ആദ്യ ഭര്‍ത്താവ് ശ്രീനാഥ് സംവിധായകന്‍ പ്രിയദര്‍ശനോട് നുണ പറഞ്ഞു, ശാന്തികൃഷ്ണ മനസ്സ് തുറക്കുന്നു

പ്രശസ്ത സംവിധായകന്‍ ഭരതനാണ് ശാന്തികൃഷ്ണയെ സിനിമയിലേക്ക് കൊണ്ടുവന്നത്. ഭരതന്റെ നിദ്ര എന്ന ചിത്രത്തിലൂടെ 16-ാം വയസ്സില്‍ ശാന്തികൃഷ്ണ ചലച്ചിത്ര അഭിനയത്തിലേക്ക് കാലെടുത്തുവച്ചു. നിദ്രയ്ക്കുശേഷം അനവധി സിനിമകള്‍ ശാന്തികൃഷ്ണയെ തേടി എത്തി. പനീര്‍പുഷ്പംഗള്‍ എന്ന തമിഴ് സിനിമയിലാണ് അവര്‍ പിന്നീട് അഭിനയിച്ചത്. അതിനുശേഷം താരാട്ട്, ശാലിനി എന്റെ കൂട്ടുകാരി, കേള്‍ക്കാത്ത ശബ്ദം, ഇത് ഞങ്ങളുടെ കഥ, കിലുകിലുക്കം അങ്ങനെ തമിഴിലും മലയാളത്തിലുമായി അനവധി സിനിമകള്‍.

1984 മുതല്‍ കുറച്ചു വര്‍ഷത്തേക്ക് ശാന്തികൃഷ്ണ അഭിനയ രംഗത്തു നിന്നും മാറി നിന്നു. പിന്നീട് അവര്‍ തിരിച്ചെത്തുന്നത് 1991-ലാണ്. ബാലചന്ദ്ര മേനോന്റെ നയം വ്യക്തമാക്കുന്നു എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നത്. അപാരത, സുകൃതം, കര്‍പ്പൂരദീപം, കൗരവര്‍ തുടങ്ങി മുപ്പതോളം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും അഭിനയം നിര്‍ത്തി.

19 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം ശാന്തികൃഷ്ണ വീണ്ടും അഭിനയിച്ചു തുടങ്ങി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ആണ് രണ്ടാമത്തെ തിരിച്ചു വരവിലെ ആദ്യ ചിത്രം. ഈ വരവിലും അനവധി ചിത്രങ്ങള്‍ അവരെ തേടിയെത്തുന്നുണ്ട്. ശാന്തികൃഷ്ണയുമായി രാജശേഖരന്‍ മുതുകുളം സംസാരിക്കുന്നു.


25 വര്‍ഷങ്ങള്‍ക്കുമുമ്പ് ശാന്തികൃഷ്ണയുടെ അഭിമുഖം ഞാന്‍ എടുത്തിട്ടുണ്ട്. അന്ന് ഞാനെടുത്ത ഫോട്ടോ പോലെ തന്നെ ഇന്നും ശാന്തികൃഷ്ണ ചെറുപ്പമായിതന്നെ ഇരിക്കുന്നു. എന്താണ് അതിന്റെ രഹസ്യം?

നിങ്ങളുടെ ഓരോരുത്തരുടേയും സ്‌നേഹവും എന്റെ അമ്മയുടേയും അച്ഛന്റേയും അനുഗ്രഹവും ആണ് ഒരു കാരണം. പിന്നെ ഡയറ്റില്‍ ഞാന്‍ വെജിറ്റേറിയനാണ്. എനിക്ക് തടി കൂടുന്നുവെന്ന് തോന്നിയാല്‍ ഞാന്‍ ആഹാരം നിയന്ത്രിക്കും. ബ്രാഹ്മണ കുടുംബത്തില്‍ പാലക്കാട് ആണ് ഞാന്‍ ജനിച്ചത്. വളര്‍ന്നതും വിദ്യാഭ്യാസവും എല്ലാം മുംബൈയിലാണ്.

സിനിമയിലേക്ക് എങ്ങനെയാണ് വന്നത്?

ഒന്നും ഞാന്‍ പ്ലാന്‍ ചെയ്തതല്ല. ജീവിതത്തില്‍ വന്ന മാറ്റങ്ങളെല്ലാം അത്ഭുതമായിട്ടാണ് ഞാന്‍ കാണുന്നത്. ഞാന്‍ മുംബൈയില്‍ പഠിക്കുന്ന കാലത്ത് എന്റെ ജ്യേഷ്ഠന്‍ സുരേഷ് കൃഷ്ണ ബാലചന്ദര്‍ സാറിന്റെ അസോസിയേറ്റാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ ഡാന്‍സും നാടകങ്ങളുമെല്ലാം ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പും ലഭിച്ചു. അതിന്റെ ചിത്രങ്ങളും വാര്‍ത്തയും ദിനതന്തി പത്രത്തില്‍ വന്നു.

ആ പത്രത്തില്‍ വന്ന ഫോട്ടോ കണ്ടിട്ട് ഭരതേട്ടന്‍ അന്വേഷണം തുടങ്ങി. ഭരതേട്ടന്‍ എന്റെ ജ്യേഷ്ഠനോട്‌ ചോദിച്ചു. ജ്യേഷ്ഠന്‍ വന്ന് എന്നോട് ചോദിച്ചു. ഞാനാകെ ത്രില്‍ഡായി. ഭരതേട്ടന്‍ ലെജന്റാണെന്നും അദ്ദേഹത്തിന്റെ പടം കിട്ടുകയെന്നത് നിധി കിട്ടുന്നത് പോലെയാണെന്നും ജ്യേഷ്ഠന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ ചെന്നൈയിലേക്ക് പോയി. ഭരതേട്ടന്റെ നിദ്ര എന്ന സിനിമയില്‍ അഭിനയം തുടങ്ങി.

ആ സമയത്തു തന്നെ തമിഴില്‍ ഭാരതി വാസുവിന്റെ പനീര്‍പുഷ്പംഗള്‍ എന്ന സിനിമയില്‍ അഭിനയിക്കാനും വിളിച്ചു. അങ്ങനെ ഒരേ സമയത്തു തന്നെ ഞാന്‍ മലയാളത്തിലും തമിഴിലും അരങ്ങേറി. ഭരതേട്ടന്റെ നിദ്രയെ തുടര്‍ന്ന് ചിത്രങ്ങള്‍ വന്നുകൊണ്ടിരുന്നു. ബാലചന്ദ്ര മേനോന്റെ താരാട്ട്, ഇപ്പോള്‍ നമ്മെ വിട്ടുപോയ ലെനിന്‍ രാജേന്ദ്രന്റെ ചില്ല്, അങ്ങനെ ചിത്രങ്ങളുടെ വരവായി.

അഭിനയിച്ചു തുടങ്ങിയപ്പോള്‍ നന്നായി മലയാളം സംസാരിക്കാന്‍ അറിയാതിരുന്ന ശാന്തികൃഷ്ണ ഇപ്പോള്‍ എങ്ങനെ ഇത്ര നന്നായി മലയാളം സംസാരിക്കുന്നു?

മലയാളം ഒരുവാക്ക് പറയാന്‍ പോലും എനിക്ക് അറിയില്ലായിരുന്നു. അമ്മയ്ക്കും അച്ഛനും മലയാളം അറിയാം. എനിക്ക് കേള്‍ക്കുമ്പോള്‍ മനസ്സിലാകും. തിരിച്ച് സംസാരിക്കാന്‍ അറിയില്ലായിരുന്നു. ഭരതേട്ടന്റെ നിദ്രയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ മലയാളത്തിലുള്ള ഡയലോഗ് ഇംഗ്ലീഷില്‍ എഴുതി തരികയായിരുന്നു. ഇതു പഠിച്ചിട്ടാണ് ഞാന്‍ ഡയലോഗ് പറഞ്ഞിരുന്നത്. ലെനിന്‍ രാജേന്ദ്രന്റെ ചില്ല് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന വേളയിലാണ് എന്നെക്കൊണ്ട് മലയാളം സംസാരിപ്പിക്കാന്‍ തുടങ്ങിയത്. ആ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ഇന്നത്തെ ഡയറക്ടര്‍ കമല്‍ ആയിരുന്നു. അവര്‍ എല്ലാവരും എന്നോട് എന്നോട് മലയാളത്തിലേ സംസാരിക്കുകയുള്ളായിരുന്നു.

അതേ സമയം എനിക്ക് തിരിച്ചു പറയാന്‍ അറിയില്ലായിരുന്നു. മലയാളമല്ലാതെ മറ്റൊരു ഭാഷപോലും ഷൂട്ടിങില്‍ പങ്കെടുത്തിട്ടുള്ള ആള്‍ക്കാര്‍ക്ക് അറിയത്തില്ല എന്ന് അവര്‍ കള്ളം പറഞ്ഞു. ഇംഗ്ലീഷില്‍ എന്തെങ്കിലും ചോദിച്ചാല്‍ അവരില്‍ ആര്‍ക്കും അത് അറിയത്തില്ലെന്ന് ഭാവിക്കുമായിരുന്നു. അതുപോലെതന്നെ തമിഴില്‍ ചോദിച്ചാലും അവര്‍ക്ക് അറിയത്തില്ല. നിനക്ക് മലയാളം അറിയാം നീ പറയൂ എന്നവര്‍ പറയുമായിരുന്നു.

അവരുടെ ധൈര്യപ്പെടുത്തലും ഒരുതള്ളലും വന്നപ്പോള്‍ എന്‍കറേജ്‌മെന്റുപോലെ ഞാന്‍ മലയാളം സംസാരിക്കാന്‍ തുടങ്ങി. അതെല്ലാം കഴിഞ്ഞ് കേരളത്തില്‍ എത്തി. കേരളത്തില്‍ വന്നുകഴിഞ്ഞപ്പോള്‍ മലയാളം കേട്ടുകേട്ട് ഇപ്പോള്‍ സ്വന്തമായി ഡബ്ബ് ചെയ്യത്തക്ക രീതിയില്‍ മലയാളം അറിയാം.


ഏത് സിനിമയ്ക്കാണ് ശാന്തികൃഷ്ണ ആദ്യം ഡബ്ബ് ചെയ്തത്?

ഏപ്രില്‍ 19 എന്ന സിനിമയ്ക്കാണ് ആദ്യമായി ഡബ്ബ് ചെയ്തത്. ആ പടത്തിന് എന്നെക്കൊണ്ട് നിര്‍ബന്ധിച്ചാണ് ഡബ്ബ് ചെയ്യിച്ചത്. ഡബ്ബ് ചെയ്യുന്ന കാര്യം വലിയ ബുദ്ധിമുട്ടാണെന്ന് ഞാന്‍ പറഞ്ഞു. ഉടന്‍ സംവിധായകന്‍ ബാലചന്ദ്രമനോന്‍ പറഞ്ഞു. ശാന്തികൃഷ്ണ തന്നെ ഡബ്ബ് ചെയ്‌തേ പറ്റൂവെന്ന്. ഡബ്ബ് ചെയ്തുകഴിഞ്ഞപ്പോള്‍ ആ പേടി മാറി.

സിനിമയില്‍ നിന്ന് ശാന്തികൃഷ്ണ ആദ്യം മാറി നില്‍ക്കാന്‍ കാരണമെന്താണ്?

സിനിമയില്‍ കാല്‍ ഉറപ്പിച്ചപ്പോഴാണ് ശ്രീനാഥിനെ ഇഷ്ടപ്പെട്ട് കല്ല്യാണം കഴിക്കുന്നത്. 19-ാം വയസ്സില്‍ ആയിരുന്നു കല്ല്യാണം. 19-ാം വയസ്സിലെ കല്ല്യാണം ഇപ്പോള്‍ ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. പക്ഷേ, അങ്ങനെയങ്ങു സംഭവിച്ചു. കല്ല്യാണം കഴിഞ്ഞ് ഞാന്‍ ശ്രീനാഥിന്റെ കൂടെ മഠത്തുംപടി എന്ന കുഗ്രാമത്തില്‍ പോയി താമസിച്ചു. ബോംബെയില്‍ വളര്‍ന്ന ഞാന്‍ മഠത്തുംപടി എന്ന കുഗ്രാമത്തിലേക്ക് പറിച്ചു നടപ്പെട്ടു. ആ ഗ്രാമത്തില്‍ ഞാന്‍ സെറ്റും മുണ്ടും ഉടുത്തു കൊണ്ട് നാട്ടിന്‍പുറത്തുകാരിയായി ജീവിച്ചു.

ഉള്‍നാടന്‍ ജീവിതം ആരംഭിച്ചപ്പോള്‍ സിനിമയൊന്നും കിട്ടാതെയായി. അന്ന് ഫോണ്‍ സൗകര്യമൊന്നും ഇതുപോലെയില്ല. എന്നെ ഫോണില്‍ വിളിച്ചാലും ആര്‍ക്കും കിട്ടത്തില്ലായിരുന്നു. അതോടെ ഞാനും സിനിമയെ കുറിച്ചുള്ള ചിന്ത വിട്ടു. ആ സമയത്ത് നിര്‍മ്മാതാവ് സുരേഷ് കുമാറും സംവിധായകന്‍ പ്രിയദര്‍ശനും ശ്രീനാഥിനെ ഒരുപാട് നിര്‍ബന്ധിച്ച് ഞങ്ങളുടെ താമസം തിരുവനന്തപുരത്തേക്ക് മാറ്റുന്നു.

സിനിമയില്‍ ഓഫറുകള്‍ വരാന്‍ തുടങ്ങി. അന്ന് ശ്രീനാഥ് എന്നോടു ചോദിച്ചു നീ എന്തിനാണ് അഭിനയിക്കാന്‍ പോകുന്നത് എന്ന്. ഞാന്‍ അഭിനയിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലാത്തതിനാല്‍ ഞാന്‍ അഭിനയിക്കാന്‍ പോയില്ല. പ്രിയദര്‍ശനൊക്കെ ശ്രീനാഥിനോട് ചോദിച്ചു ശാന്തികൃഷ്ണയുടെ അഭിനയം നിര്‍ത്താന്‍ പറഞ്ഞോയെന്ന്. ഉടന്‍ ശ്രീനാഥ് പറഞ്ഞു, അവള്‍ തന്നെ വേണ്ടാന്ന് വച്ചതെന്നാണ്. ഞാന്‍ അഭിനയിക്കാന്‍ പോയില്ല.

ആ സമയത്ത് ഞാന്‍ ഡാന്‍സ് ക്ലാസ് തുടങ്ങി. പതുക്കെ ഡാന്‍സ് ക്ലാസും നിന്നു. ഞാനാകെ തകര്‍ന്നിരിക്കുമ്പോഴാണ് നയം വ്യക്തമാക്കുന്നു എന്ന സിനിമയിലേക്ക് വിളിക്കുന്നത്. രണ്ടാം വരവിന് ധാരാളം ചിത്രങ്ങള്‍ കിട്ടി. അന്ന് സിനിമയില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ കുറെ നല്ല കഥാപാത്രങ്ങളെ കിട്ടുമായിരുന്നു. പിന്നീട് വിവാഹമോചനം നടന്നു. അങ്ങനെ വീണ്ടും സിനിമ വിടുന്നു.


മോഹന്‍ലാലിന്റെ കൂടെ ഏറ്റവും കൂടുതല്‍ കഥാപാത്രങ്ങളെ ചെയ്തതിനെ കുറിച്ച്

രണ്ടാമത് അഭിനയം തുടങ്ങിയപ്പോള്‍ ഒരുപാട് നല്ല ചിത്രങ്ങള്‍ കിട്ടിയിരുന്നു. പിന്‍ഗാമിയില്‍ ഞാന്‍ ലാലിന്റെ അമ്മയായിരുന്നു. ചെങ്കോല്‍ വന്നപ്പോള്‍ അതില്‍ ലാലിന്റെ അമ്മായി അമ്മയായി. പക്ഷേയില്‍ അദ്ദേഹത്തിന്റെ ഭാര്യയായി. വിഷ്ണു ലോകത്തില്‍ മോഹന്‍ലാലിന്റെ കാമുകിയായി അഭിനയിച്ചു. മായാമയൂരം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കാമുകിയുടെ കൂട്ടുകാരിയായിരുന്നു. ആ വലിയ നടന്റെ കൂടെ ഇത്രയും വേഷങ്ങള്‍ ചെയ്യാന്‍ പറ്റിയത് ഒരു ഭാഗ്യമാണ്. മോഹന്‍ലാലിനെ ഞാന്‍ ലാല്‍ജിയെന്നാണ് വിളിക്കുന്നത്.

അമൃതാ ടിവിയിലെ ലാല്‍സലാം പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഞാന്‍ ലാല്‍ജിയെ കണ്ട് അദ്ദേഹത്തോടു പറഞ്ഞു, ഞാന്‍ അമ്മയായി, അമ്മായിഅമ്മയായി, ഭാര്യയായി, കാമുകിയായി, കാമുകിയുടെ കൂട്ടുകാരിയായി. അമ്മൂമ്മ ആയില്ല എന്നേയുള്ളൂ. ഉടന്‍ ലാല്‍ജി പറഞ്ഞു. “അമ്മൂമ്മയായിക്കോ കൊച്ചുമോനായിട്ട് ഞാന്‍ അഭിനയിക്കാം” എന്ന്. അദ്ദേഹത്തിനൊപ്പം ഇത്രയും വ്യത്യസ്ഥമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എനിക്കു മാത്രമേ അവസരം ലഭിച്ചിട്ടുള്ളൂ.

സിനിമയില്‍ നിന്നും വീണ്ടും അപ്രത്യക്ഷമായതിനെ കുറിച്ച്

ആദ്യ വിവാഹമോചനത്തിനുശേഷം അച്ഛനും അമ്മയ്ക്കുമൊപ്പം സിനിമ ഉപേക്ഷിച്ച് ബംഗളുരുവില്‍ താമസിക്കുമ്പോഴാണ് വ്യവസായിയായ ബജോര്‍ സദാശിവനുമായുള്ള രണ്ടാം വിവാഹം. അതിനുശേഷം യു എസില്‍ പോയി. പിന്നെ രണ്ട് കുട്ടികളായി. മൂത്തമകന്‍ മിതുന്‍. രണ്ടാമത്തെ മകള്‍ മിതാലി. ഞാന്‍ കുടുംബ ജീവിതം ആരംഭിച്ചു. സത്യം പറഞ്ഞാല്‍ എനിക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.

ഞാന്‍ വേറൊരു ലോകത്ത് ആയിരുന്നു. കുട്ടികളെ വിദ്യാഭ്യാസം ചെയ്യിച്ചുമെല്ലാം കുടുംബജീവിതം മുന്നോട്ടു പോയി. ഞാന്‍ കുടുംബം നന്നായി നോക്കി കൊണ്ടു പോയിട്ടും അടുത്തബന്ധവും വേര്‍പിരിഞ്ഞു. ഞാന്‍ വീടും കുടുംബവുമായി സ്വസ്ഥമായി ജീവിക്കുമ്പോള്‍ സിനിമയെക്കുറിച്ചൊന്നും ഓര്‍ത്തതേയില്ല. 19 വര്‍ഷം സിനിമയില്‍ നിന്നും മാറിയുള്ള ജീവിതമായിരുന്നു.

മലയാള സിനിമയിലേക്കുള്ള അടുത്ത പ്രവേശനം എങ്ങനെയായിരുന്നു?

ജീവിതത്തില്‍ വിഷമങ്ങള്‍ വന്നപ്പോഴൊക്കെ എന്നിലേക്ക് സിനിമ വന്നിട്ടുണ്ട്. അപ്രതീക്ഷിതമായിട്ടാണ് വീണ്ടും ദാമ്പത്യ ബന്ധം തകരുന്നത്. തുടര്‍ന്ന് ഒരുപാട് വിഷമങ്ങള്‍ ഉണ്ടായി. സഹിച്ച് സഹിച്ച് ഞാന്‍ വിഷാദത്തിലേക്ക് വീഴുമായിരുന്നു. അപ്പോഴാണ് സിനിമ വീണ്ടും എന്നെ വിളിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍പോളിയുടെ അമ്മയായി അഭിനയിച്ചു. സിനിമ വന്നു കഴിഞ്ഞപ്പോള്‍ എന്റെ വിഷമങ്ങള്‍ കുറഞ്ഞു. സന്തോഷം എന്നൊടൊപ്പമെത്തി.

ശാന്തികൃഷ്ണയുടെ പല തീരുമാനങ്ങളും പാളിപ്പോയത് എന്തുകൊണ്ടാണ്?

ഞാന്‍ ഹൃദയം കൊണ്ട് തീരുമാനം എടുക്കുന്ന സ്വഭാവക്കാരിയാണ്. മറ്റുള്ളവരോട് വിശകലനം ചെയ്ത് പ്ലാന്‍ ചെയ്‌തൊക്കെ ഓരോന്നും തീരുമാനിച്ചിരുന്നുവെങ്കില്‍ കുറെക്കൂടി നല്ല രീതിയില്‍ മുന്നോട്ടു പോകുമായിരുന്നു. പക്ഷേ, എന്റെ മനസ്സ് ഇങ്ങനെയായിപ്പോയി. ഞാനെന്റെ ഹൃദയത്തില്‍ ചിന്തിച്ചു കളയും.

അതുകൊണ്ടാവും ജീവിതത്തിലെ പല തീരുമാനങ്ങളും തെറ്റിപ്പോയത്. പേഴ്‌സണല്‍ ലൈഫില്‍ ഒന്നും ശരിയായി വന്നില്ല. ആകെ കിട്ടിയ ഭാഗ്യം മക്കളാണ്. അവരാണ് എന്റെ കരുത്ത്. ഇപ്പോള്‍ അവര്‍ക്കു തോന്നിക്കാണും അമ്മയെ ഒന്നുകൂടി ഉയര്‍ത്തി കൊണ്ടു വരണമെന്ന്. അതുകൊണ്ടാണ് എന്നോട് വീണ്ടും അഭിനയിക്കാന്‍ പറഞ്ഞിരിക്കുന്നത്.

ശാന്തികൃഷ്ണയെപ്പോലെ ഒരു സാധുവിന് ദാമ്പത്യം തിരഞ്ഞെടുത്തപ്പോഴുള്ള പരാജയമാണോ സംഭവിച്ചത്?

ദാമ്പത്യബന്ധത്തില്‍ പ്രധാനം പരസ്പരം സുഹൃത്തുക്കളായിരിക്കുക എന്നതാണ്. പരസ്പരം ബഹുമാനിക്കാനുള്ള മനസ്സുണ്ടാകണം. മറ്റൊരാളുടെ വ്യക്തിത്വത്തെ അംഗീകരിക്കാനും അവരും ഒരു മനുഷ്യരാണെന്ന ബോധവും ഉണ്ടാകണം. ഇത്രയും വര്‍ഷത്തെ അനുഭവത്തില്‍ നിന്നും ഞാന്‍ പഠിച്ചത് വിവാഹകാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ നമ്മുടെ ചങ്ങാതിയായി മാറാന്‍ പറ്റുന്ന ഒരാളെ തെരഞ്ഞെടുക്കുക എന്നതാണ്.

ഇണയുടെ വ്യക്തിത്വത്തെ ബഹുമാനിക്കാന്‍ കഴിയണം. അങ്ങോട്ടുമിങ്ങോട്ടും സത്യസന്ധത വേണം. ഞാനിതൊക്കെ മക്കളോട് പറഞ്ഞു കൊടുക്കുന്നുണ്ട്. അവര്‍ ഇതൊക്കെ മനസ്സിലാക്കും. യു എസില്‍ ഞാനും മക്കളും ഒറ്റയ്ക്കായിരുന്നപ്പോള്‍ കാര്യങ്ങള്‍ അവര്‍ നന്നായി മനസ്സിലാക്കും. അവര്‍ എന്റെ ഭാഗ്യം തന്നെയാണ്.

മക്കളുടെ കാര്യത്തില്‍ പേടിയുണ്ടോ?

എന്റെ ചെറുപ്പമല്ല അവരുടെ. ഞാനൊക്കെ ചെറുപ്പത്തില്‍ സ്‌നേഹം, പ്രേമം എന്നൊക്കെ കേട്ട് അതിന് പിന്നാലെ പോയി ഇന്നത്തെ കുട്ടികള്‍ ഓരോന്നും അനലൈസ് ചെയ്ത് തീരുമാനമെടുക്കുന്നവരാണ് എന്ന് വിശ്വസിക്കുന്നു. കഴിയുന്നതും ആളുകളെ വിഷമിപ്പിക്കാതിരിക്കുക എന്ന് കുട്ടികളെ മനസ്സിലാക്കിയിട്ടുണ്ട്. അവര്‍ എന്നോടൊപ്പം നിന്ന് പഠിച്ചവരായതു കൊണ്ട് അക്കാര്യത്തില്‍ പേടിയൊന്നും ഇല്ല. അച്ഛനും അമ്മയും വേര്‍പിരിയുന്ന മക്കള്‍ക്കുണ്ടാകുന്ന അവസ്ഥ അവര്‍ക്കുണ്ടാകില്ല. അവര്‍ നന്നായി മനസ്സിലാക്കി എന്നോടൊപ്പം വളര്‍ന്നവരാണ്.


രണ്ടാമത് അഭിനയിച്ചു തുടങ്ങിയപ്പോള്‍ ഒരുപാട് നല്ല വേഷങ്ങളും സവിധം, ചകോരം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡും നേടിയ ശാന്തികൃഷ്ണ അഭിനയം നിര്‍ത്തിയിട്ട് പോയി. 19 വര്‍ഷത്തിനുശേഷം വീണ്ടും തിരിച്ചെത്തി. ഇപ്പോള്‍ നന്നായി അഭിനയിക്കുകയും പാടുകയും ചെയ്യുന്നു. ഇനി തിരിച്ചു പോകുമോ?

നിങ്ങളുടെ സ്‌നേഹമാണ് എന്റെ സിനിമ വിജയിക്കാനുള്ള കാരണം. നിങ്ങളുടെ സ്‌നേഹമുള്ളിടത്തോളം കാലം ഞാനെങ്ങും പോകില്ല. സിനിമയിലെന്നല്ല കഥാപാത്രങ്ങളും നൃത്തവുമല്ലാതെ മറ്റൊന്നും ജീവിതത്തില്‍ ഇനി ഞാന്‍ ഞാന്‍ ചിന്തിക്കുമെന്ന് തോന്നുന്നില്ല. നാലുവര്‍ഷം ഞാന്‍ പാട്ടു പഠിച്ചിട്ടുള്ളതാണ്.

കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തില്‍ ഒരു താരാട്ട് പാട്ട് പാടണമായിരുന്നു. അതും ഞാന്‍ പാടി. നല്ല കഥാപാത്രങ്ങള്‍ക്ക് പാട്ട് ആവശ്യമെങ്കില്‍ പാടാന്‍ പറ്റുമെന്ന് തോന്നുന്നു. ദൈവം എനിക്കായ് തരുന്നത് വാങ്ങുക. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിനുശേഷം നിങ്ങള്‍ക്ക് എന്നോടുള്ള സ്‌നേഹം നിമിത്തം ധാരാളം സിനിമകള്‍ കിട്ടുന്നുണ്ട്.

എന്റെ ഉമ്മാന്റെ പേര്, അരവിന്ദന്റെ അതിഥികള്‍, മഴയത്ത്, സൂത്രധാരന്‍, കുട്ടനാടന്‍ മാര്‍പാപ്പ, മാംഗല്യം തന്തുനാനേന, ഉള്‍ട്ട, കൃഷ്ണം, വിജയ് സൂപ്പറും പൗര്‍ണമിയും, മിഖായേല്‍, ലോനപ്പന്റെ മാമോദീസ ഇപ്പോള്‍ വകതിരിവ് എന്നൊരു സിനിമയും വന്നിട്ടുണ്ട്. അതില്‍ നല്ല കഥാപാത്രങ്ങളും കിട്ടുന്നുണ്ട്. പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ളിടത്തോളം കാലം ഞാന്‍ സിനിമയില്‍ നിന്നും നൃത്തത്തില്‍ നിന്നും വിട്ടു പോകുകയില്ല.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More