക് വിശ്വാസവുമുണ്ട്.

ആലപ്പുഴയില്‍ ആര് നില്‍ക്കണമെന്നതിനെ സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഏറെ അനിശ്ചിതത്വം ആയിരുന്നു. ഒടുവില്‍ ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ത്ഥിയാക്കി. ബിജെപി അവിടെ എടുത്ത് കാട്ടാനായി സ്ഥാനാര്‍ഥികളില്ല. ഇത് താങ്കള്‍ക്ക് ഗുണം ചെയ്യുമെന്ന് തോന്നുന്നുണ്ടോ?

കോണ്‍ഗ്രസില്‍ എല്ലാക്കാലത്തും ഇത് പോലൊക്കെത്തന്നെയാണ് സംഭവിക്കാറുള്ളത്. ഇത്തവണ കുറച്ച് നീണ്ടുവെന്ന് മാത്രം. ഗ്രൂപ്പ് കളി കോണ്‍ഗ്രസില്‍ സാധാരണമാണ്. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് തിരിഞ്ഞുള്ള ഏറ്റുമുട്ടലുകള്‍ തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കും. 2004-ല്‍ ഇത്തരത്തില്‍ കോണ്‍ഗ്രസിനകത്തെ പ്രശ്നം രൂക്ഷമായിരുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫിന് നേട്ടം കൊയ്യാനായിരുന്നു. ഏതാണ്ട് അതേ അവസ്ഥ തന്നെയാണ് ഇപ്പോളും ഉള്ളത്. എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കും.

കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ നില്‍ക്കാന്‍ വിസമ്മതിച്ചിരുന്നു. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് അങ്ങനെ പറയാന്‍ ഞാന്‍ ആളല്ല. നിരവധി വിമര്‍ശനങ്ങള്‍ ഒക്കെ ഉയര്‍ന്നുവരുന്നുണ്ട്. അദ്ദേഹത്തിന് ഡല്‍ഹിയില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ ഉള്ളത് കൊണ്ടാകണം അദ്ദേഹം പിന്മാറിയത്. പക്ഷേ, ആദ്യം അദ്ദേഹം മത്സരിക്കുമെന്നാണ് കേട്ടിരുന്നത്. അദ്ദേഹത്തിന്റെ വെബ്സൈറ്റിലും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഒരുക്കങ്ങള്‍ ഉണ്ടായിരുന്നു. മാത്രവുമല്ല, ജനമഹായാത്ര വന്നപ്പോള്‍ തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതുപോലെയുള്ള പ്രചരണങ്ങള്‍ ഉണ്ടായിരുന്നതുമാണ്. വലിയൊരു ഒരുക്കം മത്സരിക്കുന്നതിയായി അദ്ദേഹം നടത്തിയിരുന്നു എന്നാണ് ഞാന്‍ മനസിലാക്കിയത്. പക്ഷേ, സംഘടനയില്‍ നിന്നോ പാര്‍ട്ടിയില്‍ നിന്നോ നിര്‍ദ്ദേശമോ അങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടാകും. അതാകണം അദ്ദേഹം മത്സരിക്കാത്തത്.

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നാണ് കരുതുന്നത്?

ശബരിമല വിഷയത്തില്‍ ജനങ്ങള്‍ക്ക് കാര്യമേതാണ്ട് ബോധ്യമായി വന്നിട്ടുണ്ട്. മാത്രവുമല്ല..ശബരിമല ആരാണ് സുവര്‍ണാവസരമായി ഉപയോഗിക്കാന്‍ ശ്രമിച്ചതെന്നൊക്കെ ജനങ്ങള്‍ക്ക് ഇപ്പോള്‍ മനസിലായിട്ടുണ്ട്. 1991-ലാണ് ഇത്തരത്തില്‍ യുവതികള്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് നിയന്ത്രണങ്ങള്‍ ഹൈക്കോടതിയുടെ വശത്ത് നിന്നും വന്നത്. അതിന് ശേഷവും ഇവിടെ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ വന്നിട്ടുണ്ട്. അവരാരും തന്നെ വിധിക്കെതിരെ വേറൊരു വിധി നേടാനൊന്നും ശ്രമിച്ചിട്ടില്ല.

സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. മറ്റ് പാര്‍ട്ടിക്കാര്‍ പറയുന്നതുപോലെ സംസ്ഥാന ഗവണ്‍മെന്റിന് ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന് പിടിവാശി ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ഞങ്ങളുടെ പ്രവര്‍ത്തകരെ തന്നെ കയറ്റാമായിരുന്നല്ലോ. അങ്ങനെയല്ലാ. ആരെങ്കിലും വന്നാല്‍ സംരക്ഷിക്കുക അത്ര തന്നെ.

ഈ വര്‍ഷത്തെ ബജറ്റിലും വലിയൊരു തുക ശബരിമലയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുണ്ട്. അങ്ങനെയൊക്കെയല്ലേ ശബരിമലയ്ക്കായി നല്ല രീതിയില്‍ പ്രവര്‍ത്തിക്കേണ്ടത്. അതുകൊണ്ട് തന്നെ നാടകങ്ങള്‍ നടത്തിയത് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. കോണ്‍ഗ്രസും ബിജെപിയെയും ഒന്നായതും ജനങ്ങള്‍ കണ്ടതാണ്. അതുകൊണ്ട് തന്നെ ശബരിമല ഒരു പ്രശ്നമേയല്ല ഈ തെരഞ്ഞെടുപ്പില്‍. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അതിനൊരു ഉദാഹരണമാണ്. എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ ആണല്ലോ ജയിച്ചത്.


എന്തുകൊണ്ട് ജനങ്ങള്‍ താങ്കള്‍ക്ക് വോട്ട് ചെയ്യണം?

രണ്ട് കാരണങ്ങളുണ്ട്. ഒന്ന് രാഷ്ട്രീയപരമാണ്. രണ്ടാമത്തേത് പ്രവര്‍ത്തനങ്ങളില്‍ ഊന്നിയുള്ളതും.

രാഷ്ട്രീയ കാരണം വര്‍ഗീയതയ്ക്കെതിരെയുള്ള ചെറുത്തുനില്‍പ്പാണ്. രാജ്യം സംഘര്‍ഷഭരിതമായി മാറിയിരിക്കുന്നു. ഇതിന് കാരണമായ ബിജെപി ഗവണ്‍മെന്റ് മാറണം. എന്നാല്‍ പകരം വരുന്ന സര്‍ക്കാര്‍ അതുപോലെയുള്ള നയങ്ങള്‍ സ്വീകരിക്കുന്നതാകരുത്. ഒരു പ്രെഷര്‍ ഗ്രൂപ്പായി ഇടതുപക്ഷം ഉണ്ടെങ്കില്‍ നമുക്ക് സമാധാനപരമായി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാം.

2004-ലെ ഇടപെടലുകള്‍ അതിനുദാഹരണമാണ്. തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ആദിവാസി സംരക്ഷണ നിയമങ്ങള്‍, പെട്രോള്‍ ഡീസല്‍ ഇവയുടെ വിലയിടുന്ന അധികാരം കമ്പനികളെ ഏല്‍പ്പിക്കാതിരിക്കല്‍. ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഒക്കെ ചെയ്യാന്‍ പറ്റുന്നത് ഇടത് പക്ഷത്തിനാണ്. ഇതാണ് രാഷ്ട്രീയ കാരണം. അധികാരം പിടിച്ചെടുക്കണം എന്ന മോഹമില്ലാതെ, പ്രധാനമന്ത്രിയാവണം. എന്നൊക്കെ മോഹിക്കാതെ പ്രവര്‍ത്തിക്കാന്‍ ഇടത് പക്ഷത്തിനെ കഴിയൂ.

രണ്ടാമത്തെ കാരണം വികസന കാരണങ്ങളാണ്. പശ്ചാത്തല വികസനം ഇപ്പോള്‍ കേരളത്തില്‍ നടക്കുകയാണ്. അമ്പതിനായിരം കോടിയുടെ വികസനമാണ് നടക്കുന്നത്. ജനങ്ങള്‍ക്ക് ഗുണങ്ങള്‍ വേണം. അത് നടപ്പിലാക്കാന്‍ പറ്റിയവര്‍ വേണം. ആലപ്പുഴയുടെ പൈതൃകം കൊണ്ടുവരണം, ടൂറിസം ശക്തിപ്പെടുത്തണം. ഇതൊക്കെയാണ് വികസന കാരണങ്ങള്‍. ആലപ്പുഴയുടെ സമഗ്ര വികസനത്തിനായി അരൂര്‍ മോഡല്‍ കൊണ്ട് വരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ആലപ്പുഴയിലെ ജനത്തോട് എന്താണ് പറയാനുള്ളത്?

ഞാന്‍ ജാതിയോ മതമോ ആളുകളോ രാഷ്ട്രീയമോ നോക്കി പ്രവര്‍ത്തിക്കുന്നയാളല്ല. ജനങ്ങള്‍ക്കായി നില്‍ക്കുന്ന ജനപ്രതിനിധിയാണ്. അതുകൊണ്ട് തന്നെയാണ് നിയമസഭയിലേക്കുള്ള ആദ്യത്തെ തെരഞ്ഞെടുപ്പില്‍ 4,650 വോട്ടിന്റെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന എനിക്ക് മൂന്നാമത്തെ തെരഞ്ഞെടുപ്പില്‍ 38,530 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ സാധിച്ചത്. ജനപക്ഷത്ത് നില്‍ക്കാന്‍ പരമാവധി ശ്രമിക്കുന്നയാളാണ് ഞാന്‍. അതാണ് എന്റെ ശൈലി. മരണവീട്ടിലായാലും കല്യാണ വീട്ടിലായാലും ആള്‍ക്കൂട്ടവുമായി പോകാതെ ഒറ്റയ്ക്ക് പോകുന്നതാണ് എന്റെ ശീലം.

ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക. അവര്‍ക്കിടയിലെ ഒരാളായി നിന്ന് കൊണ്ട്. പലപ്പോഴും ഇത്തരത്തില്‍ പരിപാടികള്‍ക്ക് പോകുമ്പോള്‍ ആള്‍ക്കാര്‍ വന്ന് പരാതികളും പ്രശ്നങ്ങളും പറയും. ഞാനത് പരിഹരിക്കും. അതാണ് ശൈലി. ഇതൊക്കെ ജനങ്ങള്‍ക്ക് അറിയാം. ആലപ്പുഴയ്ക്കായി പ്രവര്‍ത്തിക്കും ഞാന്‍. വോട്ടിടുമ്പോള്‍ ഇതൊക്കെ ഓര്‍ക്കുക. ആരോടാണ് തങ്ങള്‍ക്ക് പെട്ടെന്ന് പ്രശ്നം പറയാന്‍ കഴിയുക. ആരോട് പറഞ്ഞാലാണ് പ്രശ്നം പരിഹരിക്കപ്പെടുക എന്നതൊക്കെ.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More