വൈറല്‍ ലോകത്ത് വേറിട്ട ഓളമുണ്ടാക്കുന്ന ഓളം

എന്തുമേതും വൈറലായ ഡിജിറ്റല്‍ ലോകത്ത് വേറിട്ടൊരു ഓളമുണ്ടാക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയായ ഓളത്തിന്റെ സ്ഥാപകനാണ് പ്രാസ് സത്യപാല്‍. കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനത്തിലെ പരസ്യ വിഭാഗത്തിലെ ജോലി രാജിവച്ചാണ് പ്രാസ് കോഴിക്കോട് സ്വന്തമായി ഡിജിറ്റല്‍ സംരംഭം ആരംഭിക്കുന്നത്. സംരംഭകന്റെ വഴി റോസാപ്പൂക്കള്‍ വിരിച്ചത് അല്ലെന്നും എന്നാല്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ വിജയം തേടി വരുമെന്നും പ്രാസ് പറയുന്നു. ഒരു കച്ചവടമാകുമ്പോള്‍ ഒരോളം വേണ്ടേ എന്നാണ് ഓളത്തിന്റെ പരസ്യവാചകം. ഐഎസ്ഒ (ISO) സര്‍ട്ടിഫൈഡ് കമ്പനിയാണ് ഓളം. പ്രാസ് താന്‍ കടന്നുവന്ന വഴികളെ കുറിച്ച് കെ സി അരുണുമായി സംസാരിക്കുന്നു.

ഓളം എന്ന പേര്

വെറൈറ്റിയായ പേര് തപ്പി നടന്നു. എല്ലാ ഡിജിറ്റല്‍ കമ്പനികളുടേയും പേരുകള്‍ ഇംഗ്ലീഷിലാണ്. അപ്പോള്‍ ഒരു വേറിട്ട പേര് വേണമെന്ന ചിന്തയാണ് ഒടുവില്‍ ഓളത്തില്‍ എത്തിച്ചത്. ജോലി രാജി വച്ച് സംരംഭം തുടങ്ങിയപ്പോള്‍ നിനക്കെന്താ ഓളമാണോയെന്ന് ചോദിച്ചവര്‍ ഉണ്ടായിരുന്നു. ഒരു ചിരിയായിരുന്നു എന്റെ മറുപടി. ഇന്ന് അവരില്‍ പലരും എന്റെ ക്ലൈയന്റ്സാണ്.

തുടക്കം

കേരളകൗമുദിയുടെ കോഴിക്കോട് എഡിഷനില്‍ എട്ട് വര്‍ഷം പരസ്യ വിഭാഗത്തില്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്നു. 2011 മുതല്‍ 2018-ല്‍ വരെ. അത് കാരണം, വിപണിയെക്കുറിച്ച് നന്നായി അറിയാമായിരുന്നു. പത്രത്തില്‍ നിന്നും ഡിജിറ്റലിലേക്ക് മാറുന്നുവെന്ന വ്യത്യാസം മാത്രം. ജോലി രാജിവച്ചശേഷം എന്റെ ജോലിയെക്കുറിച്ച് സുഹൃത്തുക്കളോട് ആരെങ്കിലും ചോദിച്ചാല്‍ അവര്‍ മറുപടി പറഞ്ഞിരുന്നത് അവന് പണി ഫേസ്ബുക്കിലാണ് എന്നാണ്.

തുടക്കത്തില്‍, ഡിജിറ്റലിനെ കുറിച്ച് കസ്റ്റമേഴ്സിന് ക്ലാസ് എടുക്കേണ്ടി വന്നിരുന്നു. പക്ഷേ, ചെലവ് കുറവിനെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കുകയും ക്ലയന്റിന് അവരുടെ കസ്റ്റമേഴ്സിനെ കൃത്യമായി ടാര്‍ഗറ്റ് ചെയ്യാന്‍ കഴിയുമെന്നും അത് റിസള്‍ട്ടാക്കാന്‍ കഴിയുമെന്നും തെളിയിച്ചപ്പോള്‍ അവര്‍ കൂടെ വന്നു.

പരമ്പരാഗത പ്രചാരണ മാര്‍ഗങ്ങള്‍ എല്ലാം ചെലവേറിയത് ആയത് കാരണം എല്ലാ സംരംഭകര്‍ക്കും അത് താങ്ങാന്‍ കഴിയില്ല. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലെ ചെലവ് കുറഞ്ഞ രീതികള്‍ അവര്‍ തിരിച്ചറിഞ്ഞു. ഒരു ഡോളറിന് തുല്യമായ രൂപ ഒരു ദിവസം കൈയിലുണ്ടെങ്കില്‍ ഫേസ് ബുക്കിലൂടെ പരസ്യം ചെയ്യാം. കൃത്യമായി ടാര്‍ഗറ്റ് ഓഡിയന്‍സില്‍ എത്തിക്കാനും കഴിയുമെന്ന് മനസ്സിലാക്കി കൊടുത്തു.

കോവിഡ് കാലത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ പ്രാധാന്യം ക്ലയന്റുകള്‍ മനസ്സിലാക്കി. ഇതേതുടര്‍ന്ന് ഞാനും ക്ലയന്റുമാരും വളര്‍ച്ചയുടെ പടവുകള്‍ കയറി. കൂടെ, കോവിഡ് കാലത്ത് ഓളത്തിലെ ഓഫീസ് സ്റ്റാഫിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളും പിന്തുണയും വളര്‍ച്ചയുടെ ആക്കം കൂട്ടി.

വീട്ടില്‍ നിന്നുള്ള പിന്തുണ

ഒരു സംരംഭകന് വേണ്ടത് വീട്ടില്‍ നിന്നുള്ള പിന്തുണയാണ്. അതുണ്ടെങ്കില്‍ എന്ത് പ്രതിസന്ധിയും മറികടക്കാന്‍ കഴിയും. നിന്റെ ഇഷ്ടം എന്നാണ് അമ്മയും അച്ഛനും പറഞ്ഞത്. വിജയിപ്പിക്കാന്‍ കഴിയുമെങ്കില്‍ ചെയ്തോളൂ ഞാന്‍ കൂടെയുണ്ടെന്ന് പറഞ്ഞ് ഭാര്യയും കട്ട സപ്പോര്‍ട്ട് തന്നു. കുടുംബം എന്നില്‍ വിശ്വാസം അര്‍പ്പിച്ചു. ജോലി ചെയ്തിരുന്നപ്പോള്‍ ഉണ്ടായിരുന്ന നീക്കിയിരുപ്പും ഭാര്യയുടെ കൈയിലെ ഗോള്‍ഡും ഉപയോഗിച്ചാണ് തുടക്കം.

കമ്പനി തുടങ്ങിയപ്പോളാണ് അമ്മയ്ക്ക് അര്‍ബുദ രോഗ ബാധ സ്ഥിരീകരിക്കുന്നതും ശസ്ത്രക്രിയക്ക് വിധേയായതും. പിന്നാലെ അച്ഛന് പക്ഷാഘാതം വന്നിരുന്നു. അമ്മ മരിച്ച് 17-ാം ദിവസമാണ് മകന്‍ ജനിക്കുന്നത്. അവന്‍ ജനിച്ച് മൂന്നാമത്തെ ദിവസം നല്ലൊരു ക്ലയന്റിന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കരാര്‍ ലഭിച്ചു. രണ്ട്‌ വര്‍ഷത്തോളമുള്ള കഷ്ടപാടുകള്‍ക്ക് അറുതിവന്നു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

തുടക്കത്തില്‍ ഞാനടക്കം നാല് പേരാണ് ഉണ്ടായിരുന്നത്. ചെറിയൊരു തുടക്കം. ഇപ്പോള്‍ 19 പേരുണ്ട്. കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസിനെ കൂടാതെ കൊച്ചിയിലും തൃശൂരിലും കണ്ണൂരിലും മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുമാരുമുണ്ട്. യുകെ, ഫ്രാന്‍സ്, ദുബായ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും ക്ലയന്റ് ഉണ്ട്.

കമ്പനികളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും നിര്‍മ്മിക്കല്‍, സോഫ്റ്റ് വെയറുകള്‍, ഓട്ടോമേഷന്‍സ്, ഇ-കൊമേഴ്‌സ് തുടങ്ങിയ സേവനങ്ങളാണ് നല്‍കുന്നത്. ഒപ്പം തനതായ സേവനങ്ങളും നല്‍കി വരുന്നു.

സംരംഭം പഠിപ്പിച്ച പാഠങ്ങള്‍

സ്വപ്നം കാണുന്ന കാര്യം ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ വിജയം കൂടെപ്പോരും. അറിവുള്ളവര്‍ പറഞ്ഞ ഇക്കാര്യം എനിക്ക് അനുഭവത്തിലൂടെ മനസ്സിലായി. കൂടാതെ മറ്റൊരു കാര്യം, നമ്മേളേക്കാള്‍ അറിവുള്ളരെ ജോലിക്കെടുത്ത് അവരെ മികച്ച രീതിയില്‍ നിയന്ത്രിച്ചാല്‍ റിസള്‍ട്ട് ഉണ്ടാക്കാനും കഴിയും.

Advt: BUY- Think & Grow Rich | Napoleon Hill | International Bestseller Book |

വൈറല്‍ ലോകത്ത് വേറിട്ട ഓളമുണ്ടാക്കുന്ന ഓളം

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More