ചികിത്സയ്ക്കായി ദേശീയ സിനിമ അവാര്‍ഡ് വിറ്റ് ഒരു കലാസംവിധായകന്‍

ഭരതന്‍, ഹരിഹരന്‍ തുടങ്ങി അനവധി പ്രതിഭകളുടെ സിനിമകള്‍ക്ക് വേണ്ടി കലാസംവിധാനവും വസ്ത്രാലങ്കാരവും നിര്‍വഹിച്ച് ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ളയാളാണ് പി കൃഷ്ണമൂര്‍ത്തി. വിഖ്യാത സിനിമകളായ പെരുന്തച്ചന്‍, വൈശാലി തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം സ്വന്തം കൈയൊപ്പ് മലയാള സിനിമയില്‍ ചാര്‍ത്തിയിട്ടുണ്ട്. എങ്കിലും അദ്ദേഹം ഇപ്പോള്‍ ചെന്നൈയില്‍ വളരെ കഷ്ടതയിലാണ് കഴിഞ്ഞ് കൂടുന്നത്. ജീവിതം മുഴുവന്‍ സിനിമയ്ക്ക് വേണ്ടി നല്‍കിയ അദ്ദേഹത്തിന് ഇപ്പോള്‍ സ്വന്തമായൊരു വീട് പോലുമില്ല. അദ്ദേഹം തന്റെ സിനിമ ജീവിതത്തെ കുറിച്ചും കഷ്ടതയിലേക്ക് വീണ് പോയതിനെ കുറിച്ചും എല്‍ രാജശേഖരന്‍ മുതുകുളവുമായി സംസാരിക്കുന്നു.

കലാസംവിധാന രംഗത്തേക്ക് എത്തിയത് എങ്ങനെയാണ്?

മദ്രാസ് കോളെജ് ഓഫ് ആര്‍ട്‌സില്‍ ആറ് വര്‍ഷം പഠിച്ച ഞാന്‍ ഒരു ചിത്രകാരനാണ്. ഞങ്ങളുടെ പ്രിന്‍സിപ്പില്‍ കെ സി എസ് പണിക്കര്‍ ആയിരുന്നു. ചിത്രരചനയില്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം കൊണ്ട് ഒരുപാട് നേട്ടം കിട്ടി. നല്ല ചിത്രങ്ങള്‍ ഞാന്‍ വരച്ചിരുന്നു. പണിക്കര്‍ സാറാണ് അന്ന് ചോളമണ്ഡലം ആര്‍ട്ടിസ്റ്റ് വില്ലേജ് തുടങ്ങിയത്. ഞാന്‍ അതിന്റെ സെക്രട്ടറിയായിരുന്നു.

കോളെജില്‍ പഠിക്കുമ്പോഴും നല്ല സിനിമകള്‍ ഞാന്‍ കാണുമായിരുന്നു. ബംഗാളി സിനിമകളും മലയാള സിനിമകളുമായിരുന്നു ഞാന്‍ കൂടുതല്‍ കണ്ടിരുന്നത്. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളുടെ കാലം മുതലുള്ള കലാസംവിധാനം ഞാന്‍ മനസ്സിലാക്കിയിരുന്നു. ഓരോ കാലഘട്ടത്തിലെ സിനിമ വരുമ്പോഴും ആ കാലഘട്ടത്തിന് അനുസരിച്ച് സിനിമയില്‍ മാറ്റം വരുത്തേണ്ട വിധങ്ങള്‍ ഞാന്‍ നന്നായി മനസ്സിലാക്കി. ചിത്രരചനയും ശില്‍പ നിര്‍മ്മാണവും ഞാന്‍ പഠിച്ചു. സിനിമയില്‍ നമുക്ക് കിട്ടുന്ന കഥകള്‍ അതില്‍ പറഞ്ഞിരിക്കുന്ന കാലഘട്ടത്തിലേക്ക് കൊണ്ട് വരാന്‍ കലാസംവിധാനം കൊണ്ട് എങ്ങനെ സാധിക്കാമെന്ന് ഞാന്‍ മനസ്സിലാക്കി.

1975-ല്‍ ഹംസഗീഥൈ എന്ന കന്നഡ ചിത്രത്തിന് ആദ്യമായി കലാസംവിധാനം ചെയ്തു. ആദ്യ ചിത്രത്തില്‍ തന്നെ കഥയില്‍ പറഞ്ഞിരിക്കുന്ന കാലം മനുഷ്യ മനസ്സില്‍ എത്തിക്കും വിധം വളരെ നന്നായിട്ട് കലാസംവിധാനം ചെയ്തു.

താങ്കളുടെ സ്‌കൂള്‍, കോളെജ് പഠന കാലത്ത് സ്വന്തം വീട്ടില്‍ നിന്നായിരുന്നോ അതോ വാടക വീട്ടില്‍ നിന്നായിരുന്നോ പഠിച്ചത്?

വാടക വീട്ടില്‍ നിന്ന് തന്നെയായിരുന്നു. എന്നേയും എന്റെ ഒരു ജ്യേഷ്ഠനേയും എന്റെ ഒരു അനുജത്തിയേയും വാടകവീട്ടില്‍ താമസിപ്പിച്ചു കൊണ്ട് അച്ഛന്റെ സംരക്ഷണത്തിലാണ് ഞങ്ങള്‍ വളര്‍ന്നത്. കോളെജ് ഓഫ് ആര്‍ട്‌സില്‍ പഠിച്ച് കഴിഞ്ഞപ്പോള്‍ എനിക്കും വരുമാനം ഉണ്ടായി തുടങ്ങി. സിനിമയില്‍ കലാസംവിധാനം തുടങ്ങിയപ്പോള്‍ അധികം ലാഭമൊന്നുമില്ലാതെ കുറേശെ കാശ് കിട്ടിത്തുടങ്ങി.

പെയിന്റിംഗ് ചെയ്ത് കൊടുക്കുന്നതിനും കാശ് കിട്ടുമായിരുന്നു. കുറെ സിനിമകള്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ ഞാന്‍ നല്ലൊരു വീട് വച്ചു. അമ്മയുടെ പേരിലുള്ള പറമ്പിലാണ് വീട് വച്ചത്. വലിയൊരു വീട് വച്ചിട്ട് ഞങ്ങള്‍ വളരെ സന്തോഷത്തോടെ കഴിഞ്ഞു. ജ്യേഷ്ഠന്‍ കല്ല്യാണം കഴിച്ചു. അനുജത്തിയുടേയും കല്ല്യാണത്തിന് ശേഷമാണ് ഞാന്‍ കല്ല്യാണം കഴിച്ചത്. രാജലക്ഷ്മി എന്നാണ് എന്റെ ഭാര്യയുടെ പേര്.

ജ്യേഷ്ഠനും അനുജത്തിയും അമ്മയുടെ പറമ്പിന്റെ ഭാഗം കൊടുക്കണമെന്ന് പറഞ്ഞ് ബഹളം തുടങ്ങി. പറമ്പ് വിറ്റ് മൂന്നുപേരും കൂടി സാമ്പത്തികം എടുക്കണമെങ്കില്‍ എന്റെ കാശ് മുഴുവന്‍ കൊടുത്ത് പണിത വീട് വില്‍ക്കാതെ മറ്റ് മാര്‍ഗമൊന്നുമുണ്ടായില്ല. ഒടുവില്‍ അത് സംഭവിച്ചു. ഞാന്‍ പണിയിച്ച വീട് വിറ്റ് പണം മൂന്നായി വീതിച്ച് എടുത്തു. എന്റെ ജ്യേഷ്ഠന്‍ മരിച്ചു. അനുജത്തി വേറെ താമസിക്കുന്നു. അവള്‍ എന്നെ അറിയുകയുമില്ല. അച്ഛനും അമ്മയും പോയി. ഞാനും ഭാര്യയുമായി വാടകവീടുകള്‍ മാറി മാറി താമസിക്കുന്നു. വീട് വിറ്റപ്പോള്‍ എനിക്ക് കിട്ടിയ രൂപ ബാങ്കില്‍ ഇട്ടിട്ട് അതിന്റെ പലിശ കൊണ്ടാണ് ഇപ്പോള്‍ കുഞ്ഞ് വീടിന് വാടക കൊടുക്കുന്നതും ഭക്ഷണം കഴിക്കുന്നതും.

വാടക വീട്ടില്‍ താമസിച്ച് കൊണ്ട് കലാസംവിധാനത്തിന് പോയപ്പോഴും ആരോടും കണക്ക് പറഞ്ഞ് കാശ് വാങ്ങിയിട്ടില്ല. അവര്‍ തരുന്നതും വാങ്ങിപ്പോരുമായിരുന്നു. വസ്ത്രാലങ്കാരവും ചെയ്തിട്ടുണ്ട്.

പി കൃഷ്ണമൂര്‍ത്തി

ഏത് ചിത്രങ്ങള്‍ക്കൊക്കെയാണ് ദേശീയ അവാര്‍ഡ് കിട്ടിയിട്ടുള്ളത്?

1986-ല്‍ ആണ് എനിക്ക് ആദ്യമായി ദേശീയ അവാര്‍ഡ് കിട്ടുന്നത്. മാധവാചാര്യ എന്ന കന്നഡ ചിത്രത്തിനായിരുന്നു. ആ ചിത്രത്തില്‍ കലാസംവിധാനം മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. അതില്‍ വര്‍ക്ക് ചെയ്തതിനുള്ള സാമ്പത്തികവും കുറവായിരുന്നു. കലാപരമായ വര്‍ക്കിന് ഞാന്‍ സാമ്പത്തികം നോക്കാറേയില്ല. അതിനുശേഷം ദേശീയ അവാര്‍ഡ് കിട്ടുന്നത് മലയാള ചിത്രത്തിനാണ് ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിന്. അതിന് എനിക്ക് രണ്ട് ദേശീയ അവാര്‍ഡുകള്‍ കിട്ടി. കലാസംവിധാനത്തിനും വസ്ത്രാലങ്കാരത്തിനും. പിന്നീട്‌ ദേശീയ അവാര്‍ഡ് കിട്ടുന്നത് 2000-ത്തില്‍ ആണ്. ഭാരതി എന്ന ചിത്രത്തിന്. ആ ചിത്രത്തിനും എനിക്ക് കലാസംവിധാനത്തിനും വസ്ത്രാലങ്കാരത്തിനും ദേശീയ അവാര്‍ഡ് ലഭിച്ചു. അങ്ങനെ മൂന്ന് ചിത്രങ്ങള്‍ക്കും കൂടി എനിക്ക് അഞ്ച് ദേശീയ അവാര്‍ഡുകളാണ് കിട്ടിയത്.

സംസ്ഥാന അവാര്‍ഡുകള്‍ ഒരുപാട് കിട്ടിയിട്ടുണ്ട്. വിവിധ ഭാഷകളിലുള്ള ചിത്രങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. മലയാളത്തില്‍ വൈശാലിക്കും പെരുന്തച്ചനും സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

മലയാളത്തില്‍ ഞാന്‍ ആദ്യമായി ചെയ്യുന്ന ചിത്രം സ്വാതി തിരുനാള്‍ ആണ്. അതിന് സംസ്ഥാന അവാര്‍ഡാണ് കിട്ടിയത്. തമിഴ്, കന്നഡ, തെലുങ്ക് സിനിമകള്‍ക്ക് അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്.

കലാസംവിധാനം ചെയ്യുന്നതിന് താങ്കള്‍ കാശ് വാങ്ങുകയില്ലായിരുന്നോ?

ഞാന്‍ കലയെ സ്‌നേഹിക്കുന്ന ഒരാളാണ്. കലാപരമായ തൊഴില്‍ ഞാന്‍ ആത്മാര്‍ത്ഥതയോടെയാണ് ചെയ്തിരുന്നത്. കലയ്ക്ക് ഞാന്‍ കണക്ക് പറയാറില്ല. എന്നെ ഒരു സിനിമയുടെ കലാസംവിധാനവും വസ്ത്രാലങ്കാരവും ഏല്‍പ്പിക്കുമ്പോള്‍ ആദ്യമേ ഒരു തുക അവര്‍ പറയും. മറ്റു പല കലാസംവിധായകരും അത് സമ്മതിക്കാതെ കൂടുതല്‍ പണം വാങ്ങും. ഞാന്‍ എന്നോട് പറയുന്ന തുകയ്ക്ക് സമ്മതിച്ചിട്ടാണ് വര്‍ക്ക് ചെയ്യുന്നത്.

അഡ്വാന്‍സ് ഒരു അയ്യായിരം രൂപ തരും. അവിടെ താമസിച്ച് വര്‍ക്ക് ചെയ്യും. വര്‍ക്ക് തീരുന്ന ദിവസം വരെയുള്ള ഭക്ഷണം അവര്‍ തരും. വര്‍ക്ക് തീരുമ്പോള്‍ അവര്‍ ബാക്കി പണം തരികയില്ല. അയ്യായിരം രൂപയുമായി തിരികെ പോരേണ്ടി വരും. പല സിനിമകളിലും എന്നെ 5000 രൂപയില്‍ ഒതുക്കിയിട്ടുണ്ട്. കലയുടെ കാര്യമായത് കൊണ്ടാണ് ഞാന്‍ കണക്ക് പറയാത്തത്. നിര്‍മ്മാതാക്കള്‍ക്കൊക്കെ സന്തോഷമായിരുന്നു.

ചില നിര്‍മ്മതാക്കളൊക്കെ എന്നെ ബുദ്ധിമുട്ടിക്കാതിരുന്നത് കൊണ്ട് ഒരു വീട് പണിയാന്‍ പറ്റി. അവസാനം, സഹോദരങ്ങള്‍ കാരണം ആ വീടും വില്‍ക്കേണ്ടി വന്നു. എനിക്ക് ഒരു സിനിമയ്ക്ക് കൃത്യമായ കാശ് കിട്ടിയിട്ടുള്ളൂ. ജി വി അയ്യര്‍ സംവിധാനം ചെയ്ത ആദി ശങ്കരാചാര്യ എന്ന സംസ്‌കൃത സിനിമയ്ക്കായിരുന്നു.

ആ സിനിമയുടെ കലാസംവിധാനം ചെയ്തതിന് എനിക്ക് ഒരു ലക്ഷം രൂപ തന്നു. ഇങ്ങനെ അധികം ബുദ്ധിമുട്ടിക്കാതെ കുറച്ച് നിര്‍മ്മാതാക്കള്‍ തന്നത് കൊണ്ട് എനിക്കൊരു വീട് പണിയാന്‍ അന്ന് കഴിഞ്ഞു. ഇനിയുമൊരു വീട് എന്റെ സ്വപ്‌നത്തില്‍ മാത്രമേ കാണുകയുള്ളൂ.

മലയാള സിനിമയെ കുറിച്ച് എന്താണ് അഭിപ്രായം.

മലയാള സിനിമ ഞാന്‍ ആദ്യകാലം മുതലേ വളരെ ഇഷ്ടപ്പെടുന്നു. മലയാള സിനിമയില്‍ നിന്നും വലിയ സാമ്പത്തികമൊന്നും ഉണ്ടായിട്ടില്ല. സ്വാതി തിരുനാള്‍ ആണ് എന്റെ ആദ്യ മലയാളം സിനിമ. അതിന്റെ ഷൂട്ടിംഗ് തിരുവനന്തപുരം, കന്യാകുമാരിയിലെ മാര്‍ത്താണ്ഡം എന്നിവിടങ്ങളിലായിരുന്നു. അനന്തപത്മനാഭസ്വാമിക്ഷേത്രമായി ആ ചിത്രത്തില്‍ കാണിക്കുന്നത് മാര്‍ത്താണ്ഡത്തിന് അടുത്തുള്ള തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രമാണ്.

ക്ഷേത്രത്തിനുള്ളിലെ കല്‍ത്തൂണുകള്‍ എല്ലാം അന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ തൂണുകള്‍ പോലെയാണ്. കരിങ്കല്ലില്‍ അത് പോലെ തന്നെ കൊത്തിയ തൂണുകളാണ്. കൊട്ടാരത്തിന്റെ ചിലഭാഗങ്ങളും മറ്റും തിരുവനന്തപുരത്ത് ഷൂട്ട് ചെയ്തിട്ടുണ്ട്. അനന്തപത്മനാഭസ്വാമിക്ഷേത്രത്തിന്റെ പുറംഭാഗം ആ ക്ഷേത്രത്തിന്റെ തന്നെയാണ് എടുത്തിരിക്കുന്നത്. സ്വാതിതിരുനാളിന്റെ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനും നല്ല സംവിധായകനായിരുന്നു. ഞാന്‍ ഇഷ്ടപ്പെടുന്ന രണ്ട് സംവിധാകയര്‍ കൂടിയുണ്ട് മലയാളത്തില്‍. ഹരിഹരനും ഭരതനും.

ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥയ്ക്കാണ് എനിക്ക് ആദ്യമായി മലയാളത്തില്‍ ദേശീയ അവാര്‍ഡ് കിട്ടുന്നത്. അദ്ദേഹത്തിന്റെ വടക്കന്‍വീരഗാഥയുടേയും പരിണയത്തിന്റേയുമെല്ലാം കലാസംവിധാനം ഞാന്‍ ചെയ്തിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥയ്ക്ക് വടക്കന്‍ പാട്ടിലെ പശ്ചാത്തലം ഒരുക്കിയതിനും ഉണ്ണിയാര്‍ച്ചയേയും ചന്തുവിനേയുമെല്ലാം ഒരുക്കിയെടുത്തതിനും കലാസംവിധാനത്തിനും വസ്ത്രാലങ്കാരത്തിനും എനിക്ക് രണ്ട് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു. മൈസൂറിനടുത്ത് വച്ചാണ് പരിണയത്തിന്റെ ഷൂട്ട് നടന്നത്. ആ ചിത്രത്തിലും കലാ സംവിധാനവും വസ്ത്രാലങ്കാരവും ഞാന്‍ ചെയ്തു.

നല്ലൊരു കലാസംവിധായകനും സംവിധായകനുമായ ഭരതന്റെ വൈശാലി എന്ന ചിത്രത്തിന്റെ കലാസംവിധാനവും വസ്ത്രാലങ്കാരവും ചെയ്യാനുള്ള ഭാഗ്യം എനിയ്ക്കുണ്ടായി. മൈസൂറിനടുത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു വൈശാലിയുടെ ഷൂട്ടിംഗ്. അവിടെയുള്ള പാറയിടുക്കുകളുടെ അടുത്തും കാട്ടില്‍ വച്ചുമൊക്കെയായിരുന്നു ഷൂട്ടിംഗ്. അതില്‍ ഒരുപാട് എനിക്ക് ചെയ്യാന്‍ ഉണ്ടായിരുന്നു. നദിയുടെ കരയിലെ പാറയില്‍ ചിത്രങ്ങള്‍ വരെ ഞാന്‍ വരച്ചിട്ടുണ്ട്.


പി കൃഷ്ണമൂര്‍ത്തി

അതിനുള്ളിലെ രാജകൊട്ടാരവും അമ്പലവും അമ്പലപറമ്പും എല്ലാം ഒരുപാട് വര്‍ക്ക് ചെയ്യാന്‍ ഉണ്ടായിരുന്നു. ഭരതന്‍ ഒരു കലാസംവിധായകന്‍ ആയിരുന്നത് കൊണ്ട് ഞാന്‍ ചെയ്യുന്നതെല്ലാം ഇഷ്ടപ്പെടുമായിരുന്നു. കടത്തുവള്ളത്തിനും നദിക്കരയിലും മറക്കാനാകാത്ത ഒരുപാട് വര്‍ക്കുകള്‍ വൈശാലിക്കുവേണ്ടി ചെയ്തു. ഭരതന്റെ വര്‍ക്ക് ചെയ്തു എന്ന ഒരു സന്തോഷം മാത്രമേ കിട്ടിയുള്ളൂ. സാമ്പത്തികം അധികമൊന്നും കിട്ടിയില്ല.

പെരുന്തച്ചന്റെ സെറ്റ് ചെയ്ത സംഭവം ഒരുപാട് ഓര്‍ക്കാനുണ്ട്. സംവിധായകന്‍ അജയന്‍ എന്നെയും കൊണ്ടാണ് ലൊക്കേഷനിലും പോയി മൂകാബികയ്ക്കടുത്ത് കുന്താപൂര്‍ എന്ന സ്ഥലമാണ് തെരഞ്ഞെടുത്തത്. അവിടെ ക്ഷേത്രവും കൊട്ടാരം പോലുള്ള വീടുകളും ഉണ്ടായിരുന്നു. ബാക്കി പണി ഞാന്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ അതെല്ലാം കൊട്ടാരമായി മാറി. പെരുന്തച്ചന്‍ ചെയ്ത മേല്‍ക്കൂടിന്റെ തടിപ്പണി മുഴുവന്‍ ഞാനാണ് ചെയ്തത്. തോടിന് കുറുകെയുള്ള പാലവും അതിലെ പെരുന്തച്ചന്ഡറെ പാവയേയും പെരുന്തച്ചന്റെ മകന്റെ പാവയേയും ഉണ്ടാക്കി.

ഈ സിനിമയിലെ വസ്ത്രാലങ്കാരവും ഞാനാണ് ചെയ്തത്. പെരുന്തച്ചന്‍, രാജാവ്, രാജകുമാരി എന്നിവരുടെയെല്ലാം വസ്ത്രങ്ങള്‍ എംടിയുടെ സ്‌ക്രിപ്റ്റ് മനസ്സിലാക്കി അതിന് അനുസരിച്ച് ചെയ്ത് കൊടുക്കുകയായിരുന്നു. അവിടെ ഒരു ക്ഷേത്രത്തിന്റെ മുകള്‍ ഭാഗത്തെ ഓടുമൊക്കെ ഇളക്കിയിട്ട് ഷൂട്ട് ചെയ്തിട്ടുണ്ട്. കുന്താപൂര്‍ പെരുന്തച്ചന്റെ ഷൂട്ടിംഗിന് പറ്റിയ സ്ഥലം തന്നെയായിരുന്നു.


പല കലാകാരന്‍മാരും നന്നായി മദ്യപിക്കും. താങ്കള്‍ മദ്യപിക്കാറുണ്ടോ?

ഇല്ല. പുകവലിക്കാറില്ല. പെണ്‍വിഷയങ്ങളില്‍ ഒന്നിനും പോകാറില്ല. ഒരു തെറ്റും ചെയ്യാതെ വളരെ നല്ലവനായി തന്നെയാണ് ജീവിച്ചത്. എന്നിട്ടും ഞാന്‍ ജോലി ചെയ്ത് ഉണ്ടാക്കിയ കാശ് കൊണ്ട് പണിയിച്ച വീട് എനിക്ക് വില്‍ക്കേണ്ടി വന്നു. ഞാന്‍ വര്‍ക്കിന് പോയ സെറ്റിലെ പല സംവിധായകരും നന്നായി മദ്യപിക്കുമായിരുന്നു. അങ്ങനെയൊക്കെയുള്ള സംവിധായകരുടെ കൂടെ നിന്ന് മദ്യപിക്കാതെ ജോലി ചെയ്യുന്നതും ബുദ്ധിമുട്ടാണ്. ഇതൊന്നും തൊടില്ല എന്നൊരു വാശി എനിക്കുണ്ടായിരുന്നത് കൊണ്ട് ഞാന്‍ ഒരു കുഴപ്പത്തിലും ചെന്ന് ചാടിയില്ല. പിന്നെ എന്നിലുണ്ടായിരുന്ന ദൗര്‍ബല്യം കണക്ക് പറഞ്ഞ് കാശ് മേടിക്കാന്‍ അറിയില്ല എന്നുള്ളതാണ്. ഇപ്പോള്‍ ആകെ ബുദ്ധിമുട്ടുകയാണ്. വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ എന്റെ അവാര്‍ഡുകള്‍ വയ്ക്കാനുള്ള സ്ഥലം പോലുമില്ല. ദേശീയ അവാര്‍ഡുകള്‍ എല്ലാം കൂടി ഒരു ബാഗിനുള്ളിലും. സംസ്ഥാന അവാര്‍ഡുകള്‍ പൊടി പിടിച്ച് ഒരു പെട്ടിയ്ക്കുള്ളിലും കിടക്കുന്നു.

താങ്കള്‍ എന്ത് ചികിത്സയ്ക്കാണ് അവാര്‍ഡ് വിറ്റത്?

എനിക്കും ഒരു ഹൃദയമുണ്ടെന്ന് മനസ്സിലായി. ആ ഹൃദയത്തിന് അസുഖം വന്നപ്പോള്‍ കയ്യില്‍ കാശില്ലാതെ ഇരിക്കുകയായിരുന്നു. കാശല്ലാതെ ഹൃദയം നോക്കാതിരുന്നെങ്കില്‍ എന്റെ ജീവന്‍ അന്നേ തീരുമായിരുന്നു. ഹൃദയത്തിന്റെ ശസ്ത്രക്രിയ നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്‌കാരം വില്‍ക്കേണ്ടി വന്നു. എന്റെ ജീവന്‍ രക്ഷിച്ചത് കലൈമാമണി പുരസ്‌കാരം ആണെന്ന് പറയാം.

കലാ സംവിധാനത്തിനുവേണ്ടി താങ്കളെ തിരക്കി ഇപ്പോള്‍ ആരെങ്കിലും വരാറുണ്ടോ?

വീടില്ലാതെ വാടക കൊടുത്ത് ബുദ്ധിമുട്ടുന്ന എന്നെ തിരക്കി ആര് വരാന്‍. ആരെങ്കിലും വന്നാല്‍ ഇനിയും ഞാന്‍ കലാസംവിധാനം ചെയ്യും. കേരളത്തില്‍ നിന്ന് ചലച്ചിത്ര അക്കാദമിയും ആര്‍ട്ട് ഡയറക്ടേഴ്‌സ് യൂണിയനും എന്നെ സഹായിച്ചിട്ടുണ്ട്. എനിക്ക് സ്വന്തം വീട്ടില്‍ താമസിക്കണമെന്നും പെട്ടിയിലും മറ്റും കിടന്ന് നശിക്കുന്ന എന്റെ അവാര്‍ഡുകള്‍ ആ വീട്ടില്‍ സൂക്ഷിക്കണമെന്നും ആഗ്രഹമുണ്ട്. നടക്കുമോയെന്ന് അറിയില്ല. നരകിക്കുക എന്നുള്ളതാകും ഞങ്ങളുടെ വിധി. തമിഴ്‌നാട് സര്‍ക്കാര്‍ ഒരു വീട് വച്ചു തന്നിരുന്നെങ്കില്‍ വാടക കൊടുക്കുന്ന കാശ് കൊണ്ട് ജീവിക്കാമായിരുന്നു. തമിഴ്‌നാട് സര്‍ക്കാരോ മറ്റാരെങ്കിലുമോ സഹായിച്ചാല്‍ ഞാനും ഭാര്യയും രക്ഷപ്പെടും.Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More