നാന്‍ പെറ്റ മകന്‍ പാര്‍ട്ടി വികാരം ഉണര്‍ത്തുന്ന സിനിമയല്ല: അഭിമന്യുവായി വേഷമിട്ട മിനണ്‍ ജോണ്‍ പറയുന്നു

മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകം കേരളത്തെ പിടിച്ചുക്കുലുക്കിയ സംഭവമാണ്. ഇപ്പോള്‍ അഭിമന്യുവിന്റെ ജീവിതം ആസ്പദമാക്കിയുള്ള ‘നാന്‍പെറ്റ മകന്‍’ എന്ന സിനിമ തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തില്‍ അഭിമന്യുവായി അഭിനയിച്ച മിനണ്‍ ജോണ്‍ അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി സിനിമാവിശേഷങ്ങള്‍ പങ്കുവെക്കുകയാണ്.

നാന്‍പെറ്റ മകന്‍ തീയറ്ററുകളില്‍ ഇപ്പോഴും ഓടുന്നുണ്ട്. അതിന്റെ സന്തോഷത്തിലാണോ?

തീര്‍ച്ചയായും സന്തോഷത്തിലാണ്. ഒരുപാട് നല്ല റിവ്യൂസ് പറയുന്നുണ്ട്. കഥാപാത്രത്തെ സംബന്ധിച്ചായാലും സിനിമയെ സംബന്ധിച്ചായാലും കുറേപേര്‍ നല്ല അഭിപ്രായം പറഞ്ഞു. അതിലൊക്കെ സന്തോഷമുണ്ട്. അതിലുമുപരി ആദ്യമായിട്ടാണ് നായകനായി എത്തുന്നത്. ഞാനത്ര വലിയ ആര്‍ട്ടിസ്റ്റൊന്നുമല്ല, എന്നിട്ടും നായകനായി സിനിമ ചെയ്തു. എന്നെ സംബന്ധിച്ച് അത് വലിയ കാര്യമാണ്. ഞാന്‍ അങ്ങനെ ഒരുപാട് സിനിമകളും ചെയ്തിട്ടില്ല. അപ്പോള്‍ ചെയ്തത് നല്ലതാണെന്ന് ആളുകള്‍ പറയുമ്പോള്‍ സന്തോഷമുണ്ട്.

അഭിമന്യുവായതെങ്ങനെയാണ്? ചിത്രത്തിലേക്ക് വന്നത് എങ്ങനെ?

സിനിമയുടെ സംവിധായകനായ സജി എസ് പാലമേല്‍ വഴിയാണ് എത്തിയത്. സജിച്ചേട്ടന്‍ ആദ്യം ഫോണ്‍ വിളിച്ചു. പിന്നെ വീട്ടിലേക്ക് വന്നു സംസാരിച്ചു. അഭിമന്യുവിന്റെ ക്യാരക്ടര്‍ ചെയ്യാനാണ് വിളിച്ചതെന്ന് ആദ്യം അറിഞ്ഞില്ല. ഫോട്ടോ കണ്ടിട്ടാണ് സജിച്ചേട്ടന്‍ അഭിമന്യുവിന്റെ കഥാപാത്രം ചെയ്യാന്‍ എന്നെ തെരഞ്ഞെടുത്തത്. പക്ഷേ യഥാര്‍ഥത്തില്‍ എനിക്ക് അഭിമന്യുവിനേക്കാള്‍ പൊക്കം കുറവാണ്. അത് സജിച്ചേട്ടനും മനസിലായത് വീട്ടില്‍ വന്നു കണ്ടപ്പോഴാണ്. അന്ന് അത് പറയുകയും ചെയ്തു. കാണുമ്പോള്‍ ഫോട്ടോയിലേക്കാള്‍ കുട്ടിത്തവുമുണ്ടെന്നാണ് ആദ്യം പറഞ്ഞത്..സജിച്ചേട്ടന്‍ വരുമ്പോള്‍ ഞാന്‍ മുടിയൊക്കെ തോളറ്റം വളര്‍ത്തി, ആകെ കുറച്ച് മീശയെ ഉള്ളൂ, അന്ന് അതുമില്ലായിരുന്നു ..പക്ഷേ ആ റോള്‍ ചെയ്യാന്‍ എന്നെ തീരുമാനിക്കുകയായിരുന്നു. എന്നെക്കാള്‍ ഉറപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോ പടം ഇറങ്ങിയിട്ടും കുറേപേര്‍ പറഞ്ഞു അഭിമന്യുവിന്റേത് പോലെയുള്ള ലുക്ക് എന്ന്. സജിച്ചേട്ടന്‍ തീരുമാനിച്ചത് തെറ്റിയില്ലെന്ന് തോന്നുന്നു.

അഭിമന്യുവിന്റെ കഥാപാത്രം ചെയ്യുമ്പോള്‍ എക്‌സൈറ്റ്‌മെന്റാണോ അതോ ടെന്‍ഷനാണോ. എങ്ങനെയായിരുന്നു ആ എക്‌സീപിരിയന്‍സ്?

എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. കേരളം ഈയടുത്തായി ഇത്രത്തോളം ചര്‍ച്ച ചെയ്ത ഒരു വ്യക്തിയാണ് അഭിമന്യു. കേരളത്തിലെ എല്ലാവര്‍ക്കും അഭിമന്യുവിനെക്കുറിച്ച് അറിയാം. അങ്ങനെയൊരു ക്യാരക്ടര്‍ ചെയ്യുമ്പോള്‍ സ്വാഭാവികമായും എക്‌സൈറ്റ്‌മെന്റ് ഉണ്ടാകും. കുറച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ, അഭിമന്യുവിനെ മനസിലാക്കാന്‍ ശ്രമിച്ചു. ക്യാരക്ടര്‍ ചെയ്യുമ്പോള്‍ എളുപ്പത്തിനായി. അത് ഗുണം ചെയ്തു. അഭിമന്യു ആകുമ്പോളും അതേപടി പകര്‍ത്തലല്ലല്ലോ.അങ്ങനെ കുറച്ച് എഫേര്‍ട്ട്‌സ് എന്റെ ഭാഗത്ത് നിന്നും എടുത്തിരുന്നു.

അഭിമന്യു

അഭിമന്യുവിനെ അറിയാനുള്ള ശ്രമങ്ങള്‍ എങ്ങനെയായിരുന്നു? അഭിമന്യുവിന്റെ കുടുംബത്തെയൊക്കെ കണ്ടിരുന്നോ?

അഭിമന്യുവിന്റെ നാടായ വട്ടവടയില്‍ തന്നെയായിരുന്നു സിനിമയുടെ ഷൂട്ടിങ്. അഭിമന്യുവിന്റെ വീട്ടില്‍ത്തന്നെയായിരുന്നു ഷൂട്ടിങ്. അഭിമന്യുവിന്റെ അച്ഛനെയും അമ്മയെയുമൊക്കെ കണ്ടു, അവരുമായി സംസാരിച്ചു. കുറേ സമയം ചെലവഴിച്ചു. അത് മാത്രമല്ല, അഭിമന്യുവിന്റെ നാട്ടുകാരുമായും സുഹൃത്തുക്കളുമായുമൊക്കെ സംസാരിച്ചു. വട്ടവടയിലെ ആളുകള്‍ക്കൊക്കെ അഭിമന്യുവിനെക്കുറിച്ച് പറയാനുണ്ടായിരുന്നു. പിന്നെ വട്ടവട ഒരു പ്രത്യേക സ്ഥലാണ്. അവിടുത്തെ ആള്‍ക്കാരൊക്കെ അത്ര പാവങ്ങളാണ്, നിഷ്‌കളങ്കരാണ്. കേരളത്തിലാണെങ്കിലും ഒരു തമിഴ്‌നാടന്‍ ടച്ചാണ്. എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും ചെറിയ ചെറിയ സന്തോഷങ്ങള്‍ അവര്‍ക്ക് വലുതാണ്.

ഓരോ വട്ടവടക്കാരനില്‍ നിന്നും അഭിമന്യുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടി. അവരിലെല്ലാം ഓരോ അഭിമന്യു ഉണ്ടെന്നാണ് എനിക്ക് തോന്നിയത്. ഇങ്ങനെയൊക്കെയാണ് അഭിമന്യുവായത്.

മുന്നിലുള്ള വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു? നേരത്തെ പറഞ്ഞ പോലെ കേരളത്തില്‍ എല്ലാവര്‍ക്കും അഭിമന്യുവിനെ അറിയാം എന്ന സാഹചര്യത്തില്‍?

ഇതിന്റെ സംവിധായകനായ സജിച്ചേട്ടന്‍ എപ്പോഴും പറയുമായിരുന്നു നമ്മള്‍ അഭിമന്യുവിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയല്ല ചെയ്യാന്‍ പോകുന്നതെന്ന്. അഭിമന്യുവിന്റെ ചലനങ്ങല്‍, നോട്ടങ്ങള്‍, ശൈലികള്‍ ഇതിനെയൊക്കെ അനുകരിക്കലല്ല. അതുപോലെ ആകാന്‍ പാടില്ല. നമ്മള്‍ ഒരു സിനിമയാണ് ചെയ്യുന്നത്. നമ്മള്‍ മനസിലാക്കിയ അഭിമന്യുവിനെയാണ് ആള്‍ക്കാര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നതെന്ന് അദ്ദേഹം പറയുമായിരുന്നു.

ഇതൊരു പാര്‍ട്ടിപ്പടം എന്ന നിലയിലേക്കും മാറരുത്. അതും നിര്‍ബന്ധമായിരുന്നു. ഞങ്ങള്‍ അങ്ങനെയാണ് സിനിമ ചെയ്തതും. അഭിമന്യുവിന്റെ ജീവിതത്തില്‍ പാര്‍ട്ടി ഉള്ളതുകൊണ്ട് നമുക്ക് പാര്‍ട്ടിയെ പരാമര്‍ശിക്കാതെ കടന്നുപോകാനും പറ്റില്ല. എന്നാല്‍ പാര്‍ട്ടി വികാരം ഉണര്‍ത്തുക എന്നൊരു തലത്തിലേക്ക് പടത്തെ മാറ്റാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. അതിന് വലിയ സാധ്യതയുണ്ട്. പക്ഷേ, അതില്‍ നിന്ന് മാറി നിന്നു.

അഭിമന്യുവെന്ന ആശയത്തിന് കോട്ടം തട്ടാതെ, അതില്‍ ഭംഗം വരുത്താതെ ചെയ്യുകയെന്നതായിരുന്നു ബുദ്ധിമുട്ട്. പിന്നെ സിനിമ ഇറങ്ങുന്നതിനെക്കുറിച്ചും ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്തെങ്കിലും മാറിപ്പോയാല്‍ ആള്‍ക്കാര്‍ പറയില്ലേ ഞങ്ങളുടെ അഭിമന്യു ഇങ്ങനെയല്ലെന്ന്. അതോര്‍ത്ത് ടെന്‍ഷനടിച്ചു. പക്ഷേ, നല്ല അഭിപ്രായമാണ് വന്നത്.

2012ല്‍ ബെസ്റ്റ് ചൈല്‍ഡ് ആര്‍ട്ടിസ്റ്റിനുള്ള ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡുമൊക്കെ വാങ്ങിയിരുന്നു. പിന്നീട് ഇതുവരെയും അങ്ങനെ ധാരാളംസിനിമകളിലൊന്നും കണ്ടില്ല. വളരെ കുറച്ച് സിനിമകള്‍ മാത്രം. അതെന്തേ? സെലക്ടീവായതാണോ?

ഏയ്. ഞാന്‍ അങ്ങനെ സെലക്ടീവായതൊന്നുമല്ല. എന്നെത്തേടി വന്ന സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. എനിക്ക് അങ്ങനെ ധാരാളം സിനിമകളൊന്നും വന്നിട്ടില്ലെന്നതാണ് സത്യം. വന്നിരുന്നേല്‍ ചെയ്‌തേനേ. ഇപ്പോ ചെയ്തതൊക്കെയും എന്നെത്തേടി വന്നതാണ്. എന്നെ സമീപിച്ച സിനിമകളൊക്കെ ഞാന്‍ ചെയ്തു. സിനിമകള്‍ സെലക്ട് ചെയ്യുന്ന തരത്തിലുള്ള വലിയ നടനായെന്ന് എനിക്ക് തോന്നിയിട്ടില്ല.

എന്റെ മുന്നില്‍ നാലഞ്ച് പടമൊന്നും ഒരുമിച്ച് വന്ന് നിന്നിട്ടില്ല. എനിക്ക് ചെയ്യണമെന്നാഗ്രഹമുള്ള കുറച്ച് സിനിമകളുണ്ട്. അങ്ങനെയുള്ള സിനിമകളുടെ ഭാഗമാകണമെന്നാണ് ആഗ്രഹം, അങ്ങനെത്തെ ഒരു നിലയിലെത്തിയാല്‍ പിന്നെ അങ്ങനെത്തെ സിനിമകള്‍ മാത്രം ചെയ്താല്‍ മതിയെന്നാണ് മനസിലുള്ളത്. വരുമോ ഇല്ലയോ എന്നറിയില്ല.

നാന്‍ പെറ്റ മകന്‍ പോസ്റ്റര്‍
അഭിനേതാവാണ്, അതിലുമുപരി നല്ല ആര്‍ട്ടിസ്റ്റാണ്. എക്‌സിബിഷനുകളൊക്കെ നടക്കുന്നുണ്ടല്ലോ?

വര എന്നത് എന്റെ ഏറ്റവും വലിയ സേഫ് സോണാണ്, സിനിമ എനിക്ക് ഇഷ്ടമാണ്. പക്ഷേ സിനിമ എന്റെ കയ്യിലല്ല. നല്ല സിനിമകള്‍ വന്നാല്‍ മാത്രമേ അത് ചെയ്യാന്‍ പറ്റൂ. ഞാനിപ്പോ ഒരു സിനിമ ചെയ്ത് കളയാമെന്ന് വിചാരിച്ചാല്‍ സിനിമയുണ്ടാകില്ല. പക്ഷേ വര അങ്ങനെയല്ല. ഞാന്‍ വിചാരിച്ചാല്‍ എന്റെ മുന്നില്‍ അത് ഉണ്ട്. വരയില്‍ ഞാന്‍ കോണ്‍ഫിഡന്റാണ്. എന്റെ ചെലവുകള്‍, വീടിന്റെ വാടക വരെ അടച്ചുപോകുന്നത് എന്റെ വര കൊണ്ടാണ്. എന്റെ ലൈഫിനെ ഞാന്‍ ബാലന്‍സ് ചെയ്യുന്നത് വര കൊണ്ടാണ്. സിനിമ എനിക്ക് ആ രീതിയില്‍ എത്തിയിട്ടില്ല. ഞാനിപ്പോഴും സ്ട്രഗിളിന്റെ കാലത്താണ്. എനിക്കങ്ങനെ ധാരാളം സിനിമകള്‍ ചെയ്യണമെന്നൊന്നുമല്ല, നല്ലത് ചെയ്യുക. ഹാപ്പിയായിട്ട് ഇരിക്കുകയെന്നതാണ്.

സിനിമയോ വരയോ?

സിനിമയ്ക്കും വരയ്ക്കും ഇടയില്‍ ഒരെണ്ണത്തിനെ സെലക്ട് ചെയ്യേണ്ട ആവശ്യം എനിക്ക് വരുന്നില്ല. സിനിമ ചെയ്യുമ്പോ തന്നെ വരയ്ക്കാം. എന്നെ സംബന്ധിച്ച് എന്റെ ചെറുപ്പം മുതലേ ആഗ്രഹം വരയ്ക്കാനായിരുന്നു. സിനിമ യാദൃശ്ചികമായി എത്തിപ്പെട്ടതാണ്. ഞാനൊരു സിനിമാമോഹിയൊന്നും ആയിരുന്നില്ല,. വര എന്നും എന്റെയൊപ്പം ഉണ്ടായിരുന്നു, ഉണ്ട്.

ആദ്യത്തെ സിനിമയിലേക്കെത്തിയത് എങ്ങനെയാണ്?

101 ചോദ്യങ്ങളാണ് എന്റെ ആദ്യ സിനിമ. അതുവരെ ഞാനൊരു സിനിമാമോഹിയൊന്നുമായിരുന്നില്ല. പിന്നീടാണ് ഞാന്‍ സിനിമയെ സ്‌നേഹിച്ചത്. അറിയാന്‍ ശ്രമിച്ചത്. സിനിമയിലേക്ക് എത്തിയത് സിദ്ധാര്‍ഥ് ശിവ വഴിയാണ്. എന്റെ അച്ഛന് സിദ്ധാര്‍ത്തേട്ടന്റെ അച്ഛനുമായി പരിചയമുണ്ട്. ശിവപ്രസാദ് സര്‍. ഇടയ്ക്ക് ഒരു വര്‍ക്കിനിടയില്‍ സിദ്ധാര്‍ത്തേട്ടനെ കണ്ടു, പരിചയപ്പെട്ടു. പിന്നീട് ചേട്ടന്‍ വീട്ടില്‍ വരുമായിരുന്നു. എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. കുട്ടികളുടെ മനസറിയുന്ന ഒരാളാണ് അദ്ദേഹം. അദ്ദേഹം എവിടെ വിളിച്ചാലും ഞാന്‍ പോകും, അതിനി സിനിമ ചെയ്യാനായാലും, അപ്പുറത്ത് ക്രിക്കറ്റ് കളിക്കാനായാലും. അങ്ങനെയാണ് 101 ചോദ്യങ്ങളിലേക്ക് എത്തിയത്. ചേട്ടന്‍ വിളിച്ചു, ഞാന്‍ പോയി. പിന്നീടാണ് അവാര്‍ഡൊക്കെ കിട്ടിയത്. കുറച്ചുകൂടെ സിനിമകള്‍ ചെയ്തത്.

ഇപ്പോള്‍ നായകനല്ലേ. ഇതിന് ശേഷം കഥ പറയാനൊക്കെയായി ആളുകള്‍ സമീപിക്കുന്നില്ലേ?

സിനിമയെപ്പറ്റി ധാരാളം പേര്‍ വിളിച്ച് നല്ല റിവ്യൂസ് പറയുന്നുണ്ട്. അഭിനയത്തെപ്പറ്റിയും പറയുന്നുണ്ട്. കഥ പറയാനായോ അല്ലെങ്കില്‍ സിനിമ ചെയ്യണമെന്ന് പറഞ്ഞോ വിളിക്കുന്നവര്‍ ഇപ്പോഴും കുറവാണ്. എനിക്കിപ്പോ കൂടുതല്‍ വിളികളും വരുന്നത് അഭിമന്യുവിനെ നന്നായി ചെയ്തു എന്ന് പറഞ്ഞാണ്.

ഇപ്പോള്‍ എന്റെ മുന്നിലുള്ളത് സിദ്ധാര്‍ഥ് ചേട്ടന്റെ അച്ഛന്‍ ശിവപ്രസാദ് സാറിന്റെ സിനിമയാണ്. എനിക്ക് അദ്ദേഹത്തിന്റെ കൂടെയൊക്കെ വര്‍ക്ക് ചെയ്യാനിഷ്ടമാണ്. വലിയ ചര്‍ച്ചകളൊന്നും ആയിട്ടില്ല. ഇനിയേ അതില്‍ തീരുമാനമുണ്ടാകൂ. എനിക്ക് ഇഷ്ടമുള്ളവരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. അങ്ങനെയുള്ളോര്‍ക്കൊപ്പമിരിക്കാനും അവരുടെയൊപ്പം വര്‍ക്ക് ചെയ്യാനുമേ ഇഷ്ടമുള്ളൂ.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More