സതീഷ് മുതുകുളം: അന്യഭാഷാ സിനിമകളുടെ മലയാള വിവര്‍ത്തകന്‍

മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നതിന് പകരം മൊഴിമാറ്റം ചെയ്ത് എത്തുന്ന തെലുങ്ക്, കന്നഡ, തമിഴ് സിനിമകള്‍ കേരളത്തിലും ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ സൃഷ്ടിക്കാറുണ്ട്. അല്ലു അര്‍ജ്ജുനന്റെ സിനിമകള്‍ അങ്ങനെ മലയാള സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്. ഈ ചിത്രങ്ങള്‍ക്ക് മലയാള മൊഴി എഴുതുന്ന ഒരാളുണ്ട്, സതീഷ് മുതുകുളം. മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രത്തിന് തിരക്കഥ എഴുതിയതും സംഭാഷണമെഴുതിയതുമായ മുതുകുളം രാഘവന്‍ പിള്ളയുടെ നാട്ടില്‍ നിന്നാണ് സതീഷും വരുന്നത്. മലയാള സിനിമ ഗന്ധര്‍വന്‍ പി പത്മരാജനും മുതുകുളം സ്വദേശിയാണ്. പത്മരാജന്റെ സിനിമയിലൂടെ സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കാന്‍ സതീഷിന് അവസരമൊരുങ്ങിയെങ്കിലും നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല. വിധി സതീഷിനെ പ്രശസ്തനാക്കിയത് മൊഴിമാറ്റം നടത്തുന്ന അന്യഭാഷ ചിത്രങ്ങളിലൂടെയാണ്. 87 അന്യഭാഷ ചിത്രങ്ങള്‍ക്ക് മലയാള സംഭാഷണം എഴുതിയ സതീഷ് മുതുകുളം രാജശേഖരന്‍ മുതുകുളവുമായി സംസാരിക്കുന്നു.

ekalawya.com

തിരക്കഥാ രംഗത്തേക്ക് എങ്ങനെയാണ് എത്തിയത്?

കുട്ടിക്കാലം മുതലേ എനിക്ക് സംവിധാനത്തോടായിരുന്നു താല്‍പര്യം. തിരുവനന്തപുരം സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആയിരുന്നു പഠിച്ചത്. തിക്കുറിശി സുകുമാരന്‍ നായര്‍ സാര്‍ ആയിരുന്നു അന്ന് പ്രിന്‍സിപ്പല്‍. സംവിധായകനാണ് പഠിച്ചത്. യാദൃശ്ചികമായി ഇങ്ങനെ എത്തുകയായിരുന്നു. ഡിഗ്രിയൊക്കെ കഴിഞ്ഞ് പത്മരാജന്‍ ചേട്ടന്റെ കൂടെ നില്‍ക്കണമെന്നുണ്ടായിരുന്നു. ഒരാള്‍ എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞു. പക്ഷേ, പത്മരാജന്‍ ചേട്ടന്‍ പോയി. സംവിധായകന്‍ ഭരതന്‍ സാറിനെ കാണാന്‍ ഒരാളിന്റെ കത്തുമായി ചെന്നൈയില്‍ ചെന്ന് അദ്ദേഹത്തെ കണ്ടു. അടുത്ത ചിത്രം മുതല്‍ വിളിക്കാം എന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ചിത്രത്തിന് മുമ്പ് ഭരതന്‍ സാറും നമ്മെ വിട്ട് പിരിഞ്ഞു. അതുകഴിഞ്ഞാണ് ഞാന്‍ സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്നത്.

അവിടെ നിന്ന് കോഴ്‌സ് കഴിഞ്ഞ് ഇറങ്ങി ഞാന്‍ ആദ്യം ചെയ്യുന്നത് ദൂരദര്‍ശനുവേണ്ടി മായുന്ന ഓണക്കാഴ്ചകള്‍ എന്ന ഡോക്യുമെന്ററിയാണ്. കുറേ സീരിയലുകള്‍ക്ക് ഞാന്‍ തിരക്കഥയും സംഭാഷണവും എഴുതി. ഏഷ്യാനെറ്റിനുവേണ്ടി ആകാശ താഴ് വര, സൂര്യ ടിവിക്കുവേണ്ടി അമൃത വര്‍ഷിണി, ഉപനയനം എന്നിവയും ദൂരദര്‍ശനുവേണ്ടി താലോലം ഇവയെല്ലാം ആ കൂട്ടത്തില്‍ വരും.

അന്ന് മോഹന്‍ലാലിന്റെ സെക്യൂരിറ്റി തടഞ്ഞു, ഇന്ന് ഒപ്പം അഭിനയിക്കുന്നു

ഈ സീരിയലുകള്‍ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഭരതന്‍ സാറിന്റെ അസോസിയേറ്റ് ആയി വര്‍ക്ക് ചെയ്തിട്ടുള്ള കരിം എന്ന ഡയറക്ടര്‍ എന്നെ വിളിച്ചു. അദ്ദേഹത്തിന്റെ സ്റ്റോറി സിനിമയാക്കാന്‍ ചരിഷ്മ പിക്‌ചേഴ്‌സ് അബ്ബാസ് തീരുമാനിച്ചു. അതിന്റെ തിരക്കഥയും സംഭാഷണവും ഞാനാണ് എഴുതിയത്. മധു അമ്പാട്ട് ആയിരുന്നു ഛായാഗ്രഹണം. പറയാന്‍ ബാക്കിവച്ചത് എന്നായിരുന്ന സിനിമയുടെ പേര്.

അന്യഭാഷാ ചിത്രങ്ങള്‍ക്ക് മലയാള സംഭാഷണം എഴുതി തുടങ്ങിയത് എന്ന് മുതലാണ്?

2003 മുതലാണ് മറ്റ് ഭാഷാ ചിത്രങ്ങള്‍ക്ക് മലയാള ഭാഷ പകര്‍ന്ന് കൊടുത്ത് തുടങ്ങിയത്. ഡബ്ബ് ചെയ്തിട്ടുള്ള ഒരുപാട് ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പല ചിത്രങ്ങളും വളരെ മോശമായി തോന്നിയിട്ടുണ്ട്. ഓരോ ഭാഷയും വ്യത്യസ്ഥ രീതിയിലുള്ളതാണ്. ആ ഭാഷകള്‍ സംസാരിക്കുമ്പോള്‍ ചുണ്ടിന്റെ ചലനങ്ങള്‍ക്ക് വ്യത്യാസം കാണും. മറ്റ് ഭാഷ ചിത്രങ്ങള്‍ക്ക് മലയാളം സംഭാഷണം നല്‍കുമ്പോള്‍ ആ കഥാപാത്രങ്ങള്‍ അവരുടെ ഭാഷയില്‍ ചുണ്ട് ചലിപ്പിച്ചതിന്റെ അത്രയും മലയാളം സംസാരിക്കുമ്പോഴും ചലിപ്പിക്കണം.

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ ചെയ്തിരുന്ന ചിത്രങ്ങള്‍ പലതും മോശമായി തോന്നി. തെലുങ്ക് സിനിമകള്‍ മലയാളത്തിലാക്കുമ്പോള്‍ ഞാന്‍ നന്നായി ബുദ്ധിമുട്ടിയിട്ടുണ്ട്. എനിക്ക് തെലുങ്ക് ഭാഷ അറിയത്തില്ല. സിനിമ അവര്‍ കാണിച്ച് തന്നശേഷം സ്റ്റോറി ഐഡിയ മാത്രം അവര്‍ തരും. ഒന്ന് കൂടി സിനിമ കണ്ടിട്ട് എന്റേതായ രീതിയില്‍ ഞാന്‍ സംഭാഷണം എഴുതും. അതിന് ശേഷം ഓരോ സീനിലുമുള്ള ലിപ് മൂവ്‌മെന്റ് ഞാന്‍ കണ്ട് മനസ്സിലാക്കും. തെലുങ്ക് ഭാഷ ഹൈ സ്പീഡ് ആണ്. അതിന് ചേരുന്ന രീതിയില്‍ മലയാളം ഭാഷ ഉണ്ടാക്കണം. ആ ഭാഷയുടെ അര്‍ത്ഥം കിട്ടുകയും വേണം. നല്ല മലയാളം ആ ചുണ്ട് ചലനത്തിന് അനുസരിച്ച് കൊടുക്കുകയും വേണം.

ബൈജു എന്‍ നായര്‍: മലയാള ഓട്ടോമൊബൈല്‍ ജേര്‍ണലിസത്തിന്റെ പിതാവ്‌

വായനക്കം കൃത്യമായി വരുന്ന രീതിയില്‍ സംഭാഷണം എഴുതാന്‍ വേണ്ടീട്ട് ആദ്യത്തെ സ്‌ക്രിപ്റ്റിന് 25 ദിവസത്തോളം എടുത്തു. പിന്നെ കുറേനാള്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ ആദ്യത്തെ പ്രയാസം എല്ലാം മാറിക്കിട്ടി. മറ്റ് ഭാഷയില്‍ നിന്ന് മലയാള ഭാഷയിലേക്ക് മാറ്റുമ്പോള്‍ വളരെ സൂക്ഷിക്കാറുണ്ട്. മറ്റ് ഭാഷയിലുള്ള ചലച്ചിത്രങ്ങള്‍ക്ക് മലയാള ഭാഷയില്‍ ലിപ് മൂവ്‌മെന്റ് കറക്റ്റ് ആക്കുന്നതില്‍ പലരും എന്നെ അഭിനന്ദിച്ചിട്ടുണ്ട്.

സതീഷ് മുതുകുളം: അന്യഭാഷാ സിനിമകളുടെ മലയാള വിവര്‍ത്തകന്‍ 1

അന്യ ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് ചെയ്ത ആദ്യ സിനിമ

പ്രണയമായ് എന്ന സിനിമയാണ് ആദ്യം ഡബ്ബ് ചെയ്യാന്‍ എഴുതിക്കൊടുത്തത്. ചെമ്പരത്തിയിലെ ശോഭനയുടെ മകന്‍ തരുണും ശ്രേയയുമായിരുന്നു താരങ്ങള്‍. സിനിമ കണ്ട ആള്‍ക്കാരെല്ലാം വിചാരിച്ചിരിക്കുന്നത് അതൊരു മലയാള സിനിമ ആണെന്നാണ്. അതുവരെ വന്നിട്ടുള്ള ഡബ്ബിംഗ് സിനിമയില്‍ നിന്നും ശരിക്കും മാറ്റം വരുത്തിയാണ് പ്രണയമായ് ചെയ്തിരിക്കുന്നത്.

പ്രണയമായ് ചെയ്തതിനുശേഷം ഡബ്ബ് ചെയ്യാനുള്ള സിനിമകള്‍ ധാരാളം ലഭിച്ചു. പ്രണയമായ് നിലാവ് പോലെ എന്ന സിനിമ വന്നു. അത് കഴിഞ്ഞപ്പോഴാണ് ചിരഞ്ജീവി ചേവകന്‍ എന്ന സിനിമ വന്നത്. ചേവകന്റെ റിലീസ് കഴിഞ്ഞപ്പോഴേക്കും അല്ലു അര്‍ജ്ജുന്‍ വന്നു.

അല്ലുവിന്റെ ആര്യ എന്ന സിനിമ അതിഗംഭീരമായി ഓടി. അല്ലുവിനെ പ്രേക്ഷകര്‍ എല്ലാം ഇഷ്ടപ്പെട്ടു. ആര്യ കഴിഞ്ഞ് ഹാപ്പി ഹാപ്പി, ബണ്ണി തുടങ്ങിയ ചിത്രങ്ങളുടെ പ്രവാഹമായിരുന്നു.

ആമസോണ്‍, വാള്‍മാര്‍ട്ട്, റിലയന്‍സ് വമ്പന്‍മാരെ നേരിടാന്‍ ഒരു പെരിന്തല്‍മണ്ണക്കാരന്‍

പ്രണയമായ് എന്ന സിനിമയുടെ സംഭാഷണം രചിക്കാന്‍ എങ്ങനെയാണ് അവസരം കിട്ടിയത്?

ഞാന്‍ സീരിയല്‍ എഴുതുന്ന സമയത്താണ് പ്രൊഡ്യൂസര്‍ ഖാദര്‍ ഹസന്‍ എന്നെ കാണാന്‍ എത്തുന്നത്. രണ്ട് മലയാള സിനിമ നിര്‍മ്മിച്ച് തകര്‍ന്ന ആളാമ് ഖാദര്‍ ഹസന്‍. പൃഥ്വി രാജിന്റെ ആദ്യത്തെ സിനിമയായ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനൊരു രാജകുമാരന്‍, കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിയും അഭിനിയച്ച സ്വപ്‌നം കൊണ്ടൊരു രാജകുമാരി എന്നീ സിനിമകള്‍. ഈ രണ്ട് സിനിമകളും പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ സമ്പാദ്യം മുഴുവന്‍ പോയി.

അദ്ദേഹത്തിനൊരു ടെക്‌സ്റ്റൈല്‍സ് ഉണ്ടായിരുന്നു. അതെല്ലാം രണ്ട് സിനിമകളോടെ കൈവിട്ട് പോയി. ഇങ്ങനെ തകര്‍ന്നിരിക്കുന്ന സമയത്താണ് തെലുങ്കിലെ ന്യൂ ആന്റ് ന്യൂ എന്ന സിനിമ എടുത്ത് മലയാളത്തില്‍ പ്രണയമായ് എന്ന പേരില്‍ ഒരുക്കുകയാണെന്നും അതിന് സംഭാഷണം എഴുതണമെന്നും എന്നോട് പറയുന്നത്.

അന്യഭാഷാ ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ ഒരുപാട് സംഭാഷണമെഴുതിയിട്ടുള്ളവരുടെ അടുത്ത് പോയി സംഭാഷമം എഴുതിച്ചിട്ട് അത് തീരെ ഇഷ്ടപ്പെടാതെയാണ് എന്റെ അടുത്ത് എത്തിയത്.

അന്യഭാഷാ ചിത്രത്തിന്റെ സംഭാഷണ രചന ആദ്യമായി വന്നപ്പോള്‍ ഞാനും അല്‍പം ഭയന്നു. വളരെ ശ്രദ്ധിച്ച് എഴുതി. അതിന്റെ സംഭാഷണം പൂര്‍ത്തിയാക്കാന്‍ 25 ദിവസം എടുത്തു. ഏറെ ബുദ്ധിമുട്ടിയാണ് അത് പൂര്‍ത്തിയാക്കിയതെങ്കിലും എന്റെ ആദ്യ എഴുത്ത് വന്‍വിജയമായിരുന്നു.

നല്ല സംഭാഷണം വേണമെന്നത് ഖാദര്‍ ഹസന്റെ നിര്‍ബന്ധമായിരുന്നു. മികച്ച പെര്‍ഫെക്ഷനില്‍ ഡബ്ബിംഗ് സിനിമ ചെയ്യാമെന്ന് അദ്ദേഹം കാണിച്ചു. അതിന്റെ ഫലം അദ്ദേഹത്തിന് ഫലം കിട്ടുകയും ചെയ്തു.

സുജാതന്‍: നാടകത്തിന്റെ ലൊക്കേഷന്‍ നിര്‍മ്മാതാവ്‌

അദ്ദേഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ക്ക് വന്ന നഷ്ടങ്ങള്‍ എല്ലാം അദ്ദേഹം പരിഹരിച്ചു. അദ്ദേഹം നഷ്ടപ്പെട്ട ഭൂമിയെല്ലാം തിരിച്ചു വാങ്ങി. ഫ്‌ളാറ്റ് വാങ്ങി. പുതിയ കാര്‍ എടുത്തു.

അദ്ദേഹത്തെ പോലെ തന്നെ നഷ്ടത്തില്‍ അകപ്പെട്ട ഒരാളാണ് കോഴിക്കോടുള്ള സജിത് കുമാര്‍. അദ്ദേഹവും രണ്ട് മലയാള സിനിമകള്‍ എടുത്ത് തകര്‍ന്ന് പോയ ആളാണ്. പ്രണയമണിത്തൂവല്‍, മേലേവാര്യത്തെ മാലാഖക്കുട്ടികള്‍ എന്നീ ചിത്രങ്ങള്‍. ആ സമയത്താണ് നയന്‍ താരയുടെ ലക്ഷ്മി എന്ന സിനിമ വരുന്നത്. ആ ചിത്രം അദ്ദേഹത്തിന്റെ ജീവിതത്തില്‍ മഹാലക്ഷ്മിയായി മാറി. ഞാന്‍ അതിന് സംഭാഷണമെഴുതി. നല്ല ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളെ കൊണ്ട് ചെയ്യിച്ചപ്പോള്‍ ലക്ഷ്മി കൂടുതല്‍ മലയാളികള്‍ കണ്ടു. കോഴിക്കോട് അദ്ദേഹത്തിനുണ്ടായിരുന്ന പ്രോപ്പര്‍ട്ടി തിരിച്ചെടുത്തു. ജീവിതം നല്ല നിലയില്‍ എത്തി.

വളരെ കഷ്ടപ്പെട്ട രണ്ട് നിര്‍മ്മാതാക്കളും രക്ഷപ്പെട്ടു. എന്റെ തൂലിക അവരെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു.

ആദ്യ കാലത്ത് അന്യഭാഷാ ചിത്രങ്ങള്‍ കൊണ്ട് ലാഭം ഉണ്ടാക്കിയ നിര്‍മ്മാതാക്കള്‍ അവരായിരുന്നു. അതിന് ശേഷമാണ് പുതിയ നിര്‍മ്മാതാക്കള്‍ വന്ന് തുടങ്ങിയത്.

എന്റെ ഉള്ളില്‍ ഒരു കള്ളനുണ്ട്: ഇന്ദ്രന്‍സ്‌

ഞാന്‍ സംഭാഷണം എഴുതിയ രണ്ടും മൂന്നും സിനിമകള്‍ ഒരേ സമയത്ത് മറ്റ് ഭാഷകളില്‍ നിന്നും ഡബ്ബ് ചെയ്ത് മലയാളത്തില്‍ റിലീസ് ചെയ്തിരുന്നു. അക്കാലത്ത് അവയ്ക്ക് നല്ല ലാഭവും കിട്ടിയിരുന്നു.

സതീഷ് മുതുകുളം: അന്യഭാഷാ സിനിമകളുടെ മലയാള വിവര്‍ത്തകന്‍ 2

അന്യഭാഷയില്‍ നിന്ന് ഒരുപാട് ചലച്ചിത്രങ്ങള്‍ മലയാളത്തിലാക്കി. മലയാള ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവും എഴുതണമെന്ന് ആഗ്രഹമില്ലേ?

ഞാന്‍ ആദ്യം തിരക്കഥ എഴുതി തുടങ്ങിയത് മലയാളത്തില്‍ നിന്ന് തന്നെയാണ്. പറയാന്‍ ബാക്കിവച്ചത് എന്ന ചിത്രം. എന്റെ ലക്ഷ്യവും മലയാള സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതുക എന്നുള്ളതാണ്.

അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് ആക്കുന്നതിന്റെ തിരക്ക് കൂടിയതാണ് ഞാന്‍ മലയാളത്തിലേക്ക് വരാന്‍ താമസിപ്പിക്കുന്നത്. വളരെ താമസിയാതെ ഞാന്‍ എഴുതിയ മലയാളം സിനിമ എത്തും. സ്‌ക്രിപ്റ്റ് എഴുതി വച്ചിട്ടുണ്ട്. ഒരു പ്രൊഡ്യൂസറുമായി സംസാരിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഡബ്ബ് ചെയ്യുന്ന പടങ്ങളുടെ സംഭാഷണം എഴുതുന്നവര്‍ തന്നെ ആ സിനിമയിലേക്ക് വേണ്ട ഗാനങ്ങളും എഴുതുന്നുണ്ട്. അങ്ങനെ ഗാനങ്ങള്‍ എഴുതിയിട്ടുണ്ടോ?

ആദ്യ കാലത്ത് രണ്ട് സിനിമകള്‍ക്ക് ഗാനങ്ങള്‍ എഴുതി. എവര്‍ ഷൈന്‍ മണി സാറിന്റെ മൈലാഞ്ചിക്കനവ് എന്ന ചിത്രത്തിലെ അഞ്ച് ഗാനങ്ങളും പിന്നെ എന്റെ തന്നെ പറയാന്‍ ബാക്കിവച്ചത് എന്ന മലയാള സിനിമയിലെ ഒരു ഗാനവും ഞാന്‍ എഴുതിയിട്ടുണ്ട്. ആ ചിത്രത്തില്‍ യൂസഫലി കേച്ചേരിയും ഗാനങ്ങള്‍ എഴുതിയിട്ടുണ്ടായിരുന്നു.

സംഭാഷണം എഴുതുന്ന തിരക്കിനിടയില്‍ നല്ല ഗാനങ്ങള്‍ എഴുതുക ബുദ്ധിമുട്ടാണ്. പലരും സംഭാഷണവും ഗാനങ്ങളും എഴുതുന്നുണ്ട്. നല്ല ഗാനങ്ങള്‍ എഴുതണമെന്ന ആഗ്രഹം ഉള്ളത് കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഗാനരചന നടത്താത്തത്.

ശോഭയും ബാലു മഹേന്ദ്രയും തമ്മിലെ ബന്ധം നീളില്ലെന്ന് അറിയാമായിരുന്നു: കെ ജി ജോര്‍ജ്‌

ഞാന്‍ സംഭാഷണ രചന നടത്തിയിട്ടുള്ള ചിത്രങ്ങളില്‍ ആദ്യമൊക്കെ രാജീവ് ആലുങ്കലാണ് പാട്ട് എഴുതിയിരുന്നത്. ഇപ്പോള്‍ എഴുതുന്നത് സിജു തുറവൂരാണ്. ഇപ്പോള്‍ രണ്ട് കാര്യങ്ങളും കൂടി ഒരുമിച്ച് ചെയ്യുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ സാറാണ്. മലയാള സിനിമയുടെ തിരക്കഥ എഴുതുമ്പോള്‍ എന്റെ ഗാനങ്ങളും ഉണ്ടാകും.

തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങള്‍ക്കാണല്ലോ മലയാളത്തില്‍ സംഭാഷണം എഴുതുന്നത്. ഇങ്ങനെ എഴുതിയ സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ ഏതൊക്കെയാണ്?

ഞാന്‍ 85 സിനിമകള്‍ ചെയ്തിട്ടുണ്ട്. തെലുങ്ക് സിനിമകള്‍ വാണിജ്യ സിനിമകളായി ആണല്ലോ കൂടുതലും വരുന്നത്. അവിടെ സാധാരണ അടിയും ഇടിയും ബഹളങ്ങളോ പ്രശ്‌നങ്ങളോ ഇല്ലാതെ ഒന്ന് രണ്ട് സിനിമകള്‍ വന്നിരുന്നു. അതില്‍ ഒന്ന് ഹാപ്പി ഡേയ് ആണ്. എഞ്ചിനീയറിംഗ് കോളെജിനെ ബേസ് ചെയ്തുള്ള സിനിമയായിരുന്നു. അത് ഹിറ്റായിരുന്നു. അത് കോളെജുകളിലെല്ലാം പ്രദര്‍ശിപ്പിച്ച ചിത്രമായിരുന്നു. പിന്നൊന്ന് ഇത് ഞങ്ങളുടെ ലോകം എന്ന ചിത്രമായിരുന്നു. ഒരു പ്രണയ കഥയായിരുന്നു അത് പറഞ്ഞത്. ഇത് രണ്ടും എനിക്ക് ഇഷ്ടപ്പെട്ട കഥകളാണ്.

യേശുദാസിന്റെ ആദ്യ നായിക ഉഷാകുമാരി ഇതാ ഇവിടെയുണ്ട്‌

ഹാപ്പി ഡേയ്‌സിലും ഇത് ഞങ്ങളുടെ ലോകത്തിലനും പുതുമുഖങ്ങള്‍ ആയിരുന്നു. ഇപ്പോഴത്തെ പ്രശസ്ത നടി തമന്നയുടെ ആദ്യം ചിത്രമായിരുന്നു ഹാപ്പി ഡേയ്‌സ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ സിനിമകള്‍ ആണെങ്കിലും എല്ലാവരും ആ സിനിമകളെ പറ്റിയാണ് പറയുന്നത്.

ഏത് നടന്റെ ചിത്രങ്ങളാണ് ഏറ്റവും കൂടുതല്‍ മലയാളത്തില്‍ ആക്കിയിട്ടുള്ളത്?

ഒരു നടനെ കണ്ടിട്ടല്ല മലയാളത്തിലേക്ക് മാറ്റുന്നത്. നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നത് ചെയ്ത് കൊടുക്കുന്നു. ഇപ്പോള്‍ ഇറങ്ങുന്ന ചിത്രങ്ങളില്‍ അല്ലു അര്‍ജ്ജുന്‍ ഉള്ള സിനിമകളാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത്. ഏറ്റവും അധികം അല്ലു അര്‍ജ്ജുന്‍ സിനിമകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ളത് ഞാനാണ്.

ജനത്തിന്റെ ഇഷ്ടം നോക്കാതിരിക്കാന്‍ പറ്റില്ലല്ലോ. അല്ലു അര്‍ജ്ജുന്‍-ജയറാം കോമ്പിനേഷന്‍ ഉടന്‍ എത്തും. അതിന്റെ ഷൂട്ടിംഗ് കഴിഞ്ഞു.

മോഹന്‍ലാല്‍ അഭിനയിച്ച ജനതാ ഗ്യാരേജ് എന്ന ചിത്രവും ഞാനാണ് ചെയ്തിട്ടുള്ളത്. തെലുങ്കിലും കന്നഡയിലും മലയാളത്തിലും ഇതേ പേരില്‍ തന്നെയാണ് സിനിമ ഇറങ്ങിയത്. ഷൂട്ടിംഗ് സമയത്ത് ഞാന്‍ അവിടെ പോയിരുന്നു.

ആദ്യ ഭര്‍ത്താവ് ശ്രീനാഥ് സംവിധായകന്‍ പ്രിയദര്‍ശനോട് നുണ പറഞ്ഞു ശാന്തി കൃഷ്ണ: മനസ്സ് തുറക്കുന്നു

അല്ലു അര്‍ജ്ജുന്‍ സിനിമയുടെ പേര് മാറിയിട്ടുണ്ട്. പറങ്കു എന്ന സിനിമ കൃഷ്ണ എന്ന് പേരിലാണ് വന്നത്. ബാക്കി പല പേരുകളും മറന്ന് പോയി. മലയാളത്തില്‍ വന്ന പേരുകള്‍ മാത്രമേ ഓര്‍മ്മയുള്ളൂ. ഡയറക്ടര്‍ ബി ഉണ്ണികൃഷ്ണന്‍ സാറാണ് അല്ലു അര്‍ജ്ജുന്‍ സിനിമ എടുക്കുന്നതും അദ്ദേഹം തന്നെയാണ് മലയാളം ടൈറ്റില്‍ ഇടുന്നതും.

സതീഷ് മുതുകുളം: അന്യഭാഷാ സിനിമകളുടെ മലയാള വിവര്‍ത്തകന്‍ 3

ഡബ്ബിംഗ് സിനിമ മേഖലയെ കുറിച്ച് എന്താണ് പറയാനുള്ളത്?

റെസ് പെക്ട് നമുക്ക് അന്യഭാഷയില്‍ നിന്നേ കിട്ടൂ. ഇവിടെ നന്നായി വര്‍ക്ക് ചെയ്യും. വളരും എന്ന് അറിഞ്ഞ് കഴിഞ്ഞാല്‍ ആളുകളുടെ ജാഡയും നമ്മോട് കാണിക്കുന്ന വേലകളും സഹിക്കാന്‍ ബുദ്ധിമുട്ടാണ്. സ്‌ക്രിപ്റ്റ് പൂര്‍ത്തിയായി കഴിഞ്ഞ് സിനിമ പൂര്‍ത്തിയാകുമ്പോള്‍ ഇവിടെ ബുദ്ധിമുട്ടുണ്ടാകും. അന്യഭാഷയിലെ ഒരു ആര്‍ട്ടിസ്റ്റിനെയോ മറ്റോ സമീപിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന ഒരു ഇമ്പോര്‍ട്ടന്‍സ് വളരെ കൂടുതലാണ്. അത് ഇവിടെയുള്ളവര്‍ കണ്ട് പഠിക്കണം. ഇവിടെ നിന്ന് തിരിക്കുമ്പോള്‍ തൊട്ട് അവര്‍ വിളിച്ചു കൊണ്ടിരിക്കും. എയര്‍പോര്‍ത്തില്‍ എത്തുമ്പോള്‍ നമ്മളെ കാത്ത് നമ്മുടെ പേര് എഴുതിയ കാര്‍ഡുമായി ഡ്രൈവര്‍ വന്ന് നില്‍ക്കും. അയാള്‍ നമ്മളെ താമസിക്കുന്നതിന് സ്റ്റാര്‍ ഹോട്ടലിലേക്ക് കൊണ്ടുപോകും.

നമ്മുടെ കാര്യം നോക്കാന്‍ മൂന്ന് പേര്‍ കാണും. ഇങ്ങനെയാകുമ്പോള്‍ നമുക്ക് അവരോടുള്ള സിന്‍സിയാരിറ്റി കൂടും. ചെറിയ ആര്‍ട്ടിസ്റ്റിനോട് പോലും അവര്‍ വലിയ റെസ്‌പെക്ട് കാണിക്കും. അല്ലു അര്‍ജ്ജുന്‍ എന്ന ആര്‍ട്ടിസ്റ്റ് പോലും നമ്മുടെ കാലേല്‍ തൊട്ട് തൊഴാന്‍ വരുമ്പോല്‍ നമ്മള്‍ പെട്ടെന്ന് മാറിപ്പോകും. ഇവിടെയുള്ളവരെ കുറ്റം പറയുകയല്ല. പലരും കണ്ട് പഠിക്കേണ്ട കാര്യം തന്നെയാണ് മറ്റ് ഭാഷക്കാരുടെ സ്‌നേഹവും ബഹുമാനവും. ഇവിടെയുള്ളവര്‍ അത് കണ്ട് നന്നായി പഠിക്കണം. കഴിവുള്ളവരെ അംഗീകരിക്കണം.

എനിക്കൊരു രാഷ്ട്രീയമുണ്ട്: പൃഥ്വിരാജ്‌

ഡബ്ബിംഗ് ഡയലോഗ് എഴുതാന്‍ പോയിട്ട് എന്തെങ്കിലും പ്രയാസം ഉണ്ടായിട്ടുണ്ടോ?

ആദ്യകാലത്ത് എന്നെ ഉപയോഗിച്ച് ഒരുപാട് പേര്‍ പൈസയുണ്ടാക്കി. ആദ്യം സിനിമാ രംഗത്തേക്ക് കടന്ന് ചെല്ലുമ്പോള്‍ ഇതിന്റെ ബിസിനസ്സും കാര്യങ്ങളും എനിക്ക് അറിയില്ലല്ലോ. ഒന്നാമത് എന്റെ ചെറുപ്പകാലം. പറയുന്ന വര്‍ക്ക് ഭംഗിയായി ചെയ്യുക എന്നുള്ളതായിരുന്നു ലക്ഷ്യം. പല നിര്‍മ്മാതാക്കളും പറ്റിക്കുന്നവരാണെന്ന് ഞാന്‍ മനസ്സിലാക്കിയത് വൈകിയാണ്.

എനിക്ക് ആദ്യം കിട്ടിയ പ്രതിഫലം 3000 രൂപയാണ്. പിന്നീട് അത് 5000 രൂപയായി. അതിന് ശേഷം 7000 രൂപയായി. കാശ് ഉണ്ടാക്കാന്‍ പ്രൊഡ്യൂസേഴ്‌സ് മിടുക്കന്‍മാരാണ്. കലാകാരന് അര്‍ഹതയുള്ള പണം കൊടുക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. പക്ഷേ, അവര്‍ ഭയങ്കരമായി പൈസ ഉണ്ടാക്കുകയും ചെയ്യും.

മലയാള സിനിമയില്‍ മാന്ദ്യമുള്ള കാലം. തിയേറ്റര്‍ പോലും നിലനില്‍ക്കാന്‍ പ്രയാസമുള്ള കാലത്ത് ഏറ്റവും കൂടുതല്‍ ഡബ്ബ് സിനിമകളാണ് പോയിരുന്നത്. പക്ഷേ, അതിന്റെ പ്രോഫിറ്റ് മുഴുവന്‍ നിര്‍മ്മാതാക്കളാണ് കൊണ്ട് പോകുന്നത്. ഇതിന്റെ ബിസിനസ് പഠിച്ചതിന് ശേഷമാണ് ഞാന്‍ കാശ് ചോദിച്ച് വാങ്ങാന്‍ തുടങ്ങിയത്.

ക്രിസ്തുവിന് ലഭിച്ച മരണം എന്നെയും കാത്തിരിക്കുന്നു: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

കഴിവുള്ള കലാകാരന്‍മാര്‍ക്ക് കാശു കൊടുക്കാന്‍ അവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. കുറേ ചെക്കുകള്‍ എന്റെ കൈയില്‍ ഇരിപ്പുണ്ട്. ഞാന്‍ പിന്നെ കേസിനും വഴക്കിനും ഒന്നും പോയില്ല. അന്‍പത് കോടി രൂപയുടെ അല്ലെങ്കില്‍ 100 കോടി രൂപയുടെ സിനിമകള്‍ ഇറങ്ങുമ്പോള്‍ അതിന് കിട്ടുന്ന ലാഭം ആലോചിച്ച് നോക്കൂ. കാശിന്റെ കണക്ക് അറിയാത്ത നല്ല കലാകാരന്‍മാരെ കിട്ടുന്നത് അവര്‍ക്ക് ലാഭമാണ്. സിനിമ നന്നാകുകയും അവര്‍ക്ക് കാശുണ്ടാകുകയും ചെയ്യും.

ഇപ്പോള്‍ തിരക്ക് കൂടിയിട്ടുണ്ട് അല്ലേ?

ഇപ്പോള്‍ അത്യാവശ്യം നല്ല തിരക്കാണ്. മൂന്ന് സിനിമ ഒരുമിച്ച് ചെയ്തു. ഇപ്പോള്‍ ചെയ്തത് ആന്റോ ജോസഫിന്റെ ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിതാള്‍. നന്നായിട്ട് ചെയ്യുന്നത് കൊണ്ട് ഇപ്പോള്‍ ധാരാളം സിനിമകള്‍ ലഭിക്കുന്നുണ്ട്.

മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനായ ബ്രഹ്മാണ്ഡ ചിത്രം സെയ്‌റാ നരസിംഹ റെഡ്ഢി. 270 കോടി രൂപ മുടക്കി നിര്‍മ്മിച്ച ചിത്രം. അതില്‍ അഞ്ച് ഭാഷകളിലെ അഭിനേതാക്കള്‍ അഭിനയിച്ചിട്ടുണ്ട്.

ചിരഞ്ജീവി, അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, രവികിരണ്‍, സുദീപ്, ജഗപതി ബാബു, രോഹിണി, നയന്‍താര, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയ വമ്പന്‍ താര നിബിഡമായ സിനിമ ലോകം മുഴുവന്‍ റിലീസ് ചെയ്തു. മലയാളത്തില്‍ സംഭാഷണം എഴുതാനും നന്നായി ഡബ്ബ് ചെയ്യുന്നവരെ കൊണ്ട് ഡബ്ബ് ചെയ്യാനും സാധിച്ചു. എന്റെ സംഭാഷണം ഡബ്ബ് ചെയ്യാന്‍ വരുന്നവര്‍ക്കൊക്കെ നല്ല തുക കിട്ടുന്നുണ്ട്.

ഉര്‍വശി ശാരദയും ലോട്ടസ് ചോക്ലേറ്റും പിന്നെ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരും

സെയ്‌റാ നരസിംഹ റെഡ്ഢി തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. കേരളത്തിലും ഈ ചിത്രത്തിന് പ്രാധാന്യം കിട്ടുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.

മലയാള സിനിമയുമായി എന്നെത്തും?

അധികം താമസിയാതെ എത്തും. ഇപ്പോള്‍ ഡബ്ബിംഗിന്റെ ആവശ്യത്തിനായി തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി ഓടി നടക്കുകയാണ്. കൃത്യ സമയത്ത് ചെന്നാലേ മറുഭാഷാ ചിത്രങ്ങള്‍ മലയാള ഭാഷ സംസാരിക്കുകയുള്ളൂ.

സതീഷ് മുതുകുളം: അന്യഭാഷാ സിനിമകളുടെ മലയാള വിവര്‍ത്തകന്‍ 4

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More