മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ ലക്ഷ്യം പെട്ടെന്ന് കാശുണ്ടാക്കുക: കെ എസ് സേതുമാധവന്‍

ഇന്ന് സിനിമയെടുക്കാന്‍ പഴയതുപോലെയുള്ള പ്രയാസം ഇല്ല. ടെക്‌നോളജി ഒരുപാട് വളര്‍ന്നു. ഷൂട്ടിങ്ങിന് ഫിലിം ഉപയോഗിക്കാത്തതു കൊണ്ട് സിനിമയെടുക്കാന്‍ യുവതലമുറ ധാരാളം. എത്ര പ്രാവശ്യം റീടേക്ക് ചെയ്താലും ഫിലിം പോവുകയില്ല. എന്നാല്‍ ഫിലിം ഉണ്ടായിരുന്നകാലത്ത് നന്നേ പാടുപെട്ട് സിനിമ സംവിധാനം ചെയ്തിരുന്നു കെ എസ് മാധവനെപ്പോലെയുള്ളവര്‍. മലയാള സിനിമയുടെ അറുപതുകളിലും എഴുപതുകളിലും അതുവരെ ചലച്ചിത്ര കലയ്ക്ക് അന്യമായിരുന്ന സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ പ്രസക്തിക കണ്ടെത്തിയവരില്‍ മുന്നിലായിരുന്നു കെ എസ് സേതുമാധവന്‍.

മറ്റുള്ളവരില്‍ നിന്നൊക്കെ വ്യത്യസ്തമായി പുതുമയുടെ വേരുകള്‍ തേടിയായിരുന്നു സേതുമാധവന്റെ സഞ്ചാരം. അവിടെ പരീക്ഷണങ്ങള്‍ക്കും സ്ഥാനമുണ്ടായി. അക്കാലത്തെ മികച്ച ചിത്രങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ അതില്‍ പകുതിയില്‍ അധികവും കെ എസ് സേതുമാധവന്റെ ചിത്രങ്ങളായിരുന്നു. സത്യന്‍ എന്ന നടന്റെ കഴിവ് തിരിച്ചറിഞ്ഞ അദ്ദേഹം അക്കാലയളവില്‍ പ്രേംനസീര്‍, മധു എന്നീ അഭിനേതാക്കളേയും നന്നായി ഉപയോഗിച്ചു. സംവിധായകന്റെ കയ്യില്‍ കഴിവുള്ള നടന്‍ സുശക്തനായി തീരുമെന്ന് അരനാഴികനേരം എന്ന സിനിമയിലെ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കുഞ്ഞാനച്ചന്‍ നമ്മെ ബോധ്യപ്പെടുത്തി. ഓപ്പോള്‍ സിനിമയിലെ ബാലന്‍ കെ നായരും അതിന് മറ്റൊരു ദൃഷ്ടാന്തമാണ്. ഉലകനായകനായ കമലഹാസന് മലയാളത്തില്‍ ആദ്യം അവസരം കൊടുത്തതും അദ്ദേഹമാണ്. മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരേയും തന്റെ ചിത്രങ്ങള്‍ക്കായി അണിനിരത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

പി കേശവദേവ്, പാറപ്പുറം, മുട്ടത്തുവര്‍ക്കി, പൊന്‍കുന്നം, മലയാറ്റൂര്‍ രാമകൃഷ്ണന്‍, എം ടി വാസുദേവന്‍നായര്‍ തുടങ്ങിയവരെല്ലാം ആ പട്ടികയില്‍ വരും. മലയാളത്തിലും സിംഹളയിലും തമിഴിലും കന്നടയിലും ഹിന്ദിയിലുമായി നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. മലയാള സംവിധാന കലയുടെ പിതാമഹനായ കെ എസ് സേതുമാധവന്‍ രാജശേഖരന്‍ മുതുകുളവുമായി സംസാരിക്കുന്നു.

താങ്കള്‍ സംവിധാനം നിര്‍വഹിച്ച ആദ്യ ചിത്രം ശ്രീലങ്കയുടെ ഔദ്യോഗിക ഭാഷയായ സിംഹളയായിരുന്നല്ലോ. എന്തായിരുന്നു കാരണം?

1960 കാലഘട്ടത്തിലാണ് അത്. സേലത്ത് മോഡേണ്‍ തിയേറ്റേഴ്‌സില്‍ ടി ആര്‍ സുന്ദരത്തിന്റെ ആര്‍ട്ടിസ്റ്റായി വര്‍ക്ക് ചെയ്യുന്ന കാലം. അക്കാലത്ത് അനവധി സിംഹള ചിത്രങ്ങല്‍ മോഡേണ്‍ തിയേറ്റേഴ്‌സില്‍ നിര്‍മ്മിച്ചു. പുതിയ സിംഹള ചിത്രങ്ങള്‍ എടുക്കാന്‍ വരുന്നവര്‍ക്ക് പുതിയൊരു നല്ല സംവിധാകനെ ആവശ്യമുണ്ടായിരുന്നു. മോഡേണ്‍ തിയേറ്റേഴ്‌സില്‍ അവര്‍ അന്വേഷിച്ചപ്പോള്‍ എന്നെക്കുറിച്ചാണ് അവര്‍ക്ക് നല്ല അഭിപ്രായം കിട്ടിയത്. ടി ആര്‍ സുന്ദരം സാര്‍ ഉള്‍പ്പെടെ എല്ലാവരും എന്നെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞതിലൂടെ ആദ്യ ചിത്രം ചെയ്യാന്‍ അവസരം ലഭിച്ചു. അങ്ങനെ വീരവിജയ എന്ന സിംഹള ഭാഷാ ചിത്രം ഞാന്‍ ആദ്യമായി സംവിധാനം ചെയ്തു.

അച്ഛനും ബാപ്പയും പോലെ ദേശീയോദ്ഗ്രഥന സന്ദേശം നല്‍കുന്ന ചലച്ചിത്രങ്ങള്‍ ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടോ?

അന്ന് അത് വളരെ ആവശ്യമായിരുന്നു. ഇന്ന് ജാതി, മത വ്യത്യാസമൊന്നും കാര്യമായിട്ട് ഇല്ലല്ലോ. ഇപ്പോള്‍ എല്ലാവര്‍ക്കും ഒരു വിധം അഡ്ജസ്റ്റ്‌മെന്റ് ഉണ്ടെന്ന് തോന്നുന്നു. ഇന്ന് അത്തരം പടം വേണമെന്ന് ആര്‍ക്കും തോന്നാറില്ല. അതുകൊണ്ട് അത്തരം ചിത്രങ്ങള്‍ ഉണ്ടാകുന്നില്ല. പക്ഷേ മൂല്യവത്തായൊരു ചലച്ചിത്ര സംസ്‌കാരം ഉരുത്തിരിയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

കുളത്തൂര്‍ കണ്ണമ്മയില്‍ ബാലതാരമായ കമല്‍ ഹാസന്‍

കമല്‍ഹസനെ ആദ്യമായി മലയാള സിനിമയില്‍ അഭിനയിപ്പിച്ചത് താങ്കളാണല്ലോ. എങ്ങനെയാണ് അദ്ദേഹത്തെ കണ്ടെത്തിയത്?

കുളത്തൂര്‍ കണ്ണമ്മ എന്ന സിനിമയില്‍ ബാലതാരമായി കമല്‍ഹസന്‍ അഭിനയിച്ചു കൊണ്ടിരുന്ന സമയത്താണ് കണ്ണും കരളും എന്ന ചിത്രത്തിലേക്ക് ഞാന്‍ ബാലതാരങ്ങളെ അന്വേഷിച്ചു കൊണ്ടിരുന്നത്. അഭിനയിക്കാന്‍ തയ്യാറായി രണ്ടുമൂന്ന് കുട്ടികള്‍ വന്നു. അന്നു വന്നതിലെ മിടുക്കനായ കുട്ടി കമല്‍ഹാസനായിരുന്നു. അങ്ങനെ കണ്ണും കരളും എന്ന ചിത്രത്തിലെ കുട്ടിയായി കമല്‍ഹസനെ തെരഞ്ഞെടുത്തു. കമല്‍ഹസന്‍ എന്റെ കന്യാകുമാരി എന്ന ചിത്രത്തില്‍ നായകനായിട്ടുണ്ട്.

ഉലകനായകന്‍ എന്നറിയപ്പെടുന്ന കമല്‍ഹസനുമായി ഇപ്പോഴും ബന്ധമുണ്ടോ?

ഇപ്പോഴും ബന്ധമുണ്ട്. എന്നെ വളരെ ബഹുമാനിക്കുന്ന വ്യക്തിയാണ് കമല്‍ഹസന്‍. സ്വീകരണങ്ങള്‍ക്കും മറ്റും ഞങ്ങള്‍ തമ്മില്‍ കാണാറുണ്ട്. എനിക്ക് ആരോടും വെറുപ്പില്ല. എല്ലാവരോടും സ്‌നേഹമാണ്. പിന്നെ അവര്‍ എന്തിന് പിണങ്ങണം.

തമിഴ് സിനിമയ്ക്ക് ആദ്യത്തെ രജതകമലം ലഭിക്കുന്ന മറുപക്കം താങ്കള്‍ സംവിധാനം ചെയ്ത സിനിമയാണല്ലോ. ആ സിനിമയെക്കുറിച്ചൊന്നു പറയാമോ?

പ്രൊഫസര്‍ ആര്‍ പാര്‍ത്ഥസാരഥി തമിഴിലെ വലിയൊരു നോവലിസ്റ്റ് ആണ്. സാഹിത്യ അക്കാദമി അവാര്‍ഡ്, സംഗീത നാടക അക്കാദമി അവാര്‍ഡ് എന്നിവയൊക്കെ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഉച്ചിവെയില്‍ എന്ന നോവല്‍ വായിക്കാനിടയായി. നട്ടുച്ചയ്ക്ക് ഉച്ചിയില്‍ പതിക്കുന്ന സൂര്യരശ്മി, അതാണ് ഉച്ചിവെയില്‍. അതിലെ ഒരു കഥാപാത്രത്തിന് ഞാനുമായി സാമ്യം തോന്നി. ഞാന്‍ അമ്മയെ കൂടുതല്‍ അനുസരിക്കുന്നവനാണ്. അതിലെ കഥാപാത്രവും അങ്ങനെയായിരുന്നു. എന്റെ ജീവിതവുമായി ബന്ധമുള്ളതു കൊണ്ടാണ് ആ നോവല്‍ സിനിമയാക്കുവാന്‍വേണ്ട ഞാന്‍ തെരഞ്ഞെടുത്തത്. ഉച്ചിവെയില്‍ എന്ന പേരില്‍ നേരെത്തെ വേറൊരു ചിത്രം ഇറങ്ങിയിരുന്നതിനാല്‍ സിനിമയുടെ പേര് മാറ്റേണ്ടി വന്നു. അങ്ങനെയാണ് മറുപക്കം എന്ന പേരിട്ടത്. നമ്മള്‍ എന്തെങ്കിലും ഒരു കാര്യം പറയുമ്പോള്‍ അത് കേള്‍ക്കുന്നവരുടെ മാനസികാവസ്ഥ കൂടി നാം മനസ്സിലാക്കിയിരിക്കണം. നമ്മള്‍ രാഷ്ട്രീയക്കാരനാണെങ്കിലും മറ്റുള്ളവരോട് കാര്യം പറയുമ്പോള്‍ കേള്‍ക്കുന്നയാള്‍ ആരാണെന്ന് കൂടി ചിന്തിക്കണം. ആ കഥയില്‍ അത്തരമൊരു സാധ്യതയുണ്ടെന്ന് തോന്നി. അതുകൊണ്ടാണ് ആ കഥയില്‍ എനിക്ക് താല്‍പര്യം തോന്നിയത്. നാഷണല്‍ ഫിലിം ഡെവലെപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ആണ് ആ സിനിമ നിര്‍മ്മിച്ചത്. അതുകൊണ്ട് വളരെ നല്ല സിനിമ അവര്‍ക്ക് കിട്ടുകയും ചെയ്തു. അതിന് കൃത്യമായ കാശ് മാത്രമേ ഞാന്‍ വാങ്ങുകയും ചെയ്തുള്ളൂ.

തിരക്കഥാരചന അറിയാമായിരുന്നിട്ടും രണ്ടു ചിത്രങ്ങള്‍ക്കു മാത്രമേ താങ്കള്‍ അത് ചെയ്തുള്ളൂ. തിരക്കഥാരചന തുടരാതിരുന്നത് എന്തുകൊണ്ടാണ്?

എനിക്ക് തിരക്കഥ എഴുതേണ്ട ചിത്രങ്ങള്‍ക്ക് ഞാന്‍ തന്നെ തിരക്കഥ എഴുതിയിട്ടുണ്ട്. ദാഹം, മറുപക്കം എന്നീ സിനിമകളുടെ തിരക്കഥ ഞാന്‍ തന്നെ എഴുതിയതാണ്. മറുപക്കത്തിന്റെ തിരക്കഥ എഴുതിയതിന് ദേശീയ അവാര്‍ഡും ലഭിച്ചു. മറ്റു തിരക്കഥാകൃത്തുക്കളുടെ ഈടുറ്റ രചനകള്‍ ലഭിക്കുമ്പോള്‍ ഞാന്‍ എഴുതേണ്ടതില്ലല്ലോ. എങ്കിലും സംവിധാനവേളയില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ വേണ്ടി വന്നാല്‍ ഞാന്‍ അവയൊക്കെ എഴുതി ചേര്‍ക്കും. ഞാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എന്റെ ലക്ഷ്യത്തില്‍തന്നെ ഞാന്‍ എഴുതിച്ചിട്ടുണ്ട്. പാട്ട് ആവശ്യമുള്ളത് ഞാന്‍ കൂട്ടിച്ചേര്‍ക്കുമായിരുന്നു. സിനിമ സംവിധാനം ചെയ്യുമ്പോള്‍ എല്ലാ ഭാഗത്തും എന്റെ ശ്രദ്ധയുണ്ടാകും. അങ്ങനെ നന്നായി ശ്രദ്ധിച്ചാലേ നല്ല സിനിമകള്‍ എടുക്കാന്‍ സാധിക്കുകയുള്ളൂ. നല്ല ശ്രദ്ധ കൊടുത്തു തന്നെയാണ് ഞാന്‍ സിനിമയെടുത്തിരുന്നത്.


ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെ താങ്കള്‍ ബാലതാരമായി കൊണ്ടു വന്ന സുരേഷ് ഗോപി ഇന്ന് നായക നടന്‍ എന്നതിനപ്പുറം രാഷ്ട്രീയക്കാരനും എംപിയുമൊക്കെയാണ്. അദ്ദേഹവുമായി ഇപ്പോഴും ബന്ധപ്പെടാറുണ്ടോ?

ഞാനും സുരേഷ് ഗോപിയും തമ്മില്‍ നല്ല ലോഹ്യത്തിലാണ്. ഞങ്ങള്‍ തമ്മില്‍ കാണുന്നത് വല്ലപ്പോഴുമൊക്കെയാണ്. ഞാന്‍ ചെന്നൈയില്‍ താമസിക്കുന്നു. അതുകൊണ്ട് തമ്മില്‍ കാണല്‍ കുറവാണ്. ഓടയില്‍ നിന്ന് സിനിമയുടെ അമ്പതാം വാര്‍ഷികം തിരുവനന്തപുരത്ത് നടത്തിയപ്പോള്‍ ഞാനും സുരേഷ് ഗോപിയും വീണ്ടും കണ്ടുമുട്ടി. ഞങ്ങള്‍ തമ്മില്‍ കാണാന്‍ വൈകി എങ്കിലും തമ്മിലുള്ള സ്‌നേഹത്തിന് ഒരു കുറവും വന്നിട്ടില്ല.

നല്ല ചിത്രങ്ങള്‍ പ്രേക്ഷകരിലെത്തിക്കുന്ന മഞ്ഞിലാസ് പോലെയുള്ള ബാനറുകള്‍ ഇന്ന് കുറഞ്ഞതു പോലെ തോന്നുന്നുണ്ടോ?

കുറഞ്ഞുവെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. ഇന്നത്തെ ചിന്താഗതി വ്യത്യാസമുള്ളതാണ്. ഇന്നുള്ളവര്‍ക്ക് പെട്ടെന്ന് കാശുണ്ടാക്കണമെന്നതാണ് ലക്ഷ്യം. റിസ്‌ക് എടുക്കാന്‍ വലിയ പ്രയാസമാണ്. അതുകൊണ്ട് നല്ല ചിത്രങ്ങള്‍ പ്രേക്ഷകരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ബാനറുകള്‍ കുറവാണ്.

മകനും സംവിധായകനുമായി സന്തോഷ് സേതുമാധവനെ കുറിച്ച്

മകന്‍ സംവിധായകനായതില്‍ വളരെ സന്തോഷമുണ്ട്. അവന്‍ ഇനിയും നന്നായിട്ട് വായിച്ച് മനസ്സിലാക്കി നല്ല ചിത്രങ്ങള്‍ എടുക്കട്ടേയെന്ന് ആഗ്രഹിക്കുന്നു. വായന വളരെ അത്യാവശ്യമാണ്.

ദേശീയ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച്

ഞാന്‍ ഒന്നും പറയുന്നില്ല. നാഷണല്‍ ഫിലിം ഡവലെപ്‌മെന്റ് ബോര്‍ഡിന്റെ രണ്ടു പടം ഞാന്‍ ചെയ്തു. സത്യസന്ധമായി പടമെടുത്തതു കൊണ്ട് അവര്‍ തന്ന കാശ് അധികം ഉപയോഗിക്കാതെ ബാക്കി വന്ന കാശും അധികം വന്ന ഫിലിമും തിരികെ കൊടുത്തു. എന്‍ എഫ് ഡി സിയുടെ പടമെടുക്കുന്ന മറ്റു പലരും അവര്‍ അനുവദിക്കുന്നതിലും കൂടുതല്‍ കാശ് വാങ്ങുകയാണ് എന്ന ആരോപണമുണ്ട്. ദേശീയ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനുകളെ കുറിച്ച് കൂടുതല്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

അറുപതുകളില്‍ മലയാള സിനിമയില്‍ നവഭാവുകത്വം കൊണ്ടു വന്ന സംവിധായകന്‍ എന്ന നിലയില്‍ ഇപ്പോഴത്തെ നവതരംഗ പ്രവണതയെ എങ്ങനെ കാണുന്നു?

അനിവാര്യമായ മാറ്റം തന്നെയാണ്. ഞാന്‍ സിനിമയും രാഷ്ട്രീയവും പാരലല്‍ ആയി കാണുകയാണ്. ആദ്യകാലത്ത് രാഷ്ട്രീയത്തിലും സിനിമയിലും കൈയില്‍ കാശും വിദ്യാഭ്യാസവും ഇല്ലാത്തവര്‍ വരികയില്ലായിരുന്നു. ഇന്ന് രാഷ്ട്രീയത്തിലും സിനിമയിലും വരുന്നവരെ കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ. ഈ നല്ല മാറ്റമാണ് ഞാന്‍ ഇപ്പോഴത്തെ നവതരംഗ പ്രവണതയില്‍ കാണുന്നത്.


എംടി വാസുദേവന്‍ നായരുമായുള്ള സൗഹൃദത്തെ കുറിച്ച്

ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട് കുറെക്കാലമായിരുന്നു. ഈയിടെ തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ എന്നെ ആദരിച്ചപ്പോള്‍ അദ്ദേഹവും വന്നു. അദ്ദേഹത്തിന് വലിയ കാര്യമായിരുന്നു. ഞങ്ങള്‍ തമ്മില്‍ നേരിട്ട് കാണുന്നത് അപൂര്‍വമാണെങ്കിലും സ്‌നേഹത്തിന് ഒരു കുറവും വന്നിട്ടില്ല.

അന്നത്തെയും ഇന്നത്തെയും ചലച്ചിത്ര നിര്‍മ്മാണത്തില്‍ എന്തെല്ലാം വ്യത്യാസങ്ങള്‍ ഉണ്ട്?

വ്യത്യാസങ്ങള്‍ ഒരുപാടുണ്ട്. അന്ന് ഫിലിം ഉണ്ടായിരുന്നു. ഇന്ന് ഫിലിം ഇല്ല. ഫിലിം ഉള്ള കാലത്ത് റീടേക്ക് എടുത്താല്‍ അത്രയും ഫിലിം പോകും. ഫിലിം പോയാല്‍ കാശും പോകുമല്ലോ. ഇന്ന് ഫിലിം ഇല്ലാത്തതിനാല്‍ റീടേക്ക് ചെയ്താല്‍ കാശുപോകുമെന്ന പേടി വേണ്ട. ഫിലിമില്‍ ഷൂട്ടു ചെയ്യുന്ന സമയത്ത് എടുത്ത ഭാഗങ്ങള്‍ ശരിയാണോ എന്നറിയണമെങ്കില്‍ ഫിലിം പ്രോസസ്സ് ചെയ്തിട്ട് പ്രിന്റെടുത്ത് പ്രൊജക്ടറില്‍ ഇട്ട് കാണണമായിരുന്നു. ഇന്ന് എടുത്ത ഭാഗങ്ങള്‍ ഉടന്‍ തന്നെ നമുക്ക് കാണാം. സബ്ജക്റ്റിന് വ്യാല്യു ഉള്ള സിനിമകളെ ഞാന്‍ എടുക്കുകയുള്ളായിരുന്നു. ചെലവ് കൂടിയ പുരാണ പടങ്ങളൊന്നും ഞാന്‍ എടുക്കില്ലായിരുന്നു. അതിലെ ആടയാഭരണങ്ങള്‍ക്കു തന്നെ നല്ല ചെലവ് വരും.

സബ്ജക്റ്റ് മാത്രം നന്നാക്കിയാണ് ഞാന്‍ ചിത്രങ്ങള്‍ എടുത്തിരുന്നത്. അന്നത്തെ എന്റെ ചിത്രങ്ങളെല്ലാം വന്‍വിജയങ്ങളായിരുന്നു. അന്ന് വിതരണക്കാരെ കിട്ടാന്‍ വലിയ വിഷമമായിരുന്നു. ഇന്ന് അതെല്ലാും മാറിയില്ലേ. സിനിമയെടുത്താല്‍ ഉടന്‍ തിയേറ്ററിലെത്തും. സിനിമയെടുക്കാന്‍ ഫിലിം വേണ്ട ഡിജിറ്റല്‍ സിനിമ സാറ്റലൈറ്റ് വഴി തിയേറ്ററില്‍ എത്തിക്കോളും.

പഴയ കാലത്ത് ഒരു സിനിമയുടെ പത്ത് പ്രിന്റ്, ഇരുപത് പ്രിന്റ് ഒക്കയേ എടുക്കുകയുള്ളൂ. എടുക്കുന്ന ഈ കോപ്പികള്‍ തന്നെ ഓരോ തീയേറ്ററുകളില്‍ മാറി മാറി ഉപയോഗിച്ചാണ് എല്ലായിടത്തും എത്തിക്കുന്നത്. എന്നാല്‍ ഇന്ന് അങ്ങനെയല്ല. റിലീസ് ചെയ്യുന്ന ദിവസം ലോകം മുഴുവനുള്ള തിയേറ്ററില്‍ സിനിമ എത്തും. പണ്ടുള്ളവര്‍ക്ക് ഒരുപാട് കഷ്ടപ്പെടണമായിരുന്നു. ഇന്ന് അതുവേണ്ട.

പ്രേക്ഷക മനോഭാവത്തില്‍ വന്ന പരിവര്‍ത്തനത്തെ കുറിച്ച്

ഇപ്പോള്‍ സിനിമ കാണുന്നത് ചെറുപ്പക്കാരാണ്. പ്രായമായവര്‍ക്ക് ഇപ്പോള്‍ സിനിമയോട് താല്‍പര്യമില്ലെന്ന് തോന്നുന്നു. അവര്‍ തിയേറ്ററില്‍ പോയി സിനിമ കാണാറില്ല. മിക്കവാറും ആളുകള്‍ ടിവിയുടെ മുന്നില്‍ തന്നെ ഇരിപ്പാണ്. മനോഭാവം ഒരു പോലെ ആകണമെങ്കില്‍ പ്രായമായവരും സിനിമ കാണണം. പ്രായമായവര്‍ക്കും ചെറുപ്പക്കാര്‍ക്കും കാണത്തക്ക സിനിമ ഇറങ്ങുകയും വേണം.

അങ്ങ് ഇപ്പോള്‍ ശീലിക്കുന്ന ആദ്ധ്യാത്മികതയെ കുറിച്ച്

കുട്ടിക്കാലത്ത് മദ്രാസില്‍ ഉള്ളപ്പോള്‍ മാസത്തിലൊരിക്കലോ രണ്ടു മാസത്തിലൊരിക്കലോ രമണാശ്രമത്തില്‍ പോകുമായിരുന്നു. അച്ഛന്റെ കെയറോഫിലായിരുന്നു ഞാന്‍ പൊയ്‌ക്കൊണ്ടിരുന്നത്. അവിടെ നിന്ന് കല്‍ക്കണ്ടം, മുന്തിരിങ്ങ, ആല്‍മണ്ട് എല്ലാം തരുമായിരുന്നു. എനിക്ക് എട്ടു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മ അന്ന് ചെറുപ്പമാണ്. പുരാണ കഥകളും രമണാശ്രമത്തിലെ പുസ്തകങ്ങളും എല്ലാം അമ്മ നന്നായിട്ട് വായിച്ചിട്ടുണ്ട്. അച്ഛന്‍ മരിച്ചപ്പോള്‍ ഞങ്ങള്‍ കേരളത്തിലെത്തി. ഞാന്‍ മൂത്ത കുട്ടിയാണ്. എനിക്ക് മലയാളം വായിക്കാന്‍ അറിയില്ല. അതുകൊണ്ട് മറ്റു കുട്ടികളുടെ കൂടെയൊന്നും പോകാതെ അമ്മയോടൊപ്പം തന്നെ എപ്പോഴും ഇരിക്കുമ്പോള്‍ പുരാണ കഥകളും സ്‌തോത്രങ്ങളും എല്ലാം ഹൃദിസ്ഥമാക്കുവാന്‍ കഴിഞ്ഞു. അങ്ങനെ ഞാന്‍ ചീത്തയാകാതെ നല്ലവനായി വളര്‍ന്നു. ദൈവത്തിന്റേയും അമ്മയുടേയും അനുഗ്രഹം കൊണ്ട് എനിക്ക് ഒരു നല്ല സംവിധായകന്‍ ആകാനും സാധിച്ചു.

താങ്കളെക്കൊണ്ട് സിനിമ സംവിധാനം ചെയ്യിക്കണമെന്ന ആഗ്രഹത്തോടെ ആരെങ്കിലും താങ്കളെ സമീപിച്ചാല്‍ ഇനിയും സിനിമ സംവിധാനം ചെയ്യുമോ?

ഞാന്‍ ഭഗീരഥ പ്രയത്‌നം ചെയ്താണ് സിനിമ സംവിധായകന്‍ ആയത്. അങ്ങനെ നന്നായി കഷ്ടപ്പെട്ട് ഒരു സംവിധായകന്‍ ആയതു കൊണ്ട് എന്നെ വിശ്വാസമുള്ള ആരു പറഞ്ഞാലും ഞാന്‍ സംവിധാനം ചെയ്യും. അറിയാവുന്ന തൊഴില്‍ ചെയ്യാന്‍വയ്യ എന്നു പറയുകയില്ല. അങ്ങോട്ടു കയറി പറഞ്ഞ് എനിക്കു വേണ്ടി ആരെക്കൊണ്ടും സിനിമ എടുപ്പിക്കുകയുമില്ല. ഇങ്ങോട്ട് ആവശ്യപ്പെട്ടാല്‍ ഞാന്‍ സംവിധാനം ചെയ്യും.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More