കേരള ജനപക്ഷം സെക്യുലര്‍ ബിജെപിയുടെ മതേതര മുഖം: ഷോണ്‍ ജോര്‍ജ്ജ്

പ്രായമേറിയവര്‍ക്ക് പി സി ജോര്‍ജ്ജ് കുഞ്ഞുമോനും പ്രായം കുറഞ്ഞവര്‍ക്ക് അദ്ദേഹം ആശാനുമാണ്. എന്നാല്‍ അദ്ദേഹം രൂപീകരിച്ച കേരള ജനപക്ഷം സെക്യുലറിന്റെ ചെയര്‍മാനായി അവരോധിക്കപ്പെട്ട അദ്ദേഹത്തിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് പ്രായഭേദമെന്യേ എല്ലാവര്‍ക്കും ചാക്കോച്ചനാണ്. ഇത്രയും കാലം ജോര്‍ജ്ജിന് പിന്നില്‍ നിഴലായി നിന്ന ഷോണ്‍ ചെയര്‍മാന്‍ സ്ഥാനത്തിലൂടെ കേരള രാഷ്ട്രീയത്തിന്റെ മുന്നണിയിലേക്ക് എത്തുകയാണ്. ചെയര്‍മാനായ ശേഷം അദ്ദേഹം ആദ്യമായി ഒരു മാധ്യമത്തിന് അനുവദിച്ച രാഷ്ട്രീയ അഭിമുഖത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്തേയും കേരള കോണ്‍ഗ്രസ് എമ്മില്‍ ജോസ് കെ മാണിയില്‍ നിന്നുമേറ്റ തിരിച്ചടികളെ കുറിച്ചും ഷോണ്‍ ജോര്‍ജ്ജ് അഭിമുഖം എഡിറ്റര്‍ കെ സി അരുണുമായി സംസാരിക്കുന്നു.

കേരളത്തില്‍ ഇപ്പോള്‍ അനവധി രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. അതിനിടയില്‍ പുതിയ പാര്‍ട്ടി കേരള ജനപക്ഷം സെക്യുലര്‍ പ്രസക്തിയെന്താണ്?

പുതിയ പാര്‍ട്ടിയെന്നത് ടെക്‌നിക്കല്‍ കാര്യമാണ്. പാര്‍ട്ടി പ്രഖ്യാപിച്ചത് 2017 ഫെബ്രുവരി 21-നാണ്. പാര്‍ട്ടി രൂപീകൃതമായിട്ടും അത്രയും ദിവസമായി. പക്ഷേ, അത് പാര്‍ട്ടിയെന്ന നിലയിലായിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നില്ല. അത് രജിസ്റ്റര്‍ ചെയ്തിരുന്നത് പി സി ജോര്‍ജ് ചെയര്‍മാനായ ചാരിറ്റബിള്‍ സൊസൈറ്റിയായിട്ടായിരുന്നു. നിയമസഭ ഉപതെരഞ്ഞെടുപ്പും ത്രിതല തെരഞ്ഞെടുപ്പും വരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ നമുക്ക് രാഷ്ട്രീയ പാര്‍ട്ടിയായേ പറ്റത്തുള്ളൂ.

അങ്ങനെയൊരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാകുമ്പോള്‍ പി സി ജോര്‍ജിന് അതില്‍ അംഗമാകാനും സാധിക്കില്ല. സ്വതന്ത്രമായി ജയിച്ച ഒരാള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗത്വം എടുക്കാന്‍ കഴിയില്ല. അങ്ങനെ അംഗത്വം എടുത്താല്‍ അയോഗ്യനാക്കപ്പെടും. അതിനാലാണ് രജിസ്‌ട്രേഷന് സമയമായപ്പോള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഞാന്‍ ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ ആറ് മാസത്തിനകം സംഘടനാ തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണം. അതിനുവേണ്ടി ജൂണ്‍ 1 മുതല്‍ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.

പാര്‍ട്ടിയുടെ പ്രസക്തിയെന്നത് വലിയൊരു ചോദ്യമാണ്. ഇന്ത്യയില്‍ 4000-ത്തോളം രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. കേരളത്തില്‍ തന്നെ 300 ഓളം പാര്‍ട്ടികള്‍ ഉണ്ടായിരുന്നു. പക്ഷേ, അതില്‍ പ്രവര്‍ത്തിക്കുന്നത് പത്തോ ഇരുപതോ മാത്രമേയുള്ളൂ. ഞങ്ങള്‍ ഇപ്പോള്‍ എന്‍ഡിഎയുടെ ഭാഗമാണ്. ഈ 23-ന് വോട്ടെണ്ണി കഴിയുമ്പോള്‍ കൃത്യമായി ഞങ്ങളുടെ രാഷ്ട്രീയം എന്താണ് എന്ന് മനസ്സിലാകും.

എന്‍ഡിഎയ്ക്ക് അധികാരത്തിലെത്താന്‍ ചില കുറവുകള്‍ ഉണ്ടായിരുന്നു. ആ കുറവുകള്‍ ഞങ്ങള്‍ക്ക് നികത്താന്‍ കഴിയുമെന്ന് പത്തനംതിട്ടയിലേയും തിരുവനന്തപുരത്തേയും ഫലങ്ങള്‍ തെളിയിക്കും. ബിജെപിക്ക് എതിരായി ഊതിപ്പെരുപ്പിച്ചിട്ടുള്ള ഒരു ന്യൂനപക്ഷ വിരുദ്ധതയുണ്ട്. വികസനം കൊണ്ടും ഞങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും അങ്ങനെയല്ലെന്ന് ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഒരു സംശയവും വേണ്ട കേരളത്തില്‍ അത്ഭുതങ്ങള്‍ ഉണ്ടാകും.

രണ്ട് മുന്നണിയേയും ജനങ്ങള്‍ വെറുത്തത് കൊണ്ടാണല്ലോ മുന്നണികള്‍ക്ക് അപ്പുറത്ത് നിന്ന പി സി ജോര്‍ജ്ജിനെ ജനങ്ങള്‍ ജയിപ്പിച്ചത്. പി സി ജോര്‍ജ്ജിന്റെ വ്യക്തി മികവോ വികസന കാഴ്ചപ്പാടോ കൊണ്ടല്ല പൂഞ്ഞാറിലെ ജനങ്ങള്‍ അദ്ദേഹത്തെ നിയമസഭയില്‍ എത്തിച്ചത്. അതിനപ്പുറത്ത് ഒരു സംവിധാനം വേണമെന്ന ചിന്തയാണ് അദ്ദേഹത്തെ വിജയിപ്പിച്ചത്.

ഷോണ്‍ ജോര്‍ജ്ജ്‌
ഷോണ്‍ ജോര്‍ജ്ജ്‌

പൂഞ്ഞാറില്‍ മാത്രം ഒതുങ്ങുന്ന പാര്‍ട്ടിയായി കെ ജെ എസ് മാറുമോ?

അതാണിപ്പോഴുള്ള പ്രശ്‌നം. ഞങ്ങളുടേത് സംസ്ഥാന പാര്‍ട്ടിയാണെന്ന് അംഗീകരിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല. അതേസമയം പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു പോകുന്നവരുടെ വാര്‍ത്ത കൊടുക്കാന്‍ മാധ്യമങ്ങള്‍ മടി കാണിക്കാറില്ല. ഇപ്പോഴാണ് കേരളത്തിലുടനീളം പാര്‍ട്ടിയുണ്ടെന്ന് മനസ്സിലായതെന്ന് കഴിഞ്ഞ ദിവസം ബിജെപിയുടെ സംസ്ഥാന നേതാവ് വിളിച്ചപ്പോള്‍ പറഞ്ഞു.

കാസര്‍ഗോഡ് നിന്നും കണ്ണൂരില്‍ നിന്നും വയനാട്ടില്‍ നിന്നുമൊക്കെ ഒന്നും രണ്ടും പേര്‍ രാജി വയ്ക്കുമ്പോള്‍ ജനപക്ഷത്തുനിന്നും രാജിവച്ചുവെന്ന് വലിയ വാര്‍ത്ത നല്‍കുന്നു. സംസ്ഥാന കമ്മിറ്റി 189 പേരാണുള്ളത്. അതില്‍ നിന്നും ഏഴ് പേര്‍ മാത്രമാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് രാജി വച്ചത്. അത് അവരുടെ തെറ്റിദ്ധാരണ കൊണ്ടാണുണ്ടായത്. ഞങ്ങള്‍ ചെന്ന് കയറിയ മുന്നണിയെ സംബന്ധിച്ച് വലിയ ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. ന്യൂനപക്ഷ വിരുദ്ധത ഊതിപ്പെരുപ്പിച്ചത് പോലുള്ളവ.

അത് അല്ലായെന്ന് പ്രൂവ് ചെയ്യാണം. കഴിഞ്ഞ 50 വര്‍ഷങ്ങളായി കര്‍ഷകന് വേണ്ടിയെന്തോ ചെയ്തുവെന്ന് അവകാശപ്പെടുന്ന ഇവിടത്തെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഒന്നും ചെയ്തിട്ടില്ലായെന്നും കര്‍ഷകര്‍ക്കുവേണ്ടി ജനപക്ഷത്തിന് ചെയ്യാന്‍ കഴിയുമെന്നും ആറ് മാസത്തിനുള്ളില്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കണം. കേരളത്തിന്റെ രാഷ്ട്രീയം മാറുമോ ഇല്ലയോയെന്ന് നമുക്ക് നോക്കണം.

മാണിയില്ലാത്ത കേരള കോണ്‍ഗ്രസ് എമ്മിന്റെ ഭാവിയെന്താകും?

ആ ചോദ്യത്തിന് വളരെ പ്രസക്തിയുണ്ട്. ആ പാര്‍ട്ടിക്ക് ഇനി പ്രസക്തിയില്ല. നൂറ് കണക്കിന് രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായി കേരള കോണ്‍ഗ്രസ് എം മാറി. രാഷ്ട്രീയമായും വ്യക്തിപരമായും കെ എം മാണിയോട് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷേ, കെ എം മാണിയെന്ന നേതാവിന്റെ ജീവിതത്തില്‍ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടതും പഠിക്കേണ്ടതില്ലാത്തതുമായ കാര്യങ്ങളും ഉണ്ട്.

മാണിയില്ലാത്ത കേരള കോണ്‍ഗ്രസിനെ എനിക്ക് ചിന്തിക്കാന്‍ കഴിയില്ല. 14-ാം വയസ്സില്‍ കെ എസ് സിയ്ക്ക് മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് ഞാനൊക്കെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പക്ഷേ, ഇന്ന് ആ പാര്‍ട്ടിയെ നയിക്കുന്ന ഒരാളും കേരള വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പോലും ഒരു മുദ്രാവാക്യം വിളിച്ചിട്ടില്ല. ഒരാഴ്ചയ്ക്കുള്ളില്‍ പാല മുനിസിപ്പാലിറ്റിയില്‍ നിന്ന് തന്നെ വലിയ പൊട്ടിത്തെറിയോടെ ആളുകള്‍ ആ പാര്‍ട്ടിയില്‍ നിന്നും പുറത്തേക്ക് പോകും.

പി സി ജോര്‍ജ്ജ്, പി ജെ ജോസഫ്, കെ എം മാണി
പി സി ജോര്‍ജ്ജ്, പി ജെ ജോസഫ്, കെ എം മാണി

കേരള കോണ്‍ഗ്രസ് എം ക്ഷയിക്കുന്നത് നിങ്ങള്‍ക്ക് വളമാകുമോ?

മാണി വിരുദ്ധ രാഷ്ട്രീയം എന്നും നമ്മുടെ മുന്നിലുണ്ടായിരുന്നു. മാണിക്ക് എതിരെ പോരാടിയിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് ഞങ്ങളുടേത്. പക്ഷേ, മാണി സാറ് മരിച്ചതോടെ അതങ്ങ് കഴിഞ്ഞു. ഞങ്ങള്‍ക്ക് ഫൈറ്റ് ചെയ്യാന്‍ പറ്റുന്ന ആളൊന്നും അവിടെയില്ല. മാണി സാറിന്റെ മരണം ഞങ്ങള്‍ക്ക് വളമാകുമെന്നോ അല്ലേല്‍ മാണി സാറിന്റെ മരണശേഷം ആ പാര്‍ട്ടിയിലുണ്ടായ വിഷയങ്ങള്‍ ഞങ്ങള്‍ക്ക് ഗുണമാകുമോയെന്നല്ല, ഞങ്ങളൊരു പുതിയ രാഷ്ട്രീയമാണ് കേരളത്തിന് മുന്നില്‍ വയ്ക്കുന്നത്. കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അതേ മാതൃകയല്ല കേരള ജനപക്ഷം എന്ന രാഷ്ട്രീയ പ്രസ്ഥാനം മുന്നോട്ട് വയ്ക്കുന്നത്.

എന്ത് രാഷ്ട്രീയമാണ് നിങ്ങളുടെ പ്രസ്ഥാനം മുന്നോട്ട് വയ്ക്കുന്നത്?

ഒരു ഉദാഹരണം പറയാം. ഞാനൊക്കെ ജനിച്ചയന്ന് മുതല്‍ കേള്‍ക്കുന്ന മുദ്രാവാക്യമാണ് റബറിനെ കാര്‍ഷിക വിളയാക്കണം എന്നുള്ളത്. റബര്‍ കര്‍ഷകന്റെ പാര്‍ട്ടിയെന്ന് അഭിമാനിക്കുന്ന കേരള കോണ്‍ഗ്രസ് അവര്‍ക്കുവേണ്ടി എന്ത് ചെയ്തു. എന്‍ഡിഎയുമായുള്ള ചര്‍ച്ചയില്‍ നമ്മള്‍ ഒന്നാമത് വച്ചിട്ടുള്ള കാര്യമാണ് ഇത്. റബ്ബറിന് കിലോയ്ക്ക് 200 രൂപ വില സ്ഥിരത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയില്‍ ഞങ്ങള്‍ക്ക് ഏറെക്കുറെ ഉറപ്പ് കിട്ടിയിട്ടുണ്ട്. റബറിനെ കാര്‍ഷിക വിളയായി അംഗീകരിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ ഒരു മാസത്തിനകത്ത് റബറിനെ കാര്‍ഷിക വിളയായി അംഗീകരിക്കും. അതായത് റബര്‍ കര്‍ഷകര്‍ക്ക് നേരിട്ട് ഗുണം ലഭിക്കുന്ന ഒരു കാര്യത്തില്‍ എന്‍ഡിഎയുടെ പ്രഖ്യാപനം വരികയാണ്. അതിലൊരു രാഷ്ട്രീയമുണ്ട്.

മലയോര റബര്‍ കര്‍ഷകരെ സംബന്ധിച്ച് വികസന കാര്യമെടുക്കു. പത്തനംതിട്ട നിയോജക മണ്ഡലത്തില്‍ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതി പറയാമോ. ഈ കേരളത്തില്‍ ബി ടെക്, എല്‍എല്‍ബി, നഴ്‌സിങ് തുടങ്ങിയവ പാസായ ചെറുപ്പക്കാര്‍ ഇപ്പോള്‍ ലോട്ടറി വിറ്റ് നടക്കുകയാണ്. കേരളത്തിനുവേണ്ടി പിണറായി വിജയന്‍ എന്ത് ചെയ്തു. കഴിഞ്ഞ ദിവസം വോട്ട് അഭ്യര്‍ത്ഥിച്ച് ഫോണില്‍ ഒരു കോള്‍ വന്നു. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് തൊഴില്‍ കൊടുക്കണ്ടേയെന്ന് ചോദിച്ചു.

വിദ്യാസമ്പന്നരായ ചെറുപ്പക്കാരുള്ള സംസ്ഥാനത്ത് ഇവര്‍ എത്ര സ്ഥാപനം ഉണ്ടാക്കിയിട്ടുണ്ട്. വിദേശ മലയാളി ഇവിടെ വന്ന് നൂറ് രൂപ മുടക്കി ഒരു സ്ഥാപനം തുടങ്ങിയാല്‍ അത് പൂട്ടിക്കാന്‍ അവര്‍ക്ക് അറിയാം. ഇടത് പക്ഷ ജനാധിപത്യ മുന്നണിയും വലത് പാര്‍ട്ടിയും മുന്നോട്ട് വച്ചിരിക്കുന്ന വികസനത്തിന് അപ്പുറമായുള്ള രാഷ്ട്രീയം മുന്നോട്ട് വയ്ക്കണം എന്നാണ് ഞങ്ങളുടെ തീരുമാനം.

കേന്ദ്ര പദ്ധതികളോട് മുഖം തിരിച്ചു നില്‍ക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നമ്മുടെ സംസ്ഥാനത്തെ 123 വില്ലേജുകളെ ബാധിക്കുന്ന കസ്തൂരി രംഗന്‍ വിഷയമുണ്ടായി. അന്ന് എട്ട് കേന്ദ്ര മന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായിരുന്നു. 16 എംപിമാരും യുഡിഎഫിന് ഉണ്ടായിരുന്നു. അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല, ഗ്രീന്‍ ട്രൈബ്യൂണലിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞു. പിന്നെന്താ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അത് വരാത്തത്. എങ്ങനെയാണ് കോട്ടയം ജില്ലയിലെ നാല് വില്ലേജുകള്‍ പൂര്‍ണമായും ഒഴിവാക്കപ്പെട്ടത്. അപ്പോള്‍ ഒരു ഗവണ്‍മെന്റ് വിചാരിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല. ഇവിടെ ചുമ്മാതിരുന്ന് വോട്ട് ചെയ്ത് കൊടുത്തോളും. നാട്ടുകാര്‍ക്ക് പ്രയോജനമൊന്നുമില്ലെങ്കിലും
ഏഴിമല നാവിക അക്കാദമി മാത്രമാണ് നമുക്ക് എടുത്ത് പറയാന്‍ പറ്റുന്ന സ്ഥാപനം. മലയാളിക്ക് പ്രയോജനമുള്ള ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയുണ്ടോ കേരളത്തില്‍.

പട്ടിണിയാണ് ഈ സര്‍ക്കാരില്‍. അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തുന്നു. ഇവിടെ ഏതെങ്കിലും ഒരു പദ്ധതി മുന്നോട്ടു പോകുന്നുണ്ടോ. ഒരു ആറ് മാസം കൊണ്ട് ഈ ഗവണ്‍മെന്റ് സ്റ്റക്കാകും. ഇവിടെ കിട്ടുന്ന വരുമാനം മുഴുവന്‍ ശമ്പളവും ക്ഷേമ പെന്‍ഷനും കൊടുത്ത് തീരുകയാണ്. അതിന് അപ്പുറത്തേക്ക് ഒരു പദ്ധതിയും നടപ്പിലാക്കാന്‍ കഴിവില്ലാത്ത സര്‍ക്കാരാണ് കേരളത്തിലേത്. എന്നാല്‍ ബിജെപിക്ക് വേരോട്ടം ഉണ്ടാകുമെന്ന് ഭയന്ന് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ മടിക്കുന്നു. അതിനൊക്കെ തമിഴ്‌നാടിനെ കണ്ട് പഠിക്കണം. കക്ഷി രാഷ്ട്രീയമല്ല. നാടിന്റെ വികസനത്തെ കുറിച്ച് ചിന്തിക്കണം. ഒരു പാലാരിവട്ടം ഫ്‌ളൈ ഓവര്‍ പണി തീര്‍ക്കാന്‍ ഈ സര്‍ക്കാരിനെ കൊണ്ട് പറ്റുന്നില്ല. തമിഴ്‌നാട്ടില്‍ ഒരായിരം ഫ്‌ളൈ ഓവറുകള്‍ ഉണ്ട്.

ബിജെപിക്കൊപ്പം നില്‍ക്കുമ്പോള്‍ കെജെഎസിന്റെ മതേതര സ്വഭാവം ചോദ്യം ചെയ്യപ്പെടുമെന്നതു കൊണ്ടാണോ സെക്യുലര്‍ കൂടെ ചേര്‍ത്തത്?

ബിജെപിയുടെ മതേതര മുഖമായിരിക്കും ഞങ്ങള്‍. ഞങ്ങള്‍ വലിയ വെല്ലുവിളികള്‍ ഏറ്റെടുത്ത് കൊണ്ട് തന്നെയാണ് ഈ മുന്നണിയുടെ ഭാഗമായിട്ടുള്ളത്. ബിജെപി ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലായെന്ന് പ്രൂവ് ചെയ്ത് കൊടുത്ത് കൊണ്ടേ ഞങ്ങള്‍ രാഷ്ട്രീയം മുന്നോട്ട് പറയത്തുള്ളൂ. അവരുടെ മതേതര മുഖം തന്നെയായിരിക്കും പി സി ജോര്‍ജ്.

പി സി ജോര്‍ജ്ജിന്റെ പുതിയ പാര്‍ട്ടിയുടെ ചെയര്‍മാന്‍ ഷോണ്‍ ജോര്‍ജ് ആകുമെന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ മക്കള്‍ രാഷ്ട്രീയം എന്ന വാദം എതിരാളികള്‍ ഉയര്‍ത്തി കഴിഞ്ഞു. ഈ ആരോപണത്തെ എങ്ങനെ നേരിടുന്നു?

ഇപ്പോള്‍ എന്റെ ചെയര്‍മാന്‍ഷിപ്പെന്ന് പറയുന്നത് വെറും സാങ്കേതികം മാത്രമാണ്. കാരണം, തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള പേപ്പര്‍ വര്‍ക്കുകളെല്ലാം ഞാനും എന്റെ ഓഫീസുമാണ് ചെയ്യുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്ന ദിവസം വരെയുള്ള താല്‍ക്കാലിക സംവിധാനം മാത്രമാണിത്.

നമ്മള്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന ചിന്താഗതിയുണ്ടായി. അപ്പോള്‍ പി സി ജോര്‍ജ്ജ് ജനപക്ഷത്തിന്റെ പേരില്‍ മത്സരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ കമ്മിറ്റി എത്രയും വേഗത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തീരുമാനം എടുത്തു. അതിന്റെ ഭാഗമായിട്ടാണ് ചെയര്‍മാന്‍ സ്ഥാനം എനിക്ക് കിട്ടിയത്.

പിന്നെ മക്കള്‍ രാഷ്ട്രീയം. എന്നെ അറിയാവുന്നവര്‍ അത് പറയില്ല. ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകന്റെ മക്കള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആകാന്‍ കഴിയില്ലെന്ന് ഭരണഘടനയില്‍ എഴുതിവച്ചിട്ടില്ല. പക്ഷേ, ഊട്ടിയിലും കൊടൈക്കനാലിലും ബംഗളുരുവിലുമൊക്കെ ജോലി ചെയ്തശേഷം 44-ഉം 48-ഉം വയസ്സാകുമ്പോള്‍ പാര്‍ട്ടിയുടെ തലപ്പത്തേക്ക് വന്ന് ഇറങ്ങുന്നതിനെയാണ് മക്കള്‍ രാഷ്ട്രീയമെന്ന് പറയുന്നത്. ഞാന്‍ 14-ാം വയസ്സില്‍ ഈ പരിപാടി തുടങ്ങിയതാണ്.

സ്‌കൂള്‍, കോളെജ് കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെയായിരുന്നു?

ഞാന്‍ മാര്‍ ഇവാനിയോസിലാണ് പഠിച്ചത്. അതിന് മുമ്പും കെ എസ് സിയുമായി ബന്ധപ്പെട്ട് മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഞാന്‍ സജീവമായിരുന്നു. അന്ന് ഞങ്ങള്‍ ജോസഫ് ഗ്രൂപ്പിലായിരുന്നു. യൂണിറ്റ് പ്രസിഡന്റായിരുന്നു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി. സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് കേരള കോണ്‍ഗ്രസ് സെക്യുലര്‍ ഉണ്ടാക്കിയപ്പോല്‍ യൂത്ത് ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചു.

അന്ന് എന്നെ ജനറല്‍ സെക്രട്ടറിയാക്കിയില്ല. കാരണം ഇപ്പറഞ്ഞത് പോലെ മക്കള്‍ രാഷ്ട്രീയ വിവാദം ഉണ്ടാകുമോയെന്ന പേടി കൊണ്ട്. അപ്പോള്‍ മുഴുവന്‍ സമയവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി പ്രവര്‍ത്തിച്ചു. അതിന് ശേഷം, ലാ അക്കാദമിയില്‍ പഠിക്കുന്ന സമയത്ത് അവിടെ ചരിത്രത്തിലാദ്യമായി കേരള കോണ്‍ഗ്രസിന്റെ ആദ്യത്തെ സീറ്റ് ജയിക്കുന്നത് ഞാനാണ്. പിന്നീട് മാണി ഗ്രൂപ്പില്‍ ലയിച്ചപ്പോള്‍ യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.

എന്തിന്, മാണി സാറിന്റെ അദ്ധ്വാന വര്‍ഗ സിദ്ധാന്തം ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ അവതരിപ്പിച്ചത് ഞാനാണ്. മാണി സാറുണ്ടേല്‍ ഇത് പറയത്തില്ല. ലോക യുവജന സമ്മേളനമെന്നത് കമ്മ്യൂണിസ്റ്റ് സമ്മേളനമാണ്. അപ്പോള്‍ മാണി ഗ്രൂപ്പുകാര്‍ക്ക് എന്നെ അങ്ങനെയൊന്നും പറയാന്‍ പറ്റില്ല. അവരുടെ സിദ്ധാന്തത്തെ ആദ്യമായി കടല്‍ കടത്തിയവനാണ് ഞാന്‍.

അതിന് ശേഷം രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞാണ് മാണി സാറി ലണ്ടനിലെ പാര്‍ലമെന്റില്‍ ഈ സിദ്ധാന്തം അവതരിപ്പിക്കുന്നത്. അതൊരു അറേഞ്ച്ഡ് പ്രോഗ്രാമായിരുന്നു.

ഈ സിദ്ധാന്തത്തിന്റെ ഇംഗ്ലീഷ് പേരായ തിയറി ഓഫ് ടോയ്‌ലിങ് ക്ലാസ് ഇട്ടത് ഞാനും മാണി സാറും ഒരുമിച്ച് ഇരുന്നാണ്. അന്നൊരു ഇംഗ്ലീഷ് വെര്‍ഷന്‍ ഉണ്ടായിരുന്നില്ല. എനിക്ക് ലോക യുവ ജന സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ വേണ്ടി മുന്‍ വൈസ് ചാന്‍സ്ലര്‍ എ വി ജോര്‍ജ്ജ് സാറും മാണി സാറും ഞാനും ഇരുന്നാണ് ആ പേര് ഇടുന്നത്. അന്നത് ഇംഗ്ലീഷിലേക്ക് കണ്‍വേര്‍ട്ട് ചെയ്ത് തരുന്നത് ജോര്‍ജ്ജ് സാറാണ്.

അന്ന് സമ്മേളനത്തില്‍ എന്നോടൊപ്പം പി കെ ബിജു, ടിവി രാജേഷ്, സുപാല്‍ എന്നിവരൊക്കെ പങ്കെടുത്തവരാണ്. അന്നത് അവിടെ വലിയ വിഷയമായി. കമ്മ്യൂണിസ്റ്റ് പരിപാടിയാണ് അത്. മാണി സാറിന്റെ തിയറി തുടങ്ങുന്നത് തന്നെ കമ്മ്യൂണിസത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് പറഞ്ഞ് കൊണ്ടാണ്. അന്നവിടെ വലിയ വിവാദ പ്രശ്‌നമായി മാറി. ഒരു തരത്തിലാണ് അടി കിട്ടാതെ ഞാന്‍ ഓടിപ്പോന്നത്. ഞാനൊഴികെ ബാക്കി എല്ലാവരും കമ്മ്യൂണിസ്റ്റുകാരായിരുന്നു.

പി സി ജോര്‍ജ്ജ്‌
പി സി ജോര്‍ജ്ജ്‌

പി സി ജോര്‍ജ്ജ് പൂഞ്ഞാര്‍ എംഎല്‍എയാണെങ്കിലും മണ്ഡലത്തിലെ കാര്യങ്ങള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി നോക്കി നടത്തുന്നത് ഷോണ്‍ ആണെന്ന് കേട്ടു. അതേകുറിച്ച് വിശദീകരിക്കാമോ?

അങ്ങനെയല്ല. സ്വാഭാവികമായിട്ടും കുറച്ച് ഇന്നോവേറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ എന്നെക്കൊണ്ട് പറ്റുന്നത് ചെയ്തിട്ടുണ്ട്. ഞാന്‍ 24 മണിക്കൂറും രാഷ്ട്രീയവുമായി നടക്കുന്ന ഒരാളാണ്. അദ്ദേഹം സംസ്ഥാന തലത്തില്‍ എല്ലാ വിഷയങ്ങളിലും ഇടപെടുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ തിരക്കിന്റെ സമയക്കുറവ് കൊണ്ടുള്ള കാര്യങ്ങള്‍ ഞാന്‍ പരിഹരിക്കുന്നുവേയുള്ളൂ. ഇപ്പോഴും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള കാര്യങ്ങള്‍ ഞാന്‍ ചെയ്യാറുണ്ട്.

പിന്നെ, പൂഞ്ഞാറുകാര്‍ പി സി ജോര്‍ജ്ജിനെ ഏല്‍പ്പിച്ചിരിക്കുന്നത് വലിയൊരു ദൗത്യമാണ്. രാഷ്ട്രീയാതീതമായി അദ്ദേഹത്തെ നാട്ടുകാര്‍ താങ്ങി നിര്‍ത്തിയത്, അദ്ദേഹത്തോടുള്ള താല്‍പര്യം കൊണ്ടാണ്. ഞങ്ങളുടെ ശ്വാസവും ജീവനുമാണ് പൂഞ്ഞാര്‍. ഞങ്ങളുടെ പത്ത് പഞ്ചായത്തിലുമുള്ള നേതാക്കന്മാര്‍ വികസന കാര്യങ്ങളില്‍ നന്നായി സഹകരിക്കാറുണ്ട്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പി സി ജോര്‍ജ്ജിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് താങ്കളായിരുന്നു. എല്ലാ പാര്‍ട്ടികളില്‍ നിന്നുമുള്ള വോട്ട് പിസിക്ക് ലഭിച്ചു. എങ്ങനെയാണ് താങ്കള്‍ക്ക് മറ്റുള്ള പാര്‍ട്ടി നേതാക്കന്‍മാരുമായുള്ള സൗഹൃദം.

മാണി ഗ്രൂപ്പിലേയും കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരുവിധപ്പെട്ട എല്ലാ നേതാക്കളുമായിട്ടും നല്ല ബന്ധമാണുള്ളത്. നാട്ടില്‍ ലോക്കലായിട്ടാണല്ലോ ഈ വിരോധങ്ങളൊക്കെ ഉണ്ടാകുന്നത്. അതിനപ്പുറത്തേക്ക് സിപിഐഎമ്മിന്റെ നേതൃനിരയില്‍ എല്ലാവരുമായിട്ടും ഞാന്‍ നല്ല അടുപ്പമാണ്. എന്നെ സംബന്ധിച്ച് രാഷ്ട്രീയം വ്യക്തിപരമായ ബന്ധങ്ങളെ ബാധിക്കാറില്ല. മറ്റു രാഷ്ട്രീയ പാര്‍ട്ടിക്കാരോട് അവരുടെ പാര്‍ട്ടിയെ ചതിച്ചു കൊണ്ട് എന്നെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടില്ല. എന്നോട് പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കുമോ. അങ്ങനെ പറഞ്ഞാല്‍ കേള്‍ക്കുന്നവരുണ്ടാകാം. എന്നാല്‍ ഒരാളുടെ രാഷ്ട്രീയ നിലപാടിനെ വിട്ട് വ്യക്തിപരമായി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടില്ല. അവരുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യപ്പെടുന്ന രീതിയില്‍ ഞാനൊരിക്കലും കാര്യങ്ങളെ എത്തിക്കാറില്ല.

കേരള കോണ്‍ഗ്രസ് എമ്മില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് പി സി ജോര്‍ജ്ജിന് ആ പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാമായിരുന്നില്ലേ?

എന്നോട് ഒത്തിരിപ്പേര്‍ ചോദിക്കുന്ന ചോദ്യമാണിത്. അതിനകത്ത്, ഞാനൊരു കാര്യം പറയട്ടെ, ജോയി എബ്രഹാം ആ പാര്‍ട്ടിയിലുണ്ട്. അദ്ദേഹത്തോട് വ്യക്തിപരമായി ചോദിച്ചാല്‍ അറിയാം എന്താണ് ആ പാര്‍ട്ടിയുടെ അവസ്ഥയെന്ന്. 50-60 വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന സീനിയര്‍ ജനറല്‍ സെക്രട്ടറിമാര്‍ ആ പാര്‍ട്ടിയിലുണ്ട്. അവരെല്ലാം പറഞ്ഞിട്ടാണ് നിയമസഭ തെരഞ്ഞെടുപ്പ് കഴിയും വരെ തുടരാന്‍ പറഞ്ഞത്. അവിടെ വച്ച് ഞാന്‍ മാറണമെന്ന് പപ്പ തന്നെ പറഞ്ഞിരുന്നു. മറ്റൊരാള്‍ക്ക് ചാര്‍ജ്ജ് കൊടുക്കാമെന്ന് പറഞ്ഞു.

ഇന്നലെ വന്നരുടെ മുന്നില്‍ സല്യൂട്ട് ചെയ്യേണ്ട ഗതികേട് ഇന്നുവരെ ഉണ്ടായിട്ടില്ല. ആ പാര്‍ട്ടിയില്‍ അങ്ങനെയൊരു സിസ്റ്റത്തിലേക്ക് പോയി. മാണി സാറ് 2019-ല്‍ മരിക്കും, അതുകൊണ്ട് 2014 മുതല്‍ 19 വരെ മിണ്ടാതെ ആ പാര്‍ട്ടിയില്‍ ഇരിക്കാം എന്ന് നമുക്ക് എസ്റ്റിമേറ്റ് ചെയ്യാന്‍ പറ്റിയിട്ടില്ല. മാത്രമല്ല, ഒരാളുടെ മരണത്തെ നമുക്ക് എസ്റ്റിമേറ്റ് ചെയ്യേണ്ട കാര്യമില്ലല്ലോ.

ജോസ് കെ മാണി ഒരു രാഷ്ട്രീയക്കാരനല്ല. തനി പ്രൊഫഷണലാണ്. അങ്ങേരുമായി ചേര്‍ന്ന് രാഷ്ട്രീയപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാന്‍ നമുക്കെന്നല്ല ആര്‍ക്കും ആ പാര്‍ട്ടിയില്‍ കഴിയില്ല. പക്ഷേ, ഒരു നിവര്‍ത്തിയില്ലാത്തത് കൊണ്ടും മാണി സാറിനോടുള്ള വലിയ സ്‌നേഹം കൊണ്ടും ആളുകള്‍ നില്‍ക്കുന്നു.

ആ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിയുണ്ടാകും ആ പാര്‍ട്ടിയില്‍. ചെയര്‍മാന്‍ഷിപ്പ് മാത്രമൊന്നുമല്ല ആ പാര്‍ട്ടിയിലെ പ്രശ്‌നം. അതിന് അപ്പുറം ഇദ്ദേഹവുമായി യോജിച്ച് പോകാന്‍ ആളുകള്‍ക്ക് കഴിയില്ല. സത്യമാണ്.

ഞാന്‍ അഞ്ചു വര്‍ഷം ആ രാഷ്ട്രീയ പാര്‍ട്ടിയിലുണ്ടായിരുന്നു. യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും ഞാന്‍ കൂടുതല്‍ അറിയപ്പെട്ടിരുന്നതിനാല്‍, ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ എനിക്ക് പെട്ടെന്ന് അംഗീകാരം കിട്ടി. എന്നെ എല്ലാ ജില്ലകളിലും പരിപാടികള്‍ക്ക് വിളിക്കാന്‍ തുടങ്ങി.

ഒരു ദിവസം വൈക്കത്ത് ചെമ്പ് പഞ്ചായത്തില്‍ കുടിവെള്ള പദ്ധതിക്ക് എതിരെ യൂത്ത് ഫ്രണ്ടിന്റെ സമരം ഉദ്ഘാടനം ചെയ്യാന്‍ എന്നെ വിളിച്ചു. വലിയൊരു പരിപാടിയായിരുന്നു. അവിടത്തെ നിയോജകമണ്ഡലം പ്രസിഡന്റ് ജോയ് എന്ന് പറയുന്ന ഒരു കക്ഷിയാണ്. പരിപാടിക്ക് ശേഷം ഒരു ദിവസം രാത്രി എട്ടുമണിയോടെ ജോയ് എന്നെ വിളിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു, ഷോണേ എന്നോട് ക്ഷമിക്കണം. ഷോണിനെ ഇനി ഒരു പരിപാടിക്കും വിളിക്കില്ല. ഇത് പറഞ്ഞിട്ട് അയാള് കരഞ്ഞു. എനിക്ക് മനസ്സിലായി അയാള്‍ക്ക് നല്ല പണി കിട്ടിയിട്ടുണ്ടെന്ന്. ഇത് പറയാനുള്ള ധൈര്യം കിട്ടാന്‍ അയാള് രണ്ട് അടിക്കുകയും ചെയ്തിരുന്നു.

ഞാന്‍ പറഞ്ഞു ജോയ് ധൈര്യമായി പറഞ്ഞോളുവെന്ന്. അയാള് പറഞ്ഞു, “എന്നെ ജോസ് കെ മാണി എംപി വിളിച്ച് വല്ലാതെ ചീത്ത വിളിച്ചു. എന്തിന് നീ അവനെ വിളിച്ചു. എന്തിന് ആ വൃത്തിക്കെട്ടവന് അവസരം ഉണ്ടാക്കി കൊടുക്കുന്നു. നമ്മുടെ പാര്‍ട്ടി കമ്മിറ്റികള്‍ ഇവന്റെയൊക്കെ കൈകളില്‍ കൊടുക്കാന്‍ തന്നെയാണോ. അവന്‍ അവിടെ വന്നപ്പോള്‍ അവിടത്തെ പിള്ളാരുമായി ബന്ധമായില്ലേ. അവനെക്കുറിച്ച് അവരെല്ലാം നല്ലത് പറയില്ലേ. നിനക്കിതിന്റെ ആവശ്യമുണ്ടോ”. മേലില്‍ ചോദിക്കാതെ വൈക്കം നിയോജകമണ്ഡലത്തില്‍ ഒരു പരിപാടിക്കും ഷോണിനെ വിളിക്കാന്‍ പാടില്ല എന്ന് ജോയിയോട് ജോസ് കെ മാണി ആവശ്യപ്പെട്ടു.

നമ്മള് ഒരു മൂത്ത ചേട്ടനെ കിട്ടിയല്ലോ എന്ന് വിചാരിച്ച് അവന് വേണ്ടി ചാകാന്‍ നടക്കുകയാണ്. എന്നെ വിളിക്കരുതെന്ന് കോട്ടയം ഒഴിച്ച് 13 ജില്ലാ കമ്മിറ്റികള്‍ക്കും നിര്‍ദ്ദേശം കൊടുത്തിരുന്നു. അഞ്ചു കൊല്ലം പൂഞ്ഞാര്‍ നിയോജക മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു ഞാന്‍. പൂഞ്ഞാറിന് പുറത്ത് പോകാന്‍ എനിക്ക് കൃത്യമായ വിലക്കുണ്ടായിരുന്നു.

അതുപോലെ മറ്റൊരു സംഭവം. എനിക്ക് പാലാ നിയോജക മണ്ഡലത്തിന്റെ ചാര്‍ജ്ജ് കിട്ടി. അറിയാതെ പറ്റിപ്പോയതാണ്. പിറ്റേന്ന് ജോയ് എബ്രഹാം സാറ് വിളിച്ച് പറഞ്ഞു, നീ പാലായിലോട്ട് പോകണ്ട. അത് ആര്‍ക്കും ഇഷ്ടമല്ല.

അവരവരുടെ നിയോജക മണ്ഡലത്തിന് പുറത്ത് പോകാന്‍ കെല്‍പുള്ള നേതാക്കന്‍മാരെ സൃഷ്ടിക്കാന്‍ അവര്‍ സമ്മതിക്കില്ല. തോമസ് ചാഴിക്കാടനോട് എട്ട് മാസം മുമ്പ് ഞാന്‍ പറഞ്ഞു, ടോമിച്ചനായിരിക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന്. അപ്പോള്‍ അയാള്‍ പറഞ്ഞു, പോ ചാക്കോച്ചാ ഞാനൊന്നും സ്ഥാനാര്‍ത്ഥിയാകാന്‍ പോകുന്നില്ല. ഞാന്‍ പറഞ്ഞു, ജോസ് കെ മാണിക്ക് പറ്റുന്നയൊരാള് നിങ്ങള്‍ മാത്രമേയുള്ളൂ. അതിനാല്‍ നിങ്ങളേ സ്ഥാനാര്‍ത്ഥിയാകത്തുള്ളൂ. ഒരിക്കലും നാടിനും പാര്‍ട്ടിക്കും ഗുണമുണ്ടാകരുത്. വായില്‍ കോലിട്ട് ഇളക്കിയാലും മിണ്ടരുതെന്ന തരത്തില്‍ നിന്നാലേ ആ പാര്‍ട്ടിയില്‍ രക്ഷപ്പെടാന്‍ പറ്റത്തുള്ളൂ. അങ്ങനെ നില്‍ക്കാന്‍ തയ്യാറാകാത്തവര്‍ കലാപം ഉണ്ടാക്കി തുടങ്ങിക്കഴിഞ്ഞു. പാലാ നിയോജകമണ്ഡലത്തിലെ നല്ലൊരു ശതമാനം പ്രവര്‍ത്തകര്‍ വിവിധ പാര്‍ട്ടികളിലേക്ക് പോകും.

പി സി ജോര്‍ജ്ജിന്റെ താന്‍ നായര്‍ കുടുംബമായിരുന്നുവെന്നുള്ള പ്രസ്താവന, പുതിയ പാര്‍ട്ടിക്ക് ക്രിസ്ത്യന്‍-നായര്‍ പിന്തുണ ഉറപ്പാക്കുന്നതിനുവേണ്ടിയാണോ?

അല്ല. കടുത്ത ഹിന്ദുവിരുദ്ധതയാണല്ലോ ഇപ്പോള്‍ പറയുന്നത്. ക്ഷേത്രത്തില്‍പോയാല്‍, കൈയില്‍ ചരട് കെട്ടിയാല്‍ അവന്‍ ഹൈന്ദവ ഭീകരവാദിയായി. അതെങ്ങനെയാകും. എന്റെ ഭാര്യയുടെ അമ്മാവന്റെ കൈയില്‍ ഒരു 25 ചരടുണ്ടാകും. ഒരു മതവിശ്വാസത്തെ രാഷ്ട്രീയവല്‍ക്കരിക്കുക. അതിനെ തീവ്രവാദമാക്കുക. ആ പ്രവണത മാറണ്ടേ. കേരളത്തിന്റെ സംസ്‌കാരം ഇതല്ല. കേരളത്തില്‍ വലിയ മതേതരത്വം പ്രസംഗിക്കുന്നവര്‍ക്ക് ഹൈന്ദവരെ അംഗീകരിക്കാന്‍ മടിയുണ്ട്. പപ്പ തമാശയ്ക്ക് പറഞ്ഞതാണെങ്കിലും അതിനകത്ത് വലിയൊരു സന്ദേശമുണ്ട്. എവിടെ നിന്നെങ്കിലും വന്നവരല്ല കേരളത്തിലെ ആര്‍ സി സമൂഹം. ക്‌നാനായ സമൂഹം മാത്രമാണ് പുറത്ത് നിന്ന് വന്നവര്‍. ബാക്കിയുള്ളതെല്ലാം ഇവിടെയുള്ള ഹൈന്ദവ സമൂഹത്തില്‍ നിന്നും മതം മാറിയിട്ടുള്ളതാണ്. കൃത്യമായി പറഞ്ഞാല്‍ പകലോമറ്റം, ശങ്കരമഠം, കള്ളി, കാളികാവ് തുടങ്ങിയ കുടുംബങ്ങളെയാണ് തോമാശ്ലീഹ മതം മാറ്റിയത്. ആ കുടുംബങ്ങളുടെ വേരുകളാണ് ഇന്നിവിടെയുള്ളത്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More