വലിയ താരങ്ങള്‍ കഥ കേള്‍ക്കാന്‍ തയ്യാറായില്ല: ജീംബൂംബ സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍

അച്ഛന്‍ സിനിമാക്കാഴ്ചയ്യുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തി. പഠന കാലത്ത് ഷോര്‍ട്ട് ഫിലിമുകളുടെ പിന്നാലെ പാഞ്ഞു. പിന്നീട് ബംഗളുരുവില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പഠിക്കാനായി പോയി എങ്കിലും തിരികെ സിനിമയിലേക്ക് തന്നെ എത്തി രാഹുല്‍ രാമചന്ദ്രന്‍. ഏതൊരു പുതുമുഖവും അനുഭവിച്ച കഷ്ടപ്പാടുകളിലൂടെ കടന്ന് രാഹുലിന്റെ ആദ്യ സിനിമ ജീംബൂംബ തിയേറ്ററില്‍ എത്താന്‍ പോകുകയാണ്. കഥ കേള്‍ക്കാന്‍ വലിയ താരങ്ങള്‍ തയ്യാറാകാതിരുന്നത് മുതല്‍ റിലീസിങ് ഡേറ്റ് മാറ്റി വയ്‌ക്കേണ്ട അവസ്ഥ വരെ ഈ പുതുമുഖ സംവിധായകന് ഉണ്ടായിട്ടുണ്ട്. തീയറ്ററുകളിലെത്താനിരിക്കുന്ന ജീംബൂംബ എന്ന സിനിമയെക്കുറിച്ച് അഭിമുഖം പ്രതിനിധി മൈഥിലി ബാലയോട് ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍ മനസ് തുറക്കുന്നു.

എന്തൊക്കെയാണ് ജീംബൂംബയുടെ വിശേഷങ്ങള്‍? സിനിമയുടെ റിലീസ് മാറ്റിയല്ലോ?

സിനിമയുടെ വിശേഷം ഇപ്പോ പറയാനുള്ളത് വീണ്ടും റിലീസ് ഡേറ്റ് മാറ്റിയതാണ്. ഇപ്പോ അഞ്ചാം തവണയാണ് ഡേറ്റ് മാറ്റിയത്. ഫെബ്രുവരിയിലാണ് ആദ്യം റിലീസ് പറഞ്ഞിരുന്നത്…പിന്നെ അത് മാറ്റി മേയ് 10ന് ആക്കി. ഇപ്പോ മേയ് 24ലേക്ക് മാറ്റി. ഇങ്ങനെ റിലീസ് മാറ്റിയത് നോമ്പ് കാലം കൂടി നോക്കിയിട്ടാണ്. നായകന്‍ അസ്‌കര്‍ അലിയാണ്. പുള്ളിയുടെ കാര്യവും പിന്നെ കുറെ മുസ്ലിം സുഹൃത്തുക്കള്‍ ഉണ്ട്. അപ്പോ അവരൊക്കെയും പറഞ്ഞു. അവരുടെയൊക്കെ ഒരു കണ്‍വീനിയന്‍സ് പരിഗണിച്ചാണ് നോമ്പ് കാലത്തിന്റെ അവസാനം റിലീസ് ചെയ്യാം എന്ന് തീരുമാനിച്ചത്.

 ജീംഭൂംബയുടെ പോസ്റ്റര്‍
ജീംഭൂംബയുടെ പോസ്റ്റര്‍

ആദ്യ സിനിമ തീയറ്ററുകളിലെത്തുന്നു. എക്‌സൈറ്റ്‌മെന്റിലാണോ?

ഉറപ്പായും. കുറേ നാളത്തെ പ്രയത്‌നമാണ്. സ്വപ്‌നമാണ്. ഇപ്പോ നടക്കാന്‍ പോകുന്നത്. നല്ല എക്‌സൈറ്റ്‌മെന്റുണ്ട്. പിന്നേ ഇപ്പോ ഇങ്ങനെ റിലീസ് മാറ്റി മാറ്റി വരുന്നതുകൊണ്ട് കുറച്ച് കുറവുണ്ട്. ഒന്ന് നോര്‍മ്മല്‍ ആയെന്നാണ് തോന്നുന്നത്. എന്നാലും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമോയെന്നൊക്കെ ചിന്തകളുണ്ട്.

എന്താണ് ജീംബൂംബ? ചിത്രത്തിലെ താരങ്ങളെക്കുറിച്ച്.

ഒരു വാചകത്തില്‍ പറഞ്ഞാല്‍ ഒരു പുതുവര്‍ഷ ദിവസത്തിന്റെ കഥയാണ് ജീംബൂംബ. ഒറ്റ ദിവസത്തിന്റെ കഥയാണിത്. ഒരു കോമഡി ത്രില്ലര്‍ സിനിമയാണ്. കോമഡിയുമുണ്ട് അതേ സമയം ത്രില്ലര്‍ സിനിമയുമാണ്. ഒരു പുതുവര്‍ഷ ദിനത്തില്‍ ഉച്ച മുതല്‍ വൈകീട്ട് വരെ നടക്കുന്ന ഒരു കഥയാണ് ജീംബൂംബ.നായകന്‍ അസ്‌കര്‍ അലിയാണ്. പിന്നെ ബൈജു സന്തോഷ്, ബൈജു ചേട്ടന്‍, അഞ്ജു കുര്യന്‍, നേഹാ സക്‌സേന, കണ്ണന്‍ നായര്‍ ഇവരൊക്കെയാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.

എങ്ങനെയാണ് അസ്‌കര്‍ അലിയിലേക്ക് എത്തിയത്?

ആദ്യമേ മനസില്‍ ഉണ്ടായിരുന്നത് അസ്‌കര്‍ അലി തന്നെയായിരുന്നു. ആദ്യമെഴുതിയ കഥയുടെ പേര് അടൂര്‍ ഭാസിയെന്നായിരുന്നു. അത് അസ്‌കറിനെ വെച്ച് ചെയ്താല്‍ മതിയെന്ന് ഉറപ്പിച്ചതാണ്. പക്ഷേ ആ സിനിമ നടന്നില്ല. രണ്ടാമത് പ്ലാന്‍ ചെയ്ത സിനിമയിലും മനസിലുണ്ടായിരുന്നത് അസ്‌കര്‍ തന്നെയായിരുന്നു. പക്ഷേ ബജറ്റ് പ്രശ്‌നം കാരണം അതും നടന്നില്ല. അങ്ങനെ പിന്നീട് ജീംബൂംബയിലേക്ക് എത്തി. യഥാര്‍ഥത്തില്‍ ഇത് പുതുമുഖങ്ങളെ തന്നെ വെച്ച് ചെയ്യാനുദ്ദേശിച്ച സിനിമയാണ്. കഥ കേട്ടപ്പോള്‍ അസ്‌കര്‍ ചെയ്യാമെന്ന് പറയുകയായിരുന്നു. പിന്നെ വല്യ ആര്‍ട്ടിസ്റ്റുകളാരും എന്റെ കഥ കേക്കാനും സമയം തന്നില്ല, ഡേറ്റും തന്നില്ല. പിന്നെ ഞാന്‍ അങ്ങനെ നോക്കിയതുമില്ല. അസ്‌കറില്‍ ഉറപ്പിച്ചു.

സിനിമ ഷൂട്ട് ചെയ്തത് തിരുവനന്തപുരത്താണല്ലോ. ഷൂട്ടിങ് സമയത്തെ വിശേഷങ്ങള്‍ എന്തൊക്കെയാണ്?

തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യണമെന്നത് ആഗ്രഹമായിരുന്നു. സിനിമയിലെ കുറേപേര്‍, ഏകദേശം എണ്‍പത് ശതമാനം പേര്‍ സംവിധായകന്‍, നടന്മാര്‍, എഡിറ്റര്‍, പ്രൊഡ്യൂസര്‍ എല്ലാവരും ഇവിടെയുള്ളവരാണ്. സ്വന്തം നാട്ടില്‍ നിന്ന് തന്നെ തുടങ്ങണമെന്ന് ആഗ്രഹിച്ച് ഇവിടെത്തന്നെ ഷൂട്ട് ചെയ്തതാണ്. നമ്മുടെ നാടല്ലേ. എന്തിനും കൂടെയുള്ളവര്‍ ഇവിടെയുണ്ട് എന്ന വിശ്വാസത്തില്‍.

പിന്നെ ഷൂട്ടിങ് സമയത്തെ വിശേഷങ്ങള്‍, നമ്മുടെ കേരളത്തെ തകര്‍ത്ത പ്രളയ സമയത്തായിരുന്നു ഷൂട്ട്. ഞങ്ങള്‍ ഞങ്ങളെക്കൊണ്ട് സാധിക്കുന്നത് ചെയ്യുകയായിരുന്നു ദുരിതാശ്വാസത്തിനായി. പിന്നെ ഷൂട്ടും നടക്കണം. ഇതു രണ്ടും മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. പ്രളയമല്ലാതെ വേറെ വിശേഷമൊന്നും ഷൂട്ടിങ് സമയത്ത് ഉണ്ടായിരുന്നില്ല.

രാഹുല്‍ രാമചന്ദ്രന്‍
രാഹുല്‍ രാമചന്ദ്രന്‍

സിനിമയിലേക്ക് വന്നതെങ്ങനെയാണ്? പണ്ടുമുതലേ താത്പര്യമുണ്ടായിരുന്നോ?

സിനിമ എപ്പോഴും മനസിലുണ്ടായിരുന്നു. താത്പര്യം തുടങ്ങുന്നത് എട്ടാം ക്ലാസ് മുതലാണ്. അന്നൊക്കെ മൊബൈല്‍ഫോണില്‍ ഷോര്‍ട്ട് ഫിലിമുകള്‍ എടുക്കലായിരുന്നു. ആദ്യം താത്പര്യം ക്യാമറയോടായിരുന്നു. പിന്നെ എഡിറ്റിങിനോടായി. പിന്നീട് സംവിധാനത്തിലേക്കും. പഠിക്കുന്ന സമയത്തായാലും ഷോര്‍ട്ട് ഫിലിമുകള്‍ എടുക്കുമായിരുന്നു.

താത്പര്യം തോന്നിയതെങ്ങനെയെന്ന് ചോദിച്ചാല്‍ എനിക്ക് തോന്നുന്നു ചെറുപ്പം തൊട്ടേ സിനിമകള്‍ കാണുമായിരുന്നു, ധാരാളം. അച്ഛന്‍ ഒരുപാട് സിനിമകള്‍ കാണിച്ചുതരുമായിരുന്നു. ചിലപ്പോ അതായിരിക്കാം സിനിമയോട് ഇങ്ങനെ താത്പര്യം തോന്നിയത്.

തുടക്കക്കാരനാണല്ലോ താങ്കള്‍. സിനിമ ഇറക്കാന്‍ വെല്ലുവിളികള്‍ ഉണ്ടായിരുന്നോ?

നേരത്തെ പറഞ്ഞല്ലോ ഷൂട്ടിങ് സമയത്തായിരുന്നു പ്രളയം. തിരുവനന്തപുരത്ത് നല്ല മഴയും. അത് ഒരു വെല്ലുവിളിയായിരുന്നു. പക്ഷേ ഞങ്ങള്‍ അതിനെ അതിജീവിച്ചുവെന്ന് പറയാം. ഞങ്ങള്‍ ഒരു കൂട്ടം ചെറുപ്പക്കാരാണ് സിനിമയുടെ മുന്നിലും പിന്നിലും ഒക്കെ. ഒത്തൊരുമ ഉണ്ടായിരുന്നു. അങ്ങനെയാണ് ഷൂട്ടിങ് തീര്‍ത്തത്.

പ്രധാന വെല്ലുവിളി ഷൂട്ടിങ് കഴിഞ്ഞതിന് ശേഷമാണ്. തീയറ്ററില്‍ റിലീസ് ചെയ്യാനാണ് വെല്ലുവിളി. ഇപ്പോഴും വെല്ലുവിളികള്‍ നേരിടുകയാണ്. പുതിയ സംവിധായകന്‍, പുതിയ ഡിസ്ട്രിബ്യൂട്ടര്‍, പുതിയ പ്രൊഡ്യൂസര്‍. വലിയ താരനിരയൊന്നുമില്ലാത്ത ചിത്രം. നായകനും അത്ര വലിയ താരമല്ല. പോസ്റ്റ് പ്രൊഡക്ഷനാണ് ഞങ്ങള്‍ നേരിട്ട മറ്റൊരു വെല്ലുവിളി.

ചിത്രത്തിലെ ജിഎന്‍പിസി പാട്ട് വൈറലായിരുന്നല്ലോ. ചിത്രത്തിലെ പാട്ടുകളെക്കുറിച്ച്?

സിനിമയില്‍ പാട്ടുകള്‍ ചെയ്തിരിക്കുന്നത് രണ്ട് പേരാണ്. ‘അതിരന്റെ’ സംഗീത സംവിധായകനായ പിഎസ് ജയഹരി ചെയ്ത ഒരു പാട്ടുണ്ട്. മലയാളം റാപ്പര്‍ ആയ ഫെജോ പാടിയ ഒരു പാട്ട്. ഒരു റാപ്പ്. സിനിമയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്തിരിക്കുന്നതും ജയഹരി തന്നെയാണ്. രണ്ടാമത്തെ പാട്ട്. ജിഎന്‍പിസി പാട്ട്. അത് ഒരു ഡപ്പാംകൂത്ത് സ്റ്റൈല്‍ പാട്ടാണ്. അത് ചെയ്തിരിക്കുന്നത് ‘ചങ്ക്‌സി’ന്റെ സംഗീത സംവിധായകനായ ജൂബൈര്‍ മുഹമ്മദ് ആണ്. ഇങ്ങനെ രണ്ട് പാട്ടുകളാണ് സിനിമയിലുള്ളത്. ജിഎന്‍പിസി സോങ് നമ്മള്‍ യുട്യൂബില്‍ റിലീസ് ചെയ്തിട്ടുണ്ട്. കുറേപേര്‍ക്ക് പാട്ട് ഇഷ്ടമാവുകയും ചെയ്തു.

പ്രേക്ഷകര്‍ ജീംബൂംബയില്‍ നിന്നും എന്താണ് പ്രതീക്ഷിക്കേണ്ടത്? പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?

പ്രേക്ഷകരോട് പറയാനുള്ളത് ഇത്രമാത്രമാണ്, നിങ്ങള്‍ മുടക്കുന്ന പൈസ നിങ്ങള്‍ക്ക് മുതലാകുമെന്നാണ്. ഇത് ഒരു കോമഡി ത്രില്ലര്‍ സിനിമയാണ്..കണ്ടാല്‍ വെറുതെയാവില്ലെന്ന് ഉറപ്പിച്ച് തന്നെ കയറാം. കോമഡിയാണ് സിനിമയില്‍. സിനിമ തീരുന്നത് വരെ നിങ്ങള്‍ക്ക് മടുക്കില്ല. പിന്നെ പുതുമുഖ സംവിധായകരേയും താരങ്ങളെയും കലാകാരന്മാരേയും ഒക്കെ കൈനീട്ടി സ്വീകരിച്ചവരാണ് മലയാളി പ്രേക്ഷകര്‍. ഞങ്ങളുടെ സിനിമയും സ്വീകരിക്കുമെന്നാണ് വിശ്വാസം. സിനിമ കണ്ടിട്ട് അവര്‍ തീരുമാനിക്കട്ടെ. അവര്‍ തന്നെ പറയട്ടെ സിനിമയെക്കുറിച്ച്.

നായകന്‍ അസ്‌കര്‍ അലിയുമായുള്ള അഭിമുഖം വായിക്കുന്നതിന് ക്ലിക്ക് ചെയ്യുക

സംഗീത സംവിധായകന്‍ പി എസ് ജയഹരിയുമായുള്ള അഭിമുഖം വായിക്കുന്നതിന് ക്ലിക്ക് ചെയ്യുക

 

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More