കന്യാസ്ത്രീയാകാന്‍ ആഗ്രഹിച്ചു, ദൈവ വിളി ധ്യാനത്തില്‍ പങ്കെടുത്തു: സംവിധായിക വിധു വിന്‍സെന്റ് വെളിപ്പെടുത്തുന്നു

വിധു വിന്‍സെന്റ്. മാധ്യമ പ്രവര്‍ത്തക, മലയാളത്തില്‍ ശ്രദ്ധേയമായ രണ്ടു ജനപക്ഷ സിനിമകളുടെ സംവിധായിക, കേരള സമൂഹത്തില്‍ പുതിയകാലത്ത് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും മാറാത്ത സാമൂഹ്യാന്തരീക്ഷത്തെക്കുറിച്ചും സശ്രദ്ധം വീക്ഷിക്കുന്ന വ്യക്തിത്വം കൂടിയാണ് വിധു. പതിറ്റാണ്ടുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസിലെ ആദ്യ വിധി പുറത്തു വരുമ്പോള്‍, മുമ്പൊരിക്കല്‍ കന്യാസ്ത്രീ ആകാന്‍ ഏറെ കൊതിച്ച ഒരു കത്തോലിക്കാ പെണ്‍കുട്ടി എന്ന നിലയില്‍ ഇന്നത്തെ തന്റെ നിലപാടുകളും ഈ വിധി കേരള സമൂഹത്തില്‍ ചെലുത്തിയേക്കാവുന്ന സ്വാധീനങ്ങളും ജെയ്‌സണ്‍ ജിയുമായുള്ള സംഭാഷണത്തിലൂടെ വിധു അവതരിപ്പിക്കുന്നു.

വിധു വിന്‍സെന്റ് കന്യാസ്ത്രീയാകാന്‍ ശ്രമിച്ചതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്തായിരുന്നു അതിനുള്ള പ്രചോദനം, എന്തുകൊണ്ടാണ് ആ ശ്രമം ഫലം കാണാതെ പോയത്?

കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച ഏതൊരാള്‍ക്കും പൊതുവെ, വേറെന്തെകിലും വ്യതിചലനം ഉണ്ടാകാത്തിടത്തോളം, പ്രാര്‍ത്ഥനയും പള്ളിയില്‍ പോകലും, വ്രതമെടുപ്പുകളും പതിവാണ്. അവയെല്ലാം നമ്മളെ ഭയങ്കരമായി കൗതുകപ്പെടുത്തുകയും ചെയ്യും.

സിസ്റ്റര്‍മാര്‍ നടത്തുന്ന സ്‌കൂളിലായിരുന്നു എന്റെ വിദ്യാഭ്യാസം. അതിനാല്‍ തന്നെ ചെറുപ്പത്തില്‍ അവരായിരുന്നു മുമ്പിലുണ്ടായിരുന്ന മാതൃകാ വ്യക്തിത്വങ്ങള്‍. എന്റെ സ്വപ്നങ്ങള്‍പോലും അവരെപ്പോലെ ആകുന്നതിനെക്കുറിച്ചായിരുന്നു.

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ വളരെ വിചിത്രമായി തോന്നുന്നു. പക്ഷെ അന്നത്തെ കാലത്ത് അത് തീര്‍ത്തും സ്വാഭാവികമായിരുന്നു. സ്വപ്നം കാണാന്‍ അധികമൊന്നുമില്ലല്ലോ.

കൂടാതെ പള്ളിയില്‍ വേദോപദേശ ക്ലാസുകളിലെ പരിപാടികളും. അവിടെ നമ്മള്‍ മിടുക്കരാകുന്നു, നമുക്കു നല്ല ശ്രദ്ധ കിട്ടുന്നു. അങ്ങനെയാകുമ്പോള്‍ അതാണ് നല്ലതു എന്നൊരു തോന്നല്‍ നമ്മുടെ ഉള്ളില്‍ വളരുന്നു. അതേസമയം അന്നത്തെ കാലത്ത് ദാരിദ്ര്യവും കത്തോലിക്കാ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ കന്യാസ്ത്രീമാരാകാന്‍ തീരുമാനിക്കാനുള്ള ഒരു പ്രധാനഘടകമായിരുന്നു. ഇപ്പോള്‍ അതിന് വലിയ മാറ്റം വന്നിട്ടുണ്ട്.

കുടുംബത്തില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമാകുന്നു എന്നത് കൊണ്ട് അത്തരത്തില്‍ ആഗ്രഹം തോന്നുന്നവരോടും അത് വേണോ എന്ന് ചോദിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി.

പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ദൈവ വിളി ക്യാമ്പ് ഉണ്ടായിരുന്നു. എന്റെ സ്‌കൂളിലെ തന്നെ കുട്ടികളെയായിരുന്നു അതില്‍ പങ്കെടുപ്പിച്ചിരുന്നത്. അതില്‍ പങ്കെടുക്കുകയും കുറച്ചു പേര്‍ക്ക് ദൈവ വിളി കിട്ടുകയും ചെയ്യുന്ന ഒരു പരിപാടിയായിരുന്നു അത്. എനിക്കാണെങ്കില്‍ വിളി കിട്ടിയതുമില്ല. സിസ്റ്റര്‍ ആകണമെന്ന് തീവ്രമായി ആഗ്രഹിച്ച ആള്‍ക്ക് കിട്ടിയില്ല.

ഒരു ദിവസം മുഴുവന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയും ആ പ്രാര്‍ത്ഥനയുടെ ഒടുവില്‍ പലര്‍ക്കും മറുഭാഷാവരം ലഭിക്കുകയും അവരെ ദൈവ വിളിയുള്ളവരായി കണക്കാക്കുകയും ചെയ്തു. ഞാന്‍ എത്ര പ്രാര്‍ത്ഥിച്ചിട്ടും ആ മറു ഭാഷാ വരം കിട്ടിയില്ല. ചില കുട്ടികള്‍ ഈ പ്രാര്‍ത്ഥനയുടെ ഉന്മാദ ലഹരിയില്‍ തലകറങ്ങി വീഴുക തുടങ്ങിയ സംഭവങ്ങളുമുണ്ടായിരുന്നു. അവര്‍ക്കും ദൈവവിളി കിട്ടിയതായി കണക്കാക്കപ്പെട്ടു.

വിധുവിന്‍സെന്റ്‌
വിധുവിന്‍സെന്റ്‌

കഴിഞ്ഞ കുറച്ച് നാളുകളായി ഞാന്‍ ഒരു ആത്മകഥാ പരമായ ഒരു രചനയ്ക്കു വേണ്ടിയുള്ള ഒരു രൂപരേഖ തയ്യാറാക്കുന്നുണ്ട്. അതിന്റെ ഒരു ഭാഗം തന്നെ ‘മൈ എന്‍ഗേജ്‌മെന്റ് വിത്ത് ഗോഡ്’ എന്നാണ്. എന്റെ കാര്യത്തില്‍ പ്രത്യേകിച്ചും അതിതീവ്രതയോടെ തുടര്‍ന്ന് വന്നിരുന്ന വിശ്വാസ ജീവിതം എനിക്കുണ്ട്.

ഇടക്കാലത്ത് ബോണ്‍ എഗൈന്‍ ക്രിസ്ത്യന്‍ എന്ന ഒരു വിഭാഗത്തിലേക്ക് ഞാന്‍ സ്വയം എന്നെ മതപരിവര്‍ത്തനം നടത്തിയിരുന്നു. കര്‍ത്താവില്‍ വീണ്ടും ജനിച്ച ക്രിസ്ത്യന്‍ ആയി മാറിയ കുറെ നീണ്ട വര്‍ഷങ്ങളായിരുന്നു അത്. ഏകദേശം ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞതോടെയാണ് അതൊക്കെ ഒന്ന് അടങ്ങിയത്.

വീട്ടുകാര്‍ക്ക് അതിനെക്കുറിച്ച് വലിയ ധാരണകളില്ലായിരുന്നു എന്ന് പറയാം. ഞാന്‍ ഒറ്റയ്ക്ക് നടത്തിയ പരീക്ഷണങ്ങളായിരുന്നു അവ. തിരുവനന്തപുരത്ത് ഹോസ്റ്റലില്‍ നിന്ന് ഡിഗ്രിക്ക് ആദ്യ വര്‍ഷം പഠിക്കുന്ന സമയത്ത് മുഴുവന്‍ സമയ പ്രാര്‍ത്ഥനയൊക്കെയായിരുന്നു.

ചില ദിവസങ്ങളില്‍ കോളേജില്‍ പോകാതെ റൂമിലിരുന്ന് ഞങ്ങള്‍ പത്ത് പേര് പരിശുദ്ധാത്മാവ് പണ്ട് വന്നതു പോലെ വരുമെന്ന് വിചാരിച്ച് മുഴുവന്‍ ദിവസവും രാത്രിയും പകലും പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥനയുമായി കഴിച്ച് കൂട്ടിയിട്ടു വരെയുണ്ട്.

ഒരിക്കല്‍ എന്റെ അച്ഛനും അമ്മയും എന്തോ ആവശ്യത്തിന് തിരുവനന്തപുരത്ത് വന്നു. അവര്‍ വിളിച്ചപ്പോള്‍ ഞാന്‍ ബൈബിള്‍ തുറന്ന് വചനം നോക്കി. അത് പ്രകാരം അന്ന് പുറത്തിറങ്ങാന്‍ പാടില്ല. എന്തോ അനര്‍ത്ഥം സംഭവിക്കും എന്ന രീതിയിലുള്ള ഏതോ വചനമായിരുന്നു.

അതറിഞ്ഞ എന്റെ പപ്പാ അകത്തോട്ടു വന്നു. എന്റെ ബാഗും എടുത്തിട്ട് ഇറങ്ങിക്കോളാന്‍ പറഞ്ഞു. അന്ന് ഒന്നും പറയാതെ അവരോടൊപ്പം ഇറങ്ങേണ്ടി വന്നു. അത് കഴിഞ്ഞ് അധികം താമസിയാതെ എന്റെ ആ പ്രശ്‌നങ്ങള്‍ ഏകദേശം അവസാനിച്ചു എന്നാണ് എന്റെ ഓര്‍മ്മ. ഒരു തരത്തില്‍ പറഞ്ഞാല്‍ അതായിരുന്നു ഒരു ടേണിംഗ് പോയിന്റ്.

അഭയ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വന്നിട്ടുള്ള ഈ വിധി ഏതെങ്കിലും തരത്തില്‍ സഭയെയോ സമൂഹത്തെയോ സ്വാധീനിക്കുമെന്ന് വിധു കരുതുന്നുണ്ടോ?

ഒരു കള്ളന്‍ അപ്പുറത്തുനിന്ന് സഭയെ ചൂണ്ടിക്കാണിക്കുന്ന വളരെ ഞെട്ടലുണ്ടാക്കുന്ന വിചിത്രമായ ഒരു ദൃശ്യമാണ് മനസ്സില്‍ തെളിഞ്ഞ് വരുന്നത്.

ക്രിസ്തുവിനെയും സത്യത്തെയും സ്‌നേഹത്തെയും നീതിയെയുമൊക്കെ നോക്കി കൊഞ്ഞനം കുത്തുന്ന ഒരു സഭയാണ് ഇപ്പുറത്ത് നില്‍ക്കുന്നത്. അധികാരത്തിന്റെയും പണത്തിന്റെയും ഭാവങ്ങളായി മാറിയ സഭ. അതേസമയം കള്ളന്‍ വിശുദ്ധനാകുന്ന കാലം.

1992 ലാണ് അഭയയുടെ മരണമുണ്ടാകുന്നത്. ഞാന്‍ രണ്ടായിരത്തില്‍ ഏഷ്യാനെറ്റില്‍ ചേരുന്ന കാലത്ത് ചീഫ് എഡിറ്റര്‍ ആയിരുന്ന നീലന്‍ സാര്‍ അന്വേഷണം എന്ന വിഭാഗത്തില്‍ അഭയ കേസുമായി ബന്ധപ്പെട്ട് അരമണിക്കൂര്‍ ഒരു പരിപാടി സംപ്രേഷണം ചെയ്തിരുന്നു. ഞങ്ങള്‍ അതില്‍ സാറിന്റെ സഹായികളായി പ്രവര്‍ത്തിച്ചിരുന്നു.

ക്രൈംബ്രാഞ്ച് എസ് പി ആയിരുന്ന കെ ടി മൈക്കിളിന്റെ അഭിമുഖം ഒക്കെ എനിക്ക് ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്. അത് ആത്മഹത്യയാണ്. കൂടുതല്‍ അന്വേഷണത്തിന്റെ ആവശ്യമില്ല. അതിനെ സംബന്ധിച്ച് അയാള്‍ നടത്തുന്ന വിശദീകരണവും. അതെ തുടര്‍ന്നാണ് ഇതിന്റെ നാള്‍ വഴികളെക്കുറിച്ചും ഈ സംഭവത്തെക്കുറിച്ച് തന്നെയും ഞാനൊക്കെ കൂടുതല്‍ ശ്രദ്ധവയ്ക്കുന്നത്.

അത് വരെ മറ്റാര്‍ക്കും എന്നതു പോലെ എനിക്കും ഒരു സംഭവം മാത്രമായിരുന്നു. പക്ഷെ അന്ന് സഭ ഇതിനെക്കുറിച്ച് വളരെയേറെ പ്രചാരണങ്ങള്‍ നടത്തുകയും, ഞായറാഴ്ച്ച കുര്‍ബാന മദ്ധ്യേ ഇതേക്കുറിച്ച് പ്രസംഗങ്ങള്‍ നടത്തുകയും സഭയെ കുരുതി കൊടുക്കാനുള്ള സഭാ ശത്രുക്കളുടെ ശ്രമങ്ങളാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

1992-ല്‍ സിസ്റ്റര്‍ അഭയ മരിക്കുന്നു. എന്നിട്ടും സഭ പ്രതിക്കൂട്ടിലാക്കുന്ന സമാന സംഭവങ്ങള്‍ അവസാനിക്കുന്നില്ല. ഇതുപോലെ തന്നെയുള്ളതും മറ്റു രീതികളിലുള്ളതുമായ സഭയുടെ പ്രതിപുരുഷന്മാര്‍ പ്രതിക്കൂട്ടിലാക്കുന്ന നിരവധി സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. ഏറ്റവും അവസാനം ഏതാനും മാസങ്ങള്‍ക്കു മുമ്പ് ദിവ്യ പി ജോണ്‍ എന്നൊരു കന്യാസ്ത്രീ സമാന രീതിയില്‍ മരിക്കുന്നു. എന്തായിരിക്കും ഇതിങ്ങനെ ആവര്‍ത്തിക്കാനുള്ള ഒരു കാരണം?

നമ്മള്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഒക്കെ പറയുന്നതു പോലെ മതം മറ്റൊരു പ്രത്യയ ശാസ്ത്ര അധികാര ശക്തിയായി അപ്പുറത്ത് സമാന്തരമായി നില്‍ക്കുകയാണ്.

അതിന് അതിന്റേതായ വിഹാര രംഗങ്ങളും അതിന്റേതായ സ്വത്തും സാമ്രാജ്യവും എല്ലാമുണ്ടാവുകയും അതിന്റെ അടിമകളും ചാവേറുകളുമുണ്ടാവുകയും ചെയ്യുന്നതാണ് നമ്മള്‍ കാണുന്നത്. ഇതില്‍ പെട്ടുപോയവര്‍ ഏതെങ്കിലും രീതിയില്‍ മാറി ചിന്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. മതം എല്ലായ്‌പ്പോഴും മറ്റൊരു അധികാര ശക്തി തന്നെയായിട്ടാണ് നമ്മുടെ സമൂഹത്തില്‍ നില്‍ക്കുന്നത്.

ആ അധികാരം അതിനുള്ളിടത്തോളം അതിന് പലതും മറച്ചു വയ്‌ക്കേണ്ടി വരികയും ചെയ്യും. ഞാനെപ്പോഴും ചിന്തിക്കുന്ന ഒന്നുണ്ട്. ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കത്തെക്കുറിച്ച് നാം കേള്‍ക്കുന്നത് എപ്പോഴും പള്ളിയും സ്വത്തും സംബന്ധിച്ചാണ്. അല്ലാതെ പെണ്ണുകേസ് തര്‍ക്കം അധികം കേള്‍ക്കാറില്ലല്ലോ? കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് എന്നാല്‍ നേരെ തിരിച്ചുമാണ്.

കന്യാസ്ത്രീയാകാന്‍ ആഗ്രഹിച്ചു, ദൈവ വിളി ധ്യാനത്തില്‍ പങ്കെടുത്തു: സംവിധായിക വിധു വിന്‍സെന്റ് വെളിപ്പെടുത്തുന്നു 1

അതിന്റെ പ്രധാന കാരണം അവരുടെ അച്ചന്മാര്‍ വിവാഹം കഴിക്കുന്നവരാണ് എന്നതാകില്ലേ?

അത് തന്നെയാണ് എന്റെ ചിന്തയില്‍ വരുന്നത്. ഈ നിലയില്‍ മുന്നോട്ടു പോകാന്‍ പറ്റില്ലെന്നും, കേരളത്തിലെയും അല്ലെങ്കില്‍ ആഗോള കത്തോലിക്കാ സഭയിലെയും കന്യാസ്ത്രീകള്‍ക്കും അച്ചന്മാര്‍ക്കും കല്യാണം കഴിക്കാനും കുടുംബ ജീവിതം നടത്തിക്കൊണ്ട് സഭയെ സേവിക്കാനും ഉള്ള സംവിധാനം ഉണ്ടാകണമെന്നുമുള്ള ചിന്ത ഉയര്‍ന്നു വരണം. ഇപ്പോഴുള്ളത് ഒരു പ്രാകൃത ഏര്‍പ്പാടാണ്. ഈ ഏര്‍പ്പാട് നിര്‍ത്താതെ ഏതായാലും സഭ രക്ഷപെടാന്‍ പോകുന്നില്ല.

കാമുകിമാരുള്ള ഒരു നാല് അച്ചന്മാരെയെങ്കിലും എനിക്കറിയാം. അതില്‍ നമുക്ക് വിരോധവുമില്ല. ദയവു ചെയ്ത് കത്തോലിക്ക സഭയിലെ ബിഷപ്പോ പോപ്പോ ആരാണോ അധികാരി അവര്‍ ഇത്തരത്തില്‍ ഉള്ളവര്‍ക്ക് വിവാഹം കഴിക്കാന്‍ അനുവാദം കൊടുക്കുകയാണ് വേണ്ടത്.

കാരണം ഇതിനുവേണ്ടി ഇവര്‍ നടത്തുന്ന സാഹസികമായ ഏര്‍പ്പാടുകളും അതിന്റെ പേരില്‍ അവര്‍ സമൂഹത്തില്‍ അപമാനിതരാകുന്നതും എല്ലാം ഒഴിവാക്കുകയല്ലേ വേണ്ടത്? എന്തിനാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇത്തരമൊരു ആചാരം? വേറെ എന്തെല്ലാം പണികളുണ്ട് ഇന്ന് നമുക്ക് ആലോചിക്കാന്‍?

ചെറുപ്രായത്തില്‍ ഇതാണ് ഏറ്റവും മഹത്തരമെന്ന് വിചാരിച്ച് ഈ കുപ്പായത്തിനുള്ളില്‍ കയറിപ്പറ്റുകയും പിന്നീട്, ഇതൊന്നുമല്ല ജീവിതം എന്ന തിരിച്ചറിവുണ്ടാകുമ്പോഴേക്കും ഇതില്‍ നിന്ന് പിന്തിരിയാനാവാതെ വരികയുമല്ലേ ചെയ്യുന്നത്?

അതെ, സിസ്റ്റര്‍ ജെസ്മി എഴുതിയിട്ടുള്ള പുസ്തകങ്ങള്‍ വായിക്കുമ്പോഴും അതുപോലെ ലൂസി കളപ്പുര പറയുന്നത് കേള്‍ക്കുമ്പോഴും അതുതന്നെയാണ് മനസ്സിലാക്കുവാനാകുക. സത്യം പറഞ്ഞാല്‍ ഇത് എപ്പോഴോ മാറി ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു എന്നാണ് തോന്നുന്നത്.

ഈ പ്രാകൃതത്വം അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു. അവര്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കട്ടെ ആ നിലയ്ക്ക്. മനുഷ്യരെ സ്‌നേഹിക്കുന്നതിന്, അല്ലെങ്കില്‍ അവര്‍ പറയുന്നതുപോലെ ദൈവത്തെ സ്‌നേഹിക്കുന്നതിന് ഇത് തടസ്സമാകേണ്ട കാര്യമില്ല.

കൊല്ലപ്പെട്ട അഭയ പിന്നീട് സഭയുടെ ആളല്ല എന്ന് വരുന്നു. അല്ലെങ്കില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട കന്യാസ്ത്രീ പിന്നീട് സഭയുടെ ആളല്ല എന്ന് വരുന്നു. അതേസമയം, സഭയ്ക്ക് വേണ്ടപ്പെട്ടവരാകുന്നത് കുറ്റാരോപിതരാണ്. കുറ്റാരോപിതര്‍ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താനുള്ള തത്രപ്പാടിലാണ് പിന്നീട് സഭയുടെ പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഒരു യുക്തി എന്താണ്?

ഒന്ന് ഇത് പാട്രിയാര്‍ക്കിയുടെ ഒരു പൊതു സ്വഭാവമാണ്. ഇത്തരത്തില്‍ കുറ്റാരോപിതനായ ആളെ, അതായത് പുരുഷനെ അവര്‍ എങ്ങനെയാണ് കാണുന്നത്, സ്ത്രീയെ എങ്ങനെയാണ് കാണുന്നത് എന്നതാണ് പ്രസക്തം.

ഇത്തരത്തില്‍ സ്ത്രീകളെല്ലാം അതില്‍നിന്ന് പിരിഞ്ഞു പോകണം എന്നാണ് എനിക്ക് പറയുവാനുള്ളത്. നിങ്ങള്‍ക്ക് ഒരു കാരണവശാലും ഒരുനീതിയും അവിടെനിന്ന് കിട്ടാന്‍ പോകുന്നില്ല, പ്രത്യേകിച്ചും ഇതാണ് നമ്മുടെ നീതി സംഹിതയെങ്കില്‍.

ആദ്യം ചോദിച്ച ആ ചോദ്യം വീണ്ടും ഒന്നാവര്‍ത്തിച്ചാല്‍, ഈ വിധി ഏതെങ്കിലും തരത്തില്‍ സഭയിലോ സമൂഹത്തിന്റെ എന്തെങ്കിലും മാറ്റത്തിന് സഹായകമാകുമോ?

ഇല്ല. കാരണം, ഈ വിധി എന്ന് പറയുന്നത് കോടതി ഇപ്പോള്‍ ഉച്ചരിച്ചു എന്നേയുള്ളൂ. എപ്പോഴോ ഈ വിധി ഉണ്ടായതാണ്. കഴിഞ്ഞ 28 വര്‍ഷമായി കേരള മനഃസാക്ഷിയില്‍ ഈ വിധി നടന്നു കഴിഞ്ഞതാണ്. കഴിഞ്ഞ 28 വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിച്ച കാര്യങ്ങള്‍ ഒന്ന് നോക്കൂ. പുറത്തു വന്ന സംഭവങ്ങളിലൂടെ മാത്രം കണ്ണോടിച്ചാല്‍ മതി. പുറത്തു വരാത്ത എത്രയോ കേസുകള്‍ വേറെ കിടക്കുന്നു.

അതുകൊണ്ടു തന്നെ ഇതില്‍ എന്തെങ്കിലും കുറവ് സംഭവിക്കും എന്നുപോലും ഞാന്‍ വിചാരിക്കുന്നില്ല. അത് വിചാരിക്കണമെങ്കില്‍ ആത്മപരിശോധന നടത്താനും അത്തരത്തിലുള്ള ക്രിയാത്മകമായ ആത്മപരിശോധനയിലൂടെ കടന്നു പോകാന്‍ സഭാനേതൃത്വങ്ങളും സഭയിലെ അല്‍മായരും വിശ്വാസി സമൂഹവും തയ്യാറാകണം.

അവര്‍ക്കു അതിന് പറ്റില്ല. അങ്ങനെയാണ് ആ മതത്തിന്റെ ഒരു കെട്ടുപാട്. അതാണ് മതത്തിന്റെ ചട്ടക്കൂട്. ഇങ്ങനെ പോയാല്‍ ഫ്രാങ്കോ മൂലയ്ക്കല്‍ പുറത്തു വരുന്നതും നമ്മള്‍ കാണും.

ഒരു തിരിഞ്ഞു നോട്ടം നടത്തിയാല്‍, അന്ന് ദൈവവിളി കിട്ടി മഠത്തില്‍ പോകേണ്ടി വന്നിരുന്നെങ്കില്‍ എന്തായിരിക്കുമായിരുന്നു ഇന്നത്തെ അവസ്ഥ എന്നൊരു വിശകലനം പിന്നീട് നടത്തിയിട്ടുണ്ടോ?

ഞാന്‍ കന്യാസ്ത്രീകള്‍ക്കും അച്ചന്മാര്‍ക്കും വിവാഹിതരാകാനുള്ള അവകാശത്തിനു വേണ്ടി മരണം വരെ പോരാടുമായിരുന്നു.

അപ്പോള്‍ മറ്റൊരു ജെസ്മിയോ ലൂസി കളപ്പുരയ്ക്കലോ ഒക്കെ ആയി സഭാശത്രു എന്നൊരു ബ്രാന്‍ഡഡ് ആയി പോകാനുള്ള ഒരു സാധ്യതയുമില്ല?

അതൊക്കൊ സംഭവിക്കുമായിരുന്നേക്കാം. പക്ഷെ ഈ ആശയം ഉയര്‍ത്തിപ്പിടിച്ചായിരിക്കും പുറത്തു പോരേണ്ടി വന്നാല്‍ ഞാന്‍ പുറത്തു പോരുക. ചുരുങ്ങിയത് പോപ്പിന്റെ അടുത്തെങ്കിലും അത് എത്തിക്കുക എന്നുള്ള ദൗത്യം ഞാന്‍ നടത്തിയിരിക്കും എന്നൊരു വിശ്വാസം എനിക്കുണ്ട്. അന്താരാഷ്ട്ര കോടതി വരെ പോരാടേണ്ടി വന്നാല്‍ അതിനും ഒരുപക്ഷെ ഞാന്‍ മുന്നില്‍ ഇറങ്ങിയേക്കും എന്ന് തോന്നുന്നു.

എന്തെങ്കിലുമൊരു വഴി മുന്നോട്ടുണ്ടെങ്കില്‍ അതിനുള്ള സാധ്യത എവിടെയാണ്?

ഇപ്പോഴുള്ള പോപ്പൊക്കെയാണൊരു പ്രതീക്ഷ നല്‍കുന്നത്. കാരണം ഇദ്ദേഹം ഇതുവരെ കണ്ടതില്‍നിന്ന് അല്പം വ്യത്യാസമുള്ള വേറൊരുതരം ആളാണ്. വിശ്വാസികള്‍ ഇത് മനസ്സിലാക്കാനുള്ള ബുദ്ധിവൈഭവം കാണിക്കണം എന്നാണു എനിക്ക് പറയാനുള്ളത്.

അവരുടെ അടുത്ത് നിന്ന് വേണം ഇത്തരം കൊള്ളരുതായ്മകള്‍ക്ക് എതിരെയുള്ള മുന്നേറ്റം ഉണ്ടാകേണ്ടത്. ഇതിന്റെ ഒക്കെ ഒരു പ്രശ്‌നം എന്താണെന്ന് വച്ചാല്‍, നമ്മുടെ പോലുള്ള ഒരു രാജ്യത്തു, ഈ പ്രശ്‌നത്തെ നമ്മള്‍ എങ്ങനെ കാണുന്നു എന്നതാണ്.

നമ്മുടെ മുന്‍ഗണനകള്‍ക്കു പോലും ഇതൊരു പ്രശ്‌നമാണ്. നമ്മള്‍ ഫാസിസത്തിനെതിരെയാണോ പോരാടേണ്ടത്, അതോ നമ്മുടെ ഉള്ളില്‍ തന്നെയുള്ള ആന്തരിക സംഘര്‍ഷങ്ങള്‍ക്കെതിരെയാണോ പോരാടേണ്ടത് എന്നങ്ങനെയുള്ള വളരെ വിചിത്രമായ, വളരെ ആശയക്കുഴപ്പത്തിലാക്കുന്ന അവസ്ഥയാണ് ഇന്ന് നമ്മുടേത്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More