എന്റെ ഹാപ്പിനസ് മന്ത്ര; ധന്യ വര്‍മ്മ സ്പീക്കിങ്‌

ആദ്യം ഒരു ചെറുപുഞ്ചിരി. പിന്നാലെ ചുരുങ്ങിയ വാക്കില്‍ തെല്ല് ഒഴുക്കില്‍ ഇംഗ്ളീഷില്‍ അതിഥികളെ പരിചയപ്പെടുത്തല്‍. മാതൃഭൂമിയുടെ കപ്പ ടിവിയിലെ ഹാപ്പിനസ് പ്രോജക്ടിലേക്ക് കടക്കുമ്പോള്‍ ശാന്തമായി നാം അതിഥിക്ക് പിന്നാലെ സഞ്ചരിക്കും. അവരുടെ ജീവിതം, അനുഭവം, പ്രതിസന്ധികള്‍ അങ്ങനെ അങ്ങനെ ശാന്തതയിലേക്കും സന്തോഷത്തിലേക്കും സന്താപത്തിലേക്കും നീളുന്ന നിമിഷങ്ങള്‍. പ്രേക്ഷകനും അതിഥിക്കും ഇടയില്‍ പുഞ്ചിരി തൂകി ആ അവതാരക. ധന്യവര്‍മ്മ… അവര്‍ക്കിടയില്‍ ബഹളങ്ങളോ, അനാവശ്യ ഇടപെടലുകളോ ഇല്ല. ചെപ്പുതുറക്കുന്ന വിസ്മയത്തോടെ അതിഥിയുടെ ജീവിതം ഇതാ കണ്‍മുന്നില്‍. ആ ധന്യ വര്‍മ്മ അഭിമുഖത്തിന് മുന്നില്‍ ഇരിക്കുകയാണ്…. പുഞ്ചിരിയോടെ, ഇപ്പോള്‍ ചെപ്പ് തുറക്കുന്നത് സ്വന്തം ജീവിതത്തിലെ പ്രതിസന്ധികള്‍, വെല്ലുവിളികള്‍, സന്തോഷങ്ങള്‍ അങ്ങനെയെല്ലാമാണ്. ധന്യ വര്‍മ്മയുമായി ജയശ്രീ സംസാരിക്കുന്നു.

തിരുവല്ലയില്‍ നിന്നും ബോംബെയിലേക്ക് വണ്ടി കയറുന്ന ധന്യ വര്‍മ്മ എന്നപതിനെട്ടുകാരി, സ്റ്റാര്‍ പ്ളസിന്റെ ഫ്ളോറിലെത്തുന്നത് വരെയുള്ള കാലം വെല്ലുവിളികളുടേതുമാണ് . അതിലേറ്റവും ആത്മവിശ്വാസത്തോടെ മറികടന്നുവെന്ന് വിശ്വസിക്കുന്ന വെല്ലുവിളിയേതാണ്?

സത്യത്തില്‍, ആത്മവിശ്വാസം ഇല്ലാതെ മറികടന്ന വെല്ലുവിളികളായിരുന്നു ഏറെയും. ഫസ്റ്റ് ഇയര്‍ ഡിഗ്രി വരെ നാട്ടിലായിരുന്നു. അത് കഴിഞ്ഞാണ് ബോംബെയില്‍ പോകുന്നത്. അവിടത്തെ ലൈഫ് സ്‌റ്റൈലുമായി പൊരുത്തപ്പെടാന്‍ തന്നെ രണ്ട് മൂന്ന് വര്‍ഷമെടുത്തു. ബിരുദം കെമിസ്ട്രിയിലും പിന്നെ പിജി പുനെ സര്‍വകലാശലയില്‍ നിന്നും കമ്മ്യൂണിക്കേഷന്‍ സ്റ്റഡീസിലുമായിരുന്നു.

എന്റെ ഫീല്‍ഡ് അതല്ല ക്രിയേറ്റീവായ മേഖലകളാണെന്ന് ആ സമയത്താണ് ഞാന്‍ തിരിച്ചറിയുന്നത് . ആ തിരിച്ചറിവിന്റെ ഭാഗമായി , എംബിഎയ്ക്ക് ഒക്കെ എന്‍ട്രന്‍സ് എഴുതി കിട്ടിയെങ്കിലും ക്രിയേറ്റീവ് സൈഡിലേക്ക് പോകണമെന്ന് വാശി പിടിച്ച് പുനെ യൂണിവേഴ്സിറ്റിയില്‍ എന്‍ട്രന്‍സ് എഴുതാന്‍ പോകുന്ന ഒരു സമയമുണ്ട്.

ഞാന്‍ ഒറ്റയ്ക്കാണ് പോയത്. ഞങ്ങളുടെ ഒരു കുടുംബസുഹൃത്ത് ഉണ്ടായിരുന്നു അവിടെ. അവരുടെ അടുത്ത് താമസിച്ചാണ് എന്‍ട്രന്‍സ് എഴുതാന്‍ പോകുന്നത്. അന്നൊന്നും കുടുംബത്തിന്റെ സപോര്‍ട്ട് ഒന്നും ഇല്ല.

ധന്യ വര്‍മ്മ dhanya varma instagram, dhanya varma star news, dhanya dhanya varma, dhanya varma facebook, dhanya varma parents, dhanya varma interview, dhanya varma anchor family, dhanya varma – youtube, dhanya varma abhimukham, celebrity interviews, political interviews, literature interviews, abhimukham

ബോംബെയില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. അച്ഛന് യുപിയിലൊരു സ്ഥലത്ത് പോസ്റ്റിംഗ് ആയതുകൊണ്ട് എന്നെ അവിടെ കൊണ്ടുപോകാനായിരുന്നില്ല. പഠനത്തിനായി എന്നെ അമ്മയുടെ അനുജത്തിയുടെ അടുത്ത് നിറുത്തുകയായിരുന്നു. പുനെയില്‍ എന്‍ട്രന്‍സ് എഴുതാന്‍ ഇരിക്കുമ്പോള്‍ എനിക്ക് ചുറ്റുമുള്ള കുട്ടികളെല്ലാം ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും മാതാപിതാക്കളുമായി വന്നവരാണ്. ഞാന്‍ മാത്രമായിരുന്നു ഒറ്റയ്ക്ക്.

അവരെല്ലാം തിയേറ്റര്‍, ഫിലോസഫി, സാര്‍ത്ര് തുടങ്ങിയ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ഞാനതൊന്നും ജീവിതത്തില്‍ കേട്ടിട്ടേ ഉണ്ടായിരുന്നില്ല.

ഞാന്‍ അത്ഭുതപ്പെടുകയായിരുന്നു. അവര്‍ക്കെല്ലാം ലോകത്തെക്കുറിച്ചും മാദ്ധ്യമ മേഖലയെക്കുറിച്ചുമെല്ലാം കാര്യമായി അറിയാം. 14 ജനറല്‍ കാറ്റഗറി സീറ്റിലേക്ക് ആണ് പരീക്ഷ നടക്കുന്നത്.

എഴുതുന്നത് എണ്ണായിരത്തോളം ആളുകളെങ്കിലുമുണ്ടാകും. പക്ഷേ ഫലം വന്നപ്പോള്‍ അത്ഭുതമെന്ന് പറയട്ടെ, എന്റെ പേര് അതിലുണ്ടായിരുന്നു. അതൊരു വലിയ വഴിത്തിരിവായിരുന്നു ജീവിതത്തെ സംബന്ധിച്ച്. ഇതെന്റെ ആത്മവിശ്വാസം വല്ലാതെ ഉയര്‍ത്തി. ഞാന്‍ പതിയെ പതിയെ എന്നെ തന്നെ വിശ്വസിക്കാന്‍ തുടങ്ങുന്നത് അവിടം മുതലാണ്.

അതുപോലെ തന്നെ മറ്റൊരു അനുഭവം ഉണ്ടാകുന്നത് പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിയൂട്ടിലേക്കുള്ള പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടുള്ളതാണ്. മാസ്‌കോമിലെ ആദ്യവര്‍ഷം. നൂറ് സീറ്റിലേക്കുള്ള പ്രവേശന പരീക്ഷയാണത്. സെമസ്റ്റര്‍ ആദ്യഘട്ടം കഴിഞ്ഞിരുന്നു.

എനിക്ക് വല്ലാത്ത ആഗ്രഹമായിരുന്നു ഫിലിമിലേക്കുള്ള ഓപ്പണിംഗ്. എന്റെ ബാച്ചില്‍ നിന്ന് ഞാന്‍ മാത്രമേ ഉള്ളൂ. ബാക്കിയെല്ലാം സീനിയേഴ്സാണ്. വെറുതെ ഒരു പിക്നിക് മൂഡിലാണ് പോകുന്നത്. പരീക്ഷ എഴുതുന്നത് മുഴുവന്‍ ആ ഫീല്‍ഡില്‍ അനുഭവജ്ഞാനമുള്ള പലരുമാണ്.

എന്റെ സീനിയേഴ്സ് ഉള്‍പ്പെടെ അസിസ്റ്റന്റായി വര്‍ക് ചെയ്ത് പരിചയമുള്ളവരാണ്. പക്ഷേ എനിക്ക് ഇന്റര്‍വ്യൂ കോള്‍ വന്നു. പക്ഷേ വീട്ടില്‍ ഒരു രക്ഷയുമില്ല. 2000ല്‍ ഒക്കെയുള്ള കാര്യമാണ്. ആ സമയത്ത് മീഡിയ എന്നത് നാട്ടിലുള്ളവരൊക്കെ അത്ര പൊസിറ്റീവായി എടുക്കുന്ന കാര്യമല്ല. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ കാര്യത്തില്‍.

അന്ന് എന്‍ജിനീയറിംഗ്, മെഡിക്കല്‍ എന്നിവയൊക്കെയാണ് നാട്ടുനടപ്പ്. വീട്ടുകാരും അതേ രീതിയില്‍ ചിന്തിക്കുന്ന കാലം. പൈസ കിട്ടില്ല. പിന്നെ പോകാനാകില്ലല്ലോ നമുക്ക്. പക്ഷേ ആ ഇന്റര്‍വ്യൂകോള്‍ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ചിലപ്പോള്‍ ഉള്ളില്‍ എന്തെങ്കിലുമൊക്കെ കാണും എന്നൊരു തോന്നല്‍ അതുണ്ടാക്കി.

അസിസ്റ്റന്റ് പ്രൊഡ്യൂസറായി ധന്യ വര്‍മ്മ കാമറയ്ക്ക് പിന്നില്‍ ആദ്യമായി എത്തിയതു തന്നെ എക്കാലത്തെയും വമ്പന്‍ വിനോദപരിപാടിയായ കോന്‍ബനേഗ ക്രോര്‍പതിയിലാണ്. അക്കാലമൊന്ന് ഓര്‍മ്മിക്കാമോ ?

അക്കാലം ഇന്റേണ്‍ഷിപ്പിന്റെ കഥയില്‍ നിന്നും തുടങ്ങാം. ഇന്റേണ്‍ഷിപ്പിന് പോകുമ്പോള്‍ എനിക്ക് മീഡിയ ഇന്‍ഡസ്ട്രിയില്‍ ആരെയും പരിചയമില്ല. ഒരു ബാഗില്‍ നിറയെ തുണികളുമായി പുനെയില്‍ നിന്ന് നേരെ ട്രെയിന്‍ പിടിച്ചാണ് ഞാന്‍ സ്റ്റാര്‍ ടിവി ഓഫീസില്‍ പോകുന്നത്.

ആറ് മാസത്തില്‍ ഒരു മാസം സെമസ്റ്റര്‍ ബ്രേക്ക് കിട്ടും. ആ ഒരു മാസം ഞാന്‍ പരമാവധി ഉപയോഗിക്കുകയായിരുന്നു. കാരണം എനിക്ക് സ്വന്തമായി ഒരു ജോലിയില്ലാതെ ബോംബെയില്‍ പിടിച്ചു നില്‍ക്കാനാകില്ല.

മീഡിയയില്‍ നിന്നു കൊണ്ട് ഒരു കുടുംബത്തോടൊപ്പം കഴിയുക സാദ്ധ്യമായിരുന്നില്ല. അത് ഉറപ്പാണ്. കാരണം രാത്രിയിലൊക്കെ വളരെ വൈകിയാകും ഡ്യൂട്ടി അവസാനിക്കുക. അത് കൊണ്ട് കുഞ്ഞമ്മയുടെ കൂടെ നില്‍ക്കാനാകില്ല. അതിനാല്‍ ജോലി കിട്ടിയേ തീരൂ.

ഒരു കോണ്‍ടാക്ടില്ല. ആരെയും അറിയുകയുമില്ല. ഒരു ദിവസം എല്ലാം ആലോചിച്ച് അങ്ങ് ഇറങ്ങിത്തിരിച്ചു. ഒരു ബാഗ് എടുത്ത് നേരെ സ്റ്റാര്‍ ടിവി ഓഫീസില്‍ പോയി. അതൊരു വലിയ കെട്ടിടം ആണ്. നടുക്ക് തുറസായ ഇടം. ചുറ്റിനും ഫ്ളോറുകളായി തിരിച്ചിരിക്കുന്നു.

ഞാന്‍ നേരെ നോക്കുമ്പോള്‍ റൂഫാണ് കാണുന്നത്. ദൈവമേ ! ഞാനിതെവിടെ നിന്ന് തുടങ്ങും. ഞാന്‍ റിസപ്ഷനിസ്റ്റിന്റെ അടുത്തേക്ക് പോയി. അവര്‍ എന്നെയൊന്ന് അടിമുടി നോക്കി. എനിക്കാ കമ്പനിയില്‍ വര്‍ക് ചെയ്യുന്ന ഒരാളുടെ പേര് അറിയാം. അതും എന്റെയൊരു സീനീയര്‍ പറഞ്ഞ്. ഞാന്‍ പറഞ്ഞു ഇവിടെ ഈ പേരില്‍ ഒരാളുണ്ട് . എനിക്ക് അദ്ദേഹത്തെ കാണണം. റിസപ്ഷനിസ്റ്റ് നല്ല സുന്ദരിയാണ്.

അവര്‍ നോക്കിയിട്ട് ചോദിച്ചു. അപ്പോയിന്റ്മെന്റ് ഉണ്ടോയെന്ന്. ഇല്ലാ എന്ന് ഞാന്‍ മറുപടി നല്‍കി. അവര്‍ എന്നെയൊന്ന് നോക്കി. എന്റെ ദയനീയമായ രൂപം കണ്ട് ദയ തോന്നി അവര്‍ അപ്പോയിന്റ്മെന്റ് തന്നു. നേരെ അങ്ങ് വിടുകയാണ് പുള്ളിയുടെ അടുത്തേക്ക്. ഒരു റഫറന്‍സുമില്ലാതെ ഞാന്‍ ചെന്ന് പറഞ്ഞു. ഞാന്‍ പരിചയപ്പെടുത്തി.

എനിക്ക് ഒരു ഇന്റേണ്‍ഷിപ്പ് വേണം എന്ന്. ഇപ്പോള്‍ എന്തെങ്കിലും സ്പേസ് ഉണ്ടോയെന്ന്. അപ്പോള്‍ പുള്ളി പറഞ്ഞു. ഒകെ നാളെ മുതല്‍ വന്നോളൂ എന്ന്. അങ്ങനെയാണ് എനിക്ക് സ്റ്റാറില്‍ ഇന്റേണ്‍ഷിപ്പ് കിട്ടുന്നത്. ഇന്റേണ്‍ഷിപ്പ് ചെയ്ത് കഴിയുമ്പോള്‍ തന്നെ എനിക്ക് അവിടെ ചാന്‍സ് കിട്ടി. പക്ഷേ ആറ് മാസത്തെ കോഴ്സ് പൂര്‍ത്തിയാക്കണമായിരുന്നു.

പിന്നെ തിരിച്ചുവരുമ്പോള്‍ കോന്‍ ബനേഗ ക്രോര്‍പതിയിലാണ് അവസരം കിട്ടിയത്. ടെലിവിഷനില്‍ അതൊരു വലിയ ഓപ്പണിംഗ് ആയിരുന്നു. ടെലിവിഷനില്‍ പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിലും ഒരു പ്രൊഡക്ഷന്‍ പ്രോസസിന്റെ മുഴുനീള പ്രവര്‍ത്തനത്തില്‍ ഭാഗമാകുക വല്ലാത്ത അനുഭവമാണ്. ആ പ്രൊഡക്ഷന്‍ ടീമിലെ ഏറ്റവും ചെറിയ കണ്ണിയാണ് ഞാന്‍.

അവിടെ വച്ചാണ് അമിതാഭ് ബച്ചന്‍, സ്റ്റാര്‍ ടിവിയുടെ പ്രൊഡ്യൂസര്‍ , സിനര്‍ജി കമ്മ്യൂണിക്കേഷന്റെ തലവന്‍ സിദ്ധാര്‍ത്ഥ് ബസു മുതലായ അതികായന്മാരെ പരിചയപ്പെടുന്നത്. വളരെ ലാളിത്യത്തോടെയൊക്കെയാണ് അവരുടെ പെരുമാറ്റം. ഉത്തരവാദിത്വങ്ങള്‍ ഏറെയില്ലായിരുന്നെങ്കിലും അവിടെ നിന്ന് പഠിച്ചതൊക്കെ എന്റെ കരിയറിനെ മുന്നോട്ടുകൊണ്ടുപോകാന്‍ ഏറെ ഗുണം ചെയ്തു.

ഒരു ദേശീയ ചാനലില്‍ ഹിന്ദി ന്യൂസ് റീഡറായി തിളങ്ങിയ ധന്യ വര്‍മ്മയ്ക്ക് ഒരു മലയാളിയെന്ന നിലയില്‍ അനുഭവപ്പെട്ട ദൗര്‍ബല്യങ്ങളും മേന്മകളും എന്തൊക്കെയാണ്?

മലയാളികള്‍ എത്രയൊക്കെ ശ്രമിച്ചാലും ഹിന്ദി പറയുമ്പോള്‍ പ്രാദേശിക ചുവ സംസാരത്തില്‍ കടന്നുവരും. സൂക്ഷ്മമായും കഠിനമായും ശ്രമിച്ചാലേ ആ ഭാഷാ പ്രതിസന്ധിയെ മറികടക്കാനാകൂ.

പ്രത്യേകിച്ചും ഞാനൊരു ദേശീയ ചാനലിലാണ് വര്‍ക് ചെയ്യുന്നത്. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക ധാരകളെ മനസിലാക്കുക വലിയ പ്രശ്നമാണ്. പല സംസ്ഥാനങ്ങളുണ്ട് നമുക്ക് കൈകാര്യം ചെയ്യേണ്ടതായി. ഗുജറാത്ത്, മദ്ധ്യപ്രദേശ്, ബംഗാള്‍.

അവരുടെ ഐഡന്റിറ്റി, യൂണിക്നെസ് ആ അതിര്‍ത്തികളൊക്കെ മറികടക്കേണ്ടതുണ്ട്. ആ മണ്ണിന്റെ മണം അറിയണം. പിന്നെ നാം വര്‍ക് ചെയ്യുന്ന അന്തരീക്ഷം, കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ തുടങ്ങി എല്ലാറ്റിനെയും നന്നായി അറിയേണ്ടതുണ്ട്.

ധന്യ വര്‍മ്മ, dhanya varma instagram, dhanya varma star news, dhanya dhanya varma, dhanya varma facebook, dhanya varma parents, dhanya varma interview, dhanya varma anchor family, dhanya varma – youtube, dhanya varma abhimukham, celebrity interviews, political interviews, literature interviews, abhimukham

പിന്നെ മലയാളിയെന്ന നിലയില്‍ പറയാവുന്ന ഗുണമെന്താണെന്ന് വച്ചാല്‍ നമ്മുടെ കഠിനപ്രയത്നത്തിനുള്ള സന്നദ്ധത പ്രത്യേകിച്ച് കാര്യങ്ങള്‍ വായിച്ച്, പഠിച്ച് , നിരീക്ഷിച്ച് മനസിലാക്കാനുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. പക്ഷേ ഹിന്ദിയും മലയാളവും തമ്മിലുള്ള സാംസ്‌കാരികമായുള്ള വിടവ് അതൊന്ന് വേറെ തന്നെയാണ്.

മലയാളിത്തം നിറഞ്ഞ ഉച്ചാരണം കൊണ്ടാണ് യേശുദാസിനോട് ഹിന്ദി സിനിമാ ലോകം അകലം പാലിച്ചതെന്ന് ശ്രുതി കേട്ടിട്ടുണ്ട്. അതുപോലെയെന്തെങ്കിലും പോരായ്മകള്‍ വ്യക്തിപരമായി തോന്നിയിട്ടുണ്ടോ?

സ്റ്റാര്‍ ന്യൂസില്‍ ആദ്യമായി ഇന്റര്‍വ്യൂവിന് പോകുമ്പോഴാണ് എന്നോട് ചോദിക്കുന്നത് ആങ്കര്‍ ആകാന്‍ പറ്റില്ലേ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു ഹിന്ദി എനിക്ക് അത്രയും സംസാരിക്കാന്‍ അറിയില്ല എന്ന്. എഴുതാനും വായിക്കാനും അറിയാം. പിന്നെ ഞാനൊരു ന്യൂസ് ബാക് ഗ്രൗണ്ടില്‍ നിന്നുള്ള ആളല്ല.

പിന്നീട് ഒന്നര വര്‍ഷം കഴിഞ്ഞാണ് ബോസിനോട് ആങ്കറിംഗില്‍ താല്‍പ്പര്യമുണ്ടെന്നും പരിഗണിക്കണമെന്നും പറയുന്നത്. അങ്ങനെ പരിശീലനം ആരംഭിച്ചു. അതിന് ശേഷം എന്നെ ന്യൂസിലേക്ക് ലോഞ്ച് ചെയ്യുന്ന സമയത്താണ് ഇപ്പോള്‍ ലോഞ്ച് ചെയ്യുന്നു, പക്ഷേ ഓണ്‍ എയര്‍ മൂന്ന് മാസത്തിന് ശേഷം നിങ്ങളെ വിലയിരുത്തുമെന്ന് പറയുന്നത്. മറ്റു പരിചയസമ്പന്നരായ ആങ്കര്‍മാര്‍ക്കൊപ്പം പ്രകടനം കാഴ്ച വച്ചില്ലെങ്കില്‍ പുറത്താകുമെന്നും അറിയിച്ചു.

ഞാന്‍ സമ്മതിച്ചു. മൂന്ന് മാസം നന്നായി പരിശ്രമിച്ചു ലൈവ് ന്യൂസ് ആങ്കറിംഗിലേക്ക് എത്താന്‍ എനിക്കായി. ആത്മവിശ്വാസത്തോടെ മെച്ചപ്പെടുത്താനുള്ള ശ്രമം കരിയറിനെ ശോഭയുള്ളതാക്കി.

നിങ്ങള്‍ എവിടെ നിന്ന് വരുന്നു, എന്ത് ചെയ്യുന്നു എന്നതല്ല, എന്ത് നാം റിസല്‍റ്റായി അവര്‍ക്ക് തിരിച്ച് കൊടുക്കുന്നു എന്നുള്ളതാണ് കാര്യം.

അപ്പോഴേക്കും എന്റെ കല്യാണവും കഴിഞ്ഞു. പക്ഷേ അപ്പോഴൊന്നും ആര്‍ക്കും അറിയില്ല ഞാന്‍ കേരളത്തില്‍ നിന്നാണെന്ന്. എന്റെ അനുഭവം പറയുകയാണെങ്കില്‍ നാം ചോദിക്കുന്ന കാര്യങ്ങള്‍ പ്രാധാന്യമുള്ളതാണോ അറിവുകള്‍ പ്രസക്തമാണോ, പരസ്പരം വിവരം കൈമാറാനാകുന്നുണ്ടോ എന്നതാണ് പ്രധാനമെന്നാണ് ഞാന്‍ കരുതുന്നത്.

സ്റ്റാര്‍ ഗ്രൂപ്പിന്റെ മാദ്ധ്യമസംരംഭങ്ങളില്‍ നിന്ന് കേരളത്തിലെ ചെറിയ മാദ്ധ്യമങ്ങളിലേക്ക് എത്തുമ്പോള്‍ എന്ത് മാറ്റമാണ് പ്രകടമായിരുന്നത്. പ്രതീക്ഷകളെന്തായിരുന്നു?

ഞാന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത് ടോക്കിംഗ് പോയിന്റിലാണ്. അതിന് മുമ്പ് ഒരു ചെറിയ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട് സൂര്യാ ടിവിക്കായി, നിഷാനുമായി ( ഋതു ഫേം). ഇവിടെ വന്നപ്പോള്‍ കുറെ ചാനലിലൊക്കെ പോയി. ആരും റെസ്പോണ്ട് ചെയ്തില്ല. സൂര്യയില്‍ ഒരു ലതിക സുരേഷ് എന്നൊരു പ്രൊഡ്യൂസറുണ്ട്. മാഡം ആണ് എന്നെ ഇന്റര്‍വ്യൂവിന് വിളിക്കുന്നത്. അതിന് ശേഷം എനിക്ക് ഒരു പിടുത്തവും കിട്ടുന്നില്ല.

എന്റെ കഴിവുകളെ എങ്ങനെ യൂസ് ചെയ്യാന്‍ പറ്റുമെന്ന ആലോചന എന്നിലുണ്ടാകുന്നത്. നന്നായി മലയാളം പറയുന്ന ആങ്കറാണോ ? അതുമല്ല. എന്നാല്‍ എക്സ്പീരിയന്‍സ് ഉണ്ടോ അതുമുണ്ട്. എവിടെ എന്നെ പ്ളേസ് ചെയ്യാം.

ആയിടയ്ക്കാണ് റോസ് ബൗള്‍ ചാനല്‍ കാണുന്നത്. എ.സി.വിയുടെ കേബിള്‍ വഴി കിട്ടുന്ന ചാനലാണ്. എനിക്ക് അവരുടെ ഉള്ളടക്കം ഒരുപാട് ഇഷ്ടമായി. കപ്പ ടിവിയുടെ ക്രിയേറ്റീവ് ഹെഡായ സുമേഷ് ലാലാണ് അന്ന് റോസ് ബൗളിന്റെ ഹെഡ്. നല്ല ഗ്രാഫിക്സും നല്ല മ്യൂസികും എല്ലാം കൂടി ലുക്കും ഫീലും ഡിഫറന്റായ ചാനലിന്റെ അപ്രോച്ചാണ് എനിക്ക് ഇഷ്ടപ്പെട്ടത്. അങ്ങനെ പുള്ളിയുമായി ഫോണിലൂടെ ബന്ധപ്പെട്ടു. നേരെപോയി എന്റെ വര്‍ക്കൊക്കെ കാട്ടി.

സുമേഷ് എല്ലാം കണ്ടിട്ട് എന്നോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ. ധന്യാ നമുക്ക് ഒരു ടോക് ഷോ ചെയ്താലോ. എനിക്കതൊരു എക്സൈറ്റ്മെന്റ് ആയി. ന്യൂസ് ചാനലിലൊക്കെ ടോക് ഷോ ചെയ്യണമെങ്കില്‍ 10-15 വര്‍ഷം അനുഭവ പരിചയമുള്ള ആളെയൊക്കെയേ തെരഞ്ഞെടുക്കുകയുള്ളൂ. അത്രയ്ക്ക് അനുഭവവും അറിവും നേടിയിട്ടാണ് നമ്മളൊരു ടോക് ഷോ ചെയ്യുകയുള്ളൂ.

അപ്പോള്‍ തുടക്കത്തില്‍ തന്നെ നമുക്ക് ഒരു ടോക് ഷോ കൈകാര്യം ചെയ്യാന്‍ കഴിയുക വലിയ കാര്യമാണ്. അഭിമുഖം ചെയ്യുന്നുണ്ട്, പക്ഷേ ടോക് ഷോ എന്ന വിഭാഗം കൈകാര്യം ചെയ്യുക എന്നത് വളരെ പ്രയാസമേറിയതാണ്. ആ ഷോയായിരുന്നു ടോക്കിംഗ് പോയന്റ്.

അത് ചെയ്ത് തുടങ്ങുമ്പോഴാണ് ഞാന്‍ ശരിക്കും കേരളത്തിനെ കുറിച്ചും നമ്മുടെ നാടിനെ കുറിച്ചുമൊക്കെ മനസിലാക്കുന്നത്. പ്രത്യേകിച്ച് ഞാന്‍ പതിനെട്ടാമത്തെ വയസില്‍ കേരളം വിട്ടുപോയതാണ്. ആ ഷോ രണ്ട് വര്‍ഷം ഓടി.

എന്റെ വ്യക്തിപരമായ വളര്‍ച്ചയ്ക്കും ആ ഷോ ഉപകാരപ്പെട്ടു. അന്ന് യു ട്യൂബൊക്കെ വന്ന് തുടങ്ങുന്നതേയുള്ളൂ. കുറെപേര്‍ ആ ഷോയൊക്കെ അന്ന് മുതല്‍ കണ്ട് തുടങ്ങുന്നത് യു ട്യൂബിലൂടെയാണ്. നമ്മുടെ സൊസൈറ്റിയെ കുറിച്ചുള്ള എല്ലാകാര്യങ്ങളും പഠിച്ച് തുടങ്ങുന്നതും ആ ഷോയില്‍ നിന്നാണ്.

ടോക്കിംഗ് പോയിന്റ് – മലയാളത്തിലെ ആദ്യ പ്രോഗ്രാമിന് മത്സരിക്കേണ്ടി വന്നത് ശ്രീകണ്ഠന്‍ നായരുടെ ടോക്ക്ഷോയ്ക്ക് ഒപ്പമായിരുന്നു. അന്ന് ഉയര്‍ന്നുവന്ന പ്രതീക്ഷകളും ആശങ്കകളും എന്തൊക്കെയായിരുന്നു ?

ആ സമയത്ത് ‘നമ്മള്‍ തമ്മില്‍’ ഉണ്ടായിരുന്നു. കൈരളിയിലും അതേരീതിയില്‍ ടോക് ഷോ ഉണ്ടായിരുന്നു. ശ്രീകണ്ഠന്‍ നായരെപോലുള്ള ഒരു വ്യക്തി കൈകാര്യം ചെയ്യുന്നതാണ് ടോക് ഷോ ഒക്കെ. അപ്പോള്‍ നമുക്ക് അങ്ങനെയൊരു ആള്‍ക്കൂട്ടമൊക്കെ ഇല്ലെങ്കില്‍ പോലും ചെയ്യുന്ന കാര്യം അത് തന്നെയാണല്ലോ .

അപ്പോള്‍ അതൊക്കെ ഭയങ്കര ചലഞ്ചിംഗ് ആയിരുന്നു. ഞാന്‍ ഒരു ഷോയോടൊപ്പവും മത്സരിക്കുന്നില്ല. ഒരു കാര്യവും വേറെയൊരു റഫറന്‍സ് പോയിന്റ് വച്ചിട്ട് ചെയ്യാറുമില്ല. ഞാനിപ്പോള്‍ ഒരു കാര്യം ചെയ്യുകയാണെങ്കില്‍ അത് ഒരു രീതിയിലും താരതമ്യം ചെയ്യാതെയാണ് സമീപിക്കുക. എന്റേതായ രീതിയില്‍ മാത്രമേ ചെയ്യാറുള്ളൂ.

എനിക്കെന്റെ ലിമിറ്റേഷന്‍സും ശക്തിയും അറിയാം. ഇത് രണ്ടും അറിഞ്ഞാണ് ഞാന്‍ കാര്യങ്ങളെ സമീപിക്കുക. നമുക്ക് നമ്മുടേതായ ഒരു യൂണിക്നെസ് ആഷോയ്ക്ക് കൊടുക്കണമെങ്കില്‍ നമ്മളത് നമ്മളായിട്ട് തന്നെ അക്കാര്യത്തെ അപ്രോച്ച് ചെയ്യണം.

ഒരു സംവിധായകന്‍ സിനിമ എടുക്കുമ്പോള്‍ അയാളുടെ ആശയവും കഥയുമാണ് സ്‌ക്രീനില്‍ കാണുന്നത്. മറിച്ച് നല്ലൊരു സിനിമയെ റഫര്‍ ചെയ്ത് ചെയ്യുകയാണെങ്കില്‍ അത് കോപ്പിയായി മാറും.

നാം എപ്പോഴും നമ്മുടേതായ മാക്സിമം ഔട്ട് പുട്ട് കൊടുക്കുക എന്നതാണ് പ്രധാന കാര്യം.

ആളുകള്‍ അതൊക്കെ എങ്ങനെ സ്വീകരിക്കും എന്നതൊക്കെ നമ്മുടെ കൈയിലുള്ള കാര്യങ്ങളല്ല. എനിക്കറിയാം ഇത്തരം ടോക് ഷോ നടക്കുന്നുണ്ട് എന്ന്. അതും അനുഭവസമ്പന്നരായ ആളുകള്‍ നയിക്കുന്നത്. പക്ഷേ അത് അവിടെ. എന്റേതായ ശൈലിയിലാണ് ഞാന്‍ അതിനെ സമീപിച്ചത്. ഐ ഡൂ ഇറ്റ് ഓണ്‍ മൈ ഓണ്‍വേ.

ഇപ്പോള്‍ നമ്മുടെ ഫേസ്ബുക്ക് ടോക് ഷോ ആയതുകൊണ്ട് ഫേസ്ബുക്കില്‍ എല്ലാവരും സംസാരിക്കുന്നുണ്ടല്ലോ. കേരള മീഡിയയെ ഞാന്‍ കാണുന്നത്, എന്റര്‍റ്റെയിന്‍മെന്റ് ചാനലുണ്ട്, ന്യൂസ് ചാനലുണ്ട്. അതിന്റെ നടുക്ക് എവിടെയോ ആയിരുന്നു എന്റെ പ്രവര്‍ത്തനമേഖല. ഞാന്‍ എന്റര്‍ടെയ്ന്‍മെന്റ് മേഖലയില്‍ ജോലി ചെയ്തു.

ഏഷ്യാനെറ്റിന്റെ കൂടെ മമ്മൂട്ടി ദ ബെസ്റ്റ് ആക്ടര്‍, മിസിസ് കേരള ഒക്കെ ചെയ്തു. കുറെ അവാര്‍ഡ് നൈറ്റ്സ് ഹോസ്റ്റ് ചെയ്തിട്ടുണ്ട്. സൂര്യയുടെ കൂടെ ചെയ്തിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ടോക് ഷോയും ഈ അഭിമുഖങ്ങളും ഒക്കെയാണ്. ഞാന്‍ ശരിക്കും ആസ്വദിച്ച് ചെയ്തിട്ടുള്ളതും അത് തന്നെയാണ്.

മുഖ്യധാരയില്‍ നില്‍ക്കുന്ന ആളുകള്‍ പോലും നിലനില്‍പ്പിനായി മത്സരിക്കുന്ന കാലത്ത് ഇടയ്ക്ക് ഇടയ്ക്ക് വ്യക്തിപരമായി കാരണങ്ങളാല്‍ ഇടവേളകള്‍ എടുക്കേണ്ടി വരിക. എന്നിട്ടും സ്വന്തം സ്ഥാനം ഉറപ്പിക്കാനാകുക , എന്തായിരുന്നു ഈ വിജയത്തിന് പിന്നിലെ ഇന്ധനം?.

ഈ അഞ്ച് വര്‍ഷ ഇടവേള എനിക്ക് ഒരു നിവൃത്തിയും ഇല്ലാത്തത് കൊണ്ട് എടുത്തതാണ്. കാരണം ഞാന്‍ രണ്ടാമത് പ്രസവിച്ചത് ഇരട്ടക്കുട്ടികളെയാണ്. ആറാമത്തെ മാസം വരെ ഞാന്‍ വര്‍ക് ചെയ്തിട്ടുണ്ട്. ഡോക്ടര്‍ വേണ്ട എന്ന് പറഞ്ഞിട്ടും വളറെ റിസ്‌കെടുത്താണ് ആ സമയത്ത് ഏഷ്യാനെറ്റിന്റെ ഒരു ഫിനാലെ പോയി ചെയ്തത്. അത്രത്തോളം കമ്മിറ്റ്മെന്റ് എടുത്ത് പൂര്‍ത്തീകരിച്ചിട്ടാണ് ഇടവേള എടുക്കുന്നത്. അത് കഴിഞ്ഞ് കുട്ടികളായി.

ഇരട്ടക്കുട്ടികളും മൂത്ത ഒരു കുട്ടിയും കൂടിയാകുമ്പോള്‍ ഒത്തിരി ജോലിഭാരമുണ്ട്. കുഞ്ഞുങ്ങളെ വിട്ടിട്ട് പോകാന്‍ പറ്റില്ല. ആര്‍ക്കും അവരെ കൈകാര്യം ചെയ്യാനും കഴിയില്ല. എന്റെ അമ്മയാണെങ്കില്‍ പ്രായമായി. ഒരു സഹായിയെ വയ്ക്കാമെന്ന് വച്ചാല്‍ മക്കള്‍ വലിയ കുസൃതിക്കാരാണ്. എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടും എപ്പോഴും.

ഒരാളെ അതുകൊണ്ട് വിശ്വസിച്ച് ഏല്‍പ്പിച്ചിട്ട് പോകാനാകില്ല. ആയിടയ്ക്ക് ഭര്‍ത്താവിന് ട്രാന്‍സ്ഫറുമായി. അങ്ങനെ ഒരു വിധത്തിലും നിവൃത്തിയില്ലാത്തത് കൊണ്ടാണ് ഞാന്‍ ബ്രേക്ക് എടുത്തത്. എനിക്ക് എപ്പോഴും ഞാന്‍ ചെയ്ത ജോലി ചെയ്യുക എന്നേ ഉള്ളൂ.

തിരിച്ചു ഞാന്‍ കൊച്ചിയില്‍ വന്ന് കഴിഞ്ഞാണ് സുമേഷിനെ വീണ്ടും കാണുന്നത്. പുതുതായെന്തെങ്കിലും ചെയ്യാമെന്ന സംസാരത്തില്‍ നിന്നാണ് ഈ ഹാപ്പിനസ് പ്രൊജക്ട് വരുന്നത്. ഇന്റര്‍വ്യൂ ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു. അത് ഞാന്‍ അറിയിക്കുകയായിരുന്നു. പുള്ളി ഒകെ പറഞ്ഞു. നമുക്ക് എന്തെങ്കിലും വര്‍ക് ഔട്ട് ചെയ്യാം.

ഇന്റര്‍വ്യൂ ചെയ്യാനുള്ള അവസരം ലഭിച്ചത് വലിയ ഭാഗ്യം തന്നെയാണ്. ഞാന്‍ അതിന്റെ ഫലസിദ്ധിയെക്കുറിച്ച് ഓര്‍ക്കാറേയില്ല. അതെന്നെ എവിടെ എത്തിക്കുമെന്നോ എത്ര സക്സസ്ഫുള്‍ ആക്കുമെന്നോ ഒന്നും ഓര്‍ക്കാറില്ല.

നമ്മളെ ആവേശം കൊള്ളിക്കുന്നുണ്ടോ, ചെയ്യാന്‍ ആഗ്രഹമുള്ളതാണോ അത് ചെയ്യുക. ഞാനിതിനെ തിരിച്ചുവരവായിട്ടൊന്നുമല്ല, എനിക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ കിട്ടുന്ന ഒരവസരം അത്രയായേ ചിന്തിച്ചിട്ടുള്ളൂ.

പത്മരാജന്റെ കഥാപാത്രങ്ങളിലൂടെയുള്ള യാത്ര, ഹുമന്‍സ് ഒഫ് സംവണ്‍ അഭിനേത്രിയായുള്ള അനുഭവം വിശദീകരിക്കാമോ?

അതൊരു വിനോദയാത്ര പോലെയായിരുന്നു. സുമേഷായിരുന്നു സംവിധായകന്‍. ടീമിലെ എല്ലാവരെയും എനിക്ക് അറിയാം. അവരുടെ ഓഫീസില്‍ ചെന്ന് കയറുന്നത് എന്റെ ഒരു ഓഫീസില്‍ പോകുന്നത് പോലെയുള്ള ഒരു ഫീലാണ്.

അങ്ങനെയൊരു പരിചിതമായ അന്തരീക്ഷത്തില്‍ നിന്നാണ് ആ മൂവി ചെയ്തത്. ഞങ്ങള്‍ സുഹൃത്തുക്കളെല്ലാവരും പുറത്ത് പോകുന്നു, കുറെ ഷോട്സ് എടുക്കുന്നു. സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്യുന്നു. അത്രയേ ഉള്ളൂ. അതിന്റെ സീരിയസ്നെസ് ആ സമയത്ത് തോന്നിയില്ല.

ആ മൂവി സ്‌ക്രീനില്‍ കാണുമ്പോഴാണ് മനസിലാക്കുന്നത് ദൈവമേ ഇത്രയും മനോഹരമായ ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞല്ലോ എന്ന്.

കുടുംബവും കുട്ടികളുമൊക്കെ ഉള്ളത്കൊണ്ട് എനിക്ക് മീഡിയ സുഹൃത്തുക്കളുമായി സമയം ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതിനൊരു അവസരമായി ആ സിനിമ.

ആദ്യ അഭിമുഖം മുതല്‍ തൊട്ട് മുമ്പ് കഴിഞ്ഞതില്‍ വരെയുള്ള കാര്യമെടുത്താല്‍ ഏറ്റവും വെല്ലുവിളിയായി തോന്നിയ ഘടകം എന്താണ് ?.

അഭിമുഖങ്ങളുടെ കാര്യമെടുത്താല്‍ വരുന്ന അതിഥിക്ക് എന്നിലൊരു കംഫര്‍ട്ട് ഉണ്ടാകണമെന്ന ആഗ്രഹം മാത്രമാണ് എനിക്കുള്ളത്. അവര്‍ക്കൊരു ട്രസ്റ്റ് ഫീല്‍ ചെയ്യുന്ന രീതിയില്‍ ഇടപെടുകയാണ് ചെയ്യാറ്.

ഏത് അതിഥിയാണങ്കിലും പത്ത് മിനിറ്റ് അവരോട് ഇടപെട്ട് കഴിഞ്ഞാല്‍ എനിക്ക് കംഫര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ അത് ഒകെയായി. വേറൊരു രീതിയിലുള്ള അനുഭവമോ അതിഥികളോ എനിക്ക് ഉണ്ടായിട്ടില്ല.

ധന്യ വര്‍മ്മ, dhanya varma instagram, dhanya varma star news, dhanya dhanya varma, dhanya varma facebook, dhanya varma parents, dhanya varma interview, dhanya varma anchor family, dhanya varma – youtube, dhanya varma abhimukham, celebrity interviews, political interviews, literature interviews, abhimukham

ആ കംഫര്‍ട്ട് ലെവല്‍ വന്ന് കഴിഞ്ഞാല്‍ നാം അവര്‍ക്കൊപ്പം ഒരു യാത്ര പോകുകയാണ്. ചിലപ്പോള്‍ നാം ഗസ്റ്റിനെ വിളിച്ചുവരുത്തിയാല്‍ അവര്‍ക്ക് സമയം കാണില്ല. അവര് നേരെ വരുന്നു, ഷൂട്ടിലേക്ക് കടക്കുന്നു. നേരിട്ട് അങ്ങ് അഭിമുഖത്തിലേക്ക് കടക്കുകയാണ്.

അങ്ങനെയൊക്കെ ഉള്ളപ്പോഴാണ് എനിക്ക് തോന്നുക അവര് കംഫര്‍ട്ടബിള്‍ ആയിരുന്നോ, ഒകെ ആയിരുന്നോ എന്നൊക്കെ. അത് മാത്രമാണ് ചിലപ്പോഴെങ്കിലും ഇഷ്യൂ ആയി തോന്നുക. അങ്ങനെ സംഭവിച്ചിരിക്കുന്നതും കുറവാണ്. ആ ടീമും അങ്ങനെതന്നെയാണ്. നമ്മളെ കൂളായിട്ടാണ് കൊണ്ടുപോകുന്നത്.

ചിരിച്ച മുഖത്തോടെയാണ് ഹാപ്പിനസ് പ്രൊജക്ടില്‍ ധന്യവര്‍മ്മയെ കാണാറുള്ളൂ. മാനസിക സമ്മര്‍ദ്ദങ്ങളെ മാറ്റി നിറുത്തി ഹാപ്പിയായി ഷോയില്‍ ഉടനീളം ഇരിക്കുവാന്‍ എന്തെങ്കിലും പൊടിക്കൈകളുണ്ടോ ?

ശരിക്കും പറഞ്ഞാല്‍ ഞാന്‍ വളരെ സന്തോഷത്തോടെയാണ് അവിടെ ഇരിക്കുന്നത്. അവിടെ മാനസിക സമ്മര്‍ദ്ദങ്ങളൊന്നും ഉണ്ടാകാറില്ല എന്നതാണ് സത്യം. ഒരു കഥ കേള്‍ക്കാനുള്ള ആവേശത്തോടെയാണ് ഞാനവിടെ ഇരിക്കുക. അപ്പോള്‍ ഞാന്‍ ഹാപ്പിയാണ്.

എന്റെ വീട്ടിലെ ടെന്‍ഷനും കുട്ടികളുടെ കാര്യങ്ങളും ആയി നൂറായിരം കാര്യങ്ങളും ഉണ്ടാകും വീട്ടില്‍. ഹാപ്പിനസ് പ്രൊജക്ടിന്റെ സെറ്റിലെത്തി മേക്കപ്പിട്ടാല്‍ പിന്നെ ഞാന്‍ ഹാപ്പിയാണ്.

എപ്പോഴെങ്കിലും ആരുടെയെങ്കിലും ഫോണ്‍കോള്‍ വന്നാല്‍ മാത്രമാണ് അവിടേക്കെന്റെ മനസ് പോകുന്നത് തന്നെ. സത്യത്തില്‍ എന്റെ ഹാപ്പിനസ് പ്രൊജക്ട് ആണ് ഹാപ്പിനസ് പ്രോജക്ട് ഷോ. ക്ഷീണിക്കാറുണ്ട് ചിലപ്പോള്‍.

ഒരു ദിവസം നാലഞ്ച് ഗസ്റ്റിനെയാണ് ബാക് ടു ബാക് ഷൂട്ട് ചെയ്യാറുള്ളത്. വന്ന് കഴിഞ്ഞ് ഡ്രസ് മാറി, മേക്കപ്പ് ഇട്ട് ഷൂട്ട് ചെയ്ത് വീണ്ടും വന്ന് ഡ്രസ് മാറി മേക്ക് അപ് ഇട്ട് അങ്ങനെ ക്ഷീണിതയാകാറുണ്ട്.

ഊര്‍ജ്ജം പോകാറുണ്ട്. അതറിയാവുന്ന എന്റെ ടീം, എനിക്ക് ഏത്തപ്പഴം എടുത്ത് വയ്ക്കാറുണ്ട്. അവരെന്നെ കൂടുതല്‍ കംഫര്‍ട്ടും ആക്കാറുണ്ട്.

വ്യക്തി ജീവിതത്തില്‍ ധന്യവര്‍മ്മയുടെ ഹാപ്പിനസ് മന്ത്ര ?

എനിക്ക് തോന്നുന്നത്, എന്നെ സംബന്ധിച്ച് അത് പ്രകൃതിയാണ്. അയാം പീസ്ഫുള്‍, അയാം കാം. പ്രകൃതി എന്നെ പീസ്ഫുള്‍ ആക്കും. മരങ്ങളും പൂക്കളും കിളികളെയുമൊക്കെ കണ്ട് കഴിഞ്ഞാല്‍ ഞാന്‍ ഹാപ്പിയാണ്.

എവിടെയെങ്കിലും നടക്കാന്‍ പോയാലും ആകാശവും മരങ്ങളുമൊക്കെ നോക്കിയാണ് നടക്കുക. അതാണെന്റെ ബേസിക് എനര്‍ജി ബൂസ്റ്റര്‍. പിന്നെ എല്ലാവരും ഇഷ്ടപ്പെടുന്നത് പോലെ തന്നെ പല കാര്യങ്ങളുമുണ്ട്. പുസ്തകങ്ങള്‍, സിനിമകള്‍ എല്ലാമുണ്ട്. നമ്മുടെ ദൈനംദിന ജീവിതത്തിലുള്ള ചെറിയ ചെറിയ കാര്യങ്ങളാണതെല്ലാം.

അതെല്ലാം ഞാനെന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയാറുണ്ട്. അതുപോലെ ഞാനിപ്പോള്‍ യു ട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട്. പറ്റുമ്പോഴൊക്കെ ഞാന്‍ യു ട്യൂബ് വീഡിയോസ് ഇടാറുണ്ട്. അതെല്ലാം എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കാര്യങ്ങളെക്കുറിച്ചാണ്. എന്റെ ചിന്തകളും ആശയങ്ങളും ഞാന്‍ അതിലൂടെ പങ്കുവയ്ക്കുന്നു.

എനിക്ക് ഇഷ്ടമുള്ള ഉള്ളടക്കം വിളംബരം ചെയ്യാന്‍ പറ്റുന്ന ഇടമാണത്. അതിലൂടെയൊക്കെ ഞാന്‍ പറഞ്ഞ കാര്യങ്ങളാണ് ചെറിയ ചെറിയ കാര്യങ്ങളില്‍ സന്തോഷം അനുഭവിക്കുക എന്നത്. ഒരു പുസ്തകം വായിക്കുക ആണെങ്കിലും സിനിമകാണുകയാണെങ്കിലും കുട്ടികളുടെ കൂടെ കെട്ടിപ്പിടിച്ച് കിടക്കുകയാണെങ്കിലും ആ നിമിഷത്തെ സന്തോഷത്തോടെ തുറന്നമനസോടെ ഇരിക്കുക എന്നതാണ് ആ മന്ത്രം.

24 മണിക്കൂറിലുള്ള എല്ലാക്കാര്യങ്ങളെയും നമുക്ക് അങ്ങനെ കാണാം. അതിലേക്കൊക്കെ നാം ശ്രദ്ധ കൊടുത്താല്‍ അതൊക്കെ നമുക്കും ലഭിക്കും.

മൊമന്റ്ലി ഇമോഷന്‍ ആണല്ലോ ഹാപ്പിനസ്, ആ മൊമന്റിലേക്ക് നാം ഓപ്പണല്ലെങ്കില്‍ അത് നമ്മെ കടന്നുപോകും. നല്ലൊരു പാട്ട് കേള്‍ക്കുന്ന നേരം വേറെ എന്തെങ്കിലും ചിന്തിച്ച് വിഷമിച്ച് ഇരുന്നാല്‍ ആ നിമിഷം കിട്ടുമായിരുന്ന സന്തോഷം നമ്മെ വിട്ടുപോകും.

എന്ന് കരുതി നമ്മളെല്ലാവരും എപ്പോഴും ഹാപ്പി മൂഡിലല്ല. നമുക്ക് നമ്മുടേതായ പ്രശ്നങ്ങളും കാണും. എല്ലാ വികാരങ്ങളും ഉണ്ടെങ്കിലേ ഹാപ്പിനസും നമുക്ക് ആസ്വദിക്കാനാകൂ.

ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച സ്ഥലം ഏതാണ് ?.

ഒരിക്കല്‍ ലേ ലഡാക്കില്‍ പോകുകയുണ്ടായി. അവിടത്തെ മനുഷ്യര്‍ക്കും പ്രകൃതിക്കും വല്ലാത്ത പ്രത്യേകത ഉണ്ട്. മനുഷ്യന് എതിരായിട്ട് നില്‍ക്കുന്ന പ്രകൃതിയാണ് അവിടെ. വളരെ വരണ്ട കാലാവസ്ഥയും കുറച്ച് വെള്ളവും മാത്രമുള്ള കോള്‍ഡ് ഡിസെര്‍ട്ടാണ്.

വളരെ പ്രയാസമാണ് ജീവിക്കാന്‍. അതിനാല്‍ മനുഷ്യര്‍ പരസ്പരം സഹായിച്ച് ഒറ്റക്കെട്ടായി നില്‍ക്കുന്നു. അവിടെ പൈസയ്ക്ക് പ്രസക്തിയില്ല. പകരം ജീവനാണ് വില. വളരെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്കുള്ള വിഭവങ്ങളേ ഉള്ളൂ. അതിനാല്‍ തന്നെ അവര്‍ പരസ്പരം ഒറ്റക്കെട്ടായി നില്‍ക്കുന്നു.

വാഹനങ്ങള്‍ തന്നെ പരസ്പരം മറികടക്കുമ്പോള്‍ വഴിയിലുണ്ടായിട്ടുള്ള അപകടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്പരം കൈമാറും. ഞാന്‍ അപ്പോള്‍ നമ്മുടെ കാര്യം ചിന്തിച്ചു. കേരളത്തില്‍ ഈ രണ്ടു മാസം മഴ പെയ്യുന്നത് ഒഴിച്ച് നമുക്ക് എല്ലാമുണ്ട്.

ചെറിയ ചെറിയ കാര്യങ്ങള്‍ പോലും വലിയ പ്രശ്‌നമായി മാറുന്നത് നമുക്കെല്ലാം ഉള്ളതുകൊണ്ടാണ്. പ്രളയം വന്നപ്പോഴാണ് നാം എല്ലാം മറന്ന് ഒന്നിച്ച് നിന്നത്. പ്രകൃതി എതിരായിട്ട് വന്നപ്പോള്‍ മാത്രം രാഷ്ട്രീയ ഭേദം മറന്ന് നാം ഒന്നിച്ചു.

അവിടെ ഒന്നും ഇല്ലാത്തത് കൊണ്ട് ഒരുമിച്ച് നിന്നാലേ അവര്‍ക്ക് പ്രകൃതിയുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനാകൂ. ഒരു ദിവസം യാത്രയ്ക്കിടെ വഴി ബ്ളോക്കായി അവിടെ ഒരു ഗ്രാമത്തില്‍ തങ്ങേണ്ടി വന്നു. അവിടെ ഒരു ഗസ്റ്റ് ഹൗസ് മാത്രമേ ഉള്ളൂ. അതാകട്ടെ വലിയൊരു ഡോര്‍മിറ്ററിയും. സ്ത്രീകളായി ഞാനും മോളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ബ്ലോക്ക് ആയതിനാല്‍ എല്ലാവര്‍ക്കും മുറി ആവശ്യവുമുണ്ടായിരുന്നു. ഞങ്ങളുടെ സ്വകാര്യതയും സുരക്ഷയും കരുതി ഉടമ മറ്റ് യാത്രികരെ അന്നേ ദിവസം മടക്കിഅയക്കുകയായിരുന്നു. സാമ്പത്തികനഷ്ടം പോലും അയാള്‍ക്ക് പ്രശ്നമല്ലായിരുന്നു.

സത്യത്തില്‍ ഈ സംഭവം എന്റെ കണ്ണ് തുറപ്പിച്ചു.

ഫാമിലി ?

ഭര്‍ത്താവ് ഹെലികോപ്റ്റര്‍ പൈലറ്റാണ്. മൂത്ത മോള്‍ക്ക് 12 വയസ്. താഴെയുള്ളത് മകനും മകളും. ഇരട്ടക്കുട്ടികളാണ്. ഇപ്പോള്‍ ഞങ്ങളൊരു പട്ടിയെയും അഡോപ്ട് ചെയ്തിട്ടുണ്ട്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More