തുടക്കം പാട്ടില്‍, കമ്പം കമ്പോസിങ്ങില്‍

സംഗീത പാരമ്പര്യമുള്ള കുടുംബത്തിലല്ല ജനിച്ചതെങ്കിലും പാലക്കാട്ടുകാരന്‍ അശ്വിന്‍ വിജയനെ സംഗീതത്തിലേക്ക് നയിച്ചത് കുടുംബമാണ്. പാട്ടിലാണ് തുടക്കമെങ്കിലും അദ്ദേഹത്തിന് സംഗീത സംവിധാനത്തിലാണ് കമ്പം. ഇപ്പോള്‍ സീ ടിവിയുടെ സരിഗമപ സംഗീത പരിപാടിയുടെ അന്തിമ റൗണ്ടിലെത്തിയിരിക്കുന്ന ഈ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ക്ക് അശ്വന്‍ കളക്ടീവ് എന്ന സ്വന്തമായൊരു ബാന്‍ഡുമുണ്ട്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ ആയി ജോലി ചെയ്യുന്ന അശ്വിന്‍ ലയ ജേക്കബുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

എന്തൊക്കെയാണ് ലോക്ഡൗണ്‍ വിശേങ്ങള്‍

ലോക്ഡൗണ്‍ ആണെങ്കിലും കൂടുതല്‍ ഒഴിവുസമയം കിട്ടിയിട്ടില്ല. ഓഫീസിലും വീട്ടിലിരുന്നും ജോലി തുടരുകയാണ്. ഇതിനിടെ പാട്ടിനും സമയം കണ്ടെത്തുന്നു. ജോലിയും പാഷനും ബാലന്‌സ് ചെയ്താണ് മുന്നോട്ടു പോകുന്നത്. വീട്ടിലാകുമ്പോള്‍ ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ പാട്ടിനും കമ്പോസിങ്ങിനും അല്‍പം കൂടി സമയം ലഭിക്കും.

സരിഗമപ മിസ് ചെയ്യാറുണ്ടോ?

തീര്‍ച്ചയായും. ആ ഫ്‌ളോറും അവിടുത്തെ അന്തരീക്ഷവും വല്ലാതെ മിസ് ചെയ്യുന്നു. ഒരുവര്‍ഷത്തോളമായി എല്ലാമാസവും രണ്ടാഴ്ചയെങ്കിലും സ്ഥിരമായി ഒരുമിച്ചു കഴിയുകയായിരുന്നല്ലോ. പാട്ടും തമാശകളുമൊക്കെയായി അവിടെ ഒരു കുടുംബാന്തരീക്ഷം പോലെയാണ്. മത്സരിക്കാന്‍ എത്തിയവര്‍ എന്നൊരു മുന്‍ വിധിയോടെയല്ല അവിടെ ആരും പരസ്പരം പെരുമാറുന്നത്. അതിന്റെ ഒരു പോസിറ്റീവ്‌നെസ് ഉണ്ട്. അത് ഇപ്പോള്‍
മിസ് ചെയ്യുന്നു.

സരിഗമപ 25 വര്‍ഷമായി. നിരവധി പ്രമുഖ ഗായകരെ സമ്മാനിച്ച ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിനെ കുറിച്ച്?

ഇത്രയും പാരമ്പര്യമുള്ള ഒരു ഷോയുടെ ഭാഗമാകാന്‍ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമാണ്. കേരളത്തില്‍ അതിന്റെ ആദ്യ എഡിഷനില്‍ തന്നെ അവസരം ലഭിച്ചത് അനുഗ്രഹമായി കാണുന്നു. കാല്‍ നൂറ്റാണ്ടു കാലത്തെ ചരിത്രം നോക്കുമ്പോള്‍ ഇന്ത്യ കണ്ട മികച്ച പിന്നണി ഗായകരെ സമ്മാനിച്ച വലിയൊരു റിയാലിറ്റി ഷോ ആണിത്. ഹിന്ദിയിലും മറ്റു ഭാഷകളിലുമടക്കം നിരവധി ഗായകര്‍ സരിഗമപ വഴി എത്തിയവരുണ്ട്. സരിഗമപ കേരളത്തിലെ മത്സരാര്‍ത്ഥികളും സിനിമാ പിന്നണി ഗാനരംഗത്തേക്ക് ചുവട് വച്ചു കഴിഞ്ഞു. ആദ്യ എഡിഷനിലെ എല്ലാവര്‍ക്കും ഈ അവസരം ലഭിച്ചു. ഈ പട്ടികയില്‍ ഇടം നേടാനായതില്‍ ഒരുപാട് സന്തോഷമുണ്ട്.

സംഗീത രംഗത്തേക്കുള്ള വരവ്

സംഗീത പശ്ചാത്തലമുള്ള കുടുംബമല്ല എന്റേത്. എന്നാല്‍ സംഗീതത്തിലേക്ക് കൈപിടിച്ചു നടത്തിച്ചത് കുടുംബമാണ്. ചെറുപ്പം തൊട്ടേ അമ്മയും അച്ഛനും നല്കിയ പ്രോത്സാഹനമാണ് എന്നെ വളര്‍ത്തിയത്. അവരാണ് എന്റെ കഴിവ് കണ്ടെത്തി എല്ലാ പിന്തുണയും നല്‍കിയത്. അഞ്ചാം വയസോടെയാണ് സംഗീതം അഭ്യസിച്ചു തുടങ്ങിയത്. കര്‍ണാടക സംഗീതമാണ് പഠിച്ചത്. അരങ്ങേറ്റത്തിനുശേഷം പലയിടത്തും കച്ചേരികള്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴും പഠനം തുടരുന്നു. ജോലിക്കും മറ്റുമിടയില്‍ ലഭിക്കുന്ന ചുരുങ്ങിയ സമയം മാത്രമാണെന്നു മാത്രം.

തുടക്കം പാട്ടില്‍, കമ്പം കമ്പോസിങ്ങില്‍ 1

പഠനവും ജോലിയും?

എഞ്ചിനീയറിങ് പഠനം 2014-നാണ് പൂര്‍ത്തിയാക്കിയത്. ക്യാംപസ് പ്ലേസ്‌മെന്റ് വഴി ഇന്‍ഫോസിസില്‍ ജോലിയും ലഭിച്ചു. തുടക്കം മൈസൂരില്‍ ആയിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഇന്‍ഫോസിസ് ക്യാംപസിലാണ്. സംഗീതരംഗത്തെ എന്റെ ചുവടുകള്‍ക്കും കമ്പനി എല്ലാ പിന്തുണയും നല്‍കി കൂടെയുണ്ട്.

പ്രത്യേകിച്ച് എന്റെ പ്രൊജ്ക്ട് ടീം വലിയ പിന്തുണയാണ് നല്‍കുന്നത്. ഒരുഘട്ടം വരെ നമുക്ക് എല്ലാം മാതാപിതാക്കളായിരിക്കും. അവര്‍ എന്നും നമുക്കൊപ്പം ഉണ്ടായിരിക്കും. എന്നാല്‍ പ്രൊഫഷണല്‍ ജീവതത്തിലേക്ക് വന്നശേഷം സമാന പിന്തുണ എനിക്ക് ലഭിക്കുന്നത് എന്റെ ടീമില്‍ നിന്നാണ്. ഞാനിത് പല വേദികളിലും പറയാറുമുണ്ട്.

സരിഗമപ തുറന്നു തന്ന അവസരങ്ങളെ കുറിച്ച്?

എന്റെ പാട്ടുകള്‍ ആസ്വദിക്കുന്ന പ്രേക്ഷകരുടെ അല്ലെങ്കില്‍ ഇഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചു. നേരത്തെ ഉണ്ടായിരുന്ന പരിമിതമായ എണ്ണത്തില്‍ നിന്നും ഇത് ഗണ്യമായി ഉയര്‍ന്നു. അതോടൊപ്പം ഉത്തരവാദിത്തവും കൂടി. ഇത്രയും വലിയൊരു പ്രേക്ഷക വൃന്ദത്തെ കൂടെ നിര്‍ത്തുന്നതിന് സ്വന്തം കഴിവും ക്വാളിറ്റിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന ഉത്തരവാദിത്തബോധം എപ്പോഴും ഉള്ളിലുണ്ടാകും.

അതുകൊണ്ടു തന്നെ കൂടുതല്‍ പഠിക്കാനും കഴിവ് ചെത്തി മിനുക്കി എടുക്കാനുമുള്ള അവസരമായാണ്‍ ഞാന്‍ ഇതിനെ കാണുന്നത്. സിനിമാ രംഗത്തേക്കുള്ള പ്രവേശനവും സരിഗമപ തീര്‍ച്ചയായും എളുപ്പമാക്കി. ലൗ ആക്ഷന്‍ ഡ്രാമ, ധമാക്ക എന്നീ രണ്ടു ചിത്രങ്ങളില്‍ പാടി. റിലീസ് ചെയ്യാനിരിക്കുന്ന രണ്ടു ചിത്രങ്ങളില്‍ കൂടി പാടിയിട്ടുണ്ട്.

സിനിമാ പിന്നണി ഗാനരംഗത്ത് മുന്‍ നിരയിലുള്ളവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താനും അവരില്‍ നിന്ന് പഠിക്കാനും സരിഗമപ വഴി അവസരം ലഭിച്ചത് കൊണ്ടു തന്നെ സിനിമാ ഗാനരംഗത്തേക്കുള്ള പ്രവേശനം അനായാസമായിരുന്നു. ഈ ഷോ എല്ലാവരേയും കൈയകലത്തില്‍ എത്തിച്ചു. ഈ പിന്തുണയ്ക്ക് സരിഗമപ വേദി ഒരുപാട് സഹായിച്ചിട്ടുണ്ട്. പാടാനും ഈസിയായിരുന്നു എന്നു പറയാം.

കാരണം ഷോയ്ക്കു വേണ്ടിയുള്ള പരിശീലനങ്ങളും പാട്ടുമെല്ലാം നടക്കുന്നതിനിടെയാണ് ഈ അവസരങ്ങളും തേടിയെത്തുന്നത്. അതുകൊണ്ട് തന്നെ റെക്കോര്‍ഡിങ്ങും വേഗത്തില്‍ പൂര്‍ത്തിയാക്കാനായിരുന്നു. ഇതൊന്നും ഒരു ജോലി ആയിട്ട് അനുഭവപ്പെട്ടിട്ടില്ല.

കോളേജ് കാലം തൊട്ട് പാട്ടും കമ്പോസിങ്ങും ഉണ്ട്. അക്കാലത്ത് സിനിമയില്‍ പാടിയിരുന്നു. പിന്നീട് അത് ട്രാക്കായി മാറിയ മറ്റൊരു കഥയുമുണ്ട്. പാടിയാണ് തുടക്കമെങ്കിലും കംപോസിങ്ങിലാണ് ഇഷ്ടം. ഞാനും കൂട്ടുകാരും ചേര്‍ന്ന് അശ്വിന്‍ വിജയന്‍ കളക്ടീവ് എന്ന പേരില്‍ ഒരു ബാന്‍ഡും ഇതോടൊപ്പം കൊണ്ടു നടക്കുന്നുണ്ട്. കോളേജ് കാലം തൊട്ട് ഉള്ളതാണ്. ഇപ്പോള്‍ ചിലര്‍ മാറി വന്നു എന്നു മാത്രം.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More