സഞ്ജു സാംസണെ ടി20 ടീമിലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷ

കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് കഴിഞ്ഞ രണ്ട് രഞ്ജി ട്രോഫി സീസണുകളും സ്വപ്‌നതുല്യമായിരുന്നു. കേരളം ചരിത്രത്തിലാദ്യമായി 2017-18 സീസണില്‍ ക്വാര്‍ട്ടറില്‍ കടന്നു. 2018-19 സെമി ഫൈനലിലും എത്തി. ഇത്തവണ ഫൈനലില്‍ കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കേരള ക്രിക്കറ്റ് അസോസിയഷനാകട്ടെ കപ്പ് നേടാന്‍ കഴിയുന്ന ഒരു ടീമിനെ ഒരുക്കാനുള്ള ശ്രമത്തിലും. അതിനായി ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ ടീമിലെത്തും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വക്കേറ്റ് ശ്രീജിത്ത് വി നായര്‍ ടീമിന്റെ ഒരുക്കങ്ങള്‍,
സഞ്ജു സാംസണ് എന്തുകൊണ്ട് ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ കിട്ടുന്നില്ല, ശ്രീശാന്തിന്റെ ഭാവി തുടങ്ങിയ വിഷയങ്ങളില്‍ 
കെ സി അരുണുമായി സംസാരിക്കുന്നു.

കേരളത്തിന്റെ ഈ സീസണ്‍ ഒരുക്കങ്ങള്‍ എന്തെല്ലാണ്. ഏതൊക്കെ താരങ്ങളെ പുറത്ത് നിന്ന് കൊണ്ടു വരുന്നു?

കോച്ച് വാട് മോറും സെലക്ടേഴ്‌സും ഞാനും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയെ കേരള ടീമീലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഉത്തപ്പ ഞങ്ങളെ സമീപിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനം ഏകദേശം ഉറപ്പാണെന്ന് പറയാം. അരുണ്‍ കാര്‍ത്തിക്കിന് പകരമായിട്ടാണ് ഉത്തപ്പ വരുന്നത്. ഉത്തപ്പ കണ്ടീഷന്‍സൊന്നും പറഞ്ഞിട്ടില്ല.

റോബിന്‍ ഉത്തപ്പ എന്തുകൊണ്ട് കേരളത്തിലേക്ക് വരാന്‍ തയ്യാറായി?

കേരളം ഇന്ന് ഇന്ത്യയിലെ മികച്ച ടീമുകളിലൊന്നാണ്. കഴിഞ്ഞ വര്‍ഷത്തെ സെമിഫൈനലിസ്റ്റുകളാണ്. നമുക്കും ഉത്തപ്പയെപ്പോലെയുള്ള ഒരു കളിക്കാരനെ ആവശ്യമുണ്ട്. കഴിഞ്ഞ സീസണില്‍ നമ്മുടെ കളിക്കാര്‍ പേസ് ബൗളറായ ഉമേഷ് യാദവിനെപ്പോലെയുള്ളവരുടെ മുന്നില്‍ പതറിയിരുന്നു. എക്‌സ്പീരിയന്‍സിന്റേയും ലീഡര്‍ഷിപ്പിന്റേയും കുറവായിരുന്നു അങ്ങനെ സംഭവിക്കാന്‍ കാരണം. ഉത്തപ്പ മുതിര്‍ന്ന എക്‌സ്പീരിയന്‍സുള്ള കളിക്കാരനാണ്. അതിലുപരി മലയാളി കൂടിയാണ്. അതിനാല്‍ ആശയവിനിമയം പോലുള്ള പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കും.

റോബിന്‍ ഉത്തപ്പ
റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പയെപ്പോലെ സീനിയറായ ഒരു കളിക്കാരന്‍ സച്ചിന്‍ ബേബിക്ക് കീഴില്‍ കളിക്കുമോ?

സച്ചിന്‍ ബേബി ഒരു പ്രശ്‌നക്കാരനൊന്നുമല്ല. മാത്രമല്ല, റോബിന്‍ ഉത്തപ്പയെ ക്യാപ്റ്റനാക്കണോ വേണ്ടയോ എന്ന ചര്‍ച്ച വന്നിട്ടില്ല. സെലക്ടേഴ്‌സും കോച്ചുമൊക്കെ കൂടിയാലോചിച്ച് അവരുടെ അഭിപ്രായം അനുസരിച്ചാകും അതില്‍ തീരുമാനം വരിക. ആര് കേരളത്തെ നയിക്കണം എന്ന് അവര്‍ തീരുമാനിക്കും. അസോസിയേഷന്‍ അതില്‍ ഇടപെടാറില്ല.

രഞ്ജിയില്‍ ഈ വര്‍ഷം ഫൈനലില്‍ എത്തുമോ? ആരാധകരുടെ പ്രതീക്ഷയേറെയാണ്.

ഞങ്ങളും ആ പ്രതീക്ഷയിലാണ്. ഫൈനലില്‍ എത്തുക മാത്രമല്ല വിജയിക്കണം എന്നാണ് ആഗ്രഹം. അതിനുള്ള ടീമിനെയാണ് ഒരുക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പേസര്‍മാര്‍ കേരള ടീമിലാണുള്ളത്. മികച്ച ബാ്റ്റ്‌സ്മാന്‍മാരുണ്ട്. നല്ല ഫീല്‍ഡിങ് സൈഡാണ്. ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, അസറുദ്ദീന്‍, സച്ചിന്‍ ബേബി, രാഹുല്‍ ടി, വിഷ്ണു വി വിനോദ് അങ്ങനെ മികച്ച കളിക്കാരാനുള്ളത്. സഞ്ജു മികച്ച ഫോമിലാണ്. അതുപോലെ ബാറ്റ്‌സ്മാന്‍മാരുണ്ട്. കപ്പ് വിജയിക്കാന്‍ പറ്റിയ ടീമാണ്. ഫീല്‍ഡിലെ കളിയല്ലാതെ മറ്റൊരു പരിഗണനയും ഇല്ലാതെ ടീമിനെ സെലക്ട് ചെയ്യും.

ഡേവ് വാട്ട്‌മോര്‍ വന്നതിന് ശേഷം കേരള ടീമിനുണ്ടായ മാറ്റത്തെ എങ്ങനെയാണ് കെസിഎ വിലയിരുത്തുന്നത്?

വാട് മോറിന്റെ കഴിവിനെ കുറിച്ച് ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. അദ്ദേഹം ടീം സ്പിരിറ്റ് മോള്‍ഡ് ചെയ്യുന്നു. ഒരു കാര്യവും അടിച്ചേല്‍പ്പിക്കുന്നില്ല. സ്വാതന്ത്ര്യം കൊടുക്കും, എല്ലാവരുടേയും അഭിപ്രായങ്ങള്‍ അദ്ദേഹം കേള്‍ക്കും. പിന്നെ മിസ്റ്റര്‍ കൂള്‍ ആണ്. അതൊക്കെ നമ്മുടെ കേരള ടീമിനെ സ്വാധീനിച്ചിട്ടുണ്ട്. അതുതന്നെയാണ് അദ്ദേഹത്തിന്റെ കോണ്‍ട്രാക്ട് പുതുക്കാന്‍ കാരണം. വാട് മോര്‍ കേരളത്തെ ക്വാര്‍ട്ടറിലും സെമിയിലും എത്തിച്ചത് കാരണം അദ്ദേഹത്തിന് മറ്റു സംസ്ഥാന അസോസിയേഷനുകളില്‍ നിന്ന് ഓഫര്‍ വന്നിരുന്നു. എന്നാല്‍ അദ്ദേഹം കേരളത്തിനൊപ്പം നില്‍ക്കാനാണ് താല്‍പര്യം പ്രകടിപ്പിച്ചത്. അദ്ദേഹം അതില്‍ സാമ്പത്തിക ലാഭം കാണുന്നുമില്ല.

ഈ വര്‍ഷം രഞ്ജിയില്‍ ഡി ആര്‍ എസ് വരുന്നതിനെ സ്വാഗതം ചെയ്യുന്നുണ്ടോ?

നമുക്ക് മാത്രമായിട്ടല്ലല്ലോ. ബി സി സി ഐ ഏത് നിയമം കൊണ്ട് വന്നാലും നമ്മള്‍ അതിനോട് ആത്മാര്‍ത്ഥമായി സഹകരിക്കും. നടപ്പിലാക്കും.

സഞ്ജു സാംസണ്‍
സഞ്ജു സാംസണ്‍

പ്രതിഭയുണ്ടെങ്കിലും സഞ്ജു സാംസണ് എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീമില്‍ എത്തിപ്പെടാനാകാതെ പോകുന്നത്. സെലക്ഷന്‍ ടീം സഞ്ജുവിനെ തഴയുന്നുണ്ടോ?

ഇന്ത്യന്‍ ടീമിനെയെടുക്കുമ്പോള്‍ അവിടത്തെ പ്രതിഭകളുടെ നിര നമുക്ക് അറിയാമല്ലോ. ഉടന്‍ ചാന്‍സ് കിട്ടുമെന്ന് കരുതുന്നു. സഞ്ജു ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വച്ചിരുന്നു. ടി 20 ടീമിലേക്കെങ്കിലും പരിഗണിക്കും എന്നാണ് പ്രതീക്ഷ.

ഇന്ത്യന്‍ ടീമില്‍ ഇടംകിട്ടാതെ പോകുന്നതില്‍ സഞ്ജുവിന് നിരാശയുണ്ടോ?

സ്വാഭാവികമായും ഒരു വിഷമം ഉണ്ടാകുമല്ലോ. എങ്കിലും സഞ്ജു ഒരു പോസിറ്റീവ് പ്ലേയര്‍ ആണ്. അങ്ങനെയൊരു വിഷമുണ്ടെങ്കില്‍ പോസിറ്റീവായി എടുത്ത് കൊണ്ട് ടീമില്‍ കയറിപ്പറ്റാന്‍ ആത്മാര്‍ത്ഥമായി സഞ്ജു ശ്രമിക്കുന്നുണ്ട്.

ശ്രീശാന്തിന്റെ കാര്യത്തില്‍ കെസിഎ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?

മുമ്പ് ശ്രീശാന്ത് ജയിലില്‍ ആയിരുന്നപ്പോള്‍ ഞങ്ങള്‍ പോയി കണ്ട് ആത്മവിശ്വാസം നല്‍കിയിരുന്നതാണ്. കോടതി അവനെ വെറുതെ വിട്ടു. ബിസിസിഐ അവരുടെ നിലപാട് മാറ്റം വരുത്തിയിട്ടില്ല. സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടായത് കാരണം തീരുമാനം ഉണ്ടാകാന്‍ കാത്തിരിക്കുകയാണ്.

ഇന്ത്യയിലെ മികച്ച ഫാസ്റ്റ് ബൗളറായിരുന്നു ശ്രീശാന്ത്. ഒരേ സമയം ഔട്ട് സ്വിങ്ങറും ഇന്‍ സ്വിങ്ങറും എറിയുന്ന അഗ്രസീവായ ഒരു ബൗളറാണ്. കളിക്കളത്തിലേക്ക് അവന്‍ മടങ്ങി വരികയാണെങ്കില്‍ കോച്ചും സെലക്ടേഴ്‌സും അവന്റെ ഫിസിക്കല്‍ ഫിറ്റ്‌നസ് നോക്കും. ഫിറ്റ്‌നസ് പ്രൂവ് ചെയ്യുകയാണെങ്കില്‍ ആദ്യ 30 അംഗ ടീമില്‍ ഉള്‍പ്പെടുത്തും.

ശ്രീശാന്ത്‌
ശ്രീശാന്ത്‌

ടീമില്‍ ഉള്‍പ്പെടുത്തുന്നത് അല്ലാതെ ബൗളിങ് കോച്ച് പോലുള്ള സ്ഥാനങ്ങളിലേക്ക് ഉപയോഗപ്പെടുത്തുമോ?

അദ്ദേഹം കോച്ചിങ് സൈഡിലേക്ക് വരാന്‍ സാധ്യതയുള്ളയാളാണ്. നല്ല മെന്ററാണ്. സെലക്ഷന്‍ കമ്മിറ്റിയില്‍ ഉപയോഗിക്കാന്‍പറ്റും. നല്ലൊരു കമന്റേറ്ററാണ്. അവനൊരു ബഹുമുഖ പ്രതിഭയാണ്. റിട്ടയര്‍മെന്റ് കഴിഞ്ഞാല്‍ അവന്റെ താല്‍പര്യം നോക്കി കേരളം ഉപയോഗപ്പെടുത്തും. സുപ്രീംകോടതിയുടെ വിധിയനുസരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ചര്‍ച്ച ചെയ്യും.

കെ സി എയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സ്ഥിതി

ഫണ്ടില്ലാത്തത് കാരണം വികസന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. ബി സി സി ഐയുടെ പ്രശ്‌നം നടക്കുന്നതിനാല്‍, ഫണ്ട് ഫ്‌ളോ സുപ്രീംകോടതി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ലോധ കമ്മിറ്റിയുടെ ശുപാര്‍ശ പൂര്‍ണമായും നടപ്പിലാക്കുന്ന സംസ്ഥാന അസോസിയേഷനുകള്‍ക്ക് മാത്രമേ ഗ്രാന്‍ഡ് കൊടുക്കാവൂയെന്ന സുപ്രീംകോടതി വിധിയുണ്ട്. തുടര്‍ന്ന് നമ്മള്‍ അതെല്ലാം പാലിച്ചു. ആദ്യ ഗഡുവായി 10 കോടി രൂപ കിട്ടി. ഇന്‍ഫ്രാ സ്ട്രക്ചര്‍ ഫണ്ട് ഗ്രാന്‍ഡിന്റെ കൂട്ടത്തില്‍പ്പെടുത്തുന്നത് അല്ല. ബി സി സി ഐയില്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഒരു ബോഡി വന്നശേഷം അത്തരത്തിലുള്ള നയപരമായ പോളിസിയില്‍ തീരുമാനം വരത്തുള്ളൂവെന്നാണ് അറിയുന്നത്.

സുപ്രീംകോടതി നിയമിച്ച അമിക്കസ് ക്യൂറി എല്ലാ സംസ്ഥാന അസോസിയേഷനുകളുമായി സംസാരിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് ജനാധിപത്യപരമായ ഒരു ബോഡി ബി സി സി ഐയില്‍ വരണമെന്നും അതാണ് ക്രിക്കറ്റിന് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. വക്കീലന്‍മാരും സുപ്രീംകോടതിയുമല്ല തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അദ്ദേഹം നല്ല സമവായകന്‍ ആയിട്ടുണ്ടെന്നാണ് കെ സി എ കണക്ക് കൂട്ടുന്നത്. അദ്ദേഹം സെപ്തബറോടെ തെരഞ്ഞെടുപ്പ് ഉദ്ദേശിക്കുന്നുണ്ടെന്നാണ് അറിയുന്നത്. അങ്ങനെയൊരു ബോഡി വന്നതിന് ശേഷമോ ഇന്‍ഫ്രാ സ്ട്രക്ചര്‍ ബോഡി വരികയുള്ളൂ.

അടിസ്ഥാന സൗകര്യ വികസനത്തിനായി വാങ്ങിയ സ്ഥലങ്ങള്‍ വികസിപ്പിക്കുന്നതിനാണ് ഞങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത്. കോഴിക്കോട് പഴയ പ്രതാപത്തിലേക്ക് വരണമെങ്കില്‍ അവിടെ ഒരു ഗ്രൗണ്ട് അത്യാവശ്യമാണ്. അവിടെ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പത്ര പരസ്യം നല്‍കിയിരുന്നു. അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. അവിടെയിനി നിയമോപദേശം എടുക്കണം, സാധ്യത പഠനം നടത്തണം.

ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തും. സ്റ്റേഡിയം നില്‍ക്കുന്നത് സര്‍ക്കാരിന്റെ ഭൂമിയിലാണ്. അതിനാല്‍, സര്‍ക്കാരിന്റെ അനുവാദം വേണം. ഈ ഭൂമിക്ക് പകരം ഇടപ്പള്ളിയിലെ ഭൂമി സര്‍ക്കാരിന് കൈമാറാന്‍ കഴിയുമോയെന്നാണ് പരിശോധിക്കുന്നത്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More