സ്വയംഭോഗത്തെക്കുറിച്ചും നമ്മള്‍ സംസാരിക്കേണ്ടതുണ്ട്: ശ്രീലക്ഷ്മി അറയ്ക്കല്‍

സമൂഹമതില്‍ക്കെട്ടുകള്‍ തകര്‍ത്തു കൊണ്ട് സ്ത്രീ സ്വയംഭോഗത്തെക്കുറിച്ചെഴുതി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ സാമൂഹ്യ പ്രവര്‍ത്തക ശ്രീലക്ഷ്മി അറയ്ക്കല്‍ അമല്‍ജിത് മോഹനുമായി സംസാരിക്കുന്നു.

ശ്രീലക്ഷ്മി അറയ്ക്കല്‍, സ്വയംഭോഗം സ്ത്രീക്ക് അസാധാരണമാണെന്ന് തോന്നുന്നുണ്ടോ?

ഇത് തികച്ചും സാധാരണമായ ഒരു കാര്യമാണ്. വലിയൊരു പാപമായാണ് സ്വയംഭോഗത്തെ മതങ്ങളും മറ്റും ചിത്രീകരിച്ചു വച്ചിരിക്കുന്നത്. ആദ്യം എന്നെ സംബന്ധിച്ചിടത്തോളവും ഇങ്ങനെയെല്ലാം തന്നെയായിരുന്നു. പിന്നീട് മറ്റുള്ളവരുമായുള്ള ഇടപഴകലാണ് ആ ധാരണ പാടേ മാറ്റിയത്. സ്വയംഭോഗത്തെക്കുറിച്ചും നമ്മള്‍ സംസാരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇതുവരെ ഒരസാധാരണത്വം തോന്നിയിട്ടേ ഇല്ല.

സാമൂഹ്യ സഭ്യതകള്‍ ഭേദിക്കപ്പെടുകതന്നെ വേണമെന്ന് കരുതുന്നുവോ?

ചില സാമൂഹ്യ സ്ഥാപനങ്ങളില്‍ ഈ സഭ്യത പാലിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരായി വന്നേക്കാം. പക്ഷേ സ്വകാര്യ ജീവിതത്തിലേക്ക് വരുമ്പോള്‍ ഇത്തരം സഭ്യതകളുടെ റിഫ്‌ളക്ഷന്‍ ഒരു മുഖംമൂടിയായി മാറിയേക്കാം. അല്ലെങ്കില്‍ നമ്മുടെ വ്യക്തി വികാരങ്ങള്‍ പോലും പ്രകടിപ്പിക്കാന്‍ പറ്റാതാകില്ലേ. സമൂഹം കല്‍പ്പിച്ച മതില്‍ കെട്ടുകളെ പൊട്ടിച്ച് ചിരിക്കുകയും കരയുകയും എല്ലാം ചെയ്യണം. അവിടെ സാമൂഹ്യ സഭ്യതക്ക് യാതൊരു പ്രസക്തിയുമില്ല.

Advt: Kerala PSC Online Coaching: Visit www.theRevision.co.in

സുരക്ഷിതമല്ലാത്ത സൈബര്‍ ഇടത്തില്‍ പോലും എന്തുകൊണ്ടാണ് സ്വന്തമായൊരിടം കണ്ടെത്താന്‍ ശ്രമിക്കുന്നത്?

പെണ്ണായി പിറന്നു കഴിഞ്ഞാല്‍ തന്നെ സുരക്ഷിതത്വം വിദൂരസ്വപ്നമല്ലേ. ഈ സമൂഹത്തില്‍ ആണ് അല്ലാതെ മറ്റേത് ലിംഗ, ലൈംഗികന്യൂനപക്ഷങ്ങളാണ് സുരക്ഷിതരായിട്ടുള്ളത്. അതിനാല്‍ തന്നെയാണ് ഈ സുരക്ഷിതത്വമില്ലായ്മ ചര്‍ച്ചചെയ്യാന്‍ സൈബര്‍ ഇടം തിരഞ്ഞെടുത്തതും. നമ്മുടെ കാര്യങ്ങള്‍ പറയാന്‍ നമ്മളല്ലാതെ മറ്റാരുമില്ലല്ലോ. അതുകൊണ്ടുതന്നെ സുരക്ഷിതത്വം ഇല്ലാത്ത ഒരിടത്ത് സുരക്ഷിതത്വം കണ്ടെത്താന്‍ നടത്തുന്ന പോരാട്ടങ്ങളാണിതെല്ലാം.

ശ്രീലക്ഷ്മി അറയ്ക്കല്‍

തുറന്നെഴുതുകളോടുള്ള സാമൂഹ്യമനോഭാവത്തെ എങ്ങനെ നോക്കിക്കാണുന്നത്?

തുറന്നെഴുത്തുകള്‍ക്ക് എന്തിനാണ് സമൂഹം ഇത്ര പ്രാധാന്യം കല്‍പ്പിക്കുന്നത് എന്നെനിക്കറിയില്ല. ഒരു കൂട്ടത്തെ ചില കാര്യങ്ങള്‍ സംസാരിക്കാന്‍ പോലും വിലക്കിവച്ചിരിക്കുമ്പോള്‍ മറ്റുള്ളവര്‍ അതിനെ പറ്റി പറയുമ്പോഴാണല്ലോ ഇത്തരം വാക്കുകള്‍ പോലും ഉണ്ടാകുന്നത്. ഒരു തുറന്നുപറച്ചിലുകളും പ്രഥമമായി വിപ്ലവം സൃഷ്ടിക്കില്ലെങ്കിലും കാലക്രമേണ അതില്‍ മാറ്റമുണ്ടാകുമെന്ന് കരുതുന്നു.

ലൈംഗികതയും ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ് എന്ന വാദം എങ്ങനെയാണ് പ്രവര്‍ത്തികമാക്കാനാവുക?

കൂടുതലായി സംസാരിക്കുക എന്നുള്ളത് മാത്രമാണ് അതിനുള്ള ഏക പോംവഴി. ഒരുപാട് മിഥ്യാധാരണകള്‍ സമൂഹത്തില്‍ ലൈംഗികതയെപ്പറ്റി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുകയും ശരിയായ രീതിയില്‍ സംസാരിക്കുകയും ചെയ്യുകയാണ് നമ്മള്‍ ചെയ്യേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

സ്വയം തിരിച്ചറിവുകളുടെ അളവുകോലായുള്ള ജീവിതത്തിലെ ഘടകം ഏതാണ്?

വളര്‍ന്നുവന്ന ചുറ്റുപാടുകള്‍ സാഹചര്യങ്ങള്‍ കണ്ടുമുട്ടുന്ന മനുഷ്യര്‍ സൗഹൃദങ്ങള്‍ പുസ്തകങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഒരാളുടെ ചിന്താഗതിയെ സ്വാധീനിക്കുന്നവയാണ്. ഇവയെല്ലാം മറ്റേതൊരാളെപ്പോലെയും എന്നെയും സ്വാധീനിച്ചിട്ടുണ്ട്. കൂടാതെ പ്രതികൂല സാഹചര്യങ്ങളും ജീവിതത്തെ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ കൂടുതല്‍ കരുത്തോടെ ജീവിക്കാന്‍ സാധിക്കുന്നു.

(നിയമ ബിരുദ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More