എന്റെ ഉള്ളില്‍ ഒരു കള്ളനുണ്ട്: ഇന്ദ്രന്‍സ്

പ്രേക്ഷകരുടെ മനസ്സിലെ ഇന്ദ്രന്‍സിനെ കുറിച്ചുള്ള പ്രതിച്ഛായയെ പുനര്‍നിര്‍മ്മിച്ചാരു സിനിമയാണ് ആളൊരുക്കം. ആളൊരുക്കത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച അഭിനേതാവിനുള്ള പുരസ്‌കാരവും ലഭിച്ചു. സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറായി എത്തിയ അദ്ദേഹം സിനിമയിലെ ജീവിതവും വളര്‍ച്ചയും സ്വയം പ്രയത്‌നത്തിലൂടെയും എളിമയിലൂടെയും തുന്നിയെടുത്തതാണ്. ഇന്ദ്രന്‍സുമായി മീര സംസാരിക്കുന്നു.

അവാര്‍ഡിന് ശേഷം സിനിമ തിരഞ്ഞെടുക്കാന്‍ തുടങ്ങിയോ?

അവാര്‍ഡ് കിട്ടുന്നതിന് മുമ്പ് ചെറിയ വേഷത്തിന് നമുക്ക് ഇന്ദ്രനെ വിളിച്ചാലോ എന്ന് ചിന്തിച്ചിരുന്നവര്‍ അവാര്‍ഡ് കിട്ടിക്കഴിഞ്ഞ് എങ്ങനെ ഇന്ദ്രനെ വിളിക്കും എന്ന് ആലോചിച്ച് വിളിക്കാതിരിക്കും. ബഹുമാനം തോന്നിയിട്ടും കാശ് കൂടുതല്‍ ചോദിക്കുമോ എന്ന് പേടിച്ചും ഒക്കെ. അങ്ങനെ പല വേഷങ്ങളും പോകാന്‍ സാധ്യതയുണ്ട്. പുറത്തു കാണുമ്പോള്‍ ഭയങ്കര സെലക്ടീവ് ആയി തോന്നുന്നതാണ്.

അല്ലെങ്കിലും സിനിമ തിരഞ്ഞെടുക്കുന്നതില്‍ നമുക്ക് ചോയിസ് ഒന്നുമില്ല. നമ്മുടെ കാഴ്ചപ്പാടില്‍ നമുക്ക് ശരിയെന്ന് തോന്നുന്നത് പോലെ എല്ലാവര്‍ക്കും സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെയുണ്ട്. പലരും ഒരുപാട് കൊതിച്ചാണ് സിനിമ എടുക്കുന്നത്. നമ്മള്‍ റോള്‍ വേണ്ടെന്ന് വയ്ക്കുമ്പോള്‍ അങ്ങനെ വരുന്ന ചിലരെയെങ്കിലും ദ്രോഹിക്കുന്നത് പോലെയാണ്. നമുക്ക് ശരിയല്ലെന്ന് തോന്നി ഒഴിവാക്കുന്നത് ചിലപ്പോള്‍ ഏറ്റവും മഹത്തരമായിരിക്കാം. അതുകൊണ്ടും ഒരു ധൈര്യക്കുറവുണ്ടെനിക്ക്.

വരുന്നവരോടൊക്കെ അവരുടെ ആവശ്യത്തിന് അനുസരിച്ച് നിന്ന് കൊടുക്കുക. നന്നാവുന്നത് നന്നാകും. അത്രേയുള്ളൂ. അല്ലെങ്കിലും നായകരുടെ ആധി എനിക്ക് വരേണ്ടതില്ല. എന്റടുത്ത് വരുന്നത് ഇന്ദ്രന്‍സിന് ചെയ്യാന്‍ പറ്റുന്ന തിരക്കഥ ആകും. അതുകൊണ്ട് സിനിമ തിരഞ്ഞെടുക്കേണ്ട കാര്യം വരാറില്ല.

അവാര്‍ഡിന് ശേഷം സംസാരം കൂടിയെന്ന് തോന്നാറുണ്ടോ?

ഒരുപാട് പേര്‍ ചോദിക്കാന്‍ തുടങ്ങി. എന്നോട് സംസാരിക്കാനും ഞാന്‍ പറയുന്നത് കേള്‍ക്കാനും ഒരുപാട് പേര്‍ ഉണ്ടായി എന്നതാണ് സത്യം. അവാര്‍ഡിന് ശേഷം ധിക്കാരിയാകും എന്ന് പറയുന്നത് കണ്ടിട്ടുമുണ്ട്, കേട്ടിട്ടുമുണ്ട്. അതുകൊണ്ട് അങ്ങനെ കേള്‍പ്പിക്കാതിരിക്കുക എന്നതാണ് ആഗ്രഹം. ഒരുപാട് സൂക്ഷിക്കണം എന്ന് ഉള്ളില്‍ ഉള്ളതുകൊണ്ട് സംസാരം ചെലപ്പോള്‍ കുറയ്ക്കും.

ഇന്ദ്രന്‍സും ആളൊരുക്കം സംവിധായകന്‍ വി സി അഭിലാഷും
ഇന്ദ്രന്‍സും ആളൊരുക്കം സംവിധായകന്‍ വി സി അഭിലാഷും

എങ്ങനെ ആരെയും കുറ്റപ്പെടുത്താതെ വിഷമിപ്പിക്കാതെ സിംപിളായിട്ടിരിക്കുന്നത്, അതും മറ്റുള്ളവരെ കാണിക്കാനായി പെരുമാറുന്ന ആള്‍ക്കാരുള്ള ഇന്‍ഡസ്ട്രിയില്‍?

ഞാന്‍ വളരെ ബോധ്യത്തോടെ ഓര്‍ക്കുന്ന കാര്യമാണ്. ഒരുപക്ഷേ, എന്റെ ഉള്ളില്‍ ഒരു കള്ളനുണ്ടായിരിക്കും. ഞാന്‍ ഒരു കള്ളനായിരിക്കും. അത് അങ്ങനെ വേണം എന്ന് നിരന്തരമായി ഒരാള്‍ എന്റെയുള്ളിലിരുന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സിനിമയില്‍ വളരെപ്പേര്‍ വരികയും പോവുകയും ചെയ്യുന്നത് നമ്മള്‍ കാണുന്നുണ്ട്. അവര്‍ ആരും എന്റെ അനുഭവമുള്ളവരല്ല.

അവരൊക്കെ സമ്പന്നരും നന്നായി പഠിച്ചിട്ടുമൊക്കെ വരുന്നവരാണ്. സിനിമയുടെ മായികമായ ലോകത്തിന് ചേരുന്ന രീതിയില്‍ പോകുന്നവരാണ്. അങ്ങനെ ഒരു രീതിയിലും അല്ല ഞാന്‍. വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ നില്‍ക്കാന്‍ പറ്റില്ല എന്നൊരു ബോധ്യം എനിക്കുള്ളത് കൊണ്ട് ഞാനെപ്പോഴും ശ്രദ്ധിക്കുന്നതാണ്. മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ സിനിമയ്ക്ക് നമ്മളെ ഒരു ആവശ്യവുമില്ല. സിനിമയെ നമുക്കാണ് ആവശ്യം. അതുകൊണ്ട് ഞാന്‍ ഇങ്ങനെ നില്‍ക്കണമെന്ന ഓര്‍മ്മപ്പെടുത്തല്‍ എന്റെയുള്ളില്‍ എപ്പോഴുമുണ്ട്.

എന്റെ ജീവിതവും ഞാന്‍ പഠിച്ചതും കണ്ടതുമെല്ലാം അത്രയും തീക്ഷ്ണമായതുകൊണ്ട് ശ്രദ്ധിച്ചു പോകുന്നതാണ്. അങ്ങനെ ചെയ്ത് ചെയ്തു ഞാനറിയാതെയും ഇപ്പോള്‍ ലളിതമായി നില്‍ക്കുന്നതാണ്. എനിക്ക് ആവശ്യമായതെല്ലാം സിനിമയില്‍ നിന്നും കിട്ടുന്നുണ്ട്. എനിക്ക് അത്രയും വേണ്ടല്ലോ എന്നുള്ളത് കൊണ്ട് ലളിതമാകുന്നതാണ്.

പണ്ട് ചെയ്ത വേഷങ്ങളുടെ പേരുവിളിച്ച് കളിയാക്കലുകള്‍ കേട്ടപ്പോള്‍ വിഷമിച്ചിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ആ വേഷങ്ങള്‍ ചെയ്യേണ്ടിയിരുന്നില്ല എന്നുണ്ടോ?

അങ്ങനെ വിഷമിക്കേണ്ടിയിരുന്നില്ല എന്നാണ് ഇപ്പോള്‍ ചിന്തിക്കാറുള്ളത്. പ്രായത്തിന്റെ പക്വതക്കുറവായിരിക്കാം അന്ന് പിണക്കവും വിഷമവുമൊക്കെ തോന്നിയത്. അന്ന് അങ്ങനെ ചിന്തിച്ച ഞാന്‍ മാറിയതു പോലെ കളിയാക്കിയവരും ഇന്ന് മാറിക്കാണും. ഓരോ പ്രായത്തിന്റെ ചാപല്യമായി കണ്ടാല്‍ മതി അതൊക്കെ. ഒരുകണക്കിന് നല്ലതാണ്. ഓരോ വികാരവും വരുമ്പോള്‍ പ്രകടിപ്പിക്കട്ടെ. പ്രതികരിക്കാന്‍ തോന്നുമ്പോള്‍ പ്രതികരിക്കട്ടെ, വിഷമിക്കാന്‍ തോന്നുമ്പോള്‍ അങ്ങനെ.

വീട്ടുകാര്‍ എപ്പോഴെങ്കിലും എതിര്‍ത്തിരുന്നോ?

മക്കള്‍ക്ക് തോന്നിയിരിക്കാം. കുഞ്ഞുമനസ്സില്‍ മറ്റുള്ളവരുടെ അത്രേം നിറം വരുന്നില്ലല്ലോ ജീവിതത്തിന് എന്നൊക്കെ. ചിലപ്പോള്‍ പെട്ടെന്ന് ഏതെങ്കിലും കഥാപാത്രത്തിന്റെ പേരൊക്കെ പറയുമ്പോഴായിരിക്കും ഇവര്‍ക്ക് ഓര്‍മ്മ വരുന്നത് എന്റെ അച്ഛനെയല്ലേ ആ പറഞ്ഞത് എന്ന്. അത് കുട്ടികള്‍ക്കുണ്ടായ വിഷയം. കുറേക്കാലം കഴിഞ്ഞപ്പോള്‍ അവര്‍ക്കും അതുമാറി. അന്നും ഇന്നും എന്റെ രൂപം എന്നെ സഹായിക്കുന്നുണ്ട്. എനിക്ക് കിട്ടുന്ന കാരക്ടര്‍ വിജയിപ്പിക്കാന്‍ രൂപം തന്നെയാണ് സഹായിച്ചിട്ടുള്ളത്.

നടനാവാന്‍ കൊതിച്ചെത്തിയതല്ലേ. ആയിരുന്നില്ലെങ്കില്‍?

അതെ. തയ്യല്‍ ഉള്ളതുകൊണ്ട് സിനിമയില്‍ പെട്ടെന്ന് കയറിപ്പറ്റാന്‍ കഴിഞ്ഞു. ആ കൂട്ടത്തില്‍ തന്നെ നില്‍ക്കാന്‍ പറ്റി. അവരുടെ ഓരം ചേര്‍ന്നു നില്‍ക്കാന്‍ പറ്റിയത് തയ്യല്‍ജോലി കൊണ്ടാണ്. സിനിമാക്കാരനായിരുന്നില്ലെങ്കില്‍ തയ്യല്‍ എന്ന തൊഴിലുമായി മുന്നോട്ടു പോയെനെ. പക്ഷേ, അപ്പോഴും ഞാന്‍ ഒരു നാടക നടനെങ്കിലുമായേനെ. അത് ഞാന്‍ അന്നും ഉറപ്പിച്ചിരുന്നു.

ഇന്ദ്രന്‍സ്‌
ഇന്ദ്രന്‍സ്‌

കൊമേഴ്സല്‍ സിനിമയും ആര്‍ട്ട് സിനിമയും രണ്ടിലും എങ്ങനെ സ്പേസ് കണ്ടുപിടിക്കുന്നു?

കഥാപാത്രവും സിനിമയെ തീരുമാനിക്കുന്ന രീതിയും കാണുമ്പോള്‍ നമുക്ക് മനസ്സിലാകുമല്ലോ എന്തുതരം സിനിമയാണ് അവര്‍ എടുക്കുന്നത് എന്ന്. അപ്പോള്‍ അതിനനുസരിച്ച് നിന്ന് കൊടുക്കാന്‍ കഴിയണം. സദ്യക്ക് ഒരുപാട് കറി വിളമ്പുന്ന പോലെ. ചെയ്യുന്ന പാചകക്കാരന്‍ ഒന്നായിരിക്കും. എന്നാല്‍ എല്ലാ വിഭവങ്ങളിലും ഇടുന്ന ചേരുവ വ്യത്യാസമായിരിക്കും.

അതുപോലെ ആയിരിക്കണം. സംവിധായകന്‍ പറയുമ്പോള്‍ അവരുടെ അഭിരുചിക്ക് അനുസരിച്ച് ഒരു മാനറിസം കാണിച്ച് അത് അവര്‍ക്കിഷ്ടമായാല്‍ കാരക്ടറായി നില്‍ക്കുന്നതാണ് നല്ലത്. മനസ്സ് മാറാതെ നില്‍ക്കണം. രണ്ടിലാണെങ്കിലും കഥാപാത്രമായി മാറുകയെന്നതാണ് പ്രധാനം. സിനിമ തുടങ്ങി കഴിഞ്ഞ് തീരുവോളം അങ്ങനെ കഥാപാത്രമായി മാറാനാണ് ശ്രമിക്കാറുള്ളത്. വീട്ടിലാണെങ്കിലും ദൂരേക്ക് മാറി വശംകെട്ടുള്ള ഇരിപ്പുകണ്ടാല്‍ വീട്ടുകാര്‍ക്ക് മനസ്സിലാകും വേറെ ലോകത്താണെന്ന്.

ജഗതി ശ്രീകുമാറിനെ പോലെ കാമറയ്ക്ക് മുന്നില്‍ പെട്ടെന്ന് പൊടിവിദ്യകളൊക്കെ ചെയ്യുമോ?

അതൊക്കെ അമ്പിളിച്ചേട്ടനെ പോലെ ടാലന്റുള്ളവര്‍ ചെയ്യുന്നതല്ലേ. ഞാന്‍ അത്രയൊന്നും ഇല്ല. എങ്കിലും ചിലപ്പോള്‍ സംവിധായകരോട് ചോദിക്കും. അങ്ങനെ ചെയ്യട്ടെ എന്ന്. അവര്‍ക്കിഷ്ടപ്പെട്ടാല്‍ ചെയ്യും. ചിത്രത്തിന്റെ ടോട്ടാലിറ്റിയെ ബാധിക്കില്ലെങ്കില്‍ മാത്രം. ഞാന്‍ പറഞ്ഞു കൊടുത്തിട്ട് ഹിറ്റായ ഡയലോഗ് ഇല്ല. അങ്ങനെ ഉണ്ടെങ്കിലും പറയാന്‍ പാടില്ല. അതിന് ഒരു സംവിധായകനും തിരക്കഥാകൃത്തുമൊക്കെ ഉള്ളതല്ലേ. അവര്‍ അനുവദിച്ചില്ലെങ്കില്‍ എനിക്ക് അത് ചെയ്യാന്‍ പറ്റില്ലല്ലോ. അങ്ങനെ ചര്‍ച്ച ചെയ്തു ചെയ്താല്‍ ഒരിക്കലും എനിക്ക് അവകാശവാദം ഉന്നയിക്കാന്‍ ആവില്ല.

അവസരങ്ങളില്ലാതാക്കി എന്ന് പലരും ആരോപണം ഉന്നയിക്കുന്ന കാലമാണ്. സഹതാരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ശരിക്കും താരങ്ങള്‍ ഇടപെടാറുണ്ടോ?

അതൊക്കെ സിനിമ നന്നാവണം എന്ന ചിന്ത കൊണ്ടാണെന്നേ തോന്നിയിട്ടുള്ളൂ. പ്രധാന കഥാപാത്രം ചെയ്യുന്ന ആള്‍ക്ക് ഒരു ആധി ഉണ്ടാകുമല്ലോ. തന്റെ കൂടെ ചെയ്യുന്നവരും നന്നാവണം, സിനിമ നന്നാവണം എന്നൊക്കെ. ആ പടം നന്നായാലേ അടുത്ത പടം അവര്‍ക്ക് കിട്ടൂ. പിന്നെ പിണങ്ങുമ്പോളാണ് പണ്ട് അയാള്‍ വലിയ തലവേദനയായിരുന്നു എന്ന് പറയുന്നത്. പിണങ്ങാതെ, എല്ലാവരും സന്തോഷമായിട്ടിരിക്കുക. നമുക്ക് പൊരുത്തപ്പെടാന്‍ കഴിയാത്തിടത്തേക്ക് പോവാതിരിക്കുക.

സിനിമയിലേക്ക് വന്നതില്‍ ഏറ്റവും കൂടുതല്‍ കടപ്പാട്?

എന്നെ രൂപപ്പെടുത്തി എടുത്ത ഒരുപാട് പേരുണ്ട്. പകരം ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ആരെയും പേരെടുത്ത് പറയാനാവില്ല. ഏതുകണക്കിന് നോക്കിയാലും എല്ലാവരും എന്നെ സഹായിച്ചിട്ടേ ഉള്ളൂ. മാറി മാറി വരുന്ന പുതിയ കുട്ടികളും നമ്മെ വിളിക്കുന്നു, വേഷം തരുന്നു. അവര്‍ക്ക് വേണമെങ്കില്‍ ഇതൊക്കെ റിട്ട. ജവാന്‍മാരാണ് ഒഴിവാക്കാം എന്ന് ചിന്തിക്കാവുന്നതാണ്. അതൊന്നും ചെയ്യാതെ കൂടെ കൂട്ടുന്നില്ലേ? നമ്മള്‍ ആഗ്രഹിക്കുന്ന ഫീല്‍ഡില്‍ തന്നെ നില്‍ക്കാന്‍ പറ്റുന്നു എന്ന സന്തോഷം വേറെയുണ്ട്.

ഇന്ദ്രന്‍സ്‌
ഇന്ദ്രന്‍സ്‌

സിനിമയുടെ മാറ്റം?

പണ്ട് ഫിലിം ഉണ്ടായിരുന്നപ്പോള്‍ ഡയറക്ടറും കാമറാമാനും മുഖത്തോടു മുഖം നോക്കി ഒകെ പറയുവാണ്. ഇപ്പോള്‍ ലാബിലെത്തി കഴിഞ്ഞാണ് ഷോട്ട് അറിയാനാവുന്നത്. ഇന്ന് പണ്ടത്തെ പോലെ വിശാലമായ സ്‌ക്രിപ്റ്റ് ഇല്ല. എന്നാല്‍ കുട്ടികളുടെ മനസ്സ് നിറയെ സിനിമയാണ്. അവര്‍ മനസ്സില്‍ കണ്ടത് പോലെ മാറി മാറി ഷൂട്ട് ചെയ്യും. രണ്ടും തമ്മില്‍ കാലഘട്ടത്തിന്റെ വ്യത്യാസമാണ്. വേള്‍ഡ് സിനിമയോടാണ് ഇന്ന് മലയാള സിനിമ മത്സരിക്കുന്നത്. ലോകോത്തര സിനിമകള്‍ കണ്ടിട്ടാണ് ഇപ്പോള്‍ കുട്ടികള്‍ സിനിമ എടുക്കാന്‍ വരുന്നത്.

കൂടുതല്‍ തവണ ചെയ്യിക്കുമ്പോള്‍ പുതിയ കുട്ടികളോട് ദേഷ്യം തോന്നാറുണ്ടോ?

പഴമ കൊണ്ട് നമുക്ക് മടുപ്പ് വന്നാലേ അത്തരം തോന്നല്‍ വരൂ. അങ്ങനെ തോന്നാതിരിക്കുക. പുതിയ കുട്ടികളുടെ കൂടെ ചെയ്യുമ്പോള്‍ അവര്‍ക്കൊപ്പം ചെയ്യുക എന്നതാണ്. അവര്‍ക്ക് സ്വാതന്ത്ര്യം ഇല്ലാതാവും. അങ്ങനെ ചെയ്യാതിരിക്കുക. ആര്‍ട്ടിസ്റ്റിനെ മാത്രം ബാധിക്കുന്ന ആധി കൊണ്ട് അവരെ ബുദ്ധിമുട്ടിക്കാതിരിക്കുക എന്നാണ് വിചാരിക്കുന്നത്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More