ഞാനും ആ തെറ്റായ പ്രവണതയുടെ ഭാഗമായിട്ടുണ്ട്: പൃഥ്വി രാജ്

പൃഥ്വി രാജ്, ഈ പേര് മലയാളസിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഒരു അത്ഭുതമാണ്. നിലപാട് കൊണ്ടും വ്യക്തിത്വം കൊണ്ടും അഭിനയ പ്രതിഭ കൊണ്ടും മലയാളിയെ വിസ്മയിപ്പിച്ച പിതാവ് സുകുമാരനില്‍ നിന്നും ഒട്ടും വ്യത്യസ്തനല്ല പൃഥ്വിരാജും. തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്നതിലൂടെ ശത്രുക്കളെയാണ് കരിയറിന്റെ തുടക്കത്തില്‍ പൃഥ്വി സമ്പാദിച്ചത്. കളിയാക്കലുകള്‍ക്കും തള്ളിപ്പറയലുകള്‍ക്കുമൊടുവില്‍ മലയാളികള്‍ ഇദ്ദേഹത്തെ തങ്ങളോട് ചേര്‍ത്തുനിര്‍ത്തുകയാണ്. നടന്‍ എന്ന മേല്‍വിലാസത്തില്‍ നിന്ന് നിര്‍മ്മാതാവ്, സംവിധായകന്‍ അങ്ങനെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്ന പൃഥ്വി തന്റെ നിലപാടുകളില്‍ മായം കലര്‍ത്താതെ മീരയുമായി സംസാരിക്കുന്നു.

നയന്‍ തീയേറ്ററില്‍ വിജയിക്കുമ്പോള്‍ നിര്‍മ്മാതാവെന്ന നിലയില്‍ എന്താണ് പറയാനുള്ളത്?

എനിക്ക് നിര്‍മ്മാതാവായിട്ട് അവകാശവാദങ്ങളൊന്നുമില്ല. കഥ കേട്ട് നടനെന്ന രീതിയില്‍ എക്‌സൈറ്റഡായി. ഇത് നിര്‍മ്മിക്കാമോ എന്ന് ചോദിച്ചല്ല സംവിധായകന്‍ ജനുസ് എന്നോട് കഥ വന്ന് പറയുന്നത്. സ്‌ക്രിപ്റ്റ് വായിച്ച ഉടന്‍ തന്നെ അഭിനയിക്കാമെന്ന് സമ്മതിച്ചു. ഇതിന് മുമ്പ് ഞാന്‍ ഇതുപോലൊരു കഥയോ തിരക്കഥയോ കേട്ടിട്ടില്ല. ഓരോ സീന്‍ കഴിയുമ്പോഴും അടുത്തതെന്താണ് എന്ന രീതിയില്‍ നമ്മെ ആകാക്ഷയിലാക്കുന്ന നരേറ്റീവ് ആയിരുന്നു നയനിന്റേത്. തിരക്കഥ വായിച്ചപ്പോള്‍ ഇത് കാണണമല്ലോ എന്ന് പ്രേക്ഷകനായി ചിന്തിച്ചതാണ് സിനിമ തിരഞ്ഞെടുക്കാന്‍ കാരണം. ഞാന്‍ എല്ലാ മലയാള സിനിമയും കണ്ടിട്ടില്ല. എങ്കിലും നാം കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത കഥാപശ്ചാത്തലം ആണ് ഇതിന്റേത്. വലിയ ഗ്‌ളോബല്‍ ഇവന്റ് നടക്കുമ്പോള്‍ ഒമ്പത് ദിവസങ്ങള്‍ക്കിടയില്‍ കണ്ടുമുട്ടുന്ന അച്ഛന്റെയും മകന്റെയും കഥ. മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന അച്ഛന്റെയും മകന്റെയും ഇടയിലേക്ക് ഈ ഒമ്പത് ദിവസങ്ങളില്‍ കടന്നുവരുന്ന അസാധാരണസംഭവങ്ങളും കഥാപാത്രങ്ങളും ഒക്കെയാണ് സിനിമ. സയന്‍സ് ഫിക്ഷന്‍, സസ്‌പെന്‍സ് ഹൊറര്‍ ത്രില്ലര്‍ കൂടിയാണ് സിനിമ. നിര്‍മ്മാതാവെന്ന നിലയില്‍ ഈ സിനിമ ഏത് രീതിയില്‍ ദൃശ്യവത്കരിക്കപ്പെടണമോ ആ പ്രക്രിയ സാധ്യമാക്കാനുള്ളതെല്ലാം എന്നാല്‍ കഴിയുന്ന രീതിയില്‍ ഞാന്‍ ലഭ്യമാക്കിയിട്ടുണ്ട്.

നയന്‍ പോലുള്ള സിനിമകളാണോ നിര്‍മ്മാതാവെന്ന നിലയില്‍ പൃഥ്വി
രാജിന്റെ ലക്ഷ്യം?

എന്റെ മുന്നില്‍ രണ്ട് തരം സിനിമകളേ ഉള്ളൂ. നല്ല സിനിമയും മോശം സിനിമയും. ഇടി, പാട്ട്, മാസ് മസാല അതൊന്നുമല്ല സിനിമയുടെ ഗുണത്തെ നിര്‍ണ്ണയിക്കുന്നത്. സിനിമയുടെ ഉദ്ദേശം എന്താണോ അത് നിറവേറ്റുന്ന സിനിമകളാണ് നല്ല സിനിമകള്‍. അങ്ങനെ നോക്കിയാല്‍ മാസ് മസാല സിനിമയായ പേട്ട നല്ല സിനിമയാണ്. ഇ മ യൗ വളരെ മനോഹരമായെടുത്ത അതിന്റെ ഉദ്ദേശം നിറവേറ്റിയ അതു പോലെ തന്നെയുള്ള നല്ല സിനിമയാണ്. ഇങ്ങനെ നല്ല സിനിമകളെ നിര്‍മ്മിക്കുന്ന നിര്‍മ്മാതാവ് ആവുക അല്ലെങ്കില്‍ പ്രൊഡക്ഷന്‍ കമ്പനി ആവുക അത്രേയുള്ളൂ ആഗ്രഹം.

അഭിനയിക്കുമ്പോഴും നിര്‍മ്മാതാവ് ആകുമ്പോഴുമെല്ലാം പൃഥ്വി രാജ്‌
തിരക്കഥ ആണോ നോക്കുന്നത്?

ചിലപ്പോള്‍ ചിലര്‍ വന്നെന്നോട് സിനിമയുടെ ഒരു ചെറുചിന്ത ആണ് പറയാറുള്ളത്. അതില്‍ താല്‍പര്യം തോന്നിയാല്‍ സ്‌ക്രിപ്റ്റ് ആക്കിയിട്ട് ഇരിക്കാം എന്നു പറയും. തിരക്കഥയാക്കുമ്പോള്‍ ആദ്യം പറഞ്ഞ ആ തോട്ടിലുണ്ടായ താല്‍പര്യം മുഴുനീളം നില നിറുത്താന്‍ സാധിക്കുന്നുണ്ടോ എന്നാണ് നോക്കാറുള്ളത്. അതില്ലെങ്കില്‍ വിടും. സച്ചിയെ പോലുള്ള തിരക്കഥാകൃത്തുകള്‍ കഥ പറയില്ല, ആദ്യം വരുമ്പോള്‍ തന്നെ തിരക്കഥ വായിച്ചുകേള്‍പ്പിക്കും.

പൃഥ്വി സിനിമയിലെത്തിയിട്ട് 15 വര്‍ഷം. ഈ കാലം കൊണ്ട് മലയാള സിനിമയിലുണ്ടായ മാറ്റം?

ഇപ്പോഴും ലോകത്ത് മാറാത്തതായി മാറ്റം മാത്രമേയുള്ളൂ എന്ന തത്വം ശരിയാണ്. അത് എപ്പോഴും സംഭവിച്ചു കൊണ്ടേയിരിക്കുകയാണ്. സിനിമയും മാറ്റത്തിന് വിധേയമായിട്ടുള്ള കലാസൃഷ്ടിയാണ്. നാമിപ്പോള്‍ സംസാരിക്കുമ്പോഴും സിനിമ മാറിക്കൊണ്ടേയിരിക്കുകയാണ്. എടുത്ത് പറയേണ്ടതായിട്ടുള്ള മാറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സിനിമയിലേക്ക് കടന്നുവരുന്നവര്‍ക്ക്, പുതിയ നടനോ നടിക്കോ സിനിമകള്‍ തിരഞ്ഞെടുക്കേണ്ട മാനദണ്ഠങ്ങള്‍ക്ക് സംഭവിച്ച ആരോഗ്യപരമായ മാറ്റമാണ്. ഞാനൊക്കെ സിനിമയില്‍ വന്ന സമയത്ത് വലിയ സംവിധായകര്‍, വലിയ നിര്‍മ്മാതാവ് അതിനാണ് പ്രാമുഖ്യം. ഇന്നയാളുടെ സിനിമ എന്നാണ് നോക്കുന്നത്. അവര്‍ ചെയ്യുന്ന സിനിമയുടെ വിഷയം എന്നത് രണ്ടാമതേ വരൂ. ഈ സംവിധായകന്‍ ചെയ്യുന്ന സിനിമ എന്ന് പറഞ്ഞാല്‍ പിന്നെ നമ്മള്‍ ഒന്നും നോക്കരുത്, പോയി അഭിനയിക്കുക. ഇതൊരു കുറച്ചിലായല്ല, അന്നത്തെ കള്‍ച്ചര്‍ അതായിരുന്നു. ഞാനുള്‍പ്പെടെയുള്ള നടീനടന്മാര്‍ ആഗ്രഹിച്ചിരുന്നതും അതാണ്. ‘അദ്ദേഹമൊന്ന് സിനിമയില്‍ വിളിച്ചിരുന്നെങ്കില്‍’ എന്ന്. ഇന്ന് പക്ഷേ ആര് സംവിധാനം ചെയ്യുന്നു, ആര് അഭിനയിക്കുന്നു എന്നതിന്റെ പോലും പ്രസക്തി കുറഞ്ഞിരിക്കുന്നു. ഒരു പുതുമുഖ നടനോടോ നടിയോടോ ചോദിച്ചാല്‍ ഇതുപോലത്തെ സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്നായിരിക്കും ഉത്തരം. ആ ഒരു വ്യത്യാസമാണ് സിനിമയില്‍ പ്രധാനമായും മാറിയിരിക്കുന്നത്.


പ്രേക്ഷകനിലും മാറ്റമുണ്ടായില്ലേ?

ആരാണ് മാറ്റത്തെ നയിക്കുന്നത് എന്ന് എനിക്കറിയില്ല. സിനിമ മാറിയിട്ട് പ്രേക്ഷകന്‍ അതിന്റെ പുറകെ പോവുകയാണോ, അതോ പ്രേക്ഷകന്‍ മാറിയിട്ട് സിനിമ അതിന്റെ പുറകെ പോവുകയാണോ എന്ന് അറിയില്ല. തീര്‍ച്ചയായും ആസ്വാദന തലം മാറിയിട്ടുണ്ട്. ഒരുപക്ഷേ ഒരു ശരാശരി പ്രേക്ഷകന്‍ തീയേറ്ററില്‍ പോവുമ്പോള്‍ ഇതില്‍ ഫൈറ്റില്ല, പാട്ടില്ല എന്നൊന്നും പരാതിയായി ഒരു നല്ല സിനിമയെ കുറിച്ച് പറയില്ല. പറയുന്ന കഥ, ആ കഥ പറയുന്ന രീതി നല്ലതാണെങ്കില്‍ പ്രക്ഷകര്‍ ഏറ്റെടുക്കും. സിനിമ വ്യതിചലിക്കാന്‍ ഏറ്റവും നല്ല പ്രചോദനം വരേണ്ടത് പ്രേക്ഷകനില്‍ നിന്ന് തന്നെയാണ്. സുഡാനി ഫ്രം നൈജീരിയ പോലുള്ള സിനിമ വിജയമാകുമ്പോഴാണ് വലിയ താരനിരയില്ലാത്ത അത്തരം സിനിമ എടുക്കുന്നതിനെ കുറിച്ച് മറ്റുള്ളവര്‍ക്ക് ചിന്തിക്കാനാവുന്നത്. സമൂഹത്തിന്റെ ചെറിയൊരു ക്രോസ്സെക്ഷനെ കുറിച്ച് സംസാരിക്കുന്ന സിനിമയാണത്. മലപ്പുറത്ത് സെവന്‍സ് ഫുട്ബാള്‍ പ്രേമികളുടെ ജീവിത കഥ. പതിനഞ്ച് വര്‍ഷം മുമ്പായിരുന്നെങ്കില്‍ ഇത് ബാക്കി നാട്ടുകാര്‍ക്ക് മനസ്സിലാകുമോ, ഫൈറ്റില്ല എന്നൊക്കെ പറഞ്ഞ് പുറന്തള്ളപ്പെട്ടേനെ. ഇന്നത് ഇവിടെ നിര്‍മ്മിക്കപ്പെടും, റിലീസ് ചെയ്യപ്പെടും, വിജയിക്കും. അത് പ്രേക്ഷകര്‍ തരുന്നൊരു ആത്മവിശ്വാസം ആണ്.

സിനിമയുടെ മേയ്ക്കിംഗ് ആണ് ഇന്ന് എല്ലാവരും സംസാരിക്കുന്നത് എന്ന് തോന്നിയിട്ടില്ലേ?

മേയ്ക്കിംഗിന് പ്രത്യേക മാനദണ്ഡം ഒന്നുമില്ല. അത് ഓരോ തിരക്കഥയ്ക്ക് അനുസരിച്ചാണ്. നല്ല മെയ്ക്കിംഗ് എന്നാല്‍ കൂടുതല്‍ ബഡ്ജറ്റ് എന്ന് തെറ്റിദ്ധാരണ പതുക്കെ മാറുന്നുണ്ട്. കോടികള്‍ മുടക്കി മോശമായി നിര്‍മ്മിച്ച സിനിമകളുണ്ടായിട്ടുണ്ട്. ചെറിയ ബഡ്ജറ്റില്‍ മനോഹരമായി നിര്‍മ്മിച്ച ചിത്രങ്ങളുമുണ്ട്. ലിജോയുടെ സിറ്റി ഒഫ് ഗോഡ് അത്യുഗ്രമായി മേയ്ക്ക് ചെയ്യപ്പെട്ട സിനിമയാണ്. തിരക്കഥയ്ക്ക് വേണ്ട രീതിയിലുള്ള കഥപറച്ചില്‍, അതിന് ആവശ്യമായ ഫിലിംമേക്കിംഗ് ഭാഷ, അത് തിരിച്ചറിഞ്ഞ് അത് ചിത്രം വെള്ളിത്തിരയില്‍ എത്തിക്കാന്‍ കഴിവുള്ള ടെക്‌നീഷ്യന്‍സ് എന്നും മലയാള സിനിമയിലുണ്ടായിരുന്നു. വേറിട്ട രീതിയില്‍ സഞ്ചരിച്ച് മെയ്ക്കിംഗ് ശൈലികള്‍ പരീക്ഷിക്കാന്‍ സാധ്യമാകുന്ന പ്രേക്ഷക സമൂഹം കൂടി ഇന്നിവിടെ ഉണ്ട്.

കോടികളല്ല സിനിമയുടെ വിജയത്തെ നിര്‍ണ്ണയിക്കുന്നത് എന്നാണോ?

അതെ.

ആദ്യദിന കളക്ഷന്‍ സിനിമയുടെ പരസ്യവാചകങ്ങളാകുന്നുണ്ടല്ലോ?

ആ പ്രവണതയോട് എനിക്ക് വിയോജിപ്പുണ്ട്. ഞാനുമൊക്കെ അത്തരം മാര്‍ക്കറ്റിംഗില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. എന്നാല്‍, ഒരു സിനിമ ഇത്ര കോടി ബഡ്ജറ്റിന്റെ സിനിമയാണ് എന്ന് പറഞ്ഞല്ല ഒരു സിനിമ പ്രേക്ഷകന്റെ മുന്നിലേക്ക് എത്തിക്കേണ്ടത്. ഒരു കാലത്ത് ഈ സിനിമ വലിയ വിജയമാണ് നിങ്ങള്‍ ആ വിജയത്തില്‍ പങ്ക് ചേരണം എന്ന് പറഞ്ഞിരുന്നതിന്റെ മറ്റൊരു രീതിയാണ് ഇപ്പോള്‍ പുറത്ത് പറയുന്ന കോടിക്കണക്ക്. ആദ്യദിനം ഇത്ര നേടി എന്ന സിനിമയുടെ വാണിജ്യവശം പ്രേക്ഷകന്‍ അറിയേണ്ടതല്ല. സിനിമ നല്ലതാണോ, പ്രേക്ഷകന് ആസ്വദിക്കാന്‍ പറ്റുന്നുണ്ടോ എന്നത് മാത്രമാണ് കാര്യം.

ആക്ടര്‍, പ്രൊഡ്യൂസര്‍, ഡയറക്ടര്‍ ഇതില്‍ ഏതാണ് പൃഥ്വിക്ക് എളുപ്പം?

എളുപ്പം ഒന്നുമില്ല. തുറന്ന് പറഞ്ഞാല്‍ തമ്മില്‍ എളുപ്പമായിരുന്നത് പ്രൊഡ്യൂസര്‍ ആണ്. കാരണം ഇരുന്ന് ചെക്ക് ഒപ്പിടുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. ഫീല്‍ഡ് വര്‍ക്ക് സുപ്രിയയും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഹാരിസുമാണ് ചെയ്തത്.

സംവിധായകന്‍ എന്ന റോള്‍?

എന്റെ കഥാപാത്രത്തിലേക്ക് ലാലേട്ടന്‍ എങ്ങനെ വരണം എന്നൊരു ധാരണ എനിക്കുണ്ടായിരുന്നു. അത് കൃത്യമായി മനസ്സിലാക്കി ചെയ്യാന്‍ മാത്രം സ്‌കില്ലുള്ള നടനാണ് അദ്ദേഹം. എന്റെ മനസ്സില്‍ ആ സിനിമയ്ക്കും കഥാപാത്രത്തിനും അനുയോജ്യമായ രീതിയിലാണ് ഞാന്‍ ലാലേട്ടനെ കാണിച്ചിരിക്കുന്നത്. എന്റെ സിനിമ എനിക്ക് വിധിക്കാന്‍ കഴിയില്ല. കാരണം ആ സിനിമയുടെ ഓരോ ഷോട്ട് കാണുമ്പോഴും എനിക്ക് അതിനോടൊരു സ്‌നേഹം തോന്നും. നാളെ ഈ സിനിമയെ കുറിച്ച് ഒന്നുമറിയാത്ത ഈ സിനിമ ഇതുവരെ കാണാത്ത ഒരാള്‍ വന്ന് കാണുമ്പോള്‍ എനിക്ക് ഭയങ്കമായി ഇഷ്ടപ്പെട്ട സീന്‍ കണ്ട് അയാള്‍ അയ്യേ എന്ന് പറഞ്ഞാലോ? എനിക്കുള്ള വലിയ ലൈസന്‍സ് എന്താണ് എന്നുവച്ചാല്‍ അടിസ്ഥാനപരമായി ഞാന്‍ ഒരു നടനാണ്. ഒരു ഫുള്‍ടൈം സംവിധായകനാകാന്‍ ഒരിക്കലും പോകുന്നില്ല. അതിന്റെ ഒരു ടെന്‍ഷന്‍ ഇല്ലായ്മ ആദ്യം മുതലേ എനിക്കുണ്ടായിരുന്നു. ഇത് നന്നായാല്‍ എല്ലാവര്‍ക്കും കൊള്ളാം. നന്നായില്ലെങ്കില്‍ ഇനി ചെയ്യാതിരുന്നാല്‍ പോരെ?

തുടര്‍ന്നുള്ള സംവിധാനം ലൂസിഫര്‍ വിജയിച്ചാല്‍ മാത്രമേ ചെയ്യൂ എന്നാണോ?

വിജയ പരാജയം എന്നതല്ല. ഇപ്പോള്‍ എനിക്ക് ചുറ്റും നില്‍ക്കുന്നവര്‍, ആ സിനിമയുടെ ഭാഗമായവര്‍ എല്ലാവരും സിനിമയെ കുറിച്ച് നല്ലത് മാത്രമാണ് പറയുന്നത്. അടുത്ത ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് എന്നോട് സംസാരിക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ ലൂസിഫര്‍ നല്ലൊരു സിനിമയാണെന്ന് നമ്മള്‍ വിചാരിക്കുകയാണ്. നാളെ പ്രേക്ഷകസമൂഹം മറ്റൊരു രീതിയില്‍ വിധിയെഴുതിയാല്‍ ഈ പറയുന്നവരുടെയൊക്കെ അഭിപ്രായം മാറും. അതെനിക്കറിയാം. കാരണം ഇത് സിനിമയാണ്. ഇന്ന് എന്നോട് അടുത്ത സിനിമ ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടി ചെയ്യണമെന്ന് പറഞ്ഞവര്‍ ലൂസിഫര്‍ പരാജയമായാല്‍ എന്റടുത്ത് വരില്ല. ലൂസിഫര്‍ സംവിധാനം ചെയ്തത് ഞാന്‍ നന്നായി എന്‍ജോയ് ചെയ്തു. ഇനിയും സംവിധാനം ചെയ്യണമെന്നുണ്ട്. അതിനുള്ള അവസരം മലയാള സിനിമ എനിക്ക് ഒരുക്കി വയ്ക്കുമോ എന്നത് ലൂസിഫറിന്റെ റിലീസിന് ശേഷം അറിയാം.

സൂപ്പര്‍ താരങ്ങള്‍ പ്രായത്തിന് അനുസരിച്ച് അഭിനയിക്കണം എന്ന് പറഞ്ഞ പൃഥ്വി ലൂസിഫര്‍ ഒരുക്കുമ്പോള്‍?

ആ പറഞ്ഞതില്‍ ഇന്നും ഉറച്ചുനില്‍ക്കുന്നു. ഞാനുള്‍പ്പെടെയുള്ളവര്‍ അങ്ങനെ ചെയ്യുമ്പോഴാണ് ഭംഗി. ഇന്ന് എന്നോട് പതിനെട്ടുകാരന്‍ ആകണം എന്ന് ആവശ്യപ്പെട്ടാല്‍ ഞാനാകില്ല. ഒരു സിനിമയില്‍ 22കാരന്‍ ആകണമെങ്കില്‍ അതിന് കാരണം വേണം. ആ കഥാപാത്രത്തിന്റെ ചെറുപ്പം മറ്റൊരാള്‍ ചെയ്താല്‍ ശരിയാവില്ല എന്നോ മറ്റോ വന്നാല്‍ മാത്രമേ ചെയ്യൂ. ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി ലാലേട്ടന്റെ പ്രായത്തിന് അനുസരിച്ച കഥാപാത്രമാണെന്നാണ് ഞാന്‍ കരുതുന്നത്.

തിരഞ്ഞെടുപ്പ് അടുത്തു. രാഷ്ട്രീയത്തിലേക്ക് വരാന്‍ താല്‍പര്യമുണ്ടോ?

ഇല്ല. രാഷ്ട്രീയ നിലപാടുണ്ട്. പക്ഷേ, അതിനര്‍ത്ഥം രാഷ്ട്രീയകക്ഷിയില്‍ അംഗമാകണമെന്നല്ലല്ലോ.

പറയുന്നതെല്ലാം വിവാദമാകുന്നത്?

ഞാന്‍ പറയുന്ന പല കാര്യങ്ങളും മനസ്സിലായിട്ടും മനസ്സിലാവാത്തതു പോലെ അഭിനയിക്കുന്നതാണോ ശരിക്കും മനസ്സിലാകാത്തതാണോ എന്ന് എനിക്ക് അറിയില്ല. സ്ത്രീവിരുദ്ധ സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞത് വ്യക്തമാക്കാനുണ്ട്. സ്ത്രീ വിരുദ്ധതയെ പൊക്കിപ്പിടിക്കുന്ന സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. അതേസമയം, സ്ത്രീ വിരുദ്ധ കഥാപാത്രം എന്നെ എക്‌സൈറ്റ് ചെയ്യിപ്പിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ അഭിനയിക്കും. എന്നാല്‍, കയ്യടി കിട്ടാന്‍ വേണ്ടി സ്ത്രീത്വത്തെ അപമാനിക്കുകയും അതാണ് ശരി എന്ന് പറയുകയും ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കില്ല. എനിക്ക് ബുദ്ധിമുട്ട് ഉണ്ട് എന്നതിനര്‍ത്ഥം ആരും അഭിനയിക്കരുത് എന്നല്ല.

അടുത്ത കാലത്ത് വന്ന മീ ടൂ മൂവ്‌മെന്റിനെ കുറിച്ച്?

അങ്ങനെ ഒരു മൂവ്‌മെന്റ് ഉണ്ടായി എന്നതും ലോകമെമ്പാടും ഉള്ള സ്ത്രീ സമൂഹത്തിനിടയില്‍ സ്വീകാര്യത ലഭിച്ചു എന്നതും അതിന് പിന്നില്‍ കാര്യമാത്ര പ്രസക്തമായ കാരണമുണ്ട് എന്നതിന്റെ തെളിവാണ്. എന്നാല്‍, മീ ടൂ മൂവ്‌മെന്റിനെ സിനിമയുമായി ബന്ധിപ്പിക്കാനുള്ള ഒരു പ്രവണതയുണ്ട്. സിനിമയില്‍ അത്തരം കാര്യം വരുമ്പോള്‍ വാര്‍ത്താപ്രാധാന്യം ലഭിക്കുന്നു എന്നുള്ളത് സത്യമാണ്. എന്നാല്‍, മീ ടൂ സിനിമയില്‍ മാത്രം സംഭവിക്കുന്നതല്ല. അത്തരം ഒരു തെറ്റിദ്ധാരണയുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. അത് തെറ്റാണ്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More