8119 മൈല്‍സ്: മലയാളി സ്പര്‍ശമുള്ള അന്താരാഷ്ട്ര റോഡ് സിനിമ

യാത്ര തുടങ്ങുമ്പോള്‍ വഴി തനിയെ പ്രത്യക്ഷപ്പെടുമെന്ന് എഴുതിയത് സൂഫി സന്യാസിയായ ജലാലുദ്ദിന്‍ റൂമിയാണ്. ഇംഗ്ലണ്ടിലെത്തുന്നത് ജീവിതാഭിലാഷമായി കരുതുന്ന രണ്ട് ഇന്ത്യാക്കാരുടെ യാത്രയുടെ കഥ പറയുന്ന 8119 മൈല്‍സ് എന്ന സിനിമയ്ക്ക് ഇടാന്‍ മറ്റൊരു ടാഗ് ലൈന്‍ ഇല്ല. നിയമപരമായ വഴികള്‍ അടഞ്ഞപ്പോള്‍ ഇരുവരും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് യൂറോപ്പില്‍നിന്നും ഇന്ത്യയിലേക്ക് വരാന്‍ ഉപയോഗിച്ചിരുന്ന പാതയിലൂടെ നിയമവിരുദ്ധമായി യാത്ര ചെയ്യാന്‍ തീരുമാനിക്കുന്നു. ചൈന, മംഗോളിയ, കസഖ്സ്ഥാന്‍, റഷ്യ, ജോര്‍ജിയ, തുര്‍ക്കി, ബള്‍ഗേറിയ, റൊമാനിയ, ജര്‍മ്മനി, ബെല്‍ജിയം, യുകെ എന്നീ രാജ്യങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന 8119 മൈല്‍സിന്റെ സംവിധായകന്‍ ജോ ഈശ്വര്‍ ആണ്. കുന്താപുരയിലൂടെ സിനിമ സംവിധായകനായ അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയാണ് 8119 മൈല്‍സ്. കെ സി അരുണുമായി ജോ ഈശ്വര്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

ജോ ഈശ്വര്‍, എന്താണ് 8119 മൈല്‍സ്?

അന്‍പതുകള്‍ മുതല്‍ എഴുപതുകള്‍ വരെ വളരെ സജീവമായി നിലനിന്നിരുന്ന ഒരു സബ് കള്‍ച്ചര്‍ ആയിരുന്നു ഹിപ്പി ട്രെയ്ല്‍. യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമൊക്കെ ആളുകള്‍ ഏഷ്യയിലേക്ക് കരമാര്‍ഗം നടത്തിയ പരീക്ഷണ യാത്രകള്‍ പിന്നീട് വിഖ്യാതമായി. ലക്ഷക്കണക്കിന് ആളുകള്‍ യൂറോപ്പില്‍ നിന്നും ഇന്ത്യ വരെ ഈ മാര്‍ഗത്തിലൂടെ വന്നു. തദവസരത്തില്‍ തന്നെ ഏഷ്യയില്‍ നിന്നും ആളുകള്‍ യൂറോപ്പിലേക്ക് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി യാത്ര തുടങ്ങി.

അതിനു പല പേരുകള്‍ അവര്‍ ഇട്ടു അതില്‍ ഒന്നായിരുന്നു 8119 മൈല്‍സ്. നിയമ വിരുദ്ധമായ ഈ മാര്‍ഗത്തിലൂടെ കുറെ പേര്‍ യൂറോപ്പില്‍ എത്തി. ചിലര്‍ യാത്രാമധ്യേ മരിച്ചു. ഈ ആശയം എന്റെ മനസ്സില്‍ വര്‍ഷങ്ങളായിട്ടുണ്ടായിരുന്നു. ഒപ്പം പഴയ സില്‍ക്ക് റോഡ് എന്ന ഒരു കൗതുകവും ആയിരുന്നു. അങ്ങനെ സില്‍ക്ക് റോഡിനെയും 8119 മൈല്‍സിനേയും ബന്ധിപ്പിച്ചപ്പോള്‍ ഒരു സിനിമയുണ്ടായി.

8119 മൈല്‍സ് പോസ്റ്റര്‍
8119 മൈല്‍സ് പോസ്റ്റര്‍


എങ്ങനെയാണ് 8119 മൈല്‍സിന്റെ കഥയിലേക്ക് എത്തിയത്?

ഒരിക്കല്‍ ലിവര്‍പൂള്‍ നഗരത്തിലെ ഒരു കോഫി ഷോപ്പില്‍ ഇരിക്കുമ്പോള്‍ നബീല്‍ എന്ന കുര്‍ദിസ്താന്‍കാരനെ പരിചയപ്പെടാന്‍ ഇടയായി. യാദൃശ്ചികമായിട്ടെങ്കിലും എന്റെ കയ്യിലിരുന്ന പുസ്തകം അയാള്‍ക്ക് കൗതുകമായി. വിഖ്യാതനായ ബ്രിട്ടീഷ് അക്കാഡമിക് Peter Frankopan ന്റെ ‘The Silk Roads : A New History of the World’ എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്. അയാള്‍ എന്നോട് ചോദിച്ചു എന്നെങ്കിലും സില്‍ക്ക് റോഡ് വഴി യാത്ര ചെയ്യുമോയെന്ന് . അറിയില്ലെന്ന് ഞാനും. ആ സംഭാഷണം വളര്‍ന്നത് നബീലിന്റെ ജീവിതത്തിലേക്കാണ്. സദ്ദാം ഹുസൈന്റെ ഭരണ കാലത്ത് കുര്‍ദിസ്താന്‍ വിട്ടു ഇംഗ്ലണ്ടിലേക്ക് ഒരു പാതിരാത്രിയില്‍ തുടങ്ങിയ അയാളുടെ ആ യാത്ര എനിക്ക് ഒരത്ഭുതമായിരുന്നു. നബീലിന്റെ ജീവിത കഥയായിരുന്നു ഈ സിനിമയിലേക്ക് എന്നെ എത്തിച്ച സ്പാര്‍ക്ക്.

ആദ്യ സിനിമയായ കുന്താപുരയില്‍ ചാരുഹാസനും അനുഹാസനുമടക്കമുള്ള വലിയൊരു താരനിരയുണ്ടായിരുന്നു. എന്തുകൊണ്ടാണ് രണ്ടാമത്തെ സിനിമയില്‍ അത്തരമാരു താരനിരയുണ്ടാകാതെ പോയത്?

കഥാപാത്രങ്ങള്‍ക്കാവശ്യമായ അഭിനേതാക്കളെ ആണ് ഓരോ സിനിമയ്ക്കും ആവശ്യം. ഈ സിനിമയ്ക്ക് ആവശ്യം രഞ്ജി വിജയനെയും കുര്യാക്കോസ് ഉണ്ണിട്ടനെയും ആയിരുന്നു. ഗബ്രിയേലിന് രഞ്ജിയും അനിലിന് കുര്യാക്കോസും 100 ശതമാനം സത്യസന്ധമായി ജീവന്‍ പകര്‍ന്നിട്ടുണ്ട്. കുന്താപുരയിലെ സ്വാതന്ത്ര്യ സമര സേനാനിയായ കൃഷ്ണപ്പ നരസിംഹശാസ്ത്രിക്ക് പറ്റിയ ആളായിരുന്നു ചാരുഹാസന്‍. തീര്‍ച്ചയായും ഇന്ത്യ കണ്ട മികച്ച ഒരു നടന്‍. അതുപോലെ തന്നെ ആണ് അനു ഹസന്‍ ചെയ്ത ഗൗരി അയ്യര്‍ എന്ന കഥാപാത്രവും. കുന്താപുരയില്‍ നായക വേഷം ചെയ്തത് ബിയോണ്‍ ആണ് .

ആദ്യ സിനിമയുടെ പാഠങ്ങള്‍ എന്തൊക്കെയാണ്?

ഏതൊരു സംവിധയകനേയും പോലെ എന്റെ ആദ്യ സിനിമ എനിക്കെന്നും പ്രിയപ്പെട്ടതാണ്. ഇനി എത്ര സിനിമകള്‍ ചെയ്താലും കുന്താപുരക്കായി ഞാന്‍ എടുത്ത എഫേര്‍ട്ടുകള്‍, അതിനു വേണ്ടി മാറ്റി വച്ച സമയം ഒന്നും മറ്റൊരു സിനിമയ്ക്കും വേണ്ടി ഞാന്‍ ഇനി ചെയ്യുമെന്ന് തോന്നുന്നില്ല. അതൊരു വലിയ സ്വപ്നം ആയിരുന്നു. വര്‍ഷങ്ങളോളം ഞാനും എന്റെ സുഹൃത്തുക്കളും കണ്ട ഒരു വലിയ സ്വപ്നം. കുന്താപുരയില്‍ നിന്നും പഠിച്ച പാഠങ്ങളില്‍ ഒന്ന്: നമ്മുടെ ഉള്ളില്‍ നിന്നും നമ്മോടു സംസാരിക്കുന്ന ഒരാളുണ്ട്. അതിനെ നമ്മുക്ക് മനസാക്ഷിയെന്നു വിളിക്കാം. ഉള്‍വിളിയെന്നും വിളിക്കാം. അത് ശ്രദ്ധയോടു കൂടി കേട്ടാല്‍, അത് മാത്രം ഫോളോ ചെയ്താല്‍ നാം ലക്ഷ്യ സ്ഥാനത്തെത്തും. 8119 മൈല്‍സില്‍ ഞാന്‍ അത് മാത്രമാണ് ചെയ്തത് .

8119 മൈല്‍സില്‍ നിന്നുമൊരു രംഗം
8119 മൈല്‍സില്‍ നിന്നുമൊരു രംഗം

 

8119 മൈല്‍സ് എന്ന രാജ്യാന്തര സിനിമയെടുത്തപ്പോള്‍ നേരിട്ട വെല്ലുവിളികള്‍ എന്താണ്?

സത്യത്തില്‍ വലിയ വെല്ലുവിളികള്‍ ഒന്നും തന്നെ ഇല്ലായിരുന്നു . 8119 മൈല്‍സ് കൃത്യമായി നടപ്പിലാക്കിയ ഒരു പ്ലാനിന്റെ അനന്തര ഫലമാണ്. പ്ലാനിംഗ് ആണ് ഓരോ സിനിമയുടെയും വിജയം. പ്ലാനിംഗ് നന്നാവുകയും നടീ നടന്മാര്‍ സഹകരിക്കുകയും ചെയ്താല്‍ പകുതി സിനിമ നടന്നു എന്ന് വേണമെങ്കില്‍ പറയാം. ഓരോ രാജ്യങ്ങളിലും ഞങ്ങളെ സഹായിക്കാന്‍ ഓരോ ഫിക്‌സേഴ്‌സ് അഥവാ ലൈന്‍ പ്രൊഡ്യൂസഴ്‌സ് ഉണ്ടായിരുന്നു.

നമ്മുടെ കഥ ഓരോരോ നാടിനെ സപ്പോര്‍ട്ട് ചെയ്തത് കാരണം ആ നാട്ടുകാര്‍ക്കും സഹകരിക്കുന്നതില്‍ സന്തോഷം ആയിരുന്നു. പ്രൊഡക്ഷന്‍ വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടാക്കിയില്ല പക്ഷെ പ്രീ പ്രൊഡക്ഷന്‍ സത്യത്തില്‍ വര്‍ഷങ്ങളോളം നീണ്ടു നിന്ന ഒരു പ്രക്രീയ ആയിരുന്നു. ഓരോ രാജ്യത്തും നമ്മുക്ക് പറ്റിയ, നമ്മുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്ന, നമ്മുടെ രീതികളോട് പൊരുത്തപ്പെടുന്ന ആളുകളെ തപ്പിപ്പിടിക്കാന്‍ സമയം എടുത്തു. അങ്ങനെ ഈ കണ്ട രാജ്യങ്ങളില്‍ എല്ലാം തന്നെ ഒരു നെറ്റ്വര്‍ക്ക് ഉണ്ടാക്കി. ഓരോ രാജ്യത്തും നിന്നും ടെക്‌നീഷ്യന്‍സിനെ എടുത്തു. ഓരോ രാജ്യത്തും ട്രാന്‍സ്ലേറ്റേഴ്‌സ് ഉണ്ടായിരുന്നു.

പത്തോളം രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ സിനിമയുടെ ഷൂട്ടിങ് സമയത്തുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കാമോ?

മംഗോളിയ എന്ന രാജ്യം ഈ സിനിമയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ലൊക്കേഷന്‍ ആണ്. ഈ സിനിമ യാത്രയില്‍ ഞങ്ങള്‍ ഇത്രയേറെ മറ്റേതെങ്കിലും രാജ്യം ആസ്വദിച്ചോ എന്ന് ചോദിച്ചാല്‍ സത്യത്തില്‍ ഇല്ല . നല്ല മനുഷ്യര്‍, കണ്ണിന് കുളിരേകുന്ന വിഷ്വല്‍സ്, ഇന്ത്യയോട് സാമ്യമുള്ള ആചാരങ്ങള്‍, തട്ടിപ്പോ വെട്ടിപ്പോ ഇല്ലാത്ത പ്രൊഡക്ഷന്‍ ടീം, മംഗോളിയ എന്നെ സംബന്ധിച്ചു ഇന്ത്യ പോലെ തന്നെയാണ്. എന്നാല്‍ ഷൂട്ടിന്റെ ഇടയില്‍ ഞങ്ങളുടെ സൗണ്ട് ഗിയര്‍ എടുത്തുകൊണ്ടു ഒരുത്തന്‍ ഓടി.

ഞങ്ങളുടെ ഫിക്‌സര്‍ ആയിരുന്ന മിന്‍ജിന്‍ ചില ജാക്കി ചാന്‍ ചിത്രങ്ങളില്‍ ഒക്കെ കാണുന്ന പോലെ അവനെ ഓടിച്ചിട്ട് പിടിച്ചു. ഒരു കാലഘട്ടത്തില്‍ ലോകത്തെ അടക്കി വാണിരുന്ന ഒരു സാമ്രാജ്യം ആയിരുന്നു മംഗോള്‍ സാമ്രാജ്യം. മിന്‍ജിന്റെ പ്രകടനം കണ്ടപ്പോള്‍ മനസിലായി എങ്ങനെ ഈ കൊച്ചു രാജ്യം ലോകത്തെ ഭരിച്ചിരുന്നത് എന്ന്.

ഓരോ സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ഓരോ അനുഭവങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദൈവാനുഗ്രഹം കൊണ്ട് ഞങ്ങള്‍ക്ക് സിനിമ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചു. The Legends of 8119 Miles എന്നൊരു പുസ്തകം പിറകെ വരുന്നുണ്ട്.

നജീബ് എന്ന പ്രവാസി ബന്യാമിനോട് സ്വന്തം ജീവിതം പറഞ്ഞപ്പോള്‍ മലയാളത്തിന് ആട് ജീവിതം എന്ന ക്ലാസിക് സാഹിത്യ സൃഷ്ടി ലഭിച്ചു. താങ്കളോട് ഒരു വിദേശി അദ്ദേഹത്തിന്റെ ഇംഗ്ലണ്ടിലേക്ക് കുടിയേറാനുള്ള യാത്രയെക്കുറിച്ച് വിവരിച്ചതില്‍ നിന്നും 8119 മൈല്‍സ് പിറക്കുന്നു. നമുക്ക് എല്ലാക്കാലവും ഓര്‍ത്തുവയ്ക്കാവുന്ന ഒരു ക്ലാസിക്കാണോ അണിയറയില്‍ ഒരുങ്ങുന്നത്?

ബെന്യാമിന്റെ ആട് ജീവിതം ഒരു നൂറ്റാണ്ടില്‍ സംഭവിക്കുന്ന ഒരു അത്ഭുതം ആണ്. കാര്യം നജീബിന്റെ ജീവിതത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബെന്യാമിന്റെ കഥയെങ്കിലും ഒരു പ്രതിഭയുടെ തൂലികാസ്പര്‍ശമാണ് അതിനെ ക്ലാസിക് ആക്കിയത്. സിനിമ ക്ലാസിക്ക് ആണോ എന്ന് നിശ്ചയിക്കുന്നത് പ്രേക്ഷകരാണ്. സത്യത്തില്‍ ഒരു റോഡ് മൂവി എന്നതൊഴിച്ചു മറ്റൊരു അവകാശവാദവും ഞങ്ങള്‍ക്കില്ല. പ്രൊഡ്യൂസര്‍ കെ.വി വിജയനും ഞാനും കാമ്പുള്ള ഒരു ദൃശ്യാനുഭവം സൃഷ്ടിക്കുക എന്ന ഒറ്റ ലക്ഷ്യം കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു സാഹസത്തിനു ഒരുങ്ങി പുറപ്പെട്ടത്.

ഒരു വിദേശിയുടെ യാത്രയെ ഇന്ത്യക്കാരന്റെ യാത്രയായി മാറ്റുമ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ താങ്കള്‍ക്ക് ഉണ്ടായ വെല്ലുവിളികളും ശക്തിയും എന്താണ്?

നബീലിന്റെ കഥ തുടങ്ങുന്നത് ഇറാഖി കുര്‍ദിസ്താനിലാണ് . ഈ സിനിമയുടെ പകുതി ഭാഗം എവിടെ വരുന്നോ അവിടെനിന്നാണ് നബീലിന്റെ ജീവിതത്തിന്റെ സാദൃശ്യങ്ങള്‍ ചെറുതായെങ്കിലും പരാമര്‍ശിക്കപ്പെടുന്നത്. നബീല്‍ ഈ കഥയ്ക്ക് ഒരു കാരണക്കാരനാണ് എങ്കിലും ഇത് ഒരുപാട് പേരുടെ ജീവിതത്തില്‍ നിന്നുള്ള സംഭവങ്ങളാണ്.

മംഗോളിയയിലെ തിലകനെ കുറിച്ച്

മംഗോളിയയില്‍ ഈ സിനിമയില്‍ ഒരു ബുദ്ധ സന്യാസി കഥാപാത്രം ഉണ്ട്. അവിടുത്തെ ഫിക്‌സിര്‍സ് തന്ന ഒരു നടനെ വച്ച് ഞാന്‍ ഒരുപാട് നോക്കി. പക്ഷെ ശരിയായില്ല , ഒടുവില്‍ അതൊരു ഉടക്കിന്റെ വക്കിലെത്തി. പക്ഷെ നല്ലവരായ അവിടുത്തെ ഫിക്‌സേഴ്‌സ് മംഗോളിയയിലേ തന്നെ ഒരു ലെജന്ററി ആക്ടറായ ഡാം ഡിമ്മിനെ ആ കഥാപാത്രത്തെ ചെയ്യിക്കുവാന്‍ കൊണ്ടുവന്നു. ഡാം ഡിം അവിടുത്തെ തിലകനെന്നോ നെടുമുടി വേണുവെന്നൊക്കെ പറയാവുന്ന ഒരു നടന്‍ ആണ്. അതുപോലെ തന്നെ ഒരു ട്രക്ക് ഡ്രൈവറിന്റെ വേഷം ചെയ്യാന്‍ വരേണ്ടിയിരുന്ന ഒരു നടന് ഷൂട്ട് ദിവസം വന്നെത്തിച്ചേരാന്‍ സാധിച്ചില്ല. പകരം ഒരു ഒറിജിനല്‍ ട്രക്ക് ഡ്രൈവര്‍ ആ വേഷത്തില്‍ അഭിനയിച്ചു. ഞങ്ങളെ എല്ലാവരെയും അയാളുടെ അഭിനയം അമ്പരപ്പെടുത്തി.

8119 മൈല്‍സില്‍ നിന്നുമൊരു രംഗം
8119 മൈല്‍സില്‍ നിന്നുമൊരു രംഗം


യാത്ര തുടങ്ങുമ്പോള്‍ വഴി തനിയെ പ്രത്യക്ഷപ്പെടുമെന്ന റൂമിയുടെ വരികളാണ് പുതിയ സിനിമയുടെ ടാഗ് ലൈന്‍. എങ്ങനെയാണ് സിനിമ രംഗത്തേക്ക് എത്തുന്നത്?

ഏറ്റുമാനൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍ ഒരു ഫിലിം സൊസൈറ്റി ഉണ്ടായിരുന്നു. കൊച്ചു പട്ടണമാണെങ്കിലും ഫിലിം സൊസൈറ്റിയും ഞങ്ങളുടെ എസ് എം എസ് എം ലൈബ്രറിയും ആണ് എന്നെ ലോക സിനിമ എന്ന സ്വപ്നത്തിലേക്ക് തള്ളി വിടുന്നത്. 1998-ല്‍ ഏറ്റുമാനൂരില്‍ ഞാനുള്‍പ്പെടുന്ന ഒരു ടീം സംഘടിപ്പിച്ച വിന്റര്‍ ഫിലിം ഫെസ്റ്റിവല്‍ മുതല്‍ ഇന്ന് വരെ സിനിമ ഒപ്പം ഉണ്ട്. തിരിഞ്ഞു നോക്കുമ്പോള്‍ എന്നെ സിനിമയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ ഒരാള്‍ അനില്‍ എടാടന്‍ എന്ന സുഹൃത്ത് ആണ്. അനിലിന്റെ സ്വാധീനമാണ് പിന്നീട് സിനിമയായി എന്നില്‍ പരിണമിച്ചത്. ഒപ്പം പി.സി ജേക്കബ് പനത്തറ, കെ.വി മുരളീധരന്‍, കെ.വി മധുകുമാര്‍, കെ.ആര്‍ കാര്‍ത്തികേയന്‍ , വിജു മഹാദേവന്‍ എന്നെ എഡിറ്റിംഗ് പഠിപ്പിച്ച തോമസ് മാത്യു എന്നിവരുടെ സഹായം ഞാന്‍ മനസ്സിന്നൊട് ചേര്‍ത്ത് വെക്കുന്നു.

മലയാള സിനിമ ഭരിക്കുന്നത് താരമാഫിയ എന്നാണ് കാ ബോഡി സ്‌കേപ്സ് സംവിധായകന്‍ ജയന്‍ കെ ചെറിയാന്‍ പറയുന്നത്. താങ്കളെപ്പോലൊരു പ്രവാസി മലയാളി കേരളത്തില്‍ സിനിമ എടുക്കാന്‍ വന്നപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ എങ്ങനെയാണ്?

അത് ജയന്‍ ചെറിയാന്റെ അനുഭവം ആയിരിക്കാം. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം മലയാളം സിനിമ എന്നോട് നല്ല രീതിയിലാണ് പെരുമാറിയിരുന്നത്. ഇന്നും പല ടെക്നിഷ്യന്‍സ്, നടി, നടന്മാരും ഒക്കെയായി നല്ല ബന്ധം എനിക്കുണ്ട്.

എപ്പോഴാണ് 8119 മൈല്‍സ് റിലീസ് ചെയ്യുന്നത്?

സെപ്തംബര്‍- ഒക്ടോബര്‍. മെയ് മാസം മുതല്‍ ഈ ചിത്രം വിവിധ ഫെസ്റ്റിവല്‍ മാര്‍ക്കറ്റുകളില്‍ സഞ്ചരിച്ചതിനു ശേഷം ഇന്ത്യയില്‍ കൊണ്ടുവരാനാണ് ഞങ്ങളുടെ പ്ലാന്‍.

ഈ സിനിമയുടെ അന്താരാഷ്ട്ര വിപണിയെ കുറിച്ച് സംസാരിക്കാമോ?

അന്താരാഷ്ട്ര വിപണിയിലെ സാധ്യത നോക്കിയാണ് ഞങ്ങള്‍ ഇത് ഇംഗ്ലീഷ് ഭാഷയില്‍ ചെയ്തത്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ ഇതിനെ ടെറിറ്റോറിയില്‍ റൈറ്റ്‌സിന്റെ അടിസ്ഥാനത്തില്‍ വില്‍ക്കാം.

8119 മൈല്‍സില്‍ നിന്നുമൊരു രംഗം
8119 മൈല്‍സില്‍ നിന്നുമൊരു രംഗം


എങ്ങനെയാണ് ഈ സിനിമയ്ക്കുവേണ്ടിയുള്ള യാത്ര പ്ലാന്‍ ചെയ്തത്?

ഈ സിനിമയുടെ ബേസ് ഓപ്പറേഷന്‍ യുകെ ആയിരുന്നു. അതുകൊണ്ട് എല്ലാ യാത്രകളും ഇവിടെനിന്നും ആണ് തുടങ്ങിയത്. നാല് ഷെഡ്യുകളില്‍ ആണ് പടം ചിത്രീകരിച്ചത്. മംഗോളിയയില്‍ നിന്നും ചിത്രം തുടങ്ങി. പിന്നീട് ഇന്ത്യ , അതിനുശേഷം സെന്‍ട്രല്‍ ഏഷ്യന്‍ ബെല്‍റ്റ്. ടര്‍ക്കി , യൂറോപ്യന്‍ യൂണിയനില്‍ ആണ് അവസാനം ചിത്രീകരിച്ചത്. യുകെയില്‍നിന്നും യാത്ര ചെയ്ത ക്രൂ കുറവായിരുന്നു. അതാതു സ്ഥലങ്ങളില്‍ ഉള്ള ടെക്നിഷ്യന്‍സ് ആണ് കൂടുതലായും ചിത്രത്തില്‍ സഹകരിച്ചത്.

ഈ സിനിമ കണ്ട് 8119 മൈല്‍സില്‍ പറയുന്ന രാജ്യങ്ങളിലൂടെ സഞ്ചരിക്കാന്‍ ഒരാള്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

സത്യത്തില്‍ നാല് ലക്ഷം രൂപയില്‍ താഴെ മാത്രമേ ഇത്തരം യാത്രകള്‍ക്ക് ചെലവാകുകയുള്ളു. ഇന്ത്യന്‍ പൗരന്മാരെ സംബന്ധിച്ചിടത്തോളം വിസ ഫീസ് ഏകദേശം ഒരു ലക്ഷം രൂപ വരും. വിമാനം ഒഴിവാക്കിയാല്‍ പൈസ വീണ്ടും കുറയും. ബസ്, തീവണ്ടി, ഹിച്ച് ഹൈക്കിങ് എന്നിവയെല്ലാം ഉപയോഗിച്ച് ഏകദേശം 36 ദിവസം കൊണ്ട് ഒരാള്‍ക്ക് യുകെയില്‍ വന്നെത്താന്‍ സാധിക്കും.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More