ശോഭയും ബാലു മഹേന്ദ്രയും തമ്മിലെ ബന്ധം നീളില്ലെന്ന് അറിയാമായിരുന്നു: കെ ജി ജോര്‍ജ്‌

കുളക്കാട്ടില്‍ ഗിവര്‍ഗീസ് ജോര്‍ജ് എന്ന കെജി ജോര്‍ജ്, ഇതിഹാസ തുല്യമായ ഒരുപിടി ചലച്ചിത്രങ്ങളുടെ പേരിലാണ് മലയാളി മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. കഴിഞ്ഞ 20 വര്‍ഷങ്ങളായി ഒരു ചിത്രം പോലും സംവിധാനം ചെയ്തിട്ടില്ലെങ്കിലും അദ്ദേഹം ചലച്ചിത്ര രംഗത്ത് സജീവമല്ലെന്ന് ആര്‍ക്കും തോന്നിയിട്ടില്ല. നവതരംഗ സിനിമകളുടെ കുത്തൊഴുക്കിനിടയിലും കൈത്തഴക്കത്തിന്റെ ചലച്ചിത്രകാരനായി കെ ജി ജോര്‍ജ് ചര്‍ച്ച ചെയ്യപ്പെടുന്നു. ദൃശ്യഭാഷ കൊണ്ടും അവ ഉയര്‍ത്തിവിട്ട രാഷ്ട്രീയം കൊണ്ടും കെ ജി ജോര്‍ജ്ജിന്റെ ചിത്രങ്ങളും കാലിക പ്രസക്തിയോടെ തുടരുന്നു. പഞ്ചവടിപ്പാലവും യവനികയും ഉള്‍ക്കടലും ചലച്ചിത്ര പ്രേമികള്‍ ഒരുപാട് തവണ കാണുകയും അവരുടെ മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്ന ചിത്രങ്ങളുമാണ്. തിരക്കഥയെ വെല്ലുന്ന ചില നാടകങ്ങളിലൂടെ മൗലികമായ ഒരു ദൃശ്യശൈലി സൃഷ്ടിച്ചെടുത്ത അദ്ദേഹം രാജശേഖരന്‍ മുതുകുളവുമായി സംസാരിക്കുന്നു.

കെ ജി ജോര്‍ജ്, കുട്ടിക്കാലം മുതലേ താങ്കള്‍ക്ക് സിനിമയോട് താല്‍പ്പര്യമുണ്ടോ?

കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ അച്ഛന്റെ കൈയിലിരുന്ന് സിനിമ കണ്ടതിന്റെ ഓര്‍മ്മ ഇപ്പോഴുമുണ്ട്. എനിക്കന്ന് നാലോ അഞ്ചോ വയസ്സു പ്രായം കാണും. തിരുവല്ലയിലെ വിക്ടറി തിയേറ്ററില്‍ ജനം തിങ്ങി നിറഞ്ഞിരിപ്പുണ്ടായിരുന്നു. ജനത്തിരക്കില്‍ മുന്നിലെ കാഴ്ച മറഞ്ഞതിന്റെ നിരാശയിലായിരുന്ന കൊച്ചുകുട്ടിയായ എന്നെ അച്ഛന്‍ പെട്ടെന്ന് കൈകളില്‍ കോരിയെടുത്ത് ഉയര്‍ത്തി എന്നെ വളരെ അത്ഭുതപ്പെടുത്തി. കുഞ്ഞിലേതന്നെ ആ കാഴ്ച എന്നെ മോഹിപ്പിച്ചു. സിനിമ എന്നിലേക്ക് കടന്നു വരികയായിരുന്നു.

കെ ജി ജോര്‍ജ്‌
കെ ജി ജോര്‍ജ്‌

കലാരംഗത്തേക്കുള്ള കടന്നുവരവ് സിനിമയിലേക്ക് തന്നെയായിരുന്നോ?

കടന്നുവരവ് സിനിമയിലേക്ക് അല്ലായിരുന്നു. കുട്ടിക്കാലത്ത് തിയേറ്ററില്‍ നിന്ന് കയറിയ സിനിമ എന്നില്‍ ലയിച്ചു കിടക്കുകയായിരുന്നു. വലിയ കലാ പാരമ്പര്യമൊന്നുമില്ലാത്ത മധ്യ തിരുവിതാംകൂറിലെ സാധാരണ ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗമായി കുളക്കാട്ടില്‍ ഗിവര്‍ഗീസ് ജോര്‍ജ്ജ് എന്ന ഞാന്‍ ജനിച്ചു. എന്റെ അച്ഛന്‍ ഹരിപ്പാട്ടുകാരനാണ്. പേര് സാമുവല്‍. അമ്മ അന്നാമ്മ തിരുവല്ലക്കാരിയാണ്.

അച്ഛന്‍ ജോലിയുടെ ഭാഗമായുള്ള നാടുചുറ്റലില്‍ തിരുവല്ലയില്‍ എത്തുകയും അവിടെ നിന്ന് അമ്മയെ വിവാഹം കഴിക്കുയുമായിരുന്നു. പെയിന്റിംഗ് ആയിരുന്നു അച്ഛന്റെ തൊഴില്‍. അച്ഛന്റെ കുടുംബം പാരമ്പര്യമായി തന്നെ വിവിധ കൈത്തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നു. പെയിന്റിംഗ് എന്ന് പറഞ്ഞാല്‍ ലോറി ഉള്‍പ്പെടെയുള്ള വാഹനങ്ങളുടേയും കച്ചവട സ്ഥാപനങ്ങളുടേയും ബോര്‍ഡുകള്‍ ചിത്രവേലയോടെ എഴുതുകയും പെയിന്റ് ചെയ്യുകയും ചെയ്യുമായിരുന്നു. പിന്നീട് അച്ഛന്റെ ഊരുചുറ്റലില്‍ കുടുംബവും അച്ഛനോടൊപ്പം കൂടി. ഞങ്ങള്‍ തിരുവല്ലയിലും ചങ്ങനാശേരിയിലും കോട്ടയത്തുമൊക്കെ പല വീടുകള്‍ മാറി മാറി താമസ്സിച്ചു. എങ്ങും ഒരു വീടില്ലാത്ത അവസ്ഥയായിരുന്നു.

അച്ഛന് രാഷ്ട്രീയമൊന്നുമില്ലായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയൊക്കെ ബോര്‍ഡ് എഴുതുമായിരുന്നു. നുകം വച്ച കാളയെ സ്ഥാനാര്‍ത്ഥിയുടെ അടയാളമായി വരയ്ക്കുകയും ബോര്‍ഡ് എഴുതുകയും ചെയ്യുമ്പോള്‍ ഞാനും സഹായിക്കുമായിരുന്നു. നുകം വച്ച കാളകളെ വരയ്ക്കാനും എഴുതാനും ഞാനും പഠിച്ചു. കലയിലേക്ക് കടക്കുന്നത് അച്ഛന്റെ കലയിലൂടെയാണ്. പെയിന്റര്‍ എന്ന നിലയിലാണ് കലാരംഗത്തേക്ക് എന്റെ അരങ്ങേറ്റം.

താങ്കള്‍ നന്നായി വായിക്കുമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്?

ചിത്രം വരയും വായനയും ഞാന്‍ തുടര്‍ന്നു. കോട്ടയും പ്രസിദ്ധീകരണങ്ങളായിരുന്നു ഏറെയും. അന്നൊന്നും അത്തരം പ്രസിദ്ധീകരണങ്ങളില്‍ എന്തെങ്കിലും പോരായ്മകള്‍ ഉള്ളതായി തോന്നിയിട്ടില്ല. ആള്‍ക്കാരെ വായനയിലേക്ക് ആകര്‍ഷിക്കാന്‍ ആ പ്രസിദ്ധീകരണങ്ങള്‍ വലിയ പങ്ക് വഹിച്ചിരുന്നു. അയല്‍പക്കത്തുള്ള വീടുകളഇല്‍ വരുത്തിയിരുന്ന പുസ്തകങ്ങളും വാരികകളും എല്ലാം വായിക്കുമായിരുന്നു. ചെറുകഥകളും ഡിറ്റക്ടീവ് കഥകളുമൊക്കെ പലയിടത്ത് നിന്നും സംഘടിപ്പിച്ച് വായിച്ചു. വായന പുതിയൊരു വഴിത്തിരിവിലെത്തുന്നത് പിന്നീടാണ്.

തിരുവല്ലയില്‍ വരുമായിരുന്ന പീസ് കോര്‍പ്പസ് എന്ന അമേരിക്കന്‍ സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് വലിയൊരു പങ്കുണ്ട്. ഈ സംഘടനയുടെ പ്രവര്‍ത്തകരായി വരുന്ന സായിപ്പന്‍മാരോടാണ് ഞാന്‍ ആദ്യമായി മുറി ഇംഗ്ലീഷില്‍ സംസാരിച്ചത്. അവരില്‍ പലരും എന്റെ സുഹൃത്തുക്കള്‍ ആയി. അവരുടെ മേല്‍വിലാസം വാങ്ങി വിദേശത്തേക്ക് എഴുത്തുകുത്തുകള്‍ നടത്തി. ടൈം, സ്റ്റാര്‍ഡേ ഈവനിംഗ് പോസ്റ്റ്, ന്യൂസ് വീക്ക് തുടങ്ങിയ ലോകോത്തര വിദേശ വാര്‍ത്താ മാസികകള്‍ പലതും അ ചങ്ങാത്തത്തിന്റെ ഭാഗമായി അവര്‍ എനിക്ക് തപാലില്‍ അയച്ചു തന്നു. അത് എന്റെ വായന പുതിയ ലോകങ്ങളിലേക്ക് നയിച്ചു. സിനിമയെ സംബന്ധിച്ച് അവയില്‍ വന്നിരുന്ന ലേഖനങ്ങളും ആസ്വാദനവുമൊക്കെ എന്നെ പ്രത്യേകം ആകര്‍ഷിച്ചു.

മനശാസ്ത്ര പുസ്തകങ്ങളുടെ വായനയായിരുന്നു അറുപതുകളുടെ ഒരു പ്രത്യേകത. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരൊക്കെ മനശാസ്ത്ര പുസ്തകങ്ങള്‍ വായിച്ചിരുന്നു. ഇന്റലക്ച്വലായ വായന എന്ന പരിവേഷമുണ്ടായിരുന്നതിനാല്‍ സ്വാഭാവികമായി ഞാനും അവിടേക്ക് ആകര്‍ഷിക്കപ്പെട്ടു. മനശാസ്ത്രം പ്രധാനമാണെന്ന ധാരണ അപ്പോഴേക്കും എന്നില്‍ ശക്തിപ്പെട്ടിരുന്നു. സാഹിത്യമായാലും സിനിമയായാലും ഏത് വിഷയമെടുത്താലും ഹിച്ച് കോക്കിന്റെ സൈക്കോ പോലുള്ള സിനിമയൊക്കെ സൈക്കോളജിക്കലാണ് എന്ന് ഹിച്ച് കോക്ക് അദ്ദേഹത്തിന്റെ സിനിമയില്‍ കാണിച്ചു തന്നു.

വിദേശ സിനിമകള്‍ അത്തരത്തില്‍ വേറെയുമുണ്ട്. പില്‍ക്കാലത്ത് ആ വായനയും ധാരണകളും എന്റെ സൃഷ്ടികളെ ഗുണപരമായി സ്വാധീനിക്കുക തന്നെ ചെയ്തു. ആദ്യ സംവിധാനം ചെയ്ത സ്വപ്‌നാടനം മുതലുള്ള എല്ലാ പ്രധാന സിനിമകളും സൈക്കോളജിക്കലായ ഒരു തലത്തോട് ഗാഢമായി സംവദിക്കുന്നവയാണ്. ഞാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമകളിലെ കഥാപാത്രങ്ങളുടേയും കഥാഗതികളുടേയും മനശാസ്ത്രപരമായ കെട്ടുറപ്പിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ സൈക്കോളജിക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള വായനയുടെ സ്വാധീനം പിന്നീട് കുറഞ്ഞു വന്നു. എങ്കിലും മറ്റുള്ളവ വായിക്കുന്നതിന് ഒരു കുറവും വരുത്താതെ തുടര്‍ന്നു.

കെ ജി ജോര്‍ജ്‌
കെ ജി ജോര്‍ജ്‌

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തെക്കുറിച്ച് പറയാമോ?

പൂനെയില്‍ ഒരു മാസത്തെ ചലച്ചിത്ര ആസ്വാദന ക്യാമ്പില്‍ പങ്കെടുത്ത അനുഭവങ്ങളാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാന്‍ പ്രേരണയായത്. 1967-ല്‍ ഡിഗ്രി പഠനം കഴിഞ്ഞു. 63 മുതല്‍ 67 വരെ ഹോളിവുഡ് സിനിമകള്‍ കാണാനും പോകുമായിരുന്നു. അങ്ങനെ സിനിമ പ്രേമം കൂടിയാണ് ഒരു മാസത്തെ ചലച്ചിത്ര ആസ്വാദന കോഴ്‌സില്‍ പങ്കെടുക്കാന്‍ പോയത്. നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സുമായി ചേര്‍ന്ന് സംഘടിപ്പിച്ച ക്യാമ്പ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെക്കേഷന്‍ കാലത്താണ് നടന്നത്. ക്യാമ്പിലെ അനുഭവവും പാഠവും എന്നെ നന്നായി സ്വാധീനിച്ചു. അടുത്ത വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരണമെന്ന തീരുമാനത്തോടെയാണ് ക്യാമ്പ് കഴിഞ്ഞ് പൂനെ വിട്ടത്.

ചെന്നൈയില്‍ വച്ചായിരുന്നു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവേശന പരീക്ഷ. പില്‍ക്കാലത്ത് എന്റെ പ്രധാന ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച രാമചന്ദ്രബാബുവും പരീക്ഷ എഴുതാന്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ടെസ്റ്റ് പാസായി. ഇന്റര്‍വ്യൂനായി പൂനെയിലേക്ക് പോയി. രാജ് കപൂര്‍ അടങ്ങുന്ന പ്രഗല്‍ഭര്‍ക്ക് മുന്നിലാണ് ഇന്റര്‍വ്യൂന് ഹാജരായത്. അങ്ങനെ 1968-ല്‍ ഞാന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയായി. നടി ലക്ഷ്മിയുടെ ഭര്‍ത്താവായിരുന്ന മോഹന്‍ശര്‍മ്മ, രവി മേനോന്‍, ആസാദ് ജമീല മാലിക്, ഗൗതമന്‍, ജയ ഭാദുരി എന്നിവരൊക്കെ സമകാലികരായിരുന്നു. ജോണ്‍ എബ്രഹാം, ബാലു മഹേന്ദ്ര എന്നിവര്‍ സീനിയര്‍ സിനിമാ വിദ്യാര്‍ത്ഥികളും.

ഇന്ത്യന്‍ സംവിധായകരെ അടുത്തറിയുന്നതിനും അവരുടെ പ്രധാന സിനിമകള്‍ കാണുന്നതും ഇന്‍സ്റ്റിറ്റ്യൂട്ട് പഠന കാലത്താണ്. സത്യജിത് റായ്, ഋതിക് ഘട്ടക്, മണി കൗള്‍, മൃണാള്‍ സെന്‍, ഐ എസ് ജോഹര്‍, ബിമല്‍ റോയ് തുടങ്ങിയ വിഖ്യാത സംവിധായകരൊക്കെ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കുമായിരുന്നു. അവരുമായെല്ലാം എനിക്ക് എഴുത്തുകുത്തും ചിലരൊക്കെയായി അടുത്ത ചങ്ങാത്തവുമുണ്ടായി. അധ്യാപകരെല്ലാം അടുത്ത സൃഹൃത്തുക്കളായി. അധ്യാപന രീതി വെറുതെ പഠിപ്പിക്കലല്ല. വഴി കാട്ടുകയായിരുന്നു അവര്‍. സിനിമയെ കുറിച്ചെല്ലാം ഉള്‍ക്കാഴ്ച നല്‍കും. സിനിമ അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നല്ല പഠിപ്പിച്ചത്. പഠിക്കുന്നത് നമ്മളാണ്. ക്ലാസില്‍ 12 വിദ്യാര്‍ത്ഥികളായിരുന്നു. ആ ബാച്ചിലെ രണ്ട് പേര്‍ വിദേശീയരായിരുന്നു. 1971-ല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം പൂര്‍ത്തിയായി.

രാമു കാര്യാട്ടിനെ താങ്കള്‍ സ്വന്തം ഗുരുവായി കരുതുന്നതായി അറിയാം. അദ്ദേഹവുമായുള്ള ബന്ധം എങ്ങനെയായിരുന്നു?

ഇന്‍സ്റ്റിറ്റ്യൂട്ട് പഠനത്തിന്റെ അവസാനകാലത്ത് ഞങ്ങളുടെ പരീക്ഷയ്ക്ക് എക്‌സാമിനറായി രാമു കാര്യാട്ട് വന്നിരുന്നു. ഞാന്‍ ചെന്ന് പരിചയപ്പെട്ടു. എന്റെ ഇടപെടലുകളും മറ്റും ബോധിച്ചിട്ടുണ്ടാകണം. കോഴ്‌സ് കഴിഞ്ഞാല്‍ മദ്രാസിലേക്ക് വരുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അല്ലാതെ വേറെ മാര്‍ഗമില്ലല്ലോ എന്ന് ഞാന്‍ മറുപടി പറഞ്ഞു. എങ്കില്‍ മദ്രാസില്‍ വന്ന് കാണുകയെന്ന് അദ്ദേഹം മറുപടിയും പറഞ്ഞു. 1972-ല്‍ മദ്രാസിലേക്ക് വണ്ടി കയറി.

നേരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് വിട്ട ജോണ്‍ എബ്രഹാമും ബാലു മഹേന്ദ്രയും ഉള്‍പ്പെടെ ഒരു സംഘം മദിരാശിയിലെത്തിയിട്ടുണ്ട്. രാമു കാര്യാട്ടിനെ കാണാനായിട്ടാണ് വന്നതെങ്കിലും ഞാന്‍ ആദ്യം സഹകരിച്ചത് ജോണ്‍ എബ്രഹാമിന്റെ പടത്തിലാണ്. രാമചന്ദ്രബാബു ആദ്യമായി ക്യാമറ ചലിപ്പിച്ച ചിത്രവും അതായിരുന്നു.

ഒരു മാസത്തോളം നീണ്ട് നിന്ന ചിത്രീകരണ ജോലിയില്‍ ഞാന്‍ മുഴുവന്‍ സമയവും ഉണ്ടായിരുന്നു. ജോണിന്റെ സിനിമയില്‍ സ്‌ക്രിപ്റ്റ് എന്ന് പറഞ്ഞ് എന്തെങ്കിലുമൊക്കെ കാണുമെന്നേ പറയാന്‍ പറ്റു. ഒന്നും വിശദമായി ഉണ്ടാകില്ല. നല്ല തയ്യാറെടുപ്പോടെ ആവേശപൂര്‍വം സിനിമകള്‍ തുടങ്ങുകയും പിന്നീട് ഒരുതരം അരാജകത്വത്തിലേക്ക് വഴുതുന്നതുമായിരുന്നു ജോണിന്റെ രീതി. മദ്യം അദ്ദേഹത്തെ കീഴടക്കിയിരുന്നു. എല്ലാ ദിവസവും എല്ലാ നേരവും അദ്ദേഹം മദ്യപിച്ചിരുന്നു. ജോണിന്റെ തമിഴ് സിനിമയായ അഗ്രഹാരത്തില്‍ കഴുതൈയിലും ഞാന്‍ സഹകരിച്ചിരുന്നു.

ജോണിന്റെ സിനിമയ്ക്ക് ശേഷമാണ് രാമു കാര്യാട്ടിനെ കാണാന്‍ ഞാന്‍ പോയത്. അദ്ദേഹത്തിന്റെ വലിയ ഓഫീസില്‍ മണിക്കൂറുകളോളം കാത്തിരുന്ന് നിന്നപ്പോള്‍ ഒരാള്‍ വന്ന് അകത്തേക്ക് ചെല്ലാന്‍ പറഞ്ഞു. ശീതീകരിച്ച മുറിയിലേക്ക് കയറിയപ്പോള്‍ ആജാനുബാഹുവായ ഒരാള്‍ കണ്ണാടിക്ക് മുന്നിലിരുന്ന് മുടിവെട്ടുന്നു. സാക്ഷാല്‍ രാമു കാര്യാട്ട്. പൂനെയിലെ ഞങ്ങളുടെ പരിചയം കാര്യാട്ട് മറന്നിരുന്നില്ല. എനിക്ക് തന്നിരുന്ന ഓഫറും അദ്ദേഹത്തിന് ഓര്‍മ്മയുണ്ടായിരുന്നു. മായ എന്ന സിനിമയില്‍ രാമു കാര്യാട്ടിന്റെ അസിസ്റ്റന്റായി ഞാന്‍ ജോലി ചെയ്തു.

സിനിമയില്‍ എന്റെ ഗുരുവായ കാര്യാട്ടെന്ന വലിയ സിനിമാക്കാരനെ അടുത്തറിയാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ സുഹൃദ് വലയത്തില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞതുമാണ് അക്കാലത്ത് എനിക്കുണ്ടായ ഏറ്റവും വലിയ നേട്ടം. മായ, നെല്ല് എന്നീ ചിത്രങ്ങളിലാണ് ഞാന്‍ അദ്ദേഹത്തെ അസിസ്റ്റ് ചെയ്തത്. കാര്യാട്ട് ഒരു പ്രത്യേകതരം കലാകാരനായിരുന്നു. സിനിമയെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും മനസ്സിലാക്കാന്‍ കുറഞ്ഞ കാലത്തെ സഹവാസത്തിനിടെ കഴിഞ്ഞു.

എപ്പോഴും ആളും അകമ്പടികളുമായി മാത്രമേ അദ്ദേഹത്തിനെ കാണുമായിരുന്നുള്ളു. മദിരാശിയില്‍ സ്വന്തമായൊരു വീടുണ്ട്. വലിയ ആള്‍ക്കാരുമായി ബന്ധം സ്ഥാപിക്കാനും നിലനിര്‍ത്താനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ. അങ്ങനെ ഒരുപാട് വല്യ ആള്‍ക്കാരുമായി അദ്ദഹം ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

കെ ജി ജോര്‍ജിന്റെ സ്വപ്‌നാടനം എന്ന സിനിമയുടെ പോസ്റ്റര്‍
കെ ജി ജോര്‍ജിന്റെ സ്വപ്‌നാടനം എന്ന സിനിമയുടെ പോസ്റ്റര്‍

ആദ്യം സംവിധാനം ചെയ്യുന്ന സ്വപ്‌നാടനത്തെ കുറിച്ച് എന്താണ് പറയാനുള്ളത്?

രാമു കാര്യാട്ടിന്റെ ഒപ്പം താമസമാക്കുന്നതിന് മുമ്പ് തന്നെ സ്വന്തം സിനിമ ചെയ്യുന്നതിനുള്ള ആലോചന ഞാന്‍ തുടങ്ങിക്കഴിഞ്ഞു. ബോംബെ മലയാളിയായ മുഹമ്മദ് ബാപ്പു തന്റെ സിനിമ സംവിധാനം ചെയ്യുന്നതിന് എന്നെ നിയോഗിച്ചത് തികച്ചു യാദൃശ്ചികം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ എസ് കെ നായരിലൂടെ എന്നെക്കുറിച്ച് അറിഞ്ഞ് രാരിച്ചന്‍ എന്ന ലത്തീഫുമായി മുഹമ്മദ് ബാപ്പു എന്നെ തേടി വരികയായിരുന്നു. രാരിച്ചന്‍ എന്ന ലത്തീഫിനെ കുറിച്ച് പറയാതെ പറ്റില്ല. രാമു കാര്യാട്ടുമായി ചേരുന്നതിന് മുമ്പ് തൊട്ട് തുടങ്ങണം. പണത്തിന് ബുദ്ധിമുട്ടുള്ള കാലം.

അങ്ങനെ ഇല്ലായ്മയുടെ കാലത്ത് നിര്‍മ്മാതാവ് പി എ എം കാസിമിന്റെ മഹാലിംഗപുരത്തുള്ള വീടിന് മുന്നിലെ റോഡിലൂടെ നടന്ന് പോകുമ്പോള്‍ അവിടെ ലത്തീഫ് നില്‍പ്പുണ്ട്്. എന്നെ സൂക്ഷിച്ചു നോക്കി. പരിചയഭാവം കാണിച്ചപ്പോള്‍ ഞാന്‍ നിന്നു. ആരാണ് എന്താണ് എന്നെല്ലാമായി ലത്തീഫിന്റെ ചോദ്യം. നിങ്ങള്‍ സിനിമാക്കാരനാണോ എങ്കില്‍ ഒരു ഫൈവ് റുപ്പീസ് തരൂ എന്ന് ഞാന്‍ പറഞ്ഞു. യാതൊരു മടിയും കൂടാതെ അരയിലെ ബെല്‍റ്റിലെ പേഴ്‌സ് തുറന്ന് ലത്തീഫ് എനിക്ക് പത്തുരൂപ തന്നു. ആയുഷ്‌ക്കാലം കോട്ടമില്ലാതെ തുടര്‍ന്ന അനുദിനം ദൃഢമായ ഒരു സുഹൃദ് ബന്ധത്തിന്റെ തുടക്കം കൂടിയായി അത്. മദിരാശിയില്‍ സിനിമാക്കാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായി ല്ത്തീഫ്.

സ്വപ്‌നാടനത്തിന്റെ ആദ്യാവസാനക്കാരനായി ലത്തീഫുണ്ടായിരുന്നു. പിന്നീട് ഞാന്‍ സിനിമ ചെയ്തപ്പോഴെല്ലാം സെറ്റില്‍ ലത്തീഫ് നിറഞ്ഞ് നില്‍ക്കും. സ്വപ്‌നാടനത്തിലെ നായിക റാണി ചന്ദ്രയെ ഈ സിനിമയിലേക്ക് നയിച്ചത് ലത്തീഫാണ്. ഒരുഘട്ടത്തില്‍ അവര്‍ അഭിനയം മതിയാക്കി പോകുകയാണെന്ന് പറഞ്ഞിരുന്നു. കഷ്ടപ്പെട്ടാണ് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി അഭിനയിക്കാന്‍ പ്രേരിപ്പിച്ചത്. അതും ലത്തീഫിന്റെ സഹായത്തോടെ തന്നെ.

തിരുവനന്തപുരത്തും മദ്രാസിലുമായിരുന്നു ചിത്രീകരണം. തിരുവനന്തപുരം മെഡിക്കല്‍ കോളെജ്, അന്നത്തെ ഒരു മന്ത്രിയുടെ വീട്, എംഎല്‍എ ഹോസ്റ്റല്‍ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്. ചിത്രം പൂര്‍ത്തിയാക്കി കഴിഞ്ഞെങ്കിലും റിലീസിന് മുന്നോടിയായി ചില പ്രയാസങ്ങള്‍ ബാപ്പുവിനുണ്ടായി. എന്നാല്‍ ബാപ്പുവിന്റെ വിപുലമായ സ്വാധീനം മൂലം ആ പ്രതിബന്ധങ്ങളെ അതിജീവിച്ച് ചിത്രം റിലീസ് ചെയ്തു.

ഡല്‍ഹി ഫിലിം സൊസൈറ്റിയുടെ ആ വര്‍ഷത്തെ ഫെസ്റ്റിവലില്‍ ചിത്രം ക്ഷണിക്കപ്പെട്ടു. മുന്‍നിശ്ചയപ്രകാരം പ്രദര്‍ശിപ്പിക്കേണ്ട ഒരു ഫ്രഞ്ച് സിനിമ എത്താതിരുന്ന സാഹചര്യത്തില്‍ പകരമായി സ്വപ്‌നാടനം പ്രദര്‍ശിപ്പിച്ചത് വലിയ പ്രശംസ നേടി തന്നു. ഫ്രഞ്ച് സിനിമ പ്രതീക്ഷിച്ചെത്തിയ വിദേശീയരുള്‍പ്പെടെ വമ്പന്‍ സദസ്സാണ് സ്വപ്‌നാടനം കാണാന്‍ ഉണ്ടായിരുന്നത്.

പ്രദര്‍ശനത്തിന് മുമ്പായി തന്നെ സ്വപ്‌നാടനത്തിന്റെ സിനോപ്‌സിസ് വിതരണം ചെയ്തു. വിദേശികള്‍ ഉള്‍പ്പെടെയുണ്ടായിരുന്നതിനാല്‍ കഥാ സന്ദര്‍ഭങ്ങള്‍ ഇടയ്ക്കിടെ മൈക്കില്‍ വിളിച്ച് പറഞ്ഞു. അല്‍പം കണ്ടിട്ട് പോകാമെന്ന് കരുതിയവര്‍ പോലും ചിത്രം അവസാനം വരെ ഇരുന്ന് കണ്ടു. ഹര്‍ഷാരവത്തോടെയാണ് പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടത്.

ആ വര്‍ഷം റഷ്യന്‍ ഫിലിം സൊസൈറ്റിക്ക് വേണ്ടി സ്വപ്‌നാടനം തെരഞ്ഞെടുത്തിരുന്നു. ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള പാനലില്‍ അംഗമായിരിക്കവേയാണ് രാമു കാര്യാട്ട് എന്റെ സിനിമ കണ്ടത്. അവിടെ ഒരുപാട് സിനിമകള്‍ കണ്ടുവെന്നും അതില്‍ ഏറ്റവും മനോഹരമായ സിനിമ നീ എടുത്തതാണെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. ഗുരുനാഥന്റെ വാക്കുകള്‍ എന്നെ ഏറെ സന്തോഷിപ്പിച്ചു.

ഗായിക സെല്‍മയുമായുള്ള വിവാഹത്തെപ്പറ്റി പറയാമോ?

സ്വപ്‌നാടനത്തിന്റെ ഷൂട്ടിങ് നടന്ന് കൊണ്ടിരിക്കെ സിനിമയില്‍ പാടാന്‍ അവസരം ചോദിച്ച് വരുമ്പോഴാണ് എന്റെ ഭാര്യയായി മാറിയ സെല്‍മയെ ആദ്യം കാണുന്നത്. സ്വപ്‌നാടനത്തില്‍ ഗാനങ്ങള്‍ ഇല്ലായിരുന്നു. മനോഹരമായി പശ്ചാത്തല സംഗീതം ഒരുക്കിയത് ഭാസ്‌കര്‍ ചന്ദവാര്‍ക്കറായിരുന്നു. ഈ സിനിമയില്‍ പാട്ട് ഇല്ലെന്നും പാട്ടുള്ള സിനിമ എടുക്കുമ്പോള്‍ വിളിക്കാമെന്നും പറഞ്ഞാണ് അന്ന് സെല്‍മയെ മടക്കിയത്. സെല്‍മയെ അറിയില്ലായിരുന്നെങ്കിലും തിരുവല്ലക്കാരായ സെല്‍മയുടെ അമ്മയുടെ കുടുംബത്തെ അറിയുമായിരുന്നു.

പ്രശസ്ത സംഗീതജ്ഞന്‍ പാപ്പുക്കുട്ടി ഭാഗവതരുടെ മകളാണ്. സെല്‍മയുടെ അമ്മയുടം എന്റെ അമ്മയും കുട്ടിക്കാലം മുതല്‍ക്കേ സുഹൃത്തുക്കളാണ്. എം ബി ശ്രീനിവാസന് കീഴില്‍ ചില സിനിമകളില്‍ സെല്‍മ പാടിയെന്നും കേട്ടു. പിന്നീട് സെല്‍മയെ കണ്ടപ്പോള്‍ ഞാന്‍ തന്നെ പ്രൊപ്പോസ് ചെയ്തു. അപ്പോഴൊന്നും സെല്‍മയ്ക്ക് താല്‍പര്യം ഇല്ലായിരുന്നു. സംഗീതവും സിനിമയുമൊക്കെ അടുപ്പമുള്ള കുടുംബമെന്ന നിലയില്‍ സെല്‍മയ്ക്ക് സിനിമാക്കാരെ കുറിച്ചുണ്ടായിരുന്ന ധാരണകളാണ് എതിര്‍പ്പിന് കാരണമായത്. പിന്നീട് സെല്‍മയുടെ അമ്മ നിര്‍ബന്ധിച്ചപ്പോഴാണെന്ന് തോന്നുന്നു വിവാഹത്തിന് സമ്മതം മൂളിയത്. 1977 ഫെബ്രുവരി ഏഴിനായിരുന്നു വിവാഹം.

ഉള്‍ക്കടല്‍ എന്ന ചിത്രം ഒരുപാട് ആസ്വാദര്‍കര്‍ക്ക് ഇഷ്ടപ്പെട്ടു. ഉള്‍ക്കടല്‍ എടുക്കാനുണ്ടായ കാരണം?

ഞാനും ലത്തീഫും കൂടി മുണ്ടക്കയത്തുകാരന്‍ കെ ജെ തോമസിനെ തേടിപ്പോയപ്പോള്‍ റോഡരികില്‍ പുസ്തക മേള നടക്കുന്നു. അവിടെ കയറി പുസ്തകങ്ങള്‍ നോക്കി. ജോര്‍ജ് ഓണക്കൂറിന്റെ കഥാപുസ്തകം ശ്രദ്ധയില്‍പ്പെട്ടു. അത് ഉള്‍ക്കടല്‍ എന്ന കഥയായിരുന്നു. പുസ്തകം വാങ്ങി. തുടര്‍ന്നുള്ള യാത്രയില്‍ പുസ്തകം വായിച്ച് തീര്‍ത്തു. ലത്തീഫുമായി ചര്‍ച്ച ചെയ്തു. മുണ്ടക്കയത്ത് എത്തി കെ ജെ തോമസിനെ കണ്ടപ്പോള്‍ അദ്ദേഹം ഞാന്‍ സിനിമയാക്കാന്‍ പോകുന്ന ജോര്‍ജ് ഓണക്കൂറിന്റെ കഥ തന്നെ പറഞ്ഞു. തോമസിന് അത് ഇഷ്ടപ്പെട്ടു. പിന്നീടാണ് ഓണക്കൂറിനെ കണ്ട് കഥ സിനിമയാക്കാനുള്ള അനുവാദമൊക്കെ നേടിയത്. അങ്ങളനെ ഉള്‍ക്കടല്‍ എന്റെ തിരിച്ച് വരവായി. കാമ്പസ് പ്രണയം പ്രമേയമാക്കിയ ഉള്‍ക്കടല്‍ എനിക്ക് വലിയ പ്രശസ്തി നേടിതന്നതിനൊപ്പം സാമ്പത്തികമായും വിജയമായി.

എന്റെ കുടുംബ സുഹൃത്തായി മാറിക്കഴിഞ്ഞിരുന്ന ശോഭയായിരുന്നു ഉള്‍ക്കടലിലെ നായിക. ഛായാഗ്രഹണം ബാലുമഹേന്ദ്രയും. വേണു നാഗവള്ളി ആദ്യമായി അഭിനയിക്കുന്നതും ഉള്‍ക്കടലിലാണ്. അതിലെ പാട്ടുകള്‍ ഒ എന്‍ വി എഴുതി. എം ബി ശ്രീനിവാസന്‍ സംഗീതം നല്‍കി. യേശുദാസും ജയചന്ദ്രനും എന്റെ ഭാര്യ സെല്‍മയും പാടി. അതൊരു ഹിറ്റ് കൂട്ടുകെട്ടിന്റെ ആരംഭവുമായി. ഉള്‍ക്കടലിലെ ഗാനങ്ങള്‍ (ശരദിന്ദു മലര്‍ ദീപനാളം, എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ, കൃഷ്ണതുളസികതിരുകള്‍ ചൂടിയൊരശ്രു കുടീരം, നഷ്ട വസന്തത്തിന്‍ തപ്ത നിശ്വാസമോ) ഇന്നും സിനിമാ സംഗീത പ്രേമികള്‍ നെഞ്ചേറ്റുന്നു.

ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്‌
ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്‌

നടി ശോഭയുടെ ആത്മഹത്യയാണ് ലേഖയുടെ മരണം :ഒരു ഫ്‌ളാഷ് ബാക്കിന് പ്രേരിപ്പിച്ചത് എന്ന് പറയുന്നത് ശരിയാണോ?

നടി ശോഭയുടെ ആത്മഹത്യ തന്നെയാണ് ലേഖയുടെ മരണം :ഒരു ഫ്‌ളാഷ് ബാക്കിന് എന്നെ പ്രേരിപ്പിച്ചത്. ക്യാമറാമാനും സംവിധായകനുമായ ബാലു മഹേന്ദ്രയുമായി ശോഭയ്ക്കുണ്ടായിരുന്ന അടുപ്പമാണ് ലേഖയുടെ മരണം: ഒരു ഫ്‌ളാഷ് ബാക്കിന്റെ പ്രമേയവുമായി ശോഭയുടെ മരണത്തെ ബന്ധപ്പെടുത്തിയത്. മദിരാശിയിലെ സിനിമാ വൃത്തങ്ങള്‍ക്ക് പുറത്തും അക്കാലത്ത് അവരുടെ ബന്ധം അറിയപ്പെട്ടിരുന്നു.

ശോഭയുടെ മരണശേഷം സിനിമാ വൃത്തങ്ങളില്‍ അക്കാര്യം ചര്‍ച്ചയുമായി അപ്പോള്‍ പിന്നെ ലേഖയുടെ മരണത്തിന്റെ ഇതിവൃത്തത്തെ അതുമായി ബന്ധപ്പെടുത്തിയത് സ്വാഭാവികം. സംവിധായകന്‍ ഞാനായപ്പോള്‍ പ്രത്യേകിച്ചും. ഉള്‍ക്കടല്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന കാലത്തെല്ലാം ബാലു മഹേന്ദ്രയും ശോഭയുമായുള്ള ബന്ധം ശക്തമായിരുന്നു. ഉള്‍ക്കടലിന്റെ ഛായാഗ്രഹണം പതിവില്‍ നിന്ന് വ്യത്യസ്തമായി രാമചന്ദ്രബാബുവിന് പകരം ബാലു മഹേന്ദ്ര ചെയ്യാനുള്ള കാരണവും ശോഭ തന്നെയായിരുന്നു.

ചിത്രത്തിലെ നായിക ശോഭയാണെന്നറിഞ്ഞ് ക്യാമറ ചെയ്യാനുള്ള സന്നദ്ധത ബാലു മഹേന്ദ്ര ഇങ്ങോട്ട് അറിയിച്ചു. ആവശ്യം ഞാന്‍ നിരാകരിച്ചില്ല. ഉള്‍ക്കടലിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുമ്പോള്‍ ഹോട്ടലിലെ തൊട്ടടുത്ത മുറികളിലാണ് രണ്ട് പേരും താമസിച്ചിരുന്നത്. പിന്നീട് ഇവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വളര്‍ന്നു. ശോഭയും ബാലു മഹേന്ദ്രയും വിവാഹിതരാകുന്നുവെന്ന് കേട്ടപ്പോള്‍ വാസ്തവത്തില്‍ അത്ഭുതമാണ് തോന്നിയത്. കാരണം ബാലുവിനെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠന കാലം തൊട്ടേ എനിക്ക് നന്നായി അറിയാം. എന്നേക്കാള്‍ ഒരു വര്‍ഷം സീനിയര്‍ ആയിരുന്നു ബാലു. ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം കഴിഞ്ഞ് മദ്രാസില്‍ എത്തിയ ബാലു അഖില എന്ന പേരുള്ള ശ്രീലങ്കക്കാരിയെ വിവാഹം കഴിച്ചിരുന്നു. ബാലു മഹേന്ദ്രയും ശ്രീലങ്കന്‍ വംശജനാണ്. അഖില സിനിമയുമായി ബന്ധമൊന്നുമില്ലാത്ത സാധാരണ സ്ത്രീയും.

ശോഭയ്ക്ക് ബാലുവും അഖിലയുമായുള്ള വിവാഹ ബന്ധത്തെക്കുറിച്ച് അറിയില്ലായിരുന്നു. മദിരാശിയില്‍ വച്ചാണ് ബാലു ശോഭയുമായി അടുക്കുന്നത്. അവരുടെ ബന്ധം ഒരിക്കലും നിലനില്‍ക്കാന്‍ പോകുന്നില്ലെന്ന് അന്നേ ഞാന്‍ മനസ്സില്‍ കരുതി. അക്ഷരാര്‍ത്ഥത്തില്‍ അതുതന്നെ സംഭവിച്ചു. സിനിമാ ലോകത്തെ ആകെ ഞെട്ടിച്ചു ശോഭയുടെ മരണം. സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ അവരെക്കുറിച്ച് പല കാര്യങ്ങളും അറിയാന്‍ സഹായിച്ചത് ലത്തീഫ് ആണ്. ശോഭയുടെ മരണശേഷം അവരുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതും അന്ന് അതില്‍ നിന്ന് പിന്തിരിപ്പിച്ചതുമെല്ലാം ലത്തീഫ് എന്നോട് പറഞ്ഞു.

കോലങ്ങള്‍ എന്ന് പറയുന്ന സിനിമയ്ക്ക് ആവശ്യത്തിന് അംഗീകാരങ്ങള്‍ കിട്ടിയില്ല എന്ന് പറയുന്നത്‌ ശരിയല്ലേ?

കോലങ്ങള്‍ക്ക് ആവശ്യത്തിന് അംഗീകാരം കിട്ടിയില്ല എന്ന അഭിപ്രായം പലഭാഗത്തുനിന്നും ഉയര്‍ന്നെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ പ്രശ്‌നം ആയിരുന്നില്ല. ഒരിക്കലും എന്റെ പല ചിത്രങ്ങളും ഇന്നും കാണുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും അവയൊന്നും അതാത് കാലത്തെ സര്‍ക്കാര്‍ അവാര്‍ഡുകള്‍ കാര്യമായൊന്നും നേടിയിട്ടില്ലെന്ന് പരിശോധിച്ചാല്‍ മനസിലാകും. ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ അതിന് കിട്ടേണ്ട അവാര്‍ഡുകളെയും അംഗീകാരത്തേയും കുറിച്ച് ചിന്തിക്കുക പതിവില്ല. ഫെസ്റ്റിവലുകള്‍ തോറും കൊണ്ടു നടക്കുന്ന ശീലവുമില്ല. ഒരു സിനിമ കണ്ട് ആരെങ്കിലും നന്നായി എന്ന് പറഞ്ഞാല്‍ അത് സന്തോഷത്തോടെ സ്വീകരിക്കും. അത്രമാത്രം.

ആദാമിന്റെ വാരിയെല്ല് എടുക്കാന്‍ പ്രത്യേകിച്ച് എന്തെങ്കിലും കാരണം ഉണ്ടായിരുന്നോ?

ആദാമിന്റെ വാരിയെല്ല് എടുക്കാന്‍ പ്രേത്യേകിച്ച് കാരണം എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ പറയാനാകില്ല. പക്ഷേ, അതുപോലൊരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. അതിന് കാരണം എന്റെ കുടുംബ പശ്ചാത്തലവും എന്റെ ജീവിതത്തിലും എഴുത്തിലും വായനയിലും കൂടി ഞാന്‍ പരിചയപ്പെട്ടിട്ടുള്ള സ്ത്രീകളുമാണ്. കുടുംബ സാഹചര്യങ്ങളില്‍ ഞാന്‍ പരിചയിച്ചിട്ടുള്ള സ്ത്രീകള്‍ ഒരു പരിഗണനയും കിട്ടാതെ വീടുകളില്‍ ഒതുങ്ങി കൂടിയിരുന്നവരാണ്. പൊതുവായ കാര്യങ്ങളിലൊന്നും അവരുടെ അഭിപ്രായമോ സാന്നിദ്ധ്യമോ അനിവാര്യമായി കരുതപ്പെട്ടിരുന്നില്ല.

സ്ത്രീയെന്നാല്‍ വെറുതെ അഭിപ്രായം ചോദിക്കാന്‍ മാത്രമുള്ള ഒന്നായേ പരിഗണിച്ചിരുന്നുള്ളു. അവരുടെ ഭാഗം ഒരിക്കലും ഗൗരവമായി കേള്‍ക്കുന്ന പതിവില്ലായിരുന്നു. പക്ഷേ, എന്റെ കുടുംബ ജീവിതത്തില്‍ ഞാന്‍ ആ രീതി പിന്‍തുടര്‍ന്നിട്ടില്ല. സ്ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനവും പരിഗണനയും നല്‍കിയിട്ടുണ്ട്. അതിനുള്ള കപ്പാസിറ്റി എനിക്കുണ്ടായിരുന്നതാണ് കാരണം. ഇന്ത്യന്‍ പനോരമയില്‍ പ്രേക്ഷക നിരൂപക ശ്രദ്ധ നേടി. അവിടങ്ങളിലെല്ലാം സിനിമയിലെ സ്ത്രീ പക്ഷ പാതിത്വം ചര്‍ച്ചയായി. സ്ത്രീ കഥാപാത്രങ്ങളുടെയെല്ലാം പ്രകടനം പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.

പഞ്ചവടിപ്പാലം
പഞ്ചവടിപ്പാലം

മലയാളത്തിലെ ആദ്യ രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമയാണ് പഞ്ചവടിപ്പാലം. അതേക്കുറിച്ച് പറയാമോ?

ഇന്നും മോശം രാഷ്ട്രീയത്തെ കളിയാക്കി മികച്ച രാഷ്ട്രീയാക്ഷേപ ഹാസ്യ സിനിമയായി പഞ്ചവടിപ്പാലം അജയ്യമായി നിലനില്‍ക്കുന്നു. പാലം അപകടത്തില്‍ എന്ന പേരില്‍ ഹാസ്യ സാഹിത്യകാരന്‍ വേളൂര്‍ കൃഷ്ണന്‍ കുട്ടി എഴുതിയ കഥയാണ് ചിത്രത്തിന് സ്വീകരിച്ചത്. കഥ നേരത്തെ വായിച്ചിട്ടുള്ളതാണ്. പലരോടും അതേക്കുറിച്ച് സംസാരിച്ചപ്പോള്‍ സിനിമയാക്കിയാല്‍ നന്നായിരിക്കുമെന്ന അഭിപ്രായമുണ്ടായി. പിന്നെ സറ്റയര്‍ സിനിമ ചെയ്യണമെന്ന ആശവും നേരത്തെയുണ്ടായിരുന്നതാണ്. പതിവ് പോലെ തിരക്കഥ ഞാന്‍ എഴുതി. എന്നാല്‍ സംഭാഷണമെഴുതാന്‍ പുതിയൊരാളെ തന്നെ കണ്ടെത്തി. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസനെ. അതിന്‌ കാരണമുണ്ട്.

സറ്റയറാകുമ്പോള്‍ കാര്‍ട്ടൂണിസ്റ്റിന്റെ എഴുത്ത് ചിത്രത്തിന് മിഴിവേകുമെന്ന് ഒരു തോന്നല്‍. സമകാലിക സംഭവങ്ങളോട് വിമര്‍ശനാത്മകമായ കാഴ്ചപ്പാട് കൂടുതല്‍ കാര്‍ട്ടൂണിസ്റ്റുകളിലാണ് ഉണ്ടാകുക. അത് വളരെ ശരിയുമായി. പഞ്ചവടിപ്പാലത്തിലെ കഥാപാത്രങ്ങളെ ഇന്നും പ്രേക്ഷകന്‍ മറന്നിട്ടില്ല. ഗോപിയുടെ ദുശ്ശാസനക്കുറുപ്പ്, നെടുമുടി വേണുവിന്റെ ശിഖണ്ഡിപ്പിള്ള, ശ്രീവിദ്യയുടെ മണ്ഡോദരി എന്നിവരൊക്കെ ഇന്നും രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു. ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രമുള്‍പ്പെടെയുള്ളവര്‍ ജീവിതത്തില്‍ എനിക്ക് പരിചയമുള്ളവരുടെ കാരിക്കേച്ചര്‍ പതിപ്പായി സിനിമയില്‍ പുനര്‍ജനിച്ചതാണ്.

ഏറ്റവും കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിച്ച യവനികയെക്കുറിച്ച്

യവനികയില്‍ എടുത്ത് പറയേണ്ട ഒരു പ്രധാനഘടകം ചിത്രത്തിലെ കലാസംവിധാനമാണ്. സ്വപ്‌നാടനം മുതല്‍ ഇരകള്‍വരെയുള്ള എന്റെ സിനിമയില്‍ കലാസംവിധാനം ചെയ്ത സുന്ദരം തന്നെയാണ് യവനികയേയും സുന്ദരമാക്കിയത്. സിനിമ ഡീറ്റൈയിലിന്റെ കലയാണെങ്കിലും യവനികയുടെ കാലത്തൊന്നും മലയാള സിനിമ അത്തരം കാര്യങ്ങളിലേക്ക് വളര്‍ന്നിരുന്നില്ല. ജലജ ഗോപിയെ കുപ്പി കൊണ്ട് കുത്തിക്കൊല്ലുന്ന രംഗത്തില്‍ വളരെ സ്വാഭാവികതയോടെ കുപ്പിയുടെ കഴുത്തിലൂടെ രക്തം പുറത്തേക്ക് ഒഴുകുന്നത് പ്രേക്ഷകര്‍ ശ്രദ്ധിക്കും. കുത്തേല്‍ക്കുമ്പോള്‍ തന്നെ രക്തത്തിന്റെ ഒഴുക്ക് ആ രീതിയില്‍ ആകുമെന്നും അത് രംഗത്തിന് സ്വാഭാവികത പകരുമെന്നും കൃതഹസ്തനായ കലാസംവിധായകനുമാത്രമേ മുന്‍കൂട്ടി കാണാന്‍ ആകൂ.

ഒരു ചിത്രം പോലും വരച്ചിട്ടില്ലാത്ത സുന്ദരത്തിന് അതിന് കഴിഞ്ഞിരുന്നു. സുന്ദരം കലാസംവിധാനം ചെയ്യുന്നതെല്ലാം വളരെ ശ്രദ്ധിച്ചാണ്. അയ്യപ്പന്‍ എന്ന കഥാപാത്രത്തോടുള്ള ട്രീറ്റ്‌മെന്റുകളും പുതുമയുള്ളതായി. ഓരോരുത്തരുടേയും ഓര്‍മ്മയിലൂടെ മാത്രം സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണ് തബലിസ്റ്റ് അയ്യപ്പന്‍. ഫ്‌ളാഷ് ബാക്കുകളുടെ ഘോഷയാത്ര. സാധാരണ ഗതിയില്‍ പ്രേക്ഷകനെ ബോറടിപ്പിക്കും.

ഈ പ്രശ്‌നത്തെ മറി കടക്കാന്‍ അയ്യപ്പന്റെ സ്വഭാവ വൈചിത്യങ്ങളെ പ്രകടമാക്കും വിധം ഓരോ ഓര്‍മ്മകളിലേയും അയ്യപ്പനെ വ്യത്യസ്തനാക്കുക എന്ന ടെക്‌നിക് പരീക്ഷിച്ചു. അത് അയ്യപ്പന് മാത്രമല്ല ചിത്രത്തിനാകെ പുതിയ ഭാവതലം സമ്മാനിച്ചു.

സംവിധായകന്‍ മാത്രല്ല നിര്‍മ്മാതാവുമാണ്?

ഞാന്‍ ഒരു സിനിമ നിര്‍മ്മിച്ചു മഹാനഗരം. മഹാനഗരത്തിന്റെ നിര്‍മ്മാണ നിര്‍വഹണമൊഴികെ യാതൊരു കാര്യത്തിലും ഞാന്‍ ഇടപെട്ടില്ല. ആദ്യമായാണ് ആ രീതിയില്‍ ഞാന്‍ ഒരു സിനിമയുമായി സഹകരിച്ചത്. പരിചിതമല്ലാത്ത മേഖലയായിരുന്നെങ്കിലും ആ ജോലി ഞാന്‍ നന്നായി നിര്‍വഹിക്കുകയും ആസ്വദിക്കുകയും ചെയ്തു.

ഡെന്നീസ് ജോസഫാണ് മഹാനഗരത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത്. താരതമ്യേന പുതുമുഖമെന്ന് പറയാവുന്ന ടി കെ രാജീവ് കുമാറിനെ സംവിധായകനാക്കി. സിനിമ എന്ന നിലയില്‍ മികച്ചതൊന്നുമായിരുന്നില്ല മഹാനഗരം. എന്നാല്‍ അത് സാമ്പത്തിക നേട്ടമുണ്ടാക്കി. എനിക്കും 10-12 ലക്ഷത്തോളം രൂപ കിട്ടി.

ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കണമെന്നുണ്ട്. സുഖമില്ലാതെ ഇരിക്കുന്ന താങ്കളെ ബുദ്ധിമുട്ടിക്കുന്നില്ല. ഇപ്പോഴത്തെ അവസ്ഥ എന്താണ്?

എറണാകുളം വെണ്ണലയിലുള്ള വീട്ടില്‍ സമ്പൂര്‍ണ വിശ്രമത്തിലാണ് ഞാന്‍. സ്‌ട്രോക്ക് വന്നതിന് ശേഷം വിശ്രമം തന്നെയാണ്. ചിലപ്പോള്‍ സംസാരിക്കുമ്പോഴും പലര്‍ക്കും മനസിലാകുകയില്ല. വളരെ പതുക്കയേ സംസാരിക്കാന്‍ പറ്റൂ.

കെ ജി ജോര്‍ജ്ജിന്റെ സിനിമകള്‍

1976: സ്വപ്‌നാടനം

1977: വ്യാമോഹം

1978: രാപ്പാടികളുടെ ഗാഥ

1978: ഓണപ്പുടവ

1978: മണ്ണ്

1978: ഇനി അവള്‍ ഉറങ്ങട്ടെ

1980: മേള

1980: കോലങ്ങള്‍

1982: യവനിക

1983: ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്

1983: ആദാമിന്റെ വാരിയെല്ല്

1984: പഞ്ചവടിപ്പാലം

1986: ഇരകള്‍

1987: കഥയ്ക്ക് പിന്നില്‍

1988: മറ്റൊരാള്‍

1990: ഈ കണ്ണികൂടി

1998: ഇലവങ്കോട് ദേശം

1991: ഒരു യാത്രയുടെ അന്ത്യം

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More