ഷെല്‍ബിന്‍ ഡീഗോ, അഥവാ പക്ഷി വേട്ടക്കാരന്‍ പക്ഷി ഫോട്ടോഗ്രാഫറായ കഥ

ഷെല്‍ബിന്‍ ഡീഗോയെന്ന ഫോട്ടോഗ്രാഫറുടെ ജീവിതത്തിന്റെ ആദ്യഫ്രെയിമില്‍ പക്ഷിയെത്തുന്നത് ഒരു തോക്കിന്റെ അങ്ങേപ്പുറത്ത് ഇരയായാണ്. പിന്നെ പിന്നെ ‘മാനിഷാദ !’ ബോധം ചിതല്‍പുറ്റ് പൊട്ടിച്ച് ഷെല്‍ബിനെ കാമറാമാനാക്കി. വ്യൂഫൈന്‍ഡറിലൂടെയായി ആ പക്ഷിക്കാഴ്ചകള്‍.

കഥ തുടരുമ്പോള്‍ മാനിഷാദ ബോധം പകര്‍ന്ന് ഇന്ത്യയുടെ അങ്ങേ അറ്റത്ത് പേരറിയാഗ്രാമത്തിലെ അന്തേവാസികളെയും പക്ഷിനിരീക്ഷകരാക്കിയ കഥ പറയുകയാണ് എറണാകുളം കടമക്കുടിയെന്ന ഗ്രാമത്തിന് സമീപത്ത് നിന്നുള്ള ഈ നാച്ചുറല്‍ ഫോട്ടോഗ്രാഫര്‍.

ഷെല്‍ബിന്‍ ഡീഗോ ജയശ്രീ പട്ടാഴിയോട് സംസാരിക്കുന്നു. ഫോട്ടോഗ്രാഫിയെക്കുറിച്ച്. താന്‍ പ്രചോദിപ്പിച്ച മനുഷ്യരെക്കുറിച്ച്, തന്നെ പ്രചോദിപ്പിച്ച മനുഷ്യരെക്കുറിച്ച്, മൃഗങ്ങളെക്കുറിച്ച്, കാഴ്ചകളെക്കുറിച്ച്, ഗ്രാമങ്ങളെക്കുറിച്ച്.

ഷെല്‍ബിന്‍ ഡീഗോ, അഥവാ പക്ഷി വേട്ടക്കാരന്‍ പക്ഷി ഫോട്ടോഗ്രാഫറായ കഥ 1

ഷെല്‍ബിന്‍ ഡീഗോ, ഫോട്ടോഗ്രാഫി ജീവിതത്തിന്റെ ഭാഗമായി തുടങ്ങുന്നത് എന്ന് മുതലാണ് ?

ഫോട്ടോഗ്രാഫിയിലേക്ക് വരുന്നതിന് മുമ്പ് അഞ്ച് വര്‍ഷത്തോളം ഹണ്ടിംഗായിരുന്നു പ്രധാന പരിപാടി. എയര്‍ഗണ്‍ ഉപയോഗിച്ച് പക്ഷികളെയൊക്കെ വേട്ടയാടുമായിരുന്നു. അതൊക്കെ കറിവെച്ച് തിന്നലായിരുന്നു അന്നത്തെ പരിപാടി.

ആയിടെ ഒരു പിറന്നാള്‍ ദിനത്തില്‍ ക്യാമറ ഗിഫ്റ്റായി കിട്ടിയിരുന്നു. പക്ഷേ ക്യാമറയെ അഭിമുഖീകരിക്കാന്‍ തന്നെ പ്രയാസമുള്ള ഒരാളായിരുന്നു ഞാന്‍. വീടിന്റെ പിറകില്‍ എല്ലാം പാടങ്ങളാണ്. ഒരു ദിവസം അവിടെ കുറെ ആളുകള്‍ വന്നു. വലിയ ക്യാമറയൊക്കെയായി. കൊച്ചിന്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയില്‍ (സി.എന്‍.എച്ച്.എസ് ) നിന്ന് പക്ഷികളെക്കുറിച്ചുള്ള എന്തോ സര്‍വേക്ക് വന്നതാണ്.

എനിക്ക് ആണെങ്കില്‍ ഹണ്ടിംഗിന് നടന്ന് പരിചയമുള്ളതുകൊണ്ട് സ്ഥലങ്ങള്‍ പരിചയമുള്ള ആളെന്ന നിലയില്‍ സഹായത്തിന് എന്നെ എന്റെ കൂട്ടുകാരന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങനെ അവരോട് കൂടെ നടക്കുമ്പോഴാണ് ഈ പക്ഷികള്‍ക്ക് ഓരോ പേരുണ്ടെന്നും അവ വെറും ഇറച്ചി മാത്രമല്ലെന്നും മനസിലാകുന്നത്. അതായിരുന്നു ശരിക്കുമൊരു വഴിത്തിരിവ്. ഞാനിന്ന് സി.എന്‍.എച്ച്.എസ് അംഗമാണ്.

അവരെല്ലാം ഇന്നെന്റെ സുഹൃത്തുക്കളാണ്. അങ്ങനെയാണ് ബേര്‍ഡ് വാച്ചിംഗിലേക്ക് വരുന്നത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഇത്തരം ചിത്രങ്ങള്‍ക്കൊക്കെ, നല്ല പ്രതികരണം കിട്ടുന്നതോടെ ഫോട്ടോഗ്രാഫിയില്‍ സജീവമായി തുടരുകയായിരുന്നു.

ചാഞ്ഞും ചരിഞ്ഞും പറന്നും ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ദേശാടന പക്ഷികളുടെ പറുദീസയാണ് കടമക്കുടി. നാടും നാട്ടുക്കാഴ്ച്ചകളും ഷെല്‍ബിന്‍ ഡീഗോയെ എത്രത്തോളം പ്രചോദിപ്പിച്ചിട്ടുണ്ട്?

കടമക്കുടി പത്തു വര്‍ഷം മുമ്പ് ദേശാടന പക്ഷികളുടെ സ്ഥലമായി അറിയപ്പെട്ട് തുടങ്ങിയിട്ടില്ല. നമ്മളൊക്കെ അവിടെ പോകുന്നത് തോക്കും കൊണ്ടാണ്. പിന്നീടൊക്കെയാണ് ബേര്‍ഡ് വാച്ചിംഗ് ഗ്രൂപ്പുകളുമൊക്കെയായി പോകുന്നത്. കൊച്ചിയിലൊക്കെ തന്നെ ഇത്തരം പല ഗ്രൂപ്പുകളുണ്ട്.

പ്രത്യേകിച്ച് പേരും ഒന്നും തന്നെ കാണില്ല. അത്തരം ഗ്രൂപ്പുകള്‍ കടമക്കുടിയിലെത്തിയപ്പോഴാണ് വൈവിദ്ധ്യവും മറ്റ് കാര്യങ്ങളും ഒക്കെ പുറത്തേക്ക് അറിഞ്ഞു തുടങ്ങിയത്. ഇപ്പോഴുള്ള കടമക്കുടി ആയത്. ഈ ബേര്‍ഡ് വാച്ചിംഗിന്റെ ഒരു ഗുണം എന്തെന്നാല്‍ നമ്മള്‍ എവിടെ ചെന്നാലും ഒരു സബ്ജക്ട് ഉണ്ട്.

നമ്മള്‍ ഒരു യാത്ര പോയാല്‍ പോലും നമുക്ക് അവിടെ ബോറടി എന്നൊരു കാര്യമില്ല. ബേര്‍ഡ്സ് ഇല്ലാത്ത സ്ഥലങ്ങള്‍ വളരെ കുറവാണ്. അതൊരു ഘടകമാണ്. പിന്നെ ബേര്‍ഡ്സിനെ പറ്റി കൂടുതല്‍ അറിയുമ്പോള്‍ ഈ ദേശാടനം പോലെയുള്ള കാര്യങ്ങള്‍ വളരെ ഡീറ്റെയില്‍ഡായിട്ടുള്ളതാണ്. അവര്‍ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ഒരേ പാതയിലൂടെ തന്നെ സഞ്ചരിക്കുന്നു.

ഹിമാലയത്തില്‍ പോയി തിരിച്ച് ഒരു വീട്ടില്‍ തന്നെ വന്നിരിക്കുന്നു. മെഡിക്കല്‍ ട്രസ്റ്റിലെ പള്‍മനോളജിസ്റ്റും നേച്ചര്‍ ഫോട്ടോഗ്രാഫറുമായ ഡോക്ടര്‍ ജോര്‍ജ് മോത്തി ജസ്റ്റിന്റെ വീട്ടില്‍ മൂന്നുവര്‍ഷം ആയിട്ടൊക്കെ ഒരു ഏഷ്യന്‍ പാരഡൈസ് ചേക്കേറുന്നുണ്ട്.

ഹിമാലയത്തില്‍ പോയി തിരിച്ചുവന്ന് മൂന്ന് മാസത്തോളം അവിടെത്തന്നെ ചേക്കേറും. അങ്ങനെയുള്ള കാര്യങ്ങള്‍ അറിയാന്‍ തുടങ്ങുമ്പോള്‍ നമ്മുടെ ഉള്ളിലെ താത്പര്യം കുറച്ചുകൂടി ബൂസ്റ്റ് ആകുമല്ലോ. അതാണ് സംഭവിച്ചത്.

ഷെല്‍ബിന്‍ ഡീഗോ, അഥവാ പക്ഷി വേട്ടക്കാരന്‍ പക്ഷി ഫോട്ടോഗ്രാഫറായ കഥ 2

പഠനശേഷം സാമ്പത്തികമായി അത്ര സേഫ് സോണ്‍ അല്ലാത്ത ഈ മേഖല തിരഞ്ഞെടുക്കുമ്പോള്‍ നേരിട്ട വെല്ലുവിളി എന്തായിരുന്നു?

ഞാന്‍ ഫോട്ടോഗ്രാഫര്‍ ആകുന്നതിനോട് വീട്ടുകാര്‍ക്ക് ഒന്നും ഒരു താല്‍പര്യവും ഉണ്ടായിരുന്നില്ല. ഫോട്ടോഗ്രാഫറായി പരാജയപ്പെട്ട ആളായിരുന്നു എന്റെ ചേട്ടന്‍. സ്വാഭാവികമായി അവര്‍ക്ക് ഒരു താല്‍പര്യവുമുണ്ടാകില്ലല്ലോ.

ബേര്‍ഡ് ഫോട്ടോഗ്രാഫറോ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറോ മാത്രം ആകാനായിരുന്നാല്‍ നമ്മള്‍ പട്ടിണികിടന്ന് ചാവുകയേയുള്ളൂ. തുടക്കത്തില്‍ വളരെ പ്രതിസന്ധി നിറഞ്ഞ കാര്യമായിരുന്നു അത്. അതു മേക്കപ്പ് ചെയ്യാന്‍ ഫോട്ടോഗ്രാഫിയില്‍ തന്നെയുള്ള മറ്റ് മേഖലകള്‍ തെരഞ്ഞെടുക്കുകയായിരുന്നു. വെഡിങ് ഫോട്ടോഗ്രാഫി ആണ് ഏറ്റവും വരുമാനം തരുന്ന ഒരു മേഖല.

മലയാളത്തില്‍ ഒരു സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇവന്റുകള്‍ കവര്‍ ചെയ്യാറുണ്ട്. കൊച്ചിയില്‍ നില്‍ക്കുന്നത് എന്താണെന്ന് വച്ചാല്‍ ഇവിടെ അതിനൊക്കെ ഒരു സീസണ്‍ ഉണ്ട്. ഓഫ് സീസണ്‍ എന്ന് പറയുന്നത് ഇവിടുത്തെ വേനല്‍ക്കാലമാണ്.

അപ്പോഴാണ് ഹിമാചല്‍ പോലെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ഫോട്ടോഗ്രാഫിയില്‍ തന്നെ മറ്റൊരു മേഖലയില്‍ വര്‍ക്ക് ചെയ്ത്, താല്പര്യമുള്ള വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി, നേച്ചര്‍ ഫോട്ടോഗ്രാഫി, ട്രാവല്‍ ഫോട്ടോഗ്രാഫി എന്നിവയിലൊക്കെ നമ്മുടെ പൈസ ഇന്‍വെസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അതാണല്ലോ നമ്മുടെ പാഷന്‍ .

മികച്ച ഫ്രെയ്മുകള്‍ തേടിയുള്ള യാത്രയിലാണ് ഓരോ ഫോട്ടോഗ്രാഫറും. മികച്ച ചിത്രത്തിനായി എത്ത്രോളം മുന്നൊരുക്കവും ക്ഷമയും അദ്ധ്വാനവും വേണം?

ക്ഷമ എന്ന് പറയുന്നത് താല്പര്യമുള്ള ഒരു കാര്യത്തിലാകുമ്പോള്‍ അതൊരു കാത്തിരിപ്പു മാത്രമാണ്. നമ്മുടെ താല്‍പര്യത്തിന് അനുസരിച്ചിരിക്കും ക്ഷമയും കാത്തിരിപ്പും ഒക്കെ നമുക്ക് അനുഭവപ്പെടുക. തീര്‍ച്ചയായും ബേര്‍ഡ് ഫോട്ടോഗ്രാഫി അല്ലെങ്കില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി പോലുള്ള കാര്യങ്ങള്‍ക്ക് നമ്മള്‍ കുറെ സമയം ചെലവഴിക്കേണ്ടിവരും.

അതിന് ഓരോ ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഓരോ രീതികളാണ്. അതിനായി ഒരു സ്ഥലത്തുതന്നെ മാസങ്ങളോളം കാത്തിരിക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ ഉണ്ട് . കൂട്ടായിട്ട് പോകുന്നതൊക്കെ പലപ്പോഴും ഡിസ്റ്റര്‍ബന്‍സ് ആണ്. പ്രത്യേകിച്ചും അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു പോകുമ്പോള്‍, നമ്മളേക്കാള്‍ ഒക്കെ സെന്‍സിറ്റീവ് ആണല്ലോ മൃഗങ്ങള്‍ .

ഒറ്റയ്ക്കുള്ള യാത്രകള്‍ ആയിരിക്കും കൂടുതല്‍ പ്രൊഡക്ടീവ്. നല്ല റിസള്‍ട്ട് കിട്ടുന്നത് പലപ്പോഴും അത്തരം യാത്രകളിലാവും. പിന്നെ താല്‍പര്യമാണ് എല്ലാറ്റിനും ആധാരം. എഫര്‍ട്ട് പോലെ ഒരു ഫീല്‍ ഇല്ലാതിരിക്കുന്നതാണ് നമ്മുടെ ഒരു പാഷന്റെ ഗുണം .

ഷെല്‍ബിന്‍ ഡീഗോ, അഥവാ പക്ഷി വേട്ടക്കാരന്‍ പക്ഷി ഫോട്ടോഗ്രാഫറായ കഥ 3

ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറെ നിരാശപ്പെടുത്താത്ത ഒരു ഇടം ഏതാണ് ?

നീലഗിരി മാര്‍ട്ടന്‍ എന്നൊരു സസ്തനി ഉണ്ട്. പാമ്പാടും ഷോല നാഷണല്‍ പാര്‍ക്കിലൊക്കെ കാണുന്നതാണ്. വളരെ അപൂര്‍വം ആയിട്ടാണ് ഫോട്ടോഗ്രാഫേഴ്സിന് ആ ജീവിയെ കിട്ടിക്കൊണ്ടിരുന്നത്. അതെടുക്കാനായി ഏകദേശം രണ്ടര മൂന്നു വര്‍ഷത്തോളം ഈ മൂന്നാര്‍ ടോപ്പ് സ്റ്റേഷന്‍ ഭാഗത്ത് കറങ്ങിക്കൊണ്ടിരുന്നു. എന്നാല്‍ അതിന്റെ പടം ഒന്നും കിട്ടിയിരുന്നില്ല.

ആ കറക്കം കൊണ്ട് നല്ല ലോക്കല്‍ കോണ്‍ടാക്ട് കിട്ടി. ഒരു സെക്കന്‍ഡ് ഹോം പോലെ എപ്പോഴും കടന്നുചെല്ലാവുന്ന ഒരു അന്തരീക്ഷം ഉണ്ടായി. സത്യത്തില്‍ പടം കിട്ടാത്തത് ഒരു നിരാശയാണ്. പക്ഷേ വലിയൊരു ഫ്രണ്ട് സര്‍ക്കിള്‍ ഉണ്ടായി.

അതിനുശേഷമാണ് ആ ഒരു പടം കിട്ടുന്നത്. അതൊരു വലിയ മൊമന്റ് ആയിരുന്നു. പക്ഷേ എപ്പോള്‍ ചെന്നാലും ഒരു ഫോട്ടോഗ്രാഫറെ നിരാശപ്പെടുത്താത്ത ഒരു സ്ഥലം എന്ന് പറയുന്നത് രാജസ്ഥാനിലെ ഭരത്പൂര്‍ ബേര്‍ഡ്സ് സാങ്ച്വറി ആണ്. എപ്പോള്‍ ചെന്നാലും എന്നതല്ല, ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ച് ഒരു സംഭവം നടക്കുമ്പോള്‍ ആ സ്പോട്ടില്‍ ഉണ്ടാകുക എന്നതാണ് പ്രധാനം.

വിന്റര്‍ സമയങ്ങളിലാണ് പലപ്പോഴും കൂടുതല്‍ ബേര്‍ഡ്സ് ഒക്കെ ഉണ്ടാവുക. അല്ലാത്ത സമയത്ത് ചെന്നാല്‍ നിരാശയാണ് . കൃത്യമായ സമയത്ത് അവിടെ ഉണ്ടാവുക, അതിനെപ്പറ്റിയുള്ള അറിവ് നമുക്ക് ഉണ്ടാകുക എന്നിവ അത്യാവശ്യമാണ്. അങ്ങനെ നോക്കിയാല്‍ വിന്റര്‍ സീസണില്‍ ഒക്കെ ചെന്നാല്‍ നിരാശപ്പെടുത്താത്ത ഒരു സ്ഥലം എന്നൊക്കെ പറയുന്നത് ഭരത്പൂരാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ബേര്‍ഡ് വാച്ചിംഗ് സര്‍ക്കിള്‍.

രാവിലെ ആറുമണി സമയത്ത് റൂമില്‍ നിന്നും സാങ്ച്വറിയുടെ അകത്തേക്ക് പോയാല്‍ വൈകിട്ട് സണ്‍സെറ്റ് സമയം കഴിഞ്ഞായിരിക്കും തിരിച്ചിറങ്ങുക. സൈക്കിളില്‍ ആയിരിക്കും നമ്മള്‍ പോകുക . ഉച്ചയ്ക്ക് ഒക്കെ വല്ല ആലൂ പൊറോട്ടയോ ഓംലെറ്റോ പോലുള്ളവ പാക്ക് ചെയ്തു കൊണ്ടുപോകും.

Advt: To Download Kerala PSC Question Bank: Click Here

ഫുള്‍ ഡേ ഫോട്ടോഗ്രാഫി ചെയ്യുക എന്ന് പറയുമ്പോള്‍ അത്രയും പൊട്ടന്‍ഷ്യല്‍ ഉള്ള , നമ്മളെ എന്റര്‍ടെയിന്‍ ചെയ്യിക്കുന്ന , എന്‍ഗേജ്ഡ് ആക്കുന്ന ഒരു സ്ഥലം ഇന്ത്യയില്‍ വേറെ ഇല്ല എന്ന് വേണമെങ്കില്‍ പറയാം.

ബേര്‍ഡ് ഫോട്ടോഗ്രാഫി യില്‍ നിന്നും സ്ട്രീറ്റ് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞത് എപ്പോഴാണ്?

കേരളത്തില്‍ ഒരുപാട് നല്ല ബേര്‍ഡ് ഫോട്ടോഗ്രാഫര്‍മാരും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുമുണ്ട് . അവരോടൊപ്പമാണ് ഞാനും കാട്കയറ്റം തുടങ്ങുന്നത്. നമ്മുടെ കൂട്ടുകാരുടെയൊക്കെ ചുവടു പിടിച്ച്. പിന്നെ സ്ട്രീറ്റ് ഫോട്ടോഗ്രാഫിയിലേക്ക് തിരിയുന്നത് നമ്മുടെ യാത്ര കുറച്ചുകൂടി വിപുലമാകുമ്പോഴാണ്.

ബേര്‍ഡ് ഫോട്ടോഗ്രാഫിയില്‍ നമ്മള്‍ തലേന്നേ ചെന്ന് ക്യാമ്പ് എവിടെയാണോ അവിടെയെത്തും. പിറ്റേന്ന് ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി റഫര്‍ ചെയ്യും. കിടന്നുറങ്ങും. പക്ഷേ സ്ട്രീറ്റ് ഫോട്ടോഗ്രാഫിയില്‍ ഒരു സ്ഥലത്ത് ചെന്ന് അവിടെ ഒന്ന് രണ്ടു പ്രാവശ്യം നടന്നു കഴിയുമ്പോഴാണ് നമുക്ക് അതിന്റെ ഒരു പള്‍സും സാധ്യതകളും ഒക്കെ മനസ്സിലാകുന്നത്. സ്ട്രീറ്റില്‍ ആവുമ്പോള്‍ അവിടെ ലൈഫ് ഉണ്ട്.

പ്രെഡിക്ട് ചെയ്യാം. ബേര്‍ഡ് ഫോട്ടോഗ്രാഫിയിലെ അപ്രവചനീയത വളരെ സഹായകരമാണ് സ്ട്രീറ്റ് ഫോട്ടോഗ്രാഫര്‍ക്ക് . ബേര്‍ഡ്സ് എന്ത് ചെയ്യും എന്നതിനെ കുറിച്ച് ഒരു ഊഹം മാത്രമേയുള്ളൂ. എപ്പോഴും റെഡി ആയിരിക്കണം അടുത്ത മൂവ്മെന്റിനു വേണ്ടി.

സ്ട്രീറ്റ് ഫോട്ടോഗ്രാഫിയിലേക്ക് അതിനെ ഇംപ്ലിമെന്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സ്പീഡ് പോലെയുള്ള കാര്യങ്ങളില്‍ നമുക്ക് അത് വളരെ സഹായകരമായിരിക്കും. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ട്രാവല്‍ ചെയ്യുമ്പോള്‍ വളരെ വൈവിധ്യമുള്ളതാണ് എല്ലാ ഇടങ്ങളും. രാജസ്ഥാനിലെ ലൈഫ് അല്ല ഹിമാചല്‍പ്രദേശിലെയോ ഉത്തരാഖണ്ഡിലെയോ ലൈഫ്.

ബേര്‍ഡ്സ് എന്ന് പറയുന്നത് നമ്മള്‍ കാട് പോലെയുള്ള സ്ഥലങ്ങളിലേക്ക് ചെല്ലുമ്പോഴാണ് കൂടുതലായി കാണാന്‍ കഴിയുന്നത്. ഫുള്‍ടൈം ഫോട്ടോഗ്രാഫിയില്‍ നമ്മള്‍ എന്‍ഗേജ്ഡ് ആയിരിക്കണമെങ്കില്‍ നമ്മള്‍ മറ്റേതെങ്കിലും മേഖലകളിലേക്ക് തിരിയുകയും ക്രമേണ ഒരു താല്പര്യം ഉണ്ടാവുകയും ചെയ്യും. അതില്‍ പ്രതിഭ തെളിയിക്കുക എന്നതൊക്കെ ഒരുപാട് കാലം ചെയ്തു കഴിയുമ്പോള്‍ സംഭവിക്കുന്നതാണ് . സ്ട്രീറ്റ് ഫോട്ടോഗ്രാഫിയില്‍ ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ. ഇനിയും ഒരുപാട് കാര്യങ്ങള്‍ എനിക്ക് ചെയ്യാനുണ്ട്.

ഷെല്‍ബിന്‍ ഡീഗോ, അഥവാ പക്ഷി വേട്ടക്കാരന്‍ പക്ഷി ഫോട്ടോഗ്രാഫറായ കഥ 4

ഒരു യാത്രികന് ലഭിക്കുന്നതിനും വ്യത്യസ്തമായ അനുഭവങ്ങള്‍ കാട് ഒരു ഫോട്ടോഗ്രാഫര്‍ക്ക് നല്‍കുന്നുണ്ട്. അത്തരം മറക്കാനാവാത്ത കാട് അനുഭവങ്ങള്‍ പങ്കു വയ്ക്കാമോ?

മൂന്നുവര്‍ഷം മുമ്പാണ് ഡിസംബര്‍ 26 ന് ധൂമകേതു മഴ (മിറ്റിയോര്‍ ഷവര്‍) ഫോട്ടോ എടുക്കാന്‍ പോകുന്നത്. ഞാനും രണ്ടു മൂന്നു സുഹൃത്തുക്കളും കൂടി മൂന്നാര്‍ ടോപ് സ്റ്റേഷനില്‍ പോയി. ധൂമകേതു മഴയുടെ ഫോട്ടോ എടുക്കലാണ് ഉദ്ദേശം. ഇവിടെ നിന്ന് പോയി ടോപ് സ്റ്റേഷന്‍ വ്യൂ പോയിന്റില്‍ ടെന്റ് ഇട്ടു.

അവിടെ ചെന്ന് ക്യാമറ സെറ്റ് ചെയ്തു കഴിഞ്ഞപ്പോഴാണ് ഞാന്‍ കാര്‍ഡ് കൊണ്ടുപോയിട്ടില്ല എന്ന് മനസിലാക്കുന്നത്. വേറെ നിവൃത്തി ഒന്നുമില്ലാത്തതുകൊണ്ട് യോഗ മാറ്റ് നിലത്ത് വിരിച്ച് അതില്‍ കിടന്ന് ധൂമകേതു മഴ കണ്ടു.

അന്ന് മിനിറ്റില്‍ അഞ്ചോ ആറോ എന്ന കണക്കിന് ധൂമകേതു കാണാന്‍ കഴിഞ്ഞിരുന്നു. അതുപോലൊരു ആകാശം എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. അതൊരു മറക്കാനാവാത്ത അനുഭവമായിരുന്നു.

ക്യാമറയും കാര്‍ഡും നോക്കിയിട്ടാണ് ഞാന്‍ പോകുന്നതെങ്കില്‍ ചിലപ്പോള്‍ ഞാന്‍ ക്യാമറയിലാകും കൂടുതല്‍ ശ്രദ്ധിക്കുക. വളരെ ചുരുക്കം കിട്ടിയ അനുഭവങ്ങളില്‍ ഒന്നാണ്. അതുപോലെ മോശം അനുഭവങ്ങളും ഉണ്ട് .

ഭരത്പൂരിലൊക്കെ സൈക്കിളാണ് ഉപയോഗിക്കുന്നത്. റിക്ഷക്കാരനാണെങ്കില്‍ പൈസ കൂടുതലാണ്. ഏതാണ്ട് 1200 രൂപയോളം വരും.

സൈക്കിള്‍ ആണെങ്കില്‍ 100 രൂപയ്ക്ക് വാടകയ്ക്ക് കിട്ടും. ഒരു ദിവസം കഴിഞ്ഞ് തിരിച്ചുകൊടുത്താല്‍ മതി. അങ്ങനെ സൈക്കിളും കൊണ്ട് ഈ സാങ്ച്വറിയുടെ അകത്തേക്ക് സാധാരണ പാതയില്‍ നിന്നും മാറി ഉള്ളിലേക്ക് പോകാനാകും. അങ്ങനെ ഒരു പത്ത് കിലോമീറ്റര്‍ ഉള്ളിലേക്ക് പോയിട്ടുണ്ടാകും. ഉച്ച സമയം.
ഞാന്‍ രാവിലെ ആറിന് തിരിച്ചു ഒരു പത്തോടു കൂടി തിരികെയെത്താം എന്ന് പ്രതീക്ഷിച്ചാണ് പോകുന്നത്. 10 കിലോമീറ്റര്‍ അകത്തേക്ക് ചെന്നപ്പോള്‍ എന്റെ ടയര്‍ പഞ്ചറായി പോയി.

സെപ്റ്റംബര്‍ മാസത്തില്‍ പത്തുമണി കഴിഞ്ഞാല്‍ പിന്നെ തണലുള്ള സ്ഥലത്ത് അല്ലാതെ നില്‍ക്കാന്‍ കഴിയുകയില്ല. അങ്ങനെയുള്ള ആ സമയത്താണ് ഈ സൈക്കിളും ചുമന്നുകൊണ്ട് ഒരു മണിയോടു കൂടി ഞാന്‍ തിരികെ ഈ ഗേറ്റിനടുത്തെത്തുന്നത്. സൈക്കിള്‍ തോളത്ത് എടുത്തുവെച്ച് കൊണ്ടാണ് വരുന്നത്.

അങ്ങനെ ഗസ്റ്റ്ഹൗസില്‍ എത്തിയപ്പോള്‍ അവിടെയുള്ളവര്‍ എന്നോട് ചോദിച്ചു. ഇത് എന്തുപറ്റിയെന്ന്. കാരണം ആ ഒരു ദിവസം കൊണ്ട് ഞാന്‍ അതുപോലെ കറുത്ത് കരി പോലെ ആയിപ്പോയി. സണ്‍ ബേണ്‍ ആണോ എന്തോ കുറേ ദിവസത്തേക്ക് അതിന്റെ ഇംപാക്ട് ഉണ്ടായിരുന്നു.

ഇത്തരത്തില്‍ മോശമായ അനുഭവങ്ങളും നല്ല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. മോശമായ അനുഭവങ്ങള്‍ പിന്നീട് ആലോചിക്കുമ്പോള്‍ വളരെ സാഹസികമായി തോന്നും. അത് പിന്നീട് നമുക്ക് ഒരു പാഠവും ആയിരിക്കും.

കാഴ്ചകള്‍ തേടിയുള്ള യാത്ര ഒരു കൂട്ടായ്മയുടേതാകുമ്പോള്‍ അവിടെ പാലിക്കേണ്ട ചില ചിട്ടവട്ടങ്ങള്‍ എന്തൊക്കെയാണ്?

ഞാന്‍ പോകുന്ന ഗ്രൂപ്പുകളില്‍ ഉള്ള ആള്‍ക്കാരൊക്കെയും എന്നേക്കാള്‍ സീനിയറായിട്ടുള്ളവരാണ്. അപൂര്‍വമായിട്ടേ അതല്ലാത്ത കമ്പാനിയന്‍സ് ഉണ്ടാകാറുള്ളൂ. നമ്മള്‍ പോകുന്ന സ്ഥലങ്ങളോട് ഒരു മര്യാദ കാണിക്കണമെന്നതാണ് പ്രധാനം. പ്ലാസ്റ്റിക് പോലെയുള്ള സാധനം ഒരിക്കലും വലിച്ചെറിയരുത്. കുറച്ച് സെന്‍സിറ്റീവായ കാടുകളാണ് നമ്മുടെ ഈ ഭാഗത്തേക്കുള്ളത്.

ഒരു ബീഡിക്കുറ്റി വലിച്ചെറിയുകയാണെങ്കില്‍ ആ സ്ഥലത്ത് തീ പിടിക്കാനുള്ള സാഹചര്യമുണ്ടാക്കുകയല്ലേ. അപ്പര്‍ ഹിമാലയ പോലെയുള്ള ഒരു സ്ഥലത്ത് വൃക്ഷങ്ങള്‍ കുറവായതിനാല്‍ കാട്ടുതീയുടെ സാദ്ധ്യത കുറവാണ്. മറിച്ച് ലോവര്‍ ഹിമാലയയില്‍ പൈന്‍ മരങ്ങളാണ്. വൃക്ഷ നിബിഡമായ കാടു വരുമ്പോള്‍ നമ്മള്‍ കുറെ കൂടി ജാഗരൂകരായിരിക്കണം.

യാത്രകള്‍ പോയി തിരിച്ചുവരുമ്പോള്‍ അവിടെ കാണുന്ന പ്ലാസ്റ്റിക്ക് ഒക്കെ പെറുക്കി കൊണ്ട് വരുന്ന ആള്‍ക്കാരുണ്ട്. ഞാന്‍ ചിലപ്പോഴെങ്കിലും ഇക്കാര്യങ്ങള്‍ ചെയ്യാറുണ്ട്. പലപ്പോഴും വലിയ ഫോട്ടോഗ്രാഫര്‍മാര്‍ ആയിരിക്കില്ല ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. പക്ഷേ ഫോട്ടോഗ്രാഫേഴ്സിന് ഇക്കാര്യത്തില്‍ വലിയ സ്വാധീനം ചെലുത്താനാകുന്നുണ്ട്.

കാട്ടില്‍ പോയാല്‍ പാലിക്കേണ്ട കാര്യങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍, ഒരു മെസ്സേജ് കൊടുക്കാനൊക്കെ കഴിയുന്നുണ്ട്. കാട്ടില്‍ പോയാലും തിരിച്ചു വന്നാലും അവിടെ ഒരു മാറ്റം നമ്മളായിട്ട് ഉണ്ടാക്കാതിരിക്കാന്‍ ശ്രമിക്കുക. കാരണം കാട് നമുക്ക് മാത്രമുള്ളതല്ല.

ഒരുമിച്ചു പോകുന്ന ഗ്രൂപ്പ് എന്ന് പറയുമ്പോള്‍ ഒരു യാത്രയ്ക്ക് അപ്പുറം രണ്ടാമത്തെ യാത്രയാകുമ്പോള്‍ തന്നെ എല്ലാവരും നമ്മുടെ സുഹൃത്തുക്കളാവുകയാണ്. അപ്രഖ്യാപിതമായ ഒരു റൂള്‍ അവര്‍ക്കിടയില്‍ ഉണ്ടാകും.

മൂന്നാറൊക്കെ യാത്ര പോകുന്നവര്‍ വഴിയരികില്‍ ഇരുന്ന് ഡിസ്പോസിബിള്‍ പ്ലേറ്റുകളില്‍ ഭക്ഷണം കഴിക്കുന്നതും അതിനുശേഷം അത് അവിടെ വഴിയരികില്‍ ഉപേക്ഷിക്കുന്നതുമൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരോ ബേര്‍ഡ് വാച്ചിംഗ് ഗ്രൂപ്പുകളോ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. ഒരു ഗ്രൂപ്പിലേക്ക് പുതുതായി ഒരാള്‍ ചേരുമ്പോള്‍ പോലും പ്ലാസ്റ്റികോ മറ്റോ ഉപേക്ഷിക്കുന്നത് കണ്ടാല്‍ പറഞ്ഞുകൊടുക്കുകയും ചെയ്യാറുണ്ട്.

ഷെല്‍ബിന്‍ ഡീഗോ, അഥവാ പക്ഷി വേട്ടക്കാരന്‍ പക്ഷി ഫോട്ടോഗ്രാഫറായ കഥ 5

പ്രകൃതി നമുക്കായി കാത്തു വയ്ക്കുന്ന ചില ഫ്രെയിമുകളുണ്ട്. കാത്തിരുന്ന് കാപ്ചര്‍ ചെയ്യുന്ന ഫ്രെയിമുകളുമുണ്ട്. അപ്രവചനീയതയാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ സൗന്ദര്യം. ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ഷെല്‍ബിന് ഏതിനോടാണ് പ്രിയം?

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ മുഖ്യഘടകം എന്നുപറയുന്നത് ഭാഗ്യമാണ്. നമ്മള്‍ എടുക്കുന്ന എഫര്‍ട്ടാണ് മറ്റൊരു ഘടകം. സംഭവം നടക്കുന്ന സമയത്ത് നമ്മള്‍ ഉണ്ടാവുകയെന്നതാണ് പ്രധാനം. ഫോട്ടോ എടുക്കാന്‍ തയ്യാറാവുക. അനുഭവ പരിചയത്തിന്റെ മറുപുറം കൂടിയാണത്.

ചില ആളുകള്‍ക്ക് ക്യാമറ സെറ്റിംഗ്സ് ക്യാമറയില്‍ നോക്കാതെ തന്നെ വിരലുകൊണ്ട് മാറ്റാനാകും. നോക്കാതെ തന്നെ അയാളുടെ കൈ അതിലോടും. അങ്ങനെ ഒരു തയ്യാറെടുപ്പ് എന്ന് പറയുന്നത് നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതാണ്.

പ്രകൃതി നല്‍കുന്നത് എന്ന് പറയുന്നത് നമ്മള്‍ പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന ഫ്രെയിമുകളാണ്. അപ്പോഴും ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ നമ്മള്‍ അതിന് തയ്യാറായിരിക്കണം. പ്രസന്‍സ് ഓഫ് മൈന്‍ഡ് എന്ന് പറയുന്നത് വളരെ പ്രധാനമാണ്. ഒരുപാട് ഫോട്ടോഗ്രാഫര്‍മാരെ എനിക്കറിയാം, മാസങ്ങളോളം ഒരിടത്ത് കുത്തിയിരുന്ന് പടം പിടിക്കുന്നവര്‍.

എനിക്കെന്തായാലും അതുപോലെ കഴിയില്ല. എനിക്ക് വേറൊരു രീതിയാണ്. കാടിനകത്ത് നടക്കുക, ഫോട്ടോ എടുക്കുക എന്നതാണത്. സ്ട്രീറ്റ് ഫോട്ടോഗ്രാഫിയില്‍ ഒരു സ്ഥലത്ത് ഇരിക്കുന്നില്ല നമ്മള്‍ ഫ്രെയിമിനായി നടക്കുകയാണ്.

ചില സമയത്ത് ചില ഫ്രെയിമുകളില്‍ നമ്മള്‍ ഇന്‍സ്പെയറാകും. മറ്റു ഫോട്ടോഗ്രാഫര്‍മാരുടെ പടങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കും. പക്ഷേ നമ്മുടെ സ്ഥലവും സാഹചര്യവും സ്‌കില്ലും എല്ലാം വ്യത്യാസം ആയതുകൊണ്ട് നമുക്ക് പൂര്‍ണമായും വ്യത്യാസമുള്ള ഫ്രെയിമായിരിക്കും ലഭിക്കുക. അങ്ങനെ അനുകരിക്കുന്നത് കൊണ്ട് തെറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്. എഫര്‍ട്ട് എടുക്കാത്തവര്‍ക്ക് ചിത്രം കിട്ടില്ലല്ലോ. ലോട്ടറി എടുക്കാതെ അത് അടിക്കില്ലല്ലോ.

പ്രയത്നം ഏറെ എടുക്കുന്നുണ്ടെങ്കിലും ചില ചിത്രങ്ങള്‍ നമ്മെ നിരാശപ്പെടുത്താറുണ്ട്. ചിലത് അമിതാനന്ദവും നല്‍കും. ഈ രണ്ട് തരം അനുഭവം പറയാമോ?

ഈ രണ്ട് അനുഭവങ്ങളും തന്നത് ഒരു ചിത്രമാണ്. നേരത്തെ പറഞ്ഞ (മരനായ) നീലഗിരി മാര്‍ട്ടന്‍ വളരെ കുറച്ചു പേര്‍ എടുത്തിട്ടുള്ള സമയത്താണ് ഞാന്‍ അതിനായി ശ്രമിക്കുന്നത്. മൂന്നാര്‍ ടോപ് സ്റ്റേഷന്‍ ഭാഗത്ത് അലഞ്ഞ് നടന്നിട്ട് ചിത്രം കിട്ടിയില്ല. തീരെ പ്രതീക്ഷിക്കാതെ ബേര്‍ഡ് ഫോട്ടോഗ്രാഫി ആയിട്ട് നടക്കുമ്പോഴാണ് ഈ പറയുന്ന ജീവി മുന്നില്‍ വരുന്നത്.

അത് വളരെ നന്നായിട്ട് എടുക്കാന്‍ പറ്റി. അത് കിട്ടിയപ്പോള്‍ ഉണ്ടായ സന്തോഷം ശരിക്കും കണ്ണുനിറഞ്ഞുപോയി. ആ സമയത്ത് എന്റെ കൂടെ ആരും ഉണ്ടായിരുന്നുമില്ല. പിന്നെ ഇതേ ചിത്രം തന്നെ ഒരു വര്‍ഷത്തിനുശേഷം കാണുമ്പോള്‍ നിരാശയും തോന്നി. അന്ന് അതിനെ പെട്ടെന്ന് കണ്ടതിലുള്ള പകപ്പില്‍ അതിന്റെ പുറകേ പോയി വീണ്ടും പടമെടുക്കാനായില്ല. എന്നെ സംബന്ധിച്ച് അത് ഒരു നഷ്ടമാണ്.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ശ്രമിക്കാമായിരുന്നു. പക്ഷേ ഞാന്‍ ചെയ്തില്ല. അതൊരു നിരാശയും ആണ് . അങ്ങനെ സംതൃപ്തിയും നിരാശയും തരാന്‍ ഒരു ഫോട്ടോഗ്രാഫിന് കഴിയും. എന്റെ എക്സൈറ്റ്മെന്റ് കൊണ്ട് അതിനെ പിന്തുടരാനുള്ള പ്രസന്‍സ് ഓഫ് മൈന്‍ഡ് എനിക്ക് ഉണ്ടായില്ല.

ഷെല്‍ബിന്‍ ഡീഗോ, അഥവാ പക്ഷി വേട്ടക്കാരന്‍ പക്ഷി ഫോട്ടോഗ്രാഫറായ കഥ 6

പക്ഷികളെയും മൃഗങ്ങളെയും തേടിയുള്ള യാത്രയില്‍ പലപ്പോഴും ചില മനുഷ്യരും ജീവിതത്തിന്റെ ഫ്രെയിമിലേക്ക് വന്ന് പെടാറുണ്ട് . മനസിനെ സ്വാധീനിച്ച ചിലരോടൊത്തുള്ള അനുഭവങ്ങള്‍ പറയാമോ?

അങ്ങനെയുള്ള ആളുകള്‍ നമ്മുടെ ലൈഫില്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. ഹിമാചലില്‍ എനിക്ക് നരേഷ് എന്ന് പറയുന്ന ഒരു സുഹൃത്ത് ഉണ്ട്. നാടക നടനാണ്. വീട് ഹിമാചലില്‍ ജന്‍ജാലി എന്ന് പറയുന്ന ഒരു ഗ്രാമമാണ്. ഇന്ത്യയിലെ 10 സുന്ദര ഗ്രാമങ്ങള്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ അതില്‍ വരുന്ന ഒരു ഗ്രാമമാണത്. അവരുടെ വീട്ടിലേക്കു ചെല്ലുമ്പോള്‍ അതൊരു കൂട്ടുകുടുംബമാണ്.

അദ്ദേഹത്തിന്റെ പിതാവ് അവിടത്തെ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ നിന്ന് റിട്ടയേര്‍ഡ് ആയി ഇരിക്കുന്ന സമയമാണ് . നല്ലൊരു രസികനായ മനുഷ്യന്‍. ഇവര്‍ പരന്ന കല്ല് കൊണ്ട് കെണിവെച്ച് കിളികളെ പിടിക്കും. എന്നിട്ട് അതിനെ തിന്നും. ഡിസംബര്‍ ജനുവരി സമയത്ത് പക്ഷികള്‍ക്ക് ഭക്ഷണം കുറവായിരിക്കും.
അപ്പോള്‍ ഇവര്‍ അതിനെ പിടിക്കും.

ഈ കഥ ഇവര്‍ എന്നോട് പറഞ്ഞു. പക്ഷികളുടെ കുറെ പടങ്ങള്‍ ഞാന്‍ അവര്‍ക്ക് കാണിച്ചു കൊടുത്തു. അവര്‍ അതിനുമുന്‍പ് അത്തരം ചിത്രങ്ങള്‍ ഒന്നും കണ്ടിട്ടില്ല. പക്ഷികള്‍ക്ക് ഇത്രയും ഭംഗി ഉണ്ടെന്ന് ഒന്നും അറിയില്ലായിരുന്നു.

ഞാന്‍ പിറ്റേന്ന് നോക്കുമ്പോള്‍ ഈ മനുഷ്യന്‍ തടികള്‍ കൊണ്ട് കടഞ്ഞെടുത്ത ഒരു പ്ലാറ്റ്ഫോമില്‍ പക്ഷികള്‍ക്ക് തീറ്റ കൊടുത്ത് അത് നോക്കി നില്‍ക്കുന്നു. അതൊരു വല്ലാത്ത ഫീല്‍ ആയിരുന്നു. അതിനുശേഷം അവിടെ ആരും പക്ഷികളെ വേട്ടയാടിയിട്ടില്ല. ഇപ്പോഴും അതിന് തീറ്റ കൊടുക്കാറുണ്ട്. ആ ചിത്രങ്ങള്‍ അയച്ചു തരാറുമുണ്ട്. അത്തരത്തില്‍ ഒരിക്കലും ഒരു പ്രചോദനം കിട്ടാത്തതുകൊണ്ട് മാത്രം മാറാതെ ഇരിക്കുന്ന ചില മനുഷ്യരുണ്ട് .

മറ്റൊന്ന് ഹിമാചലിലേക്ക് പോകുന്ന സമയത്ത് സുഹൃത്തുക്കളുണ്ടെങ്കില്‍ നമ്മള്‍ വണ്ടി ഹയര്‍ ചെയ്താണ് പോകുന്നത്. അങ്ങനെ ഒരു ഡ്രൈവറെ കിട്ടി. താവു എന്നാണ് അയാളെ എല്ലാവരും വിളിക്കുന്നത്. ലോകത്തിലെ ഏറ്റവും അപകടം പിടിച്ച റോഡുകളില്‍ ഒന്നായ സ്പിറ്റി വാലിയിലൂടെയാണ് യാത്ര.

ആ യാത്രയില്‍ മൂന്നാമത്തെ ദിവസം ഞങ്ങള്‍ കൂട്ടുകാര്‍ക്ക് ഒപ്പം ഇരിക്കുന്ന സമയത്ത് ഡ്രൈവര്‍ അവിടെ കിടന്നുറങ്ങുന്നുണ്ട്. ഞാന്‍ നോക്കിയപ്പോള്‍ ഒരു ജയ്പൂര്‍ (വെപ്പുകാല്‍ ) കാലിരിക്കുന്നു. കൂട്ടുകാരോട് ചോദിക്കുമ്പോഴാണ് അറിയുന്നത് താവു എന്ന് നമ്മള്‍ വിളിക്കുന്ന ഡ്രൈവറുടേതാണ് ആ കാലെന്ന് .

ഒരു കാലുള്ള മനുഷ്യനാണ് ഈ മൂന്ന് ദിവസം ഇത്രയും അപകടം പിടിച്ച റോഡിലൂടെ വണ്ടിയോടിച്ചത്. അതിനുശേഷമുള്ള എന്റെ മിക്ക യാത്രകളിലും ഇദ്ദേഹം തന്നെയാണ് ഡ്രൈവര്‍. അദ്ദേഹത്തെപോലെ പ്രചോദിപ്പിച്ച വേറൊരാള്‍ ഇല്ല. പ്രചോദിപ്പിക്കുന്ന കുറെ ആളുകളെ യാത്രയില്‍ കണ്ടിട്ടുണ്ട്. പക്ഷേ മൂകമായി ഇത്രയും പ്രചോദിപ്പിക്കുന്ന ഒരാളെ വേറെ കണ്ടിട്ടില്ല തന്നെ.

മസാല റിപ്പബ്ലിക്ക് എന്ന മലയാള സിനിമയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി ഞാന്‍ വര്‍ക്ക് ചെയ്തിരുന്ന സമയം അതില്‍ അഭിനയിക്കാന്‍ വന്ന ഹിന്ദിക്കാരനായ ഭീറ്റയുമായ് അടുപ്പത്തിലായി. അയാളെന്നെ ഷിംലയിലേക്ക് ക്ഷണിച്ചു. വരുമെന്ന് കരുതിക്കാണില്ല.

ഒന്നര വര്‍ഷത്തിന് ശേഷം ഞാന്‍ ഭീറ്റയുടെ അടുത്തേക്ക് പോയി. ആ യാത്ര പിന്നെയും തുടര്‍ന്നു. മൂന്നാമത് ചെന്നപ്പോള്‍ അവന്‍ എന്റെ സഹായത്തിനായ് പ്രീതം ഭരദ്വാജ് എന്ന സുഹൃത്തിനെ എര്‍പ്പെടുത്തി. പ്രീതത്തിന്റെ കാടിനുള്ളിലെ സര്‍വൈവല്‍ സ്‌കില്‍ ആരേയും അതിശയിപ്പിക്കുന്നതാണ്. പിന്നീടുള്ള യാത്രയിലെല്ലാം പ്രീതം നിഴല് പോലെ എന്റെ കൂടെയുണ്ട്.

ഒരു നേച്ചര്‍ ഫോട്ടോഗ്രാഫറുടെ പ്രകൃതിയോടുള്ള സമീപനം എങ്ങനെയായിരിക്കണം?

നേച്ചര്‍ ഫോട്ടോഗ്രാഫര്‍ എന്ന് പറയുന്നത് ആ ഒരു പ്രയോഗത്തില്‍ തന്നെയുണ്ട്. നേച്ചര്‍ ഇല്ലാതെ നേച്ചര്‍ ഫോട്ടോഗ്രാഫി തന്നെയില്ല. നേച്ചര്‍ ഫോട്ടോഗ്രാഫറുടെ മനോഭാവം എന്ന് പറയുന്നത് ഇതില്ലാതെ താനില്ല എന്ന് തന്നെയാണ്. ഒരു ഫോട്ടോഗ്രാഫിനു പലപ്പോഴും ലോകത്തെ തന്നെ മാറ്റാന്‍ കഴിയും.

ഹിരോഷിമയിലെ ബോംബ് സ്ഫോടനത്തിന്റെ ഫോട്ടോയൊക്കെ നമ്മള്‍ കണ്ടു കാണും. അത് അണുവിസ്ഫോടനത്തിന്റെ ഭീകരമുഖം നമുക്ക് കാണിച്ചു തന്നു. അതായത് നമ്മള്‍ക്ക് അറിവും കൂടിയാണ് ഫോട്ടോഗ്രാഫുകള്‍ പകര്‍ന്നു നല്‍കുന്നത്. ഇല്ലെങ്കില്‍ വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ പോയി എടുത്തിട്ടുള്ള കടുവയുടെ ചിത്രമൊക്കെ ഇപ്പോഴും ‘വലിയ പൂച്ച ‘ എന്ന് പറഞ്ഞേനേ നമ്മള്‍. ഫോട്ടോഗ്രാഫര്‍ കാടുകയറുന്നു. അയാള്‍ക്ക് ആ കാടിനോട് ഒരു ഉത്തരവാദിത്വം കൂടി ഉണ്ട് .

കാട് തരുന്ന കുറെ കാര്യങ്ങളാണ് നേച്ചര്‍ ഫോട്ടോഗ്രാഫറുടെ ഐഡന്റിറ്റി എന്ന് പറയുന്നത്. അത് അയാള്‍ നിലനിര്‍ത്തണം. അത് പാലിക്കുന്ന ഫോട്ടോഗ്രാഫര്‍മാരും ഉണ്ട് , പാലിക്കാത്തവരും ഉണ്ട് .
അതേപറ്റിയുള്ള പല വിവാദങ്ങളും നമ്മള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കാണുന്നുണ്ട് .

നമ്മള്‍ വലിയ ഫോട്ടോഗ്രാഫര്‍മാരെന്ന് കരുതി വച്ചിരുന്ന പല ആളുകളെ പറ്റി ഇതുപോലെ പല കഥകള്‍ കേള്‍ക്കാറുണ്ട്. ഞാന്‍ അതേപറ്റി ഈ അടുത്തകാലത്ത് കുറെ കാര്യങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും അതൊക്കെ പറഞ്ഞു വിവാദമുണ്ടാക്കാന്‍ നില്‍ക്കുന്നില്ല. ഇവിടുന്ന് ഉപ്പ് ചുമന്ന് കൊണ്ടുപോയി ലോക്കല്‍സിനെക്കൊണ്ട് ഇട്ട് കൊടുത്ത് വലിയ ഫോട്ടോഗ്രാഫര്‍മാര്‍ ആയവരും ഇതിനിടയിലുണ്ട്.

ഷെല്‍ബിന്‍ ഡീഗോ, അഥവാ പക്ഷി വേട്ടക്കാരന്‍ പക്ഷി ഫോട്ടോഗ്രാഫറായ കഥ 7

ഫോട്ടോഗ്രാഫിയിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് ലഭിക്കുന്നത്?

എന്റെ കഥ പറഞ്ഞതുപോലെ തന്നെ ഞാന്‍ ഒരു ബേര്‍ഡ് ഹണ്ടര്‍ ആയിരുന്നു. പക്ഷികള്‍ എന്ന് പറഞ്ഞാല്‍ ഒരു സമയത്ത് എനിക്ക് ഇറച്ചി മാത്രമായിരുന്നു. ക്യാമറയുടെ വ്യൂ ഫൈന്‍ഡറിലൂടെ കാണാന്‍ തുടങ്ങിയതിന് ശേഷമാണ് ആ ഒരു ചിന്താഗതിക്ക് തന്നെ മാറ്റമുണ്ടായത്.

ഹിമാചലില്‍ ഒക്കെ യാത്ര ചെയ്യുമ്പോള്‍ നമുക്ക് കാണാം അവിടെ ഇപ്പോഴും തോക്കുകള്‍ ഉണ്ട്. അവര്‍ വേട്ടയാടാനാണ് ഉപയോഗിക്കുക. ഹിമാലയന്‍ മൊണാലും മറ്റ് പക്ഷികളും അവര്‍ക്ക് ഒരു പോലെയാണ്. ടൈഗറിനെ കണ്ടാലും വെടിവയ്ക്കും. വംശനാശഭീഷണി നേരിടുന്നതാണോ ഇല്ലയോ എന്നൊന്നും അവര്‍ക്ക് പ്രശ്നമല്ല.

ആ ചിന്താഗതി മാറണമെങ്കില്‍ ആളുകള്‍ കുറെക്കൂടി ഇതിനെ പറ്റി അറിയണം. അറിയാന്‍ സാധിക്കുന്ന ഏറ്റവും നല്ല മാദ്ധ്യമം എന്ന് പറയുന്നത് ഫോട്ടോഗ്രാഫി ആണ് . അത് വളരെ സ്ട്രോങ്ങ് ആണ്. ഹിമാചലില്‍ മുതിര്‍ന്ന ആളുകളെ എഡ്യുകേറ്റ് ചെയ്തത് കൊണ്ട് വലിയ പ്രയോജനം ഇല്ലാത്തതുകൊണ്ട് സ്‌കൂളുകളില്‍ ഒക്കെ പ്രദര്‍ശനം നടത്തും. കുട്ടികളില്‍ നിന്ന് നല്ല പ്രതികരണം ലഭിക്കുകയും ചെയ്യും.

വെടിവെച്ചു പിടിച്ചു വീട്ടില്‍ കൊണ്ടുവന്ന് കഴിക്കുന്നതൊക്കെ കുട്ടികള്‍ കൂടി ചെയ്യുന്ന കാര്യമാണ് . അവരെ ബോധവത്കരിച്ചാല്‍ അത് തിരുത്താന്‍ കഴിയും. അവരുടെ തലമുറയെ എങ്കിലും തിരുത്താനാകും. നേച്ചര്‍ ഫോട്ടോഗ്രാഫിയുടെ ഏറ്റവും വലിയ ഗുണം പ്രകൃതിയോടുള്ള മോശമായ കാഴ്ചപ്പാടുകള്‍ മാറ്റിയെടുക്കാനാകും എന്നതാണ്. എല്ലാവരും അങ്ങനെയാണോ എന്ന് അറിയില്ല. ഞാനും എനിക്ക് അറിയാവുന്ന കുറെപ്പേരും ആ ഉദ്ദേശ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

ഷെല്‍ബിന്‍ ഡീഗോയെ അടയാളപ്പെടുത്തേണ്ടത് ഏതു തരം ചിത്രങ്ങള്‍ ആകണം?

സിഗ്നേച്ചര്‍ എന്നത് എല്ലാ ഫോട്ടോഗ്രാഫറെ സംബന്ധിച്ചും പ്രധാനമാണ്. ഒറ്റ ഫോട്ടോഗ്രാഫ് കൊണ്ട് അറിയപ്പെട്ട ഒരുപാട് ഫോട്ടോഗ്രാഫര്‍മാര്‍ ഉണ്ട്. ഒറ്റ ചിത്രം കൊണ്ട് ലോകം ഓര്‍മിക്കുന്ന ഫോട്ടോഗ്രാഫര്‍മാരുമുണ്ട്. ചില ഫോട്ടോഗ്രാഫര്‍മാര്‍ക്ക് തനതായ ഒരു ശൈലി ഉണ്ടാവും. ഈ ചിത്രം കാണുമ്പോള്‍ തന്നെ നമുക്ക് മനസിലാകും ഇന്ന ഫോട്ടോഗ്രാഫര്‍ ആണെന്ന് . അത്തരം ഫോട്ടോഗ്രാഫര്‍മാരെ ഞാന്‍ ഫോളോ ചെയ്യാറുണ്ട് സാമൂഹിക മാധ്യമങ്ങളില്‍.

അത് ഒരുവേള ആവര്‍ത്തനവിരസതയായും കഴിവായും രണ്ടു രീതിയില്‍ കാണാം. കഴിവ് ആയിട്ട് തന്നെ കൂടുതല്‍ കാണാം. വേറെ ഇടങ്ങളില്‍ നിന്ന് പിടിക്കുന്ന ഫോട്ടോകളില്‍ പോലും സ്വന്തം സിഗ്നേച്ചര്‍ നല്‍കാന്‍ കഴിയുന്നത് ഒരു കഴിവ് തന്നെയാണ്. പക്ഷേ ഒരു ചിത്രം കൊണ്ടല്ല എന്റെ ജീവിതം അടയാളപ്പെടുത്തേണ്ടത് എന്ന് കരുതുന്നയാളാണ് ഞാന്‍.

ഒരുപാട് ചിത്രങ്ങള്‍ കാണുമ്പോള്‍ അത് എന്തിനാണെന്ന് ആളുകള്‍ മനസ്സിലാക്കണം. അതൊരു നല്ല ചിത്രം ആണെന്ന തോന്നല്‍ ആളുകളില്‍ ഉണ്ടാക്കാന്‍ കഴിയണം. ഇത്രയും നാള്‍ ഇന്ത്യയ്ക്ക് അകത്ത് തന്നെയായിരുന്നു ഞാന്‍ യാത്ര ചെയ്തത്.

ഈ വര്‍ഷം അവസാനത്തോടു കൂടി പുറത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്നു. അവിടെ കുറച്ചുകൂടി ജീവിതം, സ്ട്രീറ്റ് കള്‍ച്ചര്‍ ഫോട്ടോഗ്രാഫി ചെയ്യാന്‍ ആഗ്രഹമുണ്ട്. എന്റെ സിഗ്നേച്ചര്‍ എന്ന് പറയുന്നത് അതിന്റെ ഒരു ക്വാളിറ്റി ആയിരിക്കണം. അതിന് ഒരു പൊതുസ്വഭാവം ഉണ്ടാകേണ്ട. അതിനെ ഒരു തരത്തിലും കാറ്റഗറൈസ് ചെയ്യേണ്ട.

ekalawya, psc question bank app, kerala psc, ldc question bank, ldc old questions

ഭാഗ്യത്തിന്റേ പേരിലല്ല ഫേമസ് ആകേണ്ടത്. കുറെ പടങ്ങള്‍ എടുക്കണം. കുറെ നാളത്തേക്ക് വേണം ഭാഗ്യം. മനസ്സിന് ഒരു സന്തോഷം എപ്പോഴും വേണം. കാണുന്നവരുടെ കാഴ്ചപ്പാടില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ സ്വാധീനിക്കുന്ന ഒരു മെസ്സേജ് ആ ചിത്രത്തില്‍ പറയാന്‍ ഉണ്ടായിരിക്കണം. അത് ആഗ്രഹം ആണ് നിര്‍ബന്ധമല്ല.

ചില സമയത്ത് ഇതൊന്നും ശ്രദ്ധിക്കാതെ ഫോട്ടോ എടുക്കാറുണ്ട്. അപ്പോള്‍ ഫോട്ടോയുടെ മേക്കിങ്ങില്‍ ആയിരിക്കും ശ്രദ്ധ. പിന്നീടാണ് ഒരു മെസേജ് ഉണ്ടായിരിക്കണമെന്ന് ചിന്തിക്കുന്നത്.

(ഫോട്ടോകള്‍ക്ക് കടപ്പാട്: ഷെല്‍ബിന്‍ ഡീഗോ)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More