നോ പറയാന്‍ പറ്റാത്ത എന്തെങ്കിലും റോള്‍ വന്നാല്‍ അഭിനയിക്കാം: സിന്ധു കൃഷ്ണകുമാര്‍

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താര കുടുംബമാണ് സിനിമാനടന്‍ കൃഷ്ണ കുമാറിന്റേത്. ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ ട്രെന്‍ഡിംഗ് ഫാമിലി. ഇവരില്‍ ഏറ്റവും ഫാന്‍സ് ഉള്ളതോ. സൂപ്പര്‍ മമ്മയ്ക്കാണ്. സിന്ധു കൃഷ്ണകുമാര്‍. താരം അഹാനയുടെ അമ്മ. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണകുമാറും അവരുടെ നാല് പെണ്‍മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബത്തിലെ വിശേഷങ്ങള്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. കൃഷ്ണകുമാര്‍, സിന്ധു കൃഷ്ണ കുമാര്‍, മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക തുടങ്ങി കുടുംബത്തിലെ എല്ലാവര്‍ക്കും യുട്യൂബ് ചാനലും ഉണ്ട്. ഇവയിലെ വീഡിയോകളെല്ലാം വൈറലുമാണ്. വൈറല്‍ കുടുംബത്തിന്റെ വിശേഷങ്ങള്‍ അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി പങ്കുവെക്കുകയാണ് സിന്ധു കൃഷ്ണകുമാര്‍.

ഒരു വൈറല്‍ ഫാമിലി

ഈ ലോക്ക്ഡൗണ്‍ സമയത്തിന് മുമ്പേ ഞങ്ങളെല്ലാവരും സോഷ്യല്‍മീഡിയയില്‍ ആക്ടീവായിരുന്നു. എപ്പോഴും ആക്ടീവാണ്. ഇടയ്ക്കിടയ്ക്ക് അഭിമുഖങ്ങള്‍ എടുക്കാന്‍ മീഡിയക്കാരൊക്കെ വരും. മാഗസിന്‍ കവറുകള്‍ക്കായി ഫോട്ടോഷൂട്ട് ഉണ്ടാകാറുണ്ട്. ഇതിലൊന്നും വളരെ എക്സൈറ്റഡ് ആകുന്ന കൂട്ടരും ആയിരുന്നില്ല ഞങ്ങള്‍.

ഓണമൊക്കെ വരുമ്പോള്‍ ചാനലുകാരൊക്കെ ഇന്റര്‍വ്യൂ ചോദിക്കാറുണ്ട്. ഞങ്ങള്‍ ചിലപ്പോഴൊക്കെ നോ പറഞ്ഞിട്ടുമുണ്ട്. എക്സ്ട്രാ അറ്റന്‍ഷനൊന്നും താത്പര്യമില്ലാത്തവരാണ് ഞങ്ങള്‍. പിന്നെ കുട്ടികളായാലും ഞാനും കൃഷ്ണകുമാറുമായാലും സോഷ്യല്‍മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഞങ്ങളുടെ ഫോട്ടോസൊക്കെ ഇടാറുണ്ട്. അതിനൊക്കെ വളരെ നല്ല റെസ്പോണ്‍സ് കിട്ടാറുണ്ട്, അതൊക്കെ കാണുമ്പോള്‍ വലിയ സന്തോഷമാണ്. അല്ലാതെ പ്രത്യേകിച്ച് ഇപ്പോള്‍ എന്താ പറയുക.

യുട്യൂബിലെ ഹിറ്റ് വ്ളോഗര്‍

യുട്യൂബിലൊക്കെ ട്രെന്‍ഡിംഗ് എന്നൊക്കെ സംഭവങ്ങളുണ്ടെന്ന് ഞാന്‍ അറിയുന്നത് തന്നെ ഈയടുത്താണ്. അതിനെക്കുറിച്ചൊന്നും എനിക്ക് അറിയില്ലായിരുന്നു. സത്യത്തില്‍ എനിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു യുട്യൂബ് ചാനല്‍ ഉണ്ടായിരുന്നു. ഹന്‍സിക കുഞ്ഞായിരുന്നപ്പോള്‍ സ്‌കൂളില്‍ ഡ്രാമ ഉണ്ടായിരുന്നു.

അന്ന് ഈ പ്രോഗ്രാം ഞാന്‍ ക്യാമറയില്‍ ഷൂട്ട് ചെയ്തിരുന്നു. അത് വലിയ ഫയല്‍ ആയിരുന്നത് കൊണ്ട് കൂടെയുണ്ടായിരുന്ന കുട്ടികള്‍ക്കൊന്നും ഫോണില്‍ സെന്‍ഡ് ചെയ്യാന്‍ പറ്റില്ലായിരുന്നു. അപ്പോള്‍ എല്ലാവര്‍ക്കും കാണാന്‍ എളുപ്പത്തിന് വേണ്ടിയാണ് യുട്യൂബ് ചാനല്‍ തുടങ്ങിയത്.

അന്ന് എന്താ ചെയ്തതെന്നൊന്നും ഓര്‍മ്മയില്ല. അന്ന് ആ വീഡിയോ ഇട്ടു. അത് അങ്ങ് മറന്നു പിന്നീട്. ഇപ്പോള്‍ കുട്ടികള്‍ ചാനല്‍ തുടങ്ങി. പതിയെ ഞാനും തുടങ്ങി ഒരു രസത്തിന്.

നോ പറയാന്‍ പറ്റാത്ത എന്തെങ്കിലും റോള്‍ വന്നാല്‍ അഭിനയിക്കാം: സിന്ധു കൃഷ്ണകുമാര്‍ 1
സിന്ധു കൃഷ്ണകുമാര്‍

ട്രെന്‍ഡിംഗ് മമ്മീ, ട്രെന്‍ഡിംഗ് ഫാമിലി

നേരത്തെ പറഞ്ഞതുപോലെ ഇപ്പോഴാണ് ട്രെന്‍ഡിംഗ് എന്നൊക്കെ ഉണ്ടെന്ന് ഞാന്‍ അറിയുന്നത്. ഇതിന് മുമ്പ് ഞങ്ങള്‍ കുട്ടികളുടെ ഡാന്‍സ് വീഡിയോകള്‍ ഇട്ടിട്ടുണ്ട്. പക്ഷേ അതൊക്കെ ട്രെന്‍ഡിംഗ് ആയോയെന്നൊന്നും അറിയില്ല, അതൊന്നും നോക്കിയിട്ടില്ല.

ചിലപ്പോള്‍ ആയിരുന്നിരിക്കാം, ഞങ്ങള്‍ അത് ശ്രദ്ധിച്ചിട്ടില്ല. ഇപ്പോള്‍ ചിലപ്പോള്‍ നോക്കുമ്പോള്‍ കുട്ടികളുടെയെല്ലാം വീഡിയോസ് ട്രെന്‍ഡിംഗില്‍ അടുത്തടുത്ത് കിടക്കുന്നത് കാണാം. നമ്മള്‍ സംസാരിക്കുന്നത് കേള്‍ക്കാനൊക്കെ എല്ലാവര്‍ക്കും ഇഷ്ടമാണ്, അവര്‍ നമ്മളെ സ്വീകരിക്കുന്നു എന്നൊക്കെ അറിയുമ്പോള്‍ എനിക്ക് സന്തോഷമാണ്.

കോണ്‍ഫിഡന്‍സിന്റെ രഹസ്യം

അതൊരു വലിയ കഥയാണ്. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനും കൃഷ്ണകുമാറും ഒരുമിച്ച് സൂര്യ ടിവിയില്‍ ഒരു പ്രോഗ്രാം ഒരുമിച്ച് അവതരിപ്പിച്ചിട്ടുണ്ട്. കുറേ ശ്രദ്ധ നേടിയതായിരുന്നു അത്. അതിന് മുമ്പ് വരെ ഞാന്‍ സീരിയലൊക്കെ ചെയ്തിട്ടുണ്ട് എന്നല്ലാതെ സംസാരിച്ച് ആളുകളെ കണ്‍വിന്‍സ് ചെയ്യാന്‍ പറ്റുമെന്നൊന്നും തോന്നിയിരുന്നില്ല.

കൃഷ്ണകുമാര്‍ ഉണ്ടല്ലോ എന്നൊരു ധാരണയിലാണ് അന്ന് ഞാന്‍ പോയത്. പുള്ളി എന്തായാലും ധാരാളം സംസാരിക്കും, ഞാന്‍ ഒരു സൈഡില്‍ ചിരിച്ചുകൊണ്ടിരുന്നാല്‍ മതിയാകുമെന്ന് കരുതി. പക്ഷേ ചെയ്ത് തുടങ്ങിയപ്പോള്‍ എനിക്ക് മനസിലായി എന്നെക്കൊണ്ട് ഇത് കഴിയുമെന്ന്. പിന്നീട് കൃഷ്ണകുമാര്‍ ഷൂട്ടിനൊക്കെ പോകുമ്പോള്‍ ഞാന്‍ അഭിമുഖം എടുക്കാന്‍ തുടങ്ങി.

ഒന്നും പ്രത്യേകിച്ച് എഴുതിവെക്കാതെ സംസാരിക്കാനൊക്കെ പറ്റുമെന്ന് മനസിലായി. ഞാന്‍ പഠിച്ചത് പുറത്താണ്, ഡിഗ്രി മാത്രമാണ് നാട്ടില്‍ ചെയ്തത്. അതും ഇംഗ്ലീഷ് ലിറ്ററേച്ചര്‍. അതുകൊണ്ട്, എന്റെ മലയാളത്തെക്കുറിച്ച് എനിക്ക് പേടിയുണ്ടായിരുന്നു. ബുദ്ധിമുട്ടുള്ള വാക്കുകള്‍ കറക്ടായി വരുമോയെന്ന്. ചിലപ്പോള്‍ ഇംഗ്ലീഷാകും എനിക്കപ്പോള്‍ വരിക. ഞാന്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ അഭിമുഖം എടുത്തിട്ടുണ്ട്.

അന്നെനിക്ക് പേടിയായിരുന്നു, ദൈവമേ നല്ല വാക്കുകള്‍ വരുമോയെന്ന് പ്രാര്‍ഥിക്കുമായിരുന്നു. കൃഷ്ണകുമാറിന് വളരെ എളുപ്പമാണ് അങ്ങനെ വാക്കുകള്‍ വരും. എനിക്ക് അങ്ങനെയായിരുന്നില്ല. പക്ഷേ പതിയെ ഞാനും ഓക്കെയായി. അങ്ങനെയാണ് സംസാരിക്കുമ്പോള്‍ ഒരു കോണ്‍ഫിഡന്‍സൊക്കെ വന്ന് തുടങ്ങിയത്. അങ്ങനെ ഇപ്പോഴിതാ യുട്യൂബിലെത്തി നില്‍ക്കുന്നു.

ഞാന്‍ യുട്യൂബ് വീഡിയോകള്‍ കാണുന്നവരുടെ പ്രായമൊക്കെ നോക്കിയപ്പോള്‍ യങ്സ്റ്റേഴ്സ് ആയവരാണ് എന്റെ വീഡിയോകള്‍ കാണുന്നതെന്ന് മനസിലാക്കി. ചിലപ്പോള്‍ പലര്‍ക്കും അവരുടെ അമ്മമാരെയൊക്കെപ്പോലെ തോന്നുന്നുണ്ടാകും.

ക്യൂ ആന്‍ഡ് എ

ഞാന്‍ ആദ്യമിട്ടത് കുക്കിംഗ് വീഡിയോ ഒക്കെയായിരുന്നു. പിന്നീടാണ് ക്യൂ ആന്‍ഡ് എ ചെയ്യാമെന്ന് കരുതിയത്. ഞാന്‍ അങ്ങനെ ഇന്‍സ്റ്റഗ്രാമില്‍ ചോദ്യങ്ങള്‍ ചോദിച്ചോളൂവെന്ന് സ്റ്റോറി ഇട്ടു. ഞാനൊട്ടും പ്രതീക്ഷിക്കാത്ത റെസ്പോണ്‍സാണ് അതിന് കിട്ടിയത്. ഒരു അമ്പതിനായിരം ചോദ്യങ്ങളെങ്കിലും വന്നിട്ടുണ്ടാകും.

ഞാന്‍ കരുതിയത് ഒരു അമ്പത് ചോദ്യം കാണും, അതില്‍ പത്തിരുപതെണ്ണം എടുക്കാമെന്നാണ്. അങ്ങനെയിരുന്നപ്പോഴാണ് എനിക്കൊരു കൊളാബ്രേഷന്‍ ഫോട്ടോഷൂട്ട് വന്നത്. അതിന് റെഡിയായപ്പോള്‍ എനിക്കെന്നെ ഇഷ്ടമായി.

അങ്ങനെ പെട്ടെന്ന് എടുത്തതാണ് വീഡിയോ. അന്ന് രാത്രി അഹാനയ്ക്ക് മ്യൂസിക് വീഡിയോ ഷൂട്ട് ഉണ്ടായിരുന്നു, അതിന് മുമ്പ് ഷൂട്ട് ചെയ്യാമെന്ന് വെച്ച് ചെയ്തതാണ്. ഏഴോ എട്ടോ ചോദ്യം പറഞ്ഞപ്പോഴേക്ക് നീണ്ടുപോയി. അന്നങ്ങനെ പെട്ടെന്ന് നിര്‍ത്തിയതാണ്. ഇനിയും കുറേ പറയാനുണ്ടായിരുന്നു.

നമുക്ക് നമ്മുടെ കുട്ടികള്‍ എപ്പോഴും സ്പെഷ്യല്‍ അല്ലേ. അവരെ വളര്‍ത്തുന്ന ഓരോ സ്റ്റേജും സ്പെഷ്യല്‍ അല്ലേ. ഏതൊരു ചെറിയകാര്യവും എനിക്ക് വലുതാണ്. ഞാന്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാറുള്ളത് എന്തെന്നായിരുന്നു ഒരു ചോദ്യം. ഞാന്‍ ഇവരോട് കുറേ കുറേ കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കാറുണ്ട്.

പെണ്‍കുട്ടികളോട് പറയാനുണ്ട് ചിലത്

നമ്മുടെ നാട്ടില്‍ പലരും പറയാറുള്ളത് പെണ്‍കുട്ടിയെ കെട്ടിച്ച് വിട്ടാല്‍ ബാധ്യതയൊഴിഞ്ഞെന്നാണ്. എനിക്കതിനോട് ഒട്ടും യോജിക്കാനാകില്ല. ആരെങ്കിലും അങ്ങനെ ചിന്തിക്കുന്നത് പോലും ആലോചിക്കാനാകില്ല.

കല്യാണം കഴിപ്പിക്കുമ്പോള്‍ എന്ത് കൊടുക്കുമെന്നൊക്കെ ചോദിക്കുന്നവരുണ്ട്. കല്യാണമെന്നത് എന്തോ വില്‍പ്പന പോലെയാണോ. ഇതൊന്നും എനിക്ക് ഉള്‍ക്കൊള്ളാനാവുന്നതല്ല. അധികം പൈസയൊന്നും ഇല്ലാത്ത വീട്ടുകാരാണെങ്കില്‍ കഷ്ടപ്പെടും. വീടൊക്കെ വിറ്റും പണയം വെച്ചും കല്യാണം നടത്തേണ്ട അവസ്ഥയൊക്കെയാകും. അങ്ങനെയുള്ളവരെയൊക്കെ എനിക്കറിയാം.

അതുകൊണ്ട് പെണ്‍കുട്ടികളോട് എനിക്ക് പറയാനുള്ളത്, പഠിച്ച്, നല്ല ജോലി വാങ്ങി സ്വന്തം കാലില്‍ നില്‍ക്കണമെന്നാണ്. നല്ല വിദ്യാഭ്യാസമൊക്കെ കിട്ടിയാല്‍ പെണ്‍കുട്ടികള്‍ക്ക് ബഹുമാനം കിട്ടും, പെണ്‍കുട്ടികള്‍ എപ്പോഴും ഉയര്‍ന്ന് പറക്കേണ്ടവരാണ്.

ഇപ്പോള്‍ ജോലിയുള്ള സ്ത്രീകള്‍ക്കും ബുദ്ധിമുട്ടുണ്ട്. ജോലി ചെയ്യുന്നതിനൊപ്പം അടുക്കളപ്പണികള്‍ നോക്കണം, വൃത്തിയാക്കേണ്ടതെല്ലാം ചെയ്യണം. അതൊക്കെ സ്ത്രീകള്‍ ചെയ്താലേ ശരിയാകൂയെന്നാണ്. എനിക്ക് അതിനോട് താത്പര്യമില്ല. ഇക്വാളിറ്റി വേണം.

പണ്ട് കാലത്താണെങ്കില്‍ കല്യാണമൊക്കെ കഴിഞ്ഞ് എന്തിന്റെയെങ്കിലും പേരില്‍ ഭര്‍ത്താവൊക്കെ മോശമായി പെരുമാറിയാലോ സംസാരിച്ചാലോ കേട്ടോണ്ട് നില്‍ക്കുന്നവരാണ് കൂടുതലും, പക്ഷേ ഇന്ന് അങ്ങനെയല്ല, അവര്‍ക്കതെിരെ എന്തെങ്കിലും ഉണ്ടായാല്‍ അവര്‍ പ്രതികരിക്കും. അങ്ങനെ പ്രതികരിക്കണം പെണ്‍കുട്ടികള്‍.

നോ പറയാന്‍ പറ്റാത്ത എന്തെങ്കിലും റോള്‍ വന്നാല്‍ അഭിനയിക്കാം: സിന്ധു കൃഷ്ണകുമാര്‍ 2

സൈബര്‍ ബുള്ളീയിംഗ്

കുറച്ച് നാള് മുമ്പ് ഞങ്ങള്‍ക്കെതിരെ സൈബര്‍ അറ്റാക്ക് നടന്നു. അത് വല്ലാത്തൊരു അനുഭവമായിപ്പോയി. മനപ്പൂര്‍വം കുറച്ചുപേര്‍ പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയതാണ് അതെന്ന് ബോധ്യമായി ഞങ്ങള്‍ക്ക്. കൃഷ്ണകുമാര്‍ വലിയ സൂപ്പര്‍സ്റ്റാറൊന്നും അല്ലായിരുന്നെങ്കിലും എല്ലാവര്‍ക്കും ഇഷ്ടമുണ്ടായിരുന്നയാളാണ്. 89ല്‍ ന്യൂസ് റീഡറായി വന്നയാളാണ്.

മലയാളികള്‍ക്കെല്ലാം എന്നും കൃഷ്ണകുമാറിനെ ഇഷ്ടമാണ്. സീരിയലിലൊക്കെ അഭിനയിക്കുന്ന സമയത്ത് എല്ലാവര്‍ക്കും വലിയ സ്നേഹമാണ്. മിക്ക മാഗസിനുകളിലും ഞങ്ങളുടെ കുടുംബത്തിന്റെ വിശേഷങ്ങള്‍ വരാറുണ്ട്. കുട്ടികളായപ്പോള്‍ അവരെക്കുറിച്ചും വാര്‍ത്തകളും ഫോട്ടോഷൂട്ടും വരാറുണ്ടായിരുന്നു. സ്‌കൂളിലായപ്പോള്‍ കുട്ടികളെല്ലാവരും ഡാന്‍സിലൊക്കെ പങ്കെടുക്കും.

അവര്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യും. സ്‌കൂളിലൊക്കെ ടീച്ചര്‍മാര്‍ അല്ലേ കുട്ടികളെ സെലക്ട് ചെയ്യുന്നത്. നന്നായി കളിക്കുന്നവരെ അവര്‍ നിര്‍ത്തും. അത് കാലാകാലങ്ങളായി അങ്ങനെയാണ്. അതിന് അങ്ങനെ നില്‍ക്കാന്‍ പറ്റാത്തവര്‍ പറഞ്ഞിട്ട് കാര്യമുണ്ടോ. പൊതുവേ മലയാളികള്‍ക്ക് മറ്റൊരാള്‍ നന്നാവുന്നത് ഇഷ്ടമാകില്ല. ശത്രുത തോന്നുന്നതും ഇങ്ങനെയൊക്കെ ഉണ്ടാവുന്നതും സ്വാഭാവികമാണ്.

മിക്കവരും ഫേക്ക് ഐഡിയില്‍ നിന്നാണ് കമന്റ് ഇടുന്നവരാണ്. എല്ലാവരും എല്ലാവരോടും നല്ല രീതിയില്‍ സംസാരിച്ചെങ്കിലെന്ന് ഞാന്‍ ചിലപ്പോള്‍ ആഗ്രഹിക്കാറുണ്ട്. ഇങ്ങനെയുള്ളവരോട് എനിക്ക് എംപതി തോന്നാറുണ്ട്. നല്ല മനസുള്ള ആരെങ്കിലും ആരുടെയെങ്കിലും ഫോട്ടോയ്ക്ക് താഴെ പോയി തെറി പറയുമോ. ആളുകള്‍ നല്ല മനസുള്ളവരായി മാറിയെങ്കില്‍. ഞാനങ്ങനെ ചിന്തിക്കാറുണ്ട്.

നമുക്കെതിരെ ചെറിയ പ്രശ്നമുണ്ടാകുമ്പോള്‍ പണ്ട് അങ്ങനെ, ഇങ്ങനെയെന്ന് കഥകള്‍ പറയലാണ് ചിലര്‍. ഇതൊക്കെ വന്നപ്പോഴാണ് ചില കാര്യങ്ങള്‍ മനസിലായത്, ഒരു പ്രശ്നമുണ്ടാകുമ്പോള്‍ ആരൊക്കെ നമ്മുടെ കൂടെ നില്‍ക്കുമെന്ന്. നമ്മള്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നമുക്ക് പേടിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ ഇങ്ങനെ വരുന്നതിനെയൊന്നും ഞങ്ങള്‍ കാര്യമായി എടുക്കാറില്ല. അവരെന്തോ ചെയ്യട്ടെ, നമുക്കെന്താ.

നിയമപരമായി നീങ്ങാമായിരുന്നില്ലേ

സൈബര്‍ പൊലീസില്‍ ഞങ്ങള്‍ പരാതി കൊടുത്തിട്ടില്ല, അങ്ങനെ തുടങ്ങിയാല്‍ അതിനേ സമയം കാണു. ഇതിന്റെ പിന്നാലെ നടക്കേണ്ടി വരും പിന്നീട്. നമുക്ക് വേറെ എന്തൊക്കെ ചെയ്യാനുണ്ട്. ഇത് നോക്കി നിന്നാല്‍ അതിനേ സമയം കാണൂ. അതുകൊണ്ടാണ് ഞങ്ങള്‍ നിയമ രീതിയില്‍ മുന്നോട്ട് പോകാഞ്ഞത്. ഞങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ല, അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് പേടിക്കേണ്ടതില്ല.

സിനിമയിലേക്ക് ഓഫറുകള്‍ വരുന്നുണ്ടോ?

വന്ന സമയത്തൊന്നും ചെയ്യാന്‍ പറ്റിയിട്ടില്ല. ഈയടുത്ത് ഒരു തമിഴ് പരസ്യം ചെയ്തിരുന്നു. അപ്പോള്‍ അവിടെ നിന്ന് ഒരു ഓഫര്‍ വന്നിരുന്നു. അന്നെനിക്ക് ചെന്നൈ പോയി നിന്ന് വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരു മാനസികാവസ്ഥ ഉണ്ടായിരുന്നില്ല.

കുട്ടികളെ വിട്ടിട്ട് കുറേ ദിവസത്തേക്കൊക്കെ മാറി നില്‍ക്കാന്‍ എനിക്ക് പറ്റില്ല. എനിക്ക് കരിയര്‍ സെറ്റ് ചെയ്യണമെന്നൊന്നും ഇല്ലായിരുന്നു. എന്റെ കുട്ടികളെ നോക്കണമായിരുന്നു എനിക്ക്. അമ്മയെന്ന രീതിയില്‍ ഞാന്‍ വളരെ ഹാപ്പിയാണ്. പിന്നെ മറ്റൊരു കാര്യം എനിക്കെന്റെ മുഖം സ്‌ക്രീനില്‍ കാണാനും ഇഷ്ടമല്ല, എനിക്ക് ഞാന്‍ മറ്റൊരു ക്യാരക്ടര്‍ ആയി കാണുന്നത് ഇഷ്ടമല്ല.

എന്നെ ഞാനായിട്ട് കാണുന്നതാണ് ഇഷ്ടം. പക്ഷേ എനിക്ക് നോ പറയാന്‍ പറ്റാത്ത എന്തെങ്കിലും റോള്‍ വന്നാല്‍ അഭിനയിക്കാം. കുറച്ച് നാള്‍ മുമ്പ് ഒരു തമിഴ് പ്രോജക്ടില്‍ കൃഷ്ണകുമാറിനൊപ്പം അഭിനയിക്കാന്‍ എന്നെയും വിളിച്ചിരുന്നു. പക്ഷേ അത് മുന്നോട്ട് പോയില്ല. അങ്ങനെയുള്ള ഓഫറൊക്ക വന്നാല്‍ ഒന്ന് നോക്കാം.

ഇത്രയധികം പോസിറ്റിവിറ്റി. ഇത്രയധികം എനര്‍ജി. ഫുള്‍ടൈം ബിസിയല്ലേ. കുറച്ച് കുടുംബവിശേഷങ്ങള്‍

ഞാന്‍ യോഗ ചെയ്യാറുണ്ട്. രാവിലെ ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്യണം. ശരിക്കും കുറേ ജോലിയാണ്.അതൊക്കെ അതൊക്കെ കഴിയുമ്പോള്‍ നല്ല ഹാപ്പി, നല്ല പോസിറ്റിവിറ്റി. ലോക്ക്ഡൗണ്‍ കൂടെ ആയപ്പോള്‍ പറയേണ്ട.

ഞാന്‍ എന്റെ പണിയൊക്കെ കഴിഞ്ഞ് ഉച്ചയ്ക്ക് ടിവിയുടെ മുന്നില്‍ വന്നിരിക്കേണ്ട താമസം, എല്ലാ കുട്ടികളും വന്ന് ഫോട്ടോഷൂട്ട്, വീഡിയോ ഷൂട്ടെന്ന് വന്ന് വിളിക്കും. ഞാന്‍ എടുക്കുന്ന ഫോട്ടോസ് നല്ലതാണെന്ന് പറഞ്ഞുകൊണ്ട് എല്ലാത്തിനും എന്നെ തന്നെ വിളിക്കും.

എന്നെയൊന്ന് വെറുതെ വിടൂവെന്ന് പറഞ്ഞാലും കേള്‍ക്കില്ല. ഹന്‍സു ആണെങ്കില്‍ ഗാര്‍ഡനില്‍ പോകണമെന്ന് പറഞ്ഞ് വിളിയാണ്. എനിക്കും വീഡിയോ ഷൂട്ട് ചെയ്യേണ്ടതാണ്. അഹാന ഇപ്പോള്‍ ഷൂട്ടിലാണ്, ഇവിടെയില്ല, അമ്മു ഉണ്ടായിരുന്നെങ്കില്‍ എനിക്ക് ഷൂട്ട് ചെയ്ത് തന്നേനേ. ഇനി ഞാന്‍ പിള്ളേരുടെ കാല് പിടിക്കണം.

ഞാന്‍ ശരിക്കും നോര്‍മല്‍ ഡേയ്സ് മിസ് ചെയ്യുകയാണ് ഇപ്പോള്‍. അപ്പോഴാണെങ്കില്‍ കുട്ടികള്‍ രാവിലെ സ്‌കൂളിലേക്കും കോളേജിലേക്കും പോകും. എനിക്കും കുറച്ച് എന്റേതായ സമയം കിട്ടിയേനേ. ഒന്ന് റിലാക്സ് ചെയ്യാമായിരുന്നു. ഇപ്പോള്‍ എപ്പോഴും ജോലിയാണ്.

Advt: To Download Kerala PSC Question Bank App Click Here

അഹാനയുമായി പ്രത്യേക ബോണ്ട്‌

അഹാന മാത്രമാണ് എന്നെ സഹായിക്കുന്നത്. ഞാനും അമ്മുവും തമ്മില്‍ ഒരു പ്രത്യേക ബോണ്ടാണ്. ഞങ്ങള്‍ കുറേ സംസാരിക്കാറുണ്ട്. ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കാത്തതിന് ഞാന്‍ ഓസിയെയും ഇഷാനിയെയും വഴക്ക് പറയാറൊക്കെയുണ്ട്.

അമ്മുവാണ് പുറത്ത് പോകുമ്പോള്‍ എന്റെ കൂടെ വരാറുള്ളത്. എനിക്കായി എത്ര നേരം വേണമെങ്കിലും കാത്തുനില്‍ക്കും. ഇഷാനി കുറച്ച് സൈലന്റ് ആണ്, ഓസി ആണായി ജനിക്കേണ്ടതായിരുന്നുവെന്ന് തോന്നാറുണ്ട്, ആളിത്തിരി ഹൈപ്പര്‍ ആണ്. ശുദ്ധ മനസാണ് അവളുടേത്. ഹന്‍സുവാണെങ്കില്‍ ഭയങ്കര സ്നേഹമാണ്. അവള്‍ക്ക് എന്തിനും ഞാന്‍ അടുത്ത് വേണം.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More