‘വല വിരിച്ച ലോകത്തോട് മല്ലുവീട്ടമ്മമാര്‍ക്ക് പറയാനുള്ളത്‌’

361

ന്യൂജെന്‍ കാലത്ത് ‘മല്ലുവീട്ടമ്മ‘ എന്ന വാക്കിനൊരു ധ്വനിയുണ്ട്. ഇന്റര്‍നെറ്റില്‍ പരതിയാല്‍ മനസിലാകും വെറുമൊരു വാക്കില്‍ വലവിരിച്ചു നില്‍ക്കുന്ന ഒന്നല്ല മല്ലുവീട്ടമ്മയെന്ന്. മലയാളി വീട്ടമ്മയെക്കുറിച്ച് മറ്റുനാടുകളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ ലഭിക്കുന്ന ഇക്കിളി ധാരണയില്‍ കൈകടത്തിയൊരുക്കിയ ഷോര്‍ട്ട്ഫിലിമാണ് ‘മല്ലുവീട്ടമ്മ‘. ചുരുങ്ങിയ സമയംകൊണ്ട് രണ്ടുലക്ഷത്തിലധികംപേര്‍ കണ്ട വൈറലായിക്കൊണ്ടിരിക്കുന്ന ‘മല്ലു വീട്ടമ്മ‘യിലൂടെ ശ്രദ്ധേയനാകുന്ന നവാഗത സംവിധായകന്‍ അരുണ്‍ലാല്‍ കരുണാകരന്‍, ആനന്ദ് ലാലുമായി സംസാരിക്കുന്നു.

ചുരുങ്ങിയ ദിവസംകൊണ്ട് വൈറലായ ഷോര്‍ട്ട്ഫിലിമാണ് ‘മല്ലു വീട്ടമ്മ’. ഇത്തരമൊരു വിഷയം തെരഞ്ഞെടുക്കാന്‍ കാരണം?

മലയാളികളെ മറുനാട്ടിലുള്ളവര്‍ വിശേഷിപ്പിക്കുന്ന വാക്കാണ് മല്ലൂസ് എന്നത്. ഹോട്ട് മല്ലു, മല്ലു വീട്ടമ്മ എന്നതെല്ലാം ഗൂഗിളില്‍ ദിനംപ്രതി ഏറ്റവുംകൂടുതല്‍ പേര്‍ തെരയുന്ന വാക്കുകളില്‍പെടുന്നൂവെന്നതാണ് സത്യം.

ഇന്റര്‍നെറ്റിലൊക്കെ പരതിയാല്‍ നിരവധി ഇക്കിളിപ്പെടുത്തുന്ന ഫോട്ടോകളും വീഡിയോകളുമാകും ആദ്യം നമ്മുക്കു മുന്നിലെത്തുക. ഇതിലൂടെ ഒരു മലയാളി വീട്ടമ്മയെപ്പറ്റി മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന ധാരണ എന്തായിരിക്കുമെന്ന ചിന്തയാണ് ഈയൊരു വിഷയത്തിലേക്കെത്തിച്ചത്.

ഗള്‍ഫുകാരന്റെ ഭാര്യ, ഭര്‍ത്താവിന്റെ സാമീപ്യം കുറവുള്ള വീട്ടമ്മമാര്‍ എന്നിങ്ങനെ എല്ലാ വീട്ടമ്മമാരെയും കുറിച്ച് എന്തുധാരണയാകും ഇന്റര്‍നെറ്റ് യുഗത്തില്‍ ഇത്തരം പ്രയോഗങ്ങള്‍ സൃഷ്ടിക്കുകയെന്നത് ആലോചിക്കണം. അത്തരത്തിലുള്ള ഒരു വീട്ടമ്മയുടെ, വ്യത്യസ്തമായ കഥയാണ് ഈ ഷോര്‍ട്ട്ഫിലിമിലൂടെ പങ്കുവയ്ക്കാന്‍ ശ്രമിച്ചത്.

മല്ലുവീട്ടമ്മയുടെ പോസ്റ്റര്‍
മല്ലുവീട്ടമ്മയുടെ പോസ്റ്റര്‍

ഷോര്‍ട്ട്ഫിലിം രംഗത്തേക്കുള്ള കടന്നുവരവ്?

സഫലമായ് ശലഭമായ്, ഇതാണ് ലോകം, ഉപ്പേരി പപ്പടം പുളിശ്ശേരി പായസം, അവകാശി തുടങ്ങി നാലോളം ഷോര്‍ട്ട്ഫിലിം മുമ്പും ചെയ്തിട്ടുണ്ട്. നമ്മളെന്തെങ്കിലും ആയിത്തീരണമെന്ന് ആഗ്രഹിക്കുന്ന നിരവധിപേര്‍ ഉണ്ടാകുമല്ലോ. മല്ലുവീട്ടമ്മയുടെ നിര്‍മ്മാതാവ് അശോകന്‍ കരുനാഗപ്പള്ളിയും ഇത്തരത്തില്‍ നന്മയാഗ്രഹിക്കുന്ന സഹോദരതുല്യനായ സുഹൃത്താണ്. അദ്ദേഹത്തെപ്പോലൊരാള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ഷോട്ട് ഫിലിം ഇത്രത്തോളം നന്നായി ഷൂട്ട് ചെയ്യാനാകുമായിരുന്നില്ല.

മനുവര്‍മ്മയെപ്പോലെ പ്രശസ്തനായ നടനൊക്കെ ഇതില്‍ പങ്കാളിയായി. അദ്ദേഹത്തിന്റെ ഭാര്യയും മഴവില്‍ മനോരമയിലെ ഭാഗ്യജാതകത്തില്‍ ഷഫ്നയുടെ അമ്മവേഷം ചെയ്യുന്ന പ്രശസ്ത സീരിയല്‍ നടിയുമായ സിന്ധു മനുവര്‍മ്മയാണ് മല്ലുവീട്ടമ്മയായി വേഷമിട്ടത്. ഇവര്‍ രണ്ടുപേരുടെ സാന്നിധ്യവും ഏറെ ഗുണം ചെയ്തു. നിരവധി സുഹൃത്തുക്കളും ഇതിനുവേണ്ടി നന്നായിത്തന്നെ കഷ്ടപ്പെട്ടു. ഈ ഷോര്‍ട്ട്ഫിലിം ശ്രദ്ധിക്കപ്പെടുന്ന തരത്തിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് എല്ലാവരും.

എല്ലാ ഷോര്‍ട്ട്ഫിലിമിലും നമ്മുക്കൊപ്പം നില്‍ക്കുന്ന ജ്യേഷ്ഠസഹോദരനായ രാജീവ് എസ്. മലയാലപ്പുഴയടക്കമുള്ള സുഹൃത്ത് വലയമുണ്ട്. സ്റ്റില്‍ ഫോട്ടോഗ്രഫര്‍ പ്രഭുലാലാണ് ഇതിന്റെ കാമറ, അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ പ്രിയന്‍ലാല്‍ ആചാരിയാണ് എഡിറ്റര്‍, ഹര്‍ഷവര്‍ദ്ദനകുമാറാണ് ആര്‍ട്ട് ഡയറക്ടര്‍.

മ്യൂസിക്, എഫക്ട്, ബാക്ഗ്രൗണ്ട് സ്‌കോര്‍ എന്നിവ ചെയ്തത് ജോബി ഡേവിഡ് ജോര്‍ജാണ്. ഗാനരചന വിജിന്‍ വിജയ്, പാടിയത് റിയ എല്‍സ ജോണ്‍സണ്‍, കോസ്റ്റിയൂം പ്രിയഅരുണ്‍, സ്റ്റില്‍സ് മനു എബ്രഹാമാണ്. അസോസിയേറ്റായി അരുണ്‍ഗോപി സാറിനൊപ്പമുള്ള ആരണ്‍ മാത്യുവും ഇതില്‍ പങ്കാളിയാണ്. മനുവര്‍മ്മ സാറടക്കം ഇതിനകം ഒന്നുരണ്ടു തവണ വിളിക്കുകയും അഭിനന്ദനമറിയിക്കുകയും ചെയ്തു.

മല്ലുവീട്ടമ്മയുടെ സംവിധായകന്‍ അരുണ്‍ലാല്‍ കരുണാകരന്‍
മല്ലുവീട്ടമ്മയുടെ സംവിധായകന്‍ അരുണ്‍ലാല്‍ കരുണാകരന്‍

ഒരു നാട്ടിന്‍ പുറത്തുനിന്നും സിനിമാ സ്വപ്നത്തിന്റെ പിറകേക്കൂടുമ്പോഴുള്ള ആശങ്കകള്‍?

തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ പൂവത്തൂരാണ് എന്റെ സ്വദേശം. ഈ ഫീല്‍ഡില്‍ എന്തെങ്കിലും ആകുന്നതുവരെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും നേരിടുന്ന അതിജീവനപ്രശ്നങ്ങളുണ്ട്. നാട്ടില്‍ പലര്‍ക്കും ഞാനീ രംഗത്താണെന്നറിയില്ല.

അറിയുന്നവരാകട്ടെ, സിനിമയിലോ? എന്തെങ്കിലുമൊക്കെ കിട്ടുമോ എന്ന സംശയം ചോദിക്കും. അവര്‍ പറയുന്നതിലും കാര്യമുണ്ട്. കല്യാണം കഴിഞ്ഞു, ഒരു കുഞ്ഞുണ്ട്. കുടുംബകാര്യങ്ങള്‍ നടത്തണം. എന്തെങ്കിലും ആകുമെന്ന ശുഭാപ്തി വിശ്വാസമാണ് ഞങ്ങളെപ്പോലുള്ള എല്ലാവരെയും മുന്നോട്ടുനടത്തുന്നത്.

മല്ലുവീട്ടമ്മ പോസ്റ്റര്‍

മല്ലുവീട്ടമ്മ പോസ്റ്റര്‍

‘രാമലീല’ പോലുള്ള വലിയ സിനിമകളിലും അസിസ്റ്റന്റ് ഡയറക്ടറാകാനായി. ഭാവിപ്രതീക്ഷകള്‍?

മഞ്ജിത്ത് ദിവാകരന്‍ സംവിധാനം ചെയ്ത സെലിബ്രേഷന്‍ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഒരു സുഹൃത്തിന്റെ പരിചയത്തിലൂടെയാണ് ആ ചിത്രത്തില്‍ പങ്കാളിയാകാനുള്ള അവസരം ലഭിച്ചത്. എഴുത്തില്‍ താല്‍പര്യമുണ്ടെന്നറിഞ്ഞ് അതിന്റെ തിരക്കഥാരചനാ വേളയിലും അദ്ദേഹം ഒപ്പംകൂട്ടി. അതുതന്നെയായിരുന്നു ആദ്യ കളരി. അവിടെനിന്നുള്ള ബന്ധങ്ങളിലൂടെയാണ് തുടര്‍ അവസരം ലഭിച്ചത്.

അരുണ്‍ഗോപി സാറിന്റെ രാമലീല, ഇരുപത്തൊന്നാം നൂറ്റാണ്ട് എന്നീ രണ്ടുചിത്രങ്ങളിലും വര്‍ക്ക് ചെയ്യാനായി. മമ്മിയുടെ സ്വന്തം അച്ചൂസ്, തൗസന്റ്, ഹദിയ, ടിനിടോം നായകനായ ഡെഫേദാര്‍, ചന്ദ്രഗിരി തുടങ്ങിയവയടക്കം പന്ത്രണ്ടോളം ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി അവസരം കിട്ടി.

നിലവില്‍ ജീവന്‍ജോജോ സംവിധാനം നിര്‍വഹിക്കുന്ന യുവതാരം ഷെയിന്‍നിഗം നായകനാകുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് വര്‍ക്ക്ചെയ്യുന്നത്. ഒരു ചിത്രം സ്വതന്ത്രമായി സംവിധാനം ചെയ്യാനുള്ള ശ്രമത്തിലാണ്. അതിനുള്ള കഥകള്‍ തേടിക്കൊണ്ടിരിക്കയാണ്.

മല്ലുവീട്ടമ്മയെ ഇവിടെ കാണാം

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

Comments
Loading...