മുംബയില്‍ എല്ലാക്കാര്യത്തിലും സ്വാതന്ത്ര്യം, കേരളത്തില്‍ നിയന്ത്രണം: പ്രിയ മേനോന്‍

ഒരു ടി വി സീരിയലില്‍ നെഗറ്റീവ് കഥാപാത്രമായി വന്ന് നായികയ്ക്ക് ഒപ്പം തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടുക. മലയാളമറിയാതെയെത്തി സാധാരണ മലയാളി പ്രേക്ഷകരുടെ ഹൃദയം കവരുക ഏഷ്യാനെറ്റിലെ വാനമ്പാടി സീരിയലിലെ രുക്മിണി മാഡമായി തിളങ്ങിയ പ്രിയ മേനോന്റെ അഭിനയ ജീവിതം നിരവധി ആകസ്മികതകളുടേതുമാണ്. കിന്‍ഡര്‍ ഗാര്‍ട്ടന്‍ അദ്ധ്യാപിക, ചിത്രകാരി, എഴുത്തുകാരി, നര്‍ത്തകി, നാടക പ്രവര്‍ത്തക അങ്ങനെ വിവിധ മേഖലകള്‍ കടന്ന് ഒടുവില്‍ മിനി സ്‌ക്രീനിലെത്തിയ പ്രിയ മേനോന്‍ അഭിമുഖം പ്രതിനിധി ജയശ്രീ പട്ടാഴിയോട് അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നു.

പ്രിയ മേനോന്‍, മുംബയില്‍ ജനിച്ചു വളര്‍ന്ന്, ഗള്‍ഫില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ കേരളത്തിലേക്ക് അഭിനയവുമായെത്തുമ്പോള്‍ എന്തായിരുന്നു മനസില്‍?

വളരെ വലിയ വ്യത്യാസമാണ് അനുഭവപ്പെട്ടത്. മുംബയില്‍ എല്ലാക്കാര്യത്തിലും സ്വാതന്ത്ര്യമുണ്ട്. ഇങ്ങനെയേ ചെയ്യാവൂ എന്നില്ല. ഇവിടെ നിയന്ത്രണം അനുഭവപ്പെട്ടിരുന്നു. ഇവിടെ വന്നപ്പോള്‍ ഭാഷയറിയില്ല. ഒറ്റയ്ക്കായിരുന്നു. മറ്റുള്ളവര്‍ നോക്കുമ്പോള്‍ എന്‍.ആര്‍.ഐ അല്ലേ, അവര്‍ വന്ന് വര്‍ക് ചെയ്തിട്ട് പോകും എന്ന ചിന്താഗതിയായിരുന്നു.

പിന്നെ സ്ത്രീയാണെന്ന നിയന്ത്രണമാണ് ആദ്യം അനുഭവപ്പെട്ടത്. എങ്ങനെ വസ്ത്രം ധരിക്കണം, എന്ത് പറയണം, എന്ത് ചെയ്യണം അങ്ങനെ കുറെയേറെ കാര്യങ്ങള്‍. അവിടെ ഞാന്‍ നാടകങ്ങള്‍ ചെയ്തിരുന്നു. ഗള്‍ഫിലുള്ള ആളുകളെ സംബന്ധിച്ച് അവരുടെ പലരുടെയും ഉള്ളില്‍ കലയുണ്ട്. പക്ഷേ അവര്‍ക്കെല്ലാം മറ്റൊരു ജോലിയുണ്ടാകും.

എക്‌സ്ട്രാ സമയത്ത് ചെയ്യുന്ന വിനോദമാണ് ഇത്തരം കലകള്‍. ഇവിടെ വന്നപ്പോള്‍ ഹൈലി ടാലന്റഡും കലയ്ക്കായി ജീവിക്കുന്നവരുമാണ് ഏറെ. അവര്‍ ജീവിക്കുന്നത് തന്നെ ഇതുപയോഗിച്ചാണ്. ആ ഒരു വ്യത്യാസം പ്രകടമാണ്. ഞാനും അവരെപ്പോലെ തന്നെ അവര്‍ക്കിടയില്‍ ഇരുന്ന് എല്ലാം ചെയ്തതുകൊണ്ടാണ് അവര്‍ക്കൊപ്പമെത്താനായത്.

വാനമ്പാടിയിലെ ഗള്‍ഫ് റിട്ടേണ്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രവാസി എന്ന നിലയില്‍ എളുപ്പമായിരുന്നോ?

സത്യത്തില്‍ ഞാനൊരു അദ്ധ്യാപികയാണ്. ഒരു ടീച്ചറുടെ മാനസികാവസ്ഥ, പെരുമാറ്റം, നടത്തം ഇതെല്ലാം ഇപ്പോഴും എന്റെ ഉള്ളിലുണ്ട്. പക്ഷേ രുഗ്മിണിയുടെ ഒരു സ്വഭാവ സവിശേഷതയും എന്റെ ഉള്ളില്‍ തീരെയില്ല. പക്ഷേ കാമറയ്ക്ക് മുന്നില്‍ അത് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. മേക്കപ്പ് ചെയ്ത് കാമറയ്ക്ക് മുന്നിലെത്തിയാല്‍ ഞാന്‍ പതിയെ ആ കാരക്ടറായി മാറും. ഞാന്‍ ആളുകളെ പതിവായി നിരീക്ഷിക്കാറുണ്ട്. അവരുടെ പല മാനറിസങ്ങളും ഞാന്‍ മനസിലാക്കാറുമുണ്ട്.

പിന്നെ കാരക്ടറിനെ കുറിച്ച് സംവിധായകന്‍ വ്യക്തമായി പറഞ്ഞുതന്നിട്ടുമുണ്ട്. കുറച്ച് മണ്ടത്തരം, പൊങ്ങച്ചം, മോളോടുള്ള ഭയങ്കര ഇഷ്ടം, ഭര്‍ത്താവിനോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ അത് അങ്ങനെതന്നെ ചെയ്തു. അത്രയേ ഉള്ളൂ.

മുംബയില്‍ എല്ലാക്കാര്യത്തിലും സ്വാതന്ത്ര്യം, കേരളത്തില്‍ നിയന്ത്രണം: പ്രിയ മേനോന്‍ 1
പ്രിയ മേനോന്‍

പാട്ട്, ഡാന്‍സ്, നാടകം, എഴുത്ത്, സംവിധാനം, അഭിനയം, കുക്കിംഗ്, പെയിന്റിംഗ്, ജ്വല്ലറി മേക്കിംഗ് ഇത്രയൊക്കെ കലകള്‍ കൈമുതലായുണ്ടായിട്ടും കരിയറിന്റെ തുടക്കം കിന്റര്‍ഗാര്‍ട്ടന്‍ അദ്ധ്യാപിക ആയിട്ടായിരുന്നു. എപ്പോഴാണ് കലയാണ് തന്റെ വഴിയെന്ന് തിരിച്ചറിയുന്നത്?

ചെറുപ്പം മുതലേ ഞാന്‍ നന്നായി പടം വരയ്ക്കുമായിരുന്നു. സ്‌കൂള്‍ തലം മുതല്‍ സമ്മാനങ്ങളും ലഭിച്ചിരുന്നു. ഡാന്‍സ് പഠിച്ചിരുന്നു. എല്ലാക്കൊല്ലവും പരിപാടികളും ഉണ്ടായിരുന്നു. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഡ്രസിംഗിന്റെ കാര്യത്തില്‍ മോഡലും കളര്‍ കോമ്പിനേഷനുമൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങി. കോളേജില്‍ പഠിക്കുമ്പോള്‍ ജ്വല്ലറി മേക്കിംഗൊക്കെ ചെയ്ത് തുടങ്ങി. സത്യത്തില്‍ എന്റെ അച്ഛനില്‍ നിന്നാണ് കലാഭിരുചിയൊക്കെ എനിക്ക് പകര്‍ന്നുകിട്ടിയത്.

ഞാനുണ്ടാക്കുന്ന ജ്വല്ലറികളും, ഡ്രസിലും മറ്റും ഓരോന്നും തുന്നിച്ചേര്‍ത്തതുമൊക്കെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ആ സമയത്ത് കോളേജില്‍ സ്‌കിറ്റ്, ഡ്രാമ, ഡിബേറ്റ് അങ്ങനെ എന്തൊക്കെയുണ്ടോ അവിടെയെല്ലാം പ്രിയ മേനോനെന്ന പേരുമുണ്ടാകും. ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് കരുതി മാറി നില്‍ക്കാറില്ല. പിന്നെ കല്യാണം കഴിഞ്ഞു.

അപ്പോഴും പെയിന്റിംഗ് ഉണ്ട്. പിന്നെ മസ്‌കറ്റില്‍ പോയി. ഒരിക്കല്‍ സുഹൃത്തിന്റെ സ്‌കൂളില്‍ ഒരു ടീച്ചര്‍, ലീവിന് പോയ ഒഴിവിലേക്ക് കുറച്ച് ദിവസം വന്ന് പഠിപ്പിക്കാമോ എന്ന് ചോദിച്ചു. അങ്ങനെ പോയി ക്‌ളാസെടുത്തു. അത് മൂന്ന് വര്‍ഷത്തേക്ക് നീണ്ടു. പിന്നീട് മക്കള്‍ വലുതായി അവിടത്തെ ഇന്ത്യന്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ അവിടെ ഒരു ഒഴിവ് കണ്ട് ജോലിക്ക് അഭിമുഖത്തിന് പോകുകയായിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം ജോലിക്ക് ഹാജരാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജോലിയില്‍ പ്രവേശിച്ച ശേഷമാണ് അഭിമുഖത്തിന്റെ ബാക്കി ഘട്ടങ്ങള്‍ പിന്നിട്ടത്.

25 കുട്ടികളടങ്ങുന്ന ഒരു ക്‌ളാസ് റൂം നമുക്ക് തരുമ്പോള്‍ അവര്‍ക്ക് വേണ്ടുന്ന ക്രാഫ്റ്റും മറ്റും ചെയ്ത് ഡിസ്പ്‌ളേ ചെയ്യണം. ഞാന്‍ ചെയ്തത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതോടെ അവിടത്തെ ബെസ്റ്റ് ടീച്ചറായി ഞാന്‍ മാറി. എന്റെ ഉള്ളിലുള്ള ക്രിയേറ്റിവിറ്റിയെല്ലാം കുട്ടികള്‍ക്കായി പുറത്തുവന്നു. അങ്ങനെയാണ് എനിക്കുള്ളില്‍ കലയുണ്ടെന്നുള്ളത് മറ്റുള്ളവര്‍ക്ക് മനസിലായിത്തുടങ്ങിയത്. അങ്ങനെയിരിക്കെ ഭര്‍ത്താവാണ് പറഞ്ഞത് എത്ര നാള്‍ നീ കിന്റര്‍ഗാര്‍ട്ടന്‍ അദ്ധ്യാപികയായി ജോലിയെടുക്കും. വ്യത്യസ്തമായി എന്തെങ്കിലും ചെയ്ത് കൂടേ.

അതോടെ ഞാന്‍ രാജിക്കത്ത് നല്‍കി. കുട്ടികള്‍ കുറച്ചു കൂടി വലുതായതോടെ കേരളത്തിലേക്ക് വന്നു. സൗദിയിലുള്ള ഞങ്ങളുടെ സുഹൃത്ത് മുരളി സംവിധായകന്‍ പ്രിയനന്ദനനെ പരിചയപ്പെടുത്തിയിരുന്നു. അങ്ങനെ പ്രിയനന്ദനനെ കണ്ടു. പ്രിയയുടെ കണ്ണുകള്‍ നന്നായി അഭിനയിക്കുന്നുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. അങ്ങനെ അദ്ദേഹത്തിനൊപ്പം ബ്രോക്കണ്‍ ലല്ലബി എന്ന നാടകം ചെയ്തു. പലയിടത്തും അവതരിപ്പിച്ചപ്പോള്‍ അഭിനന്ദനങ്ങളും ലഭിച്ചു.

മുമ്പ് ഒരു ചെറിയ ഗ്രൂപ്പില്‍ ചെയ്ത് കൊണ്ടിരുന്ന കാര്യം ഒരു വലിയ സ്‌ക്രീനില്‍ വന്നു ചെയ്യുമ്പോഴുള്ള വ്യത്യാസം വളരെ വലുതായിരുന്നു. ആ നാടകത്തിന്റെ എല്ലാക്കാര്യങ്ങളിലും പങ്കുചേരാനുമായി. ഭാഷയറിയാതെ പുറത്ത് നിന്ന് വന്ന ആളായിട്ടും അവരുടെയെല്ലാം ഇഷ്ടം പിടിച്ചുപറ്റാനായി. അതിന് ശേഷമാണ് തൃശൂരില്‍ ഒരു വര്‍ക് ഷോപ് ചെയ്യുന്നത്. അവിടെനിന്നാണ് ഔട്ട് ഒഫ് റേഞ്ച് എന്ന സിനിമയില്‍ അവസരം കിട്ടുന്നത്. പിന്നീട് അസി. ഡയറക്ടറായും വര്‍ക് ചെയ്തു. കുറച്ച് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. എക്‌സ്ട്രാ കിട്ടിയ പണം കൊണ്ട് ജ്വല്ലറി മേക്കിംഗ് ചെയ്യുകയും അതുകൊണ്ട് നല്ല വരുമാനം ലഭിക്കുകയും ചെയ്തു.

‘ബ്രോക്കണ്‍ ലല്ലബി’, ഒരു വഴിത്തിരിവ് തന്നെയായിരുന്നു. എങ്ങനെയാണ് ആ നാടകത്തിലേക്കെത്തുന്നത് ?

ആ നാടകത്തിന്റെ നിര്‍മ്മാതാവ് ഞാന്‍ തന്നെയായിരുന്നു. അഞ്ച് കഥാപാത്രങ്ങളെയും ഞാന്‍ തന്നെയാണ് അവതരിപ്പിച്ചത്. രണ്ട് ആണ്‍- രണ്ട് പെണ്‍ കഥാപാത്രങ്ങളും ഒരു അവതാരകനും. എപിക് തിയേറ്റര്‍ എന്ന സ്ഥാനത്തിന്റെ ആചാര്യനായ ബ്രഹ്‌തോള്‍ഡ് ബ്രഹ്തിന്റെ ‘കൊക്കേഷ്യന്‍ ചോക്ക് സര്‍ക്കിള്‍ ‘ എന്ന നാടകത്തിന്റെ സ്വതന്ത്ര ഭാഷ്യമാണ് ബ്രോക്കണ്‍ ലല്ലബി.

മാതൃത്വത്തിന്റെ അര്‍ത്ഥം തേടുന്നൊരു നാടകം. തിരക്കഥ, നിര്‍മ്മാണം, സെറ്റുണ്ടാക്കല്‍, സംഗീതം, മാര്‍ക്കറ്റിംഗ് തുടങ്ങി എല്ലാക്കാര്യങ്ങളിലും കൂട്ടായ പ്രവര്‍ത്തനമായിരുന്നു അതില്‍. പ്രിയനന്ദനന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ അദ്ദേഹം ഒരു സര്‍വകലാശാല തന്നെയാണെന്ന് പറയാം. വല്ലച്ചിറയിലെ ഒരു സ്‌കൂളിലായിരുന്നു റിഹേഴ്‌സല്‍.

ഫുള്‍ടൈം എസിയില്‍ ഇരുന്നിട്ടു വന്ന എനിക്കൊക്കെ അത് പുതിയൊരു അനുഭവമായിരുന്നു. ഒന്നിലും പരാതി പറയുന്ന ശീലം എനിക്കില്ല. എന്തെങ്കിലും പഠിച്ചെടുക്കണമെന്ന് തോന്നിയാല്‍ എന്ത് പ്രശ്‌നം വന്നാലും, എത്ര കരയേണ്ടി വന്നാലും, കളിയാക്കലുകള്‍ നേരിട്ടാലും അതൊക്കെ സഹിച്ച് ഞാന്‍ നേടിയെടുക്കും. ഇങ്ങോട്ട് വരുമ്പോള്‍ , ഭര്‍ത്താവ് മുന്നറിയിപ്പ് നല്‍കിയിരുന്നു, കേരളത്തിലേക്കാണ് പോകുന്നത് അവിടെ വ്യത്യസ്തമായ കള്‍ച്ചറാണെന്നൊക്കെ. അവസാനം കരഞ്ഞോണ്ട് തിരിച്ചുവരരുതെന്ന്. എന്റെയൊരു പാഷനാണ് എന്നെയിവിടെ പിടിച്ചുനിറുത്തിയത്.

മൂന്നരവര്‍ഷത്തോളം ഒരേ കഥാപാത്രമായി തന്നെ സ്‌ക്രീനില്‍ എത്തുമ്പോള്‍ വ്യക്തിജീവിതത്തില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ വാനമ്പാടിയിലെ രുക്മിണി അമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ടോ ?

ഞാന്‍ രുഗ്മിണിയില്‍ നിന്ന് നേര്‍ വിപരീത സ്വഭാവക്കാരിയാണ്. പുറത്ത് നിന്നുള്ള ആളുകള്‍ കാണുമ്പോള്‍ ചോദിക്കും ഭക്ഷണത്തോടൊക്കെ വലിയ താല്പര്യമാണല്ലേയെന്ന്. ഭക്ഷണം ഇഷ്ടമാണെങ്കിലും കുറച്ച് കഴിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. സാരിയൊന്നും ഞാന്‍ ഉടുക്കാറില്ല. കുശുമ്പും പൊങ്ങച്ചമൊന്നും എനിക്ക് ഇല്ലേയില്ല.

സത്യത്തില്‍ ഇവിടെ ജീവിക്കണമെങ്കില്‍ രുഗ്മിണി മാഡത്തിന്റെ സ്വഭാവം തന്നെ വേണമെന്ന് എനിക്ക് തോന്നാറുണ്ട്. പക്ഷേ പുറത്ത് നിന്ന് നോക്കുന്ന ആളുകളുടെയെല്ലാം വിചാരം ഞാന്‍ ഭയങ്കരസാധനം തന്നെയാണെന്നാണ്. ചില സുഹൃത്തുക്കളുടെ വീട്ടില്‍ പോകുമ്പോള്‍ അവരുടെ അമ്മമാര്‍ അവരോട് ചോദിക്കും എന്തിനാണ് ഇങ്ങനെയൊക്കെയുള്ള സുഹൃത്തുക്കളൊക്കെയെന്ന്. അഞ്ച് മിനിറ്റ് സംസാരിച്ച് കഴിയുമ്പോള്‍ പറയും ഇത് ഇത്രയേ ഉണ്ടായിരുന്നുള്ളോയെന്ന്.

ദുഷ്ടയായ കഥാപാത്രമാണെങ്കിലും പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നുന്ന കഥാപാത്രം കൂടിയാണത്. ഏവര്‍ക്കും രുഗ്മിണിയുടെ ചമ്മിയ മുഖമാണ് ഇഷ്ടം. പല ആണുങ്ങളും എന്നോട് പറയാറുണ്ട്. എന്റെ ഭാര്യയും അമ്മയും ഇങ്ങനെതന്നെയാണ്. ആ കാരക്ടറിന് അത്രയും റീച്ച് ലഭിക്കുന്നുണ്ടെന്ന് അറിയുന്നത് തന്നെ വളരെ സന്തോഷമുള്ള കാര്യമാണ്.

വേഷത്തില്‍ ഏറെ കൗതുകം ഒളിപ്പിച്ചാണ് രുക്മിണി മാഡം സ്‌ക്രീനില്‍ എത്തുന്നത്. ഈ വേഷവിധാനം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രോളിന് പാത്രമാകുകയും ചെയ്തിട്ടുണ്ട്. മനപൂര്‍വമാണോ ഈ തിരഞ്ഞെടുപ്പ് ?

ആ കഥാപാത്രത്തിന്റെ കള്‍ച്ചര്‍ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ വസ്ത്രത്തിന്റെ കാര്യത്തില്‍ വ്യത്യസ്തത കൊണ്ടുവരണമെന്ന് കരുതി. തുടക്കത്തില്‍ സ്‌ളീവ് ലെസിടാനാണ് പറഞ്ഞത്. അതിലൊരു മാറ്റം വരുത്താമെന്ന് ഡയറക്ടര്‍ പറഞ്ഞശേഷമാണ് വെറൈറ്റികള്‍ കൊണ്ടുവരുന്നത്. ആളുകള്‍ അതൊക്കെ ശ്രദ്ധിച്ചും തുടങ്ങിയത്. കൂടെയുള്ളവര്‍ക്കും സംവിധായകനുമൊക്കെ അതൊക്കെ ഇഷ്ടമായി.

പുറത്ത് പോകുമ്പോള്‍ ഇതെവിടെ നിന്നാണെന്ന് ആളുകള്‍ ചോദിച്ചും തുടങ്ങി. ചിലര്‍ കളിയാക്കും ദേ ടീ ഷര്‍ട്ട് ഇട്ട് വരുന്നുവെന്ന്. ഞാന്‍ തുടങ്ങിയതിന് ശേഷമാണ് ഇത് ട്രെന്‍ഡായി മാറിയത്. ഇവിടെ മാത്രമല്ല ബോളിവുഡിലും ക്രോപ് ടോപും സാരിയും ട്രെന്‍ഡാണ്. ഇവിടെ വന്ന് ബ്‌ളൗസ് തയ്ക്കാന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ സമയത്തിന് കിട്ടുകയുമില്ല, നൂറ് കറക്ഷനും അതിന്റെ തലവേദനയും.

അപ്പോഴാണ് എനിക്ക് തോന്നിയത് എന്തുകൊണ്ട് റെഡിമെയ്ഡ് പാടില്ല എന്ന്. അതാകുമ്പോള്‍ സാരിയുടെ കൂടെ ഉടുക്കാം. പാന്റിന്റെ കൂടെ ഉപയോഗിക്കുകയുംചെയ്യാം. ഒരു സാരി പോലും ഞാനീ സീരിയലില്‍ റിപീറ്റ് ചെയ്യുന്നില്ല. മൂന്നരവര്‍ഷം കൊണ്ട് ഒരു റൂം നിറയെ സാരിയുടെ വലിയ കളക്ഷന്‍ എനിക്കുണ്ട്. വാങ്ങിയതും ഗിഫ്റ്റ് കിട്ടിയതുമൊക്കെയായി. സാരിയുടെ പരസ്യത്തിനായി എന്റെ ചിത്രം പലയിടത്തും ഉപയോഗിക്കുന്നതും കണ്ടിട്ടുണ്ട്.

ഇടയ്ക്ക് സഹപ്രവര്‍ത്തകരില്‍ നിന്നും ഭീഷണി നേരിടുന്നുവെന്ന് വെളിപ്പെടുത്തി സാമൂഹിക മാദ്ധ്യമത്തില്‍ ഒരു വീഡിയോ പങ്കുവയ്ക്കുകയുണ്ടായി. ഒരു സ്ത്രീ നിര്‍മ്മാതാവായ (ചിപ്പി രഞ്ജിത്) സീരിയലില്‍ തന്നെ ഒരു അഭിനേത്രിക്ക് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നത് ഇപ്പോഴും ഈ മേഖലയിലെ വിവേചനങ്ങളെ സൂചിപ്പിക്കുന്നതല്ലേ?

നല്ല പ്രശ്‌നങ്ങള്‍ ഞാനവിടെ ഫേസ് ചെയ്തിരുന്നു. ഞാന്‍ വരുന്ന ചുറ്റുപാടും മറ്റുള്ളവരുടെ ചുറ്റുപാടും തമ്മില്‍ വലിയ അന്തരമുണ്ട്. എന്റെ വായില്‍ നിന്ന് ഒരു അനാവശ്യ വര്‍ത്തമാനം പോലും വരികയില്ല. പുറത്തുനിന്നുള്ളയാള്‍ എന്ന ഒരു ഫീല്‍ എനിക്കെപ്പോഴും കിട്ടിക്കൊണ്ടിരുന്നു. പക്ഷേ ഇതിന്റെ പ്രൊഡ്യൂസറാണ് എന്നെ പ്രശ്‌നങ്ങളില്‍ പിന്തുണച്ചത്. അങ്ങനെയാണ് ഞാനാ വീഡിയോ പിന്‍വലിച്ചത്. ആദ്യമൊക്കെ പ്രശ്‌നമുണ്ടാകുമ്പോള്‍ ഞാന്‍ അറിയിക്കും. അടുത്ത ദിവസം ഷൂട്ടിനെത്തുകയും ചെയ്യും. ഒരിക്കലും ഷൂട്ട് മുടക്കിയിട്ടില്ല.

ഒരു പാട് പേരുടെ ജീവിതമാണീ പ്രൊജക്ട്. അതിന് ഞാനായിട്ടൊരു ബുദ്ധിമുട്ടും വരുത്തിയിട്ടില്ല. ഇനി സഹിക്കാന്‍ പറ്റില്ല എന്ന അവസ്ഥ വന്നപ്പോളാണ് അങ്ങനെയൊരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്. അത് നിര്‍മ്മാതാവ് അറിയുകയും എന്നെ സമാധാനിപ്പിക്കുകയും ചെയ്തു.

ചാനലിന്റെ ഭാഗത്തുനിന്നും നല്ല സപ്പോര്‍ട്ടായിരുന്നു. ഇനിയൊരു പ്രശ്‌നമുണ്ടാകില്ലെന്ന് ഉറപ്പ് പറഞ്ഞ് മാപ്പ് പറയേണ്ടവരെ കൊണ്ട് പറയിപ്പിച്ച ശേഷമാണ് ഞാന്‍ തുടര്‍ന്നത്. ട്രസ്റ്റും ഫ്രണ്ട്ഷിപ്പും എങ്ങനെ വേണമെന്ന് ദൈവം എന്നെ ഇതിലൂടെ പഠിപ്പിക്കുകയായിരുന്നു.

മലയാള സിനിമാ സീരിയല്‍ ഇന്‍ഡസ്ട്രി പ്രിയാ മേനോനെ എങ്ങനെ രൂപപ്പെടുത്തി?

ഞാന്‍ പറഞ്ഞില്ലേ തുടക്കത്തില്‍ എനിക്ക് മലയാളം ഒട്ടും അറിയില്ലായിരുന്നു. ഒരു സിനിമയില്‍ ഇംഗ്‌ളീഷിലായിരുന്നു ഡയലോഗ്. ബാക്കിയിലൊക്കെ സംഭാഷണമില്ലായിരുന്നു. നാടകം ചെയ്തപ്പോള്‍ അതില്‍ നാല് കാരക്ടര്‍ ഉണ്ട്. ഒരു സ്ത്രീ ഇംഗ്‌ളീഷ് പറയും. ഒരാണ്‍ കഥാപാത്രം ഇംഗ്‌ളീഷ്, നറേറ്റര്‍ മലയാളം. അന്നു ഞാന്‍ മലയാളം പറയുമ്പോഴും ആള്‍ക്കാര്‍ക്ക് തോന്നും ഇംഗ്‌ളീഷാണെന്ന്. സത്യം പറഞ്ഞാല്‍ അവര്‍ക്ക് പിടികിട്ടിയിരുന്നില്ല. ആ നാടകത്തിനായാണ് മംഗ്‌ളീഷ് വായിക്കാന്‍ പഠിച്ചത്.

പിന്നെ മൂന്ന് മണി എന്ന ഫ്‌ളവേഴ്‌സിലെ സീരിയല്‍ ചെയ്തപ്പോളാണ് ബുദ്ധിമുട്ടിയത്. ഡബ്ബിംഗ് ടൈമില്‍ എന്റെ ശബ്ദം ടോട്ടലി ഡിഫറന്റും ഹസ്‌കിയുമാണ്. അതുകൊണ്ട് മലയാളം പറയുമ്പോള്‍ ഇംഗ്‌ളീഷുകാര്‍ പറയും പോലെ ഇരിക്കും. അങ്ങനെ അഞ്ച് എപിസോഡ് കഴിഞ്ഞപ്പോള്‍ വേറെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനെ വച്ചു. വാനമ്പാടിയിലും ഇത് ആവര്‍ത്തിച്ചു. എങ്കിലും ദിനവും ഇത് പറഞ്ഞ് പറഞ്ഞാണ് മലയാളം പറഞ്ഞുതുടങ്ങിയത്.

എഴുത്ത് കുറവായിരുന്നു. പക്ഷേ ന്യൂസ് പേപ്പര്‍ വായിക്കുമായിരുന്നു. ഈ ലോക്ഡൗണ്‍ കാലത്താണ് മലയാളം ശരിക്കും വായിച്ചു പഠിച്ചത്. ഇപ്പോള്‍ ഞാന്‍ ഒരു സുഹൃത്തിന്റെ മലയാളത്തിലുള്ള സ്‌ക്രിപ്റ്റ് ഇംഗ്‌ളീഷിലേക്ക് തര്‍ജ്ജമ ചെയ്ത് കൊടുക്കുന്നുണ്ട്. അതുകൊണ്ട് എനിക്കിപ്പോള്‍ നന്നായി മലയാളം മനസിലാക്കാന്‍ കഴിയുന്നു.

ഇതുതന്നെയാണ് എനിക്കുകിട്ടിയ വലിയൊരു അനുഗ്രഹം. ഇതോടൊപ്പം ഒരു നോവലും എഴുതുന്നുണ്ട്. കൂടാതെ സിനിമയ്ക്ക് സബ്‌ടൈറ്റില്‍ ചെയ്യാറുണ്ട്. പരസ്യചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും ചെയ്യുന്നു. അടുത്ത് ചെയ്ത ഒരു ഹ്രസ്വചിത്രത്തില്‍ 80 വയസുള്ള ഒരു അമ്മയായിട്ടാണ് അഭിനയിച്ചത്. കൊറോണ കാരണം റിലീസ് ചെയ്തിട്ടില്ല.

മ്യൂറല്‍ പെയിന്റിംഗിലൂടെ അടൂര്‍ ഗോപാലകൃഷ്ണന് ആദരം അര്‍പ്പിക്കുകയുണ്ടായി. എന്തായിരുന്നു പ്രചോദനം?

ബോംബെയില്‍ വര്‍ഷത്തില്‍ ഒരിക്കലാണ് ടിവിയില്‍ മലയാളം സിനിമ വരിക. അത് അടൂര്‍ ഗോപാലകൃഷ്ണന്റേതായിരിക്കും. എന്റെ അച്ഛന്‍ ഒരു സിനിമാപ്രേമി ആയിരുന്നു. അച്ഛന്റെ അതേ സ്വഭാവമാണ് എനിക്കും. അതുകൊണ്ട് ഞങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. പുറത്ത് പോകുമ്പോഴും മസ്‌കറ്റിലായാലും സിനിമ ചര്‍ച്ചകളില്‍ വരുന്ന ആദ്യപേര് അടൂരിന്റേതാണ്.

കൊമേഴ്‌സ്യല്‍ സിനിമകള്‍ കാണാറുണ്ടെങ്കിലും സീരിയസ് സിനിമകളെപറ്റി പറയുമ്പോള്‍ ഈ പേര് കഴിഞ്ഞേ ബാക്കി ആരെപറ്റിയും ചര്‍ച്ച ചെയ്യൂ. മറ്റ് രാജ്യങ്ങളില്‍ പോകുമ്പോള്‍ അവിടത്തുകാര്‍ക്കൊക്കെ അടൂരിനെക്കുറിച്ച് പറയാനും അറിയാനും വലിയതാല്‍പ്പര്യമാണ്.

അടൂരിനെ അറിയുമോ എന്നവര്‍ ചോദിക്കുമ്പോള്‍ അങ്ങനെയാണ് എന്റെയുള്ളിലും അദ്ദേഹത്തെ കാണാന്‍ ആഗ്രഹം തോന്നിയത്. അതുപോലെ എപ്പോഴും കേള്‍ക്കുന്ന ഒരാളാണ് എം.ഡി സര്‍. ഞാന്‍ പെയിന്റ് ചെയ്യുമെങ്കിലും ഒന്ന് രണ്ട് മ്യൂറല്‍ വര്‍ക്കേ ചെയ്തിട്ടുള്ളൂ.

നാട്ടില്‍ വന്നപ്പോഴാണ് ഇങ്ങനെ ഒരു ആശയം എടുത്ത് വരയ്ക്കുന്നത്. അടൂര്‍ സാറും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ആണ് വിഷയം. കൃഷ്ണ കോണ്‍സെപ്റ്റിലാണ് ചെയ്തത്. സാറിനെ അത് കാണിച്ചപ്പോള്‍ അദ്ദേഹത്തിനുണ്ടായ ഭാവ വ്യത്യാസം, മുഖഭാവം ഞാന്‍ ഒരിക്കലും മറക്കുകയില്ല. പുള്ളി എന്നോട് ചോദിച്ചത് പ്രിയ എനിക്ക് ഇത്ര ഭംഗിയുണ്ടോ എന്നായിരുന്നു.

അദ്ധ്യാപിക ആകുകയെന്നാല്‍ കുട്ടികളുടെ മനസ് അറിയുക എന്നാണ്. കുഞ്ഞുകുട്ടികളുടെ അദ്ധ്യാപിക ആകുമ്പോള്‍ അതിലേറെ ക്ഷമയും കരുതലും ഒക്കെ വേണം. ഏത് മനോഭാവത്തോടെ വേണം കുട്ടികളെ സമീപിക്കാന്‍. പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലാത്ത ഇക്കാലത്ത്. ഈ അനുഭവങ്ങള്‍ വ്യക്തിജീവിതത്തെ എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ട്?

എന്റെ വീട്ടില്‍ ഇന്നും എന്നെ കുട്ടിയായിട്ടാണ് കാണുന്നത്. ഞാന്‍ മൂന്ന് കുട്ടികളുടെ അമ്മയാണെങ്കിലും. എന്റെ ഭര്‍ത്താവ് അവരുടെ വീട്ടിലെ പത്താമത്തെ കുട്ടിയാണ്. ഈ മുതിര്‍ന്നവരൊക്കെ കുട്ടികളായിട്ടാണ് ഞങ്ങളെ കാണുന്നത്. മൂത്ത സഹോദരങ്ങളുടെ കുട്ടികളുടെ അതേ പ്രായമാണ് ഞങ്ങള്‍ക്കും. എന്റെ കുട്ടികളെ സംബന്ധിച്ച് അവര്‍ക്ക് ഞാന്‍ അമ്മ എന്നതിലുപരി അവരോട് തല്ലുപിടിച്ച് കളിച്ച് വളര്‍ന്ന ഒരു സഹോദരി കൂടിയാണ്.

വീട്ടില്‍ ഒന്നും ഞാന്‍ നിര്‍ബന്ധിച്ച് ചെയ്യിക്കാറില്ല. ഒരുമിച്ചാണ് കാര്യങ്ങളെല്ലാം ചെയ്യുക. അങ്ങനെത്തന്നെയാണ് സ്‌കൂളില്‍ ടീച്ചറായി ചെന്നപ്പോഴും. എന്റെ ക്‌ളാസിലെ കുട്ടികള്‍ ഇഷ്ടപ്പെട്ടതും എന്റെ ഈ സ്വഭാവമാണ്. അവര്‍ക്ക് ഒപ്പം ചേര്‍ന്ന് കളിക്കാം, പഠിക്കാം. കുട്ടികളോട് എനിക്ക് എന്നും പ്രത്യേക ഇഷ്ടമാണ്. അവരുടെ സ്വഭാവം തന്നെയാണ് എനിക്കും.

സീരിയല്‍ കഥകളെയും കഥാപാത്രങ്ങളെയും യാഥാര്‍ത്ഥ്യത്തോടെ ചേര്‍ത്തുവയ്ക്കുന്നവരാണ് മലയാളി പ്രേക്ഷകരിലേറെയും. സീരിയലിലെ ക്രൂരകഥാപാത്രങ്ങളെ കണ്ട് വിവാഹജീവിതം തന്നെ വേണ്ടെന്നുവച്ച പെണ്‍കുട്ടിയെയും അറിയാം. സീരിയല്‍ ആസ്വാദനം എങ്ങനെയാകണമെന്നാണ് കരുതുന്നത് ?

സീരിയല്‍ കാണുക, ആസ്വദിക്കുക. ടി.വി ഓഫ് ചെയ്താല്‍ അതില്‍ നിന്നും പുറത്തേക്ക് വരിക. ഒരു എഴുത്തുകാരന്റെ തലയിലെ ഇമാജിനേഷനാണ് ഈ കഥകള്‍. ചെറിയ ചെറിയ കാര്യങ്ങള്‍ സമൂഹത്തില്‍ നിന്ന് അവര്‍ക്ക് പ്രചോദനമാകും.

എല്ലാ സീരിയലുകളും ഒരേ കഥകളായിരിക്കും. അതില്‍ ചില വ്യത്യാസം വരുത്തുന്നുവെന്നേയുള്ളൂ. ഞങ്ങളെപ്പോലുള്ളവര്‍ക്ക് പ്രതിഫലം നല്‍കി അഭിനയിപ്പിക്കുന്നു. അത് കഴിയുമ്പോള്‍ കഥാപാത്രത്തെ ഒരാളും കൂടെ കൊണ്ടുപോകുന്നില്ല. ആ കഥയില്‍ കണ്ട പോലെ ഒരു പ്രശ്‌നവും എന്റെ ജീവിതത്തില്‍ വരുത്തില്ല, അല്ലേല്‍ ആ തെറ്റുകളൊന്നും ഞാന്‍ ചെയ്യുകയില്ല എന്നാണ് പ്രേക്ഷകര്‍ തീരുമാനിക്കേണ്ടത്.

അല്ലാതെ അതുപോലൊക്കെ സംഭവിക്കുമോ എന്ന് പേടിക്കുകയല്ല വേണ്ടത്. ഇതൊക്കെ തന്നെ നമ്മുടെ സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളാണ്. അതാണ് സീരിയല്‍ കഥകളായി കാണിക്കുന്നതും. അതുകണ്ട് പഠിച്ച് നമുക്ക് തന്നെ നമ്മളെ മാറ്റാന്‍ കഴിയും. ക്രൈം സ്റ്റോറികള്‍ വായിച്ചൂന്ന് കരുതി എല്ലാവരും അതുപോലെ ക്രൈം ചെയ്യാന്‍ പോകുകയല്ലല്ലോ. സീരിയല്‍ അല്ല ജീവിതം.

സിനിമാ ഗാനരചനയിലേക്ക് വരുന്നതെങ്ങനെയാണ്?

സിനിമ ഗാനരചന എന്നൊന്നും പറയാനില്ല. ഞാന്‍ ഹിന്ദി, ഇംഗ്‌ളീഷ് ഗാനങ്ങള്‍ എഴുതാറുണ്ട്. എന്റെ ഫ്രണ്ട്‌സിനൊപ്പം ആല്‍ബം ചെയ്തു. എന്റെ അടുത്ത സുഹൃത്ത് ബൈജു മാധവ് മ്യൂസിക് ടീച്ചറാണ്. എനിക്ക് മലയാളം പാട്ടുകള്‍ അയച്ചുതരും. കേള്‍ക്കാന്‍ പറയും. അദ്ദേഹമാണ് ഒരു പാട്ടെഴുതാന്‍ പറഞ്ഞത്. അങ്ങനെയാണ് ആല്‍ബം സോംഗ് ചെയ്യുന്നത്. കുമ്പസാരത്തില്‍ ഒരു പ്രെയര്‍ സോംഗ് ചെയ്യാന്‍ അതിന്റെ എഴുത്തുകാരനാണ് ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്തു. അത്രയേ ഉള്ളൂ.

കുടുംബത്തില്‍ നിന്നുള്ള പിന്തുണയാണ് ഒരു കലാകാരിയുടെ ആദ്യ വിജയം. കുടുംബത്തിന്റെ പിന്തുണ എത്രത്തോളം പ്രധാനമാണെന്നാണ് പ്രിയ കരുതുന്നത് ?

നാട് തൃശൂരാണ്. നാട്ടില്‍ വരുമ്പോള്‍ എല്ലാ ബന്ധുക്കളും കൂടും. അതൊരു വലിയ കുടുംബമാണ്. അച്ഛനും അമ്മയുമാണ് ഏറ്റവും വലിയ സപ്പോര്‍ട്ട്. പ്രത്യേകിച്ചും അച്ഛനൊരു കലാകാരനായതു കൊണ്ട്. കല്യാണം കഴിഞ്ഞ ശേഷം ഭര്‍ത്താവിന്റെ കുടുംബവും അങ്ങനെ തന്നെ. ഭര്‍ത്താവും സഹോദരിയും മസ്‌കറ്റില്‍ നാടകം അവതരിപ്പിക്കാറുണ്ട്.

അമ്മായിയമ്മയുടെ കാര്യം പറയുകയേ വേണ്ട.എന്റെ അമ്മയേക്കാളും എല്ലാത്തിലും താല്‍പര്യമാണ്. എന്തിനും എന്നെ പ്രോത്സാഹിപ്പിക്കും. മക്കള്‍ ഒരു ആണും ഇരട്ട പെണ്‍കുട്ടികളും. അവര്‍ക്ക് ഞാന്‍ വര്‍ക് ചെയ്യുന്നതില്‍ സന്തോഷമേ ഉള്ളൂ. അത്രയും സമയം അമ്മ വീട്ടില്‍ ഇല്ലല്ലോ. അത്രയും ഫ്രീഡം കിട്ടുകയല്ലേ. എന്നാലും അവരത് മിസ്‌യൂസ് ചെയ്തിട്ടില്ല. ഭര്‍ത്താവ് എപ്പോഴും പറയും.

നമ്മളൊരു അടിസ്ഥാനം ഇട്ട് കൊടുത്തിട്ടുള്ള കുട്ടികളല്ലേ അവര്‍, വഴി മാറില്ല എന്ന് . ഒന്നിന്റെ പേരില്‍ പോലും ക്രിയേറ്റിവിറ്റി നശിപ്പിക്കരുതെന്ന്. അതു പോലെ തന്നെയായി. ഞാന്‍ ജോലി നിര്‍ത്തി ഇറങ്ങിയ സ്‌കൂളില്‍ പിന്നീട് ചെല്ലുന്നത് എന്റെ കുട്ടികളുടെ മെറിറ്റ് അവാര്‍ഡ് വാങ്ങാനാണ്. അന്ന് എല്ലാവരും പറഞ്ഞു. അമ്മമാര്‍ വീട്ടില്‍ ഇരുന്നില്ലെങ്കിലും മക്കള്‍ വളര്‍ന്നോളും എന്ന് . ഞാനെന്റെ കുടുംബത്തേയോര്‍ത്ത് അഭിമാനിക്കുന്നു.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More