ഐവിഎഫിന് വിധേയയാല്‍ മൂന്ന് കുഞ്ഞുങ്ങള്‍ ജനിക്കുമോ? വന്ധ്യത ചികിത്സാ വിദഗ്ദ്ധന്‍ ഡോ. കെ യു കുഞ്ഞുമൊയ്തീന്‍ വിശദീകരിക്കുന്നു

ഇന്ന് ലോക മാതൃദിനം. 22 വര്‍ഷങ്ങളായി വന്ധ്യത ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ കെ യു കുഞ്ഞുമൊയ്തീന്‍, എംഡി എ ആര്‍ എം സി കോഴിക്കോട്, ഈ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളെ കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും മറ്റും അഭിമുഖം എഡിറ്റര്‍ കെ സി അരുണുമായി സംസാരിക്കുന്നു.

ഡോ കെ യു കുഞ്ഞുമൊയ്തീന്‍, ഐ വി എഫിലെ പുതിയ ടെക്‌നോളജികള്‍ എന്തെല്ലാമാണ്?

ഈ ട്രീറ്റ്‌മെന്റില്‍ രോഗികള്‍ നമ്മളോട് ചോദിക്കുക, രണ്ട് കുട്ടികള്‍ ഉണ്ടാകുമോ മൂന്ന് കുട്ടികള്‍ ഉണ്ടാകുമോയെന്നാണ്. അതൊരു സത്യമാണ്. കാരണം നമ്മള്‍ രണ്ടോ മൂന്നോ ഭ്രൂണം അണ്ഡാശയത്തില്‍ നിക്ഷേപിക്കാറുണ്ട്. അതിന്റെ ഫലമായി ഇരട്ട കുഞ്ഞുങ്ങളോ മൂന്ന് കുഞ്ഞുങ്ങളോ ഉണ്ടാകാം. ആ ദമ്പതിമാര്‍ക്ക് ആ സമയത്തെ ത്രില്ല് മാത്രമേയുണ്ടാകൂ. രണ്ടും മൂന്നും കുട്ടികളെ ഒരുമിച്ച് വളര്‍ത്തുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അവര്‍ക്ക് അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

മൂന്ന് ഭ്രൂണം വയ്ക്കുന്നത് ഏതെങ്കിലുമൊരു ഭ്രൂണം പിടിക്കാനുള്ള സാധ്യത 40-60 ശതമാനം ആകുന്നതിന് വേണ്ടിയിട്ടാണ്. എന്നാല്‍ ഇപ്പോള്‍ പുതിയ ടെക്‌നോളജി അനുസരിച്ച് ഒരു ഭ്രൂണം വച്ചാല്‍ തന്നെ അത്രത്തോളം സക്‌സസ് റേറ്റ് കിട്ടാവുന്ന സ്ഥിതിയാണുള്ളത്. മൂന്ന് ഭ്രൂണമുള്ള സ്ത്രീക്ക്, ഒരു ഭ്രൂണം നിക്ഷേപിച്ചശേഷം മറ്റുള്ളവ അടുത്ത ഗര്‍ഭധാരണത്തിനുവേണ്ടി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.

ഏറ്റവും നല്ല ഭ്രൂണത്തെ തെരഞ്ഞെടുക്കാനുള്ള സാങ്കേതിക വിദ്യകളാണ് ഇപ്പോഴത്തെ ട്രെന്റ്. സാധാരണ ഭ്രൂണം രണ്ടോ മൂന്നോ ദിവസം പ്രായമാകുമ്പോഴാണ് അണ്ഡാശയത്തില്‍ നിക്ഷേപിക്കുക. ഇപ്പോള്‍ അഞ്ച് ദിവസം വരെ വളര്‍ത്തിയിട്ടാണ് വയ്ക്കുന്നത്. അഞ്ച് ദിവസം പ്രായമുള്ള ഭ്രൂണം വയ്ക്കുമ്പോള്‍ മൂന്ന് എണ്ണം വയ്ക്കുമ്പോഴുള്ള വിജയ സാധ്യത ലഭിക്കും.

ഇപ്പോള്‍ ഭ്രൂണത്തെ 24 മണിക്കൂറും നിരീക്ഷിക്കാനുള്ള സാങ്കേതിക വിദ്യയും ലഭ്യമാണ്. അതിനെയാണ് എംബ്രിയോസ്‌കോപ് എന്ന് പറയുന്നത്. മനുഷ്യ ശരീരത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഭ്രൂണങ്ങളില്‍ 40 ശതമാനവും ജനിതക തകരാറുള്ളവയായിരിക്കും. അതിനാലാണ് അവ ഗര്‍ഭധാരണമായി മാറാത്തത്. ജനിതക തകരാറുകള്‍ ഇല്ലാത്തവ കണ്ടെത്താനുള്ള സാങ്കേതികവിദ്യകളും ഇന്നുണ്ട്. ഭ്രൂണത്തിന്റെ കോശമെടുത്തിട്ട് നമുക്ക് ജനറ്റിക് സ്റ്റഡി നടത്താന്‍ കഴിയും. അതുവഴി ഏറ്റവും നല്ല ഭ്രൂണത്തെ നിക്ഷേപിക്കാന്‍ നമുക്ക് കഴിയും. ഇതാണ് ഏറ്റവും പുതിയ ട്രെന്റ്. ഇവയെല്ലാം ഞങ്ങള്‍ ഇവിടെ ചെയ്യുന്നുണ്ട്.

ഡോ കെ യു കുഞ്ഞുമൊയ്തീന്‍
ഡോ കെ യു കുഞ്ഞുമൊയ്തീന്‍

ഇന്‍ഫെര്‍ട്ടിലിറ്റിയുടെ കാരണങ്ങള്‍

ഇന്‍ഫെര്‍ട്ടിലിറ്റി ഉണ്ടാകാന്‍ പുരുഷന്റേയും സ്ത്രീയുടേയും ഭാഗത്തുനിന്നുള്ള പ്രശ്‌നങ്ങള്‍ കൊണ്ടാകാം. കല്ല്യാണം കഴിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഗര്‍ഭധാരണം ഉണ്ടായില്ലെങ്കിലാണ് അതിനെ ഇന്‍ഫെര്‍ട്ടിലിറ്റി എന്ന് പറയുന്നത്. 40 ശതമാനം കേസുകളില്‍ പുരുഷന്‍മാരുടെ കാരണം കൊണ്ടാകാം. 40 ശതമാനം സ്ത്രീയുടെ കാരണം കൊണ്ടാകാം. 10 ശതമാനം രണ്ടുപേരുടേയും കൂടി കാരണങ്ങള്‍ കൊണ്ടാകാം. ബാക്കി 10 ശതമാനം കാരണം കണ്ടുപിടിക്കാന്‍ കഴിയാറില്ല. അതിനെ പ്രത്യേക കാരണങ്ങളില്ലാത്ത വന്ധ്യത എന്ന് പറയും.

പുരുഷന്റെ കാരണങ്ങളാണെങ്കില്‍ അത് ബീജാണുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു. ബീജാണുക്കളുടെ കൗണ്ട് കുറയുക, ചലനശേഷി ഇല്ലാതിരിക്കുക, ക്വാളിറ്റി കുറയുക, ബീജാണുക്കള്‍ ഇല്ലാത്ത അവസ്ഥയാകാം അല്ലെങ്കില്‍ ലൈംഗിക ബന്ധം പുലര്‍ത്താന്‍ കഴിയാത്ത എറക്ടൈല്‍ ഡിസ്ഫങ്ഷന്‍ ആകാം, ഹോര്‍മോണ്‍ തകരാര്‍ ആകാം.

സ്ത്രീയെ സംബന്ധിച്ചിടത്തോളം അണ്ഡോല്‍പാദനത്തിലെ തകരാറുകളാണ് ഏറ്റവും സാധാരണമായി കണ്ടുവരുന്നത്. ആര്‍ത്തവത്തിലെ തകരാറുകള്‍ എന്ന് പറയും. നമ്മുടെ നാട്ടില്‍ സാധാരണമായി കണ്ടു വരുന്നതാണ് പോളിസിസ്റ്റിക് ഓവറി. അതില്‍ ആര്‍ത്തവം തെറ്റി വരും. അണ്ഡോല്‍പ്പാദനം തെറ്റി വരും. അമിതമായി വണ്ണം ഉണ്ടാകാം. പിന്നെ രോമവളര്‍ച്ചയുണ്ടാകാം.

പിന്നെ രണ്ടാമത്തെ കാരണം എന്‍ഡോമെട്രിയോസിസ് എന്ന അസുഖമാണ്. അതിന്റെ ഭാഗമായി ആര്‍ത്തവ സമയത്ത് കഠിനമായ വയറ് വേദനയുണ്ടാകും. പിന്നെ അണ്ഡാശയത്തില്‍ മുഴകള്‍ ഉണ്ടാകാം. ഇതൊക്കെയാണ് ഈ അസുഖത്തിന്റെ പ്രത്യേകത.

വളരെ അപൂര്‍വമായി ട്യൂബിനുള്ള ബ്ലോക്കുകള്‍, പല തരത്തിലുള്ള അണുബാധകള്‍, ജന്മനായുള്ള ബുദ്ധിമുട്ടുകള്‍ ഇവയൊക്കെ പല ഘട്ടങ്ങളിലായി വരാം.

വന്ധ്യതയുടെ ട്രെന്റ് വര്‍ദ്ധിച്ച് വരുന്നുണ്ടോ

വര്‍ദ്ധിച്ച് വരുന്നുണ്ട്. ഞാന്‍ 22 വര്‍ഷമായി ഈ രംഗത്ത് പ്രാക്ടീസ് ചെയ്യുന്നു. പത്ത് വര്‍ഷം മുമ്പത്തെ കണക്കും ഇപ്പോഴത്തെ കണക്കും എടുക്കുകയാണെങ്കില്‍ വളരെയധികം കൂടുതലായി വരികയാണ്. നേരത്തെ പുതുതായി വിവാഹം കഴിക്കുന്ന അഞ്ച് പേരില്‍ ഒരാള്‍ക്ക് വന്ധ്യതയുണ്ടാകുമെന്നതാണ്. പക്ഷേ, ഇപ്പോഴത്തെ കണക്ക് അനുസരിച്ച് അത് മൂന്നില്‍ ഒരാള്‍ക്ക് സാധ്യതയുണ്ട് എന്നായി.

കാരണങ്ങള്‍

പലവിധത്തിലുണ്ട്. ഏറ്റവും അടുത്തുണ്ടായ പഠനത്തില്‍ കാണുന്നത്, പുരുഷനായാലും സ്ത്രീക്കായാലും സെക്‌സിലുള്ള താല്‍പര്യം 34 ശതമാനം പേര്‍ക്ക് ഇല്ലായെന്നതാണ്. ഭാര്യയും ഭര്‍ത്താവും ആണെങ്കില്‍ പോലും അവര്‍ക്ക് സെക്ഷ്വല്‍ കോണ്‍ട്രാക്ടിന് താല്‍പര്യമില്ല. അവര്‍ക്ക് സെക്ഷ്വല്‍ ആയ പ്ലെഷര്‍ സോഷ്യല്‍ മീഡിയ വീഡിയോസ് വഴി ലഭിക്കുന്നു. അപ്പോള്‍ അവര്‍ക്ക് ഭാര്യയുമായി കോണ്‍ടാക്ടിന്റെ ആവശ്യമില്ല. അല്ലാതെ തന്നെ അവര്‍ക്കുള്ള ലക്ഷ്യങ്ങള്‍ നടന്ന് കിട്ടും. ഫോണ്‍ ചാറ്റിങ്ങാകാം ഫോണ്‍ സെക്‌സിങ്ങാകാം അങ്ങനെ പലരീതിയിലുണ്ട്.

കല്ല്യാണത്തിന് മുമ്പുള്ള സെക്‌സ് കാരണം കല്ല്യാണത്തിന് ശേഷമുള്ള സെക്‌സിനോട് വലിയൊരു ത്രില്ലൊന്നും ഉണ്ടാകില്ലായിരിക്കും. ഇത് രണ്ട് മൂന്ന് മാസം മുമ്പ് യു എസിലും ഓസ്‌ത്രേലിയയിലും നടത്തിയ പഠനമാണ്.

ഈ താല്‍പര്യക്കുറവ് പുരുഷനെ വളരെയധികം ബാധിക്കും. കൃത്യമായ ദിവസങ്ങളുടെ ഇടവേളകളില്‍ സെക്ഷ്വല്‍ ഇന്റര്‍കോഴ്‌സ് നടന്നാലേ നല്ല പുരുഷ ബീജാണുക്കള്‍ ഉല്‍പാദിപ്പിക്കപ്പെടുകയുള്ളൂ. കുറെ ദിവസം കോണ്‍ടാക്ട് ചെയ്യാതെ ഇരുന്നാല്‍ പുരുഷ ബീജാണുക്കളുടെ ഡിഎന്‍എയ്ക്ക് തന്നെ വളരെയധികം ഡാമേജ് ഉണ്ടാകും. ഇത് ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെയധികം കുറയ്ക്കും.

ഇപ്പോഴത്തെ ഭക്ഷണ രീതികള്‍, എക്‌സര്‍സൈസിന്റെ കുറവ്, സ്ട്രസ്ഫുള്ളായിട്ടുള്ള ജീവിതം, പുകവലി, മയക്കുമരുന്നുകള്‍, ആല്‍ക്കഹോള്‍ ഇവയെല്ലാം പുരുഷന്‍മാരില്‍ വന്ധ്യത കൂട്ടുമ്പോള്‍ സ്ത്രീകളില്‍ അമിത വണ്ണവും കൂടുതല്‍ പൂരിത കൊഴുപ്പുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ സ്ത്രീകളുടെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നഷ്ടപ്പെടും. സ്ത്രീകള്‍ പുരുഷന്‍മാരെ പോലെയും പുരുഷന്‍മാര്‍ സ്ത്രീകളെപ്പോലെയുമാകും. അതാണ് ഇപ്പോഴത്തെ ഒരു അവസ്ഥ.

ഡോ കെ യു കുഞ്ഞുമൊയ്തീന്‍

അമിതമായ പോണ്‍ ഉപയോഗമുണ്ടാക്കുന്ന ഇറക്ടൈല്‍ ഡിസ്ഫങ്ഷന് വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ടോ?

അതായത്, ഗര്‍ഭധാരണം ഉണ്ടാകണമെങ്കില്‍ ലൈംഗിക ബന്ധം ഉണ്ടാകണം. നാച്വറല്‍ സെക്ഷ്വല്‍ കോണ്‍ടാക്ട് വഴിയേ ഗര്‍ഭധാരണം ഉണ്ടാകുകയുള്ളൂ. വന്ധ്യതയുടെ നിര്‍വചനം തന്നെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ശ്രമിച്ചിട്ടും കുട്ടികളുണ്ടാകുന്നില്ലായെന്ന അവസ്ഥയാണ്. ഇതിനെ ശരിക്കുമൊരു വന്ധ്യതയെന്ന് പറയാന്‍ പറ്റില്ല. പക്ഷേ, അപ്പാരന്റ് ആയ ഇന്‍ഫെര്‍ട്ടിലിറ്റിയാണെന്ന് പറയാന്‍ പറ്റും. ആളുകള്‍ സെക്ഷ്വല്‍ ആയി ട്രൈ ചെയ്തിട്ടില്ലെങ്കില്‍ പിന്നെ ട്രീറ്റ്‌മെന്റുകള്‍ വഴി ഗര്‍ഭധാരണത്തിന് ശ്രമിക്കേണ്ടി വരും. വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്ന് പറഞ്ഞത്, കോണ്‍ടാക്ട് ഇല്ലെങ്കില്‍ സ്‌പേംസിന്റെ ക്വാളിറ്റി കുറയ്ക്കും.

വിജയ സാധ്യത എങ്ങനെയാണ്?

ഞങ്ങളുടെ ഒരു പ്രത്യേകത എന്താണെന്ന് വച്ചാല്‍, ഞങ്ങള്‍ ഡോണര്‍ ആയിട്ടുള്ള ട്രീറ്റ്‌മെന്റുകള്‍ ഒന്നും ചെയ്യാറില്ല. ട്രീറ്റ്‌മെന്റിന്റെ വിജയ സാധ്യത എന്ന് പറയുന്നത്, പല ട്രീറ്റ്‌മെന്റുകള്‍ക്ക് പലതാണ്. മരുന്നുകള്‍ കൊടുത്തുള്ള ട്രീറ്റ്‌മെന്റാണെങ്കില്‍ ഓരോ മാസവും 10-12 ശതമാനം പേര്‍ക്കേ ഗര്‍ഭധാരണം നടക്കുകയുള്ളൂ. അതേ സമയം, ഐയുഎ ട്രീറ്റ്‌മെന്റില്‍, ബീജമെടുത്തിട്ട് വാഷ് ചെയ്തശേഷം അണ്ഡാശയത്തില്‍ നിക്ഷേപിക്കുന്ന രീതി, 20-25 ശതമാനം പേരില്‍ ഗര്‍ഭധാരണ സാധ്യതയുണ്ടാകാം. ഇനിയുള്ളത് ഐവിഎഫ് ട്രീറ്റ്‌മെന്റാണ്. അതില്‍ 40-60 ശതമാനം പേര്‍ക്ക് വിജയസാധ്യതയുണ്ട്. സ്ത്രീകളുടെ പ്രായമാണ് അതില്‍ പ്രധാനപ്പെട്ട ഘടകം.

വിജയ സാധ്യത കുറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്?

ഇപ്പറഞ്ഞത് ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡിലുള്ള സക്‌സസ് റേറ്റാണ് ഈ പറഞ്ഞത്. പരാജയപ്പെടാനുള്ള കാരണങ്ങള്‍ എന്താണെന്ന് വച്ചാല്‍, നല്ല ക്വാളിറ്റിയുള്ള സ്‌പേം, അണ്ഡം എന്നിവ ഉണ്ടാകാതെയിരിക്കുകയും പിന്നെ സ്ത്രീകളുടെ പ്രായക്കൂടുതലും വിജയ സാധ്യതയെ ബാധിക്കും.

ഡോ കെ യു കുഞ്ഞുമൊയ്തീന്‍

മലയാളിയുടെ മനസ്സ് ഐവിഎഫുമായി പൊരുത്തപ്പെട്ടിട്ടുണ്ടോ?

തീര്‍ച്ചയായും. ഇപ്പോള്‍ വളരെയധികം ആളുകള്‍ അതിനായി മുന്നോട്ട് വരുന്നുണ്ട്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐവിഎഫ് പറയുമ്പോള്‍ ചെയ്യാന്‍ ആളുകള്‍ക്ക് മടിയാണ്. ഇപ്പോഴത് ഐവിഎഫ് വേണമെന്ന് പറയുന്ന സ്ഥിതിയാണുള്ളത്. ഒരുപക്ഷേ, അതേക്കുറിച്ച് ബോധവല്‍ക്കരണം ആയത് ഇപ്പോഴാകും. അതൊരു നാച്വറല്‍ ആയിട്ടുള്ള കാര്യമാണെന്നുള്ള അവബോധം ഉണ്ടായിട്ടുണ്ടാകും. ഇപ്പോള്‍ ഇന്റര്‍നെറ്റിലൊക്കെ ഇതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ഉണ്ട്. അതേക്കുറിച്ചുള്ള സോഷ്യല്‍ സ്റ്റിഗ്മയൊന്നും ഇപ്പോഴില്ല എന്ന് തന്നെ പറയാനാകും.

എ ആര്‍ എം സിയെ സമീപിക്കുന്നവരുടെ എണ്ണം

ഇവിടെ നമുക്ക് നാല് യൂണിറ്റുകളുണ്ട്. മാസം 300 ഓളം പുതിയ കേസുകള്‍ വരുന്നുണ്ട്. കൂടാതെ ഞങ്ങള്‍ക്ക് പെരിന്തല്‍മണ്ണ, പാലക്കാട്, തൃശൂര്‍, കണ്ണൂര്‍, മംഗലാപുരം, കൊല്ലം, സേലം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ നമുക്ക് സെന്ററുകള്‍ ഉണ്ട്. അവിടെയൊക്കെ ഇവിടെയുള്ളത് പോലെ രോഗികള്‍ എത്തുന്നുണ്ട്.

ഐ വി എഫ് ട്രീറ്റ്‌മെന്റ് എന്തുകൊണ്ട് ഇത്ര ചെലവേറിയത് ആകുന്നു?

അതിന് പ്രധാന കാരണം, ഐ വി എഫ് ട്രീറ്റ്‌മെന്റിനുവേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ വില കൂടുതലാണ്. കാരണം ഒരു ഐ വി എഫ് യൂണിറ്റില്‍ മൂന്ന് കോടിയോളം രൂപയുടെ ഉപകരണങ്ങളാണ് സ്ഥാപിക്കുന്നത്. കേസുകള്‍ ചെയ്താലും ഇല്ലെങ്കിലും ആ ഉപകരണങ്ങള്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ മാറ്റിയിരിക്കണം.

മറ്റൊന്ന് ഓരോ ഐ വി എഫിലും അണ്ഡാശയത്തില്‍ നിന്നും അണ്ഡം എടുത്ത് ബീജവുമായി യോജിപ്പിക്കുന്നതിന് കള്‍ച്ചറല്‍ മീഡിയമൊക്കെ വേണം. അതൊക്കെ പുറത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ഇന്ത്യയില്‍ കള്‍ച്ചറല്‍ മീഡിയ ഉണ്ടാക്കുന്നില്ല. ഇന്ത്യയില്‍ എത്തുമ്പോള്‍ 300 ശതമാനം അധികമാകും അതിന്റെ വില.

പിന്നെ അണ്ഡങ്ങള്‍ ഉണ്ടാകാനുള്ള മരുന്നുകളും വളരെ വിലയേറിയവയാണ്. അവയില്‍ 90 ശതമാനവും വിദേശത്ത് നിര്‍മ്മിക്കുന്നതാണ്. ഇന്ത്യയില്‍ വളരെ കുറച്ചേ മരുന്ന് ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. അതിന്റെ ഗുണമേന്മയില്‍ സംശയമുള്ളതിനാല്‍ ഉപയോഗിക്കുന്നതും കുറവാണ്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More