തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ കാരണം ജോമോന്‍: സംവിധായകന്‍ സംസാരിക്കുന്നു

മലയാളികളെ സ്‌കൂള്‍ ജീവിതത്തിന്റെ നൊസ്റ്റാള്‍ജിയയിലേക്ക് തള്ളിവിട്ടുകൊണ്ട് തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. അതിഭാവുകത്വത്തിന്റെ കൂട്ട് പിടിക്കാതെ, യാഥാര്‍ഥ്യങ്ങളെ സ്‌ക്രീനിലെത്തിച്ച സിനിമയുടെ സംവിധായകന്‍ ഗിരീഷ് എ ഡി അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി സംസാരിക്കുന്നു.

ഇപ്പോ തണ്ണീര്‍മത്തന്‍ ദിനങ്ങളാണല്ലോ എല്ലാം. ആദ്യത്തെ സിനിമ. കണ്ടിറങ്ങുന്നവരൊക്കെ നല്ല അഭിപ്രായം പറയുന്നു. എന്താണ് ഇപ്പോ തോന്നുന്നത്?

നല്ല സന്തോഷമുണ്ട്. സത്യത്തില്‍ ഇത്രയുമൊന്നും പ്രതീക്ഷിരുന്നില്ല. അതിനുമൊക്കെ മേലെയാണ് റിവ്യൂസ്. ഫേസ്ബുക്കിലൊക്കെയായാലും കുറേപേര്‍ നല്ല അഭിപ്രായം പറഞ്ഞുകണ്ടു. പലരും പറയുന്നുകണ്ട് സ്‌കൂള്‍ ലൈഫ് നന്നായി കാണിച്ചു എന്നാണ്. അതിലൊക്കെ നല്ല സന്തോഷമാണ്.

പിന്നെ ഇപ്പോ മലയാളികള്‍ സിനിമ കാണുന്ന ശൈലിയും മാറി. നല്ല കഥ, റിയലിസ്റ്റിക്കായി പറയുന്നതും സ്വീകരിക്കപ്പെടുന്നുണ്ട്. തമാശ, സുഡാനി ഫ്രം നൈജീരിയ അങ്ങനെയുള്ള സിനിമകളൊക്കെ ഉദാഹരണങ്ങളാണ്. അതുകൊണ്ട് കൂടെയാണ് എന്റെ സിനിമയും ഒരു താരനിര ഇല്ലാതരുന്നിട്ടും സ്വീകരിച്ചത്.

ജാതിക്കാത്തോട്ടം കേരളം ഏറ്റെടുത്ത പാട്ടാണ്. അത് പ്രതീക്ഷിച്ചിരുന്നോ?

അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. ട്രെയിലര്‍ ഇറക്കിയപ്പോഴും പാട്ട് ഇറങ്ങിയപ്പോഴും നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ അത് ഹിറ്റായി. ജാതിക്കാത്തോട്ടം പാട്ട് ആയാലും ശ്യാമവര്‍ണ രൂപിണി എന്ന പാട്ടായാലും രണ്ടും ട്രെന്‍ഡിംഗായിരുന്നു. അത് രണ്ടും സിനിമയിലും നല്ല പ്രാധാന്യമുള്ള പാട്ടുകളാണ്. ഇപ്പോള്‍ മലയാള സിനിമയില്‍ പണ്ടത്തെപ്പോലെ ധാരാളം പാട്ടുകളൊന്നും ഉണ്ടാകാറില്ല. കഥയ്ക്ക് അനുയോജ്യമാകുന്ന തരത്തില്‍ പാട്ട്. അതാണല്ലോ ശൈലി. ഇപ്പോ സിനിമയിലെ പാട്ടുകള്‍ അങ്ങനെ തന്നെയാണ്.

കഥയെ കാണിക്കുന്ന പാട്ട്. ജാതിക്കാത്തോട്ടം ജെയ്‌സണിന്റെയും കീര്‍ത്തിയുടെയും റിലേഷന്‍ കൃത്യമായി കാട്ടുന്ന പാട്ടാണ്. ശ്യാമവര്‍ണരൂപിണി ആണെങ്കില്‍ പക്കാ സ്‌കൂള്‍ ടൂര്‍ കാണിക്കുന്നതും. ആ രംഗങ്ങളൊക്കെ പാട്ടല്ലാതെ കാണിച്ചിരുന്നെങ്കില്‍ ഇത്ര എഫക്ടീവാകില്ലായിരുന്നു. മാത്രവുമല്ല, ടൂറിന്റെ കാര്യത്തില്‍ ഒരു ടൂര്‍ മുഴുവന്‍ ഒരു നാല് മിനിറ്റ് പാട്ടില്‍ കാണിക്കാനായി. ധാരാളം സീനുകള്‍ പാട്ടിലൂടെ കാണിക്കാനായി. ഭാഗ്യത്തിന് പാട്ടുകളും എല്ലാവര്‍ക്കും ഇഷ്ടമായി.

ആളുകള്‍ക്കിഷ്ടപ്പെട്ട പാട്ടിന് പിന്നിലെ കഥകളെന്തൊക്കെയാണ്?

തണ്ണീര്‍മത്തന്റെ സംഗീതസംവിധാനം ചെയ്തിരിക്കുന്നത് ജെസ്റ്റിന്‍ വര്‍ഗീസാണ്. സിനിമയില്‍ ഏറ്റവും താമസിച്ച് ജോയിന്‍ ചെയ്തതാണ് അദ്ദേഹം. മറ്റ് സിനിമകളുടെയൊക്കെ തിരക്കുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. പാട്ടെഴുതിയ സുഹൈലും അതുപോലെ അവസാനം സിനിമയുടെ ഭാഗമായവരാണ്. പക്ഷേ നന്നായി അവര്‍ വര്‍ക്ക് ചെയ്തു. ഞങ്ങളോടൊപ്പം അവര്‍ നിന്നു. ജാതിക്കാത്തോട്ടം പാട്ട് വിഷ്വലിയും അല്ലാണ്ട് അത് കാണാതെയും കേള്‍ക്കാം. പക്ഷേ മറ്റ് പാട്ടുകള്‍ അങ്ങനെയല്ല, കഥയിലൂടെ പോകുന്നതാണ്. പാട്ടുകളെല്ലാം കൃത്യമായി തന്നെ സിനിമയില്‍ പ്ലേസ് ചെയ്യാനായി. അതും എടുത്ത് പറയണം. മുഴച്ചുനില്‍ക്കാതെ കൃത്യസ്ഥലങ്ങളില്‍ വന്നു.

വിനീത് ശ്രീനിവാസന്‍

സിനിമയില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് വിനീത് ശ്രീനിവാസന്‍ ചെയ്ത രവി പത്മനാഭന്‍ എന്ന അധ്യാപകന്‍. അദ്ദേഹത്തിലേക്ക് എത്തിയതെങ്ങനെ? അഭിനയിപ്പിച്ച അനുഭവങ്ങള്‍?

രവി പത്മനാഭന്‍ എന്ന കഥാപാത്രം പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ആ റോള്‍ ചെയ്യാന്‍ അത്രയും നല്ലൊരു ആര്‍ട്ടിസ്റ്റ് ഞങ്ങള്‍ക്ക് വേണമായിരുന്നു. ഒരുപാട് പേരെ അതിനായി നോക്കിയിരുന്നു. ആദ്യമൊന്നും വിനീത് ശ്രീനിവാസനെന്ന പേര് ഞങ്ങളുടെ മനസിലേക്കെത്തിയില്ല. പിന്നീടൊരിക്കല്‍ പ്രൊഡ്യൂസറായ ജോമോന്‍ ചേട്ടനാണ് വിനീത് ചെയ്താല്‍ എങ്ങനെയായിരിക്കുമെന്ന് ചോദിച്ചത്. അപ്പോഴാണ് അങ്ങനെ ചിന്തിച്ചത്. സിനിമയില്‍ രവി പത്മനാഭന്‍ ഒരു മലയാളം അധ്യാപകനാണ്, കവിതയൊക്കെ ചൊല്ലുന്ന ഒരു ചെറുപ്പക്കാരനായ അധ്യാപകന്‍. വിനീതേട്ടനോട് അങ്ങനെ കഥ പറഞ്ഞു. ചേട്ടന്‍ സമ്മതിച്ചു. അതും കഴിഞ്ഞാണ് കഥ ശരിയായി വളര്‍ന്നത്. എഴുതുന്ന സമയത്ത്.

ഞാന്‍ ആദ്യമായിട്ടാണ് ഒരു സെലിബ്രിറ്റിയുമായി വര്‍ക്ക് ചെയ്യുന്നത്. ഷൂട്ട് സമയത്ത് ആദ്യം ഞങ്ങള്‍ക്കൊക്കെ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. പടത്തിന്റെ സെക്കന്റ് ഷെഡ്യൂളിലാണ് വിനീതേട്ടന്റെ സീനുകള്‍. പുള്ളി ഈ കുട്ടികളുമായും ഞങ്ങളുമായൊക്കെ യോജിക്കുമോ എന്നൊക്കെയായിരുന്നു ടെന്‍ഷന്‍. പക്ഷേ ആദ്യത്തെ ദിവസം കഴിഞ്ഞതോടെ നമ്മളെല്ലാം ഒരു ടീം ആയി. ഷൂട്ട് ഇല്ലാത്തപ്പോഴും പുള്ളി കാരവാനിലൊന്നും പോകാതെ ഞങ്ങള്‍ക്കൊപ്പമൊക്കെ ഇരിക്കുമായിരുന്നു. ഇപ്പോ സിനിമ കണ്ടിറങ്ങുന്നവരും പുള്ളിയുടെ ക്യാരക്ടറിനെപ്പറ്റി നല്ലതാണ് പറയുന്നത്.

ചിത്രത്തിന്റെ നെടുംതൂണുകള്‍ കീര്‍ത്തിയും ജെയ്‌സണുമാണ്. ആ രണ്ട് കുട്ടികള്‍. മാത്യുവും അനശ്വരയും.

അനശ്വരയിലേക്കെത്തിയത് ‘ഉദാഹരണം സുജാത’ കണ്ടിട്ടാണ്. കഥയെഴുതുന്ന സമയത്തായിരുന്നു അതിന്റെ റിലീസ്. അപ്പോള്‍ മനസില്‍ കരുതിയതാണ് അനശ്വര കീര്‍ത്തിയാകും എന്ന്. ജെയ്‌സണിന്റെ റോള്‍ ചെയ്ത മാത്യുവിലേക്ക് അവസാനമാണ് എത്തിയത്. കുമ്പളങ്ങി നൈറ്റ്‌സ് കണ്ടിട്ടാണ് അതിലേക്ക് എത്തിയത്. ജെയ്‌സണ്‍ എന്ന 14 വയസുകാരന്റെ മട്ടും ഭാവവുമൊക്കെ കണ്ടത് മാത്യുവിനാണ്. അങ്ങനെയാണ് മാത്യുവിനെ ഉറപ്പിച്ചത്. എല്ലാവര്‍ക്കും രണ്ടുപേരെയും ഇഷ്ടമായി. അവര്‍ നന്നായി ചെയ്യുകയും ചെയ്തു.



ഇവര്‍ക്ക് പുറമെയുള്ള കുട്ടികളും സ്‌ക്രീനില്‍ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. കുട്ടികളെ അഭിനയിപ്പിക്കാന്‍ ബുദ്ധിമുട്ടിയോ?

ശരിക്കും എനിക്ക് ഒട്ടും ബുദ്ധിമുട്ട് തോന്നിയില്ല. കുട്ടികളെ അഭിനയിപ്പിക്കാനാണ് എനിക്കേറ്റവും ഇഷ്ടം. അവരെ പെട്ടെന്ന് നമുക്ക് മോള്‍ഡ് ചെയ്‌തെടുക്കാം. കഥാപാത്രമാക്കി കൊണ്ടുവരാന്‍ പറ്റും. അവര്‍ സാധാരണ ലോകത്ത് നില്‍ക്കുന്നവരാണ്. ഇതിലെ കുട്ടികളുടെ കഥാപാത്രങ്ങളെ ഓഡിഷന്‍ നടത്തിയാണ് തെരഞ്ഞെടുത്തത്. ആദ്യം ഞങ്ങള്‍ അവരെ ഒന്ന് പരിശീലിപ്പിച്ചിരുന്നു. ഒരു ചെറിയ ട്രെയിനിംഗ് നല്‍കി. സീനുകള്‍ ഒക്കെ ചെയ്യിപ്പിച്ചു. സിനിമ ഷൂട്ട് തുടങ്ങുമ്പോഴേക്ക് ഇവരൊക്കെ അതെല്ലാം പഠിച്ചു. ഒരു ബുദ്ധിമുട്ടും തോന്നിയില്ല.

താങ്കള്‍ മുമ്പ് ചെയ്ത ഷോര്‍ട്ട് ഫിലിം വിശുദ്ധ അംബ്രോസ് ആയാലും, ഇപ്പോള്‍ ആദ്യത്തെ സിനിമയിലും കഥ കുട്ടികളുടേതാണ്. അതെന്താണ് അങ്ങനെ?

നേരത്തെ പറഞ്ഞതുപോലെ എനിക്കിഷ്ടമാണ് കുട്ടികളുടെയൊപ്പം വര്‍ക്ക് ചെയ്യാന്‍. എനിക്ക് ആ കാലഘട്ടം വളരെ ഇഷ്ടമാണ്, പ്രധാനപ്പെട്ടതാണ്. മാത്രവുമല്ല, കുട്ടികളുടെ പ്രേമം, നിരാശ അതൊക്കെയായലും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അതൊക്കെ എനിക്ക് ഡീറ്റെയില്‍ഡ് ആയി പറയാന്‍ പറ്റും. എനിക്ക് അങ്ങനെ വിശ്വാസമുണ്ട്. അതാണ് അങ്ങനെ വരുന്നത്.

മനസില്‍ കണ്ട തണ്ണീര്‍മത്തന്‍ ദിനങ്ങളാണോ തീയറ്ററില്‍ കണ്ടത്?

മനസില്‍ കണ്ട, അല്ലെങ്കില്‍ കഥയെഴുതിയപ്പോള്‍ വിചാരിച്ച ആ മൂഡ് സെറ്റ് ചെയ്യാന്‍ പറ്റി. പ്രേക്ഷകരിലേക്ക് ആ ഫീലിംഗ് എത്തിക്കാനായി. പിന്നെ, കഥയെഴുതിയപ്പോള്‍ മനസില്‍ കണ്ട വിഷ്വല്‍സും സ്ഥലവുമല്ല. അതിന് പറ്റിയ ലൊക്കേഷന്‍ ബുദ്ധിമുട്ടാണ്. അല്ലെങ്കില്‍ ലൊക്കേഷന്‍ ഇടേണ്ടിവരും. ഇപ്പോള്‍ സ്‌കൂളൊക്കെ ഷൂട്ട് ചെയ്യുമ്പോള്‍, മനസില്‍ വിചാരിക്കുന്ന സ്‌കൂള്‍ കിട്ടില്ലല്ലോ. കുട്ടികള്‍ തന്നെയായിരിക്കണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അത് അങ്ങനെ തന്നെ വന്നു. കുട്ടികള്‍ സംസാരിക്കുന്നതും സാധാരണ വിഷയങ്ങളും അതുപോലെയുള്ള ശൈലിയും വരണമെന്നുണ്ടായിരുന്നു. സൗഹൃദവും ഗ്യാങ്ങുകളുമൊക്കെ ഓവര്‍ ഗ്ലോറിഫൈ ചെയ്യരുതെന്നുണ്ടായിരുന്നു. സാധാരണ സിനിമകളില്‍ കാണുമ്പോലെ ബാക്ക് ബെഞ്ചര്‍ സെറ്റപ്പിലൊന്നുമല്ല ഞാനും പഠിച്ചത്. റൊട്ടേഷനൊക്കെ ഉണ്ടായിരുന്നു അന്നും. അതൊക്കെ വിചാരിച്ച പോലെ എത്തിക്കാനായി.

കഥയെഴുതി സംവിധാനം ചെയ്ത് റിലീസ് ചെയ്യുന്നതുവരെയുള്ള വെല്ലുവിളികള്‍?

കഥയൊക്കെ എഴുതി പ്രൊഡ്യൂസര്‍മാര്‍ക്ക് പറഞ്ഞ് അവരെ കണ്‍വിന്‍സ് ചെയ്യിക്കുകയെന്നത് കുറച്ച് ബുദ്ധിമുട്ടായിരുന്നു. കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളായതായിരുന്നു പ്രധാന കാരണം. വലിയ താരങ്ങളൊന്നുമില്ലാത്തതും കാരണമായി. പലര്‍ക്കും കഥ ഇഷ്ടമായെങ്കിലും ഇതൊക്കെ പ്രശ്‌നമായി. അപ്പോള്‍ ഞങ്ങള്‍ തന്നെ വിചാരിച്ചു, വേറെ കഥയെഴുതാം, വലിയ താരങ്ങളെ വെച്ച് എടുക്കാം എന്നൊക്കെ. ആയിടയ്ക്കാണ് മൂക്കുത്തിയെന്ന ഷോര്‍ട്ട് ഫിലിം ചെയ്തത്. ആ വഴിയാണ് പ്രൊഡ്യൂസര്‍മാരായ ജോമോന്‍ ടി ജോണിലേക്കും ഷമീറിലേക്കും എത്തിയത്.

ക്യാമറ കൈകാര്യം ചെയ്തതും പ്രൊഡ്യൂസ് ചെയ്തതിലൊരാളുമാണല്ലോ ജോമോന്‍ ടി ജോണ്‍. അദ്ദേഹവുമായുള്ള അനുഭവം?

സത്യത്തില്‍ സിനിമ ഉണ്ടാകാന്‍ കാരണം എന്റെ പ്രൊഡ്യൂസര്‍മാരാണ്. കഥ പറഞ്ഞപ്പോള്‍ അവര്‍ക്ക് മനസിലായതും അവരത് ചെയ്യാന്‍ തീരുമാനിച്ചതുമാണ് വഴിത്തിരിവ്. ഞാന്‍ കഥ പറഞ്ഞപ്പോള്‍ മനസില്‍ കണ്ടത് അവര്‍ക്ക് മനസിലാക്കാന്‍ പറ്റി. അവര്‍ വന്നില്ലായിരുന്നെങ്കില്‍ സിനിമയാകില്ലായിരുന്നു. അതിന് കാരണം അവര്‍ കഥ മനസില്‍ കണ്ടിരുന്നു. അവര്‍ക്ക് ഞാന്‍ പറഞ്ഞത് കണ്‍വിന്‍സായി എന്നതാണ്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More