ആര്‍ട്ടിസ്റ്റ് സുജാതന്‍: നാടകത്തിന്റെ “ലൊക്കേഷന്‍” നിര്‍മ്മാതാവ്

നാടകാവതരണം സര്‍ഗവ്യാപാരമാകുകയും തപസ്യയാകുകയും ചെയ്ത നാളുകള്‍. ഉച്ചഭാഷിണിയില്ലാതെ വൈദ്യുത ദീപങ്ങളുടെ ഇന്ദ്രജാലമില്ലാതെ ടേപ്പിലൂടെ ഒഴുകിവരുന്ന ശബ്ദകോലാഹലങ്ങളില്ലാതെ നാടകവേദി പ്രവര്‍ത്തിച്ചിരുന്നൊരു കാലം. പരീക്ഷണങ്ങളില്‍ എത്തിനില്‍ക്കുന്ന നമ്മുടെ നാടക രംഗത്ത് പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ച കാലം മുന്നിലും പിന്നിലും കര്‍ട്ടനുകള്‍ കെട്ടി നാടകങ്ങള്‍ നടത്തിയിരുന്നൊരു കാലമുണ്ടായിരുന്നു. കേരളത്തില്‍ പത്തില്‍ താഴെ നാടക സമിതികള്‍ മാത്രമുള്ള കാലത്ത് ആര്‍ട്ടിസ്റ്റ് കേശവനാണ് കഥയ്ക്ക് അനുയോജ്യമായ രംഗപടങ്ങള്‍ ഒരുക്കി തുടങ്ങിയത്. അദ്ദേഹത്തിന്റെ മകന്‍ ആര്‍ട്ടിസ്റ്റ് സുജാതന്‍ കൂടി ആ രംഗത്തേക്ക് വന്നതിനുശേഷം നാടകവേദിയില്‍ മാറ്റത്തിന്റെ ചരിത്രം സൃഷ്ടിക്കപ്പെട്ടു.

സുജാതന് ഈ രംഗത്ത് അമ്പത് വര്‍ഷത്തെ പരിചയമുണ്ട്. രണ്ടായിരത്തോളം നാടകങ്ങള്‍ക്ക് സെറ്റുകള്‍, പ്രാദേശിക നാടകങ്ങള്‍ക്കും ഡാന്‍സിനും മാജിക് പ്രോഗ്രാമിനുമൊക്കെയായി പതിനായിരക്കണക്കിന് കര്‍ട്ടനുകള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്.

കാണികളെ അത്ഭുതപ്പെടുത്തും വിധമാണ് സുജാതന്‍ സെറ്റുകള്‍ ചെയ്യുന്നത്. ഓടുന്ന ബസ്സുകളും ട്രെയിനുകളും കായലിലൂടെ പോകുന്ന വള്ളങ്ങളും കടപ്പുറത്തെ ഹോട്ടലുകളും ഇങ്ങനെ പറഞ്ഞുപോയാല്‍ സിനിമ കാണുംപോലെ നാടകത്തെ കാണുവാന്‍ അദ്ദേഹം സെറ്റുകള്‍ തയ്യാറാക്കുന്നുണ്ട്. മനസ്സില്‍ നിന്നും വിട്ടുമാറാത്ത സെറ്റുകള്‍ തയ്യാറാക്കുന്ന
സുജാതന്‍ രാജശേഖരന്‍ മുതുകുളവുമായി സംസാരിക്കുന്നു.

രംഗശില്‍പ കലയിലേക്ക് താങ്കള്‍ കടന്ന് വന്നത് എങ്ങനെയാണ്?

കേരളത്തിലെ പ്രൊഫഷണല്‍ നാടകവേദിയുടെ ആരംഭകാലം മുതല്‍ പശ്ചാത്തല ദൃശ്യങ്ങള്‍ ഒരുക്കി നാടക ചരിത്രത്തോടൊപ്പം സഞ്ചരിച്ച കലാകാരനായിരുന്നു എന്റെ അച്ഛന്‍ ആര്‍ട്ട്ിസ്റ്റ് കേശവന്‍. എന്റെ ഗുരുവും വഴികാട്ടിയും വിളക്കും വെളിച്ചവുമെല്ലാം എന്റെ അച്ഛനായിരുന്നു. 15 വയസ്സ് ആയപ്പോള്‍ തന്നെ ഞാന്‍ രംഗപടരചനയില്‍ അച്ഛന്റെ സഹായിയായി. ആദ്യകാലത്ത് ഞാന്‍ എന്തെങ്കിലും ചെയ്ത് കഴിയുമ്പോള്‍ കൊള്ളാം എന്ന് അച്ഛന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്കുണ്ടായ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. അച്ഛന് എന്നെക്കുറിച്ചുള്ള മതിപ്പ് കുറയാതിരിക്കാന്‍ ഞാന്‍ കഠിനമായി ശ്രമിക്കുകയും ചെയ്തു.

ഓരോ ഘട്ടത്തിലും അച്ഛന്റെ പ്രോല്‍സാഹനങ്ങള്‍ ഏറ്റുവാങ്ങിയാണ് ഞാന്‍ രംഗ ശില്‍പികളുടെ നിലയില്‍ എത്തിയത്. പഴയകാലത്തെക്കുറിച്ച് ഞാന്‍ ഇപ്പോഴും ഓര്‍ക്കും. മലയാളത്തിലെ ശ്രദ്ധേയരായ ആചാര്യന്മാരോട് അച്ഛന്‍ അടുത്ത് ഇടപഴകുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. അവരില്‍ നിന്നെല്ലാം അകന്ന് ഭയത്തോടും ബഹുമാനത്തോടും ഞാന്‍ നില്‍ക്കുമായിരുന്നു. കെ പി എ സിയുടെ മുറ്റത്തെ മാവിന്‍ ചുവട്ടില്‍ ഇരുന്ന് അച്ഛന്‍ സെറ്റ് വരയ്ക്കുന്നത് കണ്ട് ഈ ജന്മത്തില്‍ എന്നെക്കൊണ്ട് ഇങ്ങനെ ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ ചിന്തിച്ചിരുന്നു.

ക്രമേണ അച്ഛന്‍ വരയ്ക്കുന്ന രൂപരേഖകള്‍ക്ക് നിറം കൊടുക്കുന്ന ജോലി എന്നെക്കൊണ്ട് ചെയ്യിച്ച് തുടങ്ങി. അങ്ങനെ അച്ഛന്‍ എന്നെ രംഗശില്‍പിയാക്കി മാറ്റി.

കുട്ടിക്കാലം മുതലേ അച്ഛന്റെ കൂടെ കര്‍ട്ടന്‍ വര്‍ക്കുകള്‍ ചെയ്ത് തുടങ്ങിയോ?

എന്റെ കുഞ്ഞുനാള്‍ മുതലേ ഞാന്‍ അച്ഛന്റെ കര്‍ട്ടന്‍ വര ഞാന്‍ കാണുന്നുണ്ട്. വീട്ടിലിരുന്നാണ് എല്ലാ കര്‍ട്ടനുകളും അച്ഛന്‍ വരച്ചിരുന്നത്. അച്ഛന്‍ വരച്ചിട്ടുള്ള പലതരം കര്‍ട്ടനുകളെപ്പറ്റി പറഞ്ഞുകേട്ടിട്ടുണ്ട്. ആദ്യമായി അച്ഛന്‍ പതിനാലടി നീളവും എട്ടടി പൊക്കവുമുള്ള കര്‍ട്ടന്‍ തുണി വാങ്ങിവരയ്ക്കുവാന്‍ ബുദ്ധിമുട്ടായതിനാല്‍ പത്രം അടിക്കുമ്പോള്‍ വേസ്റ്റ് വരുന്ന ന്യൂസ് പ്രിന്റുകള്‍ കൂട്ടിയൊട്ടിച്ച് കര്‍ട്ടന്‍ ഉണ്ടാക്കിയിട്ടുണ്ട്. വളവില്ലാത്ത ഒരു മുളയില്‍ അതിന്റെ മുകള്‍ ഭാഗമൊട്ടിച്ച് തൂക്കിയിടുകയും ആവശ്യം കഴിയുമ്പോള്‍ ആ കര്‍ട്ടന്‍ ചുരുട്ടിവയ്ക്കുകയും ചെയ്യുമായിരുന്നു. പ്രാദേശിക നാടകങ്ങള്‍ സജീവമായി. വായനശാല നാടകങ്ങളും ക്ലബ് നാടകങ്ങളും സാധാരണമായി. അവര്‍ക്ക് വാടകയ്ക്ക് കൊടുക്കുന്നതിനായി തുണിയില്‍ കുറച്ച് കര്‍ട്ടനുകള്‍ അച്ഛന്‍ വരച്ചുവച്ചു. സീനറികള്‍, കെട്ടിടങ്ങള്‍, തെരുവുകള്‍ എന്നിങ്ങനെയുള്ള കര്‍ട്ടനുകള്‍ ആയിരുന്നു. നാടകങ്ങള്‍ നടത്തുന്നവര്‍ക്ക് ഓരോ കര്‍ട്ടനും മാറ്റിയിട്ട് നാടകം നടത്താന്‍ കഴിയുമായിരുന്നു. വീടിന്റേയും തെരുവിന്റെയും ദൃശ്യങ്ങള്‍ എല്ലാം നാടകത്തില്‍ കാണിക്കാമായിരുന്നു.

പൊന്‍കുന്നം വര്‍ക്കിയുടെ നാടകങ്ങളുമായി കേരള തിയേറ്റേഴ്‌സ് കോട്ടയത്ത് രൂപം കൊണ്ടു. അതിന് ആവശ്യമായ കര്‍ട്ടനുകള്‍ അച്ഛനാണ് വരച്ചത്. കെ പി എ സി തുടങ്ങിയ പല നാടകസമിതികളും രൂപം കൊണ്ടു. ആദ്യ കാലത്ത് നാടകം ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ നാടകത്തിന് ആവശ്യമായ സജീകരണങ്ങള്‍ ആര്‍ട്ടിസ്റ്റ് കേശവന്റെ കയ്യില്‍ നിന്നും എടുക്കണമായിരുന്നു. അച്ഛന്‍ വരച്ച കര്‍ട്ടന്‍ കെട്ടി നാടകം കളിക്കും. നാടകം കഴിയുമ്പോള്‍ നാടകത്തിന്റെ കാശ് നാടക സമിതിയും കര്‍ട്ടന്റേത് അച്ഛനും വാങ്ങണമായിരുന്നു. പിന്നീട് രംഗശില്‍പം നാടകസമിതിയുടെ തന്നെ ആകുന്നത്. നാടകത്തിന്റെ കഥയുമായി ഇഴുകിച്ചേരുന്ന സെറ്റുകള്‍ കടന്നു വരുന്നത് അച്ഛന്‍ ഈ രംഗത്ത് വന്നതോടെയാണ്.

അച്ഛന്‍ നാടക സമിതിയില്‍ വരച്ച് തുടങ്ങുന്ന കാലത്ത് മലബാര്‍ മുതല്‍ തിരുവനന്തപുരം വരെ പത്തില്‍ താഴെ നാടക സമിതികളെ ഉണ്ടായിരുന്നുള്ളൂ. 12 വയസ്സുള്ളപ്പോള്‍ മുതല്‍ നാടക സ്ഥലങ്ങളില്‍ ഞാനും പോകുമായിരുന്നു. അന്നൊക്കെ ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു നാടകം. 10-ാം ക്ലാസ് കഴിഞ്ഞപ്പോഴാണ് എന്നെ ഒരു സഹായിയായി അച്ഛനോടൊപ്പം കൊണ്ടുപോയിതുടങ്ങി.

ആര്‍ട്ടിസ്റ്റ് സുജാതന്‍: നാടകത്തിന്റെ "ലൊക്കേഷന്‍" നിര്‍മ്മാതാവ് 1
സുജാതന്‍

പല നാടകങ്ങളുടേയും സെറ്റ് ചെയ്യാന്‍ താങ്കള്‍ അച്ഛനെ സഹായിച്ചു. ഏത് നാടകത്തിന്റെ സെറ്റാണ് താങ്കള്‍ ആദ്യമായി തനിയെ ചെയ്യുന്നത്?

പത്തൊമ്പതാമത്തെ വയസ്സില്‍ കോട്ടയും നാഷള്‍ തിയേറ്റേഴ്‌സിന്റെ നിശാഗന്ധിയെന്ന നാടകത്തിന്റെ സെറ്റാണ് ഞാന്‍ ആദ്യമായി തനിയെ ചെയ്യുന്നത്. ട്രെയിനിന്റെ സാന്നിദ്ധ്യം ആ നാടകത്തിന്റെ അത്യാഴശ്യ ഘടകമായിരുന്നു. ട്രെയിന്‍ സ്റ്റേജില്‍ കാണിക്കുവാനും പറ്റില്ലല്ലോ. റെയില്‍ പാളവും സിഗ്നല്‍ പോസ്റ്റും രംഗത്ത് കാണിച്ചു. സിഗ്നല്‍ പോസ്റ്റില്‍ അങ്ങോട്ടുമിങ്ങോട്ടും ഒരു ചൂണ്ടുപലകയുമുണ്ട്. അതില്‍ മഞ്ഞ, പച്ച, ചുവപ്പ് ഗ്ലാസ് പേപ്പര്‍ ഒട്ടിച്ച ഭാഗമുണ്ട്.

പിന്നില്‍ കത്തിച്ചുവച്ചിരിക്കുന്ന മണ്ണെണ്ണ വിളക്കിന് മുന്നില്‍ ഗ്ലാസ് പേപ്പര്‍ ഭാഗം വരുമ്പോള്‍ ഏത് കളറിലെ പേപ്പറാണോ ആ കളറിലെ വെളിച്ചം തെളിയും. ഓരോ സീന്‍ അവസാനിക്കുമ്പോഴും പാളത്തില്‍ ദൂരെ നിന്നും വരുന്ന ട്രെയിനിന്റെ ഹെഡ് ലൈറ്റില്‍ നിന്നുള്ള പ്രകാശം കുറേശെയായി പാളത്തില്‍ കാണും. വെളിച്ചത്തിന്റെ ശക്തി കൂടിക്കൂടി വരും. ട്രെയിന്‍ വരുന്ന ശബ്ദവും ഒപ്പം കേള്‍ക്കാം. ട്രെയിന്‍ തൊട്ടടുത്ത് എത്തിയ നിലയില്‍ വെളിച്ചം വരുമ്പോള്‍ കര്‍ട്ടന്‍ വീഴും. പക്ഷേ, ട്രെയിന്‍ പാഞ്ഞു പോകുന്ന ശബ്ദം അപ്പോഴും തുടര്‍ന്ന് കൊണ്ടേയിരിക്കും. അത്തരമൊരു ചെപ്പടി വിദ്യ ഞാന്‍ പൂര്‍ണമായി സെറ്റില്‍ ചെയ്തു. ഞാന്‍ ആദ്യമായി ചെയ്ത സെറ്റ് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അച്ഛന്റെ അഭിനന്ദനവും ലഭിച്ചു.

ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയ വര്‍ക്കുകള്‍ ഏതൊക്കെയാണ്?

കെ പി എ സിയുടെ കയ്യും തലയും പുറത്തിടരുത് എന്ന നാടകത്തിന്റെ സെറ്റ് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയ ഒന്നായിരുന്നു. ഒരു യഥാര്‍ത്ഥ ബസ്സിന്റെ ബോഡി തന്നെ എടുത്തു. നീളം കുറച്ച് സ്‌റ്റേജിന്റെ സ്‌റ്റേജിന്റെ പരിധിയ്ക്കുള്ളിലൊതുക്കി. ബസ്സിലിരിക്കുമ്പോള്‍ വെളിയിലുള്ള ഭാഗങ്ങള്‍ കാണുന്നിടത്ത് കൂടി മരങ്ങളും കെട്ടിടങ്ങളും മറ്റും ഓടി നീങ്ങുന്നത് കാണണം. അതിനവേണ്ടി നാല്‍പത് മീറ്ററര്‍ നീളത്തില്‍ കര്‍ട്ടന്‍ വരച്ച് പിന്നില്‍ നിന്നും മെല്ലെ വലിച്ചു കൊണ്ടേയിരുന്നു. ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പുറംഭാഗം കാണാവുന്ന ഭാഗത്തുകൂടി ബസ് ഓടുന്നതിന്റെ എതിര്‍ ഭാഗത്തേക്ക് പ്രകൃതിയും കെട്ടിടങ്ങളും ഓടി നീങ്ങുന്നത് കാണാന്‍ സാധിക്കും. ഓടി മറയുന്ന മരത്തിന്റെ നിഴലുകളും മറ്റും പ്രതിഫലിപ്പിക്കുവാന്‍ ലൈറ്റിംഗ് സംവിധാനവും ഉപയോഗിച്ചു. ആ സെറ്റ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു.

നടന്‍ തിലകന്‍ സംവിധാനം ചെയ്ത നാടകത്തിന്റെ സെറ്റിനും ഏറെ അഭിനന്ദനങ്ങള്‍ കിട്ടിയതാണ്. അകത്ത് ഫ്‌ളാഷ് ഡോറും മുന്നില്‍ കെളാപ്‌സ്യൂള്‍ ഗേറ്റും വച്ച് ലിഫ്റ്റ് ക്യാബിനില്‍ ആളു വന്ന് കയറി ഗേറ്റ് അടച്ചാലുടന്‍ പൊങ്ങിപ്പോകുകയാണ് പന്ത്രണ്ടടി ഉയരിമില്ലാത്ത സ്റ്റേജില്‍ ഈ ലിഫ്റ്റ് എവിടെ പോകുന്നുവെന്ന് എല്ലാവരും ചിന്തിച്ചിരുന്നിട്ടുണ്ട്. ഇങ്ങനെ മറക്കാനാവാത്ത ഒരുപാട് വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്.

ബേബിക്കുട്ടന്റെ ഏറ്റവും മികച്ച നാടക രചന ചെമ്മീന്‍ നാടകമാണെന്നുള്ളതില്‍ എനിക്ക് യാതൊരു സംശയവുമില്ല. രാമുകാര്യാട്ടിന്റെ സംവിധാനത്തില്‍ മാര്‍ക്ക്‌സ ബര്‍ട്ട്‌ലി ഒപ്പിയെടുത്ത അതിവിശാലമായ കടലും കടപ്പുറവും 18 സ്റ്റേജില്‍ അവതരിപ്പിക്കണമായിരുന്നു. തെങ്ങുകള്‍ നില്‍ക്കുന്ന കടപ്പുറവും പളനിയുടെ കുടിലിനകത്തെ ജനാലയ്ക്കലൂടെ കടപ്പുറത്ത് നില്‍ക്കുന്ന ഒരു തള്ളയുടെ മുഖം കാണുന്നതും അവരെക്കൊണ്ട് പറയിക്കുന്ന കടപ്പുറം വിശേഷങ്ങളും ആ നാടകത്തില്‍ ഉണ്ട്. അതിന്റെയെല്ലാം സെറ്റ് ഗംഭീരമായി ചെയ്തു. പളനിയുടെ ചൂണ്ടയില്‍ പിടിച്ച സ്രാവ് മുകളിലേക്ക് ചാടുന്നതും ആ നാടകത്തില്‍ കാണിച്ചിരുന്നു. അതിന്റെ സെറ്റ് കണ്ട് കാണികള്‍ ഏറെ സന്തുഷ്ടരായി. ക്യാമറ കൊണ്ട് ഒപ്പിയെടുത്ത ചെമ്മീന്‍ 18 അടിയുള്ള സ്റ്റേജിലും അതിവിശാലമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു.

താങ്കള്‍ക്ക് കിട്ടിയ അംഗീകാരങ്ങള്‍

1980-ല്‍ ആണ് രംഗപടത്തിന് ആദ്യമായി അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 1983-ല്‍ അത് റദ്ദ് ചെയ്തു. 1993-ല്‍ വീണ്ടും അവാര്‍ഡ് കൊടുക്കാന്‍ തുടങ്ങി. അതില്‍ 17 തവണ എനിക്കാണ് കിട്ടിയത്. എട്ടുവര്‍ഷം നാന കൊല്ലത്ത് ഒരു ഗ്യാലപ് പോള്‍ നാടക അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നു. ആ എട്ടുവര്‍ഷവും അവാര്‍ഡ് എനിക്കായിരുന്നു. അഖിലേന്ത്യാ ലതത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന ചമന്‍ലാല്‍ മെമ്മോറിയല്‍ പുരസ്‌കാരം 2006-ല്‍ എനിക്ക് ലഭിച്ചു. അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്താണ് എനിക്ക് അവാര്‍ഡ് നല്‍കിയത്.

നാടകത്തിന്റെ കുലപതികളായ ആചാര്യന്മാരില്‍ നിന്നും കിട്ടിയ സ്‌നേഹവും പ്രോത്സാഹനവും ഈ അവാര്‍ഡുകള്‍ക്കൊക്കെ മീതെയാണ്. നാടക രംഗത്തെ വ്യത്യസ്ഥരമായ മുഴുവന്‍ പ്രതിഭകളുമായി ഇടപെടാനും അവരുടെ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് സെറ്റുണ്ടാക്കി നല്‍കുവാനും കഴിഞ്ഞത് ഒരു മഹാഭാഗ്യമാണ്. നാടകത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണ്.

മനസ്സില്‍ തട്ടിയ അഭിനന്ദനങ്ങള്‍ എവിടെ നിന്നെല്ലാം കിട്ടിയിട്ടുണ്ട്?

മനസ്സില്‍ തട്ടിയ അഭിനന്ദനങ്ങള്‍ ഒരുപാട് കിട്ടിയിട്ടുണ്ട്. ഒന്നുരണ്ടെണ്ണം പറയാം. ചങ്ങനാശേരി ഗീഥായുടെ നിറങ്ങള്‍ എന്ന നാടകത്തിനുവേണ്ടി സെറ്റ് ചെയ്യുമ്പോഴായിരുന്നു ഒരു അനുഭവം. ആ നാടകത്തില്‍ വ്യത്യസ്തങ്ങളായ നാല് സെറ്റുകള്‍ വേണമായിരുന്നു. ഒരു മുതലാളിയുടെ വീടിന്റെ ഗേറ്റിന് മുന്നില്‍ രാഷ്ട്രീയക്കാര്‍ സത്യാഗ്രഹമിരിക്കുന്ന ഒരു രംഗമുണ്ട്. നാടകത്തില്‍ ഗേറ്റും സത്യാഗ്രഹപ്പന്തലുമൊക്കെ വരച്ചുണ്ടാക്കണം. സത്യാഗ്രഹപ്പന്തല്‍ പലരും നിര്‍മ്മിക്കുന്നത് പഴയ കോര്‍ണര്‍ ബോര്‍ഡുകള്‍ തിരിച്ചും മറിച്ചും കുത്തിച്ചാരി വച്ചു കെട്ടിയാണ്. അതുപോലൊരു സത്യാഗ്രഹപ്പന്തല്‍ ഞാന്‍ വരച്ചുവച്ചു.

ഗീഥയുടെ റിഹേഴ്‌സല്‍ ക്യാമ്പിലെ ഹാളിന്റെ ഭിത്തിയില്‍ ചാരിവച്ച് ഞാന്‍ ആ സെറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പിന്നില്‍ നിന്ന് ഒരു ചോദ്യം ആരാടാ ഈ ബോര്‍ഡുകള്‍ എല്ലാം ഇവിടെ കൊണ്ട് വച്ചിരിക്കുന്നത്. ഞാന്‍ തിരിഞ്ഞ് നോക്കി. ഗീഥായുടെ എല്ലാമെല്ലാമായ ചാച്ചപ്പന്‍ സാറാണ്. ചോദ്യം കേട്ട് ഞാന്‍ കോരിത്തരിച്ചുപോയി.

ഞാന്‍ വരച്ച ബോര്‍ഡുകളെല്ലാം ഒര്‍ജിനലാണെന്നാണ് അദ്ദേഹം കരുതിയത്. അദ്ദേഹം എന്റെ അരികിലെത്തി എന്നെ വീണ്ടും വീണ്ടും അഭിനന്ദിച്ചു.

കെ പി എ സിയുടെ മന്വന്തരം എന്ന നാടകവുമായി ബന്ധപ്പെട്ടതാണ് മറ്റൊരു മറക്കാനാവാത്ത് അനുഭവം. എന്‍ എന്‍ പിള്ള സാറാണ് മന്വന്തരത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ഗുഹയിലും മറ്റും വച്ച് നടക്കുന്ന സംഭവങ്ങളാണ് നാടകത്തിന്റെ പ്രമേയം. പ്രശസ്തമായ അജന്ത, എല്ലോറ ഗുഹകള്‍ ചെന്ന് കണ്ടതിനുശേഷമാണ് എന്‍ എന്‍ പിള്ള സാര്‍ ആ നാടകം രചിയ്ക്കുന്നത്. സെറ്റ് ചെയ്യുവാനായി എനിക്ക് കിട്ടിയത് ഒരു ഫോട്ടോ മാത്രം. അതു ചെറിയൊരു ഫോട്ടോ. എന്തായാലും ആ ഫോട്ടോയും എന്റെ ഭാവനയും ഉപയോഗച്ച് ഞാന്‍ സെറ്റ് ചെയ്തു. തിരുവനന്തപുരത്തെ ടാഗോര്‍ തിയേറ്ററില്‍ വച്ചായിരുന്നു മന്വന്തരത്തിന്റെ ഉദ്ഘാടനം. ഉച്ചയ്ക്ക് മുമ്പ് സെറ്റ് മുഴുന്‍ കെട്ടി.

ഉച്ചയ്ക്ക് വെറുതേ ഇരിക്കുന്ന സമയം. എന്‍ എന്‍ പിള്ള സാറും സഹോദരി ഓമന ചേച്ചിയും സ്‌റ്റേജിലേക്ക് കയറി സെറ്റ് മുഴുവന്‍ കൗതുകത്തോടെ നോക്കി. നമ്മള്‍ അവിടെ പോയി കണ്ടത് പോലെ തന്നെയുണ്ട്, അല്ലേ എന്‍ എന്‍ പിള്ള സാറിന്റെ ചോദ്യം. അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ പുളകമണിയിച്ചു. ചെറിയൊരു ഫോട്ടോ നോക്കി വരച്ചത് അദ്ദേഹത്തിന്റെ സങ്കല്‍പ്പങ്ങള്‍ക്ക് ഇണങ്ങുന്നതായല്ലോ എന്ന് ഓര്‍ത്തപ്പോള്‍ എനിക്ക് അളവറ്റ സന്തോഷവും ചാരിതാര്‍ത്ഥ്യവുമുണ്ടായി. ഇത്തരം അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും പ്രഗല്‍ഭരായവരില്‍ നിന്നും എനിക്ക് ഒരുപാട് കിട്ടി. അവയൊക്കെ എനിക്ക് വളരെ അധിം പ്രചോദനമേകുകയും ചെയ്തു. എല്ലാ നാടകകൃത്തുക്കളുടേയും സംവിധായകരുടേയും നാടകങ്ങള്‍ക്ക് സെറ്റ് ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അവരുടെയെല്ലാം അനുഗ്രഹവും പ്രോല്‍സാഹനവും എനിക്ക് കിട്ടിയിട്ടുണ്ട്.

നാടകത്തിന്റെ സെറ്റ് ആര്‍ക്കെങ്കിലും കൃത്യ സമയത്ത് ചെയ്തു കൊടുക്കാതിരുന്നിട്ടുണ്ടോ?

ജോലി കൃത്യ സമയത്ത് ചെയ്തു തീര്‍ക്കാത്തത് കൊണ്ട് എനിക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. കെ പി എ സി സുലോചന ചേച്ചി സംസ്‌കാര എന്ന പേരില്‍ കായംകുളത്ത് ഒരു സമിതി തുടങ്ങി. ഓണത്തിന് ഒരുപാട് സമിതികള്‍ക്ക് നാടകമുണ്ട്. ചേച്ചിയുടെ നാടകവും ഓണത്തിനാണെന്നാണ് പറഞ്ഞത്. തിരുവനന്തപുരം ഭാഗത്തേക്ക് സെറ്റ് ചെയ്യാന്‍ പോയപ്പോള്‍ സുലോചന ചേച്ചിയുടെ നാടകത്തിന്റെ സെറ്റില്‍ വെള്ളത്തുണി അടിച്ചു പിടിപ്പിച്ചിട്ട് ബായ്ക്കാല്‍ കെട്ടാനുള്ള കര്‍ട്ടനും കൊടുത്തിട്ട് നാടകത്തിന്റെ തലേന്ന് വരാമെന്ന് പറഞ്ഞ് തിരുവനന്തപുരത്തേക്ക് പോയി. തിരുവനന്തപുരത്തെ ജോലികള്‍ തീര്‍ത്ത് ഉത്രാടത്തിന്റെ അന്ന് സുലോചന ചേച്ചിയുടെ വീട്ടില്‍ എത്തിയപ്പോള്‍ അവിടെ ആരുമില്ല. ഓണത്തിന്റെ അന്നല്ല നാടകം. ഉത്രാടത്തിന്റെ അന്നാണ് എന്നറിയുന്നത് അപ്പോഴായിരുന്നു.

ഞാന്‍ ആകപ്പാടെ വിഷമിച്ചു. ഞാന്‍ ബഹുമാനിക്കുന്ന സുലോചന ചേച്ചിക്ക് സ്വന്തം സമിതി രൂപീകരിച്ചപ്പോള്‍ ഞാന്‍ മൂലുമുണ്ടായ ബുദ്ധിമുട്ട് ഓര്‍ക്കാന്‍ പറ്റുന്നില്ല. ഞാന്‍ അവിടെ നിന്ന് വീട്ടിലേക്ക് പോന്നു. പിറ്റേദിവസം സുലോചന ചേച്ചിയുടെ ചീത്തവിളി പ്രതീക്ഷിച്ചു. പിറ്റേദിവസം വിളിച്ചില്ല. അതിന്റെ അടുത്ത ദിവസം ചേച്ചിയുടെ ഫോണ്‍ വന്നു. മോനേ, ആ സെറ്റൊന്ന് വരച്ച് തരണമല്ലോ. ഞാന്‍ അങ്ങോട്ട് കൊടുത്തു വിടട്ടേ. വളരെ സൗമ്യതയോടെ ചേച്ചി വിളിച്ച് പറഞ്ഞു. ഞാന്‍ അതിശയിച്ചു പോയി. പിറ്റേദിവസം സെറ്റുമായി വന്നവരോട് ഞാന്‍ കാര്യങ്ങള്‍ തിരക്കി. ഇത് വരയ്ക്കാത്ത സെറ്റാണെന്ന് ആര്‍ക്കും തോന്നിയില്ല എന്നും കാരണം അക്കാലത്ത് പുതിയ കെട്ടിടങ്ങള്‍ക്ക് വൈറ്റ് സിമന്റ് മാത്രം അടിച്ചിടുന്ന ഒരു സമയമുണ്ടായിരുന്നു. ഈ കെട്ടിടവും അത്തരം ഒരു കെട്ടിടമായിരിക്കുമെന്ന് കാണികള്‍ വിചാരിച്ചു. ബായ്ക്ക് കര്‍ട്ടന്‍ എല്ലാം വരച്ചതായിരുന്നതുകൊണ്ട് ആരും മനസ്സിലാക്കിയില്ല. അങ്ങനത്തെ അബദ്ധങ്ങളും പറ്റിയിട്ടുണ്ട്.

തിലകന്‍

സ്‌റ്റേജിലെ രംഗപടങ്ങള്‍ക്ക് വഴങ്ങാത്ത നര്‍മ്മബോധം താങ്കള്‍ സ്വന്തം വീട്ടിലും ചെയ്തിട്ടുണ്ടല്ലോ. അതിനെപ്പറ്റി പറയാമോ?

നാടകത്തിന്റെ രംഗശില്‍പം ചെയ്ത് രംഗശില്‍പം എപ്പോഴും കൂടെയുണ്ട്. താമസിക്കുന്ന സ്ഥലത്ത് ചെയ്യാനും സ്വാതന്ത്ര്യമുണ്ടല്ലോ. അവിടെ ചെയ്ത വരകള്‍ അതിഥികള്‍ക്ക് ഇഷ്ടപ്പെടുമ്പോള്‍ കൂടുതല്‍ സന്തോഷമാകും. വീട്ടിലെ സ്വീകരണ മുറിയിലെ ഭിത്തിയില്‍ വലിയൊരു പുസ്തകശേഖരം വരച്ചിട്ടുണ്ട്. ആരെങ്കിലും എടുക്കാനായി പുസ്തകത്തില്‍ തൊട്ടാല്‍ ആ ഭാഗത്തിരിക്കുന്ന പുസ്തകം അകത്തേക്ക് കയറും. അത് ഒരു കിടപ്പ് മുറിയുടെ ഡോര്‍ ആണ്. അതിന്റെ ഇപ്പുറത്തിരിക്കുന്ന പുസ്തകങ്ങള്‍ അടുത്ത റൂമിന്റെ വാതിലാണ്. വരുന്നവര്‍ പുസ്തകം പരിശോധിക്കാന്‍ നോക്കുമ്പോഴാണ് അത് മനസ്സിലാകുന്നത്.

പിന്നൊരു വാതില്‍ ടോയ്‌ലെറ്റിന്റെയാണ് വരച്ചിരിക്കുന്നത്. കോണ്‍ക്രീറ്റ് ചെയ്ത ഭിത്തിയിലാണ് വാതില്‍ വരച്ചിരിക്കുന്നത്. മൂത്രശങ്കയുമായി ആര് ചെന്നാലും ഭിത്തിയില്‍ തള്ളുകയും ഡോറില്‍ പിടിച്ച് വലിയ്ക്കുകയും ചെയ്യും. ഡോറിന്റെ വശത്ത് ഭിത്തപോലെയുള്ള സ്ഥലത്താണ് വാതില്‍. നമ്മള്‍ പറഞ്ഞു കൊടുക്കാതെ വാതില്‍ കണ്ടുപിടിക്കാനാകില്ല.

മനസ്സില്‍ എപ്പോഴും തങ്ങി നില്‍ക്കുന്ന ഒരു സെറ്റിനെ കുറിച്ച് പറയാമോ?

ഞാന്‍ ചെയ്തിട്ടുള്ള എല്ലാ സെറ്റുകളും എനിക്ക് ഇഷ്ടപ്പെട്ടവയാണ്. അന്‍പതോളം വര്‍ഷത്തിനുള്ളില്‍ രണ്ടായിരത്തോളം നാടകങ്ങള്‍ക്ക് രംഗപടം ഒരുക്കിക്കഴിഞ്ഞു. ശൂന്യാകാശ വാഹനം മുതല്‍ സ്വര്‍ണഖനി, കല്‍ക്കരി ഖനി എന്നിങ്ങനെ എല്ലാ പശ്ചാത്തലങ്ങളും ചെയ്തു കഴിഞ്ഞു. ബസ്സും ലിഫ്റ്റും കടപ്പുറവും എല്ലാം ആസ്വാദര്‍ക്ക് ഇഷ്ടപ്പെട്ടു. കന്യാകുമാരിയില്‍ ഒരു കടങ്കഥ എന്ന നാടകത്തിലെ കന്യാകുമാരിയിലെ ഒരു ലോഡ്ജില്‍ നിന്ന് കാണാവുന്ന വിവേകാനന്ദ പാറയിലെ സ്തൂപം കടലിന്റെ ഒരു ഭാഗം എല്ലാം അടങ്ങുന്ന സെറ്റ് കണ്ട് കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചിട്ടുണ്ട്.

ഒരുപാട് മജീഷ്യന്‍മാര്‍ക്ക് ഞാന്‍ സെറ്റുകള്‍ ഒരുക്കിക്കൊടുത്തിട്ടുണ്ട്. അമ്മുവിന് കുട്ടിക്കാലം മുതല്‍ ഞാന്‍ സെറ്റുകള്‍ ഒരുക്കി കൊടുത്തിട്ടുണ്ട്. കാവാലത്തിന്റെ നാടകം മാജിക് ആക്കിയപ്പോഴും സക്കറിയയുടെ ചെറുകഥ മാജിക് ആക്കിയപ്പോഴും ഞാന്‍ രംഗശില്‍പം ഒരുക്കിയിട്ടുണ്ട്. അമ്മുവിന്റെ കല്ല്യാണത്തിന് കാട്ടിയ മാജിക്കിനൊരുക്കിയ സെറ്റും ഞാനാണ് തയ്യാറാക്കിയത്.

ഏവൂര്‍ ക്ഷേത്രത്തില്‍ നിന്നും താലികെട്ടും കഴിഞ്ഞ് മറ്റു ചടങ്ങുകള്‍ക്കാണ് അമ്മു ഓഡിറ്റോറിയത്തില്‍ എത്തിയത്. ഓഡിറ്റോറിയം സ്വര്‍ഗരാജ്യം പോലെ അലംകൃതമാക്കി. താമരപ്പൂവുകള്‍ പിടിപ്പിച്ച സ്വര്‍ണ തൂണുകളും മേഘപാളികളും കൊണ്ട് ഓഡിറ്റോറിയം നിറഞ്ഞു. ഓഡിറ്റോറിയത്തിന്റെ മധ്യത്തില്‍ സ്വര്‍ഗ രാജ്യത്തെ ഒരു മണ്ഡപം ഉയര്‍ന്ന് നില്‍പുണ്ട്. ആ മണ്ഡപത്തിന് മുന്നില്‍ വധുവരന്‍മാര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടവും പൂക്കുല നിറച്ച പറയും നിലവിളക്കും എല്ലാമുണ്ട്.

കാണുന്നവര്‍ക്ക് ആ മണ്ഡപം ഒരു സ്വര്‍ഗരാജ്യമാണെന്ന് തോന്നുമായിരുന്നു. വധൂ വരന്‍മാര്‍ക്ക് ഇരിക്കാന്‍ ഒരുക്കിയിരിക്കുന്നതിന്റെ ഒരുവശത്ത് ഒരു വലിയ താമര മൊട്ടും ഉണ്ടായിരുന്നു. വധുവിനെ കാത്ത് എല്ലാവരും ഇരുന്നു. തിരുവിഴ ജയശങ്കറിന്റെ നാഗസ്വരത്തില്‍ നിന്ന് നാദമാധുരി ഒഴുകി വന്നു. പെട്ടെന്ന് മുകളിലുള്ള മണ്ഡപത്തില്‍ അമ്മു പ്രത്യക്ഷപ്പെടുകയായിരുന്നു.

അമ്മു മേഘ പാളികള്‍ക്ക് ഇടയിലൂടെ ചവിട്ട് പടികള്‍ കടന്ന് നിറപറയുടേയും നിലവിളക്കിന്റേയും അടുത്ത് എത്തി. അമ്മു കൈകൊണ്ട് ഒരു ആംഗ്യം താമരപ്പൂവിലേക്ക് കാട്ടിയപ്പോള്‍ താമരപ്പൂ വിടര്‍ന്ന് അതില്‍ നിന്ന് അമ്മുവിന്റെ വരന്‍ ആനന്ദ് പ്രത്യക്ഷപ്പെട്ടു. നിമിഷ നേരം കൊണ്ട് അമ്മുവിനെ കാണാനില്ല. പങ്കെടുക്കാന്‍ എത്തിയവര്‍ അമ്പരന്ന് ഇരിക്കുമ്പോള്‍ കാണികളുടെ ഏറ്റവും പിന്നില്‍ നിന്ന് അമ്മുവിനെ സ്വീകരിച്ചു കൊണ്ടു വരുന്ന കാഴ്ച കാണാന്‍ പറ്റി.

മജീഷ്യന്‍മാര്‍ ആരും ഇന്ത്യയില്‍ വിവാഹത്തിന് മാജിക് അവതരിപ്പിച്ചിട്ടില്ല. ശ്രീലേഖ ഐ പി എസ്, ചലച്ചിത്ര നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍, ലളിത കലാ അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി, പ്രശസ്ത മജീഷ്യന്‍മാരായ ആര്‍ കെ മലയത്ത്, സാമ്രാജ് എന്നിവരും പ്രശസ്ത നാടക കൃത്ത് ബേബിക്കുട്ടനും കാര്‍ട്ടൂണിസ്റ്റ് പി വി കൃഷ്ണനും എന്നേയും അമ്മുവിനേയും ഒരുപാട് പുകഴ്ത്തി.

വീട്ടില്‍ ഞാനും ഭാര്യ അയിഷയും ജിതിന്‍ശ്യാം, ജിജോ എന്നിങ്ങനെ രണ്ട് ആണ്‍മക്കളും അവരുടെ ഭാര്യമാരും കൊച്ചുമക്കളുമായി ഞാന്‍ സന്തോഷത്തോടെ കഴിയുന്നു.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More