സഞ്ജു പക്വതയെത്തുന്ന ഒരു മരം, കുറച്ചു സമയം കൊടുക്കണം: ടിനു യോഹന്നാന്‍

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി കേരളാ ക്രിക്കറ്റിനോടൊപ്പം യാത്രചെയ്യുകയാണ് ടിനു യോഹന്നാന്‍. മലയാളികള്‍ക്ക്, ടിനുവിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒളിമ്പ്യന്‍ ടി സി യോഹന്നാന്റെ മകന്‍ എന്ന മേല്‍വിലാസത്തിനപ്പുറം വളരെ വളര്‍ന്ന വ്യക്തിത്വമാണ് ഇന്ന് ടിനു യോഹന്നാന്‍. കേരളത്തിന് വേണ്ടി കളിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിച്ച് ടെസ്റ്റിലും ഏകദിനത്തിലും കളിച്ച ആദ്യ മലയാളി. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുഴുവന്‍ മലയാളി കായിക പ്രേമികളുടെയും അഭിമാനമായി മാറിയ ഫാസ്റ്റ് ബൗളര്‍. പിന്നീട് കേരളാ ക്രിക്കറ്റിന്റെ വികസന, പരിശീലന രംഗത്തേക്ക് ചുവടുമാറ്റിയ ടിനു ഇന്ന് കേരളാ സീനിയര്‍ ടീമിന്റെ പരിശീലനത്തിന്റെ മുഴുവന്‍ ചുമതലയും ഏറ്റെടുത്തിരിക്കുന്നു. സയ്യദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിനായുള്ള കേരളാ ടീമിന്റെ ആലപ്പുഴ എസ്.ഡി കോളേജ് മൈതാനത്ത് ആരംഭിച്ച പരിശീലന ക്യാമ്പില്‍ നിന്നും ടിനു യോഹന്നാന്‍ ജെയ്‌സണ്‍ ജിയുമായി സംസാരിക്കുന്നു. കേരളാ ക്രിക്കറ്റില്‍ വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച്, ക്രിക്കറ്റില്‍ കേരളം മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്ന വഴികളെക്കുറിച്ച്, വികസന പരിപാടികളെക്കുറിച്ച്, നിലവിലുള്ള കേരളാ ടീമിനെക്കുറിച്ച്, കളിക്കാരുടെ പ്രകടനങ്ങളെക്കുറിച്ച്.

കഴിഞ്ഞ 25 വര്‍ഷങ്ങളായി കേരളാ ടീമിന്റെ എല്ലാ സ്പന്ദനങ്ങളും അറിയുന്ന ആളാണ് ടിനു യോഹന്നാന്‍. കേരളാ ടീമിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള ടിനുവിന്റെ വിലയിരുത്തല്‍ എന്താണ്?

കേരളത്തില്‍ ഇന്ന് കഴിവുറ്റ കളിക്കാരുടെ യാതൊരു കുറവുമില്ല. പ്രതിഭയുള്ള ധാരാളം പേര്‍ ഇന്ന് നമുക്കുണ്ട്. കളിയുടെ വിവിധ മേഖലകളില്‍ അവര്‍ കഴിവ് തെളിയിക്കുന്നുമുണ്ട്. പക്ഷെ അവരുടെ കളിയോടുള്ള സമീപനത്തില്‍ ഇനിയും വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല എന്നതാണ് പ്രശ്‌നം. വലിയ ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിവുള്ളവര്‍ പോലും അതിന് തയ്യാറാകുന്നില്ല എന്നതാണ് പ്രശ്‌നം.

ശ്രീശാന്ത് ടീമില്‍ സ്ഥാനം ഉറപ്പിക്കുക ഈ  ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി: ടിനു യോഹന്നാന്‍ സംസാരിക്കുന്നു, tinu yohannan, tinu yohannan interview, kerala senior cricket team coach tinu yohannan, kerala renji trophy team coach, kerala renji trophy cricket team coach tinu yohanan, s sreesanth, s sreesanth coming back, tinu yohannan career, s sreesanth career, s sreesanth cricket career, interview, abhimukham, abhimukham.com

നമ്മുടെ ഒട്ടേറെ കളിക്കാര്‍ ഇന്ന് ഐ.പി.എല്ലില്‍ കളിക്കുന്നുണ്ടല്ലോ?

അത് ശരിയാണ്. പക്ഷെ മിക്കവരും അതുകൊണ്ടു നിര്‍ത്തുകയാണ്. ഇന്ന് നമ്മുടെ കളിക്കാര്‍ക്ക് വളരെയേറെ അവസരങ്ങള്‍ ലഭിക്കുന്നു. ഞങ്ങള്‍ കളിച്ചിരുന്ന കാലത്ത് രഞ്ജി ട്രോഫിയുടെ മൂന്നോ നാലോ കളികള്‍, പിന്നെ ഏതാനും ദേശീയ ടൂര്‍ണമെന്റുകള്‍ ഇവ മാത്രമായിരുന്നു കഴിവ് തെളിയിക്കാനുള്ള അവസരങ്ങള്‍. ഇന്ന് പക്ഷെ രഞ്ജിയില്‍ പോലും എട്ടോ ഒന്‍പതു മത്സരങ്ങള്‍ കിട്ടുന്നു. ദേശീയ ടൂര്‍ണമെന്റുകളും കൂടുതലുണ്ട്.

മിക്ക സംസ്ഥാനങ്ങളും ടി-20 ലീഗ് സംഘടിപ്പിക്കുന്നു. അവയിലെല്ലാം കഴിവുള്ള താരങ്ങള്‍ക്ക് അവസരം കിട്ടുന്നു. അതെല്ലാം ലോകം ശ്രദ്ധിക്കുന്ന മത്സരങ്ങളായി മാറുന്നു. അവയിലെ പ്രകടനം വഴി ഐ.പി.എല്‍ പോലുള്ളവയിലും എത്തിപ്പെടാന്‍ സാധിക്കുന്നുണ്ട്. പക്ഷെ പലരും അവിടെ അവസാനിപ്പിക്കുകയാണ്. പലരുടെയും ലക്ഷ്യം പോലും ഐ.പി.എല്ലില്‍ കളിക്കുക എന്നതായി മാറിയിരിക്കുന്നു.

അതിനപ്പുറത്തേക്ക്, ഇന്ത്യയ്ക്കുവേണ്ടി കളിക്കുക, അന്താരാഷ്ട്ര മത്സരങ്ങളില്‍ ചുവടുറപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ സ്വപ്നം കാണാന്‍ നമ്മുടെ കുട്ടികള്‍ ഇപ്പോഴും തയ്യാറാകുന്നില്ല. തങ്ങള്‍ക്ക് അതിന് കഴിയും എന്നൊരു വിശ്വാസം പലര്‍ക്കും ഇല്ല എന്നതാണ് പ്രശ്‌നം. മറ്റ് സംസ്ഥാനങ്ങളില്‍ ഇതല്ല അവസ്ഥ. കളിച്ചു തുടങ്ങുമ്പോള്‍ തന്നെ അവര്‍ ലക്ഷ്യം വയ്ക്കുന്നത്, സ്വപ്നം കാണുന്നത് ദേശീയ ടീമിനായി കളിക്കുന്നതും അന്താരാഷ്ട്ര പ്രകടനങ്ങളുമാണ്.

ഈ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ എന്തൊക്കെയാണ്?

കേരളത്തിലും നമ്മള്‍ ടി-20 ലീഗ് ആസൂത്രണം ചെയ്തിട്ടുണ്ട്. കൊറോണയും ലോക്ക് ഡൗണും വന്നതുകാരണമാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നീണ്ടു പോയത്. അല്ലായിരുന്നെങ്കില്‍ ഇതിനകം ലീഗ് യാഥാര്‍ഥ്യമാകുമായിരുന്നു. ഏതായാലും അധികം താമസിയാതെ കേരളത്തിന്റെ സ്വന്തം ലീഗ് നടത്തപ്പെടും.

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ടിനു കളിച്ച കാലത്തെ അപേക്ഷിച്ചു എത്രമാത്രം വികസനം ഇന്ന് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്?

ഞങ്ങള്‍ കളിച്ചിരുന്ന കാലത്ത് മിക്കവാറും രഞ്ജി മത്സരങ്ങളും പാലക്കാട് കോട്ട മൈതാനത്തായിരുന്നു കളിച്ചിരുന്നത്. കലൂര്‍ സ്റ്റേഡിയവും വെള്ളായണി കോളേജും മാത്രമായിരുന്നു മറ്റ് വേദികള്‍. ഇന്ന് സ്ഥിതി അതല്ല. എല്ലാ ജില്ലകളിലും ഇന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) സ്വന്തമായി ഗ്രൗണ്ടുകളുണ്ട്. ചില ജില്ലകളില്‍ രണ്ടു ഗ്രൗണ്ടുകളുണ്ട്.

തൊടുപുഴയിലും തിരുവനന്തപുരത്തും എറണാകുളത്തും എല്ലാം രണ്ട് ഗ്രൗണ്ടുകള്‍ വീതമുണ്ട്. ഇവയെല്ലാം തന്നെ നല്ല നിലവാരമുള്ള ഗ്രൗണ്ടുകളാണ്. ആ രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഇവിടെ ഉണ്ടായിട്ടുണ്ട്. വയനാട് പോലുള്ളവ ലോകോത്തര നിലവാരമുള്ളവയാണ്. എസ് ഡി കോളേജും തുമ്പ സെയിന്റ് സേവിയേഴ്‌സും ഗ്രീന്‍ ഫീല്‍ഡും വളരെ മികച്ചതാണ്.

വളരെ കാലമായി ടിനു കോച്ചിംഗുമായി ബന്ധപ്പെട്ട് കേരളാ ടീമിനൊപ്പമുണ്ട്. ഏറ്റവുമൊടുവില്‍ ഓസ്ട്രേലിയയുടെ ഡേവ്‌ വാട്ട്‌മോര്‍ ആയിരുന്നു കേരള കോച്ച്. അത്തരമൊരു വിദേശ താരത്തില്‍ നിന്നും ടീമിന്റെ ചുമതല മുഴുവനായി ഏറ്റെടുക്കുമ്പോള്‍ ടിനു യോഹന്നാന്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങള്‍ എന്തെല്ലാമാണ്?

അത്തരത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ഒട്ടും തന്നെയില്ല. ഞാന്‍ വാട്ട്‌മോറിന്റെ കൂടെയുണ്ടായിരുന്നു. അതിന് മുന്‍പ് സായ്രാജ് ബഹുതുലെ, പി ബാലചന്ദ്രന്‍, ചന്ദ്രകാന്ത് പണ്ഡിറ്റ് തുടങ്ങിയവരുടെ കൂടെയും പ്രവര്‍ത്തിച്ചു. ഇവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അവരുടെ കളിക്കാരോടുള്ള സമീപനം, കളിക്കാരുടെ കഴിവുകള്‍ ഏറ്റവും മികച്ച നിലയില്‍ പുറത്തുകൊണ്ടുവരാന്‍ അവര്‍ സ്വീകരിക്കുന്ന നടപടികള്‍ ഒക്കെ മനസ്സിലാക്കാന്‍ അതുവഴി കഴിഞ്ഞു.

ഇവര്‍ക്കോരോരുത്തര്‍ക്കും ഓരോ രീതികളാണ്. ഓരോരുത്തരുടെയും സ്വഭാവങ്ങള്‍ക്കനുസരിച്ച് അത് മാറും. ഓരോരുത്തരുടെയും നല്ല ഗുണങ്ങള്‍ പഠിക്കാന്‍ അതുവഴി അവസരം ലഭിച്ചു. എല്ലാവരിലും പൊതുവായി കണ്ട കാര്യം കളിക്കാരെ സജ്ജരാക്കുക എന്നതാണ്. ഓരോ ടൂര്‍ണമെന്റിനായും കളിക്കാരെ തയ്യാറാക്കുന്ന രീതി എല്ലാം പഠിക്കാന്‍ ഇവരുടെ കൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ സഹായിച്ചിട്ടുണ്ട്.

കേരളാ ടീമിലുള്ള മിക്ക കളിക്കാരുമായും ടിനുവിന് വ്യക്തിപരമായ ബന്ധങ്ങളുമുണ്ട്. ഇത്രയും കാലത്തെ ടീമിനൊപ്പമുള്ള പ്രവര്‍ത്തനത്തിലൂടെ ഓരോ കളിക്കാരനെയും വ്യക്തിപരമായും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടാകും. ഇതെങ്ങനെയാണ് കോച്ച് എന്ന നിലയില്‍ സഹായകമാവുക?

കേരളത്തിന്റെ കളിക്കാരുമായി എല്ലാ രീതിയിലും നല്ല ഒരു ബന്ധമുണ്ട്. അത് വളരെ പ്രധാനവുമാണ്. പക്ഷെ യഥാര്‍ത്ഥ പരിശീലനത്തിലേക്കു കടക്കുമ്പോള്‍ അവിടെ ബന്ധങ്ങളോ സൗഹൃദങ്ങളോ പ്രധാനസ്ഥാനത്ത് വരുന്നില്ല. അവിടെ വളരെ പ്രൊഫഷണലായ സമീപനം മാത്രമേ ഗുണകരമാവുകയുള്ളൂ. പുതുതായി വരുന്ന താരങ്ങളെ ആ പ്രൊഫഷണലിസം പഠിപ്പിക്കുക എന്നതും കോച്ച് എന്ന നിലയില്‍ നമ്മുടെ കടമയാണ്.

sanju samson

ഇപ്പോള്‍ സയ്യദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലേക്കുള്ള ടീമിന്റെ പ്രാരംഭ ക്യാമ്പാണ് നടക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നതാകട്ടെ സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, കെ.എം. ആസിഫ്, ബേസില്‍ തമ്പി തുടങ്ങിയ പ്രസിദ്ധരായ പല താരങ്ങളുമാണ്. ശ്രീശാന്തിന്റെ തിരിച്ചുവരവില്‍ ആദ്യം അദ്ദേഹം ഉള്‍പ്പെട്ടിരിക്കുന്നതും ഈ ക്യാമ്പിലാണ്. ഇത്തരം ഒട്ടനവധി മികച്ച താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ അല്ലെങ്കില്‍ ഇവരുടെ സാന്നിധ്യം നല്‍കുന്ന സാധ്യതകള്‍ എന്തെല്ലാമാണ്?

ഇത് ശരിക്കും വളരെ പോസിറ്റീവായ ഒരു കാര്യമാണ്. ഞാന്‍ ടീമിന്റെ മൊത്തത്തിലുള്ള അനുഭവസമ്പത്തിനെക്കുറിച്ച് ഒരു അവലോകനം നടത്തി. ഇവരുടെ മൊത്തം കണക്കുകളെടുക്കുമ്പോള്‍ 37 ടെസ്റ്റുകള്‍, 300 ലേറെ ഐ.പി.എല്‍ മത്സരങ്ങള്‍, 60 ല്‍ കൂടുതല്‍ ഏകദിനങ്ങള്‍, ടി-20 യും മറ്റ് ദേശീയമത്സരങ്ങളും 700 ലേറെ എന്നിങ്ങനെ പോകുന്നു. ഇത് വലിയൊരു അനുഭവ സമ്പത്താണ്. സഹകളിക്കാര്‍ക്ക്, പ്രത്യേകിച്ച് പുതിയ കളിക്കാര്‍ക്ക് ഒരു നിധിയാണ് ഈ പരിചയ സമ്പന്നരായ കളിക്കാരുടെ സാന്നിധ്യം. ഈ അനുഭവങ്ങള്‍ ഉപയോഗിച്ച് പുതു കളിക്കാരെ വളര്‍ത്തുക എന്നതും കോച്ച് എന്ന നിലയില്‍ ഒരു ലക്ഷ്യം തന്നെയാണ്.

ശ്രീശാന്തിന്റെ തിരിച്ചുവരവില്‍, കോച്ച് എന്ന നിലയില്‍ ടിനുവിന്റെ സമീപനം എത്തരത്തിലായിരിക്കും?

ശ്രീശാന്ത് കളിച്ച് കാണുന്നത് തന്നെ വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഇത്രയും നാളത്തെ ഇടവേളയ്ക്കു ശേഷവും, ഈ പ്രായത്തിലും എനിക്ക് കളിക്കണം, എനിക്ക് കഴിയും എന്ന അദ്ദേഹത്തിന്റെ ആവേശവും ശക്തിയും തന്നെ ഒരു പ്രചോദനമാണ്. നമ്മളെ പോലെയൊരാള്‍ക്കൊന്നും ആലോചിക്കുകയോ സ്വപ്‌നം കാണുകയോ ചെയ്യാന്‍പോലുമാകില്ല ഇത്തരമൊരു തിരിച്ചുവരവ്.

അത് പറയുമ്പോഴും, ടീമിന്റെ ആവശ്യങ്ങള്‍ക്ക് ശ്രീയുടെ കഴിവുകള്‍ സഹായകമാകുമോ എന്നതിനനുസരിച്ചാണ് ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനവും പ്രകടനവും ഉറപ്പാക്കാനാവുക. ടീമിനുവേണ്ടി അയാള്‍ക്ക് എത്രത്തോളം സംഭാവനകള്‍ ചെയ്യാന്‍ പറ്റും എന്നത് വിലയിരുത്തി തീരുമാനമെടുക്കുക എന്നതാണ് പ്രധാനം. അത് ക്യാമ്പില്‍ പങ്കെടുത്ത് അതിലെ പ്രകടനത്തിലൂടെ തീരുമാനമെടുക്കേണ്ട കാര്യമാണ്.

സഞ്ജുവിന്റെ സമീപകാല പ്രകടനത്തെക്കുറിച്ച്?

സഞ്ജുവിന്റെ കളികള്‍ തുടക്കം മുതലേ, കൂടെ കളിച്ചും കളി കണ്ടും അറിയുന്ന ഒരാളാണ് ഞാന്‍. സഞ്ജു എന്ന കളിക്കാരന്‍ സാവധാനം പക്വതയെത്തിക്കൊണ്ടിരിക്കുന്ന ഒരു മരമാണ്. സമയമെടുക്കും അത് പൂര്‍ണ്ണ വളര്‍ച്ചയെത്താന്‍. പക്ഷെ ഒരിക്കല്‍ ആ പാകത കൈവരിച്ചുകഴിഞ്ഞാല്‍ വളരെയേറെ ഫലം പുറപ്പെടുവിക്കാന്‍ അദ്ദേഹത്തിന് കഴിയും. അവനു കുറച്ചു സമയം കൊടുക്കണം. ഒരുപാട് കടമ്പകള്‍ കടന്നാണ് സഞ്ജു വരുന്നത്.

വ്യക്തിപരമായും ക്രിക്കറ്റ് ജീവിതത്തിലും വളരെയേറെ പ്രതിബന്ധങ്ങളെ തരണം ചെയ്താണ് അയാള്‍ വരുന്നത്. അതെല്ലാം അയാളെ ശക്തിപ്പെടുത്തുന്നുണ്ട്. കണക്കുകള്‍ വച്ചുകൊണ്ടു അതിനാല്‍ തന്നെ സഞ്ജുവിന്റെ കഴിവിനെ വിലയിരുത്തുന്നതില്‍ കാര്യമില്ല. കൂടെ നില്‍ക്കുന്നവര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് എങ്ങോട്ടാണ് പോകുന്നതെന്ന് കാണാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്. അത് മേലോട്ട് തന്നെയാണ് പോകുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അത് തെളിയിക്കാന്‍ സഞ്ജുവിന് കഴിയും.

സംസ്ഥാനത്തിന് പുറത്തു നിന്ന് വന്ന കളിക്കാരെന്ന നിലയില്‍ ജലജ് സക്‌സേനയുടെയും റോബിന്‍ ഉത്തപ്പയുടെയും കേരളാ ടീമിലുള്ള പ്രാധാന്യം?

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ കേരളത്തിന്റെ പ്രകടനം എടുത്താല്‍ അതില്‍ ജലജിന്റെ സംഭാവന വളരെ വലുതാണെന്ന് കാണാം. കേരളം ജയിച്ച മിക്ക കളികളിലും നിര്‍ണ്ണായക പങ്കുവഹിച്ച കളിക്കാരനാണ് ജലജ്. ടീമിലെ മറ്റ് കളിക്കാരും ഇന്ന് അദ്ദേഹത്തിന്റെ കഴിവിനെ ആശ്രയിക്കുന്നു.

ഏതു വിഷമ സന്ധിയിലും ജലജിന് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കാന്‍ കഴിയും എന്ന് അവര്‍ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു. അത് അവര്‍ക്കു കൂടുതല്‍ പ്രചോദനം നല്‍കുന്നുണ്ട്. അത് തന്നെയാണ് അദ്ദേഹത്തിന്റെ പ്രസക്തി. റോബിന്‍ വളരെ സീനിയര്‍ ആയ കളിക്കാരനാണ്. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും കളി പരിചയവുമാണ് പ്രധാനം.

യുവ താരങ്ങളെ ഉത്തേജിപ്പിക്കാനും പ്രചോദിപ്പിക്കാനും അദ്ദേഹത്തിന്റെ സാന്നിധ്യം സഹായിക്കും. നിര്‍ണ്ണായക സമയത്ത് അദ്ദേഹത്തിന്റെ അനുഭവ സമ്പത്തിനെ ഉപയോഗിച്ച് പ്രതിസന്ധികളെ മറികടക്കുക എന്നതാണ് ടീമിന്റെ ലക്ഷ്യം. ഒപ്പം ചെറുപ്പക്കാരെ വളര്‍ത്തുന്നതിലും റോബിന് ഒരു റോളുണ്ട്.

ഭാവിയുടെ വാഗ്ദാനങ്ങള്‍ എന്ന് വിശേഷിപ്പിക്കാന്‍ തക്ക പ്രതിഭയുള്ള പുതു താരങ്ങളായി ടിനുവിന് തിരഞ്ഞെടുക്കുവാന്‍ കഴിയുന്ന ഏതാനും കളിക്കാരുടെ പേര് നല്കാനാവുമോ?

വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസറുദ്ദിന്‍, ലെഗ് സ്പിന്നര്‍ എസ് മിഥുന്‍, ബാറ്റ്‌സ്മാന്‍ന്മാരായ വത്സല്‍ ഗോവിന്ദ്, വരുണ്‍ നായനാര്‍ എന്നിവര്‍ വളരെ സാധ്യതകളുള്ള വളര്‍ന്നു വരുന്ന താരങ്ങളാണ്.

കോച്ച് എന്ന നിലയില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് അല്ലെങ്കില്‍ ടിനുവിന്റെ കാലാവധി അവസാനിക്കുന്നതോടെ നിര്‍ണയിച്ചിരിക്കുന്ന ലക്ഷ്യം എന്താണ്?

ഞാന്‍ കെ.സി.എയുടെ ക്രിക്കറ്റ് വികസന പദ്ധതിയുടെയും പെര്‍ഫോമന്‍സ് സെന്ററിന്റെയും കൂടി ഡയറക്ടറാണ്. വാസ്തവത്തില്‍ അതിന്റെ തുടര്‍ച്ചയോ ഭാഗം തന്നെയോ ആണ് സീനിയര്‍ ടീമിന്റെ കോച്ച് എന്ന ഉത്തരവാദിത്വവും. ഒരു വലിയ ലക്ഷ്യമാണ് കെ.സി.എ. മുന്നില്‍ കാണുന്നത്. ഒരു വര്‍ഷത്തിലവസാനിക്കുന്ന ഒന്നല്ല അത്.

ഒരു ടാലെന്റ് പൂള്‍ അല്ലെങ്കില്‍ ഒരു ടീമിനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തയ്യാറാക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം. അതിന്റെ പ്രാഥമിക ചുവട് ചെറുപ്പക്കാരും മുതിര്‍ന്നവരുമടങ്ങുന്ന ഒരു സംഘത്തെ രൂപീകരിക്കുക എന്നതാണ്. അടുത്ത മൂന്നുവര്‍ഷം കൊണ്ട്, പിന്നീടുള്ള പത്ത് വര്‍ഷത്തേക്ക് പൂര്‍ണ്ണ സജ്ജരായ, വിജയങ്ങള്‍ നേടാന്‍ കെല്‍പ്പുള്ള ഒരു കേരളാ ക്രിക്കറ്റ് ടീമിനെ തയ്യാറാക്കുക എന്ന ലക്ഷ്യത്തിന്റെ തുടക്കമാണിത്. ഈ വര്‍ഷത്തെ പ്രത്യേക ലക്ഷ്യം എന്നത് സ്ഥിരതയാര്‍ന്ന ക്രിക്കറ്റ് കളിക്കുന്ന ഒരു ടീമിനെ രൂപപ്പെടുത്തുക എന്നതാണ്.

റിസള്‍ട്ട് തനിയെ വന്നുകൊള്ളും. നമ്മുടെ ടാലെന്റ് മനസ്സിലാക്കി അതിനനുസൃതമായി സ്ഥിരതയോടെ കളിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് വിജയങ്ങള്‍ നേടാന്‍ കഴിയും. അതാണ് അടുത്ത ഒരു വര്‍ഷത്തേക്കായി ഞാന്‍ മുന്നില്‍ കാണുന്ന ലക്ഷ്യം.

# ടിനു യോഹന്നാന്‍

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More