ഉര്‍വശി ശാരദയും ലോട്ടസ് ചോക്ലേറ്റും പിന്നെ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരും

കറുപ്പിലും വെളുപ്പിലും മലയാള സിനിമ കളിച്ചിരുന്നൊരു കാലം. അന്ന് എല്ലാവരും ഇഷ്ടപ്പെട്ടിരുന്നതും കൂടുതല്‍ ആളുകള്‍ കാണുന്നതും കുടുംബകഥകളായിരുന്നു. അവയിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ ഒരു നടിയുണ്ട്. തെലുങ്കില്‍ നിന്നും തമിഴ് വഴി മലയാളത്തില്‍ എത്തിയ ശാരദ. ആന്ധ്രാപ്രദേശിന്റെ പുത്രി മലയാളത്തിന്റെ മാനസ പുത്രിയായി മാറി. ദേശീയ അവാര്‍ഡ് നേടിയ അവര്‍ ഉര്‍വശി ശാരദയായി മാറി. ശാരദയുടെ ചെന്നൈയിലെ വീട്ടില്‍ വച്ച് രാജശേഖരന്‍ പിള്ള എടുത്ത അഭിമുഖം.

ഉര്‍വശി ശാരദയ്ക്ക്‌ ദു:ഖപുത്രിയെന്നൊരു വിളിപ്പേരുണ്ടല്ലോ. ജീവിതത്തില്‍ എങ്ങനെയാണ്?

പഴയ കാലത്ത് സ്ത്രീകളുടെ ജീവിതം പുറത്തേക്ക് അധികം വരാന്‍ പാടില്ലല്ലോ. അടുക്കളയിലും സ്വാതന്ത്ര്യമില്ലാതെ വീട്ടിലും കഴിഞ്ഞിരുന്ന സ്ത്രീകളെ അവതരിപ്പിക്കാനാണ് എനിക്ക് അവസരം കിട്ടുന്നത്. അങ്ങനെയുള്ള സ്ത്രീകളെ അവതരിപ്പിക്കുമ്പോള്‍ കരയാതെ ചിരിച്ചു കൊണ്ട് അഭിനയിക്കാന്‍ പറ്റുമോ. ആ കഥാപാത്രങ്ങളുടെ ദു:ഖം കാണികളിലേക്ക് എത്തിക്കണമെങ്കില്‍ നന്നായി കരഞ്ഞു തന്നെ അഭിനയിക്കണം. എന്നെ ദു:ഖപുത്രി എന്ന് ഓരോരുത്തര്‍ വിളിക്കുമ്പോള്‍ ഉള്ളില്‍ ചിരിയാണ് വരുന്നത്. ബേസിക്കലി ഞാന്‍ അങ്ങനെയല്ല. മലയാള ചലച്ചിത്രങ്ങളിലാണ് ദു:ഖം നിറഞ്ഞ വേഷങ്ങള്‍ ചെയ്തിട്ടുള്ളത്. തെലുങ്ക് സിനിമകളില്‍ മുഴുവന്‍ വ്യത്യസ്ത വേഷങ്ങളായിരുന്നു ചെയ്തിട്ടുള്ളത്.

തെലുങ്കില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷം ചെയ്തു. ഞാന്‍ പൊലീസ് വേഷം അഭിനയിക്കുന്നുവെന്ന് കേട്ടപ്പോള്‍ പലരും സംശയിച്ചു, ഇവര്‍ എങ്ങനെ പൊലീസ് ഓഫീസറുടെ വേഷം അഭിനയിക്കും. ഫാമിലി ടൈപ്പ് കഥാപാത്രങ്ങളല്ലേ ഇവര്‍ അഭിനയിക്കുന്നത് എന്നൊക്കെ. മലയാള സിനിമയായ തുലാഭാരമാണ് ഇത്തരത്തിലൊരു ഇമേജ് എനിക്ക് നേടി തന്നത്.

തുലാഭാരത്തില്‍ ശാരദ

ഉര്‍വശി അവാര്‍ഡ് നേടിത്തന്ന തുലാഭാരത്തിനെ കുറിച്ച് പറയാമോ?

ആ സിനിമകളുടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ ഞാന്‍ അഭിനയിച്ചു. നാലു ഭാഷകളിലും ആ ചിത്രം വന്‍ വിജയമായിരുന്നു. തുലാഭാരം എനിക്ക് ദേശീയ അവാര്‍ഡ് നേടി തന്ന ചിത്രം മാത്രമല്ല. ഒരേ വേഷം തന്നെ നാലുഭാഷകളില്‍ അഭിനിയിക്കാനുള്ള അവസരവും ഒരുക്കി തന്ന ചിത്രമാണ്. അത് എന്റെ വിധിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ സിനിമയെപ്പറ്റി പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല.

ലോകസിനിമയില്‍ ഒരു ആര്‍ട്ടിസ്റ്റിനും കിട്ടാത്ത ഭാഗ്യമാണ് എനിക്ക് വിന്‍സന്റ് മാഷും തോപ്പില്‍ ഭാസി സാറും ഹരിപോത്തന്‍ സാറും കൂടെ നേടിത്തന്നത്‌. അതില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് 22 വയസ്സ് മാത്രമേയുള്ളൂ. എന്നെക്കൊണ്ട് ആ റോള്‍ ചെയ്യിക്കാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം കിട്ടിയെന്ന് ഞാന്‍ ആലോചിക്കും. വിന്‍സന്റ് മാഷ് പറഞ്ഞാല്‍ പിന്നെ എല്ലാവര്‍ക്കും യെസ് ആണ്. മാഷിനെ എല്ലാവരും ബഹുമാനിച്ചിരുന്നു. മാഷിന്റെ ഒട്ടേറെ ചിത്രങ്ങളില്‍ എനിക്ക് നല്ല വേഷങ്ങള്‍ കിട്ടിയിട്ടുണ്ട്. തുലാഭാരവും നദിയും ത്രിവേണിയുമൊന്നും എനിക്ക് മറക്കാന്‍ കഴിയുകയില്ല. ഒരു വേനല്‍കാലത്തായിരുന്നു നദിയുടെ ഷൂട്ടിങ്. ആലുവാപ്പുഴയുടെ തീരത്തും ചെന്നൈയിലെ സ്റ്റുഡിയോയിലുമായിരുന്നു ചിത്രീകരണം നടന്നത്. ചിത്രം കാണുമ്പോള്‍ ആലുവാപ്പുഴയുടെ തീരത്ത് മാത്രമാണ് ഷൂട്ട് ചെയ്തത് എന്ന് തോന്നും.

നദിയില്‍ ശാരദ

പുഴയില്‍ കിടക്കുന്ന വള്ളങ്ങള്‍ സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ഷൂട്ട് ചെയ്തത്. ആലുവാപ്പുഴയുടെ തീരവും ചെന്നൈയിലെ സെറ്റും കാണികളെ അറിയാക്കാതെ ഷൂട്ട് ചെയ്തത് വിന്‍സന്റ് മാഷിന്റെ മിടുക്കാണ്. ത്രിവേണി എന്ന ചിത്രം ചെയ്യുമ്പോള്‍ കായലില്‍ ഇറങ്ങാനും ചെറിയ തുഴ വച്ച് വള്ളം തുഴയാനും മാഷ് പഠിപ്പിച്ചു. വിന്‍സന്റ് മാഷിന്റെയൊക്കെ പടത്തില്‍ അഭിനയിക്കണമെങ്കില്‍ കഴിവും ഭാഗ്യവും വേണം. അതുമാത്രമല്ല നിങ്ങളുടെയെല്ലാം നല്ല മനസ്സും പ്രോത്സാഹനവുമാണ് എന്നെ ഉയരത്തില്‍ എത്തിച്ചിട്ടുള്ളത്. അത് എനിക്ക് ഒരിക്കലും മറക്കുവാന്‍ കഴിയുകയില്ല.

ശാരദയ്ക്ക്‌ നാടകവുമായി ബന്ധമുണ്ടായിരുന്നോ?

വളരെ പ്രശസ്തമായ ഡ്രാമയായിരുന്ന രക്തക്കണ്ണീര്‍ എന്ന നാടകത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എനിക്കന്ന് പതിനാല് വയസ്സാണ്. സാരിയുടുക്കാന്‍ അറിയാത്ത പ്രായത്തിലാണ് സാരിയുടുത്ത വലിയ സ്ത്രീയായി ഞാന്‍ അഭിനയിച്ചത്. അങ്ങനെ കുട്ടിക്കാലത്ത് തന്നെ മുതിര്‍ന്ന വേഷങ്ങള്‍ എനിക്ക് കെട്ടേണ്ടി വന്നു. പതിമൂന്നാമത്തെ വയസ്സിലും ഞാന്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. അക്കാലത്ത് സ്ത്രീകളെ അഭിനയിക്കാന്‍ കിട്ടില്ല. എന്നെപ്പോലെയുള്ള കുട്ടികളെ കിട്ടിയില്ലെങ്കില്‍ പുരുഷന്‍മാര്‍ തന്നെ സ്ത്രീ വേഷം കെട്ടുകയാണ് പതിവ്.

ആറ് വയസ്സു മുതല്‍ പന്ത്രണ്ടു വയസ്സുവരെ ഞാന്‍ ഭരതനാട്യം പഠിച്ചു. മലയാളത്തില്‍ ദു:ഖപുത്രിയായി അഭിനയിച്ചതിനാല്‍ ഒരു സിനിമയിലും എനിക്ക് ഡാന്‍സിന് അവസരം ലഭിച്ചിട്ടില്ല. തെലുങ്ക് സിനിമയില്‍ ഡാന്‍സിന് അവസരം കിട്ടിയിട്ടുണ്ട്. അന്ന് നാടകത്തില്‍ സ്ത്രീകളെ തൊട്ട് അഭിനയിക്കാന്‍ സമ്മതിക്കുമായിരുന്നില്ല. ഹീറോ ദൂരെ മാറി നിന്നിട്ട് നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു എന്ന് പറയും. അല്ലാതെ ശരീരത്തില്‍ തൊടാനൊന്നും സമ്മതിക്കുകയില്ലായിരുന്നു.

കമ്മ്യൂണിസ്റ്റുകാരുടെ നാടകത്തിലായിരുന്നു അന്ന് അഭിനയിച്ചത്. മുന്തടുക് എന്ന നാടകവും
മാഭൂമി എന്ന നാടകവും കളിച്ചു. മാഭൂമി എനിക്ക് ലൈഫ് തന്ന നാടകമാണ്. അമ്മൂമ്മയുടെ മേല്‍നോട്ടത്തില്‍ അങ്ങനെ കുറച്ചു നാള്‍ നാടകം അഭിനയിച്ചു. സിനിമയിലേക്ക് വന്നതിന്‌ശേഷമാണ് നാടക അഭിനയം നിര്‍ത്തിയത്. ക്യാമറയുടെ മുന്നിലും സ്റ്റേജിലും അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. അതിനാല്‍ രണ്ട് രീതിയിലുള്ള അഭിനയത്തിന്റെ വ്യത്യാസം മനസ്സിലാക്കാന്‍ സാധിച്ചു.

ഇണപ്രാവുകള്‍ സിനിമ പോസ്റ്റര്‍

മലയാളത്തില്‍ ഏത് ചിത്രത്തിലാണ് ശാരദ ആദ്യം അഭിനയിച്ചത്? അതില്‍ എങ്ങനെ അവസരം ലഭിച്ചു?

ഉദയാ സ്റ്റുഡിയോയുടെ കുഞ്ചാക്കോ സാറിനെ കുറിച്ചും മെരിലാന്റ് സ്റ്റുഡിയോയുടെ സുബ്രഹ്മണ്യം സാറിനെ കുറിച്ചും ഞാന്‍ എഴുതിയിട്ടുണ്ട്. അവര്‍ രണ്ടു പേരും സിംഹങ്ങളായിരുന്നു. അവര്‍ സിനിമയ്ക്കുവേണ്ടി ജനിച്ചവരായിരുന്നു. അവരെപ്പോലെ മറ്റാരുമില്ലായിരുന്നു. ഉദയയുടെ ഇണപ്രാവുകള്‍ എന്ന സിനിമയ്ക്ക് ഒരു നടിയെ ആവശ്യമുണ്ടായിരുന്നു. സത്യന്‍ സാറിനോടും നസീര്‍ സാറിനോടുമൊപ്പം അഭിനയിക്കാന്‍ ഒരു നടിയെ അവര്‍ വളരെയധികം അന്വേഷിച്ചിട്ടും കിട്ടിയില്ല. ആ സമയത്ത് സൗണ്ട് എഞ്ചിനീയര്‍ കണ്ണന്‍ പറഞ്ഞു തെലുങ്കില്‍ അഭിനയിക്കുന്ന ശാരദ എന്ന നടി, തമിഴില്‍ അരുണഗിരിനാഥന്‍ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമ ഒന്നു കണ്ടാല്‍ ആ നടിയെ കുറിച്ച് മനസ്സിലാകും. ഉടന്‍ തന്നെ കുഞ്ചാക്കോ സാര്‍ ആ സിനിമ വരുത്തി കണ്ടു. അദ്ദേഹത്തിന് എന്റെ അഭിനയം ഇഷ്ടപ്പെട്ടു. അങ്ങനെ മലയാളത്തിലേക്ക് കടക്കാന്‍ അദ്ദേഹം അവസരം തന്നു. ഇണപ്രാവുകള്‍ എന്ന സിനിമയില്‍ റാഹേല്‍ എന്ന കഥാപാത്രമായി ഞാന്‍ കടന്നു വന്നു.

ശാരദലോട്ടസ് എന്നൊരു ചോക്ലേറ്റ് കമ്പനി ആരംഭിച്ചിരുന്നല്ലോ. അതിനെ കുറിച്ച് പറയാമോ?

ലോട്ടസ് സ്ഥാപിച്ചത് ഞാനാണ്. അതിന് വലിയ സഹായം ചെയ്തു തന്നത് അന്തരിച്ച ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരാണ്. ലീല ഗ്രൂപ്പിന്റെ ചെയര്‍മാന്‍. അദ്ദേഹം എനിക്ക് ഗോഡ് ഫാദര്‍ ആണ്. ഞാന്‍ ചോക്ലേറ്റ് കമ്പനി തുടങ്ങുന്നു എന്നറിഞ്ഞപ്പോള്‍ എനിക്കുവേണ്ട സഹായങ്ങള്‍ ചെയ്തു തന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്പോഴും ഓര്‍ക്കുന്നു. നമ്മുടെ ശാരദ ചോക്ലേറ്റ് ഫാക്ടറി തുടങ്ങുന്നോ. ഇത് ചെറിയ കാര്യമാണോ. എത്രയോ സ്ത്രീകള്‍ തുടങ്ങിയിട്ട് ഫെയിലായിപ്പോയതാണ്. ശാരദ അങ്ങനെ ആകാന്‍ പാടില്ല. ഇങ്ങനെ പറഞ്ഞ് അദ്ദേഹം ഓണററി ചെയര്‍മാനായി ബോര്‍ഡിലേക്ക് വന്നു. അദ്ദേഹം ഓണററി ചെയര്‍മാന്‍ ആയപ്പോള്‍ ഫാക്ടറി ഉയരങ്ങളിലേക്ക് പോയി. ഇപ്പോള്‍ അത് പബ്ലിക്കിലേക്ക് വിട്ടു. എനിക്ക് ഷെയറുണ്ട്. കഷ്ടപ്പെടുന്ന സ്ത്രീകളെ ഉദ്ദേശിച്ച് തുടങ്ങിയതാണ്. ഇപ്പോഴും നന്നായി നടക്കുന്നു.

തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) യിലൂടെ ശാരദ രാഷ്ട്രീയത്തില്‍ എത്തിയത്?

എന്നെ ഇത്രയൊക്കെ പ്രോത്സാഹിപ്പിച്ച് എനിക്കുവേണ്ട ആദരവും തന്ന് എന്നെ ഒരു വലിയ നടിയാക്കിയ എന്റെ ആരാധകര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ രാഷ്ട്രീയം ഉണ്ടെങ്കിലേ കഴിയുകളുള്ളൂ എന്നെനിക്ക് തോന്നി. അങ്ങനെയാണ് ഞാന്‍ തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്നത്. അതുകൊണ്ട് ഗുണേ ഉണ്ടായുള്ളൂ.

നായിക എന്ന സിനിമ സ്വന്തം ജീവിതത്തിന്റെ ആവിഷ്‌കാരമാണെന്ന് തോന്നുന്നുണ്ടോ?

നായിക എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചു. ഏത് സിനിമയായാലും കിട്ടുന്ന കഥാപാത്രങ്ങളെ നന്നായിട്ട് അവതരിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഞങ്ങള്‍ നടീനടന്‍മാര്‍ എത്തുന്നത്. അങ്ങനെ അഭിനയിച്ച കഥാപാത്രങ്ങളെ ഞങ്ങള്‍ നന്നാക്കുകയും ചെയ്യും. സിനിമയില്‍ ഞങ്ങള്‍ക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ക്ക് ഞങ്ങളുടെ ജീവിതവുമായി ഒരു ബന്ധവുമില്ല. അതുപോലെ തന്നെയാണ് നായികയിലെ കഥാപാത്രവും. ഞാനുമായി ആ കഥാപാത്രത്തിന് സാമ്യമുണ്ടോ എന്നാണ് ആള്‍ക്കാര്‍ അന്വേഷിക്കുന്നത്. ആ നടിയെ ഞാന്‍ മനോഹരമായി അഭിനയിച്ച് കാണികളിലേക്ക് എത്തിച്ചു. ആ കഥയും എന്റെ ജീവിതവുമായി ഒരു ബന്ധവും ഇല്ല. നന്നായി അഭിനയിച്ചതു കൊണ്ട് സിനിമ വിജയിച്ചു.

ആദ്യ ചിത്രത്തിന്റെ നിര്‍മ്മാതാവായ അച്ചാണി രവി മുതലാളിയെ കാണാറുണ്ടോ?

മദ്രാസില്‍ താമസിക്കുന്ന ഞാന്‍ കൊല്ലം വഴി യാത്രയുള്ളപ്പോഴെല്ലാം രവി സാറിനെ കയറി കാണാറുണ്ട്. ഞാന്‍ അഭിനയിച്ചിട്ടുള്ള ചിത്രങ്ങളുടെ എല്ലാം നിര്‍മ്മാതാക്കളെ ഞാന്‍ ഓര്‍മ്മിയ്ക്കും. രവി സാറിന്റെ കാട്ടുകുരങ്ങ്, എലിപ്പത്തായം എന്നീ സിനിമകളില്‍ ഞാന്‍ അഭിനയിച്ചു. ഒരിക്കല്‍ കൊല്ലം വഴി പോയപ്പോള്‍ അവിടെ കയറി കുറച്ച് സംസാരിച്ചിട്ട് പോകാനായി ഇറങ്ങിയപ്പോള്‍ കുറെ പത്രക്കാര്‍ വരികയും അവര്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഞാന്‍ നിര്‍മ്മാതാക്കളെ കാണാന്‍ വരുന്നത് പത്രത്തില്‍ വാര്‍ത്ത വരാനല്ല. നിര്‍മ്മാതാക്കളോടുള്ള സ്‌നേഹവും ബഹുമാനവും കൊണ്ടാണ്.

സിനിമയിലെ മറക്കാനാകാത്ത അനുഭവങ്ങള്‍

ഇന്നും നിങ്ങളെയെല്ലാം അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം പറയാം. എന്‍ ടി രാമറാവു സാറിന്റെ കൂടെ അഞ്ച് സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്റെ പത്താം വയസ്സില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചു. സാവിത്രിഅമ്മയും ഷൗക്കാര്‍ ജാനകിയുമായിരുന്നു അതിലെ ഹീറോയിന്‍സ്. ആ ചിത്രത്തില്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റായിട്ടാണ്‌ ഞാന്‍ അഭിനയിച്ചത്. അന്ന് എന്റെ പേര് സരസ്വതി എന്നാണ്. അത്ഭുതം എന്തെന്നാല്‍ ആ വലിയ ഹീറോയോടൊപ്പം ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി അഭിനയിച്ച പെണ്‍കുട്ടി അദ്ദേഹത്തിന്റെ അവസാന ചിത്രമായ മേജര്‍ ചന്ദ്രകാന്ത് എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിച്ചു. അത് എല്ലാവര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യമാണ്.

ഭദ്രദീപം എന്നൊരു സിനിമ നിര്‍മ്മിച്ചല്ലോ. അതിനെക്കുറിച്ച്

നല്ല സിനിമകളില്‍ ഒരുപാട് അഭിനയിച്ചു. ഒരു നല്ല ചിത്രത്തിന്റെ നിര്‍മ്മാതാവും ആകാമെന്ന് വച്ചു. പി ആര്‍ ശ്യാമളയുടെ ദുര്‍ഗം എന്ന നോവലാണ് ഭദ്രദീപമാക്കിയത്. എസ് എല്‍ പുരത്തിനെ കൊണ്ട് സംഭാഷണം എഴുതിച്ച് എം കൃഷ്ണന്‍നായര്‍ സാറിനെ കൊണ്ട് സംവിധാനം ചെയ്യിച്ച നല്ലൊരു സിനിമയായിരുന്നു ഭദ്രദീപം.

മൂന്ന് തവണ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിനെ കുറിച്ച്

രണ്ടു തവണ മലയാള സിനിമയ്ക്കും ഒരു തവണ തെലുങ്ക് സിനിമയ്ക്കുമാണ് ദേശീയ അവാര്‍ഡ് ലഭിച്ചത്. മലയാളത്തില്‍ തുലാഭാരവും സ്വയംവരവും തെലുങ്കില്‍ നിമഞ്ജനവും. ദേശീയ അവാര്‍ഡ് രണ്ടു തവണ ഉര്‍വശി അവാര്‍ഡാണ് ലഭിച്ചത്. പിന്നീട് ഉര്‍വശി അവാര്‍ഡ് മാറി ദേശീയ അവാര്‍ഡ് ആയി. നല്ല ചിത്രങ്ങള്‍ കിട്ടിയാല്‍ ഇനിയും അഭിനയിക്കും. എന്റെ പ്രായത്തിന് പറ്റിയ നല്ല കഥാപാത്രങ്ങളെ നോക്കിയിരിക്കുകയാണ്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More